Tag Archive: Newcastle United

  1. പിഎസ്‌ജിയുടെ കരുത്തിനെ ഇടിച്ചു തകർത്ത് ന്യൂകാസിൽ, ഫ്രഞ്ച് വമ്പന്മാർ ഞെട്ടി

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യൂറോപ്പിലെ കരുത്തരായ ടീമുകളിൽ ഒന്നായ പിഎസ്‌ജിയെ തകർത്ത് വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിലെത്തിയ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിൽ യുണൈറ്റഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ലബ് വിജയം സ്വന്തമാക്കിയത്. പിഎസ്‌ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ തോൽവി.

    അത്യന്തം ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയെങ്കിലും മത്സരത്തിൽ ന്യൂകാസിൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തു. ആദ്യപകുതിയിൽ തന്നെ മത്സരം ഏറെക്കുറെ തീരുമാനമായിരുന്നു. പതിനേഴാം മിനുട്ടിൽ ഒരു റീബൗണ്ടിലൂടെ പാരഗ്വായ് താരം മിഗ്വൽ ആൽമിറോനാണ് ന്യൂകാസിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം മുപ്പത്തിയൊമ്പതാം മിനുട്ടിൽ ഡിഫൻഡർ ഡാൻ ബേൺ ഒരു ഹെഡറിലൂടെ ന്യൂകാസിലിന്റെ ലീഡ് വർധിപ്പിച്ചു.

    രണ്ടാം പകുതിയിൽ പിഎസ്‌ജി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അൻപതാം മിനുട്ടിൽ തന്നെ ഗോൾ നേടി ന്യൂകാസിൽ യുണൈറ്റഡ് ആ പ്രതീക്ഷകളെ പൂർണമായും ഇല്ലാതാക്കി. സീൻ ലോങ്സ്റ്റാഫാണ് ഗോൾ കുറിച്ചത്. അതിനു പിന്നാലെ ലൂക്കാസ് ഹെർണാണ്ടസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് പിഎസ്‌ജി ചെറിയൊരു പ്രതീക്ഷ നൽകിയെങ്കിലും ഇഞ്ചുറി ടൈമിൽ ഫാബിയാണ് ഷാർ കൂടി ഗോൾ നേടിയതോടെ ന്യൂകാസിൽ വിജയം അവരുടേത് മാത്രമാക്കി.

    മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിലിനു പുറമെ പിഎസ്‌ജി, എസി മിലാൻ, ഡോർട്ട്മുണ്ട് എന്നീ ക്ലബുകളുള്ള ഗ്രൂപ്പ് എഫ് മരണഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ന്യൂകാസിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗ്രൂപ്പിൽ മൂന്നു പോയിന്റുള്ള പിഎസ്‌ജി രണ്ടാമതും രണ്ടു പോയിന്റുള്ള മിലാൻ മൂന്നാമതുമാണ്. ഒരു സമനില മാത്രം നേടിയ ഡോർട്ട്മുണ്ട് അവസാന സ്ഥാനത്ത് നിൽക്കുന്നു.

  2. മെസിക്ക് മുന്നിൽ നിരവധി യൂറോപ്യൻ ക്ലബുകളുടെ ഓഫറുകൾ, പിഎസ്‌ജിയിൽ താരമിനി തുടരില്ല

    Leave a Comment

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന വിവാദസംഭവങ്ങളോടെ ഇനി പിഎസ്‌ജിയിൽ തുടരില്ലെന്ന് ലയണൽ മെസി ഉറപ്പിച്ചിട്ടുണ്ട്. ഒരാഴ്‌ച മുൻപ് വരെ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും ഇനി കരാർ പുതുക്കില്ലെന്ന് ലയണൽ മെസി തീരുമാനിച്ചു കഴിഞ്ഞു.

    ലയണൽ മെസി ഇനി എവിടേക്ക് ചേക്കേറുമെന്നതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു തടസമാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാതെ ലാ ലിഗ മെസിയെ കൊണ്ടുവരാനുള്ള നീക്കത്തിന് അനുമതി നൽകുകയുമില്ല.

    ലയണൽ മെസിയെ സംബന്ധിച്ച് ഇനിയുള്ള സാധ്യതകൾ സൗദിയും അമേരിക്കൻ ലീഗുമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതങ്ങിനെയല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന് താരത്തിൽ താൽപര്യമുണ്ടെന്നും അവർ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

    സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ് ന്യൂകാസിൽ യുണൈറ്റഡുള്ളത്. നിലവിൽ സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ലയണൽ മെസി. അതുകൊണ്ടു തന്നെ നിലയിൽ സൗദി ക്ലബിലേക്കു ചേക്കേറാൻ മെസി നടത്തുന്ന ചർച്ചകൾ ന്യൂകാസിൽ യുണൈറ്റഡിലേക്ക് വരുന്നതിനു വേണ്ടിയാകാൻ സാധ്യതയുണ്ട്.

    അതിനു പുറമെ ചെൽസിയും താരത്തിനായി രംഗത്തുണ്ട്. പണം ചിലവഴിക്കാൻ ഒരു മടിയുമില്ലാത്ത ചെൽസിയുടെ ഉടമ ക്ലബിന്റെ ഉയർത്തഴുന്നേൽപ്പാണ്‌ മെസിയെ ടീമിലെത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ മെസി അത് പരിഗണിക്കാൻ സാധ്യതയില്ല.

    ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ മെസി അവിടേക്ക് തന്നെയാകും പോവുക. എന്നാൽ അതിനായി കൂടുതൽ കാത്തിരിക്കാൻ സാധ്യതയില്ല. മെസിയുടെ കരാർ ജൂണോടെ അവസാനിക്കുമെന്നതിനാൽ കൂടുതൽ ക്ലബുകൾ താരത്തിനായി രംഗത്ത് വരുമെന്ന കാര്യത്തിലും സംശയമില്ല.

  3. ഒരൊറ്റ കുതിപ്പിൽ മറികടന്നത് ഏഴോളം താരങ്ങളെ, അവിശ്വസനീയ ഡ്രിബ്ലിങ്ങും അസിസ്റ്റുമായി ന്യൂകാസിൽ താരം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികിലേക്ക് ഒന്നുകൂടി അടുത്തിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് എവർട്ടനെയാണ് ന്യൂകാസിൽ യുണൈറ്റഡ് മത്സരത്തിൽ കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത ന്യൂകാസിൽ അതിന്റെ ബാക്കിയാണ് ഇന്നലെ പുറത്തെടുത്തത്.

    മത്സരത്തിനു ശേഷം വാർത്തകളിൽ നിറയുന്നത് ന്യൂകാസിൽ യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങായ അലക്‌സാണ്ടർ ഇസക്ക് നടത്തിയ ഡ്രിബ്ലിങ്ങും അസിസ്റ്റുമാണ്. മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പകരക്കാരനായാണ് ഇസക്ക് കളിക്കളത്തിൽ ഇറങ്ങിയത്. എൺപത്തിയൊന്നാം മിനുറ്റിൽ ജേക്കബ് മർഫി നേടിയ ഗോളിന് താരം നൽകിയ അസിസ്റ്റ് ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒന്നായിരുന്നു.

    മധ്യവരക്കടുത്തു നിന്നും പന്തുമായി ഇടതുലൈനിനരികിലൂടെ കുതിച്ച ഇസക്ക് കോർണറിന്റെ അടുത്ത് വെച്ച് തന്നെ തടുക്കാൻ വന്ന മൂന്നു താരങ്ങളെ മറികടന്നത് അവിശ്വസനീയമായ കാഴ്‌ച തന്നെയായിരുന്നു. അതിനു ശേഷം ലൈനിനരികിലൂടെ രണ്ടു താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറിയ താരം പന്ത് മർഫിക്ക് കൈമാറി. വലയിലേക്ക് അതൊന്നു തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ മർഫിക്ക് ഉണ്ടായിരുന്നുള്ളൂ. ന്യൂകാസിലിന്റെ നാലാമത്തെ ഗോളാണ് താരം നേടിയത്.

    മത്സരത്തിൽ കല്ലം വിൽസൺ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോലിന്റൻ ഒരു ഗോൾ നേടി. വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം തന്നെ ക്ലബ് റെക്കോർഡ് ട്രാൻസ്ഫറിൽ ടീമിലെത്തിച്ചതിനു മികച്ച പ്രകടനത്തിലൂടെ തിരിച്ചു നൽകാൻ ഇസാക്കിന് കഴിയുന്നുണ്ട്. ഈ സീസണിൽ ആകെ പതിനൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പത്ത് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് റയൽ സോസിഡാഡിൽ നിന്നും സ്വീഡിഷ് താരം ന്യൂകാസിലിൽ എത്തിയത്.

  4. ഇനി വലിയ കളികൾ, വമ്പൻ തുക മുടക്കി ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആധിപത്യം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അതിനു വളരെ കൃത്യമായാണ് മുന്നോട്ടു പോകുന്നത്. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം ലോകത്തിലെ തന്നെ ഏറ്റവും പണമുള്ള ക്ലബായി മാറിയ ന്യൂകാസിൽ കഴിഞ്ഞ സീസൺ പകുതിയാകുമ്പോൾ അവസാന സ്ഥാനങ്ങളിൽ ആയിരുന്നെങ്കിൽ ഈ സീസണിൽ ടോപ് ഫോറിലാണ് നിൽക്കുന്നത്.

    ചാമ്പ്യൻസ് ലീഗ് യോഗ്യത ടോട്ടനത്തെ തകർത്തെറിഞ്ഞ് ന്യൂകാസിൽ ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ അടുത്ത സീസണിൽ കൂടുതൽ മികച്ച താരങ്ങളെ എത്തിച്ച് ടീമിനെ വീണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ന്യൂകാസിൽ നടത്തുമെന്നുറപ്പാണ്. സമ്മർ ജാലകത്തിലെ ഏറ്റവും വലിയ ട്രാൻസ്‌ഫർ ലക്ഷ്യത്തേയും അവർ തീരുമാനിച്ചിട്ടുണ്ട്.

    ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ മുന്നേറ്റനിര താരമായ റാഫിന്യയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രധാന ലക്‌ഷ്യം. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ ശ്രമം നടത്തിയിരുന്നെങ്കിലും റാഫിന്യ ബാഴ്‌സലോണയെ തിരഞ്ഞെടുത്തു. സാവിയുടെ പദ്ധതികളിൽ പ്രധാനിയായി മാറാൻ കഴിഞ്ഞ താരം ഈ സീസണിൽ പതിനെട്ടു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.

    ലോകകപ്പിന് ശേഷം ഗംഭീര ഫോമിൽ കളിക്കുന്ന റാഫിന്യയെ വിൽക്കാൻ ബാഴ്‌സലോണയ്ക്ക് താൽപര്യമില്ലെങ്കിലും ടീമിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം അവരതിന് മുതിരുമെന്നു റിപ്പോർട്ടുകളുണ്ട്. പ്രീമിയർ ലീഗിലെ ക്ലബുകൾക്ക് താരത്തെ വിറ്റാൽ വലിയ തുക ലഭിക്കുമെന്നതിലും ബാഴ്‌സക്ക് കണ്ണുണ്ട്. ലീഡ്‌സ് യുണൈറ്റഡിൽ മുൻപ് കളിച്ചിട്ടുള്ള റാഫിന്യക്ക് പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുണ്ട്.

  5. മുൻ പ്രീമിയർ ലീഗ് താരം ക്രിസ്റ്റ്യൻ അറ്റ്സു തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഏജന്റ്

    Leave a Comment

    ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വ്യാപകമായ നാശം വിതക്കുകയും പതിനായിരങ്ങൾ മരണപ്പെടാൻ കാരണമാവുകയും ചെയ്‌ത ഭൂകമ്പത്തിൽ മുൻ പ്രീമിയർ ലീഗ് താരമായ ക്രിസ്റ്റ്യൻ അറ്റ്സു മരണമടഞ്ഞതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. തുർക്കിഷ് ക്ലബായ ഹടായ്സ്പോറിനു വേണ്ടി കളിക്കുന്ന താരം താമസിച്ചിരുന്ന ഫഫ്ലാറ്റ് ഭൂകമ്പത്തിൽ തകർന്നതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി അറ്റ്സുവിന്റെ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

    ഭൂകമ്പം നടന്നതിനു ശേഷം അറ്റ്സു അപകടത്തിൽ പെട്ടിരിക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും താരത്തെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകളും അതിനു പിന്നാലെ വന്നിരുന്നു. എന്നാൽ അതിനു ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴും താരത്തെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ലെന്ന ഏജന്റിന്റെ വെളിപ്പെടുത്തൽ ആശങ്കയാണ് സമ്മാനിച്ചത്. ഇന്ന് അറ്റ്‌സുവിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്‌തു.

    അറ്റ്‌സുവിന്റെ ഏജന്റായ മുറാത്താണ് പ്രസ്‌താവനയിലൂടെ താരത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഹടായ് നഗരത്തിൽ അറ്റ്സു താമസിച്ചിരുന്ന ഫ്ലാറ്റ് തകർന്നതിന്റെ അവശിഷ്‌ടങ്ങളുടെ ഇടയിൽ നിന്നും താരത്തിന്റെ മൃതദേഹം ലഭിച്ചുവെന്നും ഒപ്പം മൊബൈൽ ഫോണും കിട്ടിയിട്ടുണ്ടെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു. ഘാന താരത്തിന്റെ മറ്റു വസ്‌തുക്കൾ ലഭിക്കാനുണ്ടെന്നും അതിനായി തിരച്ചിൽ തുടരുന്നുണ്ടെന്നും ഏജന്റ് അറിയിച്ചു.

    കഴിഞ്ഞ വർഷമാണ് സൗദി ലീഗിൽ കളിച്ചു കൊണ്ടിരുന്ന അറ്റ്സു തുർക്കിയിലേക്ക് വന്നത്. മൂന്നു മത്സരങ്ങളിൽ മാത്രമേ താരം ക്ലബിനായി കളിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമായിരുന്നു അറ്റ്സു. ചെൽസിക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഘാന താരമായ അറ്റ്സു ദേശീയ ടീമിനായി 65 മത്സരങ്ങൾ കളിച്ച് പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.

  6. ഒരുജയം അകലെ കിരീടം; ന്യൂകാസിലിനെ കാത്തിരിക്കുന്നത് അരനൂറ്റാണ്ടിലെ അപൂര്‍വ്വനേട്ടം

    Leave a Comment

    ലണ്ടന്‍: സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി കരബാവോ കപ്പ് ഫൈനല്‍ പ്രവേശനം നേടി ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ്. 1969ന് ശേഷം പ്രധാന കിരീടം നേടാനുള്ള അത്യപൂര്‍വ്വ അവസരമാണ് ഇതോടെ ക്ലബിന് കൈവന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-നോട്ടിംഗ് ഹാം ഫോറസ്റ്റ് രണ്ടാംസെമിയിലെ വിജയികളാകും കലാശപോരാട്ടത്തിലെ എതിരാളികള്‍.

    1969ല്‍ ഇന്റര്‍ സിറ്റീസ് ഫെയേഴ്‌സ് കപ്പുയര്‍ത്തിയ ശേഷം സ്വന്തംകളിമുറ്റമായ സെന്റ് ജെയിംസ് പാര്‍ക്കിലേക്ക് കിരീടമെത്തിക്കാന്‍ ന്യൂകാസിലിനായില്ല. അരനൂറ്റാണ്ടിന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നത്.

    1999ല്‍ എഫ്.എ കപ്പ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനോട് തോറ്റ് പുറത്തായി. ചെകുത്താന്‍മാര്‍ക്കെതിരെ മധുരപ്രതികാരത്തിനുള്ള അവസരംകൂടിയാണിത്. നിലവില്‍ പ്രീമിയര്‍ലീഗിലും ന്യൂകാസില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പോയന്റ് ടേബിളില്‍ മൂന്നാംസ്ഥാനത്താണ്.

    കളിയില്‍ 10ജയവും ഒന്‍പത് സമനിലയുംനേരിട്ട ക്ലബ് ഒരു മത്സരത്തില്‍മാത്രമാണ് തോറ്റത്. പ്രീമിയര്‍ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും ചെല്‍സിയും ലിവര്‍പൂളുമെല്ലാം ന്യൂകാസിലിന് താഴെയാണ്. സീന്‍ ലോങ് സ്റ്റാഫിന്റെ ഇരട്ട ഗോളിലാണ് ടീം വിജയം നേടിയത്. ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമറൈസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായി ചുരുങ്ങിയിട്ടും പിടിച്ചുനില്‍ക്കുകയായിരുന്നു. ആദംസിലൂടെ സതാംപ്ടണ്‍ ആശ്വാസഗോള്‍കണ്ടെത്തി.

  7. സിറ്റിക്കും ചെല്‍സിയ്ക്കും പിന്നാലെ മറ്റൊരു ടീംകൂടി രംഗത്ത്; നെയ്മറിനായി സര്‍പ്രൈസ് നീക്കങ്ങള്‍

    Leave a Comment

    ലണ്ടന്‍: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ പി.എസ്.ജി വില്‍ക്കാനൊരുങ്ങുന്നതായി വാര്‍ത്തവന്നതിന് പിന്നാലെ ഇംഗ്ലണ്ടിലെ പ്രധാന ക്ലബുകളുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും താരത്തിനായി രംഗത്തെത്തിയിരുന്നു.നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തുക കുറക്കാന്‍ ക്ലബ് ഒരുക്കമാണാണെന്നും സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ന്യൂകാസില്‍ യുണൈറ്റഡും താരത്തില്‍ കണ്ണുവെച്ചിട്ടുണ്ടെന്ന വാര്‍ത്തപുറത്തുവരുന്നു.

    നിലവില്‍ ഈസീസണില്‍ പ്രീമിയര്‍ലീഗില്‍ മിന്നും പ്രകടനം നടത്തുന്ന ന്യൂകാസില്‍ യുണൈറ്റഡ് പോയന്റ് ടേബിളില്‍ മൂന്നാംസ്ഥാനത്താണ്. പ്രമുഖ ക്ലബുകളെയെല്ലാം അട്ടിമറിച്ച് മുന്നേറുന്ന ന്യൂകാസിലിന് ഇതുവരെയായി 18 കളിയില്‍ നിന്ന് 35 പോയന്റാണുള്ളത്. ബ്രസീല്‍ ടീമിലെ സഹതാരങ്ങളായ ബ്രൂണോ ഗ്യിമാറെസും ജോയ്‌ലിന്‍ടെണും ന്യൂകാസിലിനായി മികച്ച പ്രകടനമാണ് നടത്തുന്നത്.

    മികച്ച ഫോമിലുള്ള മെസിയും എംബാപെയും മുന്നേറ്റത്തിലുള്ളപ്പോള്‍ നെയ്മറിന്റെ അഭാവം വലിയതോതില്‍ ബാധിക്കില്ലെന്നാണ് പി.എസ്.ജി മാനേജ്‌മെന്റ് കരുതുന്നത്. കഴിഞ്ഞ സീസണലും നെയ്മറിനെ വില്‍ക്കാന്‍ പി.എസ്.ജി രംഗത്തുവന്നിരുന്നെങ്കിലും ഭീമന്‍തുക നല്‍കാന്‍ ആരുംതയാറായില്ല.

    2017ല്‍ 200 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയത്. ബാഴ്‌സലോണയില്‍ നിന്നാണ് താരം ഫ്രഞ്ച് ക്ലബിലെത്തിയത്. എന്നാല്‍ ആദ്യസീസണില്‍ പരിക്ക് കാരണം പലപ്പോഴും ടീമിന് പുറത്തായ സൂപ്പര്‍താരം ഈ സീസണില്‍ ഗോളടിച്ചും അവസരമൊരുക്കിയും നിറഞ്ഞുകളിക്കുകയാണ്. ആറു സീസണുകളിലായി 165 മത്സരങ്ങളില്‍ നിന്നായി 115 ഗോളാണ് സ്വന്തമാക്കിയത്.

  8. റൊണാൾഡോക്ക് മുന്നിൽ അവസാനത്തെ വാതിലുമടഞ്ഞു, യൂറോപ്പിലേക്ക് തിരിച്ചെത്താമെന്നുള്ള പ്രതീക്ഷ ഇനിയില്ല

    Leave a Comment

    ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയൊരു മോഹമായിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോറിൽ എത്താൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ താരം ശ്രമിച്ചതും അതുകൊണ്ടു തന്നെയാണ്. എന്നാൽ താരത്തിന്റെ നീക്കങ്ങളൊന്നും ഫലം കാണാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരേണ്ടി വന്ന റൊണാൾഡോ ഒടുവിൽ ഒട്ടും ആഗ്രഹിച്ച രീതിയിലല്ല അവിടെ നിന്നും പടിയിറങ്ങിയത്. ക്ലബിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.

    മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോയെ ഇനി യൂറോപ്യൻ ലീഗിൽ കാണാൻ കഴിയില്ലെന്ന നിരാശയിൽ ആരാധകർ നിൽക്കുന്ന സമയത്താണ് താരത്തിന്റെ കരാറിലുള്ള ക്ലോസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഉടമകളായ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ റൊണാൾഡോ അൽ നസ്ർ വിട്ട് ന്യൂകാസിൽ യുണൈറ്റഡിലെത്തുമെന്നും അവിടെ കളിക്കാൻ കഴിയുമെന്നുമുള്ള ഉടമ്പടി താരം ഒപ്പു വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

    ഈ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ റൊണാൾഡോ ആരാധകർക്ക് ആശ്വാസമായിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്നും റൊണാൾഡോ പ്രീമിയർ ലീഗിലേക്കും ചാമ്പ്യൻസ് ലീഗിലേക്കും തിരിച്ചു വരുമെന്നും അവർ കരുതി. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ മുഴുവൻ ഇല്ലാതാക്കുന്ന പ്രതികരണമാണ് കഴിഞ്ഞ ദിവസം ന്യൂകാസിൽ പരിശീലകൻ എഡ്ഡീ ഹോവേ നടത്തിയത്. റൊണാൾഡോക്ക് പുതിയ ക്ലബിൽ എല്ലാ ആശംസകളും നേർന്ന അദ്ദേഹം താരത്തെ ന്യൂകാസിൽ സ്വന്തമാക്കുമെന്ന ഉടമ്പടി സത്യമല്ലെന്നും വ്യക്തമാക്കി.

    യൂറോപ്പിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ അൽ നസ്റിലെത്തിയതിനു ശേഷമുള്ള പത്രസമ്മേളനത്തിൽ റൊണാൾഡോ തള്ളിക്കളഞ്ഞിരുന്നു. യൂറോപ്പിൽ താൻ എല്ലാ പ്രധാനപ്പെട്ട ക്ലബുകൾക്കു വേണ്ടിയും കളിച്ചുവെന്നും എല്ലാ റെക്കോർഡുകളും തകർത്തുവെന്നും പറഞ്ഞ താരം ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ തകർക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. യൂറോപ്പിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും ഇനി റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നതെങ്കിലും ആരാധകർ താരത്തെ കാത്തിരിക്കും എന്നതിൽ സംശയമില്ല.

  9. അൽ നസ്‌റുമായി അപൂർവ ക്ലോസ്, റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നം അവസാനിച്ചിട്ടില്ല

    Leave a Comment

    ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയ ആഗ്രഹമായിരുന്നു. ഇതിനു വേണ്ടി താരം കഴിഞ്ഞ സമ്മറിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ചു. എന്നാൽ ക്ലബ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്നതും പ്രധാന ക്ലബുകളൊന്നും റൊണാൾഡോക്കായി ശ്രമം നടത്താതിരുന്നതും താരത്തിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ  യുണൈറ്റഡ് കരാർ റദ്ദ് ചെയ്‌തതിനു ശേഷവും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

    തന്റെ ലക്ഷ്യങ്ങൾ നടക്കാതെ വന്നതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റൊണാൾഡോ ചേക്കേറിയത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഈ കരാറോടെ ലോകത്തിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരനായി റൊണാൾഡോ മാറിയെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ നിന്നും ഏഷ്യൻ ഫുട്ബോളിലേക്ക് ചുവടു മാറ്റിയതോടെ താരത്തിന്റെ കരാർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. എന്നാൽ അതങ്ങിനെയല്ലെന്നും റൊണാൾഡോ വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

    സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബുമായി റൊണാൾഡോ ഒപ്പിട്ട കരാറിൽ ഒരു അപൂർവ ഉടമ്പടിയുണ്ട്. ഇത് പ്രകാരം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയാൽ അവർക്കു വേണ്ടി കളിക്കാൻ റൊണാൾഡോക്ക് കഴിയും. സൗദി അറേബ്യൻ ക്ലബ്ബിലേക്കുള്ള ട്രാൻസ്‌ഫറിനു റൊണാൾഡോ സമ്മതം മൂളിയത് ഒന്നും കാണാതെയല്ലെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    2030 ലോകകപ്പിനായി ശ്രമം നടത്തുന്ന സൗദി അറേബ്യ റൊണാൾഡോയെ അംബാസിഡറാക്കി അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്താനാണ് ഒരുങ്ങുന്നത്. ഇതുവരെയും താരം അതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പു വെച്ചിട്ടില്ലെങ്കിലും ന്യൂകാസിൽ യുണൈറ്റഡിൽ കളിക്കുന്നത് അതിന്റെ ഭാഗമായി താരം ആവശ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ഈ അഭ്യൂഹങ്ങൾ ശക്തമായാൽ അടുത്ത സീസണിൽ താരം പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വീണ്ടും കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

    നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. കൃത്യമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യതയുമുണ്ട്. അതേസമയം പ്രീമിയർ ലീഗ്  ഭാഗമാകാൻ തന്റെ ഫോം റൊണാൾഡോ തെളിയിക്കണം. ഈ സീസണിൽ സൗദി അറേബ്യൻ ക്ലബിനൊപ്പം അതായിരിക്കും താരത്തിന്റെ പ്രധാനപ്പെട്ട ലക്‌ഷ്യം.

  10. എണ്ണപ്പണം ന്യൂകാസിലില്‍ ഒഴുകില്ല, ക്ലബ്ബ് ഏറ്റെടുക്കുന്നതിൽ നിന്നും സൗദി പിന്മാറി

    Leave a Comment

    പ്രീമിയർലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുക്കുന്നതിൽ നിന്നും സൗദി അറേബ്യ ആസ്ഥാനമാക്കിയുള്ള കൺസോർഷ്യം പിൻമാറി. ഈ കൺസോർഷ്യത്തിൽ സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌, പിസിപി ക്യാപിറ്റൽ പാർട്ണേഴ്സ്, റ്യൂബെൻ ബ്രദേഴ്സ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

    300 മില്യൺ പൗണ്ടിന് നിലവിലെ ഉടമസ്ഥനായ മൈക്ക് ആഷ്ലിയിൽ നിന്നും ക്ലബ്ബ് വാങ്ങാൻ ഏപ്രിലിൽ ഈ കൺസോർഷ്യം ധാരണയിൽ എത്തിയിരുന്നു. അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഡോക്യുമെൻ്റ്സ് സമർപ്പിച്ചതാണെങ്കിലും പ്രീമിയർ ലീഗ് അധികൃതരുടെ ഇത് സംബന്ധിച്ച പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.

    ഈ നടപടിക്രമം അനന്തമായി നീണ്ട് പോയതോടെയാണ് ഇപ്പോൾ ഈ ഇടപാടിൽ നിന്നും പിന്മാറാൻ സൗദി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഒരു ഔദ്യോഗിക അറിയിപ്പിലൂടെ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ന്യൂകാസിൽ യുണൈറ്റഡ് ആരാധകർക്ക് ഏറെ നിരാശ പകരുന്ന ഒരു തീരുമാനമാണിത്.

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബ് ഈ നീക്കം നടന്നിരുന്നെങ്കിൽ അടിമുടി ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അതാണിപ്പോൾ ഇല്ലാതായിരിക്കുന്നത്. ഏതായാലും സൗദി ഗ്രൂപ്പ് പിന്മാറിയതോടെ അമേരിക്കൻ ബിസിനസ്സുകാരൻ ഹെൻറി മൗറിസ് ക്ലബ്ബ് വാങ്ങാനുള്ള സാധ്യത തെളിഞ്ഞ് വരുന്നതായി BBC സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൻറി മൗറിസ് നേരത്തെയും ന്യൂകാസിൽ യുണൈറ്റഡ് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.