Tag Archive: Rio Ferdinand

  1. “മെസി നടത്തിയതിനേക്കാൾ മികച്ച പ്രകടനം”- എംബാപ്പെക്ക് ഇതിഹാസതാരത്തിന്റെ പ്രശംസ

    Leave a Comment

    പോളണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസിനായി നിറഞ്ഞാടുകയായിരുന്നു കിലിയൻ എംബാപ്പെ. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരം ഈ ലോകകപ്പും ഫ്രാൻസിലേക്ക് തന്നെയെന്ന വിശ്വാസം ആരാധകർക്കു നൽകി രണ്ടു ഗോളും ഒരു അസിസ്റ്റും പോളണ്ടിനെതിരെ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മറ്റുള്ള താരങ്ങളെയെല്ലാം മറികടന്ന് അഞ്ചു ഗോളുമായി ഒറ്റക്ക് മുന്നിലെത്താനും താരത്തിന് കഴിഞ്ഞു.

    ഒരാൾക്കും തന്നെ തടുക്കാൻ കഴിയില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് എംബാപ്പെ ഇന്നലെ നടത്തിയത്. ഈ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയ പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി എംബാപ്പയുടെ രണ്ടു ഗോളുകളിലും തീർത്തും നിസ്സഹായനായിരുന്നു. പൊടുന്നനെ മുന്നോട്ടു കുതിക്കാനും ചെറിയ സ്‌പേസുകൾ പോലും ഉപയോഗിക്കാനും രണ്ടു കാലുകൾ കൊണ്ടും ഒരുപോലെ ഗോൾപോസ്റ്റിന്റെ മൂലകൾ കണ്ടെത്താനുമുള്ള എംബാപ്പയുടെ കഴിവ് ഇന്നലത്തെ മത്സരത്തോടെ വീണ്ടും തെളിയിക്കപ്പെട്ടു.

    ഇന്നലത്തെ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസകളുടെ കൂട്ടത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓസ്‌ട്രേലിയക്കെതിരെ ലയണൽ മെസി നടത്തിയ പ്രകടനത്തെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്ന് ഫെർഡിനാൻഡ് വിലയിരുത്തിയിരുന്നു. എന്നാൽ പോളണ്ടും ഫ്രാൻസും തമ്മിലുള്ള പ്രീ ക്വാർട്ടർ കഴിഞ്ഞതോടെ അതിൽ അദ്ദേഹം തിരുത്തൽ വരുത്തിയിരിക്കുകയാണ്.

    “കഴിഞ്ഞ ദിവസം ഞാൻ മെസിയുടെ പ്രകടനമാണ് ഏറ്റവും മികച്ചതെന്ന് പറയുകയുണ്ടായി. എന്നാലിന്ന് എംബാപ്പെ ഏറ്റവും വിസ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. കളിക്കളത്തിന്റെ എല്ലാ ഏരിയകളെയും താരം തകർത്തെറിഞ്ഞു കളഞ്ഞു.” ബിബിസിയോട് സംസാരിക്കുന്ന സമയത്ത് ഫുട്ബോൾ പണ്ഡിറ്റ് കൂടിയായ ഫെർഡിനാൻഡ് പറഞ്ഞു.

    ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ജിറൂദ് ഗോൾ നേടുന്നത് വരെയും ഫ്രാൻസിന്റെ പ്രകടനത്തിന് ഒപ്പം പിടിക്കാൻ പോളണ്ടിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അതിനവരെ അനുവദിക്കാതെ എംബാപ്പെ നിറഞ്ഞു നിന്നു. ഏതു നിമിഷവും കളിയുടെ ഗതിമാറ്റാൻ തനിക്ക് കഴിയുമെന്ന് ഇന്നലത്തെ മത്സരത്തോടെ തെളിയിച്ച താരം ലോകകിരീടം നേടാൻ ആഗ്രഹിക്കുന്ന ടീമുകൾക്കെല്ലാം ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

  2. ലോകം കീഴടക്കാൻ കെല്പുള്ള പയ്യനെയാണ്‌ യുണൈറ്റഡ് സ്വന്തമാക്കിയത്, ക്രിസ്ത്യാനോയുടെ പിന്മുറക്കാരനെന്നു റിയോ ഫെർഡിനാൻഡ്

    Leave a Comment

    ഇറ്റാലിയൻ വമ്പന്മാരായ സീരി എയിൽ ഇന്നും പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തിടെ സ്വന്തമാക്കിയ യുവപ്രതിഭയാണ് അമാദ് ഡിയാലോ. പതിനെട്ടുകാരനായ ഈ ഐവറി കോസ്റ്റ് യുവപ്രതിഭയെ 37 മില്യൺ പൗണ്ടിനാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിനൊപ്പം നാലരവർഷത്തേക്കുള്ള ദീർഘകാല കരാറിലാണ് ഈ യുവതാരം ഒപ്പു വെച്ചിരിക്കുന്നത്.

    അറ്റലാന്റക്കായി അഞ്ചു മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമേ നേടിയിട്ടുള്ളുവെങ്കിലും ഭാവിയിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള പ്രതിഭ താരത്തിനുണ്ടെന്നാണ് ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്. യുണൈറ്റഡ് ഇതിഹാസതാരമായ റിയോ ഫെർഡിനാൻഡിന്റെയും അഭിപ്രായം മറ്റൊന്നല്ല. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടേതിനു സമാനമായ ട്രാൻസ്ഫറാണിതെന്നാണ് യുണൈറ്റഡ് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടത്.

    ” ഞങ്ങൾ അറ്റലാന്റയിൽ നിന്നും ഒരു പയ്യനെ സ്വന്തമാക്കിയിട്ടുണ്ട്. അവനു പലതും ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിങ്ങൾ അവന്റെ ക്ലിപ്പുകൾ കണ്ടു നോക്കൂ. ക്ലബ്ബിലെ അവനേ സ്വന്തമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത് ഈ പയ്യൻ ലോകം കീഴടക്കുമെന്നാണ്. ഈ പയ്യനെ വെളിച്ചത്തു കൊണ്ടു വന്ന ക്ലബ്ബിലെ ആളുകളുടെ ചിന്ത ഇതാണ്.”

    ” റൊണാൾഡോയുടെ നാമം വലിച്ചിഴച്ച് ഈ പയ്യനിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇതു പോലെ പണ്ട് ക്രിസ്ത്യനോയെ കൊണ്ടു വന്നപ്പോൾ അവനെക്കുറിച്ച് പോർച്ചുഗലിലെ ജനങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. അങ്ങനെ വെച്ചു നോക്കുമ്പോൾ ഈ പയ്യന്റെ വീഡിയോ ക്ലിപ്പുകൾ നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ ആളുകൾ അവനെക്കുറിച്ച് പറയുന്നതും ശ്രദ്ദിച്ചാൽ എല്ലാം ശരിയായി ഭവിച്ചാൽ ലോകം തന്നെ അവനു കീഴടക്കാൻ സാധിച്ചേക്കും. ” ഫെർഡിനാൻഡ് പറഞ്ഞു

  3. സിറ്റിയെ ചതിച്ച് പുറത്താക്കിയതാണ്, ആരോപണവുമായി ഫെർഡിനാൻഡ്

    Leave a Comment

    ലിയോണുമായി അപ്രതീക്ഷിതതോൽവിയാണു ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സിറ്റിയെ തകർത്തു കൊണ്ട് ലിയോൺ ആധികാരികമായി സെമിയിൽ പ്രവേശിച്ചിരിക്കുകയാണ് .

    എന്നാൽ സിറ്റിയുടെ തോൽവിക്ക് പ്രധാനകാരണമായത് റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് മുൻ ഇംഗ്ലീഷ് മാഞ്ചസ്റ്റർ ഇതിഹാസം റിയോ ഫെർഡിനന്റിന് പറയാനുള്ളത്.

    ലിയോൺ നേടിയ രണ്ടാമത്തെ ഗോൾ ഫൗളായിരുന്നുവെന്നും ആ ഗോളാണ് കളിയുടെ ഗതി തിരിച്ചു വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗോൾ നേടുന്നതിന് മുൻപ് ലപോർട്ടയെ വീഴ്ത്തിയതിന് ശേഷമായിരുന്നു ഡെമ്പെലെ പന്തുമായി മുന്നേറിയത്. എന്നാൽ അത് വീഡിയോ റഫറി ചെക്ക് ചെയ്തിട്ട് പോലും അത് ഗോൾ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഫെർഡിനന്റ് പ്രതികരിച്ചത്.

    “തീർച്ചയായും ഞാൻ കളിക്കളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അത് ഫൗൾ തന്നെയാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ആ ഗോളാണ് കളിയെ മാറ്റിമറിച്ചത്. ആ സമയം വരെ സിറ്റിക്കായിരുന്നു മത്സരത്തിൽ ആധിപത്യം. നൂറുശതമാനവും ശാരീരികമായി തന്നെയാണ് അവർ നേരിട്ടത്.”

    “പക്ഷെ നിങ്ങൾ ഒരു സിറ്റി ആരാധകൻ ആണെങ്കിൽ ആളുകൾ നിങ്ങൾക്ക് തോൽവിക്കുള്ള ന്യായീകരണം കണ്ടെത്തുകയാണെന്നു പറഞ്ഞേക്കാം. പക്ഷെ ഞാൻ വിശ്വസിക്കുന്നത് അത് ഫൗൾ തന്നെയാണെന്നാണ്.” ഫെർഡിനന്റ് ചൂണ്ടിക്കാണിച്ചു. തോൽവിയുടെ മറ്റൊരു കാരണം പെപ് ഗ്വാർഡിയോളയുടെ തീരുമാനങ്ങൾ കൂടിയായിരുന്നുവെന്നും ഫെർഡിനന്റ് കൂട്ടിച്ചേർത്തു.

  4. മെസി ക്ലബ് വിടണം, ഈ മാനേജുമെന്റിന് കീഴില്‍ കളിക്കരുത്, മുറവിളി ഉയരുന്നു

    Leave a Comment

    ഫുട്ബോൾ കരിയറിൽ ഏറ്റവും വലിയ തോൽവി ബാഴ്സയ്ക്കൊപ്പം ഏറ്റുവാങ്ങിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. ജർമൻ വമ്പന്മാരായ ബയേണിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സ തോൽവി അറിഞ്ഞത്.

    എന്നാൽ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയാതെ മെസി തകർന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇതോടെ മെസി ബാഴ്‌സ വിടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലീഷ്  യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ്.

    മത്സരശേഷം ബിടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടന്ന് ജീവിതത്തിലേക്ക് കടന്നു വരികയും അത്പോലെ തന്നെ ഇറങ്ങി പോവുകയും ചെയ്യുന്ന ഒന്നാണ് ഫുട്ബോളെന്നും അതുകൊണ്ടു തന്നെ മെസി ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. ഇനിയും ബാഴ്‌സയിൽ തുടർന്നാൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.

    അതേ സമയം ബാഴ്‌സ ബോർഡിൽ ബർതോമ്യു അടക്കമുള്ളവർക്കാണെന്ന് കുഴപ്പമെന്നാണ് ലിവർപൂൾ ഇതിഹാസം ജാമി കാരഗരുടെ അഭിപ്രായം. മത്സരശേഷം സിബിഎസ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്സലോണയുടെ തലപ്പത്ത് തന്നെ അഴിച്ചു പണി ആവിശ്യമാണെന്നാണ് കരഗരുടെ പക്ഷം. പ്രസിഡന്റ്‌ ബർതോമ്യു അടക്കമുള്ളവർ ആത്മപരിശോധന നടത്തണമെന്നും കാരഗർ അഭിപ്രായപ്പെട്ടു.

    പരിശീലകൻ സെറ്റിയന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും ഇനിയും പരിശീലകനായി തുടരാൻ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു മികച്ച ക്ലബ്ബെന്നനിലയിൽ പെട്ടന്ന് തീരുമാനങ്ങൾ കൈകൊണ്ട് ആരാധകരെ സന്തോഷിപ്പിക്കുകയാണ് വേണ്ടതെന്നും എന്നാൽ ബാഴ്സക്ക് അതിനുള്ള പ്രാപ്‍തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഴ്സയുടെ തോൽവിക്ക് കാരണം സെറ്റിയൻ മാത്രമല്ലെന്നും ബാഴ്സ ബോർഡുകൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.