Tag Archive: Sergio Reguilon

 1. സിറ്റി സൂപ്പർതാരത്തെ തടഞ്ഞാൽ വിലകൂടിയ പന്നിക്കാൽ, വാഗ്ദാനം പാലിച്ച് ഹോസെ മൗറിഞ്ഞോ

  Leave a Comment

  കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പർ ലീഗിൽ ഒന്നാമതെത്തിയിരുന്നു. സൺ ഹ്യുങ് മിന്നിന്റെയും മധ്യനിരതാരം ലോ സെൽസോയുടെയും ഗോളുകളാണ് ടോട്ടനത്തിനു മിന്നും വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിനു ശേഷം ജോസെ മൗറിഞ്ഞോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ഒരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

  മൗറിഞ്ഞോയും ടോട്ടനത്തിന്റെ സ്പാനിഷ് ലെഫ്റ്റ്ബാക്കായ സെർജിയോ റെഗ്വിലോണും ഒരു പന്നിക്കാലിന്റെ അടുത്ത് നിൽക്കുന്ന ചിത്രമാണ് മൗറീഞ്ഞോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി “വാക്കെപ്പോഴും വാക്കായിരിക്കും, ഇതെനിക്ക് 500 യൂറോ ചെലവുണ്ടാക്കിയെങ്കിലും ഞാൻ എന്റെ വാക്ക് പാലിക്കാറാണ് പതിവ്” എന്നും ചേർത്തിരുന്നു.

  എന്നാൽ ഈ സംഭവത്തിനു പിന്നിൽ രസകരമായ മറ്റൊരു സംഭവമുണ്ട്. സിറ്റി മത്സരത്തിനു മുന്നോടിയായി മൗറീഞ്ഞോ സെർജിയോ റെഗ്വിലോണിനു ഒരു വാഗ്ദാനം നൽകിയിരുന്നു. സ്പാനിഷ് മാധ്യമമായ എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം മത്സരത്തിൽ സിറ്റി താരമായ റിയാദ് മെഹ്രസ് റെഗ്വിലോണെ ഡ്രിബിൾ ചെയ്തു പോവുന്നത് തടഞ്ഞാൽ ലോകത്തെ ഏറ്റവും വിലകൂടിയ ഐബീരിയൻ പന്നിക്കാൽ മൗറിഞ്ഞോ വാഗ്ദാനം ചെയ്തുവെന്നാണ് അറിയാനാകുന്നത്.

  650 ഡോളർ അഥവാ നാൽപത്തിഎണ്ണായിരത്തിലധികം രൂപയാണ് ഈ അപൂർവ പന്നിയുടെ ഒരു കാലിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. എന്തായാലും മൗറിഞ്ഞോ റെഗ്വിലോണു നൽകിയ വാഗ്ദാനം അങ്ങനെ പാലിക്കപ്പെട്ടിരിക്കുകയാണ്. മൗറിഞ്ഞോ മാത്രമല്ല ഇങ്ങനെ താരങ്ങൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് പ്രചോദനം നൽകിയിട്ടുള്ളത്. മുൻ ടോട്ടനം പരിശീലകനായ പൊചെട്ടിനോയും ഈ രീതി പിന്തുടർന്നിട്ടുണ്ട്. ലോക്കൽ ഡെർബിയായ വെസ്റ്റ്ഹാമുമായുള്ള മത്സരശേഷം മാംസാഹാരശാലയിലേക്ക് മൊത്തം സ്‌ക്വാഡിനെ കൊണ്ടു പോയിരുന്നു. ശേഷം മൊത്തം ബിൽ നൽകിയതും പൊചെട്ടിനോ തന്നെയാണ്.

 2. റയലിനെ യൂറോപ്പയിൽ നേരിടേണ്ടി വരുമോ? ചോദ്യത്തിനെതിരെ രോഷാകുലനായി മുൻ റയൽ താരം

  Leave a Comment

  റയൽമാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനത്തിലേക്ക് ചേക്കേറിയ യുവതാരമാണ് സെർജിയോ റെഗ്വിലോൺ. ടോട്ടനത്തിലേക്ക് സ്ഥിരം ട്രാൻഫറിലാണ് ചേക്കേറിയതെങ്കിലും തന്റെ മുൻ ക്ലബ്ബിനോടുള്ള താരത്തിന്റെ സ്നേഹത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ. അടുത്തിടെ റയൽ മാഡ്രിഡ്‌ തന്റെ വീടാണെന്നും ഉടൻ തന്നെ റയലിലേക്കു തന്നെ തിരിച്ചുപോവാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  എന്നാലിപ്പോൾ മറ്റൊരു അഭിമുഖത്തിൽ തന്റെ പ്രിയ ക്ലബ്ബിനെതിരെയുള്ള അവഹേളനത്തെ പ്രതിരോധിച്ച് തന്റെ സ്നേഹം വ്യക്തമാക്കിയിരിക്കുകയാണ് താരം. നിലവിൽ യൂറോപ്പ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ടോട്ടനത്തിനു റയൽ മാഡ്രിഡിനെ നേരിടേണ്ടി വരുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വായടക്കാനാണ് താരം തുറന്നടിച്ച് പറഞ്ഞത്. അതൊരു മോശം പ്രതീകമായിരുന്നുവെന്നാണ് റെഗ്വിലോൺ ചൂണ്ടിക്കാണിച്ചത്.

  ചാമ്പ്യൻസ്‌ലീഗിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ തുടക്കം റയൽ മാഡ്രിഡിനു വലിയ തിരിച്ചടിയാണ് തന്നതെങ്കിലും റയൽ മാഡ്രിഡ്‌ അതിനെല്ലാം പരിഹാരം കണ്ടെത്തുമെന്നാണ് റെഗ്വിലോൺ ഉറച്ചു വിശ്വസിക്കുന്നത്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌. ഫെറെൻക്വാരോസിനോടും ഷാക്തറിനോടും രണ്ടു എവേ മത്സരങ്ങളാണ് ഇനി മാഡ്രിഡിനുള്ളത്. നിലവിൽ സ്പെയിൻ ഡ്യൂട്ടിയിലുള്ള റെഗ്വിലോണുമായി നടന്ന അഭിമുഖത്തിലാണ് താരം റയലിനെ പിന്തുണച്ചത്.

  “യൂറോപ്പ ലീഗിൽ റയൽ മാഡ്രിഡിനെ നേരിടേണ്ടി വരികയോ? വായടക്ക് മനുഷ്യാ, വായടക്ക്. എങ്കിൽ അതൊരു വളരെ മോശമായ സൂചനയായിരിക്കും. മാഡ്രിഡ്‌ ഇതിനെയെല്ലാം തരണം ചെയ്യും. ചാമ്പ്യൻസ്‌ലീഗിൽ സംഭവിക്കുന്നതിനെല്ലാം അവർ തന്നെ പരിഹാരം കണ്ടെത്തും.” റെഗ്വിലോൺ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി. ടോട്ടനത്തിൽ ഗാരെത് ബെയ്ൽ വളരെയധികം സന്തോഷവാനാണെന്നും റെഗ്വിലോൺ വ്യക്തമാക്കി.

 3. മകൻ ലൂക്കാ സിദാനുമായി ഉടക്ക്, സൂപ്പർതാരത്തെ സിദാൻ കയ്യൊഴിഞ്ഞതിന്റെ കാരണം ഇതാണ്

  Leave a Comment

  ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനത്തിനു വേണ്ടി മികച്ച പ്രകടനമാണ് യുവസ്പാനിഷ് താരം സെർജിയോ റെഗ്വിലോൺ കാഴ്ചവെക്കുന്നത്. റയൽ മാഡ്രിഡിൽ നിന്നും ഒരു വർഷത്തെ ലോണിൽ സെവിയ്യക്കായി കളിച്ചതിനു ശേഷമാണ് റെഗ്വിലോൺ 33 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. ടോട്ടനത്തിൽ മികച്ച പ്രകടനം തുടരുന്ന താരം അടുത്തിടെ റയലിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കാണുന്നുണ്ടെന്നു മനസു തുറന്നിരുന്നു.

  റയലിനു വേണ്ടിയും പിന്നീട് സെവിയ്യക്കൊപ്പവും മികച്ച പ്രകടനം തുടർന്ന താരത്തിനെ എന്തിനു ടോട്ടനത്തിലേക്ക് വിട്ടുവെന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ടോട്ടനത്തിനു വേണ്ടിയും മികച്ചപ്രകടനം തുടരുന്ന സാഹചര്യത്തിൽ റയൽ വിടാനുണ്ടായ ആരുമറിയാത്ത ആ കാരണം വെളിപ്പെടുത്തിക്കൊണ്ട് വാർത്ത പുറത്തുവിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡൻഷ്യൽ.

  റയൽ ബി ടീമിൽ കളിക്കുന്ന സമയത്തു സംഭവിച്ച ഒരു കാര്യത്തിലാണ് പിന്നീട് സിദാൻ താരത്തെ തഴഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. സിദാന്റെ മകനും അന്ന് ബി ടീമിൽ കളിച്ചിരുന്നു. റെഗ്വിലോണും സിദാന്റെ മകനും ഗോൾകീപ്പറുമായ ലൂക്ക സിദാനുമായി ഉടക്കിയിരുന്നു. ഈ കാരണത്താലാണ് വീണ്ടും റയൽ മാഡ്രിഡ്‌ പരിശീലകനായ സിദാൻ താരത്തെ തഴഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

  സിദാന് മുൻപുണ്ടായിരുന്ന റയൽ പരിശീലകർക്കൊപ്പം മികച്ച പ്രകടനം കണക്കിലെടുത്തു താരത്തെ തിരിച്ചു വാങ്ങാനുള്ള നിബന്ധന കൂടി ഉൾപ്പെടുത്തിയാണ് ടോട്ടനത്തിനു കൈമാറിയിട്ടുള്ളത്. സേവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടനേട്ടത്തിൽ വലിയ പങ്കു വഹിച്ച താരം റയലിലേക്കു തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സിദാന്റെ മകൻ ലൂക്ക സിദാനും സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ റായോ വയ്യെക്കാനോയിൽ ലോണിൽ കളിക്കുകയാണ്.

 4. അധികം വൈകാതെ റയലിലേക്ക് തിരിച്ചെത്താനാവും, സാധ്യത തള്ളിക്കളയാതെ ടോട്ടനം സൂപ്പർതാരം

  Leave a Comment

  റയൽ മാഡ്രിഡിൽ നിന്നും ടോട്ടനത്തിലേക്ക് ചേക്കേറിയ സ്പാനിഷ് ലെഫ്റ്റ്ബാക്ക് താരമാണ് സെർജിയോ റെഗ്വിലോൺ. ടോട്ടനത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരം റയൽ മാഡ്രിഡിലേക്കുള്ള താരത്തിന്റെ തിരിച്ചുപോക്കിനെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ കാഡെന സെറിനു നൽകിയ അഭിമുഖത്തിലാണ് മാഡ്രിഡിലേക്ക് തിരിച്ചു പോവാനുള്ള സാധ്യതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

  റയലിനൊപ്പം പതിനഞ്ചു വർഷത്തെ യൂത്ത് കരിയറിന് ശേഷമാണ് കഴിഞ്ഞ സീസണിൽ സെവിയ്യക്ക് വേണ്ടി ലോണിൽ കളിച്ചത്. സെവിയ്യയിലും മികച്ച പ്രകടനം തുടർന്ന താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒടുവിൽ ടോട്ടനം 30 മില്യൺ യൂറോക്ക് റയൽ മാഡ്രിഡുമായി കരാറിലെത്തുകയായിരുന്നു. ടോട്ടണത്തിലും മിന്നും പ്രകടനം തുടർന്നതോടെ റയലിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ഉയർന്നു വന്നിരിക്കുകയാണ്.

  “ എന്റെ വീടാണ് മാഡ്രിഡ്‌. അവിടെയാണ് ഞാൻ വളർന്നു വന്നതും. ഭാവിയിൽ എന്ത് സംഭവിക്കുമെന്നു ഒരിക്കലും പ്രവചിക്കാനാവില്ല. എന്നിരുന്നാലും സാധ്യത കാണുന്നുണ്ട്. ഇതിനെക്കുറിച്ചു പരിശീലകനുമായി ഇതുവരെ സംസാരിച്ചിട്ടില്ല. അതെല്ലാം ക്ലബ്ബിന്റെ തീരുമാനങ്ങളാണ്. അവരെന്താണ് എന്നെക്കുറിച്ചു ചിന്തിക്കുന്നതെന്നു എനിക്കറിയാം. വിടപടയുകയെന്നത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ്. എങ്കിലും എനിക്കാ തീരുമാനം എടുക്കേണ്ടി വന്നു. അതിന്റെ വിശദീകരണം ഞാൻ ഒരിക്കലും അവരോട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ” റെഗ്വിലോൺ അഭിപ്രായപ്പെട്ടു.

  റയലിന്റെ ടോട്ടനവുമായുള്ള കരാറിൽ ബയ്ബാക്ക് ക്ലോസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വരുംകാലഭാവിയിൽ 40-45 മില്യൺ യൂറോക്ക് താരത്തിനെ മാഡ്രിഡിനു തിരിച്ചു വാങ്ങാം. ഈ ക്ലോസ് റയൽ മാഡ്രിഡ്‌ ഉൾപ്പെടുത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ നിന്നും പിന്മാറിയത്. പിന്നീട് ടോട്ടനവുമായി കരാറിലെത്തുകയായിരുന്നു. റെഗ്വിലോണിനൊപ്പം ലോണിലുള്ള ഗാരെത് ബെയ്‌ലും ടോട്ടനത്തിൽ മികച്ച പ്രകടനമാണ് തുടരുന്നത്. ടോട്ടനത്തിൽ ബെയ്ൽ സന്തുഷ്ടനാണെന്നും റെഗ്വിലോൺ വെളിപ്പെടുത്തിയിരുന്നു.

 5. റയൽ സൂപ്പർതാരത്തിന് പിറകെ എവർട്ടൺ, ഉടൻ കരാറിലെത്തിയേക്കും

  Leave a Comment

  സെവിയ്യയിൽ ലോണിൽ കളിക്കുന്ന റയൽ മാഡ്രിഡ്‌ ലെഫ്റ്റ്ബാക്ക് സെർജിയോ റെഗ്യുലോണെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബായ എവർട്ടൻ. 18 ദശലക്ഷം യൂറോക്ക് റയൽമാഡ്രിഡുമായി കരാറിലെത്താനാണ് എവെർട്ടൻ ശ്രമിക്കുന്നത്.

  സെവിയ്യക്ക് ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് റെഗ്യുലോൺ. കൂടാതെ കഴിഞ്ഞ സീസണിൽ ലാലീഗയിലെ ഏറ്റവും മികച്ച ലെഫ്റ്റ്ബാക്കായി റെഗ്യുലോണെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

  എവർട്ടൻ ലെഫ്റ്റ്ബാക്കായ ലെയ്ട്ടൺ ബെയ്‌ൻസ്‌ വിരമിച്ചതോടെ ആ ഒഴിവിലേക്ക് മികച്ച കളിക്കാരനെ തേടുകയാണ് പരിശീലകൻ ആഞ്ചെലോട്ടി. റെഗ്യുലോണെ കളത്തിലെത്തിക്കുന്നതോടെ ലൂക്കാസ് ഡിഗ്‌നെയുമായി അവസരത്തിനുവേണ്ടിയുള്ള മത്സരത്തിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കൂടാതെ ഡിഗ്‌നേക്ക് ചെൽസി പോലുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നതോടെ താരം എവർട്ടൻ വിടാനുള്ള സാധ്യതകളേറുകയാണ്. റയൽ മാഡ്രിഡിന് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച താരങ്ങളുള്ളതുകൊണ്ട് റെഗ്യുലോണെ തിരിച്ചെടുക്കാൻ ഉദ്ദേശമില്ലാത്ത സാഹചര്യവും എവർട്ടനു ഗുണകരമായിരിക്കുകയാണ്.