Tag Archive: Manchester City

 1. അതൊരു മോശം തീരുമാനമായിരുന്നു, ചെൽസിക്കെതിരെ പെനാൽറ്റി പാഴാക്കിയതിനു ക്ഷമ ചോദിച്ച് അഗ്വേറോ

  Leave a Comment

  പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്ന ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയത്. സിറ്റിക്കായി സ്റ്റെർലിങ് ആദ്യപകുതിയിൽ ലീഡ് നേടിയപ്പോൾ ചെൽസിക്കായി രണ്ടാം പകുതിയിൽ ഹാകിം സിയെച്ചും ഇഞ്ചുറി ടൈമിൽ മാർക്കസ് അലോൺസോ വിജയഗോളും സ്വന്തമാക്കുകയായിരുന്നു.

  എന്നാൽ മത്സരത്തിൽ സിറ്റിക്ക് ലീഡ് നേടിക്കൊടുക്കാൻ പറ്റിയ അവസരമായി ലഭിച്ച പെനാൽറ്റി സെർജിയോ അഗ്വേറോ പാഴാക്കിയിരുന്നു. വ്യത്യസ്തമായ രീതിയിൽ പനെങ്ക കിക്കിലൂടെ ഗോൾ നേടാനുള്ള ശ്രമമാണ് പാഴായിപ്പോയത്. നേരിട്ട് അത് ചെൽസി ഗോൾകീപ്പർ മെൻഡിയുടെ കൈകളിലെത്തുകയായിരുന്നു.

  മത്സരശേഷം പെപ്‌ ഗാർഡിയോള ഇക്കാര്യത്തിൽ അഗ്വേറോയെ വിമർശിച്ചില്ലെങ്കിലും താരം തന്നെ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ്‌ താരം തന്റെ മോശം തീരുമാനത്തെ പറ്റി സ്വയം വിമർശനം നടത്തിയത്.

  “പെനാൽറ്റി പാഴാക്കിയതിൽ എന്റെ സഹതാരങ്ങളോടും സ്റ്റാഫുകളോടും ആരാധകരോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. അതൊരു മോശം തീരുമാനമായിരുന്നു. ഞാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു.” അഗ്വേറോ ട്വിറ്ററിൽ കുറിച്ചു. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി പഴക്കുന്ന ടീമായി മാറിയിരിക്കുകയാണ് സിറ്റി.

 2. സിറ്റിയെ തോല്പിക്കാൻ കളിക്കളത്തിൽ മരിക്കാൻ വരെ തയ്യാറാണ്, മുന്നറിയിപ്പുമായി നെയ്മർ

  Leave a Comment

  ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ ശക്തമായ തിരിച്ചു വരവ് നടത്താനാകുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്. അതിനു ശക്തമായ പിന്തുണയുമായി നെയ്മർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  കളിക്കളത്തിൽ മരിച്ചുവീഴേണ്ടി വന്നാലും മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ വേണ്ടി പരമാവധി ശ്രമിക്കുമെന്നാണ് നെയ്മറുടെ മുന്നറിയിപ്പ്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിൻ്റെ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ക്ലബ്ബിൻ്റെ ഔദ്യോഗിക ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ.

  “ഇനി ആദ്യം ചെയ്യാനുള്ള പ്രധാന കാര്യമെന്നത് ചാമ്പ്യൻസ്‌ലീഗിൽ കൂടുതൽ ശ്രദ്ധ നൽകുകയെന്നതാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കടുപ്പമേറിയ ആദ്യപാദമാണ് കഴിഞ്ഞു പോയത്. ജയിക്കാനുള്ള സാധ്യതകളും സ്ഥിതിവിവരക്കണക്കുകളും എന്തു പറയുന്നു എന്നു നോക്കാതെ വിജയിക്കുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കേണ്ടതുണ്ട്.”

  “എനിക്ക് തോന്നുന്നത് പാരീസിലെ എല്ലാവരും ഞങ്ങളിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ടെന്നാണ്. അവരെ നേരിട്ടു ജയിക്കാനായി ഒരു പോരാളിയെപ്പോലെ ഞാൻ തന്നെയായിരിക്കും മുൻനിരയിലുണ്ടാവുക. ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകും. സിറ്റിയെ തോൽപ്പിക്കാനായി കളിക്കളത്തിൽ മരിക്കാൻ വരെ ഞാൻ തയ്യാറാണ്.” നെയ്മർ പറഞ്ഞു.

 3. ബാഴ്സലോണയിലും മ്യൂണിച്ചിലും ജയിച്ചതുപോലെ മാഞ്ചസ്റ്ററിലും ആവർത്തിക്കും, സിറ്റിക്കു മുന്നറിയിപ്പുമായി പൊചെട്ടിനോ

  Leave a Comment

  പിഎസ്‌ജിയുടെ തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരിക്കുകയാണ്. പിഎസ്‌ജിക്കായി പ്രതിരോധതാരം മാർക്കിഞ്ഞോസ്‌ ഹെഡർ ഗോൾ നേടിയപ്പോൾ സിറ്റിക്കായി കെവിൻ ഡിബ്രൂയ്നെയും ഫ്രീകിക്കിലൂടെ റിയാദ് മെഹ്റെസുമാണ് വിജയഗോൾ നേടിയത്.

  ആദ്യപാദത്തിൽ തോൽവി രുചിക്കേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ വിജയം നേടാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്‌ജി പരിശീലകനായ മൗറിസിയോ പൊചെട്ടിനോ. ബാഴ്സയുടെയും മ്യൂണിച്ചിന്റെയും തട്ടകത്തിൽ വിജയിക്കാനാവുമെങ്കിലും മാഞ്ചസ്റ്ററിലും വിജയിക്കാനാവുമെന്ന് പൊചെട്ടിനോ പറഞ്ഞു. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “തീർച്ചയായും. ഞങ്ങൾ ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒപ്പം ഞങ്ങളുടെ തട്ടകത്തിനു പുറത്ത് മാഞ്ചസ്റ്ററിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ബാഴ്സലോണയിലും മ്യൂണിച്ചിലും നന്നായി കളിച്ചിരുന്നു.”

  “വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ ഒരു കാര്യം മനസിലുള്ളത് നല്ല കാര്യമാണ്. കാരണം അതിൽ ഉറച്ചു വിശ്വസിച്ചു തൊണ്ണൂറു മിനുട്ടും താരങ്ങൾക്ക് കളിക്കാനാവും. അതിൽ വിജയിച്ചു മുന്നേറാനുമാവും.” പൊചെട്ടിനോ പറഞ്ഞു.
  മെയ് 5നാണ് രണ്ടാം പാദ മത്സരം നടക്കാനിരിക്കുന്നത്.

 4. എംബാപ്പെ, നെയ്മറിനെക്കുറിച്ചാലോചിച്ചു ഉറക്കം പോലും വരുന്നില്ല, സെമി ഫൈനലിനെക്കുറിച്ച് ഗാർഡിയോള

  Leave a Comment

  ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജിയുടെ തട്ടകത്തിൽ ചാമ്പ്യൻസ്‌ലീഗ് ഒന്നാം പാദ സെമി ഫൈനൽ പോരാട്ടത്തിനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് പിഎസ്‌ജി ഇറങ്ങുകയെന്നത് സിറ്റിക്ക് കൂടുതൽ സമ്മർദ്ദമേക്കുന്നുണ്ട്.

  അപകടകാരികളായ നെയ്മറും എംബാപ്പെയും തന്നെയായിരിക്കും പിഎസ്‌ജിയുടെ വജ്രായുധങ്ങൾ. അതിനെക്കുറിച്ചു തന്നെയാണ് പെപ്‌ ഗാർഡിയോളയും വാചാലനാകുന്നത്. അതിനെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാനായില്ലെന്നാണ് പെപ്‌ ഗാർഡിയോള വെളിപ്പെടുത്തിയത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ” ഞാൻ എപ്പോഴും ഈ കളിക്കാരുടെ ഗുണഗണങ്ങളിൽ വിശ്വസിക്കുന്നവനാണ്. അവർക്ക് അത് കൂടുതലുണ്ട്. ഞാൻ ഇന്നലെ നന്നായി ഉറങ്ങാൻ ശ്രമിച്ചു. അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കു അതിന് കഴിയുന്നില്ല.”

  “അവിശ്വസനീയ താരങ്ങളാണവർ. അവരുടെ ഗുണഗണങ്ങളും. ഞങ്ങൾ അവരെ പിടിച്ചുകെട്ടാൻ തയ്യാറായി നിൽക്കുകയാണ്. അവരെ ഒരു ടീമായി തന്നെ പ്രതിരോധിക്കും. മികച്ച കളി തന്നെ കാഴ്ച്ചവെച്ചു ഗോൾ നേടാൻ ശ്രമിക്കും.” ഗാർഡിയോള പറഞ്ഞു.

 5. അവരെപ്പോലെ എന്റെ ഹൃദയവും നുറുങ്ങുകയാണ്, കരബാവോ കപ്പ്‌ ഫൈനൽ തോൽവിയെക്കുറിച്ച് ടോട്ടനം പരിശീലകൻ

  Leave a Comment

  ഈ സീസണിലെ കരബാവോ കപ്പ്‌ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനു ടോട്ടനം ഹോട്ട്സ്പറിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിൽ പ്രതിരോധതാരം ഐമെറിക് ലപോർട്ട നേടിയ ഗോളിലാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടണമെന്ന ടോട്ടനം ഹോട്ട്സ്പറിന്റെ പ്രതീക്ഷകളും പൊലിഞ്ഞു പോയിരിക്കുകയാണ്.

  തോൽ‌വി ഹൃദയം നുറുങ്ങുന്ന വേദനയാണ് നൽകിയതെന്നു ടോട്ടനത്തിന്റെ പുതിയ താത്കാലിക പരിശീലകനായ റയാൻ മേസൺ പറഞ്ഞു. ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാനാവാത്തതിന്റെ പരിണിതഫലമായി അടുത്തിടെയാണ് പ്രമുഖ പരിശീലകനായ ഹോസെ മൗറീഞ്ഞോയെ ടോട്ടനം പുറത്താക്കിയിരുന്നു. തോൽ‌വിയിൽ തന്റെ താരങ്ങളെപ്പോലെ മുൻതാരമായിരുന്ന തനിക്കും വലിയ നിരാശയും വേദനയുമാണ് തോന്നുന്നതെന്നും ടോട്ടനം പരിശീലകൻ പറഞ്ഞു. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “ഇത് മുറിവേറ്റപോലെയുള്ള വേദനയാണ് നൽകുന്നത്. ഞാനും അവർക്കൊപ്പം ഒരു കളിക്കാരനെ പോലെ തന്നെയാണ് ഇരുന്നത്. ഞാനും ഈ ഫുട്ബോൾ ക്ലബ്ബിനുവേണ്ടി കളിക്കുകയും ഫൈനലിൽ തോൽക്കുകയും ചെയ്തിട്ടുണ്ട്. എനിക്കറിയാം അതെങ്ങനെയായിരിക്കുമെന്ന്.”

  അപ്പോഴുണ്ടാവുന്ന വികാരം എന്തെന്ന് എനിക്കു നന്നായി അറിയാം. അവർ വേദനിക്കുന്നത് സ്വഭാവികമായ കാര്യമാണ്. കാരണം അത് അവരുടെ ഉത്കണ്ഠയെയാണ്‌ കാണിക്കുന്നത്. ഈ ഒരു കൂട്ടം കളിക്കാർക്ക്‌ ഈ ക്ലബ്ബിനോട്‌ ഒരുപാട് കരുതലുണ്ട്. എനിക്കു തോന്നുന്നത് അവർ ഇന്ന്‌ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ടെന്നാണ്. നൂറു ശതമാനം പ്രതിബദ്ധത. ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ അത് പോരാതെ വന്നു. അത് വിഷമമുള്ള കാര്യം തന്നെയാണ്.” മേസൺ പറഞ്ഞു.

 6. മെസിയിലേക്കടുത്ത് അഗ്വേറോ, ബാഴ്സയുമായി കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ

  Leave a Comment

  സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർതാരമാണ് കുൻ അഗ്വേറോ. ജനുവരിയിൽ ഫ്രീ ഏജന്റായി മാറിയ അഗ്വേറോക്ക് പിന്നാലെ നിരവധി ക്ലബ്ബുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്.

  പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പന്മാരായ ചെൽസിയിലേക്ക് ചേക്കേറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നിലവിൽ കുറച്ചു ആഴ്ചകളായി ബാഴ്‌സയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ ബാഴ്‌സയിലേക്ക് തന്നെ ചേക്കേറുമെന്നാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

  രണ്ടുവർഷത്തേക്കുള്ള കരാറാണ് താരം ബാറസയുമായി ഒപ്പിടാൻ പോവുന്നതെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്. മറ്റൊരു മധ്യമമായ ലാ പോർട്ടെയിറോ റിപ്പോർട്ട്‌ ചെയ്യുന്നത് ബാഴ്‌സയിലേക്ക് ചേക്കേറാൻ വേതനം വെട്ടിക്കുറക്കാനും അഗ്വേറോ തയ്യാറായി എന്നതാണ്.

  ഇതോടെ പത്തുവർഷത്തെ പ്രീമിയർലീഗിലെ മികച്ച പ്രകടനത്തിനു ശേഷം ലാലിഗയിലേക്കുള്ള തിരിച്ചു വരവിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്തായ ലയണൽ മെസിക്കൊപ്പം ഒത്തുചേരാനുള്ള അവസരമാണ് ഉയർന്നുവന്നിരിക്കുന്നത്. കൂടാതെ അഗ്വേറോയുടെ വരവ് മെസിയെ ബാഴ്സയിൽ തന്നെ പിടിച്ചു നിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 7. സിറ്റിയെ വേട്ടയാടുക തന്നെയാണ് ലക്ഷ്യം,പെപ്പിന് മുന്നറിയിപ്പുമായി ചെൽസി പരിശീലകൻ

  Leave a Comment

  എഫ്എ കപ്പ്‌ സെമി ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് ടേബിളിൽ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് ചെൽസി. സിറ്റിക്കെതിരെ ഈ സീസണിലെ ആദ്യവിജയം എന്ന ലക്ഷ്യവുമായാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി ഇന്നിറങ്ങുന്നത്. സിറ്റിയുമായി 20 പോയിന്റ് വ്യത്യാസവുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം.

  ഈ വ്യത്യാസം അധികം വൈകാതെ തന്നെ കുറക്കാനാവുമെന്നാണ് ചെൽസി പരിശീലകൻ ടൂഹലിന്റെ പ്രതീക്ഷ. ഒപ്പം അടുത്ത സീസൺ മുതൽ സിറ്റിയെ പിന്തുടർന്നു വേട്ടയാടുമെന്ന് ടൂഹൽ ഉറപ്പു നൽകുന്നുമുണ്ട്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് ടേബിളിലുള്ള അകലം ഞങ്ങൾ സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും ഫിക്സ്ചർ നോക്കിയാൽ നമ്മൾ അത് അംഗീകരിക്കേണ്ടിവരും. പ്രധാനകാര്യം എന്തെന്നാൽ ഞങ്ങൾ അത് അംഗീകരിച്ചത് കൊണ്ട് സ്വയം ചെറുതാവുന്നുമില്ല.”

  “അടുത്ത സീസണിലെ ആദ്യ ദിവസം മുതൽ ഞങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങും. ഞങ്ങൾ അവരുമായുള്ള അകലം കുറച്ചു കൊണ്ടു വരും.” ടൂഹൽ പറഞ്ഞു. കഴിഞ്ഞ 9 മത്സരങ്ങളിൽ ഏഴു പ്രാവശ്യവും ചെൽസിക്കെതിരെ വിജയം പെപ്‌ ഗാർഡിയോളക്ക് തന്നെയായിരുന്നു. ലാംപാർഡ് പരിശീലകനായിരുന്ന സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 3-1ന്റെ വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു. ഇത്തവണ അതിലൊരു മാറ്റമുണ്ടാക്കാനാണ് ടൂഹലിന്റെ ലക്ഷ്യം.

 8. സിറ്റിയുടെ വിജയക്കുതിപ്പിനു ബിയെൽസയുടെ പൂട്ട്, സിറ്റിക്കെതിരെ ലീഡ്‌സിന് മികച്ച വിജയം.

  Leave a Comment

  മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടിയിരിക്കുകയാണ് മാഴ്‌സെലോ ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡ്. ലീഡ്സ് താരം സ്റ്റുവർട്ട് ഡല്ലാസിന്റെ ഇരട്ട ഗോൾ പ്രകടനമാണ് ലീഡ്‌സിന് മികച്ച വിജയം സമ്മാനിച്ചത്. 47ആം മിനുട്ടിൽ പത്തു പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു ലീഡ്സ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

  ആദ്യപകുതിയുടെ തുടക്കത്തിൽ സിറ്റിയുടെ ഭാഗത്തു നിന്നും മികച്ചരീതിയിലുള്ള ആക്രമണം ലീഡ്‌സിന് നേരിടേണ്ടി വന്നെങ്കിലും ലീഡ്സിനു പിന്നീട് ലഭിച്ച ഒരു മികച്ച അവസരം 41ആം മിനുട്ടിൽ സ്റ്റുവർട്ട് ഡാല്ലാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ 47ആം മിനുട്ടിൽ സിറ്റി താരം ഗബ്രിയേൽ ജീസസിനെ ചവിട്ടി വീഴ്ത്തിയതിന് പ്രതിരോധതാരം കൂപ്പറിനു ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നത് ലീഡ്‌സിന് തിരിച്ചടിയാവുകയായിരുന്നു.

  റെഡ് കാർഡ് കിട്ടിയതോടെ സിറ്റി കൂടുതൽ ആക്രമണങ്ങൾ ലീഡ്‌സിന്റെ ഗോൾമുഖത്തേക്ക് നയിക്കുകയായിരുന്നു. 75ആം മിനുട്ടിൽ സിറ്റി നടത്തിയ മികച്ചൊരു മുന്നേറ്റത്തിൽ ഫെരാൻ ടോറസിലൂടെ സിറ്റി സമനിലഗോൾ കണ്ടെത്തുകയായിരുന്നു. ഒപ്പം ലീഡ്‌സിന്റെ പ്രത്യക്രമണങ്ങൾക്ക് എഡേഴ്സൺ തടയിട്ടതോടെ മത്സരം സമനിലയിലേക്ക് പോയേക്കുമെന്ന തോന്നിയ സമയത്താണ് 91ആം മിനുട്ടിൽ ലീഡ്സ് ലീഡ് ഉയർത്തുന്നത്.

  സിറ്റിയുടെ പിഴവിൽ നിന്നു ലഭിച്ച പന്ത് കൊണ്ട് മുന്നേറിയ ഡല്ലാസ് വിദഗ്ധമായി സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ കാലുകൾക്കിടയിലൂടെ ഗോൾവലയിലെത്തിക്കുകയായിരുന്നു. ഇതോടെ സിറ്റിയെ തോൽപ്പിക്കുന്ന പ്രൊമോഷൻ കിട്ടിവന്ന മൂന്നാമത്തെ ടീമായി മാറാൻ ബിയെൽസക്ക് കീഴിൽ ലീഡ്സ് യൂണൈറ്റഡിനു സാധിച്ചിരിക്കുകയാണ്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം എട്ടായി കുറഞ്ഞിരിക്കുകയാണ്.

 9. സമ്മറിൽ അഗ്വേറോക്ക് പകരക്കാരനെ വാങ്ങിയേക്കില്ല, കാരണം വ്യക്തമാക്കി പെപ്‌ ഗാർഡിയോള രംഗത്ത്

  Leave a Comment

  മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റതാരങ്ങളിലൊരാളായ സെർജിയോ അഗ്വേറോ ഈ സീസൺ അവസാനം ക്ലബ്ബ് വിടുമെന്നുറപ്പായിരിക്കുകയാണ്. സിറ്റിയുടെ എക്കാലത്തെയും മികച്ച കുന്തമുനക്ക് പകരക്കാരനായി എർലിംഗ് ഹാളണ്ടിനെ പോലുള്ള മികച്ച താരങ്ങളെ ബന്ധപ്പെടുത്തി ധാരാളം അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്. എന്നാലിപ്പോൾ പെപ്‌ ഗാർഡിയോള തന്നെ ഇക്കാര്യത്തിൽ സിറ്റിയുടെ നീക്കമെന്തെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

  ഈ സീസൺ അവസാനം അഗ്വേറോക്ക് പകരക്കാരനെ കൊണ്ടുവരില്ലെന്നാണ് പെപ്‌ ഗാർഡിയോള വ്യക്തമാക്കിയിരിക്കുന്നത്. മറ്റു ക്ലബ്ബുകളെ പോലെ തന്നെ സിറ്റിയും സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണെന്നും ഗാർഡിയോള ചൂണ്ടിക്കാണിച്ചു. ലൈസസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “ഈ സമ്മറിൽ ഒരു പുതിയ സ്‌ട്രൈക്കറെ വാങ്ങാതിരിക്കാനുള്ള വലിയ സാധ്യതയാണ് കാണുന്നത്. ഞങ്ങൾക്ക് ആവശ്യമുള്ള താരങ്ങൾ ഞങ്ങളുടെ ഫസ്റ്റ് ടീമിൽ തന്നെയുണ്ട് ഇപ്പോൾ. അക്കാദമിയിൽ തന്നെ വളരെ അതിശയകരമായ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോൾ ഇതിനു സാധ്യത വളരെ കുറവാണ്.”

  ഇത്രത്തോളം വിലയുള്ളപ്പോൾ ഞങ്ങൾ ആരെയും വാങ്ങില്ലെന്നുറപ്പാണ്. ഞങ്ങൾക്ക് അതിനുള്ള പ്രാപ്തിയില്ല. അതൊരിക്കലും സംഭവിക്കാൻ പോവുന്നില്ല. എല്ലാ ക്ലബ്ബുകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണുള്ളത്. ഞങ്ങളും അതിൽ നിന്നും വ്യത്യസ്തരല്ല. ഞങ്ങൾക്ക് ഗബ്രിയേൽ ജീസസ് ഉണ്ട്. ആ പൊസിഷനിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെറാൻ ടോറസ് ഉണ്ട്. അക്കാഡമിയിലും മികച്ച യുവതാരങ്ങളുണ്ട്.” ഗാർഡിയോള പറഞ്ഞു.

 10. ആരും കൈവിടാനൊരുക്കമല്ല, അഗ്വേറോക്കു പിന്നാലെ അഞ്ചു യൂറോപ്യൻ വമ്പന്മാർ

  Leave a Comment

  മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഈ സീസൺ അവസാനം ക്ലബ്ബ് വിട്ടു പോവുന്ന ഇതിഹാസസമാനനായ അർജന്റീനിയൻ സൂപ്പർതാരമാണ് സെർജിയോ അഗ്വേറോ. സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണ് സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിനു ആദരവോടെ സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിനു മുന്നിൽ ഡേവിഡ് സിൽവയുടെയും വിൻസെന്റ് കോമ്പനിയുടെയും പ്രതിമൾക്കൊപ്പം അഗ്വേറോയുടെയും പ്രതിമ നിർമ്മിക്കുമെന്നും സിറ്റി ചെയർമാൻ അറിയിച്ചിരുന്നു.

  ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം സീസൺ അവസാനം സിറ്റി വിടാനിരിക്കുന്ന അഗ്വേറോക്കു പിന്നാലെ അഞ്ചു വമ്പൻ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. അതിൽ സിറ്റിയുടെ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രീമിയർലീഗിൽ തന്നെ തുടരാനുള്ള അവസരമാണ് അഗ്വേറോക്ക് മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്.

  ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ്മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയും അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ്. അനുഭവസമ്പത്തുള്ള ഒരു സ്‌ട്രൈക്കറുടെ അഭാവം കണക്കിലെടുത്താണ് ചെൽസിയുടെ പുതിയ നീക്കം. പ്രീമിയർലീഗിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ആഗ്വേറോക്ക് ഓഫറുകൾക്ക് പഞ്ഞമില്ലെന്നു തന്നെയാണ് വസ്തുത.

  ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോ തന്നെ അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും ഇറ്റാലിയൻ വമ്പന്മാരായ ഇന്റർമിലാനും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇഞ്ചുറികൾ നിറഞ്ഞ സീസണിൽ അഗ്വേറോക്കു വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. ഇക്കാരണങ്ങൾ മുന്നിൽ കണ്ടാണ് സിറ്റി അഗ്വേറോയെ വിട്ടുകൊടുക്കാൻ നിർബന്ധിതമായിരിക്കുന്നത്. എന്നിരുന്നാലും അനുഭവസമ്പന്നനായ ഒരു സ്‌ട്രൈക്കറെ ഫ്രീ ട്രാൻസ്ഫറിൽ കിട്ടുമെന്നതാണ് പല വമ്പന്മാരെയും താരത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്.