Tag Archive: Ronald Koeman

  1. ലാലിഗ കിരീടം കൈവിട്ടു, മെസിയുടെ ഭാവിയെക്കുറിച്ച് വാചാലനായി റൊണാൾഡ്‌ കൂമാൻ

    Leave a Comment

    സെൽറ്റ വിഗോയോടേറ്റ തോൽ‌വിയിൽ ബാഴ്‌സലോണയുടെ ലാലിഗ കിരീടമോഹങ്ങൾക്ക് വലിയ തിരിച്ചടിയേറ്റിരുന്നു. കിരീടംപോരാട്ടത്തിൽ നിന്നും തന്നെ ബാഴ്‌സയെ അത് പുറത്താക്കിയെന്നുവേണം പറയാൻ. എന്നാൽ ഇത്തവണ ലാലിഗ കൈവിട്ടുപോയതോടെ സൂപ്പർതാരം ലയണൽ മെസി ബാഴ്സയിലെ ഭാവിയെയാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കികൊണ്ടിരിക്കുന്നത്.

    എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാൻ. മെസിയില്ലാത്ത ബാഴ്‌സയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലെന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്. ബാഴ്സയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂമാൻ കൂട്ടിച്ചേർത്തു. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ” ലാലിഗയിൽ 30 ഗോളുകൾ അവൻ നേടിയിട്ടുണ്ട്. ഞങ്ങൾക്ക് കൂടുതൽ പോയിന്റുകളും നൽകാനും സഹായിച്ചിട്ടുണ്ട്. ഇനി സ്വയം പരിശോധന നടത്തേണ്ടത് ലിയോയാണ്‌. ലിയോ ഞങ്ങൾക്കൊപ്പം തന്നെ തുടരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ ലിയോ പോയിക്കഴിഞ്ഞാൽ ആരാണ് ബാഴ്സക്കായി ഗോൾ നേടുകയെന്നതാണ് എന്റെ സംശയം.” കൂമാൻ പറഞ്ഞു.

    കൂമാനു പിന്നാലെ ജോർദി ആൽബയും മെസി പോകില്ലെന്ന് പ്രതീക്ഷിക്കാമെന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും തീരുമാനം എടുക്കേണ്ടത് ലിയോ തന്നെയാണെന്നാണ് ആൽബയുടെ പക്ഷം. മെസിയെ നോട്ടമിട്ട് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ഇതിനോടകം തന്നെ ട്രാൻസ്ഫർ വിപണിയിൽ ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്.

  2. കിരീടത്തിനായി അവസാനസെക്കന്റ്‌ വരെയും പോരാടും, നയം വ്യക്തമാക്കി കൂമാൻ

    Leave a Comment

    ലാലിഗ കിരീടപോരാട്ടത്തിൽ ആദ്യ നാലു ടീമുകൾക്കും സാധ്യതയുള്ള ഒരു പ്രത്യേകസാഹചര്യമാണ് നിലവിലുള്ളത്. അത്ലറ്റിക്കോക്കും റയലിനും ബാഴ്സക്കും സെവിയ്യക്കും കിരീടപോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമായിരിക്കും. ലാലിഗയിൽ മികച്ച പ്രകടനം തുടരുന്ന ലെവാന്റെക്കെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കൂമാനു കീഴിൽ ബാഴ്‌സലോണ.

    കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സസ്പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വന്ന കൂമാനെ ഇത്തവണ ലെവാന്റെക്കെതിരെ ടച്ച് ലൈനിൽ കണ്ടേക്കും. കിരീടം നേടുക ശ്രമകരമാണെങ്കിലും അവസാന സെക്കന്റ്‌ വരെ പോരാടുമെന്ന് തന്നെയാണ് കൂമാൻ വ്യക്തമാക്കുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “എനിക്ക് തോന്നുന്നത് ഈ അവസരത്തിൽ എല്ലാവർക്കും തുല്യമായാണ് ലീഗിന്റെ സാധ്യതകളുള്ളത്. ഈ ലീഗ് തീർക്കുകയെന്നത് ബുദ്ദിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ശരീരികമായും മത്സരങ്ങളുടെ എണ്ണവും അതിനെ സ്വാധീനിക്കുന്നുണ്ട്. ഈ അവസാന മത്സരങ്ങളിൽ ഞങ്ങളുടെ പരമാവധി നൽകാൻ തന്നെയാണ് തീരുമാനം.” കൂമാൻ പറഞ്ഞു.

    ഇപ്പോഴും ചാമ്പ്യൻമാരാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അതിനായി അവസാന സെക്കന്റ്‌ വരെ പോരാടുമെന്നും കൂമാൻ അഭിപ്രായപ്പെട്ടു
    ലീഗ് കിരീടം നേടുന്നതിനെ ആശ്രയിച്ചിരിക്കും കൂമാന്റെ ബാഴ്സയിലെ ഭാവിയെന്നും റിപ്പോർട്ടുകൾ ഉയർന്നു വരുന്നുണ്ട്.

  3. കോപ്പ ഡെൽ റേ ബാഴ്സക്ക്, അടുത്തത് ലാലിഗയാണ്‌ ലക്ഷ്യമെന്ന് കൂമാൻ

    Leave a Comment

    അത്ലറ്റിക് ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയം നേടി ബാഴ്സലോണ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അന്റോയിൻ ഗ്രീസ്മാനും ഫ്രങ്കി ഡിയോങ്ങിനുമൊപ്പം മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണിലെ ആദ്യകിരീടം ബാഴ്സ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

    സെറ്റിയനു പിന്നാലെ ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത കൂമാന്റെ കരിയറിലെ വർഷങ്ങൾക്കു ശേഷമുള്ള ആദ്യകിരീടം കൂടിയാണ് ഇത്തവണത്തെ കോപ്പ ഡെൽ റേ. വിജയത്തിനു ശേഷം അടുത്ത ലക്ഷ്യം ലാലിഗ കൂടി വിജയിക്കലാണെന്നു കൂമാൻ വ്യക്തമാക്കി. മത്സരത്തിനു ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

    “ഞങ്ങൾ ഈ സീസണിൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പക്ഷെ കുറച്ചു താരങ്ങളെ കൂടി വാങ്ങേണ്ടതുണ്ടായിരുന്നു. ടീമിന്റെ മനോഭാവത്തിനെ ഞാൻ അംഗീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോപ്പയിലേത്. അതിൽ ഒരുപാട് ബുദ്ദിമുട്ടു നേരിടേണ്ടി വന്നിട്ടുണ്ട്.”

    “ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി ഞങ്ങൾ കപ്പ്‌ നേടിയെടുത്തിരിക്കുകയാണ്. ഒപ്പം ഞങ്ങൾ രണ്ടാമത്തേതിന് കൂടി തയ്യാറെടുക്കുകയാണ്. അവസാനം വരെ ലാലിഗക്ക് വേണ്ടി പോരാടാൻ തന്നെയാണ് പോവുന്നത്. ” കൂമാൻ പറഞ്ഞു.

  4. ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ ഫൈനൽ, ഭാവിയെക്കുറിച്ചു വേവലാതിയില്ലെന്നു കൂമാൻ

    Leave a Comment

    ബാഴ്സയിലെ തന്റെ ഭാവിയെക്കുറിച്ചു ഒട്ടും വ്യാകുലപ്പെടുന്നില്ലെന്നാണ് ഇന്ന്‌ നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനലിനു മുന്നോടിയായി കൂമാൻ വ്യക്തമാക്കിയത്. ഒരു ട്രോഫി പോലും നേടാത്ത കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും കോപ്പ ഡെൽ റേയിലും തോൽവി നേരിട്ട് ബാഴ്സക്ക് മുന്നോട്ടു പോവേണ്ടി വന്നാൽ ഭാവിയെന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കൂമാൻ.

    ” ഫൈനൽ ക്ലബ്ബിനു ഏറ്റവും പ്രധാനപ്പെട്ടതാണ്. ട്രോഫി നേടാനുള്ള ഏതൊരവസരവും എപ്പോഴും മികച്ചത് തന്നെയാണ്. ഞാൻ എന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നില്ല. വളരെ പ്രധാനപ്പെട്ട കാര്യം എന്റെ എല്ലാ ഊർജവും ടീമിൽ അർപ്പിക്കുകയെന്നതാണ്. എന്നാൽ ഞങ്ങൾക്ക് നിശ്ചയമായും ജയിക്കാനാവും.” കൂമാൻ പറഞ്ഞു.

    ഇത്തരം ചോദ്യങ്ങളോട് കൂമാൻ തന്റെ തന്റെ വിദ്വേഷം വ്യക്തമാക്കുകയും ചെയ്തു. 19 മത്സരങ്ങൾ അപരാജിതരായി മുന്നേറാൻ സാധിച്ചിട്ടും ഇത് കേൾക്കേണ്ടി വരുന്നത് അമ്പരപ്പുണ്ടാക്കുന്നുവെന്നും കൂമാൻ ആരോപിച്ചു. ബിൽബാവോക്കെതിരായ ഫൈനലിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

    “ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുന്നത് വിചിത്രമായ ഒന്നാണ്. 19 മത്സരങ്ങൾ അപരാജിതരായി മുന്നേറിയിട്ടും എന്റെ ഭാവി ചോദ്യം ചെയ്യപ്പെടുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യമല്ലെങ്കിലും എനിക്കു അത് സ്വീകരിക്കേണ്ടി വരികയാണ്.” കൂമാൻ കൂട്ടിച്ചേർത്തു.

  5. വരാനിരിക്കുന്നത് അസാധാരണ പ്രാധാന്യമുള്ള എൽ ക്ലാസിക്കോ, എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമെന്നു കൂമാൻ

    Leave a Comment

    റയൽ വയ്യഡോലിഡുമായി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടാനായതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അവസാനത്തിൽ 89ആം മിനുട്ടിൽ ഡെമ്പെലെ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്. രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ തൊട്ടു പിറകിൽ റയൽ മാഡ്രിഡും ഉള്ളതിനാൽ ബാഴ്സക്ക് ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

    ബാഴ്സക്ക് അടുത്ത മത്സരം ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയാണ്‌. കാലങ്ങളായുള്ള ഈ വൈരം മത്സരത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഇത്തവണ എല്ലാ മത്സരങ്ങളെക്കാളും പ്രാധാന്യം എൽക്ലാസിക്കോക്ക് ഉണ്ടെന്നാണ് ബാഴ്സ പരിശീലകനായ കൂമാന്റെ പക്ഷം. അത് ഇത്തവണ അത്ലറ്റിക്കോയും റയലും കിരീടംപോരാട്ടത്തിൽ ഒരുമിച്ചു നൽകുന്ന സമ്മർദമാണ് അതിനു കാരണമായി കൂമാൻ ചൂണ്ടിക്കാണിക്കുന്നത്. റയൽ വയ്യഡോലിഡുമായി നടന്ന മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

    “എനിക്ക് തോന്നുന്നത് ക്ലാസിക്കോ എല്ലായ്പ്പോഴും പ്രാധാന്യമുള്ള മത്സരമാണെന്ന് തന്നെയാണ്. പക്ഷെ ഇത്തവണ അതിനു കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ടെന്നു പറയാനാകും. കാരണം ഇത്തവണത്തെ ലീഗിലെ സാഹചര്യം തന്നെയാണ്. ഈ സീസണിൽ ലീഗിൽ ഞങ്ങൾക്കൊപ്പം റയൽ മാഡ്രിഡും കിരീടം നേടാൻ അത്ലറ്റിക്കോക്കെതിരെ ഒരുപോലെ പോരാടിക്കൊണ്ടിരിക്കുകയാണ്.”

    “ലോകത്തിലെ തന്നെ രണ്ടു മികച്ച ടീമുകൾക്കെതിരെയായതിനാൽ ഇത് തീർച്ചയായും രണ്ടു പ്രധാനപ്പെട്ട മത്സരങ്ങൾ തന്നെയായിരിക്കും. ഇതിന്റെ ഫലങ്ങൾ തീർച്ചയായും ഞങ്ങൾക്ക് കിരീടം നേടുന്നതിൽ നിർണായകമാകും.”കൂമാൻ പറഞ്ഞു. അവസാന 19 മത്സരങ്ങൾ അപരാജിതരായി മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ റയലിനെ നേരിടാനൊരുങ്ങുന്നത്. എന്നാൽ റയൽ മാഡ്രിഡ്‌ 9 മത്സരങ്ങൾ അപരാജിതരായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏപ്രിൽ 10നു റയലിന്റെ തട്ടകത്തിൽ വെച്ചാണ് ക്ലാസിക്കോ നടക്കാനിരിക്കുന്നത്.

  6. സസ്പെൻഷൻ ഭീതിയിൽ മെസിയും ഡിയോങ്ങും, രണ്ടും കൽപ്പിച്ച് കളിപ്പിക്കാനൊരുങ്ങി കൂമാൻ

    Leave a Comment

    അത്ലറ്റിക്കോ മാഡ്രിഡ്‌ സെവിയ്യയോട് എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് പോയിന്റ് ടേബിളിൽ അത്ലറ്റിക്കോക്കോക്ക് തൊട്ടടുത്തെത്താനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. അത്ലറ്റിക്കോയുമായി 4 പോയിന്റ് വ്യത്യാസമുണ്ടായിരുന്ന ബാഴ്സക്ക് സെവിയ്യക്കെതിരെ സിമിയോണിയുടെ ടീം തോൽവി രുചിച്ചതോടെ പോയിന്റ് വ്യത്യാസം ഇനി ഒന്നായി കുറക്കാൻ സാധിച്ചേക്കും. അതിനായി റയൽ വയ്യഡോലിഡുമായുള്ള മത്സരത്തിൽ ഇന്ന്‌ ബാഴ്സക്ക് ജയം അനിവാര്യമാണ്.

    വയ്യഡോലിഡിനെതിരെ ഇന്നിറങ്ങുമ്പോൾ ഒരു മഞ്ഞക്കാർഡകലെ സൂപ്പർതാരം ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും സസ്പെൻഷൻ ഉണ്ടെന്ന അപകടവും ബാഴ്സക്ക് തലവേദനയായി മുന്നിലുണ്ട്. ഇരുവർക്കും മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത നിർണായക മത്സരമായ എൽ ക്ലാസിക്കോ ഇരുവർക്കും നഷ്ടമായേക്കും. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകനായ റൊണാൾഡ്‌ കൂമാൻ. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “എല്ലാവരും ഒരുമിച്ചു പോരാടേണ്ട ഘട്ടത്തിലെത്തി നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ തയ്യാറായിരിക്കേണ്ടതുണ്ട്. അവർക്ക് പരിക്കുകളുള്ളത് കൊണ്ട് ഇതൊരു എളുപ്പമുള്ള മത്സരമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ കൂടുതൽ ഊർജത്തിലും താളത്തിലും കളിക്കേണ്ടതുണ്ട്. ഒപ്പം പന്തിൽ മികവ് പുലർത്തുകയും വേണം. ഞങ്ങൾ ഞങ്ങളുടെ മികവിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.” കൂമാൻ പറഞ്ഞു.

    ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും വിശ്രമം നൽകുമോയെന്ന ചോദ്യത്തിനും കൂമാൻ മറുപടി നൽകി.
    “ഈ രണ്ടു താരങ്ങൾക്കും ഓരോ മഞ്ഞക്കാർഡു കിട്ടിയാൽ അടുത്ത മത്സരത്തിൽ കളിക്കാനാവില്ലെന്നു ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ കാർഡിന്റെയോ ഉമേഷത്തിന്റെയോ കാരണത്താൽ താരങ്ങൾക്ക് വിശ്രമം നൽകേണ്ട സമയമല്ലിത്. ഞങ്ങൾക്കിനി പത്തു മത്സരങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ റിസ്കിനുള്ള സാധ്യതയും ഉണ്ടായിരിക്കാം. എങ്കിലും മികച്ചതെന്തെന്നു വെച്ചാൽ മുഴുവൻ താരങ്ങളെയും കളിപ്പിക്കുകയെന്നതാണ്. വിജയിക്കാനാവുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.” കൂമാൻ പറഞ്ഞു.

  7. ഈ വിജയം അവരെനിക്ക് തന്ന മികച്ച പിറന്നാൾ സമ്മാനം, ബാഴ്സയുടെ വിജയത്തേക്കുറിച്ച് കൂമാൻ

    Leave a Comment

    റയൽ സോസിഡാഡിനെതിരായ ലാലിഗ മത്സരത്തിൽ തകർപ്പൻ വിജയം നേടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് കാറ്റാലൻ വമ്പന്മാരായ ബാഴ്‌സലോണ. ഒന്നിനെതിരെ ആറു ഗോളിന്റെ മിന്നും പ്രകടനമാണ് കൂമാന്റെ ബാഴ്സ കാഴ്ചവെച്ചത്. മത്സരത്തിൽ റൈറ്റ്ബാക്കായ സെർജിനോ ഡെസ്റ്റിന്റെയും ലയണൽ മെസിയുടെയും ഇരട്ട ഗോളുകളും ഡെമ്പെലെയുടെയും പിറന്നാളുകാരൻ അന്റോയിൻ ഗ്രീസ്മാന്റെയും ഗോളുകളാണ് ബാഴ്സക്ക് എപ്പോഴും ശാപമായി നിലകൊണ്ടിരുന്ന സോസിഡാഡിന്റെ അനോവെറ്റ സ്റ്റേഡിയത്തിൽ മികച്ച വിജയം സമ്മാനിച്ചത്.

    ഗ്രീസ്മാനൊപ്പം ജോർദി ആൽബയുടെയും പരിശീലകൻ കൂമാന്റെ പിറന്നാൾ ദിനമായിരുന്നു ഈ മത്സരം നടന്നതെന്നതും വിജയത്തിനു കൂടുതൽ മാധുര്യമേകി. പിറന്നാളുകാരൻ ഗ്രീസ്മാൻ ഗോൾ നേടിയപ്പോൾ ജോർദി ആൽബ രണ്ടു അസിസ്റ്റുകളുമായി തിളങ്ങി. ഈ വിജയം തനിക്കു ടീം തന്നെ പിറന്നാൾ സമ്മാനമാണെന്നു കൂമാൻ അഭിപ്രായപ്പെട്ടു. മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

    “എല്ലാ മത്സരവും ബുദ്ദിമുട്ടേറിയതാണ്. ഞങ്ങൾക്കും അത്ലറ്റിക്കോക്കും. കൂടാതെ പിന്നാലെ റയൽ മാഡ്രിഡുമുണ്ട്. ഇത് സീസണിന്റെ അവസാനം എന്തായാലും കൂടുതൽ ആകാംഷാഭരിതമാവാനാണ് സാധ്യത കാണുന്നത്. താരങ്ങളെല്ലാം ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു പരിക്കുകളൊന്നും കൂടാതെ തിരിച്ചു വരണമെന്ന് മാത്രമാണ് ഇപ്പോൾ എന്റെ ആഗ്രഹം. അവർ എനിക്ക് ഒരു മികച്ച പിറന്നാൾ സമ്മാനം തന്നിരിക്കുകയാണ്. ഇത് ഗ്രീസ്മാനും ആൽബക്കും കൂടി ഒരു മികച്ച പിറന്നാൾ തന്നെയായി മാറിയിരിക്കുകയാണ്.” കൂമാൻ പറഞ്ഞു.

    അഞ്ചു മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ ബാഴ്സയാണോ നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമെന്ന ചോദ്യത്തിനും കൂമാൻ ഉത്തരം നൽകി. “എനിക്ക് അറിയില്ല. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ അപരാജിതരായി മുന്നേറിയിട്ടുണ്ട്. പക്ഷെ ഞങ്ങൾ ഇപ്പോഴും അത്ലറ്റിക്കോക്ക് പിറകിലാണ്. അവരും മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് മുന്നേറേണ്ടതുണ്ട്. അവരും അവസാനം വരെ പോരാടുമെന്നുറപ്പാണ്.” കൂമാൻ പറഞ്ഞു.

  8. പിഎസ്‌ജിക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്ത്, മെസിയുടെ ഭാവിയെക്കുറിച്ച് കൂമാന്റെ വെളിപ്പെടുത്തൽ

    Leave a Comment

    പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദമത്സരം 1 – 1 സമനിലയിൽ കലാശിച്ചതോടെ 5 – 2 എന്ന അഗ്രിഗേറ്റ് സ്കോറിന് ബാഴ്സലോണ ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. മെസിയുടെ കരിയറിലെ മറ്റൊരു അവസരം കൂടി ബാഴ്സക്കൊപ്പം നഷ്ടമായതോടെ ബാഴ്സയിൽ തന്നെ തുടരുമോയെന്ന ആകാംക്ഷയാണ് ബാഴ്സ ആരാധകരിൽ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.

    നിലവിൽ ബാഴ്സയുടെ പ്രകടനത്തിൽ ക്യാപ്റ്റനായ മെസി സന്തോഷവാനാണെങ്കിലും കരിയറിൻ്റെ അവസാന ഘട്ടത്തിലേക്കടുക്കുന്ന മെസിക്ക് ഭാവി തീരുമാനങ്ങൾ കടുത്തതായിരിക്കുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാൻ. മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

    “ടീം മികവിലേക്ക് മെച്ചപ്പെട്ടു വരുന്നത് മെസി കുറച്ചു കാലമായി കണ്ടു കൊണ്ടിരിക്കുകയാണ്. അതിനായി ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾക്കു നന്ദി പറയുകയാണ്. പ്രത്യേകമെടുത്തു പറയുകയാണെങ്കിൽ ഞങ്ങൾക്ക് മികച്ച നിലവാരമുള്ള യുവതാരങ്ങളുണ്ട്. ഞങ്ങൾക്ക് ഒരു മികച്ച ഭാവി മുന്നിലുണ്ട്.”

    “ഭാവിയിൽ ഈ ടീം എന്തുനൽകുമെന്നതിൽ ലിയോക്ക് യാതൊരു സംശയവും കാണില്ലെന്നുറപ്പാണ്‌. എനിക്ക് തോന്നുന്നത് ലിയോയുടെ ഭാവിയെക്കുറിച്ച് ലിയോക്ക് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുള്ളു എന്നതാണ്. അതിൽ ആർക്കും ഒന്നും ചെയ്യാനാവില്ല. എനിക്കു തോന്നുന്നത് ബാഴ്സ ശരിയായ പാതയിലാണെന്നു അദ്ദേഹത്തിനുമറിയാം എന്നതാണ്. തുടരാൻ ആഗ്രഹിക്കാത്തതിന്റെ കാരണവും ഇതല്ല എന്നാണ് എനിക്ക് തോന്നുന്നത്.” കൂമാൻ പറഞ്ഞു.

  9. പിഎസ്‌ജിക്കെതിരെ ബാഴ്സയുടെ തിരിച്ചു വരവ്? അസാധ്യമായി ഒന്നുമില്ലെന്ന് കൂമാൻ

    Leave a Comment

    ബാഴ്സയും പിഎസ്‌ജിയുമായുള്ള ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദമത്സരം ഇന്ന്‌ നടക്കാനിരിക്കുകയാണ്. ആദ്യപാദത്തിൽ പിഎസ്‌ജി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്‌സയെ തകർത്തിരുന്നുവെങ്കിലും ഒരു തിരിച്ചു വരവാണ് ബാഴ്സ ആരാധകരും പ്രതീക്ഷിക്കുന്നത്. എതിരില്ലാത്ത നാലു ഗോളിന്റെ വിജയം അനിവാര്യമാണെന്നിരിക്കെ ഒന്നും അസാധ്യമല്ലെന്ന പ്രസ്താവനയാണ് കൂമാൻ മുന്നോട്ടു വെക്കുന്നത്.

    ലാലിഗയിലെ സമീപകലത്തെ മികച്ച ഫോമും കോപ്പ ഡെൽ റേയിൽ സെവിയ്യക്കെതിരായി മികച്ച തിരിച്ചു വരവ് നടത്തി തിരിച്ചു വന്നതും ബാഴ്സക്ക് ചെറിയ ആത്മവിശ്വാസം നൽകുന്നുണ്ട്. അതു തന്നെയാണ് കൂമാനും ഈ മത്സരത്തേക്കുറിച്ച് മുന്നോട്ടു വെക്കുന്നത്. ജെറാർഡ് പിക്വെക്കും റൊണാൾഡ്‌ അറോഹോക്കും പരിക്കു പറ്റിയത് ബാഴ്സക്ക് തിരിച്ചടി നൽകിയിട്ടുണ്ടെങ്കിലും ടീം മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് തന്നെയാണ് കൂമാൻ പ്രതീക്ഷിക്കുന്നത്. മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “അസാധ്യമായ ഒന്നുമില്ല. ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ മത്സരത്തിൽ മികവ് പുലർത്തേണ്ടതുണ്ടെന്നു മാത്രം. ഇത് കൂടുതൽ സങ്കീർണമാണ്. പിഎസ്‌ജി ശക്തരും ചാമ്പ്യൻസ്‌ലീഗ് നേടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഒരു തിരിച്ചു വരവ് നടത്തണമെങ്കിൽ അത്രക്കും മികച്ച രീതിയിൽ കളിക്കണം. ഞങ്ങൾ അതിനായി ശ്രമിക്കും. ഞങ്ങളും ജയിക്കണമെന്ന് ഉറച്ചു തന്നെയാണ് എപ്പോഴും ഇറങ്ങുന്നത്.”

    “ഇത് വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ഞങ്ങളെ അധികം കളി മെനയാൻ സമ്മതിക്കാത്ത പിഎസ്‌ജിക്കെതിരെയാണ് കളിക്കാൻ പോവുന്നത്. 2017ലെ തിരിച്ചുവരവ്? പിഎസ്‌ജി ഞങ്ങളെ പേടിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അവരുടെ പരിശീലകൻ അവരെ മികച്ച രീതിയിൽ ഒരുക്കുമെന്നും ഇതൊരു എളുപ്പമുള്ള മത്സരമായിരിക്കില്ലെന്നു അവർക്കും അറിയാമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു തിരിച്ചു വരവിനു വ്യത്യസ്തമായ സാഹചര്യമാണ് നിലവിലുള്ളത്.” കൂമാൻ പറഞ്ഞു.

  10. ടീമിന്റെ അവിശ്വനീയ പ്രകടനത്തിൽ സന്തുഷ്ടൻ, വിജയം അർഹിച്ചതെന്നു പരിശീലകൻ കൂമാൻ

    Leave a Comment

    സെവിയ്യക്കെതിരായ കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾ നേടി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബാഴ്‌സലോണ. ആദ്യ പാദത്തിൽ ബാഴ്സക്ക് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യയുടെ തട്ടകത്തിൽ തോൽവി രുചിക്കേണ്ടി വരുന്നു. അതിനു വിപരീതമായി രണ്ടാം പാദത്തിൽ ബാഴ്സ മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു.

    രണ്ടാം പാദത്തിൽ തുടക്കത്തിൽ തന്നെ ഉസ്മാൻ ഡെമ്പെലെയിലൂടെ ബാഴ്സ ലീഡ് നേടുകയായിരുന്നു. ബാഴ്സക്ക് പിന്നീട് കിട്ടിയ അവസരങ്ങൾ ഗോളിലേക്കെത്താൻ സാധിക്കാതെ പോവുകയായിരുന്നു. 71ആം മിനുട്ടിൽ സെവിയ്യ നടത്തിയ ഒരു പ്രത്യാക്രമണത്തിൽ ഓകമ്പോസിനെ പെനാൽറ്റി ബോക്സിൽ മിൻഗ്വേസ ഫൗൾ ചെയ്തു വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ബാഴ്സ കീപ്പർ സേവ് ചെയ്തതോടെ മത്സരം ബാഴ്സക്ക് അനുകൂലമാവുകയായിരുന്നു.

    പിന്നീട് മികച്ച നീക്കങ്ങളോടെ സെവിയ്യയെ ആക്രമിച്ച ബാഴ്സക്ക് സെവിയ്യയുടെ ഫെർണാണ്ടോക്ക് രണ്ടാം മഞ്ഞക്കാർഡിനൊപ്പം ലഭിച്ച ചുവപ്പു കാർഡും ഗുണകരമായി. ഇഞ്ചുറി ടൈമിന്റെ അവസാന സമയത്ത് ഗ്രീസ്മാന്റെ ക്രോസിൽ പിക്വെ ഹെഡറിലൂടെ മികച്ച ഗോൾ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. പത്തു പേരിലേക്ക് ചുരുങ്ങിയ സെവിയ്യക്കെതിരെ ബ്രയിത്വൈറ്റിലൂടെ അധികം വൈകാതെ തന്നെ മൂന്നാം ഗോളും നേടിയതോടെ മത്സരം ബാഴ്സയുടെ വരുതിയിലാവുകയായിരുന്നു.
    ഫൈനലിലേക്ക് യോഗ്യത നേടിയതോടെ താരങ്ങളുടെ പ്രകടനത്തെ പ്രശംസിക്കാനും കൂമാൻ മറന്നില്ല.

    “ഞങ്ങൾ എല്ലായ്പോഴും വിശ്വസിച്ചിരുന്നു. കോപ്പ വിട്ടു കൊടുക്കരുതെന്ന്. ഇത് ഞങ്ങളുടെ മനോഭാവത്തോടുള്ള ചോദ്യം തന്നെയായിരുന്നു. ഇന്ന്‌ രാത്രി കണ്ടതിൽ വെച്ച് ഒരു പരിശീലകനെന്ന നിലയിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്കു ടീമിനോട് പറയാനില്ല. എക്സ്ട്രാ ടൈം വരെ അവർ നന്നായി പൊരുതി. അവിശ്വസനീയമായിരുന്നു അത്. എന്റെ ടീമിന്റെ പരിശ്രമത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഫൈനലിലെത്താൻ ഞങ്ങൾ അർഹരായിരുന്നു. ഇരുപാദങ്ങളിലും ഞങ്ങൾ മികച്ച കളിയാണ് പുറത്തെടുത്തത്. ” കൂമാൻ പറഞ്ഞു.