Tag Archive: Sergio Ramos

 1. റാമോസിനെ എന്റെ പിറന്നാളിന് പോലും ക്ഷണിക്കില്ല, സലായുടെ പരിക്കിന്റെ ഓർമ്മകൾ പങ്കുവെച്ച് ക്ളോപ്പ്‌

  Leave a Comment

  2018ൽ നടന്ന ചാമ്പ്യൻസ്‌ലീഗ് ഫൈനൽ മത്സരത്തിന്റെ തനിയാവർത്തനമെന്നോണമാണ് ഇത്തവണ ലിവർപൂൾ റയൽ മാഡ്രിഡിനെ ക്വാർട്ടർ ഫൈനലിൽ നേരിടാനൊരുങ്ങുന്നത്. 2018 ഫൈനലിൽ തോൽവിയേറ്റുവാങ്ങേണ്ടി വന്നത് ഒരു ലിവർപൂൾ ആരാധകനും മറക്കാനാവില്ലെന്നത് പോലെ തന്നെ പരിശീലകൻ യർഗൻ ക്ളോപ്പും മത്സരത്തിനു മുന്നോടിയായി ചാമ്പ്യൻസ്‌ലീഗ് ഓർമകൾ അയവിറക്കുകയാണ്. കളിയുടെ ഗതി തിരിച്ച മുഹമ്മദ്‌ സലായുടെ പരിക്കും ക്ളോപ്പിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.

  സെർജിയോ റാമോസിന്റെ മാരകഫൗളിൽ സലായുടെ തോളെല്ലിന് പരിക്കേറ്റു പുറത്തു പോയത് ദേഷ്യം അടക്കാനാവാതെ നോക്കി നിൽക്കാനേ ക്ളോപ്പിനു സാധിച്ചുള്ളൂ. എന്നാൽ ഇത്തവണ അതിന്റെ പ്രതികാരം തീർക്കാനല്ല ലിവർപൂൾ ഇറങ്ങുന്നതെന്നാണ് ക്ളോപ്പിന്റെ പക്ഷം. അന്നത്തെ രാത്രി ഒരിക്കലും മറക്കില്ലെന്നും ആ സമയത്ത് റാമോസിനെ തന്റെ പിറന്നാളിന് പോലും ക്ഷണിക്കാൻ മനസു വരില്ലെന്ന അഭിപ്രായമാണ് ക്ളോപ്പ്‌ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞത്.

  “ഞങ്ങൾ ഇതിനെ ഒരു പ്രതികാരം തീർക്കാനുള്ള യാത്രയായിട്ടല്ല കരുതുന്നത്. മത്സരം ചാമ്പ്യൻസ്‌ലീഗ് ആയതു തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. ഞങ്ങൾക്ക് അടുത്ത റൗണ്ടിലേതേണ്ടതുണ്ട്. പക്ഷെ ഇതിനു 2018മായി ഇതിനൊരു ബന്ധവുമില്ല. അതിനു ശേഷം ആദ്യമായാണ് ഞങ്ങൾ റയൽ മാഡ്രിഡിനെ നേരിടുന്നതെന്നതുകൊണ്ട് തന്നെ ആ മത്സരം എന്റെ ഓർമയിലുണ്ട്.”

  “ഇത് ഞാൻ അന്നത്തെ മത്സരത്തിനു ശേഷവും പറഞ്ഞിരുന്നു. ആരോ എന്നോട് ചോദിക്കുകയുണ്ടായി അന്നത്തെ മത്സരത്തിനു ഒരാഴ്ചക്കു ശേഷം റാമോസിനെ എന്റെ പിറന്നാൾ പാർട്ടിക്ക് ക്ഷണിക്കുമോയെന്നു. അന്നായിരുന്നെങ്കിൽ ഞാൻ നോ എന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തീർച്ചയായും അന്നു രാത്രിയിൽ നടന്നത് എനിക്കു തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു വിചിത്രമായ രാത്രിയായായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.” ക്ളോപ്പ്‌ പറഞ്ഞു

 2. ചാമ്പ്യൻസ്‌ലീഗ്,എൽ ക്ലാസിക്കോ മത്സരങ്ങൾ തൊട്ടടുത്ത്, റയൽ മാഡ്രിഡിനു വൻതിരിച്ചടിയേകി സെർജിയോ റാമോസിന്റെ പരിക്ക്

  Leave a Comment

  ചാമ്പ്യൻസ്‌ലീഗിൽ ലിവർപൂളുമായുള്ള മത്സരങ്ങളും ലാലിഗയിൽ ബാഴ്സയ്ക്കെതിരെ എൽ ക്ലാസിക്കോയും നിലനിൽക്കെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനു കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രതിരോധത്തിലെ വിശ്വസ്ത കാവൽക്കാരനായ സെർജിയോ റാമോസിനെ പരിക്കു മൂലം റയൽ മാഡ്രിഡിനു നഷ്ടപ്പെട്ടിരിക്കുകയാണ്. സ്പെയിനിനൊപ്പമുള്ള ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെയാണ് താരത്തിനു പരിക്കേറ്റു പുറത്തു പോവേണ്ടി വരികയായിരുന്നു.

  ഇടതു കാലിന്റെ താഴ്ഭാഗത്തുള്ള മസിലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. എത്ര കാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നു ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന മത്സരങ്ങളായ ലിവർപൂളിനെതിരെ ചാമ്പ്യൻസ്‌ലീഗിലെ ഇരുപാദങ്ങളും നിർണായകമായ എൽ ക്ലാസിക്കോയും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

  കഴിഞ്ഞ ബുധനാഴ്ച നടന്ന കോസോവോക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം അവസാനത്തോടടുക്കുമ്പോഴാണ് തനിക്ക് ഇടതു കാലിനു വേദന തോന്നുന്നുവെന്നു റാമോസ് സൂചിപ്പിക്കുന്നത്. മത്സരത്തിൽ 3-1ന്റെ മികച്ച വിജയം നേടാൻ സ്പെയിനിനു സാധിച്ചിരുന്നു. പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതുകൊണ്ട് തന്നെ ഇന്റർനാഷണൽ മത്സരങ്ങളിൽ റാമോസിന് മിനുട്ടുകൾ കുറവായിരുന്നു. ജോർജിയക്കെതിരെ റാമോസ്‌ ഇറങ്ങാതിരുന്നപ്പോൾ സമനിലയായ ഗ്രീസിനെതിരായ മത്സരത്തിൽ ആദ്യപകുതിക്കു ശേഷം താരത്തെ പിൻവലിച്ചിരുന്നു.

  എന്തായാലും പ്രധാനമത്സരങ്ങൾക്ക് മുൻപേ തന്നെ റാമോസിനെ പരിക്കു മൂലം നഷ്ടപ്പെട്ടത് സിദാനു കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിരോധത്തിൽ ഡാനി കർവഹാളും പരിക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തിൽ നാച്ചോയിൽ വിശ്വാസമർപ്പിക്കുകയേ സിദാനു നിവൃത്തിയുള്ളു. പരിക്കിൽ നിന്നും മുക്തനായി ഈഡൻ ഹസാർഡ് തിരിച്ചെത്തി പരിശീലനം ആരംഭിച്ചതാണ് ഏക ശുഭസൂചനയായി സിദാനു മുന്നിലുള്ളത്.

 3. ഒരു വർഷത്തേക്കുള്ള കരാറിൽ ഉറച്ച് പെരെസ്, റാമോസിന്റെ റയലിലെ നിലനിൽപ്പ് വീണ്ടും പ്രതിസന്ധിയിൽ

  Leave a Comment

  റയൽ മാഡ്രിഡിന്റെ സമീപകാല ഫോമിൽ പ്രതിരോധത്തിൽ ഇപ്പോഴും മികച്ച പ്രകടനം തുടരുന്ന പ്രധാനതാരമാണ് സെർജിയോ റാമോസ്. എന്നാൽ താരവുമായുള്ള കരാർ പുതുക്കൽ സീസൺ അവസാനിക്കാറായിട്ടും എങ്ങുമെത്തിയിട്ടില്ലെന്നതാണ് വാസ്തവം. കാൽമുട്ടിനു പരിക്കേറ്റതിന് ശേഷം താരം റയൽ മാഡ്രിഡിൽ തന്നെ തുടരാനായി മുന്നോട്ടു വെച്ച ഓഫർ സ്വീകരിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

  എന്നാലിപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെരെസ് മുന്നോട്ടു വെക്കുന്ന പുതിയ ഓഫറിൽ ഒരു വർഷത്തേക്ക് മാത്രമാണ് റാമോസിന് കരാറായി നൽകാൻ തയ്യാറായിരിക്കുന്നത്. പരിക്കിനു ശേഷമാണ് പെരെസ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

  സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം റാമോസ് ഇപ്പോഴും രണ്ടു വർഷത്തെ കരാറിനായി ഉറച്ചു നിൽക്കുന്നുവെന്നാണ് അറിയാനാകുന്നത്. ഒരു വർഷത്തേക്ക് കരാർ പുതുക്കുന്നതിനോട് താത്പര്യമില്ലെന്ന് വ്യക്ഷമക്കിയിരിക്കുകയാണ് താരം. ഈ വരുന്ന ചൊവ്വാഴ്ച 35 തികയുന്ന താരത്തിനു ഇനി ഒരു ദീർഘകാല ഓഫർ നൽകില്ലെന്ന തീരുമാനത്തിൽ തന്നെ പെരെസും ഉറച്ചു നിൽക്കുന്നുവെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്.

  പരിക്കിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്‌ജിയും താരത്തിനു പിറകിലുണ്ടായിരുന്നെങ്കിലും പരിക്കിനു ശേഷം സ്ഥിതിഗതികൾ മാറിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് പെരെസിന്റെ നീക്കം. റയൽ മാഡ്രിഡിന്റെ കോൺട്രാക്ട് പോളിസിയനുസരിച്ച് മുപ്പതു വയസിനു മുകളിലുള്ള താരത്തിനു ഓരോ വർഷവും കരാർ പുതുക്കുന്ന രീതിയാണ് തുടർന്നു പോരുന്നത്. അതിനു വിപരീതമായി നിലവിലെ വേതനത്തിൽ രണ്ടു വർഷത്തേക്കുള്ള കരാറാണ് റാമോസിന്റെ ആവശ്യം. ചർച്ചകൾ ഒത്തുപോവാത്ത സാഹചര്യത്തിൽ റാമോസ് ക്ലബ്ബ് വിടാനുള്ള സാഹചര്യമാണ് ഉയർന്നു വന്നിരിക്കുന്നത്.

 4. ഒടുവിൽ പെരെസിന്റെ തന്ത്രം ഫലിക്കുന്നു, റാമോസിന്റെ കരാർ പുതുക്കലിൽ പുത്തൻ വഴിത്തിരിവ്

  Leave a Comment

  റയൽ മാഡ്രിഡ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് അനുബന്ധ സ്രോതസ്സുകളിൽ നിന്നും ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. സൂപ്പർതാരം ക്യാപ്റ്റൻ സെർജിയോ റാമോസ് തന്റെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ നിന്നും മനംമാറി ഫ്ലോരെന്റിനോ പെരെസ് നൽകിയ പഴയ ഓഫർ സ്വീകരിക്കാനൊരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകളാണ് മാഡ്രിഡിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. റാമോസും പെരെസുമായി ചൊവ്വാഴ്ച നടന്ന ചർച്ചയിലാണ് റയലിനനുകൂലമായ തീരുമാനം റാമോസ് കൈക്കൊണ്ടതായി അറിയാനാകുന്നത്.

  അടുത്തിടെയുണ്ടായ പരിക്കിനു ശേഷമാണ് രായലനനുകൂലമായ സാഹചര്യം റാമോസിന്റെ ഭാഗത്തു നിന്നും ഉയർന്നു വന്നിരിക്കുന്നത്. പെരെസിന്റെ ഭാഗത്തുനിന്നും ആദ്യം നൽകിയ ഓഫർ റാമോസ് നിർദയം നിരസിച്ചിരുന്നു. പിന്നീട് ഈ കോവിഡ് കാലത്ത് ക്ലബ്ബിനു നൽകാൻ സാധിക്കുന്ന പത്തു ശതമാനം വെട്ടിക്കുറച്ച വേതനം നിശ്ചയിച്ച അവസാന ഓഫർ ആണ് പെരെസ് പിന്നീട് റാമോസിന് മുന്നിലേക്ക് നീട്ടിയത്.

  എന്നാൽ അതു റാമോസ് പരിക്കിനു മുമ്പേ നിരസിച്ചിരുന്നു. സമ്മറിൽ ക്ലബ്ബ് വിടാനുള്ള തീരുമാനമെടുത്തുവെന്നുവരെ അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. എന്നിരുന്നാലും പെരെസ് തന്റെ തീരുമാനത്തിലും ഓഫറിലും ഉറച്ചു നിൽക്കുകയായിരുന്നു. അതു അവസാനം ഫലം കണ്ടുവെന്നു തന്നെ വേണം കരുതാൻ.

  പരിക്കിനു ശേഷം താരത്തിനു വന്ന മനം മാറ്റത്തിൽ പെരെസിന്റെ ഓഫർ സ്വീകരിക്കാൻ സമ്മതം മൂളിയെന്നാണ് അറിയാനാകുന്നത്. നിലവിലെ വേതനത്തിൽ നിന്നും പത്തുശതമാനം വീട്ടിക്കുറച്ച വേതനത്തിൽ മൂന്നു വർഷത്തേക്കുള്ള കരാറാണ് പെരെസ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്തായാലും നിലവിൽ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുന്നതിലാണ് റാമോസിന്റെ ശ്രദ്ധ. ചാമ്പ്യൻസ്‌ലീഗിൽ അറ്റലാന്റക്കെതിരെ രണ്ടാം പാദത്തിൽ തിരിച്ചു വരാനാകുമെന്നാണ് റാമോസ് പ്രതീക്ഷിക്കുന്നത്.

 5. റാമോസ് റയൽ മാഡ്രിഡ്‌ വിടുകയാണ്, തീരുമാനത്തിൽ നിന്നും ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അനുബന്ധവൃത്തങ്ങൾ

  Leave a Comment

  റയൽ മാഡ്രിഡിന്റെ നിലവിൽ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സെർജിയോ റാമോസ്. എന്നാൽ താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരുമോയെന്നതാണ് നിലവിൽ റയൽ ആരാധകർ ഉറ്റു നോക്കുന്നത്. റാമോസ് റയൽ മാഡ്രിഡ് വിട്ടാൽ പകരം ആര് എന്ന ചോദ്യവും നിലവിൽ ഉയർന്നു കേൾക്കുന്നുണ്ട്. നിലവിലെ വേതനത്തിൽ പത്തു ശതമാനം വെട്ടിക്കുറച്ചുള്ള രണ്ടു വർഷകരാറാണ് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസ് റാമോസിന് മുന്നിൽ സമർപ്പിച്ചത്.

  എന്നാൽ താരം അതിനോട് ഇതുവരെയും ഒരു മൃദുസമീപനമെടുത്തിട്ടില്ല എന്നാണ് അറിയാകുന്നത്. പുതിയ കരാർ നൽകാനുള്ള സാമ്പത്തിക സ്ഥിതി റയലിനില്ല എന്നിരിക്കെ മെച്ചപ്പെട്ട പുതിയ കരാർ നൽകാൻ പെരെസും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഫ്രീ ട്രാൻസ്ഫറിൽ റാമോസ് ക്ലബ്ബ് വിടാനുള്ള സാഹചര്യമാണ് ഉയർന്നു വന്നിരിക്കുന്നത്.

  റാമോസ് പുറത്തേക്ക് തന്നെയെന്നു ഉറപ്പിച്ചു പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോസഫ് പെഡെറോളും രംഗത്തെത്തിയിരിക്കുകയാണ്. പുറത്തേക്കു തന്നെയെന്നു താരം തീരുമാനമെടുത്തുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റൊ ടിവിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “റാമോസ് റയൽ മാഡ്രിഡ്‌ വിടുകയാണ്. അവിടെ തന്നെ തുടരാൻ സാധ്യതയുണ്ടെന്നു എന്നു എനിക്ക് തോന്നുന്നില്ല. ഇനിയൊരു തിരിച്ചു പോക്കില്ല. ഈ പരിതസ്ഥിതിയിൽ റയൽ മാഡ്രിഡ്‌ കൂടുതൽ തുക ഓഫർ ചെയ്യില്ല. ഇതൊരു നാണംകെട്ട പരിപാടിയാണ്. റാമോസ് ഒരു ബുദ്ധിമോശമാണ് കാണിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന് പരിശ്രമിക്കൂ. പത്തു ശതമാനം കുറവുള്ള ഓഫർ സ്വീകരിച്ച് രണ്ടു വർഷത്തേക്ക് ഒപ്പു വെക്കൂ. സാഹചര്യങ്ങൾക്ക് മാറ്റം വരുമ്പോൾ കരാറും മികച്ചതാക്കും.” പെഡെറോൾ പറഞ്ഞു.

 6. റയലുമായുള്ള കരാർ പുതുക്കൽ, റാമോസിന് തിരിച്ചടിയായി കാൽമുട്ടിലെ പരിക്ക്

  Leave a Comment

  എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളാണ് സെർജിയോ റാമോസ്. ഈ സീസൺ അവസാനം ക്ലബ്ബ് നിന്നും ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമെന്നിരിക്കെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്‌. റയൽ മാഡ്രിഡ്‌ മുന്നോട്ടുവെച്ച പുതിയ ഓഫർ ഇതുവരെയും റാമോസ് സ്വീകരിച്ചിട്ടില്ല. നിലവിലെ കരാറിലെ വേതനത്തിൽ നിന്നും 10% കുറച്ച വേതനത്തോടെ രണ്ടു വർഷത്തേക്കുള്ള കരാറാണ് റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ചത്.

  എന്നാൽ ഈ റാമോസ് അതു സ്വീകരിക്കാതിരിക്കുകയും പുതിയ കരാറിനായി ക്ലബ്ബിനെ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. മികച്ച കരാർ നൽകിയില്ലെങ്കിൽ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നും റാമോസ് റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസിനു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ ആകെ തലകീഴായി മറിഞ്ഞ അവസ്ഥയിലാണുള്ളത്.

  ദിവസങ്ങൾക്കു മുൻപ് പരിക്കു മൂലം താരത്തിന്റെ മുട്ടിൽ ശസ്ത്രക്രിയ നടത്തിയത് മൂലം ആറു മുതൽ ഏഴു ആഴ്ച വരെ റാമോസിന് പുറത്തിരിക്കേണ്ടി വരും. പരിക്കിൽ നിന്നും മോചിതനാകുന്നത് വരെ റയലുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ റാമോസിന് സാധിച്ചേക്കില്ല. ഇത് റാമോസിനൊപ്പം റയൽ മാഡ്രിഡിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

  എട്ടോളം താരങ്ങൾ പരിക്കു മൂലം പുറത്തിരിക്കുമ്പോൾ പ്രധാനതാരമായ റാമോസിനും പരിക്കേറ്റത് സിദാനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവസാന 10 മത്സരങ്ങളിൽ അഞ്ചും റയൽ മാഡ്രിഡ്‌ തോറ്റ സാഹചര്യത്തിൽ റാമോസും പ്രതിരോധത്തിൽ നിന്നും പുറത്തായത് റയൽ മാഡ്രിഡിനെ ചാമ്പ്യൻസ്‌ലീഗിലും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സീരി എ വമ്പന്മാരായ അറ്റലാന്റയാണ്‌ ചാമ്പ്യൻസ്‌ലീഗിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

 7. റാമോസ് റയലിൽ നിന്നകന്നു പോവുകയാണ്, പെരെസ് നിലപാടിൽ ഉറച്ചു നിൽക്കുന്നു

  Leave a Comment

  റയൽ മാഡ്രിഡ്‌ പ്രതിരോധത്തിലെ സുപ്രധാന താരമാണ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഈ സീസൺ അവസാനം ക്ലബ്ബ് വിടാൻ സാധ്യതയുള്ള താരത്തിൻ്റെ കരാർ ഇതുവരെയും റയൽ മാഡ്രിഡുമായി പുതുക്കാൻ താരം തയ്യാറായിട്ടില്ല. അതിനു പിന്നിലെ പ്രധാന കാരണം വേതനത്തിലെ വെട്ടിക്കുറക്കൽ തന്നെയാണ്. നിലവിലെ വേതനത്തിൽ മാറ്റമില്ലാതെ രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കണമെന്നാണ് റാമോസിൻ്റെ ആവശ്യം.

  എന്നാൽ കോവിഡ് മൂലവും സ്റ്റേഡിയം പുനരുദ്ധാരണവും റയൽ മാഡ്രിഡിനെ പിടിച്ചുലച്ച സാഹചര്യത്തിൽ പത്തു ശതമാനം വേതനം വെട്ടിക്കുറച്ചു മാത്രമേ പുതിയ കരാർ നൽകുകയുള്ളൂയെ ഉറച്ച തീരുമാനത്തിലാണ് പ്രസിഡൻ്റായ ഫ്ലോറൻ്റിനോ പെരസ്. ഇതു സമ്മതിക്കാൻ കൂട്ടാക്കാത്ത റാമോസ് വരുന്ന സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സമ്മറിൽ മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരത്തിൻ്റെ പദ്ധതി.

  റാമോസിൻ്റ വേതനം വർധിപ്പിക്കില്ലെന്ന നിലപാടിലാണ് റയൽ മാഡ്രിഡുള്ളത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സെർജിയോ റാമോസിനും നിലവിലെ മറ്റൊരു പ്രധാന താരവുമായ ലൂക്കാസ് വാസ്കസിനും മെച്ചപ്പെട്ട ഓഫറുകൾ നൽകാൻ റയൽ മാഡ്രിഡ് തയ്യാറല്ലെന്നാണ് അറിയാനാകുന്നത്.
  നിലവിൽ ലൂക്കാ മോഡ്രിച്ചിനെ മാത്രമാണ് റയൽ മാഡ്രിഡ് കരാർ പുതുക്കി നിലനിർത്തിയിട്ടുള്ളൂ.

  അത് പത്തു ശതമാനം വേതനം വെട്ടിക്കുറക്കാൻ താരം സമ്മതിച്ചതുകൊണ്ടു മാത്രം. വരുന്ന മാസങ്ങളിൽ എതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് റാമോസ് ഒരു തീരുമാനത്തിലെത്തുമെന്നാണ് അറിയാനാകുന്നത്. എന്നാൽ പെരെസിൻ്റെ കണക്കുകൂട്ടലുകൾ മറ്റൊന്നാണ്. നിലവിലെ താരത്തിൻ്റെ വേതനത്തിൽ മറ്റൊരു ക്ലബ്ബിലേക്കും താരത്തിനു ഈ സാഹചര്യത്തിൽ കൂടുമാറാനാകാല്ലെന്നാണ് പെരസ് ഉറച്ചു വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ റയലിൻ്റെ നിലവിലെ ഓഫർ സ്വീകരിച്ചു താരത്തെ റയലിൽ തന്നെ നിലനിർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 8. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മെസിക്കൊപ്പം പിഎസ്‌ജിയിലേക്ക് പോവും, പെരെസിനു മുന്നറിയിപ്പുമായി റാമോസ്

  Leave a Comment

  റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നതിൽ ഇതു വരെയും ഒത്തു തീർപ്പിലെത്താത്ത രണ്ടു സുപ്രധാന താരങ്ങളാണ് സെർജിയോ റാമോസും  ലൂക്കാസ് വാസ്കസും. നിലവിലെ സാലറിയിൽ രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കണമെന്നാണ് സെർജിയോ റാമോസിന്റെ ആവശ്യമെങ്കിൽ  ലൂക്കാസ് വാസ്കസിന്റെ കാര്യത്തിൽ സാമാന്യം ഭേദപ്പെട്ട ഓഫർ നൽകിയിട്ടില്ലെന്നതാണ്. രണ്ടു താരങ്ങളുടെയും കരാർ  ഈ സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കുകയാണ്

  ലൂക്കാ മോഡ്രിച്ചിനു നൽകിയത് വേതനം കുറച്ചു കൊണ്ടുള്ള  ഒരു വർഷത്തേക്ക് കൂടി നീട്ടിയ കരാറാണ് നൽകിയതെങ്കിൽ  റാമോസ് അതിനു തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു വർഷത്തേക്ക് കരാർ നൽകാൻ പ്രസിഡന്റ് പെരെസ് തയ്യാറാണെങ്കിലും നിലവിലെ ഒരു സീസണിന്  15 മില്യൺ യൂറോയിൽ നിന്നും പത്തു ശതമാനം വേതനം കുറവുള്ള കരാറാണ് പെരെസ് റാമോസിന് നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കരാർ റാമോസ് നിരാകരിച്ചുവെന്നാണ് വിവരം പുറത്തു വരുന്നത്.

  കഴിഞ്ഞ ബുധനാഴ്ച നടന്ന എൽച്ചേയുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള കുറച്ചു സമയം രമോസുമായി പെരെസ് നടത്തിയ സംഭാഷണം സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോസെപ് പെഡെറോൾ പുറത്തു വിട്ടിരിക്കുകയാണ്. റാമോസ് പെരെസിനോട്: “നിങ്ങൾ മുന്നോട്ടു വെച്ച ഓഫർ ഞാൻ സ്വീകരിക്കുകയില്ല. ഇനി മുതൽ മറ്റു ക്ലബ്ബുകളുടെ ഓഫറുകൾ ഞാൻ പരിഗണിക്കും.”

  “പിഎസ്‌ജിയിൽ നിന്നും ഒരാൾ എന്നോട് പറയുകയുണ്ടായി എന്നെയും മെസിയെയും വെച്ച് ശക്തമായ ടീമിനെ അവർ ഒരുക്കുമെന്ന്.” റാമോസ് പറഞ്ഞു. എന്നാൽ പെരെസ് ലളിതമായ മറുപടിയാണ്‌ നൽകിയത്. “നിനക്കൊരു നല്ല ഓഫർ വരികയാണെങ്കിൽ ഞങ്ങൾക്കത് മനസിലാക്കാനാവും.” എന്തായാലും റാമോസിനെയും വാസ്കസിനെയും പെരെസ് നിലനിർത്തുമോയെന്നു കാത്തിരുന്നു കാണേണ്ടി വരും.

 9. നായകൻ റാമോസില്ലാതെ പുതുവർഷത്തിലെ ആദ്യമത്സരത്തിനു റയൽ മാഡ്രിഡ്‌ ഇന്നിറങ്ങുന്നു

  Leave a Comment

  2020ൽ ഈ സീസണിൽ ചാമ്പ്യൻസ്‌ലീഗിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ ചെറുതായി ബുദ്ദിമുട്ടു നേരിട്ടുവെങ്കിലും അതിൽ നിന്നെല്ലാം ശക്തമായി തിരിച്ചു വരാൻ സിനദിൻ സിദാന്റെ റയൽ മാഡ്രിഡിനു സാധിച്ചിരുന്നു. പരിക്കു മൂലം സൂപ്പർതാരങ്ങളെ നഷ്ടപ്പെട്ടപ്പോഴും അധികം മോശമല്ലാതെ പിടിച്ചു നിൽക്കാൻ റയലിനു സാധിച്ചുവെന്നതാണ് ഈ സീസണിൽ പ്രതീക്ഷ നൽകുന്നത്.

  എൽച്ചെക്കെതിരായ റയലിന്റെ 2020ലെ അവസാന ലാലിഗ മത്സരത്തിൽ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 2021ൽ വിജയത്തോടെ തുടങ്ങാനാണ് റയലിന്റെ ലക്ഷ്യം. സെൽറ്റ വിഗോക്കെതിരായ ഈ വർഷത്തെ ആദ്യ ലാലിഗ മത്സരത്തിനു ഇറങ്ങാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്‌. ഇന്നു രാത്രി ഇന്ത്യൻ സമയം 1:30ക്കാണ് മത്സരം നടക്കാനിരിക്കുന്നത്.

  പരിക്കിൽ നിന്നും തിരിച്ചു വന്ന ഈഡൻ ഹസാർഡിനെ എൽച്ചെക്കെതിരെ ഇറക്കിയില്ലെങ്കിലും സെൽറ്റക്കെതിരെ കളിക്കാനുള്ള സാധ്യത ഉയർന്നു വന്നിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയിരുന്ന റോഡ്രിഗോയേയും പരിക്കിനെതുടർന്ന് റയലിനു നഷ്ടപ്പെട്ടിരുന്നു.എന്നാൽ റയൽ മാഡ്രിഡിനു ചെറിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് മറ്റൊരു താരത്തിന്റെ അഭാവമാണ്. നായകനായ സെർജിയോ രമോസിനു സെൽറ്റക്കെതിരെ കളിക്കാനാവില്ല.

  വയറിനെ സംബന്ധിച്ചുള്ള അസ്വസ്ഥത മൂലം റയൽ മാഡ്രിഡ്‌ സ്‌ക്വാഡിൽ നിന്നും റാമോസിനെ ഒഴിവാക്കിയിരിക്കുകയാണ്. പകരക്കാരനായി നാച്ചോയെയാണ് സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരാനൊപ്പം റാമോസ് പരിക്കു പറ്റി പുറത്തിരുന്ന സമയത്ത് സാമാന്യം നല്ല പ്രകടനം കാഴ്ചവെക്കാൻ നാച്ചോക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും മികച്ച ഫോമിൽ തുടരുന്ന സെൽറ്റക്കെതിരെ റാമോസ് ഇല്ലാത്തത് റയലിനു ഒരു തിരിച്ചടി തന്നെയാണ്.

 10. കരാർ ഇതുവരെയും പുതുക്കിയില്ല, റാമോസിനെ റാഞ്ചാൻ മൗറിഞ്ഞോ അണിയറയിലൊരുങ്ങുന്നു

  Leave a Comment

  റയൽ മാഡ്രിഡിൽ മധ്യനിരയിലെ മാന്ത്രികനായ ലൂക്കാ മോഡ്രിച്ചിന്റെ കരാർ 2022 വരെ പുതുക്കിയെങ്കിലും പ്രതിരോധത്തിലെ സുപ്രധാനതാരവും ക്യാപ്റ്റനുമായ സെർജിയോ റാമോസിന്റെ കരാറിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നത് റയൽ മാഡ്രിഡ്‌ ആരാധകർക്കിടയിൽ ആശങ്കയുണർത്തുന്നുണ്ട്. റാമോസില്ലാത്ത മത്സരങ്ങളിൽ റയൽ പ്രതിരോധം പ്രതീക്ഷിച്ച പ്രകടനം നടത്താതെ പോവുന്നതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്.

  സാലറി കുറക്കാൻ സമ്മതിച്ചത് കൊണ്ടാണ് ലൂക്ക മോഡ്രിച്ചിനെ റയൽ നിലനിർത്താൻ തീരുമാനമായതെങ്കിലും  റാമോസിന്റെ കാര്യം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നിലവിലെ ശമ്പളത്തിൽ തന്നെ രണ്ടു വർഷത്തെ കരാറാണ് റാമോസിന്റെ ആവശ്യം. എന്നാൽ പ്രായമായ താരങ്ങൾക്ക് റയൽ മാഡ്രിഡിന്റെ പോളിസിയിൽ ഒരു വർഷത്തെ കരാറാണ് നൽകാറുള്ളത്. ഓരോ വർഷവും അത് പുതുക്കുന്ന രീതിയാണ് തുടർന്ന് പോരുന്നത്. എന്നാൽ റാമോസ് ഈ ആവശ്യത്തിൽ തന്നെ തുടരുന്നതാണ് കരാർ പുതുക്കുന്നത് വൈകുന്നത്.

  എന്നാൽ റയലിലെ റാമോസിന്റെ സാഹചര്യങ്ങൾ നിരീക്ഷിച്ച് മുൻ പരിശീലകനായ ജോസെ മൗറിഞ്ഞോ താരത്തിന്റെ പിറകിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോട്ടനത്തിലേക്ക് നിലവിൽ രണ്ടു താരങ്ങളെ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കാൻ മൗറിഞ്ഞോക്ക് സാധിച്ചിട്ടുണ്ട്. ഗാരെത് ബെയ്‌ലിനും സെർജിയോ റെഗ്വിലോണും പിന്നാലെ റാമോസിനെയും സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

  ഇംഗ്ലീഷ് മാധ്യമമായ ഈവെനിംഗ് സ്റ്റാൻഡേർഡ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റാമോസിന് മുൻപ് ലൂക്കാ മോഡ്രിച്ചിനെയും ടോട്ടനം ലക്ഷ്യമിട്ടിരുന്നു. മോഡ്രിച്ച് കരാർ പുതുക്കിയതോടെ ശ്രദ്ധ റാമോസിലേക്ക് തിരിയുകയായിരുന്നു. ബെയ്‌ലിനെ തിരിച്ചു റയൽ മാഡ്രിഡിലേക്ക് വിടാനുള്ള നീക്കവും ടോട്ടനത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. ഇത് റയലിനു വീണ്ടും തിരിച്ചടിയാവുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.