Tag Archive: Luka Modric

 1. ബെയ്ലിലും റെഗ്വിലോണിലും നിർത്താനുദ്ദേശമില്ല, മറ്റൊരു റയൽ മാഡ്രിഡ്‌ താരത്തിനായി മൗറിഞ്ഞോ

  Leave a Comment

  റയൽ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളാണ് ഗാരെത് ബെയ്ലും സെർജിയോ റെഗ്വിലോണും. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ടോട്ടനത്തിലേക്ക് മറ്റൊരു റയൽ മാഡ്രിഡ് താരത്തെ കൂടി സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് മൗറിഞ്ഞോയും സംഘവും.

  റയലിന്റെ മധ്യനിരയിലെ മാന്ത്രികനും ബാലൺ ഡിയോർ ജേതാവുമായ സാക്ഷാൽ മോഡ്രിച്ചിനെയാണ് ടോട്ടനം നോട്ടമിട്ടിരിക്കുന്നത്. മുൻ ടോട്ടനം ഹോട്സ്പർ താരമായ മോഡ്രിച് റയൽ മാഡ്രിഡിൽ ഈ സീസണാവസാനം കരാർ അവസാനിക്കാനിരിക്കുന്ന താരമാണ്. റയലിൽ പുതിയ കരാറിനായി മോഡ്രിച്ച്‌ ശ്രമിക്കുന്നുണ്ടെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും ഇതുവരെയും താരത്തെ നിലനിർത്താൻ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് ടോട്ടനത്തിനു അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.

  സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റോ ഡി ജൂഗോനെസ് ആണ് ഈ വാർത്താ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാനു മോഡ്രിച്ചിനെ നിലനിർത്തണമെന്നുണ്ടെങ്കിലും മറ്റു പ്രധാനതാരങ്ങളായ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെയും ലൂക്കാസ് വാസ്കസിന്റെയും കരാർ മോഡ്രിച്ചിന് സമാനമായി പുതുക്കേണ്ട സാഹചര്യമാണുള്ളതെന്നത് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരസിനെ സമ്മർദത്തിലാക്കുന്നുണ്ട്.

  റയൽ മാഡ്രിഡ്‌ മോഡ്രിച്ചിനെ നിലനിർത്താൻ ശ്രമിക്കുമെങ്കിലും വരുന്നത് ജനുവരി ട്രാൻസ്ഫറിൽ മോഡ്രിച്ചിനെ ടോട്ടനത്തിലെത്തിക്കാൻ മൗറീഞ്ഞോ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2012ൽ ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മോഡ്രിച്ചിന് റയലിനൊപ്പം രണ്ടു ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും നേടാൻ സാധിച്ചിട്ടുണ്ട്.

 2. ഗ്രേറ്റ്‌ മോഡ്രിച്ച്! ക്രൂസ്!, അതിലേറ്റിക്കോക്കെതിരായ മത്സരത്തിൽ താരങ്ങളെ അഭിനന്ദിച്ച് സിദാൻ

  Leave a Comment

  സ്വന്തം തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മാഡ്രിഡ്‌ ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ തകർപ്പൻ വിജയം നേടിയിരിക്കുകയാണ് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്‌. ചാമ്പ്യൻസ്‌ലീഗിൽ യൂറോപ്പ ലീഗിലേക്ക് വരെ തരംതാഴ്ത്തപ്പെട്ടേക്കാവുന്ന  ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായുള്ള മത്സരത്തിലും  ഇപ്പോൾ ലാലിഗയിൽ മികച്ച ഫോമിൽ തുടരുന്ന അത്ലറ്റിക്കോ മാഡ്രിഡിനെയും തകർത്തു മുന്നേറുകയാണ് സിദാനും സംഘവും.

  ബൊറൂസിയക്കെതിരെ ബെൻസിമയായിരുന്നുവെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കാസെമിരോയും ഡാനി കാർവഹാളുമാണ് ഗോളുകൾ നേടിയത്. ഇതോടെ ഒന്നാം സ്ഥാനത്തു തുടരുന്ന  അത്ലറ്റിക്കോ മാഡ്രിഡിനു പിന്നിൽ മൂന്നു പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ റയൽ മാഡ്രിഡിനു സാധിച്ചിരിക്കുകയാണ്. ഈ വിജയത്തിനു സിദാൻ നന്ദി പറയുന്നത് മധ്യനിരയുടെ മികച്ച പ്രകടനത്തോടാണ്. മത്സരശേഷം അതു തുറന്നു പറയാനും സിദാൻ മടിച്ചില്ല.

  “ഞങ്ങൾ മോഡ്രിച്ചിനെയും ക്രൂസിനെയുമാണ് വലിയ രീതിയിൽ ഈ മത്സരത്തിൽ ഉപയോഗപ്പെടുത്തിയത്. അത് സത്യമായ കാര്യമാണ്. ഞങ്ങൾക്കത് ചെയ്യേണ്ടി വന്നതാണ്. കൂടാതെ വളരെ വേഗത്തിൽ  ഡയഗണൽ ബോളുകൾ നൽകാൻ സാധിച്ചതോടെ ഞങ്ങൾക്ക് കൂടുതൽ സ്പേസ് ലഭിക്കാൻ തുടങ്ങി. അവർ അത്രക്കും മഹത്തായ താരങ്ങളാണ്. അത്രക്കും മികച്ച കളിയാണവർ കളിച്ചത്.”

  “കരിം ബെൻസിമയും ഒട്ടും  മോശമായിരുന്നില്ല. ഒപ്പം ലൂക്കാസ് വാസ്കസും. അവൻ ഒരു പ്രതിഭാസമായി മത്സരത്തിൽ കാണപ്പെട്ടു. കൂടാതെ ഡാനി കാർവഹാളും ഒപ്പം  ഞങ്ങളുടെ ക്യാപ്റ്റനും (റാമോസ്) വരാനും മികച്ച പ്രകടനം പുറത്തെടുത്തു. അവർ എല്ലാവരും മികച്ച താരങ്ങളാണ്.” മത്സരശേഷം സിദാൻ താരങ്ങളുടെ പ്രകടനത്തേക്കുറിച്ച് വ്യക്തമാക്കി.

 3. ബെയ്‌ലിന്റെ പാത പിന്തുടരാനുള്ള വയസ്സല്ല എനിക്കുള്ളത്, ടോട്ടനത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് മോഡ്രിച് പറയുന്നു

  Leave a Comment

  ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ നിന്നും റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോട്ട്സ്പറിലേക്ക് ഗാരെത് ബെയ്ൽ ചേക്കേറിയിരുന്നു. സിദാനു കീഴിൽ അവസരങ്ങളില്ലെന്നു മനസിലാക്കിയ ബെയ്ൽ തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. എന്നാലിപ്പോൾ ടോട്ടനം ആരാധകർ കാത്തിരിക്കുന്നത് ടോട്ടനത്തിന്റെ തന്നെ മുൻതാരമായ ലൂക്ക മോഡ്രിച്ചിന്റെ തിരിച്ചുവരവിനാണ്.

  എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാലൺ ഡിയോർ ജേതാവായ ലൂക്ക മോഡ്രിച്. ഫോർഫോർടുവിനു നൽകിയ അഭിമുഖത്തിലാണ് ബെയ്‌ലിന്റെ പാത പിന്തുടരുമോയെന്ന ചോദ്യത്തിന് മോഡ്രിച് മറുപടി പറഞ്ഞത്. നിലവിൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ.

  “എനിക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഇനി ടോട്ടനത്തിലേക്ക് തിരിച്ചു പോവുമെന്ന് തോന്നുന്നില്ല. എനിക്ക് മാഡ്രിഡുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. അതിനു ശേഷം എന്തു സംഭവിക്കുമെന്നു നോക്കാം. ഞാനിപ്പോഴും മികച്ചതായി തോന്നുന്നുണ്ട്. കുറച്ചു കാലം കൂടി ഫുട്ബോളിൽ തുടരാനാണ് എന്റെ ആഗ്രഹം. ഞാനിപ്പോൾ മാഡ്രിഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒപ്പം ഈ സീസണിൽ നേടാനുള്ള കാര്യങ്ങളിലും. “

  അതിനു ശേഷം ഞാൻ മാനേജ്മെന്റുമായി ചർച്ച നടത്തും. ഞങ്ങൾ ഇതിനൊരു മികച്ച പ്രതിവിധി കണ്ടെത്തും. ക്ലബ്ബിലെ ആളുകളുമായി മികച്ച ബന്ധം തന്നെയാണ് ഞാൻ പുലർത്തിപ്പോരുന്നത്. അതുകൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഒരു പ്രശ്നവും ഇല്ല. ” മോഡ്രിച് പറഞ്ഞു.

 4. ലൂക്കാ മോഡ്രിച് പുറത്തു പോവുമോ? ഭാവിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബാലൺ ഡിയോർ ജേതാവ്

  Leave a Comment

  റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ മായാജാലക്കാരനാണ് ക്രോയേഷ്യൻ സൂപ്പർതാരം ലൂക്കാ മോഡ്രിച്. റയൽ മാഡ്രിഡിൽ ക്രിസ്ത്യാനോക്ക് ശേഷം ബാലൺ ഡിയോർ നേടിയ ഏക താരവും ഈ മുപ്പത്തിയരുകാരൻ തന്നെ. വയസ്സിത്രയായിട്ടും ഇപ്പോഴും സിനദിൻ സിദാന്റെ റയൽ മാഡ്രിഡിലെ അവിഭാജ്യഘടകമാണ് ലുക്കാ മോഡ്രിച്.

  2020-21 സീസൺ അവസാനിക്കുന്നതോടു കൂടി റയൽ മാഡ്രിഡിലെ കരാറിനു അവസാനമാവുന്നതോടെ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മോഡ്രിച്. സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ കുറഞ്ഞുവെങ്കിലും റയൽ മാഡ്രിഡിൽ തന്നെ തുടരാവുമെന്നാണ് ലൂക്കയുടെ പ്രതീക്ഷ.

  “തീർച്ചയായും എനിക്ക് റയൽ മാഡ്രിഡിൽ തുടരാനാണ് ആഗ്രഹം. എന്നാലത് ക്ലബ്ബിന്റെ തീരുമാനമെന്താണെന്നനുസരിച്ചായിരിക്കും. എനിക്ക് തോന്നുന്നത് ഇപ്പോഴും ടീമിൽ പ്രധാന റോൾ കൈകാര്യം ചെയ്യാനാവുമെന്ന് തന്നെയാണ്.”

  ” ഒപ്പം എനിക്ക് റയൽ മാഡ്രിഡിൽ തന്നെ എന്റെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹം. മാഡ്രിഡ്‌ ആണ് എന്റെ വീട്, എനിക്ക് കരാർ പുതുക്കാനാണ് ആഗ്രഹം. എന്നിരുന്നാലും എനിക്ക് മാനേജരുമായി ഒരു പ്രശ്നത്തിന് താത്പര്യമില്ല. ഒരു കരാറിലെത്താമെന്നാണ് എന്റെ പ്രതീക്ഷ.” മോഡ്രിച് സ്പാനിഷ് മാധ്യമമായ മാർക്കയോട് അഭിപ്രായപ്പെട്ടു.

 5. റോഡ്രിഗോ മോഡ്രിച്ചിന്റെ ‘മകന്‍’, വെളിപ്പെടുത്തലുമായി റയല്‍ യുവതാരം

  Leave a Comment

  സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്രസീലിയന്‍ യുവതാരമാണ് റോഡ്രിഗോ ഗോസ്. റയല്‍ മാഡ്രിഡില്‍ വന്നതിന് ശേഷം റോഡ്രിഗോ ഗോസുമായി ബന്ധപ്പെട്ട് നടന്ന രസകരമായ ഒരു സംഭവം ട്വിറ്റര്‍ ലൈവിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

  റയലില്‍ വന്ന സമയത്തു ലൂക്ക മോഡ്രിച്ച് തനിക്കു തന്നൊരു ഉപദേശത്തെക്കുറിച്ചാണ് റോഡ്രിഗോ സംസാരിച്ചത്. റോഡ്രിഗോയുടെ അച്ഛന്റെ വയസ്സറിഞ്ഞു അത്ഭുതപ്പെട്ട മോഡ്രിച്ച് ആദ്യം അത് വിശ്വസിച്ചില്ല. പിന്നീട് റോഡ്രിഗോയുടെ അച്ഛന് 35 വയസ്സ് മാത്രമേയുള്ളുവെന്നറിഞ്ഞ മോഡ്രിച് തനിക്ക് റോഡ്രിഗോ അതിനാല്‍ തന്നെ കൂടുതല്‍ ബഹുമാനം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

  ‘എന്റെ അച്ഛന് 35 വയസാണെന്നു അറിഞ്ഞ ശേഷം അദ്ദേഹം തനിക്ക് നിന്റച്ഛന്റെ പ്രായമുണ്ടെന്നും അതുകൊണ്ട് തന്നെ അത്രയും ബഹുമാനം താനും അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞു. അതിനു ശേഷം അദ്ദേഹം എന്നെ ‘മകനേ’യെന്നും ഞാനദ്ദേഹത്തെ ‘അച്ഛാ’യെന്നുമാണ് വിളിക്കുന്നത്’ റോഡ്രിഗോ വെളിപ്പെടുത്തി.

  അന്ധവിശ്വാസമുള്ള ഫുട്‌ബോളര്‍ ആണോയെന്ന ട്വിറ്റര്‍ ആരാധകരുടെ ചോദ്യത്തിനd റോഡ്രിഗോ മറുപടി ഇപ്രകാരമായിരുന്നു.

  ‘കളിക്കാനിറങ്ങുമ്പോള്‍ ആദ്യം വലതു കാലിലെ ചിന്‍ പാഡും ബൂട്ടുമാണ് അണിയാറെന്നും ആദ്യം വലതുബൂട്ടാണ് കെട്ടാറുള്ളതെന്നും താരം പറഞ്ഞു. കളിക്കളത്തിലേക്ക് വലതുകാല്‍ വെച്ചാണ് കളിക്കാനിറങ്ങാറുള്ളതെന്നും ഒരിക്കലും വരയില്‍ ചവിട്ടാതിരിക്കാന്‍ ശ്രദ്ദിക്കാറുണ്ടെന്നും റോഡ്രിഗൊ കൂട്ടിച്ചേര്‍ത്തു.

  ഈഡന്‍ ഹസാര്‍ഡിന്റെ പരിക്കാണ് താരത്തിനു റയലില്‍ കൂടുതല്‍ സമയം കിട്ടുന്നതിന് കാരണമായത്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും റോഡ്രിഗോ വെളിപ്പെടുത്തി.

 6. റാമോസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ! പ്രശംസിച്ച് മോഡ്രിച്

  Leave a Comment

  റയൽ മാഡ്രിഡിനൊപ്പം തന്റെ കരിയറിലെ രണ്ടാമത്തെ ലാലിഗ കിരീടം നേടിയ ലുക്കാ മോഡ്രിച് സഹതാരങ്ങളായ സെർജിയോ റാമോസിന്റെയും കരീം ബെൻസിമയുടെയും സീസണിലെ പ്രകടനങ്ങളെ വാനോളം പുകഴ്ത്തുകയാണ്. സെർജിയോ റാമോസ് ഒരു പ്രതിഭാസമാണെന്നും ലോകത്തിലെ തന്നെ മികച്ച ഡിഫെൻഡറാണെന്നും മോഡ്രിഡ് അഭിപ്രായപ്പെട്ടു.

  2 വർഷത്തിനു ശേഷം ലാലിഗ ബാഴ്‌സയെ മറികടന്നു നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് സെർജിയോ റാമോസും ബെൻസിമയും. പ്രതിരോധത്തിലും പ്രത്യാക്രമണങ്ങളിലും റയൽ മാഡ്രിഡിന്റെ മികവിന് കാരണം ഇവരുടെ കരുത്തുറ്റ പ്രകടനങ്ങളാണെന്നു സംശയമില്ല. ചരിത്രത്തിൽ തന്നെ 11 ഗോളുകൾ നേടുന്ന ആദ്യപ്രതിരോധതാരമായി മാറിയ റാമോസ് കൊറോണക്ക് ശേഷം തന്നെ 6 പ്രധാനപ്പെട്ട ഗോളുകളാണ് റയൽ മാഡ്രിഡിനു വേണ്ടി നേടിയത്.

  “എന്റെ സഹോദരൻ സെർജിയോ റാമോസ് ഒരു പ്രതിഭാസമാണ്. ഞാൻ വെറുതെ പറയുന്നതല്ല, കഴിഞ്ഞ 8 വർഷമായി അദ്ദേഹവും കുടുംബവുമായെനിക്ക് അടുത്ത ബന്ധമാണുള്ളത്. ഞങ്ങൾ ഒരുമിച് സമയം ചെലവഴിക്കാറുണ്ട്. ഒരുമിച്ചാണ് ഒഴിവുദിനങ്ങളിൽ പുറത്തു പോവാറുമുള്ളത്. കൂടാതെ കുറെ കാലത്തെ ഫുട്ബോൾ അനുഭവങ്ങളും വിജയങ്ങളും ഞങ്ങൾ ഒരുമിച്ചാണ് നേടിയത്.

  ‘റാമോസ് ഒരു പാറപോലെ കരുത്തുറ്റ 34കാരനും മികച്ച മത്സരത്വരയുള്ള ആളുമാണ്. നിങ്ങൾ അദ്ദേഹത്തിനെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കു മനസിലാവും എത്രത്തോളം അർപ്പണബോധമുള്ള ആളാണെന്നും വിജയത്തെ എത്രത്തോളം അയാൾ ആഗ്രഹിക്കുന്നുണ്ടെന്നും. അയാൾ ടീമിന്റെ നായകനാണ്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡറും.” ക്രൊയേഷ്യൻ മാധ്യമമായ സ്‌പോർസ്‌കെ നോവോസ്‌റ്റിയോട് ലുകൾ മോഡ്രിച് അഭിപ്രായപ്പെട്ടു.

 7. റോണോ ഇല്ലെങ്കിലും കിരീടം നേടുമെന്ന് ബോധ്യമുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് മോഡ്രിച്ച്

  Leave a Comment

  സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് വലിയ ആഘാതമായെങ്കിലും റയല്‍ മാന്‍ഡ്രിഡിന് എപ്പോഴും ജയിക്കണമെന്നുള്ള മനോഭാവം നഷ്ടപെടില്ലെന്നു തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെന്ന് മധ്യനിരതാരവും മുന്‍ ബാലണ്‍ഡിയോര്‍ ജേതാവുമായ ലുക്കാ മോഡ്രിച്. കൂടാതെ റയല്‍ മാഡ്രിലുണ്ടായിരുന്ന കാലമത്രയും റൊണാള്‍ഡോ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം തന്നെയായിരുന്നുവെന്നും മോഡ്രിച് അംഗീകരിക്കുന്നു.

  റയല്‍ മാഡ്രിഡിന് റൊണാള്‍ഡോ എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നുവെന്നു ചര്‍ച്ചയുടെ ആവശ്യമില്ലാതെ തന്നെ എല്ലാര്‍ക്കും അറിയുന്ന കാര്യമാണെന്നു മോഡ്രിച് പറയുന്നു. എന്നാല്‍ അദ്ദേഹമുള്ളപ്പോള്‍ നേടിയ വിജയങ്ങള്‍ പോയതിനു ശേഷം നേടാനാകില്ലെന്ന ചിന്ത ഞങ്ങളിലില്ലായിരുന്നുവെന്നും അദ്ദേഹമില്ലെങ്കിലും വിജയങ്ങള്‍ തുടരുമെന്നുള്ള പൂര്‍ണബോധ്യമുണ്ടായിരുന്നുവെന്നും മോഡ്രിച് കൂട്ടിചേര്‍ത്തു.

  ‘ഞങ്ങള്‍ കൊറോണ കാരണം വീട്ടിലിരുന്ന സമയത്തും നന്നായി ട്രെയിനിങ് ചെയ്തിരുന്നു. സഹതാരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവരും കൂടുതല്‍ ആവേശത്തോടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയാണെന്നു അറിയാന്‍ കഴിഞ്ഞു. ഈ മഹാവ്യാധി ഞങ്ങള്‍ക്ക് പുതിയ അനുഭവമായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ഫുട്‌ബോളിലേക്ക് തന്നെ തിരിച്ചു വരാന്‍ ആഗ്രഹിച്ചിരുന്നു. തിരിച്ചുവന്നതോടെ സഹതാരങ്ങളുമായി മുമ്പത്തേതിനേക്കാള്‍ ഒത്തിണക്കം അനുഭവപ്പെട്ടു. വീണ്ടും ഒത്തുചേരാന്‍ കഴിഞ്ഞത് ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു.’ മോഡ്രിച് ക്രൊയേഷ്യന്‍ മാധ്യമത്തോട് പറഞ്ഞു.

  വര്‍ഷം മുഴുവനും മികച്ച രീതിയില്‍ കളിക്കുന്നതിന് തങ്ങള്‍ക്ക് സാധിച്ചുവെന്നും പ്രത്യേകിച്ചും ലാലിഗ പുനരാരംഭിച്ചതിനുശേഷമുള്ള മത്സരങ്ങള്‍ റയല്‍ മാഡ്രിഡിന്റെ പോരാട്ടവീര്യത്തെ ഉയര്‍ത്തുന്നതായിരുന്നുവെന്നും മോഡ്രിച് കൂട്ടിചേര്‍ത്തു. പരിശീലിപ്പിക്കുന്നതിലും താരങ്ങളെ ഒത്തൊരുമിച്ചു കൊണ്ടുവന്നതിലുമുള്ള സിനദിന്‍ സിദാന്റെ പ്രഗല്‍ഭ്യത്തെ പുകഴ്ത്താനും മോഡ്രിച് മടി കാണിച്ചില്ല.