Tag Archive: Pep Guardiola

  1. റെക്കോർഡ് ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ മെസി സഹായിച്ചു, വെളിപ്പെടുത്തലുമായി പെപ് ഗ്വാർഡിയോള

    Leave a Comment

    കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യൻ താരമായ ജോസ്കോ ഗ്വാർഡിയോളിന്റെ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയത്. ഒരു പ്രതിരോധതാരത്തിനു ഇന്നുവരെ നൽകിയ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ തുകയാണ് മാഞ്ചസ്റ്റർ സിറ്റി ലീപ്‌സിഗ് താരത്തിനായി നൽകിയത്. തൊണ്ണൂറു മില്യൺ യൂറോയാണ് ക്രൊയേഷ്യൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ.

    ജോസ്കോ ഗ്വാർഡിയോളിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മുൻപ് നടത്തിയ പരാമർശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗ്വാർഡിയോളിനു നൽകേണ്ട ട്രാൻസ്‌ഫർ ഫീസ് കുറയാൻ ലയണൽ മെസി കാരണമായിട്ടുണ്ടെന്നാണ് ഗ്വാർഡിയോള പറഞ്ഞത്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ മെസി നടത്തിയ പ്രകടനത്തെയാണ് ഗ്വാർഡിയോള പരാമർശിച്ചത്.

    ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിളങ്ങി നിന്ന താരമായിരുന്നു ജോസ്കോ ഗ്വാർഡിയോൾ. എന്നാൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി താരത്തെ വട്ടം കറക്കിയിരുന്നു. അർജന്റീന നേടിയ മൂന്നാമത്തെ ഗോളിന് മെസി അസിസ്റ്റ് നൽകിയത് ജോസ്‌കോയെ നിഷ്പ്രഭമാക്കിയാണ്. ഇതേക്കുറിച്ചാണ് ഗ്വാർഡിയോള സൂചിപ്പിച്ചത്.

    അതേസമയം ഗ്വാർഡിയോൾ കൂടി വന്നതോടെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം വളരെ ശക്തമായിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റിയാദ് മഹ്റാസും ഗുൻഡോഗനും അടക്കമുള്ള താരങ്ങളെ നഷ്‌ടമായെങ്കിലും ഇക്കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ട്രെബിൾ നേട്ടം ആവർത്തിക്കാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ സിറ്റി ഈ സൈനിങ്ങിലൂടെ വ്യക്തമാക്കുന്നത്.

  2. ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുന്നു, മെസിക്കൊപ്പം ഒരുമിക്കാൻ സാധ്യത

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണ് കടന്നു പോകുന്നത്. 2009 മുതലുള്ള ഒൻപതു വർഷക്കാലയളവിൽ പ്രീമിയർ ലീഗിലെ സാമ്പത്തിക നയങ്ങളെ മാഞ്ചസ്റ്റർ സിറ്റി മറികടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത് ക്ലബ്ബിനെ ബാധിച്ചിട്ടുണ്ട്. സംഭവത്തെ മാഞ്ചസ്റ്റർ സിറ്റി നേതൃത്വം നിഷേധിച്ചുവെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടന്ന് അത് സത്യമാണെന്ന് കണ്ടെത്തിയാൽ മാഞ്ചസ്റ്റർ സിറ്റിയെ അത് രൂക്ഷമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

    റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഉണ്ടായിട്ടുള്ള കണ്ടെത്തലുകൾ സത്യമാണെന്ന് തെളിഞ്ഞാൽ പോയിന്റ് വെട്ടിക്കുറക്കലോ ചിലപ്പോൾ ക്ലബിൽ നിന്നുള്ള പുറത്താക്കലോ അവർ നേരിടേണ്ടി വന്നേക്കും. ഈയൊരു സാഹചര്യത്തെ നേരിടുന്നതിനാൽ തന്നെ നിലവിലെ പരിശീലകനായ പെപ് ഗ്വാർഡിയോള ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. ഫിനാൻഷ്യൽ നയങ്ങളുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി നേതൃത്വം തന്നോട് നുണ പറഞ്ഞാൽ ക്ലബ് വിടുമെന്ന് ഗ്വാർഡിയോള മാസങ്ങൾക്ക് മുൻപേ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

    പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ ആ അവസരം ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. നേരത്തെ സിനദിൻ സിദാനെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗ്വാർഡിയോളയുടെ സേവനം ലഭ്യമാണെങ്കിൽ അതിൽ മാറ്റമുണ്ടാകുമെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഗ്വാർഡിയോളയെ പിഎസ്‌ജി സ്വന്തമാക്കുമെന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

    ഗ്വാർഡിയോള പിഎസ്‌ജിയിൽ എത്തുകയാണെങ്കിൽ ലയണൽ മെസിയും അദ്ദേഹവും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകൾ കൂടിയാണുണ്ടാകുന്നത്. ലയണൽ മെസിയെ ഇന്ന് കാണുന്ന സൂപ്പർതാരമായി വളർത്താൻ പ്രധാന പങ്കു വഹിച്ചിട്ടുള്ള പരിശീലകനാണ് ഗ്വാർഡിയോള. ഇരുവരും വീണ്ടും ഒരുമിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. അതേസമയം മെസി ഇതുവരെയും പിഎസ്‌ജി കരാർ പുതുക്കിയിട്ടില്ല. ഗ്വാർഡിയോള എത്തുകയാണെങ്കിൽ മെസി കരാർ പുതുക്കാനും തയ്യാറാകുമെന്നുറപ്പാണ്.

  3. ആ കിരീടമില്ലാതെ എന്റെ ക്ലബ് കരിയര്‍ പൂര്‍ണമാകില്ല, തുറന്ന് പറഞ്ഞ് പെപ് ഗ്വാര്‍ഡിയോള

    Leave a Comment

    മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പെപ് ഗ്വാര്‍ഡിയോളയെന്ന പരിശീലകന് കീഴില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തുന്നത്. ഇതിനകം നാല് പ്രീമിയര്‍ലീഗ് കിരീടം സ്വന്തമാക്കിയ സംഘം ഈസീസണിലും കിരീടപോരാട്ടത്തില്‍ മുന്നില്‍തന്നെയുണ്ട്.

    കഴിഞ്ഞമാസം ക്ലബ് മാനേജ്‌മെന്റ് സ്പാനിഷ് മുന്‍താരവുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയടീമാക്കിമാറ്റിയ കോച്ച് പക്ഷെ ക്ലബിലെ തന്റെ കരിയറില്‍ പൂര്‍ണ്ണ സംതൃപ്തനല്ല. 2016 മുതല്‍ സിറ്റിയെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടംസ്വന്തമാക്കാനായില്ലെന്നതാണ് കാരണം. 2020-21 സീസണില്‍ റണ്ണേഴ്‌സപ്പായതാണ് യു.എസി.എലിലെ മികച്ചനേട്ടം.


    അതേസമയം, ബാഴ്‌സലോണ മാനേജറായിരുന്ന കാലയളവില്‍ 2008-09, 2010-11 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണ കിരീടംനേടാനുള്ള കഠിനപ്രയത്‌നത്തിലാണ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് 16 പ്രവേശനം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ക്ലബ് ആര്‍.ബി ലെയ്പ്‌സിംഗിനെയാണ് നേരിടുക. 2008-12 സീസണില്‍ ബാഴ്‌സലോണയെ പരിശീലിപ്പിച്ച പെപ് ഗ്വാര്‍ഡിയോള സ്പാനിഷ് ക്ലബിനായി നിരവധി കിരീടങ്ങളാണ് നേടികൊടുത്തത്.

    2013-2016 സീസണില്‍ ബയേണ്‍ മ്യൂണിക് പരിശീലകനായ 51 കാരന്‍ ജര്‍മ്മന്‍ ക്ലബിനുവേണ്ടിയും കിരീടങ്ങള്‍ നേടിയെടുത്തു. തുടര്‍ന്ന് റെക്കോര്‍ഡ് തുകക്കാണ് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകനെ മാഞ്ചസ്റ്റര്‍ സിറ്റി കൂടാരത്തിലെത്തിച്ചത്. ലീഗ് കപ്പില്‍ നാളെ പുലര്‍ച്ചെ 1.30ന് ലിവര്‍പൂളിനെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ലീഗില്‍ 29ന് ലീഡ്‌സ് യുണൈറ്റഡുമായാണ് അടുത്തമത്സരം. നിലവില്‍ 14 കളിയില്‍ നിന്ന് പത്ത് വിജയവുമായി 32 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ് സിറ്റി. 14കളിയില്‍ 12 വിജയവുമായി 37 പോയന്റുള്ള ആഴ്‌സനലാണ് ഒന്നാമത്.

  4. ഇത് വളരെയധികം ബുദ്ധിമുട്ടി നേടിയ കിരീടം, ഈ സ്‌ക്വാഡിൽ ഒരുപാട് അഭിമാനിക്കുന്നുവെന്നു പെപ്‌ ഗാർഡിയോള

    Leave a Comment

    ലൈസസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ഈ സീസണിലെ പ്രീമിയർലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ പെപ്‌ ഗാർഡിയോളക്ക് കീഴിൽ മൂന്നാമത്തെ കിരീടമാണ് മാഞ്ചസ്റ്റർ സിറ്റിയും സംഘവും കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.

    ഈ സീസണിലെ കിരീടമാണ് നേടാൻ ഏറ്റവും ബുദ്ദിമുട്ടേറിയതെന്നാണ് പരിശീലകൻ പെപ്‌ ഗാർഡിയോള വ്യക്തമാക്കിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഇത് യാഥാർഥ്യമാക്കിയ തന്റെ സ്‌ക്വാഡിനെയും സ്റ്റാഫുകളെയും പ്രശംസിക്കാനും ഗാർഡിയോള മറന്നില്ല. കിരീടവിജയത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഈ സീസണും പ്രീമിയർലീഗ് കിരീടവും മുമ്പത്തെക്കാൾ വളരെയധികം സവിശേഷതയുള്ളതാണ്. ഇതായിരുന്നു ഏറ്റവും ബുദ്ദിമുട്ടേറിയത്. ലീഗ് നേടിയ രീതികൊണ്ട് തന്നെ ഈ സീസൺ എപ്പോഴും ഞങ്ങളുടെ ഓർമയിലുണ്ടാവും. ഈ താരങ്ങളുടെ മാനേജരാവാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നുണ്ട്.”

    “അവരെല്ലാം വളരെയധികം വിശേഷപ്പെട്ടവരാണ്. ഇത്തരം ബുദ്ദിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിച്ച് കളിയിലെ നിലവാരം നിലനിർത്തിയത് ശ്രദ്ധേയമായ കാര്യമാണ്. മികച്ച മനശക്തിയോടെ ഓരോ ദിവസവും പോരാടിയ അവർ ഒരിക്കലും പിൻവാങ്ങാൻ ആഗ്രഹിക്കാത്തവരായി നിലകൊണ്ടു. ” പെപ്‌ പറഞ്ഞു.

  5. എംബാപ്പെ, നെയ്മറിനെക്കുറിച്ചാലോചിച്ചു ഉറക്കം പോലും വരുന്നില്ല, സെമി ഫൈനലിനെക്കുറിച്ച് ഗാർഡിയോള

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജിയുടെ തട്ടകത്തിൽ ചാമ്പ്യൻസ്‌ലീഗ് ഒന്നാം പാദ സെമി ഫൈനൽ പോരാട്ടത്തിനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് പിഎസ്‌ജി ഇറങ്ങുകയെന്നത് സിറ്റിക്ക് കൂടുതൽ സമ്മർദ്ദമേക്കുന്നുണ്ട്.

    അപകടകാരികളായ നെയ്മറും എംബാപ്പെയും തന്നെയായിരിക്കും പിഎസ്‌ജിയുടെ വജ്രായുധങ്ങൾ. അതിനെക്കുറിച്ചു തന്നെയാണ് പെപ്‌ ഗാർഡിയോളയും വാചാലനാകുന്നത്. അതിനെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാനായില്ലെന്നാണ് പെപ്‌ ഗാർഡിയോള വെളിപ്പെടുത്തിയത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ” ഞാൻ എപ്പോഴും ഈ കളിക്കാരുടെ ഗുണഗണങ്ങളിൽ വിശ്വസിക്കുന്നവനാണ്. അവർക്ക് അത് കൂടുതലുണ്ട്. ഞാൻ ഇന്നലെ നന്നായി ഉറങ്ങാൻ ശ്രമിച്ചു. അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കു അതിന് കഴിയുന്നില്ല.”

    “അവിശ്വസനീയ താരങ്ങളാണവർ. അവരുടെ ഗുണഗണങ്ങളും. ഞങ്ങൾ അവരെ പിടിച്ചുകെട്ടാൻ തയ്യാറായി നിൽക്കുകയാണ്. അവരെ ഒരു ടീമായി തന്നെ പ്രതിരോധിക്കും. മികച്ച കളി തന്നെ കാഴ്ച്ചവെച്ചു ഗോൾ നേടാൻ ശ്രമിക്കും.” ഗാർഡിയോള പറഞ്ഞു.

  6. ഞങ്ങളുടെ തോൽവിയായിരിക്കും പ്രധാന വാർത്ത, തിരിച്ചുവരവാണ് ലക്ഷ്യമെന്ന് പെപ്‌ ഗാർഡിയോള

    Leave a Comment

    സിറ്റിക്കെതിരായി പ്രീമിയർ ലീഗിൽ നടന്ന യുണൈറ്റഡിൻ്റെ മാഞ്ചസ്റ്റർ ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മികച്ച വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഒലെയും സംഘവും. ഇതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് യുണൈറ്റഡ് അവസാനം കുറിച്ചിരിക്കുന്നത്. സിറ്റിയോട് വിജയം നേടാനായെങ്കിലും ഇപ്പോഴും പതിനൊന്ന് പോയിൻ്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുകയാണ് മാഞ്ചസ്റ്റർ യുണെറ്റഡ്.

    യുണൈറ്റഡിനോട് തോൽവിലയേറ്റു വാങ്ങേണ്ടി വന്നെങ്കിലും ഗാർഡിയോള ഇപ്പോഴും കിരീടം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണുള്ളത്. വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്താൻ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗാർഡിയോള. തോൽക്കുമെന്നു കരുത വെസ്റ്റ്ഹാമിനെതിരായ മത്സരത്തേക്കാൾ മികച്ച കളിയാണ് യുണൈറ്റഡിനെതിരെ കളിച്ചതെന്നും പെപ്പ് പറഞ്ഞു. മത്സരശേഷം തോൽവിയെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗാർഡിയോള.

    “ഞങ്ങൾ പരാജയപ്പെട്ടതുകൊണ്ട് തന്നെ നാളത്തെ വാർത്തയിൽ ഞങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ ശരിയായ വാർത്ത 21 അപരാജിത കുതിപ്പിനെക്കുറിച്ചായിരിക്കണമായിരുന്നു. ഞങ്ങൾ ഇനി ചെയ്യേണ്ടതെന്താണെന്നു വെച്ചാൽ ഒരു തിരിച്ചു വരവാണ്. നാളെ ഞാൻ എൻ്റെ ടീമിനോട് ഇതിനെക്കുറിച്ച് സംസാരിക്കില്ല.”

    ” അടുത്ത ദിവസവും സംസാരിക്കില്ല. സതാംപ്ടണെതിരായ മത്സരത്തിനു ശേഷമേ അവർ മികച്ചതായിരുന്നുവെന്ന് അവരോട് ചർച്ച ചെയ്യുകയുള്ളൂ. ഇത് ഞങ്ങളുടെ കയ്യിൽ തന്നെയാണുള്ളത്. അവർക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. ഞങ്ങൾ നാലോ അഞ്ചോ മത്സരങ്ങൾ തോൽക്കേണ്ടതുമുണ്ട്. ഇനി എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്.” ഗാർഡിയോള പറഞ്ഞു.

  7. ബയേണിനെ ഏഴാം കിരീടത്തിനു വെല്ലുവിളിച്ച് പെപ്‌, മെസിയെയും ടീമിനെയും കൂട്ടിവരാമെന്നു പെപ്‌ ഗാർഡിയോള

    Leave a Comment

    ബാഴ്സക്ക് ശേഷം ലൂക്ക ക്ലബ്ബ് ഫുട്ബോളിലെ ആറു കിരീടങ്ങളും നേടിയെടുക്കുന്ന രണ്ടാമത്തെ ക്ലബ്ബായി മാറിയിരിക്കുകയാണ് ബയേൺ മ്യൂണിക്ക്. മെക്സിക്കൻ ക്ലബ്ബായ ടൈഗ്രസിനെതിരായ ക്ലബ്ബ് വേൾഡ് കപ്പ്‌ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനു വിജയം സ്വന്തമാക്കുകയായിരുന്നു. റൈറ്റ്ബാക്കായ ബെഞ്ചമിൻ പവാർഡാണ് ബയേൺ മ്യൂണിക്കിന്റെ ഏക ഗോൾ സ്വന്തമാക്കിയത്.

    9 മാസത്തിനിടക്ക് ബയേൺ മ്യൂണിക്ക് നേടുന്ന ആറാമത്തെ കിരീടംമാണിത്. ഇതോടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് മുൻ ബയേൺ പരിശീലകനും ബാഴ്സക്കൊപ്പം ആറു കിരീടങ്ങൾ നേടിയ പെപ്‌ ഗാർഡിയോളക്കൊപ്പമെത്തിയിരിക്കുകയാണ്. ഈ അവിസ്മരണീയ നേട്ടം കൈവരിച്ചതിനു ഹാൻസി ഫ്ലിക്കിനു ഗാർഡിയോള ആശംസകൾ നേരുകയും ചെയ്തു. ബയേൺ മ്യൂണിക്കിനെ ആശംസിച്ചു കൊണ്ട് ട്വിറ്ററിൽ പെപ്‌ ഗാർഡിയോള ഒരു പോസ്റ്റ് ഇടുകയും ചെയ്തു. ഒരു ഏഴാം കിരീടത്തിനായി വെല്ലുവിളി നടത്താനും പെപ്‌ ഗാർഡിയോള മറന്നില്ല.

    “ഈ അവിസ്മരണീയ വിജയത്തിനു ബയേൺ കുടുംബത്തിന് ആശംസകൾ നേരുന്നു. ക്ലബ്ബ് വേൾഡ് കപ്പ്‌ നേടിയെടുത്തതിലും പ്രത്യേകിച്ചും ആറു കിരീടങ്ങൾ നേടിയതിനും. ഞങ്ങളും അഭിമാനിക്കുന്നു. ഞാനും വളരെയധികം അഭിമാനം കൊള്ളുന്നുണ്ട്. ഈ അവിശ്വസനീയമായ കാര്യത്തിന് പ്രത്യേകിച്ചും ഹാൻസി ഫ്ലിക്കിലും ബാക്ക്റൂം സ്റ്റാഫിലും അഭിമാനം തോന്നുന്നു.”

    എനിക്ക് ഹാൻസി ഫ്ലിക്കിനോട് പറയാനുള്ളത് നിങ്ങളാണ് തുടർച്ചയായി ആറു കിരീടങ്ങളും നേടുന്ന രണ്ടാമത്തെ ക്ലബ്ബെന്നതാണ്. നിങ്ങൾക്ക് മുൻപ് അത് ബാഴ്സലോണയായിരുന്നു. മെസിയെയും ടീമിനെയും വിളിച്ചു ഒരു ഏഴാമത്തെ കിരീടത്തിനു വേണ്ടിയൊരു മത്സരം നമ്മൾ കളിച്ചാൽ എങ്ങനെയുണ്ടായിരിക്കും? എപ്പോഴാണ് എവിടെയാണെന്ന് പറ ഞങ്ങൾ അവിടെ ഉണ്ടാവും. ” ഗാർഡിയോള പറഞ്ഞു.

  8. അഞ്ചു താരങ്ങളെ നഷ്ടപ്പെട്ടിട്ടും ചെൽസിയെ തകർത്ത് സിറ്റി, പഴയ താളം കണ്ടെത്തിയെന്ന് ഗാർഡിയോള

    Leave a Comment

    ചെൽസിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർപ്പൻ വിജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. കോവിഡ് പിടിപെട്ടത് മൂലം അഞ്ചു പ്രധാനതാരങ്ങളെ നഷ്ടപ്പെട്ടിട്ടും ചെൽസിക്കെതിരെ അത്യുജ്വല പ്രകടനമാണ് പെപ്‌ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കാഴ്ച വെച്ചത്. ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിലെത്താൻ സിറ്റിക്ക് സാധിച്ചു.

    ഇകായ് ഗുണ്ടോഗന്റെയും ഫിൽ ഫോഡന്റെയും കെവിൻ ഡിബ്രൂയ്നെയുടെയും തകർപ്പൻ ഗോളുകളാണ് ആദ്യപകുതിയിൽ തന്നെ മത്സരം സിറ്റിയുടെ വരുതിയിലെത്തിച്ചത്. മത്സരത്തിന്റെ അവസാനം ഹഡ്സൺ ഒഡോയിയിലൂടെ ചെൽസി ഒരു ഗോൾ മടക്കിയെങ്കിലും വിജയത്തിനത് അനിവാര്യമായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി പഴയ താളം കണ്ടെത്തിയിരിക്കുന്നുവെന്നാണ് മത്സരശേഷം പെപ്‌ ഗാർഡിയോള അഭിപ്രായപ്പെട്ടത്.

    പഴയ സിറ്റിയായുള്ള തിരിച്ചു വരവാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.”ഇതു പഴയ അതേ ടീം തന്നെയാണ്. അതേ മാനേജർ, അതേ കോച്ചിംഗ് സ്റ്റാഫ്‌. എന്റെ അസിസ്റ്റന്റ് കോച്ച് ഒന്ന് ചെറുതായി മാറിയിട്ടുണ്ട്. പക്ഷെ താരങ്ങളെല്ലാം പഴയതു പോലെ തന്നെയാണ് ആശയങ്ങളും. ഞങ്ങൾ ലീഗും കിരീടങ്ങളും നേടിയ സമയത്തെ അതേ കളിയാണ് ഇന്നും കളിച്ചത്. പണ്ടെങ്ങോ നഷ്ടപ്പെട്ട ആ താളം ഇന്നു ഞങ്ങൾക്ക് തിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.” പെപ്‌ പറഞ്ഞു

    ടോട്ടനത്തിനെതിരായ 2 ഗോളിന്റെ തോൽവിക്കു ശേഷം ഏഴു മത്സരങ്ങളിൽ അഞ്ചു വിജയവും രണ്ടു സമനിലയും നേടാൻ സിറ്റിക്കു സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്(20) മാത്രമേ സിറ്റിയേക്കാൾ(17) പോയിന്റ് ലീഗിൽ സ്വന്തമാക്കിയിട്ടുള്ളു. ബുധനാഴ്ച നടക്കാനിരിക്കുന്ന ഇഎഫ്എൽ സെമി ഫൈനൽ മത്സരത്തിൽ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് സിറ്റി.

  9. അഞ്ചു സൂപ്പർതാരങ്ങളില്ലാതെ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി, ഗാർഡിയോളക്ക് വൻ തിരിച്ചടി

    Leave a Comment

    താരങ്ങൾക്ക് കോവിഡ് പിടിപെട്ടത് പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ദുർബലമാക്കിയിരിക്കുകയാണ്. ചെൽസിക്കെതിരെ നാളെ നളക്കാനിരിക്കുന്ന പുതുവർഷത്തിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ അഞ്ച് താരങ്ങളെ കോവിഡ് മൂലം നഷ്ടമായെന്നു പെപ്‌ ഗാർഡിയോളയാണ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഓരോ മത്സരങ്ങളിലും ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതു മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.

    ക്രിസ്തുമസ് ദിനത്തിൽ പ്രതിരോധതാരം കൈൽ വാൽക്കറെയും ആക്രമണ നിരയിൽ നിന്നും ഗബ്രിയേൽ ജീസസിനേയും കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈനിലാക്കിയെന്നു സിറ്റി ഔദ്യോഗികമായി അറിയിച്ചത്. എന്നാലിപ്പോൾ മൂന്നു താരങ്ങൾ കൂടി നഷ്ടമായെന്നു പെപ്‌ ഗാർഡിയോള സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു.

    “ഇപ്പോൾ അഞ്ചായിട്ടുണ്ട്. അഞ്ചു കളിക്കാരാണ് ഇപ്പോൾ പത്തു ദിവസത്തേക്ക് ഐസൊലേഷനിൽ തുടരുന്നത്. ഒപ്പം കുറച്ചു പേരും. ആദ്യം വന്ന കുറച്ചു പേരെ റിലീസ് ചെയ്തിട്ടുണ്ട്. അതിൽ നാലെണ്ണത്തിൽ രണ്ടു പേർക്ക് വീണ്ടും വന്നിരുന്നു. രണ്ടാമത് ഇപ്പോൾ മൂന്നെണ്ണം കൂടി അതിലേക്ക് ചേർന്നിട്ടുണ്ട്.” ഗാർഡിയോള വ്യക്തമാക്കി.

    പരിക്ക് മൂലം മുന്നേറ്റനിരയിലെ പ്രധാന താരമായ സെർജിയോ അഗ്വേറോയേയും കുറച്ചു കാലമായി സിറ്റിയിൽ നിന്നും പുറത്തായിരുന്നു. അതിനു പിന്നാലെയാണ് ഗബ്രിയേൽ ജീസസിനേയും അക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ച കൈൽ വാക്കറെയും കൂടി പെപ്പിനു നഷ്ടമായിരിക്കുന്നത്. പ്രീമിയർ ലീഗ് അനുവദിക്കാത്തതിനാൽ ബാക്കി മൂന്നു താരങ്ങൾ ആരാണെന്നുള്ളത് പെപ്‌ ഗാർഡിയോള പുറത്തു വിട്ടിട്ടില്ല. നാളെ അറിയാനാകുമെന്നാണ് പെപ്‌ ഗാർഡിയോള വ്യക്തമാക്കിയത്.

  10. ഫുട്ബോൾ ജീവിതം മാറ്റി മറിച്ച ഏറ്റവും മികച്ച രണ്ടു പരിശീലകരെ വെളിപ്പെടുത്തി ലയണൽ മെസി

    Leave a Comment

    സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിൽ തന്നെ പരിശീലിപ്പിച്ച പ്രിയപ്പെട്ട പരിശീലകന്മാരെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസി. സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോർദി ഇവോലെയുമായുള്ള അഭിമുഖത്തിന്റെ യഥാർത്ഥ പതിപ്പ് ഇന്നു പുറത്തിറങ്ങിയേക്കും. അഭിമുഖത്തിന്റെ ചിലഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

    2008 മുതൽ 2012 സീസൺ വരെ മെസിയെ പരിശീലിപ്പിച്ച പരിശീലകനാണ് പെപ്‌ ഗാർഡിയോള. ബാഴ്സയുടെ സുവർണ കാലഘട്ടമായ ഈ കാലയളവിൽ 14 കിരീടങ്ങൾ ബാഴ്സയ്ക്കൊപ്പം നേടാൻ ലയണൽ മെസിക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിഗതമായി നോക്കുകയാണെങ്കിൽ മൂന്നു ബാലൺ ഡിയോറും രണ്ടു യൂറോപ്യൻ ഗോൾഡൻ ബൂട്ടുകളും രണ്ടു പിച്ചിച്ചി അവാർഡുകളും നേടാൻ മെസിക്ക് സാധിച്ചിട്ടുണ്ട്.

    എന്നാൽ ലൂയിസ് എൻരിക്കെക്കൊപ്പം 2014 മുതൽ 2017 വരെയാണ് മെസിക്ക് കളിക്കാനായിട്ടുള്ളത്. ആ കാലയളവിൽ 9 കിരീടങ്ങൾ ബാഴ്‌സക്ക് നേടാനായിട്ടുണ്ട്. വ്യക്തിഗതമായി ഒരു ബാലൺ ഡിയോറും ഒരു യൂറോപ്യൻ ഗോൾഡൻ ബൂട്ടും ഒരു പിച്ചിച്ചിയും നേടാൻ ലയണൽ മെസിക്ക് സാധിച്ചിട്ടുണ്ട്. രണ്ടു മികച്ച പരിശീലകന്മാരും തന്നെ മാനസികമായും ശരീരികമായും ഒരുപാട് വളർത്തിയെന്നും മെസി അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

    “പെപ്പിനു എന്തൊക്കെയോ പ്രത്യേകതകളുണ്ടായിരുന്നു. അദ്ദേഹം വ്യത്യസ്തമായ രീതിയിൽ കാര്യങ്ങളെ കാണുന്ന ആളായി നിങ്ങളെ മാറ്റും. എങ്ങനെയാണു പ്രതിരോധപരമായും ആക്രമണപരമായും എങ്ങനെയാണു ഒരുങ്ങേണ്ടതെന്നു പഠിപ്പിക്കും. മത്സരം എങ്ങനെയായിരിക്കുമെന്നും എങ്ങനെ അറ്റാക്ക് ചെയ്തു വിജയിക്കാമെന്നും അദ്ദേഹം നിങ്ങൾക്ക് പറഞ്ഞു തരും. ലൂയിസ് എൻറിക്വക്കൊപ്പവും പെപ് ഗ്വാർഡിയോളക്കൊപ്പവും പരിശീലിച്ചതി ൽ ഞാൻ ഭാഗ്യവാനാണ്. രണ്ട് പേരും മികച്ചവരാണ്. എന്നെ ശരീരികമായും മാനസികമായും വളരാൻ സഹായിച്ചത് അവരാണ്. തന്ത്രപരമായ വിജ്ഞാനവും അവർ എനിക്കു നൽകി.” മെസ്സി പറഞ്ഞു.