Tag Archive: SACHIN TENDULKAR

  1. സച്ചിനോട് കോഹ്ലിയേയും ബാബറിനേയും താരതമ്യം ചെയ്യാന്‍ പോലുമാകില്ല, കാരണമിതാണ്

    Leave a Comment

    മുനീസ് പികെ

    വര്‍ത്തമാനകാല ക്രിക്കറ്റില്‍ വിരാട് വിരാട് കോഹ്ലിയും ബാബര്‍ ആസമും മികച്ച താരങ്ങള്‍ തന്നെയാണ് തര്‍ക്കമില്ല..
    സച്ചിന്‍ ടെണ്ടുല്‍ക്കറോട് താരമതമ്യം ചെയ്യാന്‍ ആവില്ല ഇവരെയൊന്നും..

    സച്ചിന്‍ അതൊരു വികാരമായിരുന്നു… ഇതിഹാസ തുല്യമായ കരിയര്‍…

    ബാറ്റും കയ്യിലേന്തി സച്ചിന്‍ ക്രീസിലേക്ക് വരുമ്പോള്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്ന ഒരു ജനതയ്ക്ക് ആ പ്രതിഭ സമ്മാനിച്ച ഇന്നിംഗ്‌സുകള്‍….

    എതിര്‍ ടീം ബൗളര്‍മ്മാരുടെ ശൗര്യത്തിന് മുന്നില്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയ ബാറ്റിംഗ് ജീനിയസ്..

    റൊക്കോര്‍ഡുകളും പുരസ്‌കാരങ്ങള്‍ക്കുമുപരി ഇന്ത്യക്കാരന്റെ നെഞ്ചില്‍ അഭിമാനത്തോടെ പറയാന്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നു

     

  2. നാണംകെട്ട ‘ദൈവമേ’.. ആ പെണ്‍കുട്ടികളുടെ നീതിയ്ക്കായി എന്തെങ്കിലുമൊന്ന് ചെയ്യൂ..

    Leave a Comment

    ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ ഒന്നും പ്രതികരിക്കാത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഇപ്പോഴിതായ സച്ചിന്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.

    മുംബൈയില്‍ സച്ചിന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചു. ഇതു പിന്നീട് പൊലീസ് നീക്കം ചെയ്തു.

    ”സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, താങ്കള്‍ ഭാരത രത്‌ന സ്വീകരിച്ചയാളാണ്, മുന്‍ എംപിയും ഇതിഹാസ ക്രിക്കറ്റ് താരവുമാണ്. എന്നാല്‍ ഗുസ്തി പരിശീലകര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളില്‍ താങ്കള്‍ എന്താണ് പ്രതികരിക്കാത്തത്? വര്‍ഷങ്ങളായി ഗുസ്തി താരങ്ങള്‍ പീഡനത്തിനിരയാകുന്നു. താങ്കളുടെ വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. അത് ഈ പെണ്‍കുട്ടികളെ സഹായിക്കാന്‍ ഉപയോഗിച്ചൂടെ? ദയവായി ശബ്ദിക്കൂ, അവര്‍ക്ക് നീതി വാങ്ങിനല്‍കൂ.’ എന്നെഴുതിയ ഫ്‌ലക്‌സാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ വസതിക്കു മുന്നില്‍ സ്ഥാപിച്ചത്.

    കായികലോകത്ത് നിങ്ങളാണ് ദൈവമാണെന്നും എന്നാല്‍ വനിതാ താരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയെന്നും പോസ്റ്ററില്‍ ചോദിക്കുന്നുണ്ട്.

  3. ഏകദിന ക്രിക്കറ്റ് പൊളിച്ചെഴുതണം, അമ്പരപ്പിക്കുന്ന നിര്‍ദേശങ്ങളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

    Leave a Comment

    ഏകദിന ക്രിക്കറ്റിനെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഏകദിന ക്രിക്കറ്റ് മടുപ്പിക്കുന്നതാണെന്നാണ് സച്ചിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റിനെതിരെ രംഗത്തെത്തിയത്.

    ‘നിസ്സംശയം പറയാം. ഏകദിന മത്സരങ്ങള്‍ മടുപ്പിക്കുകയാണ്. അതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, നിലവിലെ രീതിയാണ് വില്ലന്‍. അതുപ്രകാരം ഒരു ഇന്നിങ്‌സില്‍ രണ്ടു പന്ത് ഉപയോഗിക്കുന്നു. രണ്ടു പന്ത് നല്‍കുന്നതോടെ റിവേഴ്‌സ് സ്വിങ്ങിനെയാണ് ഇല്ലാതാക്കുന്നത്. കളി 40ാം ഓവറിലെത്തുമ്പോഴും ഒരു പന്ത് 20ാം ഓവറാണ് കളിക്കുന്നത്. 30ാം ഓവര്‍ എത്തുമ്പോഴേ ഏതു പന്തും റിവേഴ്‌സ് സ്വിങ് ചെയ്യൂ. രണ്ടു പന്ത് നല്‍കുന്നതിനാല്‍ അത് ഇല്ലാതാകുകയാണ്. നിലവിലെ രീതി ബൗളര്‍മാര്‍ക്കു മേല്‍ അധിക ഭാരമാണ് ചുമത്തുന്നത്. കളി പ്രവചിക്കാനാവുന്നതായി മാറുകയാണ്’- സചിന്‍ പറയുന്നു.

    രവി ശാസ്ത്രി അഭിപ്രായപ്പെട്ട പോലെ ഏകദിന ക്രിക്കറ്റ് 40 ഓവര്‍ ആയി ചുരുക്കണമെന്നും സചിന്‍ പറയുന്നു. അല്ലെങ്കില്‍ 50 ഓവര്‍ രീതി നിലനിര്‍ത്തിയാല്‍ ഓരോ 25 ഓവര്‍ കഴിയുമ്പോഴും ടീമുകള്‍ പരസ്പരം ബാറ്റിങ്ങും ബൗളിങ്ങും മാറ്റണമെന്നും ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇതുവഴി ഇരു ടീമുകള്‍ക്കും തുടക്കത്തിലും രണ്ടാം പകുതിയിലും ബാറ്റിങ്ങിന് അവസരം ലഭിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

    കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച മുറക്ക് ബൗളര്‍മാര്‍ക്ക് ഉമിനീര് പുരട്ടുന്നതിനുള്ള വിലക്ക് എടുത്തുകളയണമെന്നും സചിന്‍ ആവശ്യപ്പെട്ടു.

    ”ഞാന്‍ ഒരു മെഡിക്കല്‍ വിദഗ്ധനൊന്നുമല്ല. എന്നാലും, 100 വര്‍ഷമായി അനുവദിക്കപ്പെട്ട ഇത് തിരിച്ചുകൊണ്ടുവരണം. കോവിഡ് കാലത്തെ രണ്ടു വര്‍ഷം അതുപാടില്ലായിരിക്കാം. എന്നാല്‍, നാം ആ കാലം പിന്നിട്ട സ്ഥിതിക്ക് ഇളവ് തിരിച്ചുകൊണ്ടുവരണം”- താരം പറയുന്നു.

  4. അക്രമിനെ കണ്ട് പേടിച്ച തന്നെ സച്ചിന്‍ പറ്റിച്ചു, തുറന്നടിച്ച് സെവാഗ്

    Leave a Comment

    ക്രിക്കറ്റിന് ഒരു വെടിക്കെട്ട് മുഖം കൂടിയുണ്ടെന്ന് തെളിയിച്ച കളിക്കാരനാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദർ സെവാഗ്. തന്റെ കരിയറിലുടനീളം ലോകോത്തര ബോളർമാരെ അടിച്ചുതകർത്താണ് സെവാഗ് കളിച്ചിട്ടുള്ളത്.

    എന്നാൽ സെവാഗിന് വളരെയേറെ പേടിയുണ്ടായിരുന്ന ഒരു ബോളർ പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ഇടങ്കയ്യൻ ബോളർ വസീം അക്രം. പലപ്പോഴായി സെവാഗ് ഇടങ്കയ്യൻ ബോളർമാരെ അടിച്ചകറ്റാൻ വിഷമിക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ താൻ വസീം ആക്രമിനെ നേരിടാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സെവാഗ് സമ്മതിക്കാറുണ്ട്. 2003ലെ ലോകകപ്പിൽ വസീം അക്രമിന്റെ പന്ത് നേരിടാൻ ഭയമായതിന്റെ പേരിൽ,സച്ചിനെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സെവാഗ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

    ‘അന്ന് വസീം അക്രമായിരുന്നു പാക്കിസ്ഥാനായി ആദ്യ ഓവർ എറിയുന്നത്. അക്രമിനെ നേരിടാൻ ഭയമായതിനാൽ ഇന്നിങ്സിലെ ആദ്യ ബോൾ സ്ട്രൈക്ക് ചെയ്യാമോ എന്ന് ഞാൻ സച്ചിനോട് ചോദിച്ചിരുന്നു. അന്ന് ഞങ്ങൾ ഫീൽഡ് ചെയ്യുന്ന സമയത്താണ് ഞാൻ ആദ്യമായി സച്ചിനോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. താൻ രണ്ടാം നമ്പരുകാരനാണ് എന്ന് പറഞ്ഞ് സച്ചിൻ ഒഴിവാക്കുകയാണ് ഉണ്ടായത്’ സെവാഗ് പറയുന്നു.

    ‘ഇതിനുശേഷം ഉച്ചഭക്ഷണ സമയത്തും, ബാറ്റിഗിനായി മൈതാനത്തിറങ്ങുന്ന സമയത്തും ഞാൻ സച്ചിനോട് ഈ അഭ്യർത്ഥന ആവർത്തിച്ചു എന്നാൽ പറ്റില്ല എന്ന് തന്നെയാണ് സച്ചിൻ മറുപടി നൽകിയത്. എന്നാൽ ക്രീസിൽ എത്തിയശേഷം സച്ചിൻ ഒന്നും മിണ്ടാതെ സ്ട്രൈക്കർ എൻഡിലേക്ക് നടന്നു. അത്ഭുതത്തോടെയാണ് സച്ചിനെ ഞാൻ നോക്കിയത്. സച്ചിൻ സ്ട്രൈക്കർ എൻഡിൽ ചെന്ന് ആദ്യ പന്ത്‌ നേരിട്ടു’ സെവാഗ് കൂട്ടിച്ചേർക്കുന്നു.

    ആ സമയത്ത് തന്നെ വട്ടംകറക്കാനായി സച്ചിൻ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നു എന്ന് സെവാഗ് പറയുകയുണ്ടായി. അന്ന് സച്ചിൻ ആദ്യ പന്തിൽ സിംഗിൾ നേടുകയാണ് ഉണ്ടായത്. രണ്ടാം പന്തിൽ സച്ചിന്റെ ഉപദേശം അനുസരിച്ച് സേവാഗ് ഒരു ബൈ റൺ നേടുകയും ചെയ്തിരുന്നു.

  5. നിന്റെ തന്തയാണ് അപ്പുറത്ത് നിക്കുന്നത്, സച്ചിനെ ചൂണ്ടി വീരു, അക്തറിനന്ന് മറക്കാനാകാത്ത രാവ്

    Leave a Comment

    ലോകക്രിക്കറ്റിന്റെ ആവേശമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ. അങ്ങേയറ്റം ആവേശം നിറഞ്ഞ ഈ മത്സരങ്ങളിൽ വാക്പോരുകളും വെല്ലുവിളികളും സർവ്വസാധാരണമാണ്. 2003 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഉണ്ടായ ഇത്തരം ഒരു രസകരമായ സംഭവത്തെ പറ്റി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് വെളിപ്പെടുത്തുകയുണ്ടായി.

    മത്സരത്തിൽ പലതവണ സെവാഗിന്റെ വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചിട്ടും അക്തറിന് അത് സാധിക്കാതെ വന്നു. അതോടെ അക്തർ സെവാഗിനെ സ്ലെഡ്ജ് ചെയ്യാൻ തുടങ്ങി. അതിന് സെവാഗ് നൽകിയ മറുപടിയാണ് രസകരമായി മാറിയത്.

    സെവാഗ് ബാറ്റിംഗ് ക്രീസിൽ നിൽക്കവെ ആയിരുന്നു അക്തർ അന്ന് പന്തറിയാൻ വന്നത്.

    ‘ഞാനായിരുന്നു സ്ട്രൈക്കർ എന്റിൽ. അക്തർ ബോൾ ചെയ്യുന്നു. അയാൾ എനിക്കെതിരെ പന്തറിഞ്ഞു കുഴഞ്ഞു. ശേഷം എന്നെ ചീത്ത പറഞ്ഞ് പ്രകോപിതനാക്കി വിക്കറ്റ് എടുക്കാനായി അയാൾ ശ്രമിച്ചു. വിക്കറ്റിന് ഇപ്പുറത്ത് കൂടി വന്നതിനുശേഷം അക്തർ തുടർച്ചയായി എനിക്കെതിരെ ബൗൺസറുകൾ എറിയാൻ തുടങ്ങി. ഓരോ ബോൾ എറിയുമ്പോഴും ഹുക്ക് ചെയ്തു കാണിക്കൂ എന്നായിരുന്നു അക്തറിന്റെ വെല്ലുവിളി’ സെവാഗ് പറയുന്നു.

    ‘ഞാൻ ഇതിനു മറുപടി നൽകാൻ തീരുമാനിച്ചു. നിന്റെ അച്ഛനാണ് നോൺ സ്ട്രൈക്കർ എൻഡിലുള്ളത്, ചെന്ന് അദ്ദേഹത്തോട് പറയൂ. അദ്ദേഹം ഹുക്ക് ഷോട്ട് കാട്ടിത്തരു’മെന്നാണ് ഞാൻ അക്തറിനോട് പറഞ്ഞത്. ശേഷം അടുത്ത ഓവറിൽ സച്ചിനെതിരെ അക്തർ പരീക്ഷിച്ചു. ആ ബോൾ സച്ചിൻ സിക്സറിന് പായിച്ചു. ശേഷം ഞാൻ അക്തറിനോട് ഇങ്ങനെ പറഞ്ഞു. ‘അച്ഛൻ അച്ഛനും മകനും മകനുമാണ്’- സെവാഗ് കൂട്ടിച്ചേർത്തു.

    സച്ചിന്റെ ഒരു ഫുൾ ഹീറോയിസം തന്നെയായിരുന്നു അന്നത്തെ മത്സരത്തിൽ കണ്ടത്. പാക്കിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി സച്ചിൻ മത്സരത്തിൽ ആറാടി. 75 പന്തുകളിൽ 98 റൺസായിരുന്നു സച്ചിൻ മത്സരത്തിൽ നേടിയത്. ഇന്നിങ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ആറ് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയിച്ചത്

  6. സച്ചിന്‍ 2007ല്‍ വിരമിച്ചിരുന്നു, ധോണി ആ തീരുമാനം മാറ്റിക്കുകയായിരുന്നു, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

    Leave a Comment

    ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു 2007 മുതല്‍ 2011 വരെയുള്ള സമയം. കോച്ച് ഗ്യാരി ക്രിസ്റ്റന്റെയും നായകന്‍ എം എസ് ധോണിയുടെയും കീഴില്‍ ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീം ഈ കാലയളവില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഒരു കോംബോ എന്നും ഇന്ത്യയ്ക്ക് ആവേശം നല്‍കുകയും ചെയ്തു.

    എന്നാല്‍ 2007 ഇന്ത്യയുടെ കോച്ചാവുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തെപ്പറ്റി ഗാരി ക്രിസ്റ്റന്‍ പറയുകയുണ്ടായി. 2007ലെ 50 ഓവര്‍ ലോകകപ്പില്‍ നേരിട്ട വലിയ പരാജയം ഇന്ത്യന്‍ ടീമിനെ വളരെയധികം നിരാശയിലാക്കിയിരുന്നു എന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം കൂടിയായ ഗ്യാരി ക്രിസ്റ്റന്‍ ഓര്‍ത്തെടുക്കുന്നത്.

    മുന്‍നിര താരങ്ങളൊക്കെ 2007 ലോകകപ്പ് പരാജയത്തിന് ശേഷം വലിയ മാനസിക സംഘര്‍ഷങ്ങളില്‍ തന്നെയായിരുന്നു എന്ന് ഗ്യാരി പറയുന്നു.

    ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ ലോകകപ്പിലെ പരാജയത്തിനുശേഷം വലിയ നിരാശയിലായിരുന്നു. ആ സമയത്ത് നന്നായി ക്രിക്കറ്റ് ആസ്വദിക്കാന്‍ പോലും സച്ചിന് സാധിച്ചിരുന്നില്ല. തന്റെ കരിയറില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പോലും സച്ചിന്‍ ആ സമയത്ത് ചിന്തിച്ചു. എന്നാല്‍ കോച്ച് ആയതിനുശേഷം സച്ചിനുമായി ഒരു ആത്മബന്ധം പുലര്‍ത്താന്‍ എനിക്ക് സാധിച്ചു. അതിലൂടെ സച്ചിന്‍ ടീമിന് എത്രമാത്രം പ്രാധാന്യമുള്ള ആളാണ് എന്ന് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു’ ക്രിസ്റ്റന്‍ പറയുന്നു.

    ‘ഇന്ത്യന്‍ ടീമിലെ പുതിയ രീതികളുടെ സൃഷ്ടാവ് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. എന്തുവിലകൊടുത്തും ടീമിന് കിരീടം വാങ്ങി കൊടുക്കുക എന്നത് ധോണിയുടെ വലിയ ആഗ്രഹം തന്നെയായിരുന്നു. മാത്രമല്ല ടീമില്‍ ആര്‍ക്കും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കാന്‍ ധോണി ആഗ്രഹിച്ചിരുന്നില്ല. ഇത്തരം ധോണിയുടെ രീതികള്‍ സച്ചിന് ഭയങ്കര ഇഷ്ടമായിരുന്നു. സച്ചിന്‍ അത് ആസ്വദിക്കാന്‍ തുടങ്ങുകയും, പിന്നെ തന്റെ പ്രതാപകാലത്തിലേക്ക് തിരികെത്തുകയും ചെയ്തു. അന്ന് പലരും പ്രതീക്ഷിക്കാത്ത ഒരു കോമ്പിനേഷന്‍ തന്നെയായിരുന്നു എന്റെയും ധോണിയുടെയും.’- ക്രിസ്റ്റന്‍ പറഞ്ഞു.

  7. സച്ചിനോ, കോഹ്ലിയോ ആരാണ് മികച്ചത്?, ഉത്തരം പറഞ്ഞ് കപില്‍ദേവ്

    Leave a Comment

    ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുക്കറും വിരാട് കോഹ്ലിയും. സെഞ്ച്വറികളുടെ എണ്ണത്തിലും പ്രതിഭയിലുമെല്ലാം ഒരേപോലെ താരതമ്യത്തിന് അര്‍ഹരായവര്‍. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറോ അതോ വിരാട് കോഹ്ലിയോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവ്.

    അടുത്തിടെ നടന്ന അഭിമുഖത്തിലാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിന് കപില്‍ ദേവ് മറുപടി നല്‍കിയത്. തനിക്ക് ഇഷ്ടപ്പെട്ട താരം ഉണ്ടാകുമെങ്കിലും ഓരോ തലമുറകള്‍ മാറുമ്പോഴും ബാറ്റ്‌സ്മാന്മാര്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

    ‘അത്തരത്തിലുള്ള കളിക്കാരന്‍ അതില്‍ നിന്നും ഒന്നോ രണ്ടോ പേരെ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയില്ല. എനിക്ക് എന്റേതായ ഇഷ്ടവും അനിഷ്ടവും ഉണ്ടാകാം. പക്ഷേ ഓരോ തലമുറയും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കാലഘട്ടത്തില്‍ സുനില്‍ ഗവാസ്‌കറായിരുന്നു ഏറ്റവും മികച്ച ബാറ്റ്‌സമാന്‍’ കപില്‍ പറയുന്നു.

    ‘അതിന് ശേഷം സച്ചിനെയും രാഹുല്‍ ദ്രാവിഡിനെയും വീരേന്ദര്‍ സെവാഗിനെയും നമ്മള്‍ കണ്ടു. ഇപ്പോള്‍ ഈ കാലഘട്ടത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും, ഇവര്‍ക്ക് ശേഷമുള്ള അടുത്ത കാലഘട്ടം ഇതിലും മികച്ചവരായിരിക്കും. മികച്ച ക്രിക്കറ്റ് താരങ്ങളെ ഇനി കാണുകയും അവര്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്യും’ കപില്‍ ദേവ് പറഞ്ഞു.

    ഇനി നാല് സെഞ്ചുറി കൂടെ നേടിയാല്‍ സച്ചിനെ പിന്നിലാക്കികൊണ്ട് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാക്കാം. എന്നാലും ഒരോ തലമുറയിലും വ്യത്യസ്ത പ്രതിഭകളാണെന്നും അവരെ ഈ അര്‍ത്ഥത്തില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കപില്‍ പറയാതെ പറയുന്നത്.

     

  8. പുതുവര്‍ഷം സെഞ്ച്വറിയോടെ തുടങ്ങി, സച്ചിന്റെ അമ്പരപ്പിക്കുന്ന റെക്കോര്‍ഡിനൊപ്പമെത്തി കോഹ്ലി

    Leave a Comment

    ശ്രീലങ്കക്കെതിരായ ഗുവഹാത്തി ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോഹ്ലി. സ്വന്തംമണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായാണ് 34കാരന്‍ മാറിയത്.

    ചെറിയ ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് മികച്ച ഇന്നിംഗ്‌സാണ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ പുറത്തെടുത്തത്. 87 പന്തില്‍ 12 ബൗണ്ടറിയും ഒരുസിക്‌സറും സഹിതം 113 റണ്‍സാണ് കോഹ്ലിനേടിയത്. ഇന്ത്യന്‍മണ്ണില്‍ മുന്‍ ക്യാപ്റ്റന്റെ 20ാം സെഞ്ച്വറിയാണ് ശ്രീലങ്കക്കെതിരെ പിറന്നത്.


    മുന്‍നിരതാരങ്ങളെല്ലാം തിളങ്ങിയ മത്സരത്തില്‍ 373 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ലങ്കയ്‌ക്കെതിരെ 47 ഏകദിനങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികളും 11 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 90.61 ശരാശരിയില്‍ 2220 റണ്‍സാണ് ഇതുവരെ കോഹ്ലി നേടിയത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി. ഏഷ്യാകപ്പിലും ലോകകപ്പ് ട്വന്റി 20യിലും നടത്തിയ മികച്ച ഫോം ശ്രീലങ്കക്കെതിരായ ഏകദിനത്തിലും തുടര്‍ന്നതോടെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

    അടുത്തിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് കോഹ്‌ലി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമായിയിരുന്നു. സീനിയര്‍താരത്തിന് മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രമാണ്. നിലവില്‍ 72 അന്താരാഷ്ട്ര സെഞ്ചുറികളാണ് സ്വന്തമാക്കിയത്.

    സച്ചിന്‍ ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ഉം സെഞ്ച്വറികളാണ് നേടിയത്. ഏകദിനത്തില്‍ 44 സെഞ്ച്വറികള്‍ ഇതിനകം നേടിയ കോഹ്ലിക്ക് അഞ്ചുതവണകൂടി നൂറുതികക്കാനായാല്‍ സച്ചിന്റെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തംപേരിലാക്കാം. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്നായി 8,426 റണ്‍സും ടെസ്റ്റില്‍ 200 മാച്ചില്‍ നിന്നായി 15,921 റണ്‍സുമാണ് സച്ചില്‍ അടിച്ച്കൂട്ടിയത്. വിരാട് 265 ഏകദിനത്തില്‍ നിന്നായി 12,471 റണ്‍സും ടെസ്റ്റില്‍ 104 മാച്ചില്‍ നിന്നായി 8119 റണ്‍സും സ്വന്തമാക്കി.

  9. സച്ചിന്റെ പ്രസിറ്റീജിയസ് റെക്കോര്‍ഡ് വീണുടയും, കോഹ്ലി ഇറങ്ങുക രണ്ടും കല്‍പിച്ച്‌

    Leave a Comment

    ന്യൂഡല്‍ഹി: ചെറിയ ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്ന വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. സ്വന്തം നാട്ടില്‍ ഏറ്റവുംകൂടുതല്‍ സെഞ്ച്വറിയെന്ന ലിറ്റില്‍മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിക്ക് രണ്ട് സെഞ്ച്വറികൂടി മതിയാകും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരായ മൂന്ന് മത്സര പരമ്പരയാണ് നാളെ തുടങ്ങുന്നത്.

    ഇന്ത്യയില്‍ ഇതുവരെ 19 ഏകദിന സെഞ്ചുറികളാണ് 34കാരന്‍ നേടിയത്. ഒരു സെഞ്ച്വറി നേടിയാല്‍ 20 ഏകദിന സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകും. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിക്കും പുറമെ കോഹ്ലിക്ക് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള ടീമാണ് ശ്രീലങ്ക. ലങ്കയ്‌ക്കെതിരെയാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ സ്വന്തമാക്കിയത്. ലങ്കയ്‌ക്കെതിരെ 47 ഏകദിനങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികളും 11 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 90.61 ശരാശരിയില്‍ 2220 റണ്‍സാണ് കോഹ്‌ലിയുടെ നേ്ട്ടം. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി.


    ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഏകദിന സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിലവില്‍ മികച്ചഫോമിലാണ്. ഏഷ്യാകപ്പിലും ലോകകപ്പ് ട്വന്റി 20യിലും മികച്ച പ്രകടനംനടത്തിയിരുന്നു. അടുത്തിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് കോഹ്‌ലി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ താരമായിയിരുന്നു.

    സീനിയര്‍താരത്തിന് മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രമാണ്.നിലവില്‍ 72 അന്താരാഷ്ട്ര സെഞ്ചുറികളാണ് സ്വന്തമാക്കിയത്. സച്ചിന്‍ ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ഉം സെഞ്ച്വറികളാണ് നേടിയത്. ഏകദിനത്തില്‍ 44 സെഞ്ച്വറികള്‍ ഇതിനകം നേടിയ കോഹ്ലിക്ക് ആറുതവണകൂടി നൂറുതികച്ചാല്‍ സച്ചിന്റെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തംപേരിലാക്കാം. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്നായി 8,426 റണ്‍സും ടെസ്റ്റില്‍ 200 മാച്ചില്‍ നിന്നായി 15,921 റണ്‍സുമാണ് സച്ചില്‍ അടിച്ച്കൂട്ടിയത്. വിരാട് 265 ഏകദിനത്തില്‍ നിന്നായി 12,471 റണ്‍സും ടെസ്റ്റില്‍ 104 മാച്ചില്‍ നിന്നായി 8119 റണ്‍സും സ്വന്തമാക്കി.

     

     

  10. ആ ഷോട്ടൊക്കെ നീ ആയകാലത്ത് കളിച്ചിട്ടുണ്ടോ?, 49ാം വയസ്സില്‍ അമ്പരപ്പിക്കുന്ന ക്രിക്കറ്റ് ഷോട്ടുകളുമായി സച്ചിന്‍

    Leave a Comment

    1983 സിനിമിയില്‍ അനുപ് മേനോന്റെ കഥാപാത്രം പറയുന്ന ഒരു സിനിമ ഡയലോഗ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒന്നായിരുന്നല്ലോ. ‘സച്ചിന്‍ എഴുപതാം വയസ്സില്‍ കളിക്കാന്‍ പോകുന്ന സ്‌ട്രൈയ്റ്റ് ഡ്രൈവ് നീയൊക്കെ നിന്റെ ആയകാലത്ത് കളിച്ചിട്ടുണ്ടോ?’

    ആ ചോദ്യം വെറുമൊരു സിനിമ ഡയലോഗല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് റോഡ് സേഫ്റ്റി സിരീസില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ക്യാപ്റ്റന്‍ കൂടിയായ 49കാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രകടനം.

    മഴമൂലം ഉപേക്ഷിക്കപെട്ട മത്സരത്തില്‍ 13 പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് സച്ചിന്‍ നേടിയത്. നാല് മനോഹരമായ ബൗണ്ടറികളും ഈ ഹ്രസ്യ ഇന്നിംഗ്‌സില്‍ സച്ചിന്‍ കുറിച്ചിരുന്നു. ബൗണ്ടറി നേടാന്‍ സച്ചിന്‍ ഉപയോഗിച്ച ഷോട്ടുകള്‍ ആ സിനിമ ഡയലോഗ് മനസ്സിലേക്ക് എത്തിക്കുന്ന വിധത്തിലായിരുന്നു.

    തന്റെ പ്രതാഭകാലത്തെ പോലെ തന്നെ ലാപ് ഷോട്ടും സ്‌ട്രൈറ്റ് ഡ്രൈവുകളുമെല്ലാമായി സച്ചിന്‍ ആറാടുകയായിരുന്നു. മത്സരത്തിലെ സച്ചിന്റെ ഈ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. സെപ്റ്റംബര്‍ 22 ന് ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരെയാണ് ഇന്ത്യ ലെജന്‍ഡ്‌സിന്റെ അടുത്ത മത്സരം.

    വിരമിച്ച കളിക്കാരുടെ ടൂര്‍ണമെന്റാണ് റോഡ് സേഫ്റ്റി സിരിയസ്. ആറോളം രാജ്യങ്ങളിലെ ഇതിഹാസ താരങ്ങളാണ് ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.