Tag Archive: Portugal

  1. ആർക്കും തോൽപ്പിക്കാനാവില്ല ആത്മവിശ്വാസത്തിന്റെ പ്രതിരൂപത്തെ, 2023ലെ ടോപ് സ്കോററായി റൊണാൾഡോ

    Leave a Comment

    ഖത്തർ ലോകകപ്പിൽ റൊണാൾഡോ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയപ്പോൾ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോയിരുന്നു. അതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന റൊണാൾഡോയെ അവിടെ നിന്നുള്ള നിരാശപ്പെടുത്തുന്ന അനുഭവങ്ങൾ ബാധിച്ചുവെന്നതിൽ സംശയമില്ല. അതാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ലോകകപ്പിലും മോശം പ്രകടനം നടത്തിയതോടെ റൊണാൾഡോയുടെ കാലം കഴിഞ്ഞുവെന്ന് പലരും വിലയിരുത്തി.

    എന്നാൽ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് റൊണാൾഡോയെ ഫോം വീണ്ടെടുക്കാൻ സഹായിച്ചു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി അൽ നസ്റിൽ ചിലവഴിച്ച താരം മികച്ച പ്രകടനമാണ് ടീമിനായി നടത്തിയത്. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന താരം ഒരു കിരീടം നേടിയാണ് സീസൺ ആരംഭിച്ചതു തന്നെ. അൽ നസ്റിന് വേണ്ടി മാത്രമല്ല, പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും റൊണാൾഡോ മിന്നുന്ന ഫോമിലാണ്.

    ഇന്നലെ ബോസ്‌നിയക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഈ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഈ വർഷം 43 മത്സരങ്ങളിൽ നിന്നും 40 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. 39 ഗോളുകൾ നേടിയ എർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ എംബാപ്പയുടെ സമ്പാദ്യം 35 ഗോളുകളാണ്.

    നിലവിൽ യൂറോപ്യൻ ലീഗിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരെ റൊണാൾഡോ തനിക്ക് പിന്നിലാക്കിയത് അവിശ്വസനീയമായ നേട്ടം തന്നെയാണ്. മുപ്പത്തിയെട്ടാം വയസിലാണ് ഇതുപോലെയൊരു മാസ് പ്രകടനം താരം നടത്തുന്നതെന്നാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. യൂറോ കപ്പ് യോഗ്യത റൗണ്ടിലും ടോപ് സ്കോറര്മാരില് ഒരാളാണ് റൊണാൾഡോ. ഒന്നാം സ്ഥാനത്തുള്ള റൊണാൾഡോക്കും ലുക്കാക്കുവിനും ഒൻപത് ഗോളുകളാണുള്ളത്.

  2. പോർട്ടോ പ്രസിഡന്റിന്റെ ബെറ്റിനു സമ്മതം മൂളി റൊണാൾഡോ, ഇനി അവിശ്വസനീയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ

    Leave a Comment

    മുപ്പത്തിയെട്ടാം വയസിലും മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയത് താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സൗദി ക്ലബായ അൽ നസ്റിന് വേണ്ടിയും പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ നേടിയ രണ്ടു ഗോളുകൾ സ്ലോവാക്യക്കെതിരെ വിജയം നേടാനും യൂറോ കപ്പിന് യോഗ്യത ഉറപ്പിക്കാനും പോർച്ചുഗലിന്റെ സഹായിച്ചു.

    നിലവിൽ സൗദി ലീഗിലെ ടോപ് സ്കോററും യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗലിന്റെ ടോപ് സ്‌കോററുമായ റൊണാൾഡോ മുപ്പത്തിയെട്ടാം വയസിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നു. 125 ഗോളുകൾ പോർചുഗലിനായി സ്വന്തമാക്കി ഇന്റർനാഷണൽ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ ഇതുവരെ കരിയറിൽ 857 ഗോളുകൾ സ്വന്തമാക്കി ആ നേട്ടത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്.

    അതിനിടയിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ പ്രസിഡന്റ് ആയിരം കരിയർ ഗോളുകൾ നേടാൻ പറഞ്ഞ് റൊണാൾഡോയുമായി ബെറ്റു വെച്ചിരുന്നു. ആത്മവിശ്വാസത്തോടു കൂടി അതിനു സമ്മതം മൂളിയിരിക്കുകയാണ് റൊണാൾഡോ. തന്റെ ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെങ്കിൽ അതിനു കഴിയുമെന്ന വിശ്വാസം റൊണാൾഡൊക്കുണ്ട്. ആദ്യം 900 ഇന്റർനാഷണൽ ഗോളുകൾ നേടുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ റൊണാൾഡോ അതിനു ശേഷം ആയിരം ഗോളുകൾക്കാണ് ശ്രമം നടത്തുമെന്നും വ്യക്തമാക്കി.

    മുപ്പത്തിയെട്ടാം വയസിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത റൊണാൾഡോ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗ് കുറച്ചുകൂടി എളുപ്പമാണ് എന്നതിനാൽ താരത്തിന് കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയും. റൊണാൾഡോയെ സംബന്ധിച്ച് ഇനിയുള്ള ലക്‌ഷ്യം യൂറോ കപ്പും അതിനു ശേഷം ലോകകപ്പുമാണ്. അടുത്ത ലോകകപ്പ് വരെ കരിയർ തുടർന്നാൽ റൊണാൾഡോക്ക് ആയിരം ഗോളുകളെന്ന ലക്ഷ്യവും സ്വന്തമാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

  3. പ്രായമേറിയാലും തളരാത്ത കരുത്ത്, പോർചുഗലിനൊപ്പം ചരിത്രനേട്ടങ്ങൾ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

    Leave a Comment

    ഖത്തർ ലോകകപ്പിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള പോർച്ചുഗൽ ടീമിനെ കൃത്യമായി നയിക്കാൻ കഴിയാതിരുന്ന റൊണാൾഡോ ടൂർണമെന്റിൽ മോശം പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോൾ മാത്രമാണ് ലോകകപ്പിൽ റൊണാൾഡോയുടെ സമ്പാദ്യം. എന്നാൽ ആ വിമർശനങ്ങളിൽ നിന്നും പുതിയ കരുത്ത് നേടിയ റൊണാൾഡോ ഇപ്പോൾ പോർചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്.

    കഴിഞ്ഞ ദിവസം സ്ലോവാക്യക്കെതിരെ നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിലും റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയം നേടുകയും യൂറോ കപ്പിന് യോഗ്യത നേടുകയും ചെയ്‌ത മത്സരത്തിൽ റൊണാൾഡോയുടെ വകയായിരുന്നു രണ്ടു ഗോളുകൾ. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ തനിക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെന്ന് ഓരോ മത്സരത്തിലും റൊണാൾഡോ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

    ഇന്നലത്തെ മത്സരത്തിലെ ഇരട്ടഗോളുകളോടെ പോർച്ചുഗൽ ദേശീയ ടീമിനായി 125 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. മറ്റൊരു താരത്തിനും ദേശീയ ടീമിനായി ഇത്രയും ഗോളുകൾ നേടിയിട്ടില്ല. ഇതിലെ ഭൂരിഭാഗം ഗോളുകളും റൊണാൾഡോ നേടിയിരിക്കുന്നത് മുപ്പത് വയസിനു ശേഷമാണ്. മുപ്പതു വയസു വരെ പോർച്ചുഗൽ ടീമിനായി 52 ഗോളുകൾ നേടിയ റൊണാൾഡോ അതിനു ശേഷമുള്ള എട്ടു വർഷങ്ങളിൽ 73 ഗോളുകളാണ് ദേശീയ ടീമിനായി അടിച്ചുകൂട്ടിയത്.

    കരിയറിൽ 857 ഗോളുകൾ നേടി ആ നേട്ടത്തിലും മുന്നിൽ നിൽക്കുന്ന റൊണാൾഡോ മൂന്നു ശതാബ്ദത്തിൽ നൂറിലധികം ഗോളുകളെന്ന റെക്കോർഡും സ്വന്തമാക്കുകയുണ്ടായി. മുപ്പത്തിയെട്ടാം വയസിലും ആളിക്കത്തുന്ന തീയായ റൊണാൾഡോയുടെ ലക്ഷ്യങ്ങൾ വ്യക്തമാണ്. അടുത്ത യൂറോ കപ്പും അതിനു ശേഷമുള്ള ലോകകപ്പും സ്വന്തമാക്കുക. പോർചുഗലിനെപ്പോലെ കരുത്തുറ്റ താരങ്ങൾ അണിനിരന്ന ഒരു ടീമിനൊപ്പം റൊണാൾഡോക്ക് അതിനു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

  4. റൊണാൾഡോയുടെ അഭാവത്തിൽ പോർച്ചുഗൽ അഴിഞ്ഞാടി, ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

    Leave a Comment

    യൂറോ 2026 യോഗ്യത മത്സരത്തിൽ ലക്‌സംബർഗിനെതിരെ വമ്പൻ വിജയം സ്വന്തമാക്കി പോർച്ചുഗൽ. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒൻപതു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും പോർച്ചുഗൽ മികച്ച വിജയം നേടിയിട്ടുണ്ട്. ഒരു ഒഫിഷ്യൽ മത്സരത്തിൽ പോർച്ചുഗൽ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.

    മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ പോർച്ചുഗൽ ഗോൾവേട്ട തുടങ്ങി. സ്പോർട്ടിങ് ക്ലബിന്റെ യുവ പ്രതിരോധതാരമായ ഇനാക്കിയോയാണ് ടീമിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. അതിനു പിന്നാലെ ഖത്തർ ലോകകപ്പിലെ ഹാട്രിക്ക് ഹീറോയായി ഗോൺകാലോ റാമോസ് ടീമിനായി രണ്ടു ഗോളുകൾ കൂടി നേടി. ഇടവേളക്ക് പിരിയും മുൻപ് ഇഞ്ചുറി ടൈമിൽ ഇനാക്കിയോ ഒരു ഗോൾ കൂടി നേടിയതോടെ മത്സരം പൂർണമായും പോർച്ചുഗലിന്റെ കയ്യിലായി.

    രണ്ടാം പകുതിയിൽ ഡിയാഗോ ജോട്ടയിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിലെത്തി. താരം മറ്റൊരു ഗോൾ കൂടി പിന്നീട് നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസും പകരക്കാരായിറങ്ങിയ റിക്കാർഡോ ഹോർട്ട, ജോവോ ഫെലിക്‌സ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിൽ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്‌ത ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം വേറിട്ടു നിൽക്കുന്നതായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

    കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരം നഷ്‌ടമായത്. എന്തായാലും താരത്തിന്റെ അഭാവം യാതൊരു വിധത്തിലും പോർച്ചുഗലിന്റെ ബാധിച്ചില്ലെന്നത് വ്യക്തമാണ്. യൂറോ യോഗ്യത ഗ്രൂപ്പിൽ ആറു മത്സരങ്ങൾ കളിച്ച് ആറിലും വിജയം സ്വന്തമാക്കിയ പോർച്ചുഗൽ ഇരുപത്തിനാലു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

  5. ഒരു മെസിയുണ്ടായിരുന്നെങ്കിൽ പോർച്ചുഗലിന് ലോകകപ്പ് നേടാമായിരുന്നു, മുൻ താരം പറയുന്നു

    Leave a Comment

    ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ പ്രധാന പങ്കു വഹിച്ചത് നായകൻ ലയണൽ മെസി തന്നെയാണ്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി നിരാശയിലേക്ക് പോയ ടീമിനെ തിരിച്ചു കൊണ്ട് വന്നത് രണ്ടാം മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ലയണൽ മെസി നേടിയ മിന്നും ഗോളാണ്. അതിനു ശേഷം പോളണ്ടിനെതിരായ മത്സരത്തിലൊഴികെ എല്ലാ കളിയിലും ഗോൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.

    ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസിയായിരുന്നു. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം അർജന്റീന ടീമിനെ കിരീടത്തിലേക്ക് നയിച്ച താരത്തിന്റെ പ്രകടനത്തെ കഴിഞ്ഞ ദിവസം മുൻ പോർച്ചുഗൽ താരമായ ഡെക്കോ അഭിനന്ദിക്കുകയുണ്ടായി. ലയണൽ മെസിക്കൊപ്പം ബാഴ്‌സയിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർചുഗലിലും കളിച്ച താരമാണ് ഡെക്കോ.

    “അർജന്റീന ലോകകപ്പ് വിജയിച്ചത് അവർക്കൊപ്പം മെസിയുണ്ടായിരുന്നതു കൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ചടത്തോളം പോർച്ചുഗലിൽ മികച്ച താരങ്ങളുടെ ഒരു തലമുറയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ കൂടെ ഒരു മെസി ഉണ്ടായിരുന്നില്ല.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഡെക്കോ പറഞ്ഞു. നിലവിൽ ബാഴ്‌സലോണ ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്ററായി ചുമതല ഏറ്റെടുക്കാനൊരുങ്ങുകയാണ് ഡെക്കോ.

    ഖത്തർ ലോകകപ്പിൽ കഴിഞ്ഞ കുറച്ചു കാലത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുമായാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ മൊറോക്കോയോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങി അവർ ക്വാർട്ടർ ഫൈനലിൽ പുറത്തു പോയി. എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കീഴിൽ ദേശീയ ടീം ചരിത്രത്തിൽ ആദ്യമായി യൂറോ കപ്പ്, നേഷൻസ് ലീഗ് എന്നിങ്ങനെ സുപ്രധാന കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു.

  6. റൊണാൾഡോ തന്നെ കിംഗ്, പോർച്ചുഗലിന്റെ വീണ്ടും രക്ഷിച്ച് നായകൻ

    Leave a Comment

    യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിന് വിജയം നേടിക്കൊടുത്ത് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. പോർച്ചുഗലിന്റെ തടുത്തു നിർത്തുന്നതിൽ ഐസ്‌ലാൻഡ് വിജയിച്ചെങ്കിലും എൺപത്തിയൊമ്പതാം മിനുട്ടിൽ റൊണാൾഡോ വിജയഗോൾ നേടുകയായിരുന്നു.

    അവസാനമിനുട്ടുകളിൽ ഗോളിനായി തീവ്രമായ ശ്രമങ്ങൾ പോർച്ചുഗൽ നടത്തിയപ്പോൾ ബോക്‌സിലേക്ക് വന്ന പന്ത് ഇനാഷിയോ  റൊണാൾഡോക്ക് നൽകുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഗോൾകീപ്പറെ കീഴടക്കുകയും ചെയ്‌തു. ഓഫ്‌സൈഡ് സംശയം ഉള്ളതിനാൽ റഫറി പരിശോധിച്ചതിനു ശേഷമാണ് ഗോൾ അനുവദിച്ചത്. പോർചുഗലിനായി ആദ്യത്തെ ഗോൾ നേടിയതു പോലെയാണ് റൊണാൾഡോ അതാഘോഷിച്ചത്.

    പോർചുഗലിനായി റൊണാൾഡോ കളിച്ച ഇരുനൂറാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. മറ്റൊരു ഫുട്ബോൾ താരവും ഇരുനൂറു ഫുട്ബോൾ മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടില്ല. ഇക്കാര്യത്തിൽ താരത്തിന് ഗിന്നസ് റെക്കോർഡും സ്വന്തമായിരുന്നു. തന്റെ ഇരുന്നൂറാം അന്താരാഷ്‌ട്ര മത്സരം ഗോളോടെ ആഘോഷമാക്കാൻ താരത്തിന് കഴിഞ്ഞു.

    ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്നതിനൊപ്പം ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. മുപ്പത്തിയെട്ടാം വയസിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. അടുത്ത യൂറോ കപ്പ് കിരീടം ലക്ഷ്യമിടുന്ന താരത്തിന് മികച്ച പ്രകടനം ടീമിനൊപ്പം നടത്താൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

  7. റൊണാൾഡോയുടെ ബൂട്ടുകളുടെ ഗോൾവർഷം തുടരുന്നു, പോർച്ചുഗലിന് വമ്പൻ ജയം

    Leave a Comment

    പോർച്ചുഗൽ ദേശീയടീമിനു വേണ്ടിയുള്ള ഉജ്ജ്വലപ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയപ്പോൾ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ലക്സംബർഗിനെതിരെ പോർച്ചുഗൽ വിജയം നേടിയത്. ഇത് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് റൊണാൾഡോ പോർചുഗലിനായി രണ്ടു ഗോൾ നേടുന്നത്.

    മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് റൊണാൾഡോ ആദ്യഗോൾ നേടുന്നത്. നുനോ മെൻഡസ് നൽകിയ ഹെഡർ പാസ് ഒന്ന് വലയിലേക്ക് തട്ടിയിടുക മാത്രമേ താരത്തിന് ചെയ്യേണ്ടി വന്നുള്ളൂ. അതിനു പിന്നാലെ ജോവോ ഫെലിക്‌സ്, ബെർണാർഡോ സിൽവ എന്നിവരും ഗോൾ കണ്ടെത്തി. മുപ്പത്തിയൊന്നാം മിനുട്ടിൽ ലക്‌സംബർഗ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബ്രൂണോ നൽകിയ ക്രോസിൽ റൊണാൾഡോ രണ്ടാമത്തെ ഗോളും നേടി.

    ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിലെത്തിയ പോർച്ചുഗൽ റൊണാൾഡോയെ അറുപത്തിയഞ്ചാം മിനുട്ടിൽ റൊണാൾഡോയെ പിൻവലിച്ചില്ലായിരുന്നെങ്കിൽ താരം ഹാട്രിക്ക് തികച്ചേനെ. അതിനു ശേഷം ഒറ്റാവിയോ, റാഫേൽ ലിയാവോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റു ഗോളുകൾ നേടിയത്. ലിയാവോ എടുത്ത പെനാൽറ്റി ഗോൾകീപ്പർ രക്ഷപ്പെടുത്തുന്നതും മത്സരത്തിൽ കണ്ടു. പകരക്കാരനായിറങ്ങിയ എസി മിലാൻ താരം മികച്ച പ്രകടനമാണ് നടത്തിയത്.

    മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഇന്റർനാഷണൽ ടോപ് സ്‌കോറർ, കരിയർ ഗോൾ എന്നിവയുടെ എണ്ണത്തിൽ തന്റെ റെക്കോർഡ് റൊണാൾഡോ വീണ്ടും വർധിപ്പിച്ചു. ദേശീയ ടീമിനായി ഇനിയും തനിക്ക് പലതും ചെയ്യാനുണ്ടെന്നും താരം തെളിയിച്ചു. അടുത്ത യൂറോ കപ്പ് ലക്ഷ്യമിടുന്ന പോർച്ചുഗൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. പരിശീലകനെന്ന നിലയിൽ റോബർട്ടോ മാർട്ടിനസിന്റെ തുടക്കവും മികച്ചതാക്കാൻ കഴിഞ്ഞു.

  8. ലോകകപ്പിൽ ബെഞ്ച് ചെയ്യപ്പെട്ടതിനോട് റൊണാൾഡോ പ്രതികരിച്ചതെങ്ങിനെ, സഹതാരം വെളിപ്പെടുത്തുന്നു

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിരാശപ്പെടുത്തിയ സമയത്തിന് ശേഷം ഖത്തർ ലോകകപ്പിനായി പോർച്ചുഗൽ ടീമിലെത്തുമ്പോൾ ക്ലബിലുണ്ടായ ക്ഷീണം തീർക്കാമെന്നാണ് റൊണാൾഡോ കരുതിയതെങ്കിലും അതല്ല സംഭവിച്ചത്. ഖത്തർ ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരത്തിന് പിന്നീടൊരു മത്സരത്തിലും ഗോൾ കണ്ടെത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തിന് ശേഷമുള്ള രണ്ടു മത്സരങ്ങളിലും റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായതുമില്ല.

    ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലൊരു താരത്തെ നിർണായകമായ മത്സരത്തിൽ ബെഞ്ചിലിരുത്തിയ പരിശീലകന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ അതിനെതിരെ ലൂയിസ് ഫിഗോ അടക്കമുള്ളവർ സംസാരിക്കുകയും ചെയ്‌തു. എന്നാൽ ബെഞ്ചിലിരുന്നതിൽ അതൃപ്‌തി ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ ടീമിനോട് സഹകരിക്കാൻ മടിയൊന്നും കാണിച്ചില്ലെന്നാണ് സഹതാരം വില്യം കാർവാലോ പറയുന്നത്.

    “സങ്കീർണ്ണമായ സാഹചര്യമായിരുന്നു അത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് താരം പോർച്ചുഗലിൽ എത്തിയത്. പക്ഷേ മാനേജർ താരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി, ക്രിസ്റ്റ്യാനോ അതിൽ അസ്വസ്ഥനാകുന്നത് സാധാരണമാണ്. ഏതൊരു കളിക്കാരനും അങ്ങിനെയാകും. ആരും ബെഞ്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല”

    “ ബെഞ്ചിലായി പോയതിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു, പക്ഷേ താരം ടീമിനൊപ്പം തന്നെ നിന്നു. കളിക്കുന്നില്ലെങ്കിലും, എപ്പോഴും ഞങ്ങളെ സഹായിച്ചു. ക്രിസ്റ്റ്യാനോയുടെ പ്രശ്‌നങ്ങളിൽ നിന്നും എങ്ങനെ വേർപെട്ടു മുന്നോട്ടു പോകാമെന്ന് ടീമിന് അറിയാമായിരുന്നു, അത് ആരെയും ബാധിച്ചില്ല.” കാർവാലോ പറഞ്ഞു.

    പോർച്ചുഗൽ പരിശീലകൻ സാന്റോസിനെ കുറിച്ച് നല്ല അഭിപ്രായമാണ് കാർവാലോ നടത്തിയത്. ടീമിന് വളരെയധികം നേട്ടങ്ങൾ അദ്ദേഹം ഉണ്ടാക്കിയെന്നു പറഞ്ഞ കാർവാലോ വളരെ മതിപ്പുണ്ടെന്നും പറഞ്ഞു. ലോകകപ്പിന് ശേഷം സാന്റോസ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞിരുന്നു, റോബർട്ടോ മാർട്ടിനസാണ്‌ നിലവിലെ പരിശീലകൻ.

     

  9. പോർച്ചുഗലിൽ ഇനി കളിക്കുമോ, പുതിയ പരിശീലകനായി ചർച്ചകൾ നടത്തി റൊണാൾഡോ

    Leave a Comment

    ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഈ സീസൺ മോശമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർചുഗലിലും പകരക്കാരനായി മാറേണ്ടി വന്ന താരത്തിന് ക്ലബിനും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തു പോയതിനു ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്. ഫുട്ബോൾ ആരാധകർ ആരും പ്രതീക്ഷിക്കാത്ത ട്രാൻസ്‌ഫറായിരുന്നു അത്.

    ലോകകപ്പിന് ശേഷം ഫെർണാണ്ടോ സാന്റോസിനു പകരക്കാരനായി റോബർട്ടോ മാർട്ടിനസ് എത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കിയത്. ലോകകപ്പിൽ തന്നെ താരം അവസാനത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. അതുകൊണ്ടു തന്നെ പുതിയ പരിശീലകൻ താരത്തെ ദേശീയ ടീമിൽ പരിഗണിക്കുന്നതിൽ വിമുഖത കാണിക്കുമോയെന്ന് ഏവരും കരുതിയിരുന്നു.

    എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് കാണാൻ റോബർട്ടോ മാർട്ടിനസ് സൗദി അറേബ്യയിൽ എത്തിയിരുന്നു. ഈ സമയത്ത് പോർച്ചുഗൽ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് റൊണാൾഡോ പുതിയ പരിശീലകനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ തന്നെയാണ് റോബർട്ടോ മാർട്ടിനസ് ഒരുങ്ങുന്നത്.

    ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയെ 2024 യൂറോ വരെ ടീമിൽ മാർട്ടിനസ് പ്രതീക്ഷിക്കുന്നുണ്ട്. യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾ ആരംഭിക്കാനിരിക്കെ താരത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ടീം തന്നെയാണ് റോബർട്ടോ മാർട്ടിനസ് ഒരുക്കുന്നത്. മാർച്ചിലാണ്‌ ആദ്യത്തെ യോഗ്യത മത്സരങ്ങൾ. ലീച്ചേൻസ്റ്റീൻ, ലക്‌സംബർഗ് എന്നീ ടീമുകളെയാണ് പോർച്ചുഗൽ നേരിടുക.

    നിലവിൽ 118 ഗോളുകളോടെ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിൽ തുടരുക വഴി തന്റെ റെക്കോർഡ് ഇളക്കം തട്ടാതെ സൂക്ഷിക്കാൻ താരത്തിന് കഴിയും. അതേസമയം പോർച്ചുഗൽ ടീമിൽ തന്റെ സ്ഥാനം ഭദ്രമാക്കാൻ നിലവിൽ കളിക്കുന്ന അൽ നസ്ർ ക്ലബിനൊപ്പം താരം മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

  10. പോർച്ചുഗലിന് പുതിയ പരിശീലകൻ, ഇനി റോബർട്ടോ മാർട്ടിനസ് പറങ്കിപ്പടയെ നയിക്കും

    Leave a Comment

    ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റു പുറത്തായതിനു പിന്നാലെ പരിശീലകസ്ഥാനമൊഴിഞ്ഞ ഫെർണാണ്ടോ സാന്റോസിനു പകരക്കാരനെ കണ്ടെത്തി പോർച്ചുഗൽ. സ്‌പാനിഷ്‌ പരിശീലകനായ റോബർട്ടോ മാർട്ടിനസിനെയാണ് അവർ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇക്കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു റോബർട്ടോ മാർട്ടിനസ്.

    പോർച്ചുഗൽ ഫുട്ബോളിൽ എക്കാലവും തിളങ്ങി നിൽക്കുന്ന പേരാണ് മുൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെത്. പോർച്ചുഗലിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടമായ 2016 യൂറോ കപ്പ് നേടുമ്പോൾ അദ്ദേഹമായിരുന്നു പരിശീലകൻ. അതിനു ശേഷം 2018-19 സീസണിൽ ടീമിന് പ്രഥമ യുവേഫ നേഷൻസ് ലീഗ് കിരീടവും അദ്ദേഹം സമ്മാനിച്ചു. എന്നാൽ ടീമിനു മികച്ച നേട്ടങ്ങൾ സ്വന്തമാക്കി നൽകുമ്പോഴും കളിക്കുന്ന രീതിയുടെ പേരിലും താരങ്ങളെ കൃത്യമായി ഉപയോഗിക്കാത്തതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

    സാന്റോസിനു ലഭിച്ച ഏറ്റവും മികച്ച പോർച്ചുഗൽ സ്ക്വാഡായിരുന്നു ഇത്തവണത്തേത്. ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ വമ്പൻ വിജയമാണ് നേടിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പ് കാണിച്ച മൊറോക്കോയോട് തോറ്റു ടീം പുറത്തായി. ഇതിനു ശേഷം നോക്ക്ഔട്ട് മത്സരങ്ങളിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനു അദ്ദേഹത്തിനു നേരെ വിമർശനമുണ്ടായി. അതിനു പിന്നാലെ അദ്ദേഹം പുറത്തു പോവുകയും ചെയ്‌തു.

    സാന്റോസിനു പകരക്കാരനായി മാർട്ടിനസ് എത്തുമ്പോൾ എന്ത് മാറ്റമാണ് പോർച്ചുഗൽ ടീമിന് സംഭവിക്കുകയെന്നറിയില്ല. 2016 മുതൽ 2022 വരെ ബെൽജിയം ടീം പരിശീലകനായിരുന്ന അദ്ദേഹത്തിന് ഏറ്റവും മികച്ച  ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. 2018 ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനത്തെത്തിയതു മാത്രമാണ് അദ്ദേഹത്തിന് കീഴിൽ ഉണ്ടാക്കിയ വലിയ നേട്ടം. ഈ ലോകകപ്പിൽ ബെൽജിയം ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോവുകയും ചെയ്‌തു.

    സ്വാൻസി, വിഗാൻ അത്‌ലറ്റിക്, എവർട്ടൺ എന്നീ ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിലെത്തുന്നത്. സ്വാൻസിക്കൊപ്പം ഫുട്ബോൾ ലീഗ് വണും വിഗാൻ അത്ലറ്റിക്കിനൊപ്പം എഫ്എ കപ്പും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ അദ്ദേഹത്തിന് എങ്ങിനെ ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടറിയാം.