Tag Archive: Mumbi Indians

  1. എന്തൊരു റിവഞ്ച്, സ്റ്റംമ്പൊടിച്ച് നാണംകെടുത്തിയ അര്‍ഷദീപിനോട് തിലക് വര്‍മ്മ ചെയ്തത്

    Leave a Comment

    ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ വലിയ പകവീട്ടാണ് നടന്നത്. പഞ്ചാബ് കിംഗ്‌സ് സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ തെരഞ്ഞ് പിടിച്ച് മുംബൈ ബാറ്റര്‍മാര്‍ കൈകാര്യം ചെയ്യുകയായിരുന്നു. മത്സരത്തില്‍ 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്തതാനായത്.

    ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു പഞ്ചാബ് ബൗളറുടെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം എന്ന നാണംകെട്ട റെക്കോര്‍ഡും അര്‍ഷദീപിന് സ്വന്തമായി. അര്‍ഷ്ദീപിന്റെ പത്തൊമ്പതാം ഓവറില്‍ സിക്‌സും ഫോറും സിക്‌സും പറത്തിയാണ് മുംബൈ താരം തിലക് വര്‍മ്മ ആറാടിയത്.

    ഇതില്‍ വിജയ സിക്‌സ് 102 മീറ്റര്‍ ദൂരത്തേക്കാണ് തിലക് പറപ്പിച്ചത്. സീസണില്‍ ആദ്യം ഇരു ടീമുകളും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 214 റണ്‍സടിച്ചിരുന്നു. അന്ന് അവസാനം വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയ മുംബൈ അര്‍ഷ്ദീപിന്റെ ഡെത്ത് ഓവര്‍ യോര്‍ക്കറുകള്‍ക്ക് മുമ്പിലാണ് 201 റണ്‍സില്‍ വീണത്.

    കൂടാതെ തിലക് വര്‍മയെയയും നെഹാല്‍ വധേരയെയും മരണയോര്‍ക്കറില്‍ വീഴ്ത്തിയ അര്‍ഷ്ദീപ് ഇരുവരുടെയും മിഡില്‍ സ്റ്റംപൊടിക്കുകയും ചെയ്തിരിന്നു. അന്ന് നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷദീപിന്റെ മാരക ബൗളിംഗ് പ്രകടനം.

    കഴിഞ്ഞ ദിവസം ഏത് വിധേനയും അര്‍ഷദീപിനെ ശിക്ഷിക്കാന്‍ തന്നെയായിരുന്നു മുംബൈയുടെ തീരുമാനം. പവര്‍ പ്ലേയില്‍ അര്‍ഷ്ദീപ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ച മുംബൈ വരാനിരിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

    അവസാന നാലോവറില്‍ 37 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ(75) മടക്കിയതോടെ മുംബൈ ഞെട്ടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തില്‍ റണ്ണടിച്ചില്ലെങ്കിലും നാലും അഞ്ചും ആറും പന്തില്‍ സിക്‌സ്, ഫോര്‍, സിക്‌സ് അടിച്ച് കളി മുംബൈയുടെ കൈപ്പിടിയിലാക്കി. ഒടുവില്‍ പത്തൊമ്പതാം ഓവറില്‍ അര്‍ഷ്ദീപിനെ 102 മീറ്റര്‍ ദൂരത്തേക്ക് പായിച്ച് മുംബൈയുടെ ജയം ആധികാരികമാക്കിയതും തിലക് തന്നെയായിരുന്നു

     

  2. മുംബൈ തോല്‍പിച്ചതെല്ലാം ഒന്നാം സ്ഥാനക്കാരെയാണ്, എത്ര തകര്‍ച്ചയിലും തിരിച്ചുവരാന്‍ അവര്‍ക്ക് കഴിവുണ്ട്

    Leave a Comment

    ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇതുവരെ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു ലക്ഷകണക്കിന് വരുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍. ആദ്യ എട്ട് മത്സരത്തില്‍ തോറ്റമ്പി ഇതുവരെയില്ലാത്ത റെക്കോര്‍ഡിട്ട അവര്‍ ഒരു ടീമെന്ന നിലയില്‍ തകര്‍ന്നെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വരെ വിലയിരുത്തിയത്.

    എന്നാല്‍ എത്ര തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന് വരാന്‍ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചാല്‍ തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് തല ഉയര്‍ത്തിയത്.

    ആദ്യമത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമത് നിന്ന രാജസ്ഥാനെ ആണ് തോല്‍പിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളള സാക്ഷാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ അട്ടിമറിച്ചത്. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്തും ഇനിയും കാത്തിരിക്കണം.

    മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ആറ് വി്ക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനെ സാധിച്ചുളളു.

    40 പന്തില്‍ 55 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും 36 പന്തില്‍ 52 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കുവാന്‍ ഗുജറാത്തിനായില്ല. ഇരുവരും ആദ്യ വിക്കറ്റില്‍ 12.1 ഓവറില്‍ 106 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മധ്യനിര അമ്പേ പരാജയപ്പെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. അവസാന ഓവറില്‍ 9 റണ്‍സ് മാത്രം വേണമെന്നിരിക്കെ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഡാനിയേല്‍ സാംസാണ് ആവേശവിജയം മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത്.

    മുരുകന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കീറോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും മുംബൈ ഇന്ത്യന്‍സിനായി സ്വന്തമാക്കി. തെവാത്തിയയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും റണ്ണൗട്ടായത് ഗുജറാത്തിന് തിരിച്ചടിയായി.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 28 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, 29 പന്തില്‍ 45 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 21 പന്തില്‍ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.

    ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രദീപ് സാങ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

  3. തോല്‍വിയ്ക്ക് പിന്നാലെ കൂറ്റന്‍ പിഴയും, രോഹിത്ത് ഇതെങ്ങനെ സഹിയ്ക്കും

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോടും തോറ്റ് തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സിനെ തേടി മറ്റൊരു ദുഖ വാര്‍ത്ത കൂടി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പഞ്ചാബ് കിംഗ്സിനെതിരെ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. കൂടാതെ ടീമംഗങ്ങള്‍ ആറ് ലക്ഷമോ മാച്ച് ഫീസിന്റെ 25%മോ പിഴ നല്‍കണം.

    നേരത്തെ ഡല്‍ഹിക്കെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ രോഹിത്തിന് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവര്‍ത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ രോഹിത്തിന് വിലക്ക് വന്നേക്കും.

    അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ അഞ്ചാം തോല്‍വി നേരിട്ടു. ആവേശപ്പോരില്‍ പഞ്ചാബ് കിംഗ്സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 198 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

    നായകന്‍ രോഹിത് ശര്‍മ്മ 28ഉം ഇഷാന്‍ കിഷന്‍ മൂന്നും റണ്‍സില്‍ പുറത്തായി. ഡിവാള്‍ഡ് ബ്രെവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. തിലക് വര്‍മ്മ 20 പന്തില്‍ 36 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് 10 റണ്ണില്‍ മടങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ഒഡേണ്‍ സ്മിത്തും രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. അനവസരത്തിലുളള രണ്ട് റണ്ണൗട്ടുകളാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

    നേരത്തെ ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിന് തുണയായത്. ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍‌സ്റ്റോ 12ഉം ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 15 പന്തില്‍ 30 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയുടെയും ആറ് പന്തില്‍ 15 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെയും വെടിക്കെട്ട് നിര്‍ണായകമായി.

  4. ഇവന്‍ ബേബിയല്ല, ചഹര്‍ അനുഭവിച്ചറിഞ്ഞു, മരിക്കുവോളം മറക്കില്ല

    Leave a Comment

    ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിനായി ആദ്യ ഓവര്‍ എറിയാനെത്തിയ രാഹുല്‍ ചഹര്‍ ജീവിതത്തില്‍ അത്ര പെട്ടെന്നൊന്നും താന്‍ നേരിട്ട ദുരനുഭവം മറക്കില്ല. ബേബി ഏബിയെന്ന് ലോകം ചുരുക്കപ്പേരിട്ട് വിളിയ്ക്കുന്ന ഡേവാള്‍ഡ് ബ്രെവിഡ് ഡിവില്ലേഴ്‌സിനേയും മറികടക്കുന്ന പ്രകടനമാണ് തന്റെ 19ാം വയസ്സില്‍ കാഴ്ച്ചവെച്ചത്.

    മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് അപരാജിതമായി മുന്നേറുന്ന ബ്രെവിസ്-തിലക് വര്‍മ്മ കൂട്ടുകെട്ടിനെ പൊളിക്കാന്‍ പഞ്ചാബ് നായകന്‍ രാഹുല്‍ ചഹറിനെ നിയോഗിച്ചത്. ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത തിലക് വര്‍മ്മ ബ്രെവിസിന് സ്‌ട്രൈക്ക് കൈമാറി. പിന്നെയെല്ലാം ചരിത്രമായിരുന്നു.

    നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ താരം പിന്നീട് അടുത്ത നാല് പന്തിലും രാഹുല്‍ ചഹറിനെ സിക്‌സ് പറത്തുകയായിരുന്നു. ആ ഓവറില്‍ 29 റണ്‍സാണ് പിറന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് രാഹുല്‍ ചഹര്‍ ഇത്രയും റണ്‍സ് ഒരു ഓവറില്‍ വിട്ട് കൊടുക്കുന്നത്. രുല്‍ ചഹറിനെ അടിച്ച ഒരു സിക്‌സ് പോയത് 112 മീറ്ററാണ് എന്ന് അറിയുമ്പോള്‍ മനസ്സിലാക്കാന്‍ ബ്രെവിസിന്റെ പ്രതിഭയുടെ ആഴം.

    ഐപിഎല്‍ മെഗാ ലേലത്തില്‍ മൂന്ന് കോടി രൂപയ്ക്കായിരുന്നു ബ്രെവിസിനെ മുംബൈ സ്വന്തമാക്കിയത്. മത്സരത്തില്‍ വെറും 25 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. ഒഡേണ്‍ സ്മിത്തിന്റെ ഓവറില്‍ അര്‍ഷദീപ് സിംഗ് പിടിച്ചാണ് അര്‍ഹിച്ച അര്‍ധ സെഞ്ച്വറി ബ്രെവിസിന് നഷ്ടമായത്.

    അതെസമയം ബ്രെവിഡന്റെ ഷോയും മുംബൈയുടെ അഞ്ചാം തോല്‍വി തടയാനായില്ല. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ മുംബൈ 186 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച്ച ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം.

  5. മുംബൈയ്ക്കായി കളിച്ച് തന്നെ എനിക്ക് ഐപിഎല്ലില്‍ നിന്ന് വിരമിക്കണം, മെഗാ ലേലത്തിന് മുമ്പ് പൊള്ളര്‍ഡിന്റെ തുറന്ന് പറച്ചില്‍

    Leave a Comment

    ഐപിഎല്ലിനോടും മുംബൈ ഇന്ത്യന്‍സിനോടും തനിയ്ക്കുളള ഇഷ്ടം തുറന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് ടി20 ടീം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമില്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൊള്ളാര്‍ഡ് തുറന്ന് പറഞ്ഞു.

    ‘മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമില്‍ ടീമില്‍ കളിക്കുവാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമാണ്. ഐപിഎല്ലില്‍ വരുന്ന ചില സീസണിലും പ്രതീക്ഷിക്കുന്ന പോലെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഐപിഎല്ലില്‍ കളി നിര്‍ത്തുന്ന വരെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ തന്നെ തുടരാം എന്നാണ് ഉറച്ച വിശ്വാസവും ആഗ്രഹവും ‘ പൊള്ളാര്‍ഡ് പറഞ്ഞു.

    വരാനിരിക്കുന്ന ഐപില്‍ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുവാനിരിക്കെ പൊള്ളാര്‍ഡിന്റെ വാക്കുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇതോടെ പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

    നിലവില്‍ ദക്ഷിണാഫ്രിക്കയുമായി ടി20 പരമ്പര കളിയ്ക്കുകയാണ് പൊള്ളാര്‍ഡിനെ നേതൃത്വത്തിലുളള വെസ്റ്റിന്‍ഡീസ് ടീം. നാല് മത്സരം കഴിയുമ്പോള്‍ ഇരുടീമുകളും രണ്ട് വീതം ജയം നേടി സമനിലയിലാണ്. അഞ്ചാം മത്സരമാണ് പരമ്പര വിജയികളെ തീരുമാനിക്കുന്നത്.

    അതെസമയം ടി20 ലോകകപ്പില്‍ കിരീട സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ഒന്ന് കൂടിയാണ് വിന്‍ഡീസ്. പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസ് അത്ഭുതങ്ങള്‍ കാഴ്ച്ചവെക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

  6. മുംബൈയെ കിരീടങ്ങളിലെത്തിച്ചത് ആ കുറുക്കന്റെ തന്ത്രം, അധികമാരും അറിയാത്ത രഹസ്യം

    Leave a Comment

    ശരത് കടല്‍മഞ്ഞന്‍

    രോഹിത്, ഡീ കോക്ക്, സൂര്യ കുമാര്‍, ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ഹാര്‍ദിക്, കൃനാല്‍, രാഹുല്‍ ചാഹര്‍, ബോള്‍ട്, ഭുംറ ഇവരൊക്കെ ഉള്‍പ്പെട്ട ഒരു ടീം തുടര്‍ ചാമ്പ്യന്‍മാര്‍ ആവുന്നതില്‍ അത്ഭുതപെടേണ്ട കാര്യമൊന്നുമില്ല,,, നല്ല കളിക്കാരും നല്ല മാനേജ്‌മെന്റും ഐ പി എല്‍ ല്‍ മറ്റു ടീമുകളെ വ്യത്യസ്തമാക്കുന്നു,,,,

    വിലപിടിപ്പുള്ള താരങ്ങള്‍ക്കു പിന്നാലെ പോവാതെ 10കോടിക്ക് മുകളില്‍ ഒരു താരത്തെയും മുംബൈ 13 സീസണുകളിലും വാങ്ങിച്ചിട്ടില്ല. അതൊക്കെ ഒരു മേന്മയായി നിലനില്‍ക്കുന്നു. 10ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഹാര്‍ദിക്, ഭുംറ എന്നിവരെ ടീമിലെടുത്തു ഒരു പക്ഷെ ഒരു ലേലത്തിലേക്കു ഇരുവരെയും പരിഗണിച്ചാല്‍ റെക്കോര്‍ഡ് തുക ഉറപ്പാണ്. മാനേജ് മെന്റിന്റെ കഴിവ് അതാണ്. താരങ്ങള്‍ക്കു സ്വാതന്ത്ര്യം അനുവദിക്കുക അവരുടെ കഴിവ് മെച്ചപ്പെടുത്തുവാന്‍ മികച്ച താരങ്ങളെ തന്നെ കോച്ചുകളായി കൊണ്ട് വരുക. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. പക്ഷെ അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത ഒരു വിശകലനവുമായാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ എത്തിയിരിക്കുന്നത്.

    സച്ചിന്‍ vs വാസ്, സേവാഗ് vs ബ്രാക്കന്‍ or ജോണ്‍സണ്‍, കോഹ്ലി vs ബോള്‍ട്ട്, ദ്രാവിഡ് vs വാസ്,,, ഇന്ത്യന്‍ ബാറ്റസ്മാന്മാര്‍ ഇടതു കയ്യന്‍ പേസ് ബൗളര്‍മാര്‍ക്കെതിരെ എന്നും പുറകില്‍ തന്നെയാണ്. പ്രത്യേകിച്ചു ഇന്ത്യന്‍ വലതു കയ്യന്‍ ബാറ്റസ്മാനമാര്‍. ഇന്ത്യയില്‍ ഏകദേശം 80ശതമാനം കളിക്കാരും വലതു കയ്യന്മാരുമാണ്.

    ഐ പി എല്ലില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആദ്യ 11ല്‍ ഉണ്ടാവണം എന്നാ നിയമം ഉള്ളത് കൊണ്ട് എതിര്‍ ടീമില്‍ മികച്ച രീതിയില്‍ എറിയുന്ന ഒരു ഇടതു കയ്യന്‍ ബൗളര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കും. അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത ഒരു ബുദ്ധിരാക്ഷസന്റെ കൂര്‍മ ബുദ്ധിയില്‍ തെളിഞ്ഞ ഒരു കാര്യമാണിത്. അവിടന്ന് ഇങ്ങോട്ട് ആണ് മുംബൈയുടെ ജൈത്ര യാത്ര തുടങ്ങിയത്.

    ആദ്യ സീസണ്‍ മുതല്‍ തന്നെ ഒരു ഇടതു കയ്യന്‍ പേസര്‍ മുംബൈയില്‍ ഉണ്ടാവും. ആശിഷ് നെഹ്ര, സഹീര്‍ ഖാന്‍, ജെയിംസ് ഫ്രാങ്ക്ളിന്‍, കോറി അന്‍ഡേഴ്‌സണ്‍, മിച്ചല്‍ ജോണ്‍സന്‍, മഗ്ലനാഗന്‍, മുസ്തിഫിസുര്‍, സ്രാന്‍, ബോള്‍ട്ട്. ഈ സീസണില്‍ അര്‍ജുന്‍. ഇതില്‍ വീണു പോയവരുമുണ്ട് പക്ഷെ ചരിത്രം കൊയ്ത കഥകള്‍ ഇവര്‍ക്കു പറയാന്‍ ഉണ്ട് നിരവധി. 113 വിക്കറ്റുകളാണ് ഇവര്‍ എല്ലാം ചേര്‍ന്നു മുംബൈക്ക് വേണ്ടി വീഴ്ത്തിയത്. അതില്‍ 87 എണ്ണവും വലതു കയ്യന്‍ ബാറ്റ്‌സ്ന്മാരാണ് ഇരയായത്. അവിടെയാണ് ഈ പദ്ധതി എത്രത്തോളം വിജയകരമായി എന്ന് നമുക്ക് മനസിലാവുന്നത്

    2013ലെ ജോണ്‍സന്‍, 2020ലെ ബോള്‍ട്ട് ഇവര്‍ ചുമ്മാ തീ ആയിരുന്നു കൂട്ടിനു ഇരുവര്‍ക്കും മലിംഗ & ബുമ്ര എന്ന വലതു കയ്യന്മാരും. സ്രാന്‍, മുസ്തിഫിസുര്‍ എന്നിവര്‍ ഒരു സീസണ്‍ മാത്രം കളിച്ച് മടങ്ങി എങ്കിലും വിജയങ്ങളില്‍ അവരുടെ മുഖ്യ പങ്കു വഹിച്ചിരുന്നു.

    കഴിഞ്ഞ സീസണില്‍ ബോള്‍ട് നേടിയ വിക്കറ്റ് കള്‍ എത്രത്തോളം കിരീടം നില നിര്‍ത്താന്‍ മുംബൈയെ സഹായിച്ചു എന്നത് മാത്രം ചിന്തിച്ചാല്‍ മതി. 2012 വരെ കപ്പ് കിട്ടാത്ത മുംബൈ മെനഞ്ഞ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത് ഇതായിരുന്നു.

    മുകളില്‍ പറഞ്ഞ ബൗളര്‍ മാര്‍ക്കു മൂര്‍ച്ചയെകൂട്ടുവാന്‍ ഷെയിന്‍ ബോണ്ട് എന്ന അധികായകനും. കൂട്ടിനു പല സീസണുകളില്‍ നിന്നായി പോണ്ടിങ്, ജയവര്‍ധന, ജോന്റി റോഡ്‌സ്, സഹീര്‍ തുടങ്ങിയ മഹാന്മാരും സച്ചിന്‍ എന്ന ബ്രാന്‍ഡും, രോഹിത് എന്ന നായകനും

    ഇത്തവണ അര്‍ജുന്‍ ടീമിലുണ്ട് ഇടതു കയ്യന്‍ പേസര്‍ ആയിട്ട്,,, മികച്ച കളി പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നു. പക്ഷെ ആരെ മാറ്റി പകരം കളിപ്പിക്കും എന്നത് മാത്രമാണ് പ്രധാന പ്രശനം. ഒരു പക്ഷെ ഇത് തന്നെയല്ലേ ഈ ടീമിന്റെ വിജയവും……!

    മുകളില്‍ കുറെ പേരുകള്‍ പറഞ്ഞിരുന്നു പക്ഷെ വിട്ടുപോയ ഒരാളുണ്ട്,, ഈ തന്ത്രം മെനഞ്ഞ സൂത്രശാലിയായ കുറുക്കന്‍ അത് മറ്റാരും അല്ല നമ്മുടെ സ്വന്തം അനില്‍ കുംബ്ലെ.

    കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

  7. അര്‍ജുന് സര്‍പ്രൈസ് പിന്തുണ, മുംബൈയ്ക്ക് ആശ്വാസം

    Leave a Comment

    സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണല്ലോ ഉയര്‍ന്നത്. പ്രധാനമായും നെപ്യൂട്ടിസം എന്ന വാക്ക് പോലും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് അര്‍ജുനിന് വേണ്ടി മുംബൈ ഇന്ത്യന്‍ ഐപിഎല്‍ ലേലത്തില്‍ രംഗത്ത് എത്തിയത്.

    ഇതോടെ പ്രതിരോധത്തിലായ മുംബൈയ്ക്കും അര്‍ജുനേയും തേടി അപ്രതീക്ഷിത കോണില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുകയാണ്. ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ ആണ് അര്‍ജുനെ പിന്തുണച്ച് രംഗത്തെത്തിയത്.

    ‘ഞാനും അര്‍ജുനും ഒരേ ജിമ്മിലാണ് എന്നും പോകാറ്, എത്രത്തോളം കഠിനാദ്ധ്വാനമാണ് ഫിറ്റ്‌നസിനായി അവന്‍ എടുക്കുന്നത് എന്ന് കാണാറുണ്ട്, എന്നും നല്ല ക്രിക്കറ്ററാകണം എന്ന ലക്ഷ്യമാണ് അവന്. ഇതിനെല്ലാം നെപ്യൂട്ടിസം എന്ന വാക്ക് ഉപയോഗിക്കുന്നത് തീര്‍ത്തും മാന്യതയില്ലാത്തതും ക്രൂരവുമാണ്. അവന്റെ ആവേശത്തെ കൊല ചെയ്യരുത്. അവന്റെ തുടക്കത്തിലെ വീഴ്ത്തരുത്’ -ഫര്‍ഹാന്‍ പറയുന്നു.

    നേരത്തെ അര്‍ജുനെ പ്രതിരോധിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധന തന്നെ രംഗത്ത് എത്തിയിരുന്നു. ‘കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്. സച്ചിന്റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അയാളുടെ തലയ്ക്ക് മുകളിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ട് ബാറ്റ്‌സ്മാനല്ല, ബൗളറാണ് അര്‍ജുന്‍. അതിനാല്‍ അര്‍ജുനെ പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന് വളരെ അഭിമാനമാകും എന്ന് തോന്നുന്നു. അര്‍ജന്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണ്. അര്‍ജുന്‍ മുംബൈക്കായി കളിച്ച് തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ ഫ്രാഞ്ചൈസിക്കായും. യുവതാരമായ അവന് അതിരുകള്‍ ഭേദിക്കാനാകും’ എന്നാണ് ജയവര്‍ധനെയുടെ പ്രതികരണം.

    ‘നെറ്റ്സില്‍ അര്‍ജുനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. ചില പാഠങ്ങളൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കഠിനാധ്വാനിയായ കുട്ടിയാണവന്‍. കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ആവേശം നല്‍കുന്ന കാര്യമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം എപ്പോഴുമുണ്ടാകും. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ, ടീമിലെ സാഹചര്യം തുണയാകും’ എന്നും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ പറഞ്ഞിരുന്നു.

  8. കരിങ്കല്ലും കൊടുങ്കാറ്റും മാത്രമല്ല. പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്തൊരു ബ്രില്യന്റ് ക്രിക്കറ്റിംഗ് ബ്രെയ്‌നുമുണ്ട്

    Leave a Comment

    അജയ് ജിഷ്ണു സുദേയന്‍

    പൊള്ളാര്‍ടെന്നൊരു കരിങ്കല്ലുണ്ട്
    ഹാര്‍ദിക് എന്ന കൊടുങ്കാറ്റും.

    കൃത്യത ചോരാതെ നിറയൊഴിക്കുന്ന ഭും ഭും ഭുംറ
    ആദ്യ ഓവറുകളില്‍ ബ്രേക്ക് ത്രൂകള്‍ കൊയ്യുന്ന ട്രെന്‍ഡ് ബോള്‍ട്ട്.

    പവര്‍ പ്ലേയിലെ ആഫ്രിക്കന്‍ പവര്‍ ഹൗസ് ക്വിന്റണ്‍ ഡി കോക്ക്.
    ടീമിനെ മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്ന കരുത്തനായ നായകന്‍ ഹിറ്റ്മാനും.

    പക്ഷെ അതിനുമൊക്കെ അപ്പുറം
    ഒരോ ഘട്ടത്തിലും ഉത്തരവാദിത്യം മനസിലാക്കി ബാറ്റ് കൊണ്ട് ഒരോ കളിയും ടീമിന് അനുകൂലമാക്കുന്ന മാന്ത്രികത കൈവശമുള്ള ഇഷാനും സൂര്യയും

    ചോരാത്ത കൈകളുള്ള ഫീല്‍ഡര്‍മാരും,
    അവസാന നിമിഷം വരെ ജയിക്കാന്‍ വേണ്ടി പൊരുതുന്ന മനോഭാവവും.

    പിറകില്‍ നിന്ന് ഊര്‍ജം പകരാന്‍ മഹേള യേ പോലൊരു ബ്രില്ലിയന്റ് ക്രിക്കറ്റിംഗ് ബ്രെയ്‌നും

    ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ഇത്രയും മികച്ചൊരു ടീമിനെ പിന്തുണയ്ക്കുക എന്നതില്‍ കവിഞ്ഞ സന്തോഷമെന്താണ്
    അര്‍ഹത, ആധികാരിത
    അഞ്ചാം കിരീടം.

    കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

  9. സൂപ്പര്‍ താരം ഐപിഎല്ലില്‍ നിന്നും പിന്മാറി, മുംബൈയ്ക്ക് കനത്ത തിരിച്ചടി

    Leave a Comment

    ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഇത്തണത്തെ ഐ.പി.എല്ലില്‍ പങ്കെടുക്കില്ല. പിതാവിന്റെ രോഗത്തെ തുടര്‍ന്നാണ് മലിംഗ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

    മുംബൈ ടീമിനൊപ്പം യു.എ.ഇയിലേക്ക് മലിംഗ എത്തിയിരുന്നില്ല. പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. താരത്തിന് പകരക്കാരനായി ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഇപ്പോള്‍ മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് പോയി മത്സരത്തില്‍ പങ്കെടുത്താല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരവ് എളുപ്പമാവില്ല. കൂടാതെ വിദേശ രാജ്യത്ത് നിന്ന് ശ്രീലങ്കയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ശ്രീലങ്കന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ യുഎഇയില്‍ പോയിട്ട് തിരിച്ചുവന്ന് അച്ഛന്റെ ചികിത്സ നടത്തുക എളുപ്പമാകില്ല.

    ഇതാണ് മലിംഗ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടത്തിയ ക്യാംപിലും മലിംഗ പങ്കെടുത്തിരുന്നില്ല.

    അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവസാന ഓവറില്‍ എട്ട് റണ്‍സ് നേടാന്‍ അനുവദിക്കാതെ തടുത്തു നിര്‍ത്തി മുംബൈക്ക് കിരീടം നേടിക്കൊടുത്തത് മലിംഗയുടെ മികവായിരുന്നു. മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയ്ക്കും ട്രന്റ് ബോള്‍ട്ടിനുമൊപ്പം നഥാന്‍ കോള്‍ട്ടര്‍ നൈലോ,മിച്ചല്‍ മക്ലെങ്ങനോ മുംബൈ പേസ് നിരയില്‍ ഇടം പിടിച്ചേക്കും.

    കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈയെ പിടിച്ചു കെട്ടിയ മലിംഗയുടെ ബോളിംഗ് മികവ് ടീമിന് തുടക്കത്തിലെ കിട്ടില്ല എന്നുള്ളത് ടീമിന് തിരിച്ചടിയാണ്. ഐ.പി.എല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ 36- കാരനായ മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് ഐ.പി.എല്ലില്‍ മലിംഗ വീഴ്ത്തിയിട്ടുള്ളത്.

    മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, മിച്ചല്‍ മഗ്ലെങ്ങന്‍ തുടങ്ങിയ മികച്ച പേസ് നിരയാകും മുംബൈക്ക് കരുത്താവുക. സെപ്റ്റംബര്‍ 19ന് ചെന്നൈക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

  10. മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങി, ക്രിക്കറ്റ് ലോകത്തിന് സന്തോഷ വാര്‍ത്ത

    Leave a Comment

    മുംബൈ: കോവിഡ് നിരാശപ്പെടുത്തിയ ക്രിക്കറ്റ് ലോകത്തിന് ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത. ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീം പുതിയ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിച്ചു. ഇതോടെ ഇന്ത്യയില്‍ തന്നെ ആദ്യമായി ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ച ടീമായി മാറി മുംബൈ ഇന്ത്യന്‍സ്.

    പുതിയ സീസണിനെക്കുറിച്ച് ബിസിസിഐ ഇനിയും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതു കണക്കാക്കാതെയാണ് മുംബൈ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം കത്ത് മുഖേന രാജ്യത്തെ മറ്റു ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മുംബൈയുടെ നീക്കം.

    മുംബൈ സിറ്റയില്‍ നിന്നു വളരെ മാറി പ്രാന്തപ്രദേശമായ ഗാന്‍സോലിയിലെ റിലയന്‍സ് സ്റ്റേഡിയത്തിലാണ് മുംബൈ താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടത്. മുംബൈയില്‍ താമസിക്കുന്ന താരങ്ങളെയാണ് റിലയന്‍സ് സ്റ്റേഡിയത്തിലെ പരിശീലത്തിനു വേണ്ടി മുംബൈ ഇന്ത്യന്‍സ് ക്ഷണിച്ചത്. ഏതൊക്കെ താരങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത് എന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    മുംബൈ ടീമില്‍ നിലവില്‍ മുംബൈയിലെ തന്നെ നിരവധി താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ സഹോദരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവ്, പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി, വിക്കറ്റ് കീപ്പര്‍ ആദിത്യ താരെ എന്നിവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്.

    ഇപ്പോള്‍ ആരംഭിച്ചത് വെറുമൊരു പ്രാഥമിക ക്യാംപ് മാത്രമാണെന്നും താരങ്ങള്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമല്ലെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു.

    മുംബൈ ഇന്ത്യന്‍സ് പരിശീലനം പുനരാരംഭിക്കുന്നതായി അറിയിച്ചപ്പോള്‍ അതിനെ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഞങ്ങള്‍ പരിശീലനം നടത്താനുള്ള ഒരു അവസരം മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുകയാണ്. അവിടെയെത്താന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വീണ്ടും ബാറ്റേന്തുന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു ഫീല്‍ ഇല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ വളരെ അപൂര്‍വ്വമായി മാത്രമേ വീടിനു പുറത്തിറങ്ങിയിട്ടുള്ളൂ. അതിനാല്‍ തന്നെ ക്രിക്കറ്റിനെം ഏറെ മിസ്സ് ചെയ്തയാതും യാദവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു.

    കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ വിധ മുന്‍കരുതലുകളോടെയുള്ള പരിശീലനമാണ് മുംബൈ ഇന്ത്യന്‍സ് ഒരുക്കിയിരിക്കുന്നതെന്നും യാദവ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരിക്കും പരിശീലനമെന്ന് മുംബൈ ഇന്ത്യന്‍സ് ഞങ്ങളെ അറിയിച്ചിരുന്നു. ബൗളിങ് മെഷീന്റെ സഹായത്തോടെയായിരിക്കും ബാറ്റിങ് പരിശീലനം നടത്തുകയെന്നും യാദവ് പറഞ്ഞിരുന്നു.