Tag Archive: MS Dhoni

 1. ടീം ഇന്ത്യയില്‍ ധോണി സ്‌കൂര്‍ പ്രവര്‍ത്തിക്കുന്നു, ഒരു ദിവസം കൊണ്ടുണ്ടായ ഹീറോ അല്ലിത്

  Leave a Comment

  മുരളി മേലേത്ത്

  ഇന്ത്യന്‍ ടീം എല്ലാക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് കപില്‍ദേവിനുശേഷം ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ എന്നത്. മുഖംകാണിച്ചുമടങ്ങുന്ന ചില ഒറ്റപ്പെട്ടവര്‍ അല്ലാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്നൊരോപ്ഷന്‍ ഇതുവരെ ഇല്ല ഇപ്പോഴുള്ളത് ഹാര്‍ദ്ദിക്പാണ്ഡ്യയാണ് പക്ഷേ പരിക്കൊഴിഞ്ഞ നേരമില്ല. ഈ സാഹചര്യത്തില്‍ ദിപക്ചഹാറിന്റെ ബാറ്റിങ് പെര്‍ഫോമന്‍സ് എകദിന ക്രിക്കറ്റ് ടീമിലേക്ക് ഒരു ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ കൂടി എന്നുകരുതാം.

  ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന പദവി തീര്‍ച്ചയായും ദീപക് ചഹാറിന് ഇനി അവകാശപ്പെടാം. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന രണ്ടു പ്രതിഭാശാലികളായ കളിക്കാരുടെ ദിവസമായിരുന്നു ഇന്നലെ. സൂര്യകുമാര്‍യാദവും ദീപക് ചഹാറും രണ്ടുപേരും പലപ്പോഴും ടീം സെലക്ഷനുകളില്‍ പടവാതിലില്‍ പരിഗണിക്കപ്പെടാതെ പോയവരാണ്. സൂര്യകുമാര്‍യാദവ് ഈപരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. മധ്യനിരയില്‍ മനോഹരമായ ഇന്നിഗ്‌സ് രണ്ടുകളിയിലും കാഴ്ചവെച്ചു.

  ദീപക് മുമ്പ് ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല . ചെന്നൈ സൂപ്പര്‍ കിങ്സ് വഴിയാണ് ടി20 യില്‍ മികച്ച പ്രകടനം നടത്തുന്നത്. അതിലൂടെ ഇന്‍ഡ്യന്‍ ടീമിന്റെ ഭാഗമാകുകയും ചെയ്തു. ശരിക്കും ദീപക് ചഹാര്‍ എന്ന ബാറ്റ്മാനേ നമുക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗിന്റെ ബാറ്റിങ് നിര അതിശക്തമായതിനാല്‍ ഇറങ്ങേണ്ടി വരാറില്ല എന്നതാണ് വാസ്തവ. 2018 ലേ ഐപിഎല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യസിന്റെ കൈയ്യിലിരുന്ന കളി ദിപക് ചഹാര്‍ ബാറ്റുകൊണ്ടു പിടിച്ചെടുക്കുന്നതു നമ്മള്‍ കണ്ടിരുന്നു.

  ധോണിയുടെ ശിക്ഷണത്തിന്റെ പക്വത ദിപക് ചഹാര്‍ ബാറ്റിങില്‍ പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. സ്‌കോര്‍ എങ്ങിനെ പിന്‍തുടര്‍ന്നു ജയിക്കണം എന്നു കൃത്യമായപ്ലാനുള്ള ക്യാപ്റ്റനാണല്ലോ ധോണി ആ ശൈലി മനോഹരമായി പ്രാവര്‍ത്തികമാക്കാന്‍ ദീപകിനു കഴിഞ്ഞു. അക്രമിക്കേണ്ട ബൗളറേയും പ്രതിരോധിക്കേണ്ട ബൗളറേയും കൃത്യമായി മനസിലാക്കിയുള്ള ഈ 8ാം നമ്പര്‍ ബാറ്റ്മാന്റെ കളിനമ്മളില്‍ ആവേശമുണര്‍ത്തി .

  ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാമനായി വന്ന് ദിപക് ചഹാറിന് മികച്ച പിന്‍തുണ നല്‍കി. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ പണ്ട് എട്ടാമനായിറങ്ങി ധോണിയോടൊപ്പം ഇതേശ്രീലങ്കക്കെതിരേ ഹാഫ്‌സെഞ്ച്വറിയടിച്ചിരുന്നു. ഏഴുവിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയേ എളുപ്പത്തില്‍ കീഴടക്കാമെന്നുള്ള ശ്രീലങ്കന്‍ കണക്കുകൂട്ടലുകള്‍ രണ്ടുപേരും ചേര്‍ന്ന് പൊളിച്ചടുക്കി.

  ഭുവനേശ്വര്‍ കുമാര്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്കു വിജയിക്കാന്‍ 83 റണ്‍സു വേണമായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് 84ബോളില്‍ 84 റണ്‍സു നേടി വിജയം കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ ശ്രീലങ്കന്‍ കോച്ച് മിക്കി ആര്‍തര്‍ നിരാശനായി ഡ്രെസീങ് റൂമിലേക്ക് കയറിപ്പോകുന്നത് ക്യാമറ എടുത്തു കാട്ടി.

  കളിതുടങ്ങുമ്പോള്‍ 276 റണ്‍സ് ഒരു വലിയ സ്‌കോറാണെന്നു തോന്നിയില്ല . തുടരെത്തുടരെ പ്രിഥ്വി ഷായും ഇഷാന്‍ കിഷനും ശിഖര്‍ധവാനും ഹാര്‍ദ്ദിക്പാണ്ഡ്യയും കൂടാരം കയറിയതോടെ ഇതൊരു വലിയ സ്‌കോറായി മാറി. വരാന്‍പോകുന്ന ശാന്തമായ കാറ്റില്‍ ഈ സ്‌കോര്‍ തരണംചെയ്യാനാകുമെന്ന് അപ്പോഴാരും കരുതിയില്ല.

  ദിപക് ചഹാര്‍ താങ്കളുടെ ഇന്നിഗ്‌സ് മനോഹരമായ കാഴ്ചയായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കുവശപ്പെടാതെ ലക്ഷ്യബോധത്തോയുള്ള ഇന്നിഗ്‌സ്… വരും കാലത്ത് താങ്കളുടെ ബാറ്റ് വീണ്ടും ഇന്ത്യയ്ക്കുവേണ്ടി വീരകഥകള്‍ പറയട്ടെ..

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 2. ധോണി ഇങ്ങനെ ഒരു ചങ്കിനെ കിട്ടാന്‍ ഭാഗ്യം വേണം, അക്കാര്യം സംഭവിച്ചാല്‍ താനും ഐപിഎല്‍ ഉപേക്ഷിക്കുമെന്ന് റെയ്‌ന

  Leave a Comment

  മഹേന്ദ്ര സിംഗ് ധോണി ഈ വര്‍ഷത്തോടെ ഐപിഎല്ലില്‍ നിന്ന് വിരമിയ്ക്കുകയാണെങ്കില്‍ താന്‍ ഐപിഎല്‍ കളിയ്ക്കുന്നത് നിര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ധോണിയുടെ ഉറ്റ സുഹൃത്തുമായ സുരേഷ് റെയന. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈയ്ക്ക് കിരീടം നേടിയാല്‍ താന്‍ ധോണിയെ ഒരു വര്‍ഷം കൂടി ഐപിഎല്ലിന്റെ ഭാഗമാകാന്‍ സമ്മതിപ്പിച്ചെടുക്കുമെന്നാണ് റെയ്‌ന കൂട്ടിചേര്‍ത്തു.

  ചെന്നൈ നായകനായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ഐപിഎലില്‍ മാത്രമാണ് സജീവമായി കളിക്കുന്നത്. ഈ സീസണോടു കൂടി ഐപിഎലില്‍ നിന്നും ധോണി വിരമിച്ചേക്കും എന്ന സൂചനകള്‍ക്കിടേയാണ് റെയ്‌ന ഇക്കാര്യങ്ങള്‍ പറയുന്നത്.

  നേരത്തെ ധോണിയ്‌ക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുമിച്ച് വിരമിച്ച താരമാണ് സുരേഷ് റെയ്‌ന. കഴിഞ്ഞ സീണിന് മുന്നോടിയായി പരിശീലനത്തിനായി ചെന്നൈയിലെത്തിയപ്പോഴാണ് ഇരുവരും ഒരുമിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

  നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് സുരേഷ് റെയ്‌നയും മഹേന്ദ്ര സിംഗ് ധോണിയും കളിയ്ക്കുന്നത്. കോവിഡ് കാരണം പാതി വഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംമ്പറില്‍ യുഎഇയിലാണ് നടക്കുക. നിലവില്‍ ഐപിഎല്ലിലെ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ചെന്നൈയിന്‍.

 3. അവന് സ്വന്തമായി ഒന്നും നേടാനില്ലായിരുന്നു, സ്വന്തം കുഞ്ഞ് ജനിച്ചപ്പോള്‍ പോലും അയാള്‍ തന്റെ രാജ്യത്തിനായി യുദ്ധത്തിലായിരുന്നു

  Leave a Comment

  ജോബിന്‍ അഗസ്റ്റിന്‍

  ആഗ്രഹിച്ച തുടക്കമല്ല ഇന്ത്യക്ക് കിട്ടിയത്. ഓര്‍ക്കുക ഒരു ടീമിന്റെ വിജയത്തോളം പ്രാധാന്യമുള്ള സച്ചിന്റെ വിക്കറ്റ് പോയാല്‍ തോല്‍വി ശീലമാക്കിയ ടീം. എന്നാല്‍ മൂന്നാമത്തെ ഓവറില്‍ രണ്ടാം പന്തില്‍ മുഹമ്മദ് യൂസഫിന്റെ രൂപത്തില്‍ സച്ചിന്‍ റണ്‍-ഔട്ട്…! 8 ബോളില്‍ ഒരു റണ്ണു മായി സച്ചിന്‍ ഗാലറിയിലേക്ക് തലകുനിച്ചു നടന്നു നീങ്ങി. വണ്‍ ഡൗണായി ഗാംഗുലിയെ പ്രതീക്ഷിച്ചു നിന്ന ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഒരു നീളന്‍ മുടിക്കാരന്‍ പയ്യന്‍ ആ 22 യാര്‍ഡുകളിലേക്ക്…! ക്രിക്കറ്റ് ലോകം ആശ്ചര്യത്തോടെ നോക്കി നിന്ന നിമിഷങ്ങള്‍.

  അദ്ദേഹമെത്തി, ഇരു കൈകളും ഉയര്‍ത്തി ഹെല്‍മെറ്റിനിടയിലൂടെ രണ്ട് കണ്ണുകളെയും ശാന്തമാക്കി പാഡുകളില്‍ രണ്ട് തട്ട് തട്ടി ചുറ്റുമുള്ള ആരാധകരെയും ഫീല്ഡിങ് സെറ്റ് അപ്പുകളും പഠിച്ചു മുകളിലേക്ക് നോക്കി ഒരു ദീര്‍ഘ ശ്വാസം വിട്ട് ആദ്യ ബോള്‍ നേരിടാന്‍ ഒരുങ്ങുന്നു.
  No run…! It’s a dot ball.

  രണ്ടാം ബോളില്‍ രണ്ട് റണ്‍സ് എടുത്ത്‌കൊണ്ട് അദ്ദേഹം സ്‌കോറിങ് തുടങ്ങി. മറു എന്‍ഡില്‍ സെഹ്വാഗ് അടിച്ചു തകര്‍ക്കുന്ന തിരക്കിലായിരിക്കണം ധോണിയെ ആരും ശ്രദ്ധിക്കാതെ പോയത്. പതിമൂന്നാം ഓവറില്‍ സല്‍മാന്‍ ഭട്ടിന് ക്യാച്ച് നല്‍കി 40 ബോളില്‍ 74 റണ്‍സ് എടുത്ത് സെഹ്വാഗ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഭേദപ്പെട്ട നിലയില്‍. ആക്രമണത്തിന്റെ വന്യമായ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചു മടങ്ങി സെഹ്വാഗും. അപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി 35 ബോളില്‍ 41 റണ്‍സ്.
  സെഹ്വാഗിന്റെ പുറത്താവല്‍ സ്‌കോര്‍ ബോര്‍ഡില്‍ ബാധിക്കാതിരിക്കാനായിരിക്കണം ധോണി സ്‌കോറിങ് വേഗത കൂട്ടി. ശരാശരി 7 പോയിരുന്ന ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 8ലേക്കായി. സെഹ്വാഗ് പുറത്തായിട്ടും റണ്‍ റേറ്റ് കുറയുന്നില്ല. ഒരു പക്ഷെ അപ്പോഴായിരിക്കും പാകിസ്ഥാന്‍ ധോണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. 49 ബോളില്‍ 50 റണ്‍സ് തികച്ച് കാണികളെ അഭിവാദ്യം ചെയ്ത ധോനിയെ പിടിച്ചു നിര്‍ത്താന്‍ പാക് ബൗളര്‍മാര്‍ നന്നായി വിയര്‍ത്തു.
  ഒരു വശത്ത് രാഹുല്‍ ദ്രാവിഡിന്റെ വക പ്രതിരോധവും മറു വശത്ത് ധോണിയുടെ വക ആക്രമണവും. ആഹാ….! എന്താണ് ഭംഗി. ക്രിക്കറ്റില്‍ ഇത്രയും നല്ല മുഹൂര്‍ത്തങ്ങള്‍ ചുരുക്കം ചിലത് മാത്രമാണ്.

  ‘CRICKET AT IT’S BEST’
  കമെന്ററി ബോക്സ് രവി ശാസ്ത്രിയുടെ രൂപത്തില്‍ ചിലച്ചു. പാക് ബൗളിംഗിനെ നിലം തൊട്ടും തൊടാതെയും ശിക്ഷിച്ചു കൊണ്ട് ധോണിയും. അങ്ങനെ മുപ്പത്തിയൊന്നാം ഓവറില്‍ ഷാഹിദ് അഫ്രീദിയെ ബൗണ്ടറിക്കും ശേഷമൊരു സിംഗിളിനും ശിക്ഷിച്ചു കൊണ്ട് ധോണിയുടെ
  കന്നി സെഞ്ചുറി…..!

  ലോങ് ഓണിലേക്ക് ബോള് തട്ടി ഇട്ട ശേഷം ഇരു കൈകളും ഉയര്‍ത്തി ഒരു കൊച്ചു കുട്ടിയെ പോലെ കാണികളെ അഭിവാദ്യം ചെയ്തു. ഇന്നും ക്രിക്കറ്റിലെ ഏറ്റവും രസകരമായ സെലിബ്രേഷനുകളില്‍ ഒന്നാണ് അത്. സെഞ്ചുറി കഴിഞ്ഞ് സിക്‌സറും ഫോറുകളും കൊണ്ട് വിശാഖ പട്ടണത്ത് അക്ഷരാര്‍ത്ഥത്തില്‍ ധോണി ആറാടുകയായിരുന്നു. കമെന്ററി ബോക്‌സില്‍ രവി ശാസ്ത്രിയും.
  Unstoppable dhoni, How to stop this mahn…! Mahendra singh dhoni aboslutely magnificent.
  ഒരു ബ്രേക്ക് ത്രൂവിന് മുഹമ്മദ് ഹഫീസിനെ കൊണ്ട് വന്ന പാക് ക്യാപ്റ്റന്റെ തന്ത്രം ഫലിച്ചു. ഷോയിബ് മാലിക്കിന് ക്യാച്ച് നല്‍കി ധോണി പുറത്ത്. 123 ബോളുകളില്‍ 148 റണ്‍സ്. 15 ഫോറുകളും 4 സിക്‌സറുകളും ആ ഇന്നിങ്‌സിന് മാറ്റ് കൂട്ടി. മത്സരം ഇന്ത്യ ജയിക്കുകയും മഹേന്ദ്ര സിംഗ് ധോണി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റു വാങ്ങുകയും ചെയ്തു.

  ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇരിപ്പിടത്തിലേക്ക് ഇനി വരുന്ന ഒന്നര ദശാബ്ദത്തോളം കാലം ആ മഹാ രാജാവിന്റെ പട്ടാഭിഷേകമാണ് അന്ന് അവിടെ കഴിഞ്ഞത്.
  മഹേന്ദ്ര സിംഗ് ധോണി എന്നത് ക്രിക്കറ്റിന് ഒരു സാധാരണ മനുഷ്യനല്ല എന്ന് ഇതിനോടകം തന്നെ ഒരു അടക്കം പറച്ചിലുണ്ടായിരുന്നു. അതിനെ സാധൂകരിക്കാനെന്നോണം ഇന്ത്യന്‍ ടീം ശ്രീ ലങ്കക്ക് എതിരായ ഏകദിനത്തിന് ജയ്പൂരിലേക്ക് വണ്ടി കയറി. ധോണി എന്ന മനുഷ്യന്റെ വിസ്‌ഫോടന ശേഷി ക്രിക്കറ്റ് ലോകം അടുത്തറിഞ്ഞ നിമിഷം.

  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക മരതക ദ്വീപിന്റെ മാണിക്യങ്ങളായ കുമാര്‍ സങ്കക്കാരയുടെ സെഞ്ചുറിയുടെയും മഹേള ജയവര്‍ദ്ധനെയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം 50 ഓവറില്‍ 299 റണ്‍സ്…! അക്കാലത്ത് അപ്രാപ്യമായ ഒന്ന്. ഇന്ത്യന്‍ സംഘത്തിന് നേരിടേണ്ടത് ചാമിന്ദ വാസും, ഫെര്‍ണന്‍ഡോയും , മഹറൂഫും, മുത്തയ്യ മുരളീധരനും അടങ്ങുന്ന ലോകോത്തര ബോളിങ് നിരയെ. സച്ചിനും സെഹ്വാഗും ക്രീസിലേക്ക്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അഞ്ചാം ബോളില്‍ തന്നെ സാക്ഷാല്‍ സച്ചിന്റെ വിക്കറ്റ് നഷ്ടം. കമെന്ററി ബോക്‌സ് ചിലച്ചു…
  Tendulkar departs early and the crowd is stunned into silence…!

  Dhoni is the next man in….!
  ആദ്യ ഒരു വിക്കറ്റ് പോയാല്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുന്ന ടീമില്‍ അടുത്ത ഒന്നൊന്നര പതിറ്റാണ്ടിലേക്ക് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലാവന്‍ ക്രിക്കറ്റിലെ ഭൂതഗണങ്ങളെല്ലാം ധോണിയുടെ രൂപത്തില്‍ അവതരിച്ച നിമിഷം.
  അതേ ധോനിയെന്ന മൂര്‍ത്തിയുടെ രൗദ്ര ഭാവം എത്രത്തോളം ഭയാനകരമെന്ന് ക്രിക്കറ്റ് ലോകമറിഞ്ഞ കുറച്ചു നിമിഷങ്ങള്‍. രണ്ടാമത്തെ ഓവറിലെ മൂന്നാം ബോളില്‍ കവറിന് മുകളിലൂടെ ചാമിന്ദ വാസിനെ സിക്‌സറിന് ശിക്ഷിച്ചു കൊണ്ട് ധോണി ആരംഭിച്ചു. സിക്‌സ് നമ്പര്‍ ഒന്ന്…! വീണ്ടും സിംഗിളുകളും ഡോട്ട് ബോളുകളും. സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ സെഹ്വാഗ് ഒരുപാട് ബുദ്ധിമുട്ടി. വീണ്ടും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ പ്രഷര്‍. അടുത്ത എന്‍ഡില്‍ വീണ്ടും ബൗള്‍ ചെയ്യാനെതിയത് വാസ് ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞ ബോള്‍ നേരിട്ടത് ധോണി. ബോളിനെ കവര്‍ ഫെന്‍സിലൂടെ അരിഞ്ഞിട്ട് നിലം തൊടാതെയുള്ള അടുത്ത പ്രഹരം. സിക്‌സ് നമ്പര്‍ രണ്ട്…! ഇന്ത്യന്‍ സ്‌കോര്‍ പതിയെ കുതിക്കാന്‍ തുടങ്ങി അടുത്തത് മഹറൂഫിന്റെ ഊഴമായിരുന്നു. ഫുള്‍ ലെങ്ത്തില്‍ എറിഞ്ഞ മഹറൂഫിനെ ക്രീസിന് മുന്‍പിലേക്ക് സ്റ്റെപ്പ് ഔട്ട് ചെയ്തു കളിച്ച ധോണി ഇത്തവണ പറത്തിയത് ലോങ് ഓഫിന് മുകളിലൂടെ. സിക്‌സ് നമ്പര്‍ മൂന്ന്…! മഹറൂഫിന്റെ തന്നെ ആ ഓവറിലെ അവസാന പന്ത് കവര്‍ ഫീല്‍ഡേഴ്‌സിനെയും കടന്ന് ബൗണ്ടറിയിലേക്ക് പാഞ്ഞു. മൂന്ന് സിക്‌സറുകള്‍ കൊണ്ട് തുടങ്ങിയ ആ ഇന്നിംഗ്സിലെ ആദ്യ ഫോര്‍.

  ഈ മുടിയന്‍ പയ്യന്‍ എന്തോ ഒരുങ്ങി തന്നെയാണ് വന്നേക്കുന്നതെന്ന് ലങ്കന്‍ ബൗളിംഗ് മനസ്സിലാക്കിയ നിമിഷം. നിശ്ചിത ഇടവേളകളില്‍ ലങ്കന്‍ ബോളിങ്ങിനെ ബൗണ്ടറികള്‍കളിലേക്ക് നിലം തൊട്ടും തൊടാതെയും അദ്ദേഹം പ്രഹരിച്ചുകൊണ്ടേയിരുന്നു. ബോളിനെ നിന്ന നില്‍പ്പില്‍ കറക്കുന്ന മുരളീധരനും ആ ‘ബാസിന്റെ ബാസ്’ അറിഞ്ഞു. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ ബാറ്റിങ് ഭാരം സ്വന്തം ചുമലിലേക്ക് ആവാഹിച്ച ആ മനുഷ്യന്‍ വളരെ വേഗത്തിലായിരുന്നു. പതിനൊന്നാമത്തെ ഓവറിന്റെ അഞ്ചാം പന്തില്‍ വാസിനെ ബൗണ്ടറിക്ക് ശിക്ഷിച്ചു കൊണ്ട് അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെ ബാറ്റെടുത്ത് ഉയര്‍ത്തി. 41 ബോളില്‍ 50 റണ്‍സ്. വീണ്ടും ബാറ്റിങ്ങിന്റെ വേഗത കൂട്ടിയ ധോണി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഓവറില്‍ 7 റണ്‍സ് എന്ന ശരാശരിയിലായിരുന്നു കൊണ്ടുപോയത്. ഇരുപത്തിനാലാം ഓവറിന്റെ ആദ്യ പന്തില്‍ സിംഗിള്‍ ഇട്ടുകൊണ്ട് ആ മുടിയാനായ പയ്യന്‍ തികച്ചത് ശ്രീലങ്കക്കെതിരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ അതിവേഗ സെഞ്ചുറി ആയിരുന്നു. ഫോറുകളെക്കാള്‍ സിക്‌സറുകള്‍ മേമ്പൊടി ചാര്‍ത്തിയ ഇന്നിംഗ്‌സ്. 85 ബോളില്‍ 100 റണ്‍സ്…!

  തീര്‍ന്നില്ല ഇനിയാണ് യഥാര്‍ത്ഥ വെടിക്കെട്ട് ആരംഭിക്കാന്‍ പോകുന്നത്. അത് വരെ ബോളേഴ്‌സിന്റെ മുഖം നോക്കാതെയുള്ള അടിയായിരുന്നെങ്കില്‍ ഇവിടുന്നങ്ങോട്ട് ആ കാളകൂറ്റന്റെ അഴിഞ്ഞാട്ടം ആയിരുന്നു. വന്നവനും പോയവനുമൊക്കെ കണക്കിന് കിട്ടി. ലങ്കയുടെ പ്രധാന ബൗളേഴ്‌സ് എല്ലാം കളി മറന്നപ്പോള്‍ ഒരു ബ്രേക്ക് ത്രൂവിനായി വന്ന തിലകരത്‌നെ ദില്‍ഷനും കിട്ടി 5 ഓവറില്‍ 33 റണ്‍സ്. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് പോകുമ്പോഴും ധോണി പതറിയില്ല.
  അമ്പതും, നൂറും,നൂറ്റിയന്‍പതും കഴിഞ്ഞ് ധോണിയുടെ ബാറ്റ് ‘ഏകദിനത്തില്‍ അപ്രാപ്യമായ’ ഒരു സംഖ്യയിലേക്ക് കുതിക്കുന്നു…! തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ഏകദിനത്തിലും റണ്‍സ് ശരാശരി അതിവേഗം കുതിപ്പിച്ചു.
  ഇനി നാല് ഓവറില്‍ 6 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 2 റണ്‍സ് മാത്രം. ധോണി 144 ബോളില്‍ 177…! നാല്‍പ്പത്തിയാറാം ഓവര്‍ എറിയാന്‍ വന്ന ദില്‍ഷനും അത് പ്രതീക്ഷിച്ചു കാണില്ല. കലിയടങ്ങാത്ത ആ ബാറ്റ് ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. സിക്‌സ് നമ്പര്‍ പത്ത്…!

  There it is! Dhoni dances down the track and swings across,that’s his 10th six of the innings and India have won in grand style…!

  അതേ ധോണി ഗ്രൗണ്ടില്‍ നൃത്തം ചെയ്യുകയായിരുന്നു…!
  അങ്ങനെ 145 ബോളില്‍ 183* റണ്‍സ് നേടി ക്രീസ് വിടുമ്പോള്‍ ധോണിക്കൊപ്പം പോന്നത് ഒരുപറ്റം റെക്കോര്‍ഡുകള്‍. ശ്രീലങ്ക കുറച്ച് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ എന്ന് ഇന്ത്യന്‍ ആരാധകര്‍ ഒരുപോലെ ആഗ്രഹിച്ച നിമിഷം. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ സച്ചിനും മുന്‍പ് ധോണി ആദ്യ ഏകദിന 200 സ്വന്തമാക്കുമായിരുന്നു. അതോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പിങ് ഇരിപ്പിടത്തിലേക്ക് അദ്ദേഹം സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു.
  പിന്നീടുമുണ്ടായി എണ്ണം പറഞ്ഞ ഒരുപിടി നല്ല ഇന്നിംഗ്‌സുകള്‍.
  സാക്ഷാല്‍ സൗരവ് ഗാംഗുലി കിരീടവും ചെങ്കോലും അഴിച്ചു വച്ചപ്പോള്‍ ഒഴിഞ്ഞുകിടന്നത് ഇന്ത്യന്‍ ടീമിലെ സുവര്‍ണ്ണ സിംഹാസനമാണ്. ഗാംഗുലി ബാക്കി വച്ച ഒരു ടീമിനെ നയിക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാകാം ആ സിംഹാസനത്തില്‍ നാള്‍ തോറും ആളുകള്‍ വന്നു പോയത്. ദ്രാവിഡ്, സച്ചിന്‍, സെഹ്വാഗ് അങ്ങനെ എത്ര എത്ര…? സച്ചിനും പത്തി താഴ്ത്തി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം യുവാക്കള്‍ക്ക് കൈ മാറാന്‍ മുന്‍ താരങ്ങള്‍ മുറവിളി കൂടി. ബി സി സി ഐ യും അത് ചെവി കൊണ്ടു. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെഹ്വാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ക്കായിരുന്നു മുന്‍ഗണന.
  എന്നാല്‍ ധോണി എന്ന വിക്കറ്റ് കീപ്പറുടെ വിക്കറ്റിന് പിന്നിലെ തന്ത്ര പരമായ നീക്കങ്ങള്‍ മുന്‍ ക്യാപ്റ്റനായ സച്ചിന്‍ വീക്ഷിക്കുന്നുണ്ടായിരിക്കണം. അത് കൊണ്ട് തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി എന്ന പേര് അദ്ദേഹം ചൂണ്ടി കാട്ടിയത്. അല്ലെങ്കില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് എന്താണ് തെറ്റിയിട്ടുള്ളത്…? ആദ്യ ടി 20 ക്യാപ്റ്റന്‍ വീരേന്ദര്‍ സെഹ്വാഗ് ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് മഹേന്ദ്ര സിംഗ് ധോനിയെന്ന ബുദ്ധിമാനായ ക്യാപ്റ്റന്റെ ചടുലമായ നീക്കങ്ങള്‍ ആയിരുന്നു.
  അങ്ങനെ പ്രഥമ ടി 20 ലോകകപ്പിന് ഒരുപറ്റം ചെറുപ്പക്കാരെയും കൂട്ടി ‘പിള്ളേര് പോയി കളിച്ചിട്ടു വരട്ടെ’ എന്ന മട്ടില്‍ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറി. 2007 സെപ്തംബര്‍ 14 മത്സരം പാകിസ്താനെതിരെ. ഓര്‍ക്കണം കപ്പിനെക്കാള്‍ വലുതാണ് നമുക്ക് ആ മത്സരം. മത്സര ഫലം സമനില. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യത്തെ ബോള്‍ ഔട്ട് നടക്കാന്‍ പോകുന്നു. അവിടുന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു ധോണിയുടെ ‘തല’…! പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ നോര്‍മല്‍ വിക്കറ്റ് കീപ്പിംഗ് നടത്തി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ് ബാ നോര്‍മല്‍ ബൗളേര്‍സിന് ബോളിംഗും കൊടുത്തു. എന്നാല്‍ ധോണി ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഒരു സ്‌പെഷ്യലിസ്‌റ് ബോളറും രണ്ട് പാര്‍ട് ടൈമേഴ്‌സും. ഹര്‍ഭജന്‍ , സെഹ്വാഗ് , ഉത്തപ്പ ചരിത്ര വിജയത്തില്‍ ബോളെടുത്തത് ഇവര്‍. എന്നാല്‍ അവിടെ വര്‍ക്ക് ചെയ്ത ധോണി ബ്രില്ലിന്‍സ് ആരും ശ്രദ്ധിച്ചിരുന്നില്ല. മത്സര ശേഷം ഹര്‍ഭജന്‍ പറയുകയുണ്ടായി
  ‘അക്മല്‍ നോര്‍മല്‍ വിക്കറ്റ് കീപ്പിംഗ് നടത്തിയപ്പോള്‍ ധോണി പ്ലേസ് ചെയ്തത് സ്റ്റപ്‌സിനു നേരെയായിരുന്നു. ധോണിയെ ലക്ഷ്യം വച്ചെറിഞ്ഞാല്‍ വിക്കറ്റ് തെറിക്കും’.
  അതേ അവിടുന്ന് തലയുടെ തല പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്…. ഇത് വരെ നിലച്ചിട്ടില്ല ഇനി നിലക്കുകയിമില്ല. പിള്ളേര് പോയി കളിച്ചിട്ടു വരട്ടെന്ന മുതിര്‍ന്ന താരങ്ങളുടെ താഴ്ത്തികെട്ടലും നിന്നു. ആ സ്പാര്‍ക്ക് പ്രഥമ ലോകകപ്പിന്റെ ഫൈനലിലേക്കുള്ള പ്രവേശനത്തില്‍ എത്തി നിന്നു.

  ഒരു തുടക്കകാരന്‍ ക്യാപ്റ്റന്റെ ആദ്യ ഫൈനല്‍ , ഓര്‍ക്കുക ലോകകപ്പ് ഫൈനല്‍…! ഇന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്ന വിരോധികള്‍ക്ക് ഊഹിക്കാന്‍ പറ്റുന്നുണ്ടോ അദ്ദേഹത്തിന്റെ റേഞ്ച്….? ധോണി എന്ന ക്യാപ്റ്റന്റെ ദീര്‍ഘ വീക്ഷണം എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കുക. അവസാന ഓവര്‍ വരെ നീണ്ടു നിന്ന ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ ഏല്‍പ്പിച്ചത് ആവറേജിലും താഴ്ന്ന നിലവാരമുള്ള ജോഗീന്ദര്‍ ശര്‍മയെ….! ക്രിക്കറ്റ് ലോകം ആകെ ഞെട്ടിത്തരിച്ച നിമിഷം. പരിചയ സമ്പന്നനായ ഹര്‍ഭജന്‍ സിങ്ങിന് ഓരോവര്‍ ബാക്കിയും. പുതിയ ക്യാപ്റ്റന്റെ പാകത ഇല്ലായ്മ എന്ന് ക്രിക്കറ്റ് വിദഗ്ധര്‍ മുദ്ര കുത്തിയ നിമിഷം. മത്സരം ഇന്ത്യ 5 റണ്‍സിന് ജയിച്ചു. സാക്ഷാല്‍ സൗരവ് ഗാംഗുലിക്ക് പോലും സാധിക്കാത്ത ചരിത്ര നേട്ടം ഈ മുടിയന്‍ പയ്യന് നേടാന്‍ കഴിഞ്ഞു. ഇന്ത്യക്ക് പ്രഥമ ടി 20 ലോകകപ്പ്…!
  ജോഹന്നാസ് ബര്‍ഗില്‍ ആഘോഷങ്ങള്‍ കെട്ടടങ്ങും മുന്‍പേ തുടങ്ങിയ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ധോണി നേരിട്ട ആദ്യ ചോദ്യവും അത് തന്നെയായിരുന്നു. ‘ഹര്‍ഭജന്‍ സിങ്ങിന് ഓവര്‍ ബാക്കി നില്‍ക്കെ ജോഗീന്ദര്‍ ശര്‍മ്മക്ക് ബോള് കൊടുത്തത് എന്തിനായിരുന്നു…?’ ഒരു ചെറു പുഞ്ചിരിയോടെ ‘ആ പാകത ഇല്ലാത്ത പയ്യന്‍’ മത്സര ശേഷം പറഞ്ഞത് ഇങ്ങനെ

  ‘ജോഗീന്ദര്‍ ആണ് താരം, അദ്ദേഹം മികച്ച ഒരു ബൗളറാണ്. മിസ് ബാ അവസാന വിക്കറ്റില്‍ ഒരിക്കലും സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കില്ല, ‘- ധോണി
  ‘ശ്രീയെ മുന്‍പോട്ട് ഞാന്‍ എത്തിക്കാം നി അതിനനുസരിച്ചു ബോള്‍ ചെയ്യുക, ഞാനാണ് ക്യാപ്റ്റന്‍. തോല്‍വിയാണ് ഫലം എങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരിക്കും. ആ വാക്കുകളാണ് എനിക്ക് പ്രചോദനവും ധൈര്യവും തന്നത്’ – ജോഗീന്ദര്‍ ശര്‍മ്മ.

  അവിടെ തുടങ്ങുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനിലക്കുള്ള ‘ക്യാപ്റ്റന്‍ കൂളിന്റെ’ തേരോട്ടം.
  അങ്ങനെ ആദ്യ ടി 20 വേള്‍ഡ് കപ്പ് ഇന്ത്യന്‍ ഷെല്‍ഫില്‍ പ്രതിഷ്ഠിച്ചു കൊണ്ട് ‘ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി’ കപ്പുകള്‍ക്കായുള്ള മഹേന്ദ്ര ജാലം ആരംഭിച്ചു. പിന്നീട് സി ബി സീരീസ്, ശ്രീലങ്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയം, ഓസ്‌ട്രേലിയന്‍ മണ്ണില്‍ വച്ച് ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്യുക, ഓസ്ട്രേലിയയെ ടെസ്റ്റില്‍ വൈറ്റ് വാഷ് ചെയ്യുക, ത്രിരാഷ്ട്ര കപ്പ് , ഏഷ്യ കപ്പ് , എണ്ണം പറഞ്ഞ ബൈലാറ്ററല്‍ ട്രോഫികള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റിലുകള്‍, ടെസ്റ്റ് മെയ്‌സ്, ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍, ചാമ്പ്യന്‍സ് ട്രോഫി അതിലെല്ലാം ഉപരി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന ലോകകപ്പ്….! ഇതിലുപരി എന്തുണ്ട് ഒരു ക്യാപ്റ്റന് നേടാന്‍…?
  വര്‍ഷങ്ങള്‍ക്കിപ്പുറം ഈ 2020 ല്‍ കൂടി ധോണി എന്ന ഇതിഹാസത്തെ ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ചെയ്ത മുന്‍ ചീഫ് സെലക്ടര്‍ സയ്യിദ് കിര്‍മാണി പറയുകയുണ്ടായി
  ‘കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്തെന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയെ 2007ല്‍ പ്രഥമ ലോകകപ്പില്‍ ക്യാപ്റ്റനായി സൗത്ത് ആഫ്രിക്കയിലേക്ക് വിട്ടു’ എന്നതാണ്.

  2011 ലെ ലോകകപ്പ് ഫൈനലില്‍ മാത്രമാണ് ധോണി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ച വെച്ചതെന്ന് പറയുന്ന ‘ഓണ്‍ലൈന്‍ സെലക്ടര്‍മാരും ഓണ്‍ലൈന്‍ ക്രിക്കറ്റ് വിദഗ്ധരും’ അറിഞ്ഞുകൊണ്ട് കണ്ണടക്കുന്നതാണ് പാകിസ്താനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊടുത്ത ചെറിയ വലിയ സപ്പോര്‍ട്ടിങ് ഇന്നിംഗ്‌സ്. ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ ധോണിയുടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ഇന്നിംഗ്സും അത് തന്നെ.

  42 ബോളുകളില്‍ 2 ഫോറുകള്‍ ഉള്‍പ്പടെ 25 റണ്‍സ്…!
  പറയുമ്പോള്‍ അത്ര വലിയ ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയാത്ത റണ്‍സ്,അതും ഏകദിനത്തില്‍. അപ്പോഴും ആരും ആ ഇന്നിംഗ്‌സ് കളിക്കാനുള്ള സാഹചര്യം മനസ്സിലാക്കുന്നില്ല. 4 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഏകദിന ലോകകപ്പ്, സച്ചിന്റെ അവസാന ലോകകപ്പ്, ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യക്ക് കിരീടത്തിലെത്താന്‍ ഉതകുന്ന അനുകൂല സാഹചര്യങ്ങളേറെ. അതിലൊക്കെ ഉപരി പാകിസ്താനെതിരെ ഒരു സെമി ഫൈനല്‍…! സമ്മര്‍ദ്ദം ഏറെ. സാമാന്യം ഭേദപ്പെട്ട തുടക്കം. പക്ഷെ നിശ്ചിത ഇടവേളകളില്‍ വഹാബ് റിയാസ് ഇന്ത്യന്‍ തൂണുകള്‍ ഓരോന്നായി പിഴുതു മാറ്റി. 116 റണ്‍സ് ആയപ്പോഴേക്ക് ഗംഭീറിനെ നഷ്ടമാകുന്നു. സച്ചിനൊപ്പം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് കൂട്ടി ചേര്‍ക്കുമ്പോഴേക്ക് കോഹ്ലിയും, കോഹ്ലിക്ക് തൊട്ടടുത്ത ബോളില്‍ ഗോള്‍ഡന്‍ ഡക്കായി വേള്‍ഡ് കപ്പ് ഹീറോ യുവിയും മടങ്ങുന്നു. ഇന്ത്യന്‍ സ്‌കോര്‍ 25 ഓവറില്‍ 141 /4 കാണികള്‍ക്കും കമെന്ററി ബോക്‌സിനും ഇന്ത്യന്‍ ജനതക്കും നിരാശ. നേരിയ പ്രതീക്ഷ സച്ചിനില്‍ മാത്രം. അപ്പോഴേക്കും പാക് ഫീല്‍ഡേഴ്സ് 4 തവണ സച്ചിനെ ‘കൈ വിട്ടിരുന്നു’.

  ധോണി ബാറ്റിങ്ങിനിറങ്ങുന്നു. ഡോട്ട് ബോളുകളും സിംഗിളും ഡബിളും. അനാവശ്യമായ ഒരു റണ്ണിനു വേണ്ടിയും അദ്ദേഹം ക്രീസ് വിട്ടില്ല. പതിയെ പാക് ബോളര്‍മാരെ ബഹുമാനിച്ചു കൊണ്ട് തന്നെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. സച്ചിന്‍ ഫ്രീ ആയി കളിക്കാന്‍ തുടങ്ങി. ബോള് നന്നായി കുത്തി തിരിഞ്ഞ പിച്ചില്‍ സയ്യിദ് അജ്മലിനെ നേരിടാന്‍ ധോണി ഇനിഷ്യേറ്റിവ് എടുക്കുന്നു. സച്ചിന്‍ അത്രയും ഫ്രീ ആകുമല്ലോ. ധോണിയും നന്നായി പതറി തന്നെയാണ് അജ്മലിനെ നേരിട്ടത്. സച്ചിനൊപ്പം അഞ്ചാം വിക്കറ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി മാറിയ 46 റണ്‍സ് പാര്‍ട്ണര്‍ഷിപ്. അജ്മലിനെതിരെ അഫ്രീദിയുടെ കൈകളിലെത്തി സച്ചിന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 36 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ്. വീണ്ടും റൈനയുമൊത്ത് 18 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്.

  ഇന്നിംഗ്‌സ് വളരെ സ്ലോ ആക്കിയെന്ന പേരില്‍ ഒരു സംഘം ആള്‍ക്കാര്‍ തന്നെ ആക്രമിക്കുമെന്ന് മനസ്സിലാക്കി തന്നെയായിരിക്കാം അദ്ദേഹം ആ ഇന്നിംഗ്‌സ് കളിച്ചതും. 46 റണ്ണിന്റെയും 18 റണ്ണിന്റെയും പാര്‍ട്ണര്‍ഷിപ്പിന്റെ വില എത്രത്തോളമാണെന്ന് മത്സരം ലൈവായി കണ്ട ഏതൊരു ക്രിക്കറ്റ് ആരാധകനും മനസ്സിലാകും.

  മഹീ…, ആ 42 ബോളിലെ 25 റണ്‍സിന് ആ ലോകകപ്പോളം പ്രാധാന്യം ഉണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം മനസ്സിലാക്കിയാല്‍ ഒരു പക്ഷെ ഇന്ന് താങ്കള്‍ക്ക് പേരിന് പോലും ഒരു വിരോധി ഉണ്ടാകുമായിരുന്നിരിക്കില്ല…!

  മഹേന്ദ്ര സിംഗ് ധോണി എന്ന ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ഇന്നിംഗ്സും, മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ ഏറ്റവും മികച്ച തീരുമാനവും ആ ലോകകപ്പില്‍ തന്നെയായിരുന്നു. സെമിയില്‍ പാക് പടയെ കശക്കിയെറിഞ്ഞു ഇന്ത്യ 2011 ലോകകപ്പ് ഫൈനലില്‍.

  ഏപ്രില്‍ 2 വാങ്കഡെയില്‍ ടോസ് ഇട്ടത് മുതല്‍ നാടകീയത. രണ്ട് ടോസ്…! ജയവര്‍ദ്ധനെയുടെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 274 റണ്‍സ്…! ഒരു വലിയ ടൂര്‍ണമെന്റ് ഫൈനലില്‍ വലിയൊരു സ്‌കോര്‍ തന്നെയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 32 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇരട്ട പ്രഹരമേറ്റു. സച്ചിനും സെഹ്വാഗും മടങ്ങി. ഗ്യാലറികള്‍ നിലച്ചു.

  മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ ചങ്കൂറ്റവും ഇവറസ്റ്റോളം പോന്ന ആത്മവിശ്വാസവും അതിലുപരി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച തീരുമാനവുമെല്ലാം നടന്നത് ആ ഒറ്റ രാത്രിയില്‍…. ആ ഒറ്റ നിമിഷത്തില്‍….! ഗംബീറിനു കൂട്ടായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി 132 കോടി ജനങ്ങളുടെ സമ്മര്‍ദ്ദവും ആ റീബോക്കില്‍ ആവാഹിച്ചു കൊണ്ട് ക്യാപ്റ്റന്‍ സ്വയം എഴുന്നള്ളി. സുധീറിന്റെ ത്രിവര്‍ണ്ണ പതാക വാങ്കഡെയില്‍ ഉയര്‍ന്നു പാറി. . . . . പ്രതീക്ഷകള്‍ മുഴുവന്‍ ഇടം കൈ വലം കൈ കോമ്പിനേഷനില്‍. ഗംഭീര്‍ സിംഗിളുകളും ഡബിളുകളും ഇടുമ്പോള്‍ ക്യാപ്റ്റന്‍ ബോളിനെ അതിര്‍ത്തി കടത്തി. ക്യാപ്റ്റന്‍ 50 തികക്കുമ്പോള്‍ പോലും അദ്ദേഹം അതറിഞ്ഞിരുന്നില്ല. കാരണം വേള്‍ഡ് കപ്പ് മാത്രം ലക്ഷ്യം വച്ചാണ് ആ മനുഷ്യന്‍ 22 വാരങ്ങളിലേക്ക് നടന്നു വന്നത്. ഒടുവില്‍ 48.2 ഓവറില്‍ കുലശേഖരയെ സിക്‌സറിന് പറത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 28 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ചു. കമന്ററി ബോക്‌സ് രവിശാസ്ത്രിയുടെ രൂപത്തില്‍ ചിലച്ചു…..

  Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!’
  തല്ലാനൊരു ബാറ്റും എവറസ്റ്റോളം ആത്മവിശ്വാസവും കൈമുതലായുള്ള ആ നീളന്‍ മുടിക്കാരന്‍ ‘കാളകൂറ്റന്‍’ ആ രാത്രിയില്‍ അവിടെ അവസാനിച്ചു. പിന്നീട് കപില്‍ ദേവിനും, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും, രാഹുല്‍ ദ്രാവിഡിനും, സൗരവ് ഗാംഗുലിക്കുമൊക്കെയൊപ്പം റാഞ്ചിയെന്ന ചെറുപട്ടണത്തില്‍ നിന്നും വന്ന ആ പയ്യനും സിംഹാസനമുറപ്പിച്ചു. ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ നാമധേയം സാക്ഷാല്‍ സ്റ്റീവ് വോ, ക്ലൈവ് ലോയ്ഡ്, കപില്‍ ദേവ്, റിക്കി പോണ്ടിങ് എന്നിവര്‍ക്കൊപ്പം തങ്ക ലിപികളാല്‍ എഴുതപ്പെട്ടു….! മഹേന്ദ്ര സിംഗ് ധോണി പകരക്കാരനില്ലാത്ത ഇതിഹാസമായി, മഹേന്ദ്രജാലമായി അങ്ങനെ വളര്‍ന്നു.
  പകരം വെക്കാനാവാത്ത നേട്ടങ്ങള്‍ ഒരുത്തന്‍ കൊയ്യുമ്പോള്‍ വിമര്‍ശകരുണ്ടാവുക എന്നത് സ്വാഭാവികം. യഥാര്‍ത്ഥത്തില്‍ മഹേന്ദ്ര സിംഗ് ധോണി എന്ന അതികായന് അസൂയാവഹമായ ഫാന്‍ ബേസ് ഉണ്ടാവാന്‍ തുടങ്ങുകയായിരുന്നു അന്നുമുതല്‍. വെറുമൊരു ധോണി ഫാന്‍സ് എന്ന നിലയില്‍ നിന്ന് അതിവേഗമായിരുന്നു ഡൈ ഹാര്‍ഡ് MSDIANS എന്ന നിലയിലേക്ക് അവരുടെ ചുവട് മാറ്റം.

  സൗരവ് ഗാംഗുലി നട്ടു വളര്‍ത്തിയ വൃക്ഷങ്ങളില്‍ നിന്ന് ധോണി ഫലമെല്ലാം കൊയ്യുന്നു എന്ന അടച്ച ആക്ഷേപം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പരിചയസമ്പത്ത് തീരെ ഇല്ലാത്ത ഒരു യുവ നിരയെയും കൊണ്ട് അമരക്കാരനായി ധോണി ഇംഗ്ലണ്ടിലേക്ക് പറന്നു. ധോണിയുടെ റോട്ടേഷന്‍ പോളിസി കൊണ്ട് എന്ത് ഗുണമെന്നു ചോദിക്കുന്നവര്‍ ഇന്ന് ശ്രീ ലങ്കക്കും , വെസ്റ്റ് ഇന്‍ഡീസിനും , ആഫ്രിക്കയുമൊക്കെ നേരിട്ട അവസ്ഥ കണ്ടു തന്നെ അറിയുന്നതാണ്. റൊട്ടേഷന്‍ എന്നാല്‍ ടീമില്‍ എടുക്കാതെ ഇരിക്കുകയായിരുന്നില്ല, ഓരോ മത്സരത്തിലും യുവ താരങ്ങളെയും സീനിയര്‍ താരങ്ങളെയും റൊട്ടേറ്റ് ചെയ്തു കളിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. സീനിയര്‍ താരങ്ങള്‍ കളമൊഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ അധപധനം നേരിടേണ്ടത് ഇന്ത്യയായിരുന്നു.പക്ഷെ അതുണ്ടായില്ല.

  എന്നാല്‍ ഇന്ത്യ മറുപടി പറഞ്ഞത് 2013 ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിക്കൊണ്ടാണ്.
  രോഹിതിനു ബാറ്റിങ്ങില്‍ പ്രമോഷന്‍ നല്‍കി ധവാനൊപ്പം ഓപ്പണ്‍ ചെയ്യിച്ചു. കോഹ്ലിക്ക് കൃത്യമായി മൂന്നാം നമ്പര്‍ കൊടുത്തു. നാലാം നമ്പറിലും, അഞ്ചാം നമ്പറിലും, ആറാം നമ്പറിലും ആളുകളെ മാറ്റി മാറ്റി പരീക്ഷിച്ചു. ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ ടോപ്പ് ഓര്‍ഡര്‍ ആയിരുന്നു ആ ചാപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം രൂപപ്പെടുത്തിയത്.

  ഫൈനലില്‍ അത്രയും നേരം അടി വാങ്ങിയ ഇഷാന്തിനെ വീണ്ടും വിശ്വസിച്ചു അദ്ദേഹം പന്ത് നല്‍കി. ക്യാപ്റ്റന്റെ വിശ്വാസം അദ്ദേഹം കാത്തു. മോര്‍ഗന്റെ ഉള്‍പ്പടെ വിലപ്പെട്ട 2 വിക്കറ്റ് നേടി ഇഷാന്ത് കളി ടൈറ്റ് ചെയ്തു. അവസാന ഓവര്‍ ഒരു സീമറിന് കൊടുക്കാതെ സ്പിന്നറിന് കൊടുത്ത ധോണിയുടെ ആ ചങ്കൂറ്റം തന്നെയാണ് അദ്ദേഹത്തിന്റെ കൈ മുതല്‍. അത് വരെ ‘അരക്കപ്പ്’ മാത്രമുള്ള ചാമ്പ്യന്‍സ് ട്രോഫി കിരീടം ‘മുഴുക്കപ്പായി’ ഇന്ത്യയിലെത്തി.

  മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന് മറ്റുള്ള ക്യാപ്റ്റന്മാര്‍ വിത്തിട്ടു പാകിയ നിലത്തില്‍ നിന്ന് വിള കൊയ്യാനെ അറിയൂ എന്ന ആക്ഷേപത്തിന് അതോടെ വിരാമമായി. മുന്‍പേ നടന്നവര്‍ക്കും മുന്‍പില്‍ നടക്കാന്‍ റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്‍ പഠിച്ചു കഴിഞ്ഞു. വന്നവരും നിന്നവരുമെല്ലാം ധോണി എന്ന ക്യാപ്റ്റനെ പാഠപുസ്തകമാക്കാന്‍ തുടങ്ങി. 2011 ല്‍ ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ തിരശീലക്ക് പിറകില്‍ പ്രവര്‍ത്തിച്ച പ്രധാന കൈകളുടെ ഉടമ ഗാരി ക്രിസ്ത്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി.

  ‘ഞാന്‍ ഒരു യുദ്ധത്തിന് പോകാനും തയ്യാറാണ്;ധോണിയാണ് നയിക്കുന്നതെങ്കില്‍…!’
  അത്രക്കുമുണ്ട് ആ ‘തല’ച്ചോറിന്റെ പ്രവര്‍ത്തനം. ഓരോ ക്രിക്കറ്റ് താരങ്ങള്‍ക്കും അവരുടെ ആയുധം ബാറ്റും ബോളുമൊക്കെയാണെങ്കില്‍ ധോണിയുടെ ആയുധം തലച്ചോറായിരുന്നു. ചടുലമായ പത്തോ ഇരുപതോ കരുനീക്കങ്ങള്‍ക്കും അപ്പുറമാണ് ഒരു പിടി ക്ഷമ എന്ന് അദ്ദേഹം കളിക്കളത്തില്‍ തെളിയിച്ചികൊണ്ടേയിരുന്നു.
  മഹേന്ദ്ര സിംഗ് ധോണി എന്ന മഹാമേരുവിന്റെ മുന്‍പില്‍ അടിയറവ് പറയാത്ത ക്യാപ്റ്റന്മാര്‍ ഇന്നീ ലോകത്തില്ല; മുട്ടുമടക്കാത്ത ടീമും…! ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍, പിന്‍ തള്ളിയത് സാക്ഷാല്‍ പോണ്ടിങ്ങിനെ. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. എല്ലാ ICC ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റന്‍. ഓസ്ട്രേലിയയെ ഓസ്‌ട്രേലിയയില്‍ ചെന്ന് വൈറ്റ് വാഷ് അടിച്ച ഏക ക്യാപ്റ്റന്‍, ഏറ്റവും കൂടുതല്‍ തവണ ICC തിരഞ്ഞെടുത്ത ടീമില്‍ ക്യാപ്റ്റനായ വ്യക്തി….! അങ്ങനെ നീളുന്നു ധോണീവിജയ ഗാഥ.

  2017 ലെ പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ഞെട്ടലോടെയാണ് തുടക്കമിട്ടത്. പത്ത് വര്‍ഷത്തോളം കാലം നീലപ്പടയുടെ അമരക്കാരനായി നിന്ന ധോണി തന്റെ ക്യാപ്റ്റന്‍ പദവി മതിയാക്കുന്നു. 2016 ലെ ഏഷ്യ കപ്പ് നേടി കിരീടം ജസ്പ്രീത് ബുംറക്ക് നേരെ വച്ചു നീട്ടിയപ്പോള്‍ ബുംറയും വിചാരിച്ചു കാണില്ല ആ ‘ഇതിഹാസത്തിന്റെ അവസാന കിരീടമാണ്’ തനിക്ക് നേരെ വച്ചു നീട്ടുന്നതെന്ന്.
  10 വര്‍ഷത്തോളക്കാലം ഇന്‍ഡ്യന്‍ ജേഴ്‌സിയുടെ നായകനായി നേടാനൊന്നും ബാക്കി വെക്കാതെ അദ്ദേഹം ഒരു സാധാരണ കളിക്കാരനായി മാറി.
  ‘വെറും ഒരു കളിക്കാരന്‍…!’

  ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ റോള്‍ അവസാനിച്ചു കഴിഞ്ഞു. ഇനി അദ്ദേഹമൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രം.
  അധിക നാള്‍ വെറുമൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി അദ്ദേഹം ടീമില്‍ നിലനില്‍ക്കില്ല എന്ന് ക്രിക്കറ്റ് ലോകം അടക്കം പറഞ്ഞു തുടങ്ങി. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ തന്നിലേക്ക് വര്‍ഷിക്കുമ്പോഴും പുതിയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് മുന്‍പില്‍ ഒരു മറയായി നിന്ന് കൊണ്ട് അദ്ദേഹം രാഷ്ട്രത്തെ സേവിക്കുകയായിരുന്നു. ഒരു സ്ഥിരം ക്യാപ്റ്റന്‍ എങ്ങനെ ആവണം എന്ന ബാലപാഠങ്ങള്‍ കോഹ്ലിക്ക് പഠിപ്പിച്ചു കൊടുത്തു അദ്ദേഹം.

  എന്നാല്‍ 2018 ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്നാം തവണയും IPL ടൈറ്റിലില്‍ മുത്തമിടീപ്പിച്ചു കൊണ്ട് ഇന്നും ആ തലച്ചോറിന് കാര്യമായ മങ്ങല്‍ ഏറ്റിട്ടില്ലെന്ന് തെളിയിച്ചു. മാത്രമല്ല 2019ല്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈക്ക് കപ്പിനും ചുണ്ടിനുമിടയില്‍ വെറും ഒരു റണ്‍സിന് മാത്രമായിരുന്നു കിരീടം നഷ്ടമായത്. അതേ ധോണി എന്ന ക്യാപ്റ്റന്‍ കൈ വച്ചാല്‍ വിജയിക്കാത്ത മേഖലകള്‍ ഒന്നും തന്നെയില്ലായിരുന്നു. കൂടാതെ രണ്ട് തവണ ചെന്നൈ സൂപ്പര്‍ കിങ്സ് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ടപ്പോഴും ‘തല’ മഹി തന്നെയായിരുന്നു.
  ഒന്നോ രണ്ടോ വിക്കറ്റ് ഇന്നിങ്‌സിന്റെ തുടക്കത്തിലേ നഷ്ടമായാല്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്ന് അറിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ബാറ്റിംഗ് നിരയില്‍ ധോണി എന്നത് വേറിട്ടൊരു ശബ്ദമായിരുന്നു. കാലം അദ്ദേഹത്തെ തുഴയനെന്ന് പരിഹസിച്ചു. എങ്കിലും ‘ക്യാപ്റ്റന്‍ അല്ലാത്ത ധോണി’ ആ ജോലി ഒരു മടിയും കൂടാതെ തുടര്‍ന്നു കൊണ്ടേയിരുന്നു.

  ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം ഇന്നിംഗ്‌സുകളിലൊന്നായി കരുതുന്ന ധോണിയുടെ
  114 ബോളില്‍ 54 റണ്‍സ്…!
  ഇന്ത്യയില്‍ മത്സരം ടെലികാസ്റ്റ് ചെയ്യുന്നത് രാത്രി ഏറെ വൈകിയിരുന്നതിനാലാകണം അധികമാരും ലൈവായി കാണാന്‍ സാധ്യത ഇല്ലാത്ത മത്സരം. പിറ്റേന്ന് ഉറക്കമുണര്‍ന്നു നോക്കിയാല്‍ ധോണിയുടെ ഈ ഇന്നിംഗ്‌സാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന മിഥ്യാ ധാരണയെ ഉണ്ടാകൂ.
  ആ ഇന്നിംഗ്‌സ് അത്രയും പരിചയ സമ്പന്നനായ ധോണി എന്ത് കൊണ്ട് കളിച്ചു…? എന്നാരും ചിന്തിക്കാത്തതെന്ത്.?

  ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എടുത്തത് വെറും 189 റണ്‍സ് മാത്രം. 3 വിക്കറ്റുകള്‍ വീതമെടുത്ത സീമേഴ്സ് ഹര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരെ അരിഞ്ഞിട്ടപ്പോള്‍ തന്നെ പിച്ചിന്റെ സ്വഭാവം വ്യക്തം. നല്ല പേസും ബൗണ്‍സും. ഇന്ത്യന്‍ ബാറ്റിങ്ങും കാത്തിരുന്നത് വിന്‍ഡീസിന്റെ അതേ അവസ്ഥ. ഇന്ത്യന്‍ ബൗളര്‍മാര്‍ കൊടുത്ത അതേ നാണയത്തില്‍ വിന്‍ഡീസ് സീമേഴ്‌സും തിരിച്ചടിച്ചു. ജയ്‌സന്‍ ഹോള്‍ഡറും, അല്‍സാരി ജോസഫും തീ തുപ്പുന്ന പന്തുകള്‍ വര്‍ഷിച്ചു. ബോള്‍ ഇരു വശങ്ങളിലേക്കും സ്വിങ് ചെയ്ത് അവര്‍ക്ക് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.

  രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ കൂടാരം കയറി, പിന്നാലെ തന്നെ കോഹ്ലിയും ദിനേശ് കാര്‍ത്തിക്കും. ഇന്ത്യന്‍ സ്‌കോര്‍ 12 ഓവറില്‍ 47/3. ചെറിയ സ്‌കോറാണ് ചെയ്സ് ചെയ്യേണ്ടതെന്ന ധാരണ മാറി കഴിഞ്ഞു. പതിയെ സിംഗിളുകളും ഡബിളും വരാന്‍ തുടങ്ങുന്നു. 91 ബോളില്‍ 60 റണ്‍സ് എടുത്ത രഹാനെയും പുറത്തായതോടെ ഇന്ത്യന്‍ ഡ്രസിങ് റൂം നിശബ്ദം. അപ്പോഴും പ്രായം തളര്‍ത്താത്ത ആ പോരാളി അസാമാന്യ ഫിറ്റ്‌നെസ്സോടെ ഒരു പറ്റം വാലറ്റക്കാരയും കൂട്ടുപിടിച്ചു ഇന്ത്യന്‍ കപ്പല്‍ തുഴഞ്ഞ് തുഴഞ്ഞ് കരക്കടുപ്പിക്കുകയായിരുന്നു. ആവശ്യത്തിന് ബോളുകളും സപ്പോര്‍ട്ട് തരാന്‍ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനോ ഇല്ലാത്ത സാഹചര്യം. വേണമെങ്കില്‍ മുന്‍പ് വന്നവര്‍ ചെയ്ത പോലെ അദ്ദേഹത്തിനും അനാവശ്യമായ ഒരു ഷോട്ട് കളിച്ചു പുറത്താവാമായിരുന്നു. വിജയം മാത്രം ശീലമാക്കിയ കോഹ്ലി പടക്ക് സീരീസ് വിജയിക്കാന്‍ വേണ്ടത് കേവലം ഒരു ജയം; ബാക്കി ഉള്ളത് 2 മത്സരങ്ങളും.
  പക്ഷെ ധോണി എന്ന മനുഷ്യന് സ്വന്തം രാജ്യത്തെ തോല്‍വിയിലേക്ക് തള്ളിയിടാന്‍ തീര്‍ത്തും ആഗ്രഹമേ ഇല്ലായിരുന്നു. പണ്ടത്തെ ആ ക്യാപ്റ്റനെ പോലെ തന്നെ തോല്‍വി എങ്കില്‍ മുഴുവന്‍ ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം ഇന്ത്യന്‍ നൗക വീണ്ടും ‘തുഴഞ്ഞു..!’ 100 റണ്ണില്‍ നിന്ന് ഒരുകൂട്ടം ബൗളര്‍മാരെയും മറുവശത്ത് കൂട്ടുപിച്ചു മുപ്പതാം ഓവറില്‍ നിന്ന് തുഴഞ്ഞു തുടങ്ങിയ ആ ഇന്നിംഗ്‌സ് വന്ന് നിന്നത് നാല്പത്തിയെട്ടാം ഓവര്‍ വരെ. മറു എന്‍ഡില്‍ ഒരു ബോളര്‍ ആയിരുന്നതിനാലായിരിക്കണം അദ്ദേഹം നാല്പത്തിയെട്ടാം ഓവറിലെ അവസാന പന്തില്‍ സിംഗിളിന് ശ്രമിച്ചു കീഴടങ്ങേണ്ടി വന്നു. അപ്പോള്‍ ഇന്ത്യ ജയത്തിന് വെറും 14 റണ്‍സ് മാത്രം. ധോണി മുന്‍ കൂട്ടി കണ്ട പോലെ തന്നെ സംഭവിച്ചു. അടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ അടുത്ത വിക്കറ്റും നഷ്ടം. ആ ഒരു പിച്ചില്‍ 12 ബോളില്‍ 14 റണ്‍സ് ഇന്ത്യന്‍ ബോളേര്‍സ് എടുക്കില്ലെന്ന് അദ്ദേഹത്തിനും ഉറപ്പായിരുന്നു. ജയത്തിനരികെ വരെ കൊണ്ടെത്തിച്ചിട്ടും ജയത്തിലേക്ക് എത്തിക്കാനായില്ലല്ലോ എന്ന നിരാശയോടെ തോല്‍വിയുടെ മുഴുവന്‍ ഭാരവും ഏറ്റെടുത്തുകൊണ്ട് ധോണിയും പവലിയിനിലേക്ക്.

  114 ബോളില്‍ 54 റണ്‍സ്.
  എന്നും എന്റെ ക്രിക്കറ്റ് കണക്ക് പുസ്തകത്തില്‍ ഞാന്‍ ഈ ഇന്നിംഗ്‌സിനെ തങ്കലിപികളിലായിരിക്കും രേഖപ്പെടുത്തുക. ധോണിക്ക് സ്വന്തമായി ഒന്നും നേടാനില്ലായിരുന്നു. സ്വന്തം കുഞ്ഞ് ജനിച്ചപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയയില്‍ ആയിരുന്ന ധോണി

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 4. ധോണിയ്ക്ക് വേണ്ടി വെടിയേല്‍ക്കാന്‍ വരെ തയ്യാറാണെന്ന് രാഹുല്‍, കാരണമിതാണ്

  Leave a Comment

  ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ധോനണിക്ക് വേണ്ടിയാണെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ വെടിയേല്‍ക്കാന്‍ വരെ തങ്ങള്‍ തയ്യാറാവുമെന്നാണ് രാഹുല്‍ തുന്ന്് പറയുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ സൂചിപ്പിക്കാനാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്.

  ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ ധോണി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം, രാഹുല്‍ പറഞ്ഞു. ക്യാപ്റ്റന്‍ എന്ന് പേര് കേള്‍ക്കുന്ന നിമിഷം എന്റെ മനസ്സിലേക്ക് വരുന്നത് ധോണനിയുടെ മുഖമാണ് എന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

  തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോനണിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോണി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണെന്നും രാഹുല്‍ പറഞ്ഞു.

  ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ച 2014ലെ മെല്‍ബണ്‍ ടെസ്റ്റിലാണ് കെ എല്‍ രാഹുല്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.

  നിലവില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം അവിടെയാണ് രഹുല്‍. ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം കഴിവ് തെളിയിച്ച രാഹുല്‍ വരും നാളുകളില്‍ ഇന്ത്യയുടെ അവിഭാജ്യഘടകം ആകുമെന്നാണ് വിലയിരുത്തുന്നത്.

 5. ധോണിയ്ക്കായി വിരമിക്കല്‍ മത്സരം നടത്തണം, നിര്‍ണ്ണായക ആവശ്യവുമായി സെലക്ടര്‍

  Leave a Comment

  ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്ക്കായി ഒരു വിരമിക്കല്‍ മത്സരം സംഘടിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിങ്. ബിസിസിഐ ഇക്കാര്യം ആലോചിച്ച് ഉചിതമായ സമയം കണ്ടെത്തണമെന്നും സരണ്‍ദീപ് സിംഗ്് ആവശ്യപ്പെടുന്നു.

  ”ധോണിയെ പോലൊരു ഇതിഹാസ നായകന്‍ എന്തുകൊണ്ടാണ് ഇപ്രകാരം വിരമിച്ചത്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കേണ്ടിയിരുന്ന ടി :20 ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഈ ലോകകപ്പില്‍ ഒരു അവസരം ധോണി ആഗ്രഹിച്ചിരുന്നു പക്ഷേ ലോകകപ്പ് മാറ്റിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ധോണി ഒരു വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നു. അദ്ദേഹത്തിന് ഇനിയും ബിസിസിഐ ആലോചിച്ച് മത്സരം അനുവദിക്കണം” മുന്‍ സെലക്ടര്‍ പറയുന്നു.

  ധോണി വളരെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ആരാധകരും ഒപ്പം ക്രിക്കറ്റ് ലോകവും ഏറെ ഞെട്ടിയിരുന്നു. താരത്തിന് ഒരു വിരമിക്കല്‍ മത്സരത്തിനുള്ള അവസരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കുമെന്ന് വാര്‍ത്തകള്‍ സജീവമായിരുന്നുവെങ്കിലും കോവിഡ് മൂലം പിന്നീട് ആ ചര്‍ച്ച മുന്നോട് പോയില്ല. ഇതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സരണ്‍ദീപ് സിംഗ്് രംഗത്തെത്തിയിരിക്കുന്നത്.

  കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന് തൊട്ടുമുമ്പാണ് ധോണി അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ നിന്നും വിരമിച്ചത്. ധോണിയ്‌ക്കൊപ്പം അന്ന് മറ്റൊരു ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും ക്രിക്കറ്റ് മതിയാക്കിയിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ചെെൈന്ന സൂപ്പര്‍ കിംഗ്‌സ് നായകനാണ് ധോണി.

 6. ധോണിയ്ക്ക് എന്തുകൊണ്ട് വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല, കാരണം ചൂണ്ടിക്കാട്ടി സെലക്ടര്‍

  Leave a Comment

  ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായിരുന്ന മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകന്‍. നീണ്ട കരിയറിനിടെ ഐസിസിയുടെ നിരവധി ട്രോഫികളും ധോണി സ്വന്തമാക്കുകയുണ്ടായി. എന്നാല്‍ ധോണിയ്ക്ക് അര്‍ഹമായ വിരമിക്കലാണോ ലഭിച്ചത്.

  അക്കാര്യത്തെ കുറിച്ച് സമ്മിശ്രമായ പ്രതികരണമാകും ആരാധകരില്‍ നിന്നും ഉണ്ടാകുക. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് എല്ലാവരെയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു യാത്രയയപ്പായിരുന്നില്ല ധോണി അര്‍ഹിച്ചിരുന്നതെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഒരു വിരമിക്കല്‍ മത്സരം പോലും ധോണിക്ക് ലഭിച്ചില്ല.

  ഇപ്പോഴിതാ എന്തുകൊണ്ടാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സരണ്‍ദീപ് സിങ്.

  ‘ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചതിനാലാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നത്. ഇത് മാറ്റിവെക്കാന്‍ തീരുമാനിച്ച് അധികം വൈകാതെ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി. കൂടാതെ കോവിഡ് വ്യാപനവും ഉണ്ടായിരുന്നു. അവസാന വര്‍ഷം ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണി തീര്‍ച്ചയായും ഉള്‍പ്പെടുകയും വിരമിക്കല്‍ മത്സരം ലഭിക്കുകയും ചെയ്യുമായിരുന്നു’-സരണ്‍ദീപ് സിങ് പറഞ്ഞു.

  ധോണിക്ക് വിരമിക്കുന്നതിന് വേണ്ടി മാത്രമായി ഒരു മത്സരം നടത്താന്‍ ബിസിസി ഐ ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അത് നടക്കാതെ പോയി. 2020ല്‍ സിഎസ്‌കെയ്ക്കൊപ്പം ധോണി നിരാശപ്പെടുത്തുകയും സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

 7. ധോണിയേക്കാള്‍ പെര്‍ഫെക്ടായ ‘ഹെലികോപ്റ്റര്‍ ഷോട്ട’, അതും ധോണിയ്ക്കും മുമ്പേ, ഇതാ തെളിവുകള്‍

  Leave a Comment

  ക്രിക്കറ്റ് ലോകത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു ഷോട്ടാണ് ഹെലികോപ്്റ്റര്‍ ഷോട്ട്. ശരീരവും ബാറ്റും വില്ലുപോലെ വളച്ച് പന്ത് ഗ്യാലറി കടത്തുന്ന മനോഹരമായ ഷോട്ടാണിത്. ലോക ക്രിക്കറ്റിലെ മറ്റ് പല താരങ്ങളും ഈ ഷോട്ട് അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും അത്ര കണ്ട് ഫലപ്രദമായില്ല.

  എന്നാല്‍ ക്രിക്കറ്റ് ലോകത്ത് ധോണി പരിചയപ്പെടുത്തിയ ഷോട്ടാണോ ശരിക്കും ഇത്. അല്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കുന്നതാണ് ഈ വീഡിയോയിലുളളത്.

  1996ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലാണ് അസ്ഹര്‍ ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കുന്നത്. ഇതിഹാസ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നര്‍ക്കെതിരേയായിരുന്നു ഇത്. ടെസ്റ്റില്‍ ക്ലൂസ്‌നറിന്റെന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ മല്‍സരം എന്ന പ്രത്യേകതയുണ്ട്. കളിയില്‍ 77 ബോളില്‍ 18 ബൗണ്ടറികളും ഒരു സിക്സറുമടക്കം 109 റണ്‍സ് അസ്ഹര്‍ നേടിയിരുന്നു.

  ഈ ടെസ്റ്റില്‍ അസ്ഹറില്‍ നിന്നും ഏറ്റവുമധികം തല്ലുവാങ്ങിയത് ക്ലൂസ്നറായിരുന്നു. ഒരോവറില്‍ അഞ്ചു ബൗണ്ടറികള്‍ അസ്ഹര്‍ അദ്ദേഹത്തിനെതിരേ പായിച്ചിരുന്നു. അഞ്ചു ബൗണ്ടറികള്‍ പറത്തിയ അതേ ഓവറില്‍ തന്നെയായിരുന്നു ക്ലൂസ്നര്‍ക്കെതിരേ അസ്ഹറിന്റെ ക്ലാസിക് ഹെലികോപ്റ്റര്‍ ഷോട്ട്.

  ആദ്യ രണ്ടു ബോളുകളിലും അസ്ഹര്‍ ബൗണ്ടറിയടിച്ചതോടെ മൂന്നാമത്തേത് യോര്‍ക്കറാണ് ക്ലൂസ്നര്‍ പരീക്ഷിച്ചത്. ലെങ്ത് മനസ്സിലാക്കിയ അസ്ഹര്‍ വലതു കാല്‍ അതിവേഗം ബോളിന്റെ ലൈനിലേക്കു കൊണ്ടു വന്ന ശേഷം ഹെലികോപ്റ്റര്‍ ഷോട്ട് തൊടുക്കുകയായിരുന്നു. മിഡ് വിക്കറ്റ് ഭാഗത്തു കൂടി ബോള്‍ അതിവേഗം ബൗണ്ടറി കടക്കുകയും ചെയ്തു.

  ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് അസ്ഹര്‍ വിലയിരുത്തപ്പെടുന്നത്. വളരെ അനായാസമായ ബാറ്റിങ് ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപാരമായ ടൈമിങായിരുന്നു അസ്ഹറിനെ ഇതിനു സഹായിച്ചിരുന്നത്. ഗംഭീര ഫീല്‍ഡറും കൂടിയായിരുന്നു അദ്ദേഹം.

   

 8. മറക്കാനാകുമോ വിശാഖപട്ടണത്തെ ആ മഹേന്ദ്രജാലം? ഒരു വിപ്ലവത്തിന് തുടക്കമായിരുന്നു അത്

  Leave a Comment

  സജിന്‍ ബാബ്

  അന്നൊരു മധ്യവേനല്‍ അവധിദിനം ആയിരുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഉള്ള ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിന് വിശാഖപട്ടണത്തു അരങ്ങൊരുങ്ങി. വീട്ടിലും ബന്ധുവീടുകളിലും അന്ന് ടിവി ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് പ്രാന്ത് തലക്ക് പിടിച്ച കാലം ആയതിനാല്‍ ഏതുവിധേനയും കളി കാണാറുണ്ടായിരുന്നു.

  അങ്ങനെ അന്ന് ഞാനും ഏട്ടനും കൂടെ ഏട്ടന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി കളി കാണാന്‍ തീരുമാനിച്ചു. അവിടെ കുറച്ചു പേര്‍ ആദ്യമേ ടിവിക്ക് മുന്നില്‍ ഇരിപ്പുറപ്പിച്ചിരുന്നു. ഒടുവില്‍ കളി തുടങ്ങാറായി. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത് സാക്ഷാല്‍ സച്ചിനും സേവാഗും. സേവാഗ് തന്റെ സ്വാതസിദ്ധമായ ശൈലിയില്‍ തന്നെ തുടങ്ങി. ബൗണ്ടറികള്‍ തലങ്ങും വിലങ്ങും പായിച്ചു.

  എന്നാല്‍ 3.2 ഓവറില്‍ 26 റണ്‍ ആയപ്പോള്‍ സച്ചിന്‍ റണ്‍ ഔട്ട് ആയി. സച്ചിന്റെ ഒരു മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശ ആയിരുന്നു ഫലം. എന്നാല്‍ പിന്നീട് കഴിഞ്ഞ കളിയിലെ പോലെ ദാദാ ഇറങ്ങും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ചെമ്പന്‍ നിറത്തില്‍ തലമുടി നീട്ടി വളര്‍ത്തിയ ഒരു യുവാവ് ആണ് ക്രീസില്‍ എത്തിയത്. അതിനു മുന്‍പ് കളിച്ച സീരിസില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ അധികമൊന്നും അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

  സച്ചിന്‍ ഔട്ട് ആയെങ്കിലും അതൊന്നും ബാധിക്കാതെ സേവാഗ് ബാറ്റ് വീശി.13.2 ഓവറില്‍ 122 ആയപ്പോള്‍ 40 പന്തില്‍ 74 റണ്‍സ്സുമായി സേവാഗ് മടങ്ങി. അതുവരെ ി ക്രീസില്‍ അധികം അക്രമണത്തിന് മുതിരാതിരുന്ന ആ യുവാവ് പതിയെ തന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാന്‍ ബൗളേഴ്സിനെ അറിയിക്കാന്‍ തുടങ്ങി. അതിനിടയില്‍ ദാദാ ഔട്ട് ആയി, പിന്നീട് ദ്രാവിഡ് വന്നു. പിന്നീട് കണ്ടത് ഒരു സംഹാരതാണ്ടവം തന്നെ ആയിരുന്നു.123 പന്തില്‍ 15 ഫോറും 4 പടുകൂറ്റന്‍ സിക്‌സുകളും അടക്കം 148 റണ്‍ നേടിയ ആ പയ്യന്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറി അന്ന് സ്വന്തമാക്കി. അര്‍ദ്ധസെഞ്ച്വറിയുമായി ദ്രാവിഡ് മികച്ച പിന്തുണയും നല്‍കി.42.2 ഓവറില്‍ 289/4 എന്ന മികച്ച നിലയില്‍ ടീമിനെ എത്തിച്ച ശേഷം ആണ് അദ്ദേഹം മടങ്ങിയത്.

  പിന്നീട് വാലറ്റത്ത് സഹീറും ബാലാജിയും തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ 50 ഓവറില്‍ 356/9 എന്ന നിലയില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അബ്ദുല്‍ റസാഖിന്റെയും യുസുഫ് യുഹാനയുടെയും അര്‍ദ്ധസെഞ്ച്വറിയുടെ സഹായത്തില്‍ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 58 റണ്‍സ് അകലെ പാകിസ്താന് കാലിടറി.

  ഇന്ത്യക്ക് വേണ്ടി നെഹ്ര 4 വിക്കറ്റും യുവി 3 വിക്കറ്റും വീഴ്ത്തി. എങ്കിലും കളിയിലെ താരം ആ ചെമ്പന്‍ തലമുടിക്കാരന്‍ തന്നെ ആയിരുന്നു. തന്റെ ആദ്യ സെഞ്ച്വറിയിലൂടെ അന്ന് കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയത് മറ്റാരുമല്ല സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു. അവിടം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രജാലത്തിനു ആരംഭം കുറിച്ചു

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 9. ആദ്യം വിദേശ താരങ്ങള്‍ പോകട്ടെ, ഹോട്ടല്‍ വിടുന്ന അവസാനത്തെയാള്‍ ഞാനായിരിക്കും, ധോണിയുടെ കരുതല്‍ ചര്‍ച്ചയാകുന്നു

  Leave a Comment

  ഐപിഎല്‍ പാതിവഴിയില്‍ നിലച്ചപ്പോള്‍ പിന്നീട് കണ്ടത് എത്രയും വേഗം വീട്ടിലെത്താനുളള താരങ്ങളുടെ നെട്ടോട്ടമണ്. എന്നാല്‍ പതിവ് പോലെ തന്നെ ഇക്കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

  ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെ ധോണി സഹകളിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ആദ്യം വിദേശകളിക്കാര്‍ സുരക്ഷിതമായി ഹോട്ടല്‍ വിട്ടു പോകട്ടെ എന്നാണ് ധോണി തീരുമാനമെടുത്തത്. പിന്നീട് ആഭ്യന്തര കളിക്കാരും. ഏറ്റവും ഒടുവില്‍ താനാകും ഹോട്ടല്‍ വിടുകയെന്ന് സിഎസ്‌കെ ക്യാപ്റ്റന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  ‘ഹോട്ടല്‍ വിടുന്ന അവസാനത്തെയാള്‍ താനായിരിക്കുമെന്ന് മഹിഭായ് പറഞ്ഞു. ആദ്യം വിദേശികള്‍ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ഇന്ത്യന്‍ കളിക്കാരും. എല്ലാവരും വീട്ടില്‍ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കിയ ശേഷം നാളെയാണ് ധോണി വീട്ടിലേക്ക് പോകുക’ – ഒരു സിഎസ്‌കെ അംഗം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

  വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം റാഞ്ചിക്ക് തിരിക്കുക. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് കളിക്കാരെ ക്ലബ് നാട്ടിലെത്തിച്ചത്. ഇംഗ്ലണ്ട് താരങ്ങളാണ് ആദ്യമായി നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവിധ ടീമുകളിലെ എട്ട് താരങ്ങളാണ് ലണ്ടനിലെത്തിയത്. മാലിദ്വീപ് വഴിയാണ് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

  ബംഗ്ലാദേശ് താരങ്ങളായ ഷാകിബുല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിക്കും. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നാട്ടിലെത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ കളിക്കാരോടും മൂന്നു ദിവസം വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

 10. മികച്ച പ്രകടനം പ്രതീക്ഷിക്കരുത്, പ്രായം 40 ആയെന്ന് ധോണി

  Leave a Comment

  ഐപിഎല്ലില്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യാന്‍ ഒരിക്കലും കഴിയില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി. 24ാം വയസ്സില്‍ പോലും മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പ് തരാനിയിട്ടില്ലെന്നും 40 വയസ്സില്‍ അത് സാധിക്കുമെന്ന കരുതുന്നില്ലെന്നും ധോണി പറഞ്ഞു.

  ‘ കളിക്കുമ്പോള്‍ ഫിറ്റ് അല്ലെന്ന് ആരും പറയരുത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടാകില്ല, എനിക്ക് 24 വയസായിരുന്നപ്പോഴും മികച്ച പ്രകടനമെന്ന് വാഗ്ദാനം നല്‍കിയിരുന്നില്ല, 40-ാം വയസിലും അതിന് കഴിയില്ല’ ,ധോനി പറഞ്ഞു.

  കഴിഞ്ഞ ദിവസം ധോണിയുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 45റണ്‍സിന്റെ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍. മത്സരത്തില്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന്റെ പ്രകടനം പക്ഷെ നിരാശപ്പെടുത്തുന്നതായിരുന്നു.

  ഓവറില്‍ 9 റണ്‍സ് ശരാശരിയില്‍ മുന്നേറിയിരുന്ന സിഎസ്‌കെയുടെ സ്‌കോറിങ് ധോണി ക്രീസിലെത്തിയതിന് പിന്നാലെ മന്ദഗതിയിലായി. ആറ് ബോളുകള്‍ നേരിട്ടശേഷമാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്. 17 ബോളില്‍ വെറും 18 റണ്‍സ് മാത്രമെടുത്ത താരം ചെന്നൈയുടെ സ്‌കോറിങ് വേഗത കുറച്ചു.