Tag Archive: UCL

 1. ഫൈനലിലെ കൂട്ടിയിടിയിൽ മുഖത്ത് പരിക്ക്, ഡിബ്രൂയ്നെക്ക് യൂറോ നഷ്ടമായേക്കാം

  Leave a Comment

  ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനു മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ പരിക്കേറ്റു പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായിരുന്നു.

  കളിയിൽ സഹതാരം റിയാദ് മെഹ്റസിന് പന്ത് നൽകി മുന്നോട്ടു ഓടിയ ഡിബ്രൂയ്നെയെ ചെൽസി പ്രതിരോധതാരം അന്റോണിയോ റുഡിഗർ തോളുകൊണ്ട് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിബ്രൂയ്നെയുടെ മുഖത്തിന്‌ സാരമായ പരിക്കേറ്റത് മൂലം മെഡിക്കൽ സംഘം താരത്തെ കൂടുതൽ പരിശോധനക്കായി മത്സരത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു.

  ഒരു ഗോളിനു പിറകിൽ നിൽക്കുന്ന തന്റെ ടീമിനു വേണ്ടി ഇനി കളിക്കാനാവില്ലെന്നറിഞ്ഞതോടെ താരം കൂടുതൽ വികാരഭരിതനായാണ് കളംവിട്ടത്. പിന്നീട് നടന്ന മെഡിക്കൽ പരിശോധനയിൽ താരത്തിന്റെ മൂക്കിലെ എല്ലിനും ഇടതുകണ്ണിനു താഴെ എല്ലിനും പരിക്കേറ്റതായി വ്യക്തമായിരിക്കുകയാണ്.

  ഇക്കാര്യം താരം തന്നെ ട്വിറ്ററിൽ ആരാധകരോട് വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും പരിക്കു മൂലം താരത്തിനു ജൂണിൽ നടക്കാനിരിക്കുന്ന യൂറോയിൽ ബെൽജിയം സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 11 ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കുന്ന ബെൽജിയത്തിന്റെ ആദ്യ മത്സരത്തിൽ റഷ്യയാണ്‌ എതിരാളികൾ.

 2. ഇത്‌ നാണക്കാരനായ കാന്റെയുടെ വിജയം, ചെൽസിക്കൊപ്പം കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി

  Leave a Comment

  ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ കയ് ഹാവെർട്ടിന്റെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ചെൽസി കിരീടം ചൂടിയിരിക്കുകയാണല്ലോ. ചെൽസിയുടെ ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് ചെൽസിയുടെ നെടുംതൂണായ എൻഗോളൊ കാന്റെയാണ്‌. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഈ കുറിയ മനുഷ്യനെ തന്നെയാണ്.

  ഫ്രാൻസിനൊപ്പം വേൾഡ് കപ്പ്‌ കിരീടം നേടിക്കൊടുക്കുന്നതിന് പ്രധാന പങ്കു വഹിച്ച താരം കുറേ കാലമായി അകന്നു നിന്നിരുന്ന ചാമ്പ്യൻസ്‌ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായകതാരമായി ഉയർന്നു വന്നിരിക്കുകയാണ്. ക്വാർട്ടർ, സെമി ഫൈനൽ ഇരുപാദങ്ങളിലും സിറ്റിക്കെതിരെ ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി ചെൽസിയുടെ വിജയത്തിനു ചുക്കാൻ പിടിച്ചിരിക്കുകയാണ് ഈ അഞ്ചടി ആറിഞ്ചുകാരൻ.

  വിജയാഘോഷങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്നും എന്നും നാണക്കാരനായി ഒഴിഞ്ഞു മാറുന്ന കാന്റെയുടെ കരിയറിനു കിരീടങ്ങളുടെയും നേട്ടങ്ങളുടെയും കഥകൾ മാത്രമാണ് പറയാനുള്ളത്. 2014ൽ എഫ്സി കാനിനു വേണ്ടി അരങ്ങേറ്റം കുറിച്ച കാന്റെ അധികം വൈകാതെ തന്നെ അടുത്ത വർഷം ലൈസസ്റ്റർ സിറ്റിയിലേക്ക് ചേക്കേറി. 2017ൽ ലൈസസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടുകയും 2018ൽ ചെൽസിയിലേക്ക് ചേക്കേറുകയും ചെയ്തു.

  ആ വർഷം ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കു വഹിച്ച കാന്റെ 2018ൽ ഫ്രാൻസിന്റെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. 2019ൽ ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് ചാമ്പ്യൻമാരാകുകയും 2021ൽ സിറ്റിയെ തോൽപ്പിച്ച് ഇതുവരെ തന്റെ കരിയറിൽ നേടാത്ത ചാമ്പ്യൻസ്‌ലീഗും സ്വന്തമാക്കിയിരിക്കുകയാണ് കാന്റെ. ചാമ്പ്യൻസ്‌ലീഗ് വിജയാഘോഷങ്ങൾക്കിടയിലും വിനയാന്വിതനായി മാറി നിന്നു പുഞ്ചിരിക്കുന്ന കാന്റെയെയാണ് ഓരോ ഫുട്ബോൾ ആരാധകനും കാണാൻ സാധിച്ചത്. ആ നിഷ്കളങ്കത തന്നെയാണ് താരത്തിന്റെ ഓരോ വിജയത്തിനു പിന്നിലെയും രഹസ്യമെന്നാണ് ലോകം വിലയിരുത്തുന്നത്.

 3. ഇതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത, ഫൈനലിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചെൽസി പരിശീലകൻ

  Leave a Comment

  മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്‌ലീഗ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി. സിറ്റിക്കെതിരെ മുഴുവൻ താരങ്ങളും റെഡിയാണെന്നാണ് തോമസ് ടൂഹൽ വ്യക്തമാക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്താനാവുമെന്നാണ് ടൂഹൽ പ്രതീക്ഷ പുലർത്തുന്നത്.

  തനിക്ക് ഏറ്റവും സന്തോഷമേകുന്ന വാർത്ത രണ്ടു പ്രധാന താരങ്ങളുടെ തിരിച്ചു വരവാണെന്നാണ് ടൂഹൽ തന്നെ വ്യക്തമാക്കിയത്. ചെൽസിയുടെ വിജയങ്ങളിൽ പ്രധാനികളായ ഗോൾകീപ്പർ എഡ്‌വാർഡ് മെൻഡിയുടെയും എൻഗോളൊ കാന്റെയുടെയും തിരിച്ചുവരവാണ് ടൂഹലിനു കൂടുതൽ സന്തോഷമേകുന്ന വാർത്ത.

  മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കൂടുതൽ ആരോഗ്യവാന്മാരായി തിരിച്ചെത്തിയ ഇരുവരും മത്സരത്തിൽ നിർണായക സാന്നിധ്യമാകുമെന്നാണ് ടൂഹൽ പ്രതീക്ഷിക്കുന്നത്. ലൈസസ്റ്ററിനെതിരായ മൽസരത്തിൽ തുടക്കേറ്റ പരിക്കിനെ തുടർന്നാണ് കാന്റെയെ ടൂഹൽ പിൻവലിക്കുന്നത്.

  അവസാനമത്സരത്തിൽ ആസ്റ്റൺവില്ലക്കെതിരെ ഗോൾപോസ്റ്റിൽ ഇടിച്ചു മെൻഡിക്കും പരിക്കേറ്റിരുന്നു. എന്നാലിപ്പോൾ ഫൈനലിൽ ഇരുവരുടെയും സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ ഇരുവരുടെയും പ്രകടനം ചെൽസിക്ക് നിർണായകമായിരുന്നു.

 4. തോൽവിയിലും ചെൽസി താരങ്ങളുമായി ചിരിച്ചുല്ലസിച്ച് ഹസാർഡ്, വൻ വിമർശനങ്ങളുമായി മാഡ്രിഡ്‌ ആരാധകർ

  Leave a Comment

  ചെൽസിയോട് ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവിയേറ്റു വാങ്ങിയതോടെ 14ആം ചാമ്പ്യൻസ്‌ലീഗ് കിരീടമെന്ന റയലിന്റെ സ്വപ്നം തകർന്നടിഞ്ഞിരിക്കുകയാണ്. ചെൽസിയോട് തോൽവിയേറ്റു വാങ്ങേണ്ടി വന്നുവെങ്കിലും അതിന്റെ യാതൊരു വിഷമവുമില്ലാതെ ചെൽസി താരങ്ങളുമായി ചിരിച്ചു സംസാരിക്കുന്ന ഈഡൻ ഹാസാർഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

  റയൽ മാഡ്രിഡിന്റെ ബാക്കിയെല്ലാ താരങ്ങളും തോറ്റതിന്റെ നിരാശയിൽ കളത്തിൽ നിൽകുമ്പോൾ ചെൽസി താരങ്ങളായ കർട്ട് സൂമയോടും ഗോൾകീപ്പർ മെൻഡിയോടും സംസാരിച്ചു ചിരിക്കുന്ന ഹസാർഡിനെയാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

  മാഡ്രിഡ്‌ ആരാധകർ സോഷ്യൽ മീഡിയയിലൂടെ വൻ വിമർശനങ്ങളാണ് ഹസാർഡിനെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഈ രോഷം ഏതാനും ക്ലബ്ബ് മെമ്പർമാരുടെ ഇടയിലും ഉയർന്നിട്ടിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ഈഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്. മത്സരത്തിലെ മോശം പ്രകടനത്തിനും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

  നിരന്തരമായ പരിക്കുകൾ മൂലം പുറത്തിരിക്കേണ്ടി വന്ന ഹസാർഡ് അടുത്തിടെയാണ് മത്സരങ്ങളിലേക്ക് തിരിച്ചു വന്നത്. എന്നാൽ പരിശീലകൻ സിദാൻ താരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ താരത്തിൽ നിന്നുണ്ടായ ബഹുമാനമില്ലാത്ത ഈ പ്രവൃത്തി ആരാധകരെ മാത്രമല്ല ക്ലബിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 5. കാന്റെ ചെൽസിക്ക് ചാമ്പ്യൻസ്‌ലീഗ് നേടിത്തരും, നയം വ്യക്തമാക്കി ചെൽസി പരിശീലകൻ

  Leave a Comment

  ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ചെൽസി. ആദ്യപാദത്തിൽ റയലിന്റെ തട്ടകത്തിൽ 1-1 നു സമനിലകൊണ്ട് ചെൽസിക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മധ്യനിരതാരം എൻഗോളൊ കാന്റെ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പരിശീലകനായ തോമസ് ടൂഹൽ പ്രതീക്ഷിക്കുന്നത്.

  ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്കായി കാൻ്റെ നേടിത്തരുമെന്നാണ് ടൂഹൽ വ്യക്തമാക്കുന്നത്. താരത്തിൻ്റെ വിജയ മനോഭാവമാണ് അതിനു കാരണമെന്നാണ് ടൂഹലിൻ്റെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ” അവൻ ഒരു മികച്ച താരമാണ്. കിരീടം നേടാൻ ആർക്കും ആവശ്യമുള്ള ഒരു കളിക്കാരനാണവൻ. അതാണ് ഞങ്ങൾക്ക് കുതൽ സന്തോഷം നൽകുന്ന ഒരു കാര്യം. കാരണം അവൻ ഞങ്ങളുടെ ക്ലബ്ബിലാണുള്ളത്. ”

  “അവൻ്റെ കളി കാണുന്നത് തന്നെ ആനന്ദം നൽകുന്ന ഒന്നാണ്. എപ്പോഴും ടീമിനെ സഹായിക്കുന്ന മനോഭാവമുള്ള അവൻ കഠിനാധ്വാനിയാണ്. അതൊരു മികച്ച കോമ്പിനേഷനാണ്. എൻ്റെ അഭിപ്രായത്തിൽ അവൻ ഒരു മാതൃകയാണ്. ലോകത്തെ ഏത് ടീമിനും അവിശ്വസനീയമായ താരമായിരിക്കും അവൻ.” കാൻ്റെയെക്കുറിച്ച് ടൂഹൽ അഭിപ്രായപ്പെട്ടു.

 6. സിറ്റിയെ തോല്പിക്കാൻ കളിക്കളത്തിൽ മരിക്കാൻ വരെ തയ്യാറാണ്, മുന്നറിയിപ്പുമായി നെയ്മർ

  Leave a Comment

  ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ ശക്തമായ തിരിച്ചു വരവ് നടത്താനാകുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്. അതിനു ശക്തമായ പിന്തുണയുമായി നെയ്മർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  കളിക്കളത്തിൽ മരിച്ചുവീഴേണ്ടി വന്നാലും മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ വേണ്ടി പരമാവധി ശ്രമിക്കുമെന്നാണ് നെയ്മറുടെ മുന്നറിയിപ്പ്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിൻ്റെ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ക്ലബ്ബിൻ്റെ ഔദ്യോഗിക ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ.

  “ഇനി ആദ്യം ചെയ്യാനുള്ള പ്രധാന കാര്യമെന്നത് ചാമ്പ്യൻസ്‌ലീഗിൽ കൂടുതൽ ശ്രദ്ധ നൽകുകയെന്നതാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കടുപ്പമേറിയ ആദ്യപാദമാണ് കഴിഞ്ഞു പോയത്. ജയിക്കാനുള്ള സാധ്യതകളും സ്ഥിതിവിവരക്കണക്കുകളും എന്തു പറയുന്നു എന്നു നോക്കാതെ വിജയിക്കുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കേണ്ടതുണ്ട്.”

  “എനിക്ക് തോന്നുന്നത് പാരീസിലെ എല്ലാവരും ഞങ്ങളിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ടെന്നാണ്. അവരെ നേരിട്ടു ജയിക്കാനായി ഒരു പോരാളിയെപ്പോലെ ഞാൻ തന്നെയായിരിക്കും മുൻനിരയിലുണ്ടാവുക. ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകും. സിറ്റിയെ തോൽപ്പിക്കാനായി കളിക്കളത്തിൽ മരിക്കാൻ വരെ ഞാൻ തയ്യാറാണ്.” നെയ്മർ പറഞ്ഞു.

 7. ബാഴ്സലോണയിലും മ്യൂണിച്ചിലും ജയിച്ചതുപോലെ മാഞ്ചസ്റ്ററിലും ആവർത്തിക്കും, സിറ്റിക്കു മുന്നറിയിപ്പുമായി പൊചെട്ടിനോ

  Leave a Comment

  പിഎസ്‌ജിയുടെ തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരിക്കുകയാണ്. പിഎസ്‌ജിക്കായി പ്രതിരോധതാരം മാർക്കിഞ്ഞോസ്‌ ഹെഡർ ഗോൾ നേടിയപ്പോൾ സിറ്റിക്കായി കെവിൻ ഡിബ്രൂയ്നെയും ഫ്രീകിക്കിലൂടെ റിയാദ് മെഹ്റെസുമാണ് വിജയഗോൾ നേടിയത്.

  ആദ്യപാദത്തിൽ തോൽവി രുചിക്കേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ വിജയം നേടാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്‌ജി പരിശീലകനായ മൗറിസിയോ പൊചെട്ടിനോ. ബാഴ്സയുടെയും മ്യൂണിച്ചിന്റെയും തട്ടകത്തിൽ വിജയിക്കാനാവുമെങ്കിലും മാഞ്ചസ്റ്ററിലും വിജയിക്കാനാവുമെന്ന് പൊചെട്ടിനോ പറഞ്ഞു. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “തീർച്ചയായും. ഞങ്ങൾ ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒപ്പം ഞങ്ങളുടെ തട്ടകത്തിനു പുറത്ത് മാഞ്ചസ്റ്ററിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ബാഴ്സലോണയിലും മ്യൂണിച്ചിലും നന്നായി കളിച്ചിരുന്നു.”

  “വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ ഒരു കാര്യം മനസിലുള്ളത് നല്ല കാര്യമാണ്. കാരണം അതിൽ ഉറച്ചു വിശ്വസിച്ചു തൊണ്ണൂറു മിനുട്ടും താരങ്ങൾക്ക് കളിക്കാനാവും. അതിൽ വിജയിച്ചു മുന്നേറാനുമാവും.” പൊചെട്ടിനോ പറഞ്ഞു.
  മെയ് 5നാണ് രണ്ടാം പാദ മത്സരം നടക്കാനിരിക്കുന്നത്.

 8. റയൽ- ചെൽസി മത്സരം സമനിലയിൽ, ഫലം തൃപ്തികരമെന്നു സിദാൻ

  Leave a Comment

  റയൽ മാഡ്രിഡ്‌ തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ ചെൽസിയുമായി സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയായിരിക്കുകയാണ്. ചെൽസിക്കായി ക്രിസ്ത്യൻ പുലിസിച്ച് ഗോൾ നേടിയപ്പോൾ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡിനായി കരിം ബെൻസമ സമനില ഗോൾ സ്വന്തമാക്കുകയായിരുന്നു.

  കൂടുതൽ അക്രമണോത്സുക ഫുട്ബോളുമായി ചെൽസിയാണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതെങ്കിലും ഗോൾമുഖത്ത് ഗോൾകീപ്പർ തിബോട് കോർട്വയുടെ പ്രകടനം റയലിനു തുണയാവുകയായിരുന്നു. ചെൽസിയുടെ എൻഗോളൊ കാന്റെയുടെ മധ്യനിരയിലെ മിന്നും പ്രകടനമാണ് ചെൽസിക്ക് കൂടുതൽ മേൽക്കോയ്മ നൽകിയത്.

  മത്സരത്തിലെ താരമായതും കാന്റെ തന്നെയായിരുന്നു. എന്നിരുന്നാലും റയലിന്റെ പ്രകടനം തൃപ്തികരമായിരുന്നുവെന്നാണ് പരിശീലകനായ സിദാന്റെ അഭിപ്രായം. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.

  “ഇതൊരു തൃപ്തികരമായ റിസൽട്ട്‌ ആണ്. ആദ്യപകുതിയിൽ ഞങ്ങൾ അത്ര മികച്ചതായിരുന്നില്ല എന്നത് സത്യമാണ്. അവരുടെ സമ്മർദ്ദത്തിൽ ഞങ്ങൾ ബുദ്ദിമുട്ടിയിരുന്നു. എന്നാൽ ഇടവേളക്ക് ശേഷം ഞങ്ങൾ മികച്ച രീതിയിൽ തിരിച്ചു വന്നു. ഞങ്ങൾ വളരെ വേഗതയുള്ളതും മികച്ചതുമായ സംഘത്തിനെതിരെയാണ്‌ കളിച്ചത്. ഒപ്പം ഇതൊരു തൃപ്തികരമായ റിസൾട്ട്‌ ആണ്.” സിദാൻ പറഞ്ഞു.

 9. ചെൽസിക്കെതിരെ മറ്റൊരു ഹസാർഡിനെ കാണാം, ആരോഗ്യവനായി തിരിച്ചെത്തിയെന്ന് സിദാൻ

  Leave a Comment

  റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായി തൻ്റെ പഴയ ടീമായ ചെൽസിയെ നേരിടാനൊരുങ്ങുകയാണ് സൂപ്പർ താരമായ ഈഡൻ ഹസാർഡ്. നിരന്തരമായ പരിക്കുകൾ മൂലം വളരെക്കാലമായി തൻ്റെ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ ഹസാർഡിനു ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ മികച്ച പ്രകടനം നടത്താൻ ഹസാർ ഡിനു സാധിക്കുമെന്നാണ് സിദാൻ വ്യക്തമാക്കുന്നത്.

  ഹസാർഡ് ശരീരികമായി മികച്ച രീതിയിലാണുള്ളതെന്നാണ് സിദാൻ്റെ പക്ഷം. പരിക്കിനു ശേഷം തിരിച്ചെത്തിയ താരം റയൽ ബെറ്റിസിനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ ആകെ പതിനഞ്ചു മത്സരങ്ങളിൽ മാത്രമാണ് സിദാൻ അവസരം നൽകിയതെങ്കിലും ഇപ്പോഴാണ് ഹസാർഡ് മുഴുവനായും മികച്ച ആരോഗ്യത്തോടെ കളിക്കാൻ ഹസാർഡിനു സാധിക്കുന്നതെന്നാണ് സിദാൻ കണക്കുകൂട്ടുന്നത്.

  മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.
  ” ഈഡനു ഇനിയും ഒരു സംശയത്തിനു ഇടമുണ്ടെന്നു എനിക്കു തോന്നുന്നില്ല. കഴിഞ്ഞ ദിവസം അവൻ മികച്ച രീതിയിൽ കളിക്കളത്തിൽ കാണാൻ സാധിച്ചു. ”

  അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ പ്രശ്നങ്ങൾ ഒന്നും അവനു അനുഭവപ്പെടുന്നില്ല. ഇപ്പോൾ അവൻ മികച്ച രീതിയിലാണുള്ളത്. ഇനി മുന്നോട്ടു നീങ്ങേണ്ടതുണ്ട്. അവനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷവാൻമാരാണ്. ടീമിനു ഇതിലും കൂടുതൽ നൽകാൻ അവനു സാധിക്കും.” സിദാൻ പറഞ്ഞു.

 10. യൂറോപ്യൻ ഫുട്ബോൾ രണ്ടു തട്ടിലേക്ക്, ചാമ്പ്യൻസ്‌ലീഗിന്റെ അന്തകനായി യൂറോപ്യൻ സൂപ്പർലീഗ് വരുന്നു

  Leave a Comment

  യൂറോപ്യൻ ഫുട്ബോൾ ഇനി രണ്ടു തട്ടിലേക്ക്. ഫിഫയുടെയും യുവേഫയുടെയും നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് യൂറോപ്പിലെ 12 പ്രമുഖ വമ്പൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാമ്പ്യൻസ്‌ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഫിഫയും യുവേഫയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.

  ലാലിഗയിൽ നിന്നും റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ്‌ ത്രയവും, പ്രീമിയർലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്‌സണൽ,മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ എന്നിങ്ങനെ ആറു വമ്പന്മാരും, ഇറ്റാലിയൻ ലീഗിൽ നിന്നും എസി മിലാൻ,യുവന്റസ്, ഇന്റർമിലാൻ എന്നിങ്ങനെ മൂന്നു ശക്തികളും ചേർന്നാണ് സൂപ്പർലീഗിന് പദ്ധതിയിടുന്നത്. ഇതിന്റെ ഇതിന്റെ സ്ഥാപകക്ലബ്ബുകൾക്ക് 3.5 ബില്യൺ യൂറോ ആദ്യ പ്രതിഫലമായി ലഭിച്ചേക്കും.

  അതായത് ഒരു ക്ലബ്ബിന് 450 മില്യൺ യൂറോ വരെ യൂറോപ്യൻ സൂപ്പർലീഗിൽ ചേരുന്നതിനു മാത്രം ലഭിക്കും. ലീഗ് തുടങ്ങിയാൽ മൂന്നു ക്ലബ്ബുകളെക്കൂടി ഇതിലേക്ക് ക്ഷണിക്കുകയും മൊത്തത്തിൽ 15 ക്ലബ്ബുകളുമായി ഉദ്‌ഘാടനസീസണിൽ സൂപ്പർ ലീഗ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  സൂപ്പർലീഗിന്റെ നടത്തിപ്പുകാരായി ഇതിൽ ചേർന്ന എല്ലാ ക്ലബ്ബുകൾക്കും അടുത്ത സീസണിലേക്കു സ്വാഭാവികമായി യോഗ്യത ലഭിക്കുകയും ലീഗ് ഫുട്ബോളിനിടക്ക് മറ്റൊരു ലീഗെന്ന നിലയിൽ സൂപ്പർലീഗ് നടത്തുമെന്നുമാണ് സ്ഥാപകർ അറിയിക്കുന്നത്. എന്നാൽ ഈ ലീഗിൽ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബിലെയും താരങ്ങളെ ഫിഫയും യുവേഫയും വിലക്കുമെന്നും അവരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ലെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിലക്കുകൾ അവഗണിച്ചു കൊണ്ട് ഈ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോവാനാണ് ക്ലബ്ബുകളുടെ തീരുമാനം.