Tag Archive: Mesut Ozil

  1. അസിസ്റ്റുകളുടെ രാജകുമാരൻ, മെസൂദ്‌ ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

    Leave a Comment

    ഫുട്ബോൾ ലോകത്തെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന മെസൂദ്‌ ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിനാലുകാരനായ താരം തുർക്കിഷ് ക്ലബായ ഇസ്‌താംബുൾ ബസക്സാഹിറിന് വേണ്ടിയാണ് കളിച്ചിരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഓസിൽ റിട്ടയർമെന്റ് പ്രഖ്യാപനം നടത്തിയത്.

    “എല്ലാവർക്കും ഹലോ, ഒരുപാട് ചിന്തിച്ചതിനു ശേഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നു. ഏകദേശം 17 വർഷമായി ഒരു പ്രൊഫഷണൽ ഫുട്ബോളരെന്ന പദവി എനിക്കുണ്ട്, ഈ അവസരത്തിന് എനിക്ക് അവിശ്വസനീയമാംവിധം നന്ദി തോന്നുന്നു. എന്നാൽ കഴിഞ്ഞ ആഴ്‌ചകളിലും മാസങ്ങളിലും, പരിക്കുകൾ അനുഭവിച്ചതിനാൽ, ഫുട്‌ബോളിന്റെ വലിയ വേദി വിടാനുള്ള സമയമാണിതെന്ന് വ്യക്തമാണ്.” താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

    “അവിസ്മരണീയമായ നിമിഷങ്ങളും വികാരങ്ങളും നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയാണിത്. എന്റെ ക്ലബ്ബുകളായ ഷാൽക്കെ 04, വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്‌സനൽ എഫ്‌സി, ഫെനർബാഷെ, ബസാക്‌സെഹിർ, എന്നെ പിന്തുണച്ച പരിശീലകർക്കും ഒപ്പം സുഹൃത്തുക്കളായി മാറിയ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും പ്രത്യേക നന്ദി പറയണം. അവർ ആദ്യ ദിവസം മുതൽ എന്റെ യാത്രയുടെ ഭാഗമാണ്, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എനിക്ക് വളരെയധികം സ്നേഹവും പിന്തുണയും നൽകി.” ഓസിൽ പറഞ്ഞു.

    ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് മെസൂദ്‌ ഓസിൽ. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ലെങ്കിലും ബാക്കി നേട്ടങ്ങളെല്ലാം ക്ലബ് തലത്തിൽ സ്വന്തമാക്കിയ താരം ജർമനിക്കൊപ്പം 2014 ലോകകപ്പും സ്വന്തമാക്കി. അതേസമയം തുർക്കിഷ് പ്രസിഡന്റ് എർദോഗനു നൽകിയ പിന്തുണയുടെ ഭാഗമായി ജർമൻ ആരാധകരുടെ പ്രതിഷേധം അവസാന നാളുകളിൽ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പരിക്കുകൾ വലച്ചതാണ് താരം കളി നിർത്താൻ കാരണമായത്.

     

  2. മധ്യനിരയിലെ മാന്ത്രികൻ മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നു

    Leave a Comment

    ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന ജർമൻ താരം മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നു. താരം പ്രൊഫെഷണൽ ഫുട്ബോളിൽ തന്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപഭാവിയിൽ തന്നെ താരം വിരമിക്കൽ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

    കഴിഞ്ഞ സീസണിൽ ഫെനർബാഷെയിൽ കളിച്ചിരുന്ന ഓസിൽ നിലവിൽ ഇസ്‌താംബുൽ ബസകസാഹിറിന്റെ താരമാണ്. ഇക്കഴിഞ്ഞ സമ്മറിൽ ക്ലബ് മാറിയ താരത്തിന് പക്ഷെ അധികം അവസരങ്ങൾ ക്ലബിനൊപ്പം ലഭിച്ചിട്ടില്ല. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം വലയുന്ന താരം ഏഴു മത്സരങ്ങളിലായി 142 മിനുട്ടുകൾ മാത്രമാണ് ഈ സീസണിലിതു വരെ കളിച്ചിട്ടുള്ളത്.

    തുർക്കിഷ് ക്ലബുമായുള്ള തന്റെ കരാർ അവസാനിപ്പിച്ചാണ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനാണു ഓസിൽ ഒരുങ്ങുന്നത്. ഇനി തന്റെ ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ നടത്താൻ കഴിയുമെന്ന് താരത്തിന് വിശ്വാസമില്ല. ഇതാണ് താരം ഈ പ്രായത്തിൽ കളിക്കളം വിടാൻ തീരുമാനമെടുക്കാൻ കാരണം.

    പ്രതിരോധനിരയെ കീറി മുറിക്കുന്ന അതിമനോഹരമായ പാസുകളും അസിസ്റ്റുകളും നൽകാൻ കഴിയുന്ന താരമായിരുന്ന മെസ്യൂദ് ഓസിൽ 645 മത്സരങ്ങൾ ക്ലബിനായി കളിച്ച് 114 ഗോളുകളും 221 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ്, ആഴ്‌സണൽ എന്നീ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ഓസിൽ ക്ലബ് തലത്തിൽ ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജർമനിക്കൊപ്പം 2014 ലോകകപ്പും താരം നേടി.

  3. ഗ്യാലറിയില്‍ ഓസിലെത്തി, ജര്‍മ്മനിയ്ക്കല്ല, നന്ദി ആ രാജ്യത്തിന്

    Leave a Comment

    ദോഹ: ഖത്തര്‍ ലോകകപ്പ് വേദിയിലെ ഗ്യാലറിയില്‍ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മുന്‍ ജര്‍മന്‍ താരം മൊസ്യൂട്ട് ഓസില്‍. ലോകകപ്പ് സംഘാടകരായ ഖത്തറിനെ പ്രശംസകൊണ്ട് മൂടിയതാരം സംഘാടനത്തിലെ തൃപ്തിയും രേഖപ്പെടുത്തി. ഇനി നടക്കാനുള്ള മത്സരങ്ങള്‍ക്ക് ആശംസകള്‍നേരുകയും ചെയ്തു. ദൈവഹിതമുണ്ടെങ്കില്‍ വീണ്ടുംകാണുമെന്നും ഓസില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

    ദോഹയിലെ അല്‍ബെയ്ത് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിന്‍-ജര്‍മനി മത്സരത്തിനിടെ കാണികള്‍ ഓസിലിന്റെ ചിത്രങ്ങളുമായി ഗ്യാലറിയിലെത്തിയിരുന്നു. ഓസിലിനോട് ജര്‍മനി അനീതികാട്ടിയെന്ന് ചൂണ്ടിക്കാട്ടിയ ആരാധകരുടെ പ്രതികരണം വലിയതോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

    വണ്‍ലൗ ആംബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് നടന്ന ഫോട്ടോസെഷനില്‍ താരങ്ങള്‍ വാപൊത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജര്‍മനിയുടെ രണ്ടാംമത്സരത്തില്‍ ഒരുവിഭാഗം ആരാധകര്‍ ഓസിലിന്റെ ചിത്രം ഗ്യാലറിയില്‍ നിന്ന് ഉയര്‍ത്തികാണിച്ചത്.


    തുര്‍ക്കി വംശജനായ ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വംശീയ വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. 2018 റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിയുടെ പരാജയത്തിന് കാരണം ഓസിലാണെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. താരത്തിനെതിരെ വംശീയ അധിക്ഷേപവുമുണ്ടായി.

    തുടര്‍ന്നാണ് 30ാം വയസില്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു ഓസില്‍. പ്രീമിയര്‍ലീഗ് ആഴ്‌സനില്‍ ദീര്‍ഘകാലം കളിച്ചിരുന്ന ഓസില്‍ നിലവില്‍ തുര്‍ക്കി പ്രൊഫഷണല്‍ ക്ലബിലാണ് കളിക്കുന്നത്.

  4. ഓസിലിന്റെ ചിത്രവുമായി വാ പൊത്തി കാണികള്‍, ഗ്യാലറിയില്‍ ജര്‍മ്മനിയെ പ്രകോപിപ്പിക്കുന്ന പ്രതിഷേധം

    Leave a Comment

    ലോകകപ്പില്‍ സ്‌പെയിന്‍-ജര്‍മ്മനി മത്സരം നടന്ന അല്‍ ബെയ്ത് സ്റ്റേഡിയം വേറിട്ട പ്രതിഷേധത്തിനും സാക്ഷിയായി. രണ്ടാം മത്സരം കളിക്കാനെത്തിയ ജര്‍മ്മനിക്കെതിരെയാണ് ഒരുകൂട്ടം കാണികള്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

    വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്ന മുന്‍ ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രം കയ്യിലേന്തി വാ പൊത്തിയായിരുന്നു ആരാധകര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. ജര്‍മ്മനിക്ക് ഓസിലിന്റെ കാര്യത്തിലും എല്‍ജിബിടിക്യൂ സമൂഹത്തിന്റെ കാര്യത്തിലും ഇരട്ടത്താപ്പാണെന്ന് ഇവര്‍ ആരോപിച്ചു.

    ജപ്പാനുമായുളള ആദ്യ മത്സരത്തിന് മുമ്പ് ജര്‍മ്മന്‍ ടീം ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെയായിരുന്നു ജര്‍മ്മന്‍ താരങ്ങളുടെ പ്രതിഷേധം. എല്‍ജിബിടിക്യൂ സമൂഹത്തോടുളള ഖത്തറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതിനാണ് മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

    നാല് വര്‍ഷം മുമ്പാണ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. 2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ഓസിലിനെതിരെ വംശീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ മനംമടുത്താണ് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരനുമാവുന്നു.’ വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസില്‍ പറഞ്ഞത് ഇതാണ്.

  5. ഒടുവിൽ ആഴ്സണലിൽ നിന്നും സ്വതന്ത്രനായി ഓസിൽ, ടർക്കിഷ് ക്ലബ്ബിലേക്ക് ചേക്കേറിയേക്കും

    Leave a Comment

    ഒടുവിൽ ആഴ്സണലുമായുള്ള കരാർ ഇല്ലാതാക്കി ക്ലബ്ബ് വിടാനൊരുങ്ങുകയാണ് മെസ്യൂട് ഓസിൽ. ആഴ്സണലിൽ  ഇനിയും ആറു മാസത്തേക്ക് കൂടി കരാർ ഉണ്ടെങ്കിലും കരാർ റദ്ദാക്കി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് ഓസിലിന്റെ പദ്ധതി. ടർക്കിഷ് ക്ലബ്ബായ ഫെനെർബാഷേയിലേക്കാണ് ചെക്കേറുകയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ച്‌ മുതൽ ഓസിലിനു ആഴ്സണലിന്‌ വേണ്ടി കളത്തിലിറങ്ങാൻ  ഓസിലിനു സാധിച്ചിരുന്നില്ല.

    ആഴ്സണലിന്റെ പുതിയ പരിശീലകൻ അർട്ടേറ്റക്കു കീഴിൽ തിളങ്ങാതെ പോയതാണ് ഓസിലിനു തിരിച്ചടിയായത്.  കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ആഴ്‌സണൽ വിൽക്കാനൊരുങ്ങിയെങ്കിലും ഓസിൽ അതിനെ അവഗണിച്ചു ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.  എന്നാൽ ഈ തീരുമാനം ആഴ്‌സണലിനെ ചൊടിപ്പിക്കുകയും പ്രീമിയർ ലീഗിലെയും  യൂറോപ്പ ലീഗിലെയും സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു.

    കോവിഡ്  മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ ആഴ്‌സണൽ നിരവധി സാമ്പത്തികനടപടികൾ സ്വീകരിച്ചിരുന്നു. താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുകയും  അനാവശ്യചെലവുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഓസിൽ  ശമ്പളം വെട്ടിക്കുറക്കാൻ സമ്മതിക്കാതിരുന്നതും ക്ലബ്ബിനുള്ളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. എന്തായാലും ക്ലബിനോട് യാതൊരു പ്രശ്നവും തനിക്കില്ലെന്നു അടുത്തിടെ ഓസിൽ ട്വിറ്ററിലൂടെ  വെളിപ്പെടുത്തിയിരുന്നു.

    ആഴ്സണലിലേക്ക് ചേക്കേറാനെടുത്ത തീരുമാനത്തിൽ തനിക്കൊരിക്കലും ഖേദം തോന്നിയിട്ടില്ലെന്നാണ് ഓസിൽ അഭിപ്രായപ്പെട്ടത്. ചേക്കേറാനൊരുങ്ങി നിൽക്കുന്ന ടർക്കിഷ് ക്ലബ്ബായ ഫെനെർബാഷെ ടർക്കിയിലെ റയൽ മാഡ്രിഡ്‌ ആണെന്നും ഓസിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഡീൽ നടന്നാൽ ഇരുകൂട്ടർക്കും നല്ലതാവുമെന്നാണ് അർട്ടേറ്റ അഭിപ്രായപ്പെട്ടത്.

  6. ടോട്ടനത്തിലേക്ക് ചെക്കേറുന്നതിനേക്കാൾ നല്ലത് വിരമിക്കുന്നതാണ്, ആഴ്സണലിലേക്ക് വന്നതിൽ ഖേദിക്കുന്നില്ലെന്നു ഓസിൽ

    Leave a Comment

    ആഴ്‌സണലിൽ അവസരങ്ങളില്ലാതെ ക്ലബ്ബ് വിടാനൊരുങ്ങുന്ന മധ്യനിരസൂപ്പർതാരമാണ് മെസ്യൂട് ഓസിൽ. പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ സ്‌ക്വാഡിൽ നിന്നും പുറത്താക്കിയതോടെ ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിനു സാധിച്ചിട്ടില്ല. ആഴ്സണലിന്റെ പുതിയ പരിശീലകനായ മൈക്കൽ അർട്ടേറ്റയുടെ കീഴിൽ ആദ്യ പതിനാറിൽ പന്ത്രണ്ടു മത്സരങ്ങൾ ഓസിലിനു കളിക്കാൻ സാധിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കു ശേഷം ഫുട്ബോൾ തിരിച്ചെത്തിയതിനു ശേഷം ഓസിലിനു അവസരങ്ങൾ ലഭിച്ചിട്ടില്ല.

    നിലവിലെ ഈ സാഹചര്യത്തിൽ ഓസിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണുള്ളത്. അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഡിസി യുണൈറ്റഡിലേക്കോ ടർക്കിഷ് ക്ലബ്ബായ ഫെനർബാഷേയിലേക്കോ ചേക്കേറാനാണ് ഓസിലിന്റെ പദ്ധതി. ആഴ്സണലിൽ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായെങ്കിലും അഴ്സണലിലേക്ക് വന്നതിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്നാണ് ഓസിലിന്റെ പക്ഷം. ട്വിറ്ററിലൂടെ നടത്തിയ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു ഓസിൽ.

    “തീർച്ചയായും ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാലമത്രയും ആഴ്സണലിൽ ചേർന്നതിൽ എനിക്കിതുവരെ ഖേദം തോന്നിയിട്ടില്ല. സത്യം പറഞ്ഞാൽ കൊറോണക്ക് മുൻപ് കളിച്ച മത്സരങ്ങൾ എനിക്കു വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. ആ സമയം ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ സമയത്തു ഞങ്ങൾ വളരെയധികം പോസിറ്റീവ് ആയിരുന്നു. എന്നാൽ അവധിക്കു ശേഷം എല്ലാം മാറി മറിയുകയായിരുന്നു.” ഓസിൽ പറഞ്ഞു.

    ചെറുപ്പം മുതലേ ഫെനർബാഷേ ക്ലബ്ബ് ആരാധകനായിരുന്നു താനെന്നും തുർക്കിയിലെ റയൽ മാഡ്രിഡാണ് ഫെനർബാഷേയെന്നും ഓസിൽ പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിലെ മറ്റൊരു ക്ലബ്ബായ ടോട്ടനത്തിലേക്ക് ചേക്കേറുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനും ഓസിൽ മറുപടി നൽകി. ആഴ്സണലിന്റെ ചിരവൈരികളായ ടോട്ടനത്തിലേക്ക് പോകുന്നതിനേക്കാൾ വിരമിക്കാനാണ് തനിക്കിഷ്ടമെന്നാണ് ഓസിൽ മറുപടി നൽകിയത്.

  7. ഇന്റർമിലാൻ സൂപ്പർതാരത്തിനായി ആഴ്‌സണൽ, പ്രതിബന്ധമായി ഓസിൽ ട്രാൻസ്ഫർ

    Leave a Comment

    ആഴ്സണലിൽ ഈ സീസണിൽ നിലവിൽ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  മധ്യനിരയിലെ സർഗ്ഗാത്മകതയുടെ കുറവാണു  പ്രധാനകാരണമായി അർട്ടേറ്റ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ ജനുവരിയിൽ ട്രാൻസ്ഫറിൽ ഒരു മികച്ച മധ്യനിര താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി ആഴ്‌സണൽ നോട്ടമിട്ടിരിക്കുന്ന സൂപ്പർതാരമാണ്  ഇന്റർമിലാനു വേണ്ടി കളിക്കുന്ന  ക്രിസ്ത്യൻ എറിക്സൺ.

    ടോട്ടനത്തിൽ നിന്നും ഇറ്റാലിയൻ വമ്പന്മാരായ  ഇന്റർമിലാനിലേക്ക് ചേക്കേറിയ എറിക്സണ് പ്രതീക്ഷിച്ച പ്രകടനം  പരിശീലകൻ അന്റോണിയോ കോണ്ടേക്കു കീഴിൽ ഇതുവരെയും നടത്താൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇന്ററിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചു വരാനുള്ള അവസരമാണ്  ആഴ്‌സണൽ ഒരുക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

    എന്നാൽ ഈ നീക്കത്തിനു പ്രതിസന്ധിയായി നിലനിൽക്കുന്നത്  ജർമൻ സൂപ്പർതാരം ഓസിലിന്റെ ക്ലബ്ബിലെ സാഹചര്യമാണ്. ഒരാഴ്ചയിൽ 350000 പൗണ്ട് വേതനം വാങ്ങുന്ന താരത്തിനു ഇനി ആറു മാസം കൂടി ആഴ്സണലിൽ കരാർ നിലവിലുണ്ട്. എന്നാൽ താരത്തിനെ പ്രീമിയർ ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്. എന്നാൽ ആഴ്‌സണലിന്റെ നിലവിലെ മോശം സ്ഥിതിക്ക് തനിക്ക് ഇനിയും  സഹായിക്കാനാകുമെന്നാണ് ഓസിലിന്റെ പക്ഷം.

    വരുന്ന ജനുവരിയിൽ ഓസിലിനെ വീണ്ടും പ്രീമിയർലീഗ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്താനുള്ള അവസരം ആഴ്‌സണലിനു മുന്പിലുണ്ട്. ആ തീരുമാനമാണ് ഡ്രസിങ് റൂമിൽ വിഭാഗീയതക്ക് കാരണമായി തീർന്നിരിക്കുന്നത്. നിരാശാജനകമായ ഒഴിവാക്കൽ തീരുമാനത്തിൽ നിന്നു മാറി തനിക്കു കളിക്കാൻ അവസരം തരണമെന്നു ഓസിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ഓസിലിന്റെ ഈ സാഹചര്യത്തിൽ തീരുമാനമാകാതിരുന്നാൽ എറിക്സന്റെ ട്രാൻസ്ഫർ സങ്കീർണമാകുമെന്നാണ് ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്.

  8. ഇതു വലിയ നാണക്കേട്, ഓസിലിനു അവസരം നൽകാത്തതിനെക്കുറിച്ച് മുൻ താരം പറയുന്നതിങ്ങനെ

    Leave a Comment

    ഫസ്റ്റ് ടീമിൽ നിന്നും എല്ലാ കോമ്പറ്റിഷനുകളിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ആഴ്സണലിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ഓസിലിന്റെ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയാണിപ്പോഴുള്ളത്. ലോക്ക് ഡൗണിനു ശേഷം ഒരു മത്സരം പോലും താരത്തിനു ആഴ്സണലിന്‌ വേണ്ടി ബൂട്ടുകെട്ടാൻ സാധിച്ചിട്ടില്ല. നിലവിലെ പരിശീലകനായ മൈക്കൽ അർട്ടെറ്റയും ഓസിലിനെ കയ്യൊഴിഞ്ഞ മട്ടാണുള്ളത്.

    സീസണിന്റെ തുടക്കത്തിൽ ആഴ്‌സണൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നതെങ്കിലും നിലവിലെ മോശം പ്രകടനം ആഴ്‌സണലിനെ പ്രതികകൂലമായി ബാധിച്ചിരിക്കുകയാണ്. പതിമൂന്നു പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിൽ പതിനാലാം സ്ഥാനത്താണ് ആഴ്സണലിന്റെ സ്ഥാനം. ക്രീയേറ്റീവ് അല്ലാത്ത മധ്യനിരയാണ് പ്രശ്നമായി വിദഗ്ധർ വിലയിരുത്തുന്നത്.

    എന്നാൽ ഈ പ്രശ്നത്തിന് നിലവിൽ പരിഹാരം കണ്ടെത്താൻ ഓസിലിനെ കളിക്കളത്തിലെത്തിക്കണമെന്ന അഭിപ്രായക്കാരനാണ് മുൻ ആഴ്‌സണൽ താരമായ ജാക്ക് വിൽഷേർ. നിരന്തരമായ പരിക്കുകളാണ് വലിയ പ്രതിഭയായ ജാക്ക് വിൽഷേറിന്റെ ആഴ്‌സണൽ കരിയറിന് വലിയ തിരിച്ചടിയായത്. എന്നാൽ ഇതൊന്നുമില്ലാതെ ഓസിലിനെ പ്പോലൊരു താരത്തിനു അവസരം ലഭിക്കാത്തത് ആഴ്സണലിന്‌ തന്നെ വലിയ നാണക്കേടാണെന്നാണ് വിൽഷേറിന്റെ പക്ഷം. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വിൽഷേർ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

    “അദ്ദേഹത്തിന്റെ കൂടെ കളിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമൊരു മികച്ച താരമാണ്. നിലവിലെ അദ്ദേഹത്തിന്റെ സാഹചര്യം വലിയ നാണക്കേടാണെന്നു തന്നെ പറയാം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നു ആർക്കും അറിയില്ല. പക്ഷെ എല്ലാവരും ഒരിക്കൽ അതു തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹം ആ ടീമിലെതന്നെ വലിയ താരമാണെന്നാണ് എനിക്ക് തോന്നുന്നത്. അർട്ടേറ്റയുടെ കീഴിൽ ഓസിൽ കളിച്ചു കാണാനാണ് എനിക്കിഷ്ടം. എന്നാൽ അതിപ്പോൾ നടക്കാത്ത അവസ്ഥയാണുള്ളത്. ലാകാസറ്റെക്കും ഒബമയാങ്ങിനും മുന്നേറ്റത്തിൽ നല്ല രീതിയിൽ പിന്തുണ നൽകാൻ ഓസിലിനു സാധിക്കും.” വിൽഷേർ വ്യക്തമാക്കി.

  9. സ്പെയിനിനെതിരെ നാണംകെട്ട തോൽവി, പരിശീലകന്റെ തീരുമാനത്തെ കളിയാക്കി മെസ്യൂട് ഓസിൽ

    Leave a Comment

    സ്പെയിനുമായി നടന്ന നേഷൻസ് ലീഗിലെ നിർണായകമത്സരത്തിൽ ആറു ഗോളിന്റെ നാണംകെട്ട തോൽവിയാണു ജർമനിക്കു വഴങ്ങേണ്ടി വന്നത്. ഒരു സമനില ജർമനിക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുക്കുമെങ്കിലും സ്പെയിനിന്റെ ആക്രമണത്തിന് മുന്നിൽ ജർമനി മുട്ടുകുത്തുകയായിരുന്നു. ആദ്യമായാണ് ഒരു കോംപറ്റിറ്റിവ് മത്സരത്തിൽ ജർമനി ഇത്രയും ഗോളുകൾ ഒരു മത്സരത്തിൽ വഴങ്ങുന്നത്.

    യുവതാരം ഫെറാൻ ടോറസിന്റെ ഹാട്രിക്കും മൊറാട്ട, റോഡ്രി, ഒയാർസബൽ എന്നിവരുടെ ഗോളുകളുമാണ് സ്പെയിനിനു ജർമനിക്കെതിരെ ഗംഭീര വിജയം സമ്മാനിച്ചത്. എന്നാൽ ഈ ദയനീയ തോൽ‌വിയിൽ പരിശീലകനായ ജോകിം ലോക്ക് തന്റെ പ്രതികരണം പരിഹാസരൂപേണ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് മുൻ ജർമൻ അന്താരാഷ്ട്രതാരം മെസ്യൂട് ഓസിൽ.

    2018ൽ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായ ജർമനിയിൽ ബലിയാടായ ഏക താരമാണ് മെസ്യൂട് ഓസിൽ. സഹതാരങ്ങളായ ജെറോം ബോട്ടെങ്ങിനും തോമസ് മുള്ളർക്കുമെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് തുർക്കി പ്രസിഡന്റിനൊപ്പം ആര്സെനാൽ ജേഴ്‌സി പിടിച്ചു ഫോട്ടോയെടുത്തതിൽ ഒരുപാട് വംശീയ അധിക്ഷേപവും താരത്തിനു നേരെ ഉയർന്നു വന്നിരുന്നു. അതിനു ശേഷമാണ് താരം ജർമനിയിൽ നിന്നും വിരമിക്കുന്നത്.

    എന്തായാലും ഇനി ജർമനിയിലേക്ക് ഒരു തിരിച്ചു പോക്കില്ലെങ്കിലും സഹതാരമായ ജെറോം ബോട്ടെങ്ങിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസിൽ. സ്പെയിനിനോടുള്ള നാണംകെട്ട തോൽവിക്കു ശേഷം ജോകിം ലോക്ക് ജെറോം ബോട്ടെങ്ങിനെ ഈ തകർന്ന പ്രതിരോധത്തിലേക്ക് ചേർക്കേണ്ട സമയമാണിതെന്നു ഓസിൽ സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയായിരുന്നു. സഹതാരത്തെ ഒഴിവാക്കിയതിലുള്ള തിരിച്ചടിയാണ് ലഭിച്ചതെന്ന വ്യംഗ്യമായ പരിഹാസവും ജെറോം ബോട്ടെങ്ങിനെ ടാഗ് ചെയ്ത പോസ്റ്റിൽ വ്യക്തമായിരുന്നു.

  10. കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ ഞാൻ നൽകി, ഓസിലിന്റെ സാഹചര്യത്തെക്കുറിച്ച് അർട്ടേറ്റ പറയുന്നു.

    Leave a Comment

    ആഴ്സണലിൽ കളിക്കാൻ സാധിക്കാതെ വിഷമിക്കുന്ന  സൂപ്പർതാരമാണ്  മെസ്യൂട് ഓസിൽ. പരിശീലകനായ  മൈക്കൽ അർട്ടെറ്റയുടെ കീഴിൽ ഇത്തവണ  ആഴ്സണലിന്റെ  പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്തായതോടെ ഓസിലിന്റെ ആഴ്‌സണൽ കരിയറിന് വിരാമമായിരിക്കുകയാണ്. തന്നെ  ആഴ്‌സണൽ  പുറത്താക്കിയതിനെതിരെ ക്ലബ്ബിനോട്‌ താൻ കാണിച്ച ആത്മാർഥത തിരിച്ചു കാണിച്ചില്ലെന്നും ഓസിൽ വിമർശനമുന്നയിച്ചിരുന്നു.

    ഓസിലിനെപ്പോലുള്ള താരത്തെ കളിപ്പിക്കാൻ സാധിക്കാത്തത് പരിശീലകന്റെ കഴിവുകേടും തോൽവിയുമാണെന്ന് തുറന്നടിച്ചു താരത്തിന്റെ ഏജന്റായ ഡോക്ടർ  ഏർകുട് സോഗുട്ടും രംഗത്തെത്തിയിരുന്നു.ഓസിലിനെ ഒഴിവാക്കുന്നതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതോടെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണൽ പരിശീലകനായ  അർട്ടെറ്റ. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓസിലിനെക്കുറിച്ച് സംസാരിച്ചത്.

    “എനിക്ക് നിങ്ങളോട് പറയാനുള്ളത് ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നു തന്നെയാണ്. ഞാൻ അവനു എന്നാൽ കഴിയുന്ന നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്റെ ഭാഗത്തു നിന്നും പറയുകയാണെങ്കിൽ ഞാൻ അവന്റെ കാര്യത്തിൽ ക്ഷമ കാണിക്കുകയും അവസരങ്ങൾ നൽകുകയും ന്യായമായ രീതിയിൽ തന്നെയാണ് എല്ലാം ചെയ്തിട്ടുള്ളത്.”

    ” കഴിഞ്ഞ കുറേ സീസണുകളിലായി ഈ ക്ലബ്ബിന്റെ പ്രധാനതാരങ്ങളിലൊന്നു തന്നെയായിരുന്നു അവൻ. ഞാൻ അത് ബഹുമാനിക്കുന്നുണ്ട്. ടീമിനും ക്ലബ്ബിനും നല്ലതെന്നു തോന്നുന്ന തീരുമാനങ്ങളാണ് ഞാൻ എടുക്കാറുള്ളത്. അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നതെങ്കിലും ആളുകൾ എപ്പോഴും കാരണങ്ങളും ശരിയായ ഉത്തരങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാനിവിടെ എന്റേത് നൽകിക്കഴിഞ്ഞു. അവർ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താലും ഇല്ലെങ്കിലും കൂടുതലൊന്നും എനിക്ക് ചെയ്യാനില്ല. എങ്കിലും എന്റെ ഹൃദയത്തിനും  ബുദ്ധിക്കും നല്ലതെന്നു തോന്നുന്ന തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടതുണ്ട്.”  അർട്ടെറ്റ വ്യക്തമാക്കി.