Tag Archive: Villareal

  1. സാവിയുടെ ബാഴ്‌സലോണയിൽ കണ്ട പ്രധാന വ്യത്യാസമെന്തെന്നു വെളിപ്പെടുത്തി മുൻ പരിശീലകൻ ക്വിക്കെ സെറ്റിയൻ

    Leave a Comment

    വിയ്യാറയലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. മുൻ സീസണുകളിലുണ്ടായ തിരിച്ചടികളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ടീം അതിനൊപ്പം ലാ ലിഗ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും മുന്നിലാണ്. ഇന്നലെ നടന്ന മത്സരത്തോടെ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലെത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.

    ഏർണെസ്റ്റോ വാൽവെർദെയെ പുറത്താക്കിയ സമയത്ത് ബാഴ്‌സലോണ പരിശീലകനായി ഏതാനും മാസങ്ങൾ ഉണ്ടായിരുന്ന ക്വിക്കെ സെറ്റിയനാണു വിയ്യാറയലിന്റെ നിലവിലെ മാനേജർ. മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെയും ബാഴ്‌സലോണ പിന്നീട് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം അദ്ദേഹം തന്റെ ടീമിന്റെ പ്രകടനം മോശമായതിനെ കുറിച്ചും ബാഴ്‌സലോണയിൽ കണ്ട പ്രധാന മാറ്റത്തെക്കുറിച്ചും പറഞ്ഞു.

    “ഫ്രാൻസിസ് കോക്വലിൻ ഉണ്ടായിരുന്നെങ്കിൽ നാല് മധ്യനിര താരങ്ങളെ വെച്ച് കളിക്കാൻ കഴിയുമായിരുന്നു. ബാഴ്‌സലോണ നാല് മധ്യനിര താരങ്ങളുമായാണ് കളിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അങ്ങിനെയാണെങ്കിൽ അവരുടെ ഒപ്പം നിൽക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. കോക്വലിനെ നഷ്‌ടമായാത് തിരിച്ചടിയായി, താരം ഞങ്ങളെ ഒരുപാട് സഹായിച്ചിരുന്നു.” അദ്ദേഹം പറഞ്ഞു.

    “മത്സരം ഞങ്ങൾക്ക് വളരെ മോശമായിരുന്നില്ല, പക്ഷെ ഈ ടീം വളരെ മികച്ചതാണ്. അവർ വളരെ വേഗതയിലാണ് കളിക്കുന്നത്. അതിനു പുറമെ ഈ ബാഴ്‌സലോണ ടീമിൽ ചില കാര്യങ്ങൾ വളരെയധികം മാറിയിട്ടുണ്ട്, പന്ത് കൈവശമില്ലാത്തപ്പോൾ ടീം കളിക്കുന്ന രീതി. ആ സമയത്ത് അവർ എതിരാളികൾക്ക് മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു.” അദ്ദേഹം പറഞ്ഞു.

    പെഡ്രി നേടിയ മനോഹരമായ ഗോളിൽ നേടിയ വിജയം നേടിയ ബാഴ്‌സലോണ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനുള്ള ആത്മവിശ്വാസം കൂടി നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തോടെ തുടർച്ചയായ പതിനൊന്നു മത്സരങ്ങളിൽ ബാഴ്‌സ വിജയം നേടിയിട്ടുണ്ട്. സാവിക്ക് കീഴിൽ ടീം ശരിയായ ദിശയിലാണെന്ന് ഇത് വ്യക്തമാക്കുന്നു.

  2. റയൽ മാഡ്രിഡിന്റെ അതിഗംഭീര തിരിച്ചു വരവ്, പ്രശംസയുമായി കാർലോ ആൻസലോട്ടി

    Leave a Comment

    തിരിച്ചുവരവിന്റെ കാര്യത്തിൽ തങ്ങൾ രാജാക്കന്മാരാണെന്ന് റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി തെളിയിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്നത്. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിലായിരുന്നു റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. വിയ്യാറയലിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ പകരക്കാരൻ താരം ഡാനി സെബയോസാണ് റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിൽ പ്രധാനിയായത്.

    മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഏറ്റിയെന്നെ കാപ്പൂവിലൂടെ വിയ്യാറയൽ മുന്നിലെത്തി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് സാമുവൽ ചുക്വൂസെ ഒരു ഗോൾ കൂടി നേടിയതോടെ റയൽ മാഡ്രിഡ് തോൽവി നേരിടുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ പകരക്കാരനായി ഇറങ്ങിയ സെബയോസ് അടുത്ത മിനുട്ടിൽ തന്നെ ആദ്യ ഗോളിന് വഴിയൊരുക്കി. അതിനു ശേഷം എഡർ മിലിറ്റാവോ റയലിനെ ഒപ്പമെത്തിച്ചു. എൺപത്തിയാറാം മിനുട്ടിൽ സെബയോസ് വീണ്ടും വല കുലുക്കിയതോടെ വിജയം റയൽ മാഡ്രിഡിന് സ്വന്തമായി.

    “ഞങ്ങൾ അവസാന സമയങ്ങളിൽ മികച്ചതായിരുന്നു എന്നത് ശരി തന്നെയാണ്, എന്നാൽ ആദ്യപകുതിയിൽ ടീം എങ്ങിനെയായിരിന്നു എന്ന കാര്യം മറക്കരുത്, നിരവധി കാര്യങ്ങൾ ശരിയാക്കാനുണ്ട്. ഞങ്ങൾ തിരിച്ചു വന്നുവെന്നത് സത്യം തന്നെയാണ്. ആദ്യപകുതിക്ക് ശേഷം ടീം തങ്ങളുടെ സ്വഭാവം കൃത്യമായി കാണിച്ചു. ആദ്യപകുതി മറക്കാനുള്ളതായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, പക്ഷെ അതിനെ ഞങ്ങൾ മറികടന്നു.” മത്സരത്തിന് ശേഷം ആൻസലോട്ടി പറഞ്ഞു.

    റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്‌പാനിഷ്‌ സൂപ്പർകപ്പിന്റെ ഫൈനലിൽ ബാഴ്‌സലോണയോട് ദയനീയമായി തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഇതുപോലെയൊരു വിജയം ടീമിന് ലഭിച്ചത്. ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്തി ബാഴ്‌സയെ മറികടക്കാൻ ഇത് സഹായിക്കും. അത്‌ലറ്റിക് ക്ലബ്, റയൽ സോസിഡാഡ്, വലൻസിയ എന്നീ ടീമുകളുമായാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരങ്ങൾ.

  3. റയില്‍ ഇറങ്ങിയത് ചരിത്രത്തിലെ അപൂര്‍വ്വ ഇലവനുമായി, ഞെട്ടിക്കുന്ന തോല്‍വി

    Leave a Comment

    മാഡ്രിഡ്: കിരീടനേട്ടത്തിലും ലോകോത്തരതാരങ്ങളുടെ സാന്നിധ്യംകൊണ്ടും മറ്റുക്ലബുകളെയെല്ലാം മറികടന്നാണ് സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡ് മുന്നേറുന്നത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ക്ലബ് ഇന്നലെ വിയ്യാറയലിനെതിരെ ലാലീഗ മത്സരത്തിനിറങ്ങിയത് അപൂര്‍വ്വ ഇലവനുമായാണ്. ഒറ്റ സ്‌പെയിന്‍താരങ്ങളും ഇന്നലെ കളിച്ച റയല്‍സംഘത്തിലുണ്ടായിരുന്നില്ല.

    അടുത്തകാലത്തൊന്നും ഒരു സ്പാനിഷ് താരം പോലുമില്ലാതെ റയല്‍ ഇറങ്ങിയിട്ടില്ല. മൂന്ന് ഫ്രഞ്ച് താരങ്ങളേയും രണ്ടുവീതം ബ്രസീലിയന്‍, ജര്‍മ്മന്‍ താരങ്ങളേയും ഓരോ ക്രൊയേഷ്യന്‍, ബെല്‍ജിയം, ഉറുഗ്വന്‍, ഓസ്ട്രിയന്‍ താരത്തേയുമാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അണിനിരത്തിയത്.

    മുന്നേറ്റത്തില്‍ വിനീഷ്യസും ക്യാപ്റ്റന്‍ ബെന്‍സെമയും വാല്‍വെര്‍ഡയുമിറങ്ങിയപ്പോള്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ചത് ലൂക്കാമോഡ്രിച്ചും ഷുവാമെനിയും ടോണിക്രൂസുമായിരുന്നു. പ്രതിരോധത്തില്‍ ഡേവിഡ് അലാബയും റൂഡ്രിഗറും മെന്‍ഡിയും മിലിറ്റാവോയുമായിരുന്നു. ഗോള്‍പോസ്റ്റില്‍ കുര്‍ട്ടോയിസും സ്ഥാനംപിടിച്ചു.

    അതേസമയം, സ്പാനിഷ് താരങ്ങളില്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിടേണ്ടിവന്നത്. വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ തോല്‍പിച്ചത്. സീസണില്‍ റയലിന്റെ രണ്ടാം തോല്‍വിയാണിത്. 47ാം മിനിറ്റില്‍ യെറിമി പിനോയും അറുപത്തിമൂന്നാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോയുമാണ് വലകുലുക്കിയത്.

    60ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കരീം ബെന്‍സേമയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 16 കളിയില്‍ 38 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 15 കളിയില്‍ 38 പോയന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി ഒന്നരക്ക് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കിയാല്‍ ബാഴ്‌സക്ക് പോയന്റ് ടേബിളില്‍ റയലിനെതിരെ മൂന്ന് പോയന്റിന്റെ ലീഡ് ലഭിക്കും. റയല്‍ സോസിഡാഡ് മൂന്നാമതും അത്‌ലറ്റികോ മാഡ്രിഡ് നാലാമതുമാണ്.

  4. അർജന്റീന ഗോൾകീപ്പറുടെ ട്രാൻസ്‌ഫർ പൂർത്തിയാകുന്നു, ഇനി പുതിയ ക്ലബിൽ കളിക്കും

    Leave a Comment

    ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിലെ നിരവധി താരങ്ങളെ റാഞ്ചാൻ പല ക്ലബുകളും രംഗത്തു വന്നിട്ടുണ്ട്. മധ്യനിര താരങ്ങളായ എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ എന്നിവർക്കാണ് പ്രധാനമായും ക്ലബുകൾ രംഗത്തു വന്നത്. അതിനു പുറമെ എമിലിയാനോ മാർട്ടിനസുമായി ബന്ധപ്പെട്ടും ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം കടത്തിവെട്ടി മറ്റൊരു അർജന്റീന താരം ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

    അർജന്റീനയുടെ ലോകകപ്പ് ടീമിലെ ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന ജെറോണിമോ റുള്ളിയാണ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ നിൽക്കുന്നത്. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിന്റെ താരമായിരുന്നു റുള്ളി. സ്പെയിനിൽ നിന്നും ഹോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നായ അയാക്‌സിലേക്കാണ് റുള്ളി ചേക്കേറാൻ ഒരുങ്ങുന്നത്. പത്തു മില്യൺ ട്രാൻസ്‌ഫർ ഫീസും ആഡ് ഓണുകളും അടങ്ങുന്നതാണ് കരാറെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

    എമിലിയാനോ മാർട്ടിനസിന്റെ വരവോടെ അർജന്റീന ടീമിലെ മറ്റു ഗോൾകീപ്പർമാരെല്ലാം നിഷ്പ്രഭരായി പോയതിനാൽ ഖത്തർ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും റുള്ളി ഇറങ്ങിയിരുന്നില്ല. അർജന്റീനക്കായി നാല് മത്സരങ്ങളിൽ മാത്രമേ ഇതുവരെ വല കാക്കാൻ മുപ്പതുകാരനായ താരത്തിന് കഴിഞ്ഞുള്ളു. എങ്കിലും ഖത്തർ ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായതിനാൽ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു.

    അയാക്‌സിലേക്ക് ചേക്കേറുന്ന കാര്യം കഴിഞ്ഞ ദിവസം റുള്ളി തന്നെ സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടന്നു വന്ന ചർച്ചകളുടെ ഭാഗമായാണ് ഈ ട്രാൻസ്‌ഫറെന്നും വിയ്യാറയലിനോട് വളരെയധികം കടപ്പാടുണ്ടെന്നും താരം പറഞ്ഞു. റുള്ളി ടീം വിട്ടതോടെ വെറ്ററൻ താരമായ പെപ്പെ റെയ്‌ന സ്‌പാനിഷ്‌ ടീമിന്റെ വല കാക്കും. ജനുവരിയിൽ അവർ പുതിയ ടീമിനെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.

    2020ലാണ് റുള്ളി വിയ്യാറയലിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം എൺപതിലധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുള്ള താരം 79 ഗോളുകളോളം വഴങ്ങിയിട്ടുമുണ്ട്. വിയ്യാറയലിൻറെ ചരിത്രത്തിലെ പ്രധാന കിരീടമായ യൂറോപ്പ ലീഗ് നേടുമ്പോൾ ഗോൾ വല കാത്തിരുന്ന താരം ഷൂട്ടൗട്ടിൽ ഒരു പെനാൽറ്റി തടയുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ വിയ്യാറയൽ ആരാധകർ എന്നും ഓർമ്മിക്കുന്ന പേരായിരിക്കും റുള്ളിയുടേത്.

  5. യൂറോപ്പയിൽ ചരിത്രം കുറിച്ച് വിയ്യാറയൽ, പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ ഫൈനലുകളിൽ 15ൽ പതിനഞ്ചും വിജയിച്ച് ലാലിഗ ക്ലബ്ബുകൾ

    Leave a Comment

    മാഞ്ചസ്റ്റർ യൂണൈറ്റഡുമായി നടന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ 90 മിനുട്ടിൽ വിയ്യാറയലിന്റെ ജെറാർഡ് മൊറേനോയുടെ ഗോളിനു യുണൈറ്റഡിന്റെ എഡിൻസൺ കവാനി സമനില ഗോൾ കണ്ടെത്തിയതിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

    എന്നാൽ അനുവദിച്ച അധിക സമയത്തും സമനില തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൃത്യതയോടും ആത്മവിശ്വാസത്തോടെയും എങ്ങനെ പെനാൽറ്റിയെടുക്കാമെന്നുള്ള ഒരു കടുത്ത മത്സരം തന്നെയാണ് പിന്നീട് വീക്ഷിക്കാനായത്. എടുത്ത പത്തിൽ പത്തും വലയിലെത്തിച്ചതോടെ അവസാന ശ്രമം ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ തമ്മിലായിരുന്നു.

    വിയ്യാറയലിന്റെ പതിനൊന്നാമത്തെ കിക്കെടുത്ത അർജന്റൈൻ ഗോൾകീപ്പർ ജെറോണിമോ റൂളി കൃത്യമായി വലയിലെത്തിക്കുകയും യുണൈറ്റഡിന്റെ ഡേവിഡ് ഡെഹെയ പാഴാക്കുകയും ചെയ്തതോടെ കിരീടം വിയ്യാറയൽ ഉറപ്പിക്കുകയായിരുന്നു. ലീഗിൽ ഏഴാം സ്ഥാനത്തു യൂറോപ്പ യോഗ്യത പോലും ലഭിക്കാതെ കിടന്ന വിയ്യാറയൽ ഇതോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ്‌ലീഗിന് യോഗ്യത നേടിയിരിക്കുകയാണ്.

    ഇതോടെ പരിശീലകനായി ചരിത്രത്തിലെ നാലാം യൂറോപ്പ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് വിയ്യാറയലിന്റെ ഉനൈ എമ്രി. സെവിയ്യക്കൊപ്പം ഇതിനു മുൻപ് മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ എമ്രി ഇതോടെ യൂറോപ്പ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടം നേടുന്ന പരിശീലകനെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. വിയ്യാറായാൽ യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗ് ടീമുകൾക്കെതിരായ പതിനഞ്ചിൽ പതിനഞ്ചു യൂറോപ്യൻ ഫൈനലുകളിലും ലാലിഗ ക്ലബ്ബുകൾക്ക് വിജയം സ്വന്തമാക്കാനായി എന്നതാണ് മറ്റൊരു വസ്തുത. ഇതിനു മുൻപ് ചെൽസിക്ക് മാത്രമാണ് ഫൈനലിൽ ഉനൈ എമ്രിയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുള്ളത്.

  6. യൂറോപ്പ ലീഗ് കലാശപ്പോരാട്ടം ഇന്ന്‌, യുണൈറ്റഡും വിയ്യാറയലും നേർക്കുനേർ

    Leave a Comment

    ഈ വർഷത്തെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ഇന്ന് വിയ്യാറയലും മാഞ്ചേസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടനൊരുങ്ങുകയാണ്. പോളണ്ടിലെ സ്റ്റേഡിയൊൻ എനർജ ഡാൻസ്ക്കയിലാണ് മത്സരം. ഇന്നു രാത്രി ഇന്ത്യൻ സമയം 12.30ക്ക് ആണ് മത്സരം നടക്കുക.

    2017ൽ കിരീടം നേടിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാമത്തെ യൂറോപ്പ ലീഗ് ഫൈനലാണിത് . 2017ലെ ഫൈനലിൽ ഡച്ച് ക്ലബ്ബായ അജാക്സിനെ തോൽപ്പിച്ചുകൊണ്ടാണ് യുണൈറ്റഡ് കീരീടം ഉയർത്തിയത്. സെമിയിൽ ഇറ്റാലിയൻ വമ്പന്മാരായ റോമയെ തോൽപ്പിച്ചാണ് യുണൈറ്റഡ് ഫൈനലിൽ പ്രേവേശിച്ചത്.

    സ്പാനിഷ് ക്ലബ്ബായ വിയ്യാറയൽ ആദ്യമായാണ് യൂറോപ്പ ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. പ്രീമിയർലീഗ് വമ്പന്മാരായ ആഴ്‌സണലിനെ തോൽപ്പിച്ചാണ് വിയ്യാറയൽ ഫൈനലിലെത്തുന്നത്. പരിശീലകൻ ഉനൈ എമ്രിക്കു കീഴിൽ മികച്ച പ്രകടനമാണ് വിയ്യാറയൽ കാഴ്ചവെക്കുന്നത്.

    പ്രീമിയർ ലീഗിൽ സിറ്റിക്കു കീഴെ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഈ സീസണിൽ ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് ഇന്നിറങ്ങുന്നത്. പരിശീലകനായ ഒലെ ഗണ്ണാർ സോൽക്ഷേറുടെ ഭാവിയും ഈ കിരീടത്തെ ആശ്രയിച്ചായിരിക്കും. എന്തായാലും ആദ്യ യൂറോപ്പ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന വിയ്യാറയലുമായി മികച്ച പോരാട്ടം തന്നെ നടക്കുമെന്നതിൽ സംശയമില്ല.

  7. ജാപ്പനീസ് മെസിയെ ബെഞ്ചിലിരുത്തുന്നു, പ്രതിഷേധമറിയിച്ച് റയൽ മാഡ്രിഡ്‌

    Leave a Comment

    ജാപ്പനീസ് മെസിയെന്നു വിളിപ്പേരുള്ള യുവതാരം ടകെഫുസ കൂബോയെ ഇത്തവണയും റയൽ മാഡ്രിഡ്‌ ലോണിലയച്ചിരിക്കുകയാണ്. സ്പാനിഷ്  ക്ലബ്ബ് തന്നെയായ വിയ്യാറായലിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്. താരത്തിന്റെ പുരോഗതിക്ക് ഏറെ പ്രതീക്ഷകളോടെയാണ് ലോണിൽ വിട്ടതെങ്കിലും റയൽ മാഡ്രിഡിപ്പോൾ അക്കാര്യത്തിൽ ഖേദിക്കുകയാണ്.

    മുൻ ആഴ്‌സണൽ കോച്ചായ ഉനൈ എമ്രിയാണ് വിയ്യാറായലിനെ ഇത്തവണ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് താരത്തെ മറുത്തൊന്നും ചിന്തിക്കാതെ വിയ്യാറയലിലേക്ക് താരത്തെ അയച്ചത്. എന്നാൽ താരത്തെ അധികമത്സരങ്ങളിലും ബെഞ്ചിലിരുത്തുകയാണ് ചെയ്തത്.

    പുതിയ സീസണിൽ അഞ്ചുമത്സരങ്ങളിൽ വെറും 55മിനുട്ടാണ് താരത്തിനു വിയ്യറയലിൽ കളിക്കാനായത്. താരത്തിനെ വിട്ടുകിട്ടാനായി പല യൂറോപ്യൻ വമ്പന്മാരും പിറകിലുള്ള സമയത്താണ് അതെല്ലാം ഒഴിവാക്കി വിയ്യാറായലിലേക്ക് താരത്തെ വിടുന്നത്. ബയേൺ മ്യുണിക്ക്, എസി മിലാൻ, അജാക്സ്, റയൽ ബെറ്റിസ്, സെവില്ല ഗെറ്റാഫെ എന്നിവരാണ് താരത്തിനായി മത്സരിച്ചിരുന്നത്.

    എന്നാൽ ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ജനുവരി ട്രാൻഫർ ജാലകത്തിൽ തന്നെ കരാർ റദ്ദാക്കി താരത്തെ തിരിച്ചു വിളിക്കുമെന്നാണ് റയലിന്റെ നിലപാട്. എമ്രി ആഴ്സണലിൽ പ്രതിരോധത്തിലൂന്നിയുള്ള തന്ത്രങ്ങളാണ് മെനഞ്ഞിരുന്നത്. അതു തന്നെയാണ് വിയ്യറയലിലും അദ്ദേഹം പരീക്ഷിക്കുന്നത്. അതിനാലാണ് കൂബോക്ക് അവസരം കുറയുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ.