Tag Archive: Real Madrid

 1. ഒടുവിൽ പെരെസ് വിജയിച്ചു,ചരിത്രം ബാക്കിയാക്കി നായകൻ റാമോസ് പടിയിറങ്ങി

  Leave a Comment

  റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായ സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങി. റയൽ മാഡ്രിഡ്‌ നൽകിയ പുതിയ ഓഫർ തിരസ്കരിച്ചു കൊണ്ട് പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ റാമോസ് തീരുമാനിക്കുകയായിരുന്നു.

  വേതനത്തിൽ പത്തു ശതമാനം കിഴിവോടെ റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ച ഓഫർ അനവധി തവണ റാമോസ് നിരാകരിച്ചിരുന്നു. നിലവിലെ വേതനത്തിൽ തന്നെ രണ്ടു വർഷത്തേക്കുള്ള കരാറാണ് റാമോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രസിഡന്റ് പെരെസ് നൽകിയ ഓഫറിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

  എന്നാൽ പരിക്കു പറ്റി പുറത്തിരുന്നത്തോടെ റാമോസ് തന്റെ ആവശ്യത്തിൽ അയവു വരുത്തിയിരുന്നു. അവസാന നിമിഷം വരെ താരം റയൽ മാഡ്രിഡ് 2 വർഷത്തെ ഓഫർ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും നീക്കുപോക്കുകൾ ഉണ്ടാവാതെ പോവുകയായിരുന്നു.

  30 വയസ്സിനു മുകളിൽ ഉള്ള താരങ്ങൾ ഒരു വർഷത്തേക്ക് മാത്രം എന്ന റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ പോളിസിയിൽ തന്നെ പെരെസ് ഉറച്ചു നിൽക്കുകയായിരുന്നു. നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങൾ നേടിയ താരം മൊത്തം 22 കിരീടങ്ങൾ റയലിനൊപ്പം നേടിയിട്ടുണ്ട്. 16 വർഷത്തെ കരിയറിൽ 671 മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും 101 ഗോളുകളും നേടിയിട്ടുണ്ട്. റാമോസ് റയൽ വിട്ടതോടെ യൂറോപ്പിലെ തന്നെ വമ്പന്മാർ താരത്തിനു പിന്നാലെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 2. ഹൃദയം നുറുങ്ങി സിദാൻ വിടവാങ്ങി, പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്‌

  Leave a Comment

  സീസണിൽ ട്രോഫികളൊന്നും നേടാൻ സാധിക്കാതെ പോയ ഒരു ക്ലബ്ബായിരുന്നു റയൽ മാഡ്രിഡ്‌. ഒന്നും നേടാനായില്ലെങ്കിൽ ക്ലബ്ബ് തന്നെ പുറത്താക്കുമെന്ന് ഇടക്കിടെ മാഡ്രിഡ്‌ ആസ്ഥാനമായുള്ള മാധ്യമങ്ങളിൽ വന്നു തുടങ്ങിയത് പരിശീലകൻ സിദാനെ അലോസരപ്പെടുത്തിയിരുന്നു. റയലിനെ പിന്തള്ളി അത്ലറ്റിക്കോ ലാലിഗ കിരീടം സ്വന്തമാക്കിയതോടെ സ്ഥിതി സിദാനെതിരെ തിരിയുകയും പകരക്കാരൻ പരിശീലകരെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നു വരികയും ചെയ്തു.

  എന്നാൽ ഇത്തരം വാർത്തകൾ സിനദിൻ സിദാനെ കൂടുതൽ രോഷാകുലനാക്കുകയാണുണ്ടായത്. ഒടുവിൽ സിദാൻ തന്നെ രാജി സമർപ്പിക്കുകയായിരുന്നു. ഇത്തരം ചോർന്ന വാർത്തകൾക്കെതിരെ പ്രസിഡന്റായ പെരെസ് മൗനം പാലിച്ചതാണ് സിദാനെ കൂടുതൽ ചൊടിപ്പിച്ചത്.

  ക്ലബ്ബ് വിടാനുണ്ടായ കാരണമെല്ലാം ആരാധർക്കും താരങ്ങൾക്കുമായി തന്റെ വിടവാങ്ങൽ സന്ദേശത്തിൽ വെളിപ്പെടുത്തിക്കൊണ്ടാണ് സിദാൻ റയലിൽ നിന്നും വിടവാങ്ങുന്നത്. നിരാശയും വേദനയും ഒപ്പം ദേഷ്യവും ആ വരികളിൽ പ്രതിഫലിച്ചിരുന്നു. പെരെസിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നു സിദാൻ നിരാശയോടെ വ്യക്തമാക്കുന്നുണ്ട്.
  സിദാൻ രാജിവെച്ചതോടെ പുതിയ പരിശീലകനു വേണ്ടിയുള്ള ശ്രമമാണ് റയൽ മാഡ്രിഡ്‌ നിലവിൽ നടത്തിക്കൊണ്ടിക്കുന്നത്.

  മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയും റയൽ ഇതിഹാസം റൗൾ ഗോൺസാലസും അഭ്യൂഹങ്ങളിലുണ്ടായിരുന്നെങ്കിലും നിലവിൽ റയലിന്റെ തന്നെ മുൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിയെയാണ് പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. എവർട്ടണിൽ നിന്നും റയലിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിടുന്നത്.

 3. കിരീടങ്ങളുടെ തോഴൻ സിദാൻ പടിയിറങ്ങി, പുതിയ പരിശീലകരിൽ കണ്ണു വെച്ച് റയൽ മാഡ്രിഡ്‌

  Leave a Comment

  റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും സിനദിൻ സിദാൻ രാജിവെച്ചൊഴിഞ്ഞതായി റയൽ മാഡ്രിഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റയലിന്റെ ഒഫീഷ്യൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ഫുട്ബോൾ ആരാധകർക്കു മുൻപിൽ വ്യക്തമാക്കിയിരിക്കുന്നത്.

  റയലിൽ 2022 വരെയുള്ള കരാർ പൂർത്തിയാക്കാൻ തന്നെയാണ് റയൽ മാഡ്രിഡും ആഗ്രഹിച്ചതെങ്കിലും ഒരു തീരുമാനത്തിലെത്താൻ സിദാൻ സമയം ചോദിക്കുകയായിരുന്നു. ഒടുവിൽ സിദാൻ ക്ലബ്ബ് വിടുകയാണെന്നുള്ള തീരുമാനം റയലിനെ അറിയിക്കുകയായിരുന്നു.

  റയലിനായി ഈ സീസണിൽ കിരീടംങ്ങളൊന്നും നേടാനാവാതെയാണ്‌ സിദാൻ പടിയിറങ്ങുന്നത്. സിദാന്റെ കരിയറിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു കിരീടംവരൾച്ച ഉണ്ടാവുന്നത്. റയലിലെ പ്രമുഖതാരങ്ങൾ ക്ലബ്ബ് വിടുന്നതും ഒരു മാറ്റം ആവശ്യമാണെന്ന ബോധവുമായിരിക്കാം സിദാന്റെ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് അനുമാനം.

  പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. സിദാൻ അരങ്ങൊഴിയുന്നതോടെ പകരക്കാരായി രണ്ടു പരിശീലകരെയാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അല്ലെഗ്രിയെയും നിലവിലെ റയൽ കാസ്റ്റിയ്യ പരിശീലകനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇതിഹാസം റൗൾ ഗോൺസാലസിനെയുമാണ് റയൽ പരിഗണിക്കുന്നത്. ഇവരിൽ ആരാവുമെന്ന് ഉടൻ പ്രഖ്യാപനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 4. ഫോട്ടോ ഫിനിഷിൽ ലാലിഗ കൈപ്പിടിയിലൊതുക്കി സിമിയോണിയുടെ അത്ലറ്റിക്കോ, സംപൂജ്യരായി സീസൺ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്‌

  Leave a Comment

  2014നു ശേഷം അത്ലറ്റിക്കോ മാഡ്രിഡ്‌ വീണ്ടും ലാലിഗയുടെ നെറുകിലെത്തിയിരിക്കുകയാണ്. എൽ ചോളോ എന്നു വിളിപ്പേരുള്ള അത്ലറ്റിക്കോയുടെ ആശാൻ ഡിയെഗോ സിമിയോണി കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഷെൽഫിലെത്തിച്ചിരിക്കുകയാണ്.റയൽ വയ്യഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷമാണ് ഏയ്ഞ്ചൽ കൊറെയയുടെയും ലൂയിസ് സുവാരസിന്റെയും നിർണായക ഗോളിൽ ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കിയത്.

  വിയ്യാറയലിനെതിരെ റയൽ മാഡ്രിഡും പിന്നിൽ നിന്ന ശേഷം ബെൻസിമയിലൂടെയും മോഡ്രിച്ചിലൂടെയും വിജയം സ്വന്തമാക്കിയെങ്കിലും അത്ലറ്റിക്കോയുടെ വിജയം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഇതോടെ ഒരു ട്രോഫിയുമില്ലാതെ റയലിനു ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

  2010നു ശേഷം ആദ്യമായാണ് റയലിനു ഇത്തരത്തിൽ ട്രോഫിരഹിതമായ ഒരു സീസൺ അഭിമുഖീകരിക്കേണ്ടി വരുന്നത്. പരിക്കുകളും കോവിഡും പിന്നോട്ട് വലിച്ചെങ്കിലും ഒരു മികച്ച പോരാട്ടം തന്നെ ഈ സീസണിൽ റയൽ മാഡ്രിഡ്‌ കാഴ്ചവെച്ചിരുന്നു എന്നതാണ് ഈ വിഷമഘട്ടത്തിലും ആശ്വാസമായി കരുതാവുന്ന ഒന്ന്.

  കോപ്പ ഡെൽ റെയ് കിരീടം നേടിയെങ്കിലും ലൂയിസ് സുവാരസിനെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വിറ്റൊഴിവാക്കിയത് ലാലിഗ നേടുന്നതിന് ബാഴ്‌സക്ക് തിരിച്ചടിയായി. അത്ലറ്റിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുവാരസ് ഗോൾവേട്ട തുടർന്നത് കിരീടനേട്ടത്തിൽ നിർണായകമായി. 21 ഗോളുകളുമായി അത്ലറ്റിക്കോയുടെ ടോപ് സ്കോററാണ് സുവാരസ്. സുവാരസിന്റെ കരിയറിലെ അഞ്ചാമത്തെ ലാലിഗ കിരീടമാണിത്.

 5. ലാലിഗ കിരീടം ആർക്ക്?, അവസാന അങ്കത്തിനായി മാഡ്രിഡ്‌ ചിരവൈരികൾ പോർക്കളത്തിലേക്ക്

  Leave a Comment

  ലാലിഗയിൽ ഇന്ന് ആരു കിരീടം നേടുമെന്ന് അറിയാം. ലീഗിലെ അവസാന റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വമ്പന്മാർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ വയ്യഡോളിഡാണ് എതിരാളികൾ.

  37 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 83 പോയ്ൻ്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും, 81 പോയ്ൻ്റുള്ള റയൽ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്. സെൽറ്റ വിഗൊക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തോൽവി രുചിച്ചതോടെ 76 പോയിന്റുമായി ബാഴ്സലോണ ഇതിനകം കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായെന്നു ഉറപ്പിച്ചിരിക്കുകയാണ്.

  റയൽ മാഡ്രിഡിനെ വിടാതെ പിന്തുടരുന്ന പരിക്കുകൾ അവസാന മത്സരദിവസവും റയൽ മാഡ്രിഡിനു തിരിച്ചടിയായിട്ടുണ്ട്. ഈഡൻ ഹസാർഡ് പരിക്കേറ്റു പുറത്തായതും ടോണി ക്രൂസ് കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ പോയതും സിദാനു തലവേദന സൃഷ്ടിക്കുന്നു. പ്രതിരോധത്തിൽ സെർജിയോ റാമോസും റാഫേൽ വരാനെയും ടീമിൽ മടങ്ങിയത്തിയത് വലിയ ആത്മവിശ്വാസമാണ് റയലിന് സമ്മാനിക്കുന്നത്.

  സമനിലയിൽ പോലും കിരീടം കൈവിട്ടുപോവുമെന്നതിനാൽ വിജയം മാത്രമാണ് റയലും അത്‌ലറ്റിക്കോയും ലക്ഷ്യമിടുന്നത്. വിജയിച്ചാൽ അത്‌ലറ്റിക്കോക്ക് കിരീടം ഉറപ്പിക്കാനാകും. എന്നാൽ റയലിന് വിജയത്തിനൊപ്പം അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും അനിവാര്യമാണ്. നിർണായകമായ ഈ രണ്ടു മത്സരങ്ങളുടെ ഫലമായിരിക്കും ഇത്തവണത്തെ കിരീടം ആർക്കെന്നു നിർണയിക്കുന്നത്.

 6. സെവിയ്യയുമായി സമനിലക്കുരുക്ക്, വിവാദപെനാൽറ്റിയിൽ പൊട്ടിത്തെറിച്ച് സിദാൻ

  Leave a Comment

  സെവിയ്യയുമായി സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സെവിയ്യ നേടിയ രണ്ടു ഗോളുകൾക്ക് അസെൻസിയോയും ക്രൂസും ഗോളിലൂടെ മറുപടി നൽകിയെങ്കിലും ലാലിഗയിൽ ഒന്നാമത്തേതാനുള്ള സുവർണാവസരം റയൽ മാഡ്രിഡ്‌ പാഴാക്കുകയായിരുന്നു.

  മത്സരത്തിൽ സെവിയ്യയുടെ രണ്ടാം ഗോളിനു കാരണമായ വിവാദമായ റഫറിയുടെ പെനാൽറ്റി വിധിക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നത്. മത്സരശേഷം റയൽ പരിശീലകൻ സിദാനും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചു. സാധാരണ റഫറിയുടെ വിവാദതീരുമാനങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാത്ത സിദാൻ ഇത്തവണ രോഷാകുലനായാണ് വിമർശനമുന്നയിച്ചത്.

  പെനാൽറ്റി ബോക്സിൽ ബെൻസിമയെ വീഴ്ത്തിയതിനു പെനാൽറ്റി ചെക്ക് നടത്തിയപ്പോൾ അതിന് മുൻപ് റയൽ മാഡ്രിഡ്‌ പെനാൽറ്റി ബോക്സിൽ വെച്ചു റയൽ പ്രതിരോധതാരം എഡർ മിലിറ്റാവോയുടെ ഹാൻഡ്ബോൾ പരിഗണിച്ച് സെവിയ്യക്ക് പെനാൽറ്റി വിധിക്കുകയായിരുന്നു. ഈ വിവാദ തീരുമാനത്തിനെതിരെയാണ്‌ സിദാൻ തുറന്നടിച്ചത്.

  “എനിക്കു ഹാൻഡ് ബോൾ കൊടുത്തത് എന്തിനാണെന്ന് മനസിലായില്ല. അവിടെ മിലിറ്റാവോയുടെ ഹാൻഡ് ബോൾ ആണെങ്കിൽ അപ്പുറത്തു സെവിയ്യയുടേതും ഹാൻഡ് ബോൾ തന്നെയല്ലേ. കാരണമായി റഫറി പറഞ്ഞത് എനിക്കു ഒട്ടും ബോധിച്ചിട്ടില്ല. എങ്കിലും അയാൾ തന്നെയാണ് വിസിൽ വിളിക്കുന്നത്. ഞാൻ ഇതിനെക്കുറിച്ചിങ്ങനെ സംസാരിക്കാത്ത വ്യക്തിയാണ്‌. പക്ഷെ ഇന്നു ഞാൻ അസ്വസ്ഥനാണ്. അവർ എനിക്കു ഹാൻഡ് ബോൾ നിയമങ്ങൾ വിശദീകരിക്കണം. മിലിറ്റാവോയുടേത് ഹാൻഡ് ബോളെങ്കിൽ അപ്പുറത്തു സെവിയ്യയുടേതും അതു തന്നെയാണ്. അതാണ് യഥാർത്ഥ്യം. ” സിദാൻ പറഞ്ഞു.

 7. ലാലിഗയിൽ ഒന്നാമതെത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നു‌, റയൽ-സെവിയ്യ പോരാട്ടം, സാധ്യതാ ലൈനപ്പ് അറിയാം

  Leave a Comment

  ലാലിഗ അതിന്റെ അവസാനത്തോടടുക്കുമ്പോൾ കിരീടപോരാട്ടത്തിൽ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ക്ലബ്ബുകൾക്ക് വളരെ നിർണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നത്. അത്തരത്തിൽ ഒന്നായ അത്ലറ്റിക്കോ-ബാഴ്സ മത്സരം ഗോൾരഹിത സമനിലയിൽ പിരിയേണ്ടി വന്നത് രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനു സുവർണാവസരമാണ് നൽകിയിരിക്കുന്നത്.

  ഇന്ന്‌ അർധരാത്രി നാലാം സ്ഥാനത്തുള്ള സെവിയ്യയുമായി സ്വന്തം തട്ടകത്തിൽ വെച്ചു നടക്കാനിരിക്കുന്ന മത്സരത്തിൽ റയലിനു വിജയിക്കാനായാൽ ലാലിഗയിൽ ഒന്നാമതെത്താൻ ലോസ് ബ്ലാങ്കോസിനു സാധിച്ചേക്കും. റയലിനു കിരീടം നേടാൻ അതിന് ശേഷം ബാക്കിയുള്ള മൂന്നു മത്സരങ്ങളും വിജയിച്ചാൽ മതിയാകും.

  അടുത്തിടെയുള്ള മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ തുടരുന്ന ടീമാണ് മുൻ റയൽ പരിലീലകൻ ജൂലെൻ ലോപെറ്റെഗിയുടെ സെവിയ്യ. റയൽ പ്രതിരോധ നിരയിൽ സെർജിയോ രമോസും ഫെർലാൻ മെൻഡിയും പരിക്കുമൂലം ഇല്ലാത്തത് സിദാന് കൂടുതൽ തലവേദന നൽകുന്നുണ്ട്. പകരം നാച്ചോയെ പ്രതിരോധത്തിലേക്ക് സിദാൻ പരിഗണിച്ചേക്കും. ഒന്നാമതെത്താൻ റയലിനു ഈ മൂന്നു പോയിന്റ് നിർണായകമായേക്കും.

  സാധ്യതാ ലൈനപ്പ്

  റയൽ മാഡ്രിഡ്‌:- തിബോട് കോർട്വ,ഒഡ്രിയൊസോള,മിലിറ്റവോ,നാച്ചോ, മാഴ്‌സെലോ,കാസമിരോ, ക്രൂസ്, മോഡ്രിച്ച്,വിനിഷ്യസ്,അസെൻസിയോ,ബെൻസിമ.

  സെവിയ്യ:- ബോണോ, നവാസ്,കൂണ്ടേ,കാർലോസ്, അക്യുന,ഫെർണാണ്ടോ,റാക്കിറ്റിച്ച്,സുസോ,ഗോമസ്,ഒകമ്പോസ്‌,എൻ-നെയ്‌സിരി.

 8. സൂപ്പർലീഗ്: റയൽ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ ടീമുകളെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും വിലക്കാനൊരുങ്ങി യുവേഫ

  Leave a Comment

  സൂപ്പർലീഗിൽ നിന്നും ഔദ്യോഗികമായി ഇതു വരെയും ഒഴിഞ്ഞു പോകാത്ത മൂന്നു ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും. സൂപ്പർലീഗിന്റെ ഭാഗമായ ആഴ്‌സണൽ, ലിവർപൂൾ,ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ഇന്റർമിലാൻ, എസിമിലാൻ എന്നിങ്ങനെ പന്ത്രണ്ടിൽ ഒമ്പതു ക്ലബ്ബുകളും പിൻവാങ്ങുകയായിരുന്നു.

  സൂപ്പർലീഗ് എന്ന ആശയം തകർന്നുവെങ്കിലും ഇതിൽ ഇപ്പോഴും നിലനിൽക്കുന്ന മൂന്നു ക്ലബ്ബുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യുവേഫ. ഒരു വർഷത്തേക്ക് മൂന്നു ക്ലബ്ബുകളെയും വിലക്കാനാണ് യുവേഫ അധികൃതരുടെ തീരുമാനം. 2021-2022 സീസണിൽ ഈ മൂന്നു ക്ലബ്ബുകൾക്കും പങ്കെടുക്കാനാവില്ലെന്നാണ് യുവേഫയുടെ തീരുമാനം.

  സൂപ്പർ ലീഗിൽ പങ്കെടുത്തു ഒഴിഞ്ഞ ടീമുകളുമായി നടന്ന ചർച്ചയിൽ യുവേഫയോട് വിശ്വാസം പുലർത്തി മുന്നോട്ടു പോകാനാണ് ഒമ്പതു ക്ലബ്ബുകളും തീരുമാനിച്ചത്. സൂപ്പർ ലീഗിന്റെ ഭാഗമായതിനാൽ യുവന്റസ്, ബാഴ്‌സലോണ,ബാഴ്സലോണ എന്നീ ക്ലബ്ബുകളുടെ സംപ്രേഷണാവകാശങ്ങളിൽ വന്ന നഷ്ടം ബാക്കി ക്ലബ്ബുകളിൽ നിന്നും ഈടാക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

  ഒമ്പതു ക്ലബ്ബുകളും ആ തീരുമാനത്തിൽ ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് യുവേഫയുടെ ഈ neekkam. ഇക്കാര്യത്തിൽ മൂന്നു ക്ലബ്ബുകളും തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ക്ലബ്ബുകളും ഇതിനെതിരെ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരിക്കുകയാണ്.

 9. തോൽവിയിലും ചെൽസി താരങ്ങളുമായി ചിരിച്ചുല്ലസിച്ച് ഹസാർഡ്, വൻ വിമർശനങ്ങളുമായി മാഡ്രിഡ്‌ ആരാധകർ

  Leave a Comment

  ചെൽസിയോട് ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവിയേറ്റു വാങ്ങിയതോടെ 14ആം ചാമ്പ്യൻസ്‌ലീഗ് കിരീടമെന്ന റയലിന്റെ സ്വപ്നം തകർന്നടിഞ്ഞിരിക്കുകയാണ്. ചെൽസിയോട് തോൽവിയേറ്റു വാങ്ങേണ്ടി വന്നുവെങ്കിലും അതിന്റെ യാതൊരു വിഷമവുമില്ലാതെ ചെൽസി താരങ്ങളുമായി ചിരിച്ചു സംസാരിക്കുന്ന ഈഡൻ ഹാസാർഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

  റയൽ മാഡ്രിഡിന്റെ ബാക്കിയെല്ലാ താരങ്ങളും തോറ്റതിന്റെ നിരാശയിൽ കളത്തിൽ നിൽകുമ്പോൾ ചെൽസി താരങ്ങളായ കർട്ട് സൂമയോടും ഗോൾകീപ്പർ മെൻഡിയോടും സംസാരിച്ചു ചിരിക്കുന്ന ഹസാർഡിനെയാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

  മാഡ്രിഡ്‌ ആരാധകർ സോഷ്യൽ മീഡിയയിലൂടെ വൻ വിമർശനങ്ങളാണ് ഹസാർഡിനെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഈ രോഷം ഏതാനും ക്ലബ്ബ് മെമ്പർമാരുടെ ഇടയിലും ഉയർന്നിട്ടിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ഈഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്. മത്സരത്തിലെ മോശം പ്രകടനത്തിനും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

  നിരന്തരമായ പരിക്കുകൾ മൂലം പുറത്തിരിക്കേണ്ടി വന്ന ഹസാർഡ് അടുത്തിടെയാണ് മത്സരങ്ങളിലേക്ക് തിരിച്ചു വന്നത്. എന്നാൽ പരിശീലകൻ സിദാൻ താരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ താരത്തിൽ നിന്നുണ്ടായ ബഹുമാനമില്ലാത്ത ഈ പ്രവൃത്തി ആരാധകരെ മാത്രമല്ല ക്ലബിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 10. കാന്റെ ചെൽസിക്ക് ചാമ്പ്യൻസ്‌ലീഗ് നേടിത്തരും, നയം വ്യക്തമാക്കി ചെൽസി പരിശീലകൻ

  Leave a Comment

  ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ചെൽസി. ആദ്യപാദത്തിൽ റയലിന്റെ തട്ടകത്തിൽ 1-1 നു സമനിലകൊണ്ട് ചെൽസിക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മധ്യനിരതാരം എൻഗോളൊ കാന്റെ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പരിശീലകനായ തോമസ് ടൂഹൽ പ്രതീക്ഷിക്കുന്നത്.

  ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്കായി കാൻ്റെ നേടിത്തരുമെന്നാണ് ടൂഹൽ വ്യക്തമാക്കുന്നത്. താരത്തിൻ്റെ വിജയ മനോഭാവമാണ് അതിനു കാരണമെന്നാണ് ടൂഹലിൻ്റെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ” അവൻ ഒരു മികച്ച താരമാണ്. കിരീടം നേടാൻ ആർക്കും ആവശ്യമുള്ള ഒരു കളിക്കാരനാണവൻ. അതാണ് ഞങ്ങൾക്ക് കുതൽ സന്തോഷം നൽകുന്ന ഒരു കാര്യം. കാരണം അവൻ ഞങ്ങളുടെ ക്ലബ്ബിലാണുള്ളത്. ”

  “അവൻ്റെ കളി കാണുന്നത് തന്നെ ആനന്ദം നൽകുന്ന ഒന്നാണ്. എപ്പോഴും ടീമിനെ സഹായിക്കുന്ന മനോഭാവമുള്ള അവൻ കഠിനാധ്വാനിയാണ്. അതൊരു മികച്ച കോമ്പിനേഷനാണ്. എൻ്റെ അഭിപ്രായത്തിൽ അവൻ ഒരു മാതൃകയാണ്. ലോകത്തെ ഏത് ടീമിനും അവിശ്വസനീയമായ താരമായിരിക്കും അവൻ.” കാൻ്റെയെക്കുറിച്ച് ടൂഹൽ അഭിപ്രായപ്പെട്ടു.