Tag Archive: tottenham hotspar

  1. കേനിനെ സ്വന്തമാക്കാൻ റെക്കോർഡ് ഓഫർ, എന്നിട്ടും നിരസിച്ച് ടോട്ടനം ഹോസ്‌പർ

    Leave a Comment

    നിരവധി വർഷങ്ങളായി ഇംഗ്ലീഷ് ഫുട്ബോളിലെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന ഹാരി കേനിനു ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ് താരം കരാർ പുതുക്കില്ലെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ സമ്മറിൽ താരത്തിനായി ഓഫറുകളുണ്ട്. ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ് കേനിനെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്.

    എന്നാൽ അടുത്ത സമ്മറിൽ കരാർ അവസാനിക്കാൻ പോവുകയാണെങ്കിലും ഹാരി കേനിനു വേണ്ടിയുള്ള ഓഫറുകൾക്ക് ടോട്ടനം വേണ്ടത്ര പരിഗണന നൽകുന്നില്ല. ബയേൺ മ്യൂണിക്ക് ആദ്യം എഴുപതു മില്യൺ യൂറോയുടെ ഓഫർ കേനിനായി നൽകിയിരുന്നു. അത് തള്ളിയതോടെ നൂറു മില്യൺ യൂറോയുടെ ഓഫറാണ് ബയേൺ നൽകിയത്. എന്നാൽ അതും ടോട്ടനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

    റിപ്പോർട്ടുകൾ പ്രകാരം വരുന്ന സീസണിൽ കേനിനെ ടീമിൽ നിലനിർത്തുന്നതിനു തന്നെയാണ് ടോട്ടനം പരിഗണന നൽകുന്നത്. സീസൺ കഴിയുന്നതോടെ കരാർ അവസാനിച്ച് താരത്തെ നഷ്‌ടമാകുന്നത് ടോട്ടനം കാര്യമാക്കുന്നില്ല. ബയേണിനെ സംബന്ധിച്ച് റെക്കോർഡ് തുകയുടെ ഓഫറാണ് അവർ നൽകിയിരിക്കുന്നത്. അതിനും ടോട്ടനം നോ പറഞ്ഞതിനാൽ മറ്റു സ്‌ട്രൈക്കർമാരെ ജർമൻ ക്ലബ് പരിഗണിച്ചേക്കും.

    അതേസമയം ഹാരി കേനിന് ടോട്ടനം വിടാൻ ആഗ്രഹമുണ്ട്. നിരവധി സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്ന നിലയിൽ തുടരുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടോട്ടനത്തിൽ നിന്നാൽ കിരീടം സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് കെൻ ചിന്തിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകൾ നേടിയ താരമാണ് ഹാരി കേൻ.

  2. അർജന്റീനയുടെ പ്രതിരോധഭടൻ ക്ലബ് വിട്ടേക്കും, ഓഫറുമായി വമ്പൻ ക്ലബ്

    Leave a Comment

    കഴിഞ്ഞ ഏതാനും വർഷങ്ങളായി അർജന്റീന പ്രതിരോധനിരയിലെ പ്രധാനപ്പെട്ട സാന്നിധ്യമാണ് ക്രിസ്റ്റ്യൻ റോമെറോ. അറ്റലാന്റയിൽ കളിക്കുന്ന സമയത്ത് സീരി എയിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അർജന്റീന ടീമിൽ സ്ഥിരമായി ഇടം നേടിയ താരം വന്നതിനു ശേഷമാണ് ദേശീയ ടീമിന്റെ പ്രതിരോധം ശക്തിപ്പെട്ടതെന്ന് ലയണൽ മെസി തന്നെ പറഞ്ഞിട്ടുണ്ട്.

    നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിലാണ് ക്രിസ്റ്റ്യൻ റോമെറോ കളിക്കുന്നത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മുൻ ക്ലബായ യുവന്റസാണ് ക്രിസ്റ്റ്യൻ റൊമേറോക്ക് വേണ്ടി ശ്രമം നടത്തുന്നത്.

    ഇറ്റാലിയൻ ലീഗിൽ തങ്ങളുടെ ആധിപത്യം യുവന്റസിന് നഷ്‌ടമായിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഉണ്ടായിരുന്നെങ്കിലും പോയിന്റ് വെട്ടിക്കുറച്ചതിനെ തുടർന്ന് യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലുമില്ല. ഇന്റർ മിലാൻ ഉൾപ്പെടെയുള്ള ക്ലബുകൾ പ്രബലരായി മാറുന്ന സമയത്ത് തങ്ങളുടെ ആധിപത്യം തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യമാണ് യുവന്റസിന് മുന്നിലുള്ളത്.

    നേരത്തെ യുവന്റസിന്റെ താരമായിരുന്നു ക്രിസ്റ്റ്യൻ റോമെറോ. എന്നാൽ കില്ലിനി, ബൊനൂച്ചി തുടങ്ങിയ താരങ്ങളുണ്ടായിരുന്ന യുവന്റസിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ അറ്റ്ലാന്റയിലേക്ക് ലോണിൽ പോയ താരത്തെ പിന്നീടവർ സ്ഥിരം കരാറിൽ സ്വന്തമാക്കി. അതിനു ശേഷമാണ് താരം ടോട്ടനത്തിൽ എത്തുന്നത്. ഇറ്റാലിയൻ ലീഗിലെ പരിചയസമ്പത്ത് താരത്തിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

  3. എംബാപ്പെ പോയാലും ഗോളടിച്ചു കൂട്ടണം, ഹാരി കേനിനെ ലക്ഷ്യമിട്ട് പിഎസ്‌ജി

    Leave a Comment

    അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന കാര്യം കിലിയൻ എംബാപ്പെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം താരം പിഎസ്‌ജിയെ ഒന്നുകൂടി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഈ സമ്മറിൽ തന്നെ താരത്തെ വിറ്റില്ലെങ്കിൽ ഫ്രീ ഏജന്റായി എംബാപ്പയെ നഷ്‌ടപ്പെടുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. താരത്തെ വിൽക്കാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുമുണ്ട്.

    പിഎസ്‌ജിക്ക് ഇനി എംബാപ്പയെ പ്രതീക്ഷിക്കാൻ കഴിയില്ലെന്നതിനാൽ തന്നെ താരത്തിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിരവധി സീസണുകളായി പിഎസ്‌ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ് സ്‌കോറർ സ്ഥാനത്ത് തുടരുന്ന താരമാണ് എന്നതിനാൽ ഗോളടിച്ചു കൂട്ടുന്ന ഒരു കളിക്കാരനെ തന്നെയാണ് പിഎസ്‌ജി ലക്‌ഷ്യം വെക്കുന്നത്.

    ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ഇപ്പോൾ ലക്ഷ്യമിടുന്ന പ്രധാന താരം ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ ഹാരി കേനാണ്. പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി ഇംഗ്ലണ്ട് താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി വലിയ തുക തന്നെ മുടക്കാൻ അവർ തയ്യാറായേക്കും.

    ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂ എന്നതിനാൽ തന്നെ ഹാരി കേനിനെ ഈ സമ്മറിൽ ടോട്ടനം വിൽക്കാൻ സാധ്യതയുണ്ട്. നിരവധി വർഷങ്ങളായി ടോട്ടനത്തിൽ തുടരുന്ന താരം ഗംഭീര പ്രകടനമാണ് നടത്തുന്നതെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കിരീടങ്ങൾ നേടാനായി ടോട്ടനം വിടാനൊരുങ്ങുന്ന താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  4. അടുത്ത സീസണിൽ അജയ്യരാകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്‌ഷ്യം ഹാരി കേൻ തന്നെ

    Leave a Comment

    എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം പുതിയൊരു കുതിപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച് ടീമിനെ കെട്ടിപ്പടുത്ത അദ്ദേഹം ഒരു കിരീടനേട്ടത്തിലേക്ക് ടീമിനെ നയിച്ചു. പ്രീമിയർ ലീഗ് ടോപ് ഫോർ ഉറപ്പിക്കാൻ സാധ്യതയുള്ള ടീമിന് എഫ്എ കപ്പ് ഫൈനലിലെത്താൻ കഴിഞ്ഞതിനാൽ അവിടെയും കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.

    ഈ സീസണിൽ ടോപ് ഫോറെങ്കിൽ അടുത്ത സീസണിൽ പ്രീമിയർ ലീഗ് അടക്കമുള്ള കിരീടങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ടീമിലേക്ക് പ്രധാനമായും വേണ്ടത് ഒരു സ്‌ട്രൈക്കറെ ആയതിനാൽ ആ പൊസിഷനിൽ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    കഴിഞ്ഞ നിരവധി സീസണുകളായി പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന സ്‌ട്രൈക്കറായ ഹാരി കെനിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന സമ്മറിൽ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. പരിശീലകനായ എറിക് ടെൻ ഹാഗ് ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ളത് മുതലെടുത്താണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.

    റൊണാൾഡോ പോയതിനു ശേഷം സ്‌ട്രൈക്കറെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ സ്വന്തമാക്കിയത് ഡച്ച് താരം വേഗസ്റ്റിനെയാണ്. എന്നാൽ ലോണിൽ ടീമിലെത്തിയ താരം ആകെ രണ്ടു ഗോളുകൾ മാത്രമാണ് ടീമിനായി നേടിയിട്ടുള്ളത്. ഇതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒരു സ്‌ട്രൈക്കറുടെ അഭാവം ടീമിനുണ്ടെന്ന് എറിക് ടെൻ ഹാഗ് തന്നെ വ്യക്തമാക്കിയിരുന്നു.

    പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ളതും ഒരു വർഷം മാത്രം കരാർ ബാക്കിയുള്ളതുമാണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രേരിപ്പിക്കുന്നത്. അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ആരാധകർ ഇംഗ്ലണ്ട് നായകനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഹാരി കേൻ വന്നില്ലെങ്കിൽ ഒസിംഹൻ, ഗോൻകാലോ റാമോസ് എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

  5. പരിക്കിന്റെ വേദന സഹിച്ചാണ് ഓരോ മത്സരവും കളിക്കുന്നത്, വെളിപ്പെടുത്തലുമായി ബ്രസീലിയൻ താരം

    Leave a Comment

    കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി നിരവധി താരങ്ങളെ ടീമിലെത്തിച്ച് ഈ സീസണിനായി ഒരുങ്ങിയ ടോട്ടനം ഹോസ്‌പർ മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. എന്നാൽ ടീമിലെ പ്രധാന താരമായ ദേജൻ കുലുസേവ്സ്കി പരിക്കേറ്റു പുറത്തു പോയത് അവരുടെ ഫോമിനെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    സെപ്‌തംബർ പകുതി മുതൽ കുലുസേവ്സ്കി ടോട്ടനത്തിനായി കളിക്കുന്നില്ല. എന്നാൽ താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിയുന്നത് ബ്രസീലിയൻ താരം ലൂക്കാസ് മോറ ആ പൊസിഷനിൽ തിളങ്ങുന്നതു കൊണ്ടാണ്. പരിക്കു കാരണം രണ്ടു മാസത്തോളം കളത്തിനു വെളിയിലിരുന്ന താരം കഴിഞ്ഞ മാസമാണ് കളിക്കളത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഇപ്പോഴും താൻ പരിക്കിന്റെ വേദനകൾ സഹിച്ചാണ് കളിക്കുന്നതെന്നാണ് താരം പറയുന്നത്.

    “ഞാൻ തിരിച്ചു വന്നതിലും ടീമിനെ സഹായിക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ട്. വളരെ കുറച്ച് മത്സരങ്ങളിൽ നിന്നും എന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ കഴിയില്ല. പടിപടിയായി ഞാനവിടെയെത്തും. ഞാനിപ്പോഴും ചികിത്സ തുടരുന്നുണ്ട്. വേദനയും സഹിച്ച് എനിക്ക് കളിക്കാൻ കഴിയും, അത് കൈകാര്യം ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മൈതാനത്ത് തുടരുകയും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം ചെയ്യുകയുമാണ്. ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ച് വേദനയില്ലാതെ കളിക്കുകയെന്നത് പലപ്പോഴും അസാധ്യമാണ്.” ലൂകാസ് മൗറ പറഞ്ഞു.

    ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച ലൂക്കാസ് മൗറ ഒരു ഗോളോ അസിസ്റ്റോ ഇതുവരെയും നേടിയിട്ടില്ലെങ്കിലും ടീമിന്റെ മുന്നേറ്റനിരയെ സഹായിക്കാൻ താരത്തിന് കഴിയുന്നുണ്ട്. അതേസമയം മുപ്പതുകാരനായ താരത്തിന് ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. നിരവധി മികച്ച താരങ്ങളാൽ ബ്രസീലിന്റെ മുന്നേറ്റനിര അനുഗ്രഹീതമാണെന്നതു തന്നെയാണ് അതിനു കാരണം.

  6. ചെൽസിക്കൊപ്പം കിരീടം നേടുക എളുപ്പമുള്ള കാര്യമാണ്, ടൂഹലിനു സമ്മർദം കൂട്ടി മൗറിഞ്ഞോ

    Leave a Comment

    അടുത്തിടെയാണ് ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി ചെൽസി മുൻ പിഎസ്‌ജി പരിശീലകനായ തോമസ് ടൂഹലിനെ നിയമിക്കുന്നത്. സീസണിന്റെ ആദ്യപകുതി വരെ ലാംപാർഡിനു കീഴിൽ കളിച്ച ചെൽസി ടീമിനെ പരിശീലിപ്പിക്കുകയെന്ന ദൗത്യമാണ് ടൂഹലിനു മുന്നിലുള്ളത്. 200 മില്യണിലധികം പണം മുടക്കി പുതിയ താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ലാംപാർഡിനെ പുറത്താക്കി ടൂഹലിനെ നിയമിക്കുന്നത്.

    ലാംപാർഡിനു ചെൽസിയിലുണ്ടായിരുന്ന അതേ സമ്മർദ്ദമായിരിക്കും ടൂഹലിനും ഇനി അനുഭവിക്കേണ്ടി വരിക. എന്നാൽ ഈ സാഹചര്യത്തിൽ തോമസ് ടൂഹലിനു കൂടുതൽ സമ്മർദ്ദം നൽകുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി പരിശീലകനും നിലവിൽ ടോട്ടനം ഹോട്സ്പറിന്റെ ബോസുമായ ഹോസെ മൗറിഞ്ഞോ. ഇന്ന്‌ നടന്ന ചെൽസി-ടോട്ടനം മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ചെൽസിയെ പരിശീലിപ്പിക്കുകയെന്നത് ബുദ്ദിമുട്ടേറിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം ചെൽസിക്കൊപ്പം മൂന്നു വട്ടം എനിക്ക് ചാമ്പ്യനാവാൻ സാധിച്ചിട്ടുണ്ട്. കാർലോ ആഞ്ചെലോട്ടി കിരീടം നേടിയിട്ടുണ്ട്. അന്റോണിയോ കോണ്ടെയും ചാമ്പ്യനായിരുന്നു. അതൊരിക്കലും ബുദ്ദിമുട്ടേറിയതല്ല കാരണം ഞങ്ങൾക്കവിടെ കിരീടം നേടാൻ സാധിച്ചിട്ടുണ്ട്. ”

    “ചെൽസിയിൽ ഒരുപാട് മികച്ച താരങ്ങളുണ്ടാവാറുണ്ട്. മികച്ച സ്‌ക്വാഡ് ഉള്ള ചെൽസിയെ പരിശീലിപ്പിക്കാൻ നല്ല പരിശീലകർക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം അവിടെയുള്ള താരങ്ങൾക്കെല്ലാം കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള കഴിവുള്ളവരാണ്. എന്റെ കാര്യത്തിൽ രണ്ടു കാലയളവിൽ ഞാനവിടെയുണ്ടായിരുന്നു ഒപ്പം കിരീടങ്ങൾ നേടാനും സാധിച്ചിട്ടുണ്ട്.” മൗറിഞ്ഞോ പറഞ്ഞു.

  7. ഗോളടിക്കുറവ്, ഇന്റർമിലാൻ സൂപ്പർതാരത്തിനായി ലിവർപൂളും ടോട്ടനവും നേർക്കുനേർ

    Leave a Comment

    ഗോളുകൾ കണ്ടെത്താനാവാതെ വിഷമിക്കുന്ന ലിവർപൂളിന്റെ മധ്യനിരയിലേക്ക് കൂടുതൽ ക്രിയാത്മതയും ആക്രമണ സ്വഭാവവുമുള്ള താരത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യർഗൻ ക്ലോപ്പ്. അതിനായി നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർ മിലാൻ്റെ യുവപ്രതിഭയായ നിക്കോളോ ബാരെല്ലയെയാണ്. മധ്യനിരയിലെ ചടുലതയും അസാമാന്യവേഗതയുമാണ് ക്ലോപ്പിനെ ആകർഷിച്ചിരിക്കുന്നത്.

    ഇംഗ്ലീഷ് മാധ്യമമായ ഗാർഡിയൻ്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിനു പിന്നാലെ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറും താരത്തിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. നിലവിൽ മുന്നേറ്റനിര താരമായ ഹാരി കെയ്നിൻ്റെ പ്ലേമേക്കിങ്ങാണ് ടോട്ടനത്തിൻ്റെ ആക്രമണങ്ങളിൽ നിർണായകമാവുന്നത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ടോട്ടനത്തിൻ്റെ മധ്യനിരയെ ശക്തിപ്പെടുത്താനാണ് മാറിഞ്ഞോ ബാരെല്ലയെ നോട്ടമിട്ടിരിക്കുന്നത്.

    നിലവിൽ സീരി എയിൽ രണ്ടാം സ്ഥാനത്തുള്ള ഇൻ്ററിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന യുവപ്രതിഭയാണ് ബാരെല്ല. യുവൻറസിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഇൻ്റർ നേടിയ രണ്ടു ഗോളുകളിലൊന്ന് നികോളാസ് ബാരെല്ലയുടേതായിരുന്നു. യുവൻ്റസിനെതിരായ മത്സരത്തിൽ അൻ്റോണിയോ കോണ്ടെയുടെ തന്ത്രങ്ങളിലെ അവിഭാജ്യ ഘടകമായി ഉയർന്നു വന്നിരിക്കുകയാണ് ഈ യുവപ്രതിഭ.

    ബാരെല്ലക്കായി ലിവർപൂളും ടോട്ടനവും മത്സരിക്കുന്നുണ്ടെങ്കിലും ഇൻ്റർ മിലാൻ തങ്ങളുടെ യുവപ്രതിഭയെ ചെറിയ തുകക്കൊന്നും കൈവിടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 2024 വരെ കരാറുള്ള ബാരെല്ലയെ സ്വന്തമാക്കാൻ വൻ വില തന്നെ നൽകേണ്ടി വരുമെന്നുറപ്പാണ്. ഇൻ്ററിൻ്റെ മധ്യനിരയിൽ നിലവിൽ കളിച്ചു പതിനെട്ടു മത്സരങ്ങളിലും താരത്തിൻ്റെ സാന്നിധ്യമുണ്ടെന്നത് ബാരെല്ലയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. നിലവിൽ നഗരവൈരികളായ എസി മിലാനുമായി വെറും മൂന്നു പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണുള്ളത്.

  8. റയൽ മാഡ്രിഡ്‌ സൂപ്പർതാരത്തിൽ കണ്ണുവെച്ച് വീണ്ടും മൗറീഞ്ഞോ, പ്രതിരോധം ശക്തമാക്കാനൊരുങ്ങുന്നു

    Leave a Comment

    റയൽ മാഡ്രിഡിൽ സിദാനു കീഴിൽ അവസരം കിട്ടാതെ വിഷമിക്കുന്ന ബ്രസീലിയൻ പ്രതിരോധ താരമാണ് എഡർ മിലിറ്റാവോ. റയൽ മാഡ്രിഡിൽ റാഫേൽ വരാനും സെർജിയോ റാമോസും മികച്ച പ്രകടനം തുടരുന്നതാണ് സിനദിൻ സിദാനു പ്രതിരോധനിരയിൽ മിലിറ്റാവോക്ക് അവസരം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. റാമോസിന്റെ അഭാവത്തിൽ നൽകിയ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനാവാഞ്ഞതും തിരിച്ചടിയാവുകയായിരുന്നു.

    എന്നാൽ റയൽ മാഡ്രിഡിന്റെ കയ്യൊഴിയലുകളായ ഗാരെത് ബെയ്ലിനും സെർജിയോ റെഗ്വിലോണിനും പിന്നാലെ അവസരങ്ങൾ കുറഞ്ഞ എഡർ മിലിറ്റാവോവെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്ട്സ്പർ. റൈറ്റ് ബാക്കായും സെന്റർ ബാക്കായും ഒരുപോലെ കളിക്കാനാവുമെന്ന വൈവിധ്യതയാണ് ഹോസെ മൗറിഞ്ഞോയുടെ ശ്രദ്ധ താരത്തിൽ പതിയാനുള്ള പ്രധാനകാരണം.

    2019 സമ്മർ ട്രാൻസ്ഫറിലാണ് പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിൽ നിന്നും എഡർ മിലിറ്റാവോയെ റയൽ മാഡ്രിഡ്‌ 43 മില്യൺ പൗണ്ടിനു സ്വന്തമാക്കുന്നത്. അതിനു ശേഷം വെറും 15 മത്സരങ്ങൾ മാത്രമാണ് താരത്തിനു റയൽ മാഡ്രിഡിൽ കളിക്കാനായിട്ടുള്ളത്. സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്‌ താരത്തെ വിട്ടു നൽകാൻ തയ്യാറാണെന്നാണ് അറിയാനാകുന്നത്.

    എന്നാൽ താരത്തിനായി നൽകിയ 43 മില്യൺ പൗണ്ട് ലഭിച്ചാൽ താരത്തിനെ വിട്ടു നൽകുകയുള്ളുവെന്നാണ് റയലിന്റെ തീരുമാനം. എന്തായാലും മികച്ച പ്രതിരോധനിരയെ പടുത്തുയർത്താൻ ശ്രമിക്കുന്ന ജോസെ മൗറിഞ്ഞോ മിലിട്ടാവോയുടെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയൽ മാഡ്രിഡിൽ അവസരം കുറഞ്ഞതോടെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരം.

  9. ടോട്ടനം സൂപ്പർതാരത്തിനു പിന്നാലെ റയൽ മാഡ്രിഡ്‌, പരിശീലകൻ സിദാന്റെ പ്രിയതാരം

    Leave a Comment

    മുന്നേറ്റനിരയിൽ കൂടുതൽ മൂർച്ചയുള്ള താരങ്ങളെഎത്തിക്കാനുള്ള നീക്കമാണ് റയൽ മാഡ്രിഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി മുൻപ് ഗാരെത് ബെയ്‌ലിനെ സ്വന്തമാക്കിയത് പോലെ മറ്റൊരു ടോട്ടനം സൂപ്പർതാരത്തെ കൂടി ബെർണബ്യുവിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ടോട്ടനത്തിന്റെ സൗത്ത് കൊറിയൻ സൂപ്പർതാരം സൺ ഹ്യുങ് മിന്നിനെയാണ് റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്നത്.

    ഹോസെ മൗറിഞ്ഞോക്കു കീഴിൽ ടോട്ടനത്തിന്റെ അക്രമണനിരയിൽ ഹാരി കെയ്നിനൊപ്പം മികച്ച പ്രകടനമാണ് സൺ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ പതിനാറു മത്സരങ്ങലിൽ നിന്നായി 11 ഗോളുകളും നാലു അസിസ്റ്റുകളും നേടാൻ സണ്ണിന് സാധിച്ചിട്ടുണ്ട്. സണ്ണിന്റെയും കെയ്നിന്റെയും പ്രകടനമികവിൽ പ്രീമിയർ ലീഗിന്റെ തലപ്പത്തെത്താൻ ടോട്ടനത്തിനു കഴിഞ്ഞിരിക്കുകയാണ്.

    ടർക്കിഷ് മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് ഗിവ്മിസ്‌പോർട് ആണ് ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്. സിനദിൻ സിദാന്റെ വ്യക്തിതാത്പര്യാധിഷ്ഠിതമായി സൺ ഹ്യുങ് മിന്നിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാനാകുന്നത്. സിനദിൻ സിദാന്റെ ആരാധന പിടിച്ചു പറ്റാൻ താരത്തിന്റെ പ്രകടനത്തിനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    ഇരുപത്തെട്ടുകാരനായ സണ്ണിനെ 2018ലാണു ഒരു മികച്ച കരാറിലൂടെ ടോട്ടനം നിലനിർത്തുന്നത്. 2023 വരെയാണ് താരത്തിനു ടോട്ടനത്തിൽ കരാറുള്ളത്. റിപ്പോർട്ടുകൾ പ്രകാരം സ്‌പർസ് അധികൃതരുമായി അധികം വൈകാതെ താരത്തിന്റെ സമ്മർ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് അറിയാനാകുന്നത്. സമ്മർ ട്രാൻസ്ഫർ വരെ താരത്തിന്റെ പുരോഗതി സൂക്ഷ്മായി വീക്ഷിക്കാനാണ് റയലിന്റെ നീക്കം.

  10. റെക്കോർഡ് തുകക്ക് ഹാരി കെയ്‌നിനെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി, അഗ്വേറോക്ക് പകരക്കാരൻ

    Leave a Comment

    അടുത്തിടെയായി മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ഒരു ടീമായി മാറിയിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. മുന്നേറ്റത്തിൽ സൂപ്പർസ്‌ട്രൈക്കറായ സെർജിയോ അഗ്വേറോ പരിക്കു പറ്റി പുറത്തിരിക്കുന്നതും ഒരു മികച്ച സ്‌ട്രൈക്കറില്ലാതെ കളിക്കേണ്ടി വരുന്നതും ഗോളടിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. അതു കൊണ്ടു തന്നെ 33കാരന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കമാരംഭിച്ചിരിക്കുകയാണ്‌ പെപ്‌ ഗാർഡിയോള.

    ഡോർട്മുണ്ടിന്റെ സൂപ്പർതാരം എർലിംഗ് ഹാളണ്ടിനെ മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നുണ്ടെങ്കിലും സെർജിയോ അഗ്വേറോക്ക് പകരക്കാരനായി സിറ്റി കൂടുതൽ പരിഗണന നൽകുന്നത് പ്രീമിയർ ലീഗിൽ പരിചയസമ്പന്നനായ ഹാരി കെയ്‌നിനെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ ഉയർന്നു വരുന്നത്. സെർജിയോ അഗ്വേറോയുടെ ദീർഘകാല പകരക്കാരനായാണ് ഹാരി കെയ്നെ സിറ്റി നോക്കിക്കാണുന്നത്.

    വരുന്ന സമ്മറിലാണ് താരത്തെ സ്വന്തമാക്കാൻ സിറ്റി പദ്ധതിയിടുന്നത്. റെക്കോർഡ് തുകയായ 90 മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കാനാണ് സിറ്റിയുടെ നീക്കം. പരിചയസമ്പന്നനായ ഹാരി കെയ്ൻ ഒരുവിധം എല്ലാ സീസണുകളിലും ഇരുപതിലധികം ഗോളുകൾ സ്വന്തമാക്കുന്ന താരത്തിനു രണ്ടു പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടുകളും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    ഈ സീസണിലും സൺ ഹ്യുങ് മിന്നിനൊപ്പം ഒരു മികച്ച കൂട്ടുകെട്ടോടെ ഗോളടിച്ചു കൂട്ടാൻ കെയ്നിനു സാധിച്ചിട്ടുണ്ട്. പതിനഞ്ചു മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ നേടിയ കെയ്ൻ 10 അസിസ്റ്റുകളുമായി പ്രീമിയർ മികച്ച പ്രകടനം തുടരുകയാണ് കെയ്ൻ. ഈ സീസണിലും ടോട്ടനത്തിനു ഒന്നും നേടാനായില്ലെങ്കിൽ ക്ലബ്ബ് വിടുമെന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ കെയ്ൻ ക്ലബിനോട് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് സിറ്റിയുടെ നീക്കം