Tag Archive: Romelu Lukaku

 1. കോപ്പ ഇറ്റാലിയ മിലാൻ ഡെർബിയിൽ അസഭ്യവർഷം, ലുക്കാക്കുവിനും ഇബ്രാഹിമോവിച്ചിനും വിലക്ക്

  Leave a Comment

  ഇന്റർമിലാനുമായി നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ എസി മിലാനു ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഗോളിനു പെനാൽറ്റിയിലൂടെ ലുക്കാക്കു സമനില പിടിച്ചപ്പോൾ ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ എറിക്സൺ നേടിയ മനോഹര ഫ്രീകിക്കാണ് ഇന്റർമിലാനു മികച്ച വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ എസി മിലാന്റെ ഏക ഗോൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടിയും വന്നിരുന്നു.

  മത്സരത്തിൽ ലുക്കാക്കുവും സ്ലാട്ടൻ ഇബ്രാഹിംമോവിച്ചും തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളും മിലാൻ ഡെർബിയെ ചൂടുപിടിപ്പിച്ചിരുന്നു. പരസ്പരം അമ്മയെയും ഭാര്യയെയും അസഭ്യവർഷം നടത്തുകയായിരുന്നു ഇരുവരും. ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ചു കളിച്ചവരാണ്. ഈ സംഭവത്തിൽ ഇരുവർക്കും റഫറി മഞ്ഞക്കാർഡുകൾ നൽകിയിരുന്നു.

  മത്സരത്തിൽ കൊളറോവിനെ ഫൗൾ ചെയ്തതിനു ഇബ്രാഹിമോവിച്ചിന് രണ്ടാം പകുതിയിൽ റെഡ് കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നിരുന്നു. എന്നാൽ ഈ സംഭവത്തെ ആധാരമാക്കി ഇരുവർക്കും അടുത്ത ഒരു മത്സരത്തിൽ വിലക്കു പ്രഖ്യാപിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ. കോപ്പ ഇറ്റാലിയ മത്സരങ്ങളിൽ മാത്രമാണ് ഈ വിലക്ക് ബാധകമായിട്ടുള്ളത്.

  ഇബ്രാഹിമോവിച്ചിന്റെ എസി മിലാൻ ടൂർണമെന്റിൽ നിന്നും പുറത്തായതിനാൽ അടുത്ത സീസണിൽ ആയിരിക്കും ഈ വിലക്ക് ബാധകമായി വരിക. എന്നാൽ ലുക്കാക്കുവിന്റെ കാര്യത്തിൽ അടുത്ത യുവന്റസുമായുള്ള സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ നിന്നും പുറത്തിരിക്കേണ്ടി വരും.അടുത്തയാഴ്ചയാണ് മത്സരം നടക്കാനിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ടു നീങ്ങാനാണ് ഫെഡറേഷന്റെ തീരുമാനം. സ്ലാട്ടന്റെ ഭാഗത്തു നിന്നും വംശീയ അധിഷേപം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

 2. ഇന്ററിനു നാടകീയ വിജയം, കൊമ്പുകോർത്തു ഇബ്രാഹിമോവിച്ചും ലുക്കാക്കുവും

  Leave a Comment

  കോപ്പ ഇറ്റാലിയ ടൂർണമെന്റിലെ എസി മിലാനുമായി നടന്ന ഡെർബി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്റർ മിലാൻ. എസി മിലാനു വേണ്ടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടിയപ്പോൾ ഇന്ററിനു വേണ്ടി വല കുലുക്കിയത് റൊമേലു ലുക്കാക്കുവും ക്രിസ്ത്യൻ എറിക്സണുമാണ്. മത്സരത്തിൽ ഇബ്രാഹിമോവിച്ചിന് ചുവപ്പു കാർഡ് കണ്ട് പുറത്തു പോവേണ്ടിയും വന്നിരുന്നു.

  മത്സരത്തിൽ മികച്ച അക്രമണവുമായി ഇന്റർ മിലാൻ ആണ് മുന്നേറിയതെങ്കിലും 31ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിന്റെ ഗോളിലൂടെ മിലാൻ ലീഡ് നേടുകയായിരുന്നു. സ്ലാട്ടന്റെ നിലംപറ്റെയുള്ള മികച്ചൊരു ഷോട്ട് ഇന്റർമിലാൻ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലതു മൂലയിലൂടെ ഉള്ളിൽ കയറുകയായിരുന്നു. ഇതോടെ ഇന്ററിനെതിരായ ഏഴു മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടാൻ ഇബ്രാഹിമോവിച്ചിന് സാധിച്ചിരിക്കുകയാണ്.

  ആദ്യപകുതിക്കു മുമ്പേ ലുക്കാക്കുവും സ്ലാട്ടനും തമ്മിൽ നടന്ന വാക്കേറ്റവും ഉന്തും തള്ളും മത്സരത്തെ സംഭവബഹുലമാക്കി തീർത്തു. ലുക്കാക്കുവിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് പുറമെ പരസ്പരം അമ്മക്ക് വിളിച്ചുകൊണ്ടു ഇരുവരും വാക്കേറ്റം നടത്തുകയുമുണ്ടായി. റഫറി ഇരുവർക്കും മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ഈ മഞ്ഞക്കാർഡ് എസി മിലാനു തിരിച്ചടിയായി ഭവിച്ചത്.

  മത്സരത്തിനിടെ 57ആം മിനുട്ടിൽ ഇന്റർ മിലാൻ താരം കോളറോവിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് സ്ലാട്ടനു ചുവപ്പു കാർഡ് കിട്ടുകയായിരുന്നു. എന്നാൽ അതിനു ശേഷം ഇന്റർ മികച്ച കളി പുറത്തെടുക്കുകയാണുണ്ടായത്.
  എഴുപതാം മിനുട്ടിൽ നികോളോ ബാരെല്ലയെ റാഫേൽ ലിയാവോ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലുക്കാക്കു കൃത്യമായി വലയിലെത്തിച്ചതോടെ മത്സരം സമനിലയാവുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ എറിക്സന്റെ ഒരു തകർപ്പൻ ഫ്രീകിക്ക് ഇന്ററിനു മികച്ച വിജയം സമ്മാനിക്കുകയായിരുന്നു.

 3. ബെൽജിയം സൂപ്പർതാരത്തിനായി കൂമാൻ, അസംഭവ്യമെന്നു ബാഴ്‌സ

  Leave a Comment

  ബെൽജിയൻ സ്ട്രൈക്കറായ റൊമലു ലുക്കാക്കുവിനെ ടീമിലെത്തിക്കണമെന്ന കൂമാന്റെ ബാഴ്സലോണ തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്റർ മിലാൻ താരത്തിന്റെ വമ്പൻ ട്രാൻസ്ഫർ തുക നൽകാനുള്ള സാമ്പത്തികസ്ഥിതിയില്ലാത്തതുകൊണ്ടാണ് ബാഴ്സ ഈ ട്രാൻസ്ഫർ നടക്കില്ലെന്നു പറഞ്ഞതെന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോ റിപ്പോർട്ട് ചെയ്യുന്നത്.

  മുൻപ് പ്രീമിയർലീഗിൽ കൂമാനു കീഴിൽ എവെർട്ടനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് റൊമേലു ലുക്കാക്കു. 27 ഗോളുകളും ഏഴ് അസിസ്റ്റുകളും ഡച്ച് പരിശീലകനു കീഴിൽ സ്വന്തമാക്കിയിട്ടുള്ള ലുക്കാക്കുവിനെ സുവാരസിനു പകരക്കാരനായാണ് കൂമാൻ പരിഗണിക്കുന്നത്. എന്നാൽ ഇന്ററിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തെ വാങ്ങാൻ പണമില്ലെന്ന് ബാഴ്സ അപ്പോൾ തന്നെ വ്യക്തമാക്കുകയായിരുന്നു.

  കൊറോണ മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്സ താരങ്ങളെ വാങ്ങാനുള്ള പണം കണ്ടെത്താൻ വിഷമിക്കുകയാണ്. മുൻപ് പൂർത്തിയാക്കിയ ട്രാൻസ്ഫറുകളല്ലാതെ ലക്ഷ്യമാക്കിയിരുന്ന ഒരു താരത്തെ പോലും ഇതുവരെ ടീമിലെത്തിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ലിയോൺ താരം മെംഫിസ് ഡിപേയുടെ ട്രാൻസ്ഫറും പ്രതിസന്ധി മൂലം മുടങ്ങിക്കിടക്കുകയാണ്.

  നിലവിൽ വിൽക്കാനുദ്ദേശിക്കുന്ന താരങ്ങളിലാരുടെയെങ്കിലും ട്രാൻസ്ഫർ നടന്നാലേ ബാഴ്സക്കു പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ടീമിലുള്ള താരങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും അവർ വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണെന്നതും ബാഴ്‌സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു മൂലം കൂമാന്റെ പ്രിയതാരം ഡീപേയുടെ ട്രാൻസ്ഫറും അഴിയാക്കുരുക്കായി നിലനിൽക്കുകയാണ്.

 4. യുണൈറ്റഡ് വിട്ടത് നന്നായി, ലുക്കാക്കുവിന് ഇന്ററില്‍ തകര്‍പ്പന്‍ നേട്ടം

  Leave a Comment

  മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് റൊമേലു ലുക്കാക്കു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ഇന്റർമിലാനിലേക്ക് ചേക്കേറിയ താരം ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ കീഴിൽ പുതുജീവൻ നേടിയിരിക്കുകയാണ്.വെറും പന്ത്രണ്ട് മാസങ്ങൾ കൊണ്ടാണ് റൊമേലുവിന്റെ ശ്രദ്ധേയമായ മാറ്റം.

  റൊമേലു ലുക്കാക്കു ഇന്റർമിലാനിൽ എത്തും മുമ്പ് തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരം യുണൈറ്റഡിൽ കാഴ്ച്ചവെച്ചിരുന്നത്. 45 മത്സരങ്ങളിൽ നിന്ന് കേവലം 15 ഗോളുകൾ മാത്രമാണ് ലുക്കാക്കുവിന്റെ നേട്ടം. എന്നാൽ ഈ സീസണിൽ ഇന്ററിനു വേണ്ടി ആകെ താരം അടിച്ചു കൂട്ടിയത് മുപ്പത്തിമൂന്ന് ഗോളുകളാണ്. അതായത് കരിയറിലെ മോശം പ്രകടനത്തിൽ നിന്നും മികച്ച പ്രകടനത്തിലേക്കുള്ള ദൂരം വെറും പന്ത്രണ്ട് മാസങ്ങളാണ്.

  യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ഷാക്തർ ഡോണെസ്‌കിനെതിരെ ഇരട്ടഗോളുകൾ നേടി ഇന്ററിനെ ഫൈനലിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നു. സെവിയ്യയെ ഫൈനലിൽ നേരിടാൻ പോവുമ്പോഴും താരത്തിന്റെ കാലുകളിൽ തന്നെയാണ് ഇന്ററിന്റെ പ്രതീക്ഷ. അതേസമയം ഇന്റർ മിലാന്റെ മറ്റൊരു റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ലുക്കാക്കു. ഇന്ററിന് വേണ്ടി എല്ലാ കോംപിറ്റീഷനുകളിലുമായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ പേരിലാണ്.

  1997/98 സീസണിൽ 33 ഗോളുകൾ നേടിയ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ ലുക്കാക്കുവിന് കഴിഞ്ഞു. യൂറോപ്പ ഫൈനലിൽ ഒരു ഗോൾ കൂടി നേടാനായാൽ ഇതിഹാസത്തിന്റെ റെക്കോർഡ് തകർക്കാൻ ലുക്കാക്കുവിന് സാധിച്ചേക്കും. ലുക്കാക്കുവിനെ കൂടാതെ യുണൈറ്റഡിൽ നിന്നെത്തിയ മറ്റ് രണ്ട് പേരും ഇന്ററിൽ മിന്നും ഫോമിൽ ആണ്. അലക്സിസ് സാഞ്ചസും ആഷ്‌ലി യങ്ങും. ഇരുവരും ഈ സീസണിൽ ഇന്ററിന്റെ വിജയകുതിപ്പിൽ വലിയ പങ്കാണുള്ളത്.

 5. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ലുക്കാക്കു, ക്ലബ് ഇടപെട്ട് മാപ്പ് പറയിപ്പിച്ചു

  Leave a Comment

  കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെലിപ്പെടുത്തലുമായി ഇന്റര്‍ മിലാന്‍ താരം റൊമേലു ലുക്കാക്കു. കൊറോണ വൈറസിന്റെ ആദ്യ നാളുകളില്‍ ഇന്റര്‍ മിലാനിലെ 25 താരങ്ങളില്‍ 23 പേര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ലുക്കാക്കു വെളിപ്പെടുത്തിയത്.

  എന്നാല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ക്ലബ് ഇടപെട്ട് താരത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു. രു ബല്‍ജിയം ചാനലിന്റെ പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിലാണ് ലുക്കാകു വെളിപ്പെടുത്തിയത്.

  ജനുവരിയിലാണ് താരങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതെന്ന് ലുക്കാക്കു പറയുന്നു. അന്ന് വ്യക്തമായ പരിശോധന നടത്താതിരുന്നതിനാല്‍ ആര്‍ക്കൊക്കെ വൈറസ് ബാധിച്ചെന്ന കാര്യം വ്യക്തമല്ലെന്നും ലുക്കാകു പറഞ്ഞിരുന്നു.

  ‘ഡിസംബറില്‍ ഒരാഴ്ച ഞങ്ങള്‍ക്ക് മത്സരത്തിനിടെ ഇടവേളയുണ്ടായിരുന്നു. അതിനുശേഷം മത്സരങ്ങള്‍ക്കായി ടീം വീണ്ടും ഒരുമിച്ചപ്പോള്‍ 25 താരങ്ങളില്‍ 23 പേര്‍ക്കും തീര്‍ത്തും ക്ഷീണമായിരുന്നു. ഇതു ഞാന്‍ തമാശ പറയുന്നതല്ല. കളിക്കളത്തില്‍ 25 മിനിറ്റിനകം ഞങ്ങളുടെ ഡിഫന്‍ഡര്‍മാരിലൊരാള്‍ (മിലാന്‍ സ്‌ക്രീനിയര്‍) കളി തുടരാനാകാതെ കളം വിട്ടു. അദ്ദേഹം ഏറെക്കുറെ ബോധം മറഞ്ഞ നിലയിലായിരുന്നു’ ലുക്കാകു പറഞ്ഞു.

  ‘എല്ലാവരും ക്ഷീണിതരായിരുന്നു. മിക്കവര്‍ക്കും ചുമയും പനിയും ബാധിച്ചു. പരിശീലന സമയത്ത് എനിക്കും ശരീരത്തില്‍ പതിവിലുമധികം ചൂടു തോന്നി. വര്‍ഷങ്ങളായി ഒരു പനി പോലും ബാധിച്ചിട്ടില്ലാത്തയാളാണ് ഞാന്‍. മത്സരത്തിനുശേഷം പ്യൂമയില്‍നിന്നുള്ള അതിഥികളുമൊത്ത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അത്താഴവിരുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അതിഥികളെ കണ്ടശേഷം ഭക്ഷണത്തിനു നില്‍ക്കാതെ ഉറങ്ങാന്‍ പോയി. അത്രയ്ക്കു ക്ഷീണമായിരുന്നു. ഞങ്ങളൊരിക്കലും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായില്ല. അന്ന് വൈറസ് ബാധിച്ചിരുന്നോ എന്നും ഉറപ്പില്ല’ ലുക്കാകു പറഞ്ഞു

  വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ക്ലബ് ലുക്കാകുവിനെ താക്കീതു ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് താരം ക്ലബ്ബിനോടു ക്ഷമാപണം നടത്തിയത്. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെയാണ് ടീം കളിച്ചതെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ക്കുള്ള സാധ്യത തെളിഞ്ഞതോടെയാണ് ക്ലബ് താരത്തെ താക്കീതു ചെയ്തത്.