Tag Archive: Luis Suarez

 1. അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടവിജയം, കളിക്കളത്തിൽ വിതുമ്പി ലൂയിസ് സുവാരസ്

  Leave a Comment

  റയൽ വയ്യഡോലിഡുമായുള്ള ലാലിഗയിലെ അവസാനമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയതോടെ ഈ സീസണിലെ ലാലിഗ കീരീടം സ്വന്തമാക്കിയിരിക്കുകയാണ് അത്ലെറ്റിക്കോ മാഡ്രിഡ്. വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച സുവാരസിനെ കുറിച്ചാണ് ആണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച നടക്കുന്നത്.

  വിജയഗോളടക്കം അത്ലറ്റിക്കോയുടെ ഈ സീസണിലെ പ്രകടനത്തിൽ ഒരു മികച്ച പങ്ക് ബാഴ്സ കൈവിട്ട സുവാരസിനു തന്നെയാണ്. അതിന്റെ വിഷമം സുവാരസ് തന്നെ പങ്കു വെച്ചിരുന്നു. അത്രത്തോളം സ്നേഹിക്കുന്ന ബാഴ്‌സ തന്നോട് ചെയ്തത് വലിയ വിഷമമുണ്ടാക്കുന്നതാണെന്നും സുവാരസ് മനസു തുറന്നിരുന്നു.

  അതിനുള്ള മധുരപ്രതികാരമെന്നോണമാണ് ലാലിഗ കിരീടം ഫുട്ബോൾ ലോകത്തിനു സുവാരസ് സമർപ്പിക്കുന്നത്. മത്സരശേഷം മൊബൈലിൽ കുടുംബവുമായി വീഡിയോ കാൾ വിളിച്ച് വിതുമ്പുന്ന സുവാരസിനെയാണ് പിന്നീട് നമുക്ക് കാണാനാവുന്നത്.

  അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. സുവാരസിന്റെ മധുരപ്രതികാരം തന്നെയാണ് ഫുട്ബോൾ ലോകത്തെ നിലവിലെ ചർച്ച. തനിക്ക് വയസായെന്നും വീര്യം ചോർന്നു പോയെന്നും പറഞ്ഞു ഒഴിവാക്കിയ ബാഴ്‌സ ബോർഡിനെതിരെയുള്ള പ്രതിഷേധമായാണ് ഈ നേട്ടം സുവാരസ് കണക്കാക്കുന്നത്.

 2. ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, അത്ലറ്റിക്കോയുടെ നിർണായക വിജയത്തെക്കുറിച്ച് സുവാരസ്

  Leave a Comment

  ഒസാസുനക്കെതിരായ ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ നാടകീയ വിജയം നേടിയിരിക്കുകയാണ്. ഒസാസുനക്കായി 75ആം മിനുട്ടിൽ ബുഡിമിർ നേടിയ ഗോളിനു അവസാനനിമിഷങ്ങളിലൂടെ റെനാൻ ലോധിയുടെയും ലൂയിസ് സുവാരസിന്റെയും ഗോളിലൂടെയും അത്ലറ്റിക്കോ വിജയം കൈപ്പിടിയിലൊതുക്കിയത്.

  എന്നാൽ ഒസാസുനക്കെതിരെ ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് വിജയഗോൾ നേടിയ സുവാരസിന്റെ പക്ഷം. എന്നാൽ ലാലിഗ നേടാൻ ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നും അതാണ് ഇന്ന്‌ സംഭവിച്ചതെന്നും സുവാരസ് വ്യക്തമാക്കി. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുവാരസ്.

  “ഇപ്പോൾ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം സീസണിലെ തന്നെ ഒരു മികച്ച പകുതി ഞങ്ങൾക്ക് അനുകൂലമായി ലഭിച്ചിരുന്നു. ഞാനടക്കം ഒരുപാട് അവസരങ്ങൾ ഞങ്ങൾ പാഴാക്കി.”

  എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചാൽ തന്നെയാണ്‌ ലാലിഗ നേടാനാവുക.അതു തന്നെയാണ് ഇന്നും സംഭവിച്ചത്. ബുദ്ധിമുട്ടുകയെന്നത് അത്ലറ്റിക്കോക്ക് എപ്പോഴുമുള്ള കാര്യമാണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ” സുവാരസ് പറഞ്ഞു.

 3. സുവാരസ് ഇപ്പോൾ ബാഴ്‌സയെ നോക്കി ചിരിക്കുകയാവും, സുവാരസിനോട് ബാഴ്സ കാണിച്ചത് ശരിയായില്ലെന്നു ബെർബറ്റോവ്

  Leave a Comment

  ബാഴ്സയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ലൂയിസ് സുവാരസ്. എന്നാൽ ബാഴ്സയിൽ നിന്നും താരത്തെ ഒഴിവാക്കിയ രീതിക്ക് ഫുട്ബോൾ ലോകത്തു നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു
  സുവാരസിന്റെ പ്രിയ സുഹൃത്തായ ലയണൽ മെസിയും ബാഴ്സയുടെ താരത്തെ ഒഴിവാക്കിയ രീതിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

  സുവാരസിനെ ബാഴ്സ ചവിട്ടിപ്പുറത്താക്കിയത് പോലെയാണ് പറഞ്ഞയച്ചതെന്നാണ് മെസി ആരോപിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും സിമിയോണിക്ക് കീഴിൽ മികച്ച പ്രകടനമാണ് സുവാരസ് കാഴ്ചവെക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണിലെ ടോപ്സ്കോററാണ് സുവാരസ്. ബാഴ്സയുടെ ഈ നീക്കത്തേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ ഇതിഹാസമായ ദിമിറ്റർ ബെർബറ്റോവ്. ബെറ്റ്ഫെയറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “സുവാരസ് ഒരു യന്ത്രമാണ്. അത്ലറ്റിക്കോയാണ്‌ ലാലിഗയിൽ ഏഴു പോയിന്റിന്റെ വ്യത്യാസത്തിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെ ഒന്നാം സ്ഥാനത്തു തുടരുന്നത്. സുവാരസ് തീർച്ചയായും ഇപ്പോൾ ഉറക്കെ ചിരിക്കുന്നുണ്ടാവും. അവനെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”

  ” കാരണം അവരുടെ മികച്ച താരങ്ങളിലൊരാളായ അവനോട് കാണിച്ചത് ഒരിക്കലും നല്ല കാര്യമല്ല. ബാഴ്സലോണ അപമര്യാദയോടെയാണ് അവനോട് പെരുമാറിയത്. എന്നാൽ അതിൽ ഇപ്പോൾ അവനു ഒരിക്കലും മനോവേദന തോന്നുന്നുണ്ടാവില്ല. കാരണം അത്ലറ്റികോയിൽ അത്ര മികച്ച സമയമാണ് അവൻ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.” ബെർബെറ്റോവ് അഭിപ്രായപ്പെട്ടു.

 4. ബാഴ്സക്ക് മുൻപ് സുവാരസിനായി ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ലിവർപൂൾ ഞങ്ങളോട് വകതിരിവില്ലാതെയാണ് പെരുമാറിയതെന്നു ആഴ്സെൻ വെങ്ങർ

  Leave a Comment

  2013ൽ ലിവർപൂളിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ്  ലൂയിസ് സുവാരസ്.  എന്നാൽ ബാഴ്സയിലെത്തും മുൻപ് നിരവധി ഓഫറുകൾ ലിവർപൂളിന് ലഭിച്ചിരുന്നു.  ആ സമയത്ത് സാമാന്യം ഭേദപ്പെട്ട ഓഫറുമായി ആഴ്സണലും ഉറുഗ്വായൻ സൂപ്പർ താരത്തിനായി രംഗത്തുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പരിശീലകനായ ആഴ്സെൻ വെങ്ങർ.

  അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ മൈ ലൈഫ് ഇൻ റെഡ് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതെന്നു ദി മിറർ റിപ്പോർട്ട്‌ ചെയ്യുന്നു.   ലിവർപൂൾ ഏഴാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയ 2012-13 സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതോടെ  സുവാരസ് ക്ലബ്  വിടാനൊരുങ്ങുകയായിരുന്നു. സുവാരസിന്റെ ഏജന്റിനെ സമീപിച്ച ആഴ്‌സണൽ 40 മില്യൺ യൂറോക്ക് ഏതു ഓഫറും താരത്തിനായി  ലിവർപൂൾ സ്വീകരിക്കുമെന്ന രഹസ്യ സൂചന നൽകുകയായിരുന്നു.

  “2013ൽ ഞങ്ങൾ സുവാരസിനെ സ്വതമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിനോടും ഏജന്റിനോടും ഞങ്ങൾ മുൻധാരണയിലെത്തിയിരുന്നു. പക്ഷെ താരത്തിനു ഒരു ക്ലോസ് നിലവിലുണ്ടെന്നു ഏജന്റ് ചൂണ്ടിക്കാണിച്ചു. താരത്തെ ലിവർപൂൾ വിടണമെങ്കിൽ 40 മില്യൺ യൂറോക്ക് മുകളിൽ ഓഫർ ചെയ്യണമെന്ന്.”

  “പക്ഷെ അന്ന് ലിവർപൂളിനുണ്ടായിരുന്ന വകതിരിവില്ലായ്മയ്ക്ക് നന്ദി പറയുന്നു. അത്തരമൊരു ക്ലോസ് നിലവിലില്ലെന്നു ഞാൻ മനസിലാക്കി. ഇത് സത്യമാണോന്നറിയാൻ ഞങ്ങൾ 40 മില്യനോടൊപ്പം ഒരു യൂറോ കൂടി ചേർത്ത് ഓഫർ ചെയ്തു നോക്കി. ഇതൊരു അസംബന്ധമായി നിങ്ങൾക്ക് തോന്നാം. ഞാൻ സമ്മതിക്കുന്നു.”വെങ്ങർ തന്റെ പുസ്തകത്തിൽ കുറിച്ചു.

 5. താൻ പുറത്താവാൻ കാരണം മെസിയോട് തനിക്കുള്ള മികച്ച ബന്ധം കാരണമെന്നു സുവാരസ്

  Leave a Comment

  ആറു വർഷത്തെ കരിയറിനു ശേഷം കഴിഞ്ഞ മാസമാണ് ബാഴ്സയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് 5.5 മില്യൺ യൂറോക്ക് സുവാരസ് കൂടുമാറിയത്. കൊറോണമഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് താരത്തെ വിട്ടുകളയാൻ ബാർസ തയ്യാറായതെന്നു ന്യായീകരിക്കുന്നുണ്ടെങ്കിലും സുവാരസിനു പിന്തുണയുമായി ലയണൽ മെസി മുന്നോട്ടു വന്നിരുന്നു.

  താരത്തെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നു വിമർശിച്ച മെസി ബാഴ്സ അത്യന്തം മോശമായ രീതിയിലാണ് താരത്തെ ഒഴിവാക്കിയതെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ തന്നെ പുറത്താക്കാനുള്ള യഥാർത്ഥ കാരണം സുവാരസ് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. മെസ്സിയോട് കൂടുതൽ അടുത്ത താരമായതുകൊണ്ടാണ് അവർ തന്നെ പുറത്താക്കിയതെന്നാണ് സുവാരസ് ചൂണ്ടിക്കാണിക്കുന്നത്. ഇസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് സുവാരസ് മനസു തുറന്നത്.

  “നിരവധി ആക്ഷേപങ്ങളുണ്ടായിരുന്നു. കളിയുമായുള്ള പ്രശ്നമാണെങ്കിലോ അല്ലെങ്കിൽ സാമ്പത്തികമായ പ്രശ്നമാണെങ്കിലോ ഞാൻ എങ്ങനെയെങ്കിലും പ്രതിവിധി കണ്ടെത്തുമായിരുന്നു. അവർ എന്തുകൊണ്ടാണ് ആ തീരുമാനമെടുത്തതെന്നു എനിക്ക് വ്യക്തമായിരുന്നില്ല. എനിക്ക് തോന്നുന്നത് അവർക്ക് എന്നെ മെസിയുടെ അടുത്ത് നിന്നും നീക്കം ചെയ്യണമായിരുന്നു. മെസിയുമായി നല്ലത് ബന്ധം പുലർത്തുന്നതിൽ അവർ അലോസരായിരിക്കാം. ഒരു പക്ഷെ അവർക്ക് അദ്ദേഹം എന്റെ കൂടെ എപ്പോഴുമുണ്ടാവാൻ ആഗ്രഹമില്ലായിരിക്കാം. “

  “അല്ലാതെ എനിക്കൊരു കാരണവും ടീമിനെ ബാധിക്കുന്നതായി കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ കളിക്കുമ്പോൾ പരസ്പരം തിരഞ്ഞുകൊണ്ടിരുന്നിരുന്നു. അത് ടീമിന്റെ നല്ലതിനായിരുന്നു.ചിലപ്പോൾ അവർക്ക് അദ്ദേഹം കൂടുതൽ താരങ്ങളുമായി കളിക്കുന്നതായിരിക്കും ആവശ്യം. ഇതൊന്നുമല്ലാതെ ഒരു കാരണവും ഞാൻ കാണുന്നില്ല. എന്തെന്നാൽ ഞങ്ങൾ കളിക്കളത്തിൽ ഒത്തിണക്കത്തോടെയായിരുന്നു കളിച്ചിരുന്നത്.” സുവാരസ് അഭിപ്രായപ്പെട്ടു

 6. ഗോൾവേട്ടയിൽ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി സുവാരസും ലയണൽ മെസിയും

  Leave a Comment

  പ്രിയസുഹൃത്തുക്കളായ ലയണൽ മെസിയും ലൂയിസ് സുവാരസും ഒരുമിച്ചു മറ്റൊരു നാഴികക്കല്ലിനടുത്തെത്തി നിൽക്കുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റികളിലൂടെ ഇരുവരും ഗോൾ നേടിയതോടെ ബ്രസീയൻ ഇതിഹാസതാരമായ റൊണാൾഡോ നസാരിയോയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്.

  ഒരു ലാറ്റിനമേരിക്കൻ ടീമിനായി കോംപിറ്റിറ്റിവ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനോപ്പമാണ് മെസിയും സുവാരസും ഗോൾവേട്ടയിലെത്തി നിൽക്കുന്നത്. നിലവിൽ മൂന്നു താരങ്ങളും 39 ഗോളുകൾ ലാറ്റിനമേരിക്കൻ ടീമുകൾക്കായി നേടിയിട്ടുണ്ട്.

  വിവാദപരമായി റഫറി വിധിച്ച പെനാൽറ്റിയാണ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്. മത്സരത്തിൽ മാക്സി ഗോമെസിന്റെ ഇഞ്ചുറി സമയത്തെ ഗോളാണ് ഉറുഗ്വായ്ക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ തോൽപ്പിക്കുകയായിരുന്നു. എന്നാൽ ഒകാമ്പോസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

  റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസിയും സുവാരസുമെത്തിയെങ്കിലും അന്താരാഷ്ട്രമത്സരങ്ങളിൽ ആകെ ഗോൾനേട്ടത്തിൽ 71 ഗോളുകളുമായി ഇരുവരേക്കാൾ വളരെ മുന്നിലാണ്. ഇതിനെകൂടാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഈ പ്രിയസുഹൃത്തുക്കൾ തന്നെയാണ്. 22 ഗോളുകളുമായി ഇരുവരും പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി നിൽക്കുകയാണ്.

 7. സുവാരസിനൊപ്പം അത്ലറ്റിക്കോ ഉയരങ്ങൾ കീഴടക്കും, റയലിനും ബാഴ്സയ്ക്കും മുന്നറിയിപ്പുമായി സിമിയോണി

  Leave a Comment

  ബാഴ്സയുമായുള്ള ബാക്കിയുള്ള ഒരു വർഷത്തെ കരാർ ഇല്ലാതാക്കി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയിരിക്കുകയാണ് ലൂയിസ് സുവാരസ്. അത്ലറ്റിക്കോ മാഡ്രിഡിനു ലൂയിസ് സുവരസിനൊപ്പം പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരാനാകും എന്നാണ് അത്‌ലറ്റികോ പരിശീലകനായ ഡിയഗോ സിമിയോണിയുടെ പക്ഷം. ഗ്രാനഡക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളുകളും അസിസ്റ്റുമായി തിളങ്ങി സുവാരസ് അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

  “ഒരു ടീമെന്ന നിലയിൽ വളരുവാനും പുതിയൊരു ഊർജ്ജം ലഭിക്കുവാനും അദ്ദത്തിന്റെ വരവോടെ അവസരമുണ്ടായിരിക്കുകയാണ്. ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിനു മുൻപുതന്നെ സുവാരസുമായി അത്ലറ്റികോയിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ബാഴ്സയിൽ അവസാന ആറു വർഷം മികച്ച വിജയം തന്നെ സുവാരസിനു നേടാനായിട്ടുണ്ട്.”

  “അദ്ദേഹത്തിന്റെ ടീമംഗങ്ങൾ വളരെ വേഗത്തിൽ ടീമിനോട് ഇണങ്ങിച്ചേരാനും സഹായിക്കുകയും ഞങ്ങളുടെ വിജയത്തിനു അദ്ദേഹത്തിന്റെ സഹായത്തിനു സജ്ജമാക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനു ഒരു നീണ്ട ദിവസമായിരുന്നു. അദ്ദേഹം ടീമിനൊപ്പം മികച്ചരീതിയിൽ തന്നെ പരിശീലനം പൂർത്തിയാക്കി.

  “അദ്ദേഹത്തിന് കൂടുതൽ പ്രചോദനവും ഉത്തേജനവും ഉള്ളതായി കാണപ്പെട്ടു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും സ്റ്റാർട്ട്‌ ചെയ്യിക്കാനോ അല്ലെങ്കിൽ രണ്ടാം പകുതിയിൽ ഇറക്കുവാനോ നോക്കും” സിമിയോണി ഗ്രാനഡക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അത്ലറ്റികോയിൽ സുവാരസ് വീണ്ടും അദ്ദേഹം ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെന്നു തെളിയിക്കുമെന്നും സിമിയോണി പ്രത്യാശപ്രകടിപ്പിച്ചു.

 8. സുവാരസിനെ ബാഴ്സ ചവിട്ടിപ്പുറത്താക്കിയതാണെന്നു മെസി, വിമർശനത്തിന് പിന്തുണയുമായി നെയ്മറും ആൽവസും

  Leave a Comment

  സൂപ്പർതാരം ലൂയിസ് സുവാരസ് അവസാനം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ താരത്തോട് തന്റെ പദ്ധതികളിൽ ഇടമില്ലെന്നു അറിയിക്കുകയായിരുന്നു. നിറകണ്ണുകളോടെ വികാരഭരിതനായാണ് സുവാരസ് ബാഴ്‌സലോണ വിട്ടത്. എന്നാൽ സുവാരസിനോട് ബാഴ്സ ചെയ്തത് മോശമായെന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നടിച്ചിരിക്കുകയാണ് പ്രിയസുഹൃത്തായ ലിയോ മെസിയും.

  “നിനക്ക് നല്ല രീതിയിലുള്ള വിടവാങ്ങൽ അർഹിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട തരങ്ങളിലൊരാൾ, ക്ലബ്ബിനു വേണ്ടി പ്രധാനകാര്യങ്ങൾ നേടാൻ സഹായിച്ചതാരം -വ്യക്തിപരമായും ഒരു സംഘമായും, അവർ ചെയ്തപോലെ ഇങ്ങനെ ചവിട്ടിപ്പുറത്താക്കപ്പെടേണ്ടതല്ലായിരുന്നു . എങ്കിലും ഈ ഒരു സാഹചര്യത്തിൽ ഒന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല.”

  “നിന്റെ പുതിയ വെല്ലുവിളികൾക്ക് ആശംസകളേകുന്നു, ഞാൻ നിന്നെ വളരെയധികം ഇഷ്ടപ്പെടുന്നു, വളരെയധികം ഇഷ്ടപ്പെടുന്നു, വീണ്ടും കാണാം സുഹൃത്തേ. ” മെസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ ഇതിനു പിന്തുണയുമായി ബോർഡിന്റെ ചെയ്തിതികൾക്കെതിരെ തുറന്നടിച്ചുകൊണ്ട് മുൻ താരങ്ങളായ നെയ്മറും ഡാനി ആൽവസും മറുപടികൾ കുറിച്ചിട്ടുണ്ട്.

  അവർ എന്താണ് ചെയ്യുന്നതെന്ന് അവിശ്വസനീയമായി തോന്നുന്നുവെന്നാണ് നെയ്മർ കുറിച്ചത്. ഡാനി ആൽവെസാണ് ബോര്ഡിനെ നിശിതമായി വിമർശിച്ചത്. “നിർഭാഗ്യവശാൽ കുറെ കാലമായി ഇതാണ് യാഥാർത്ഥ്യം. വർഷം തോറും അത് തെളിയിക്കുന്നുണ്ട്. ഇതൊരിക്കലും തോൽവിയെയോ വിജയത്തെയോക്കുറിച്ചുള്ളതല്ലെന്നു നമുക്ക് നന്നായി അറിയാം. എന്നാലത് ബഹുമാനത്തേക്കുറിച്ചാണെന്നുള്ളത് അവർക്ക് ഇതുവരെ മനസിലായിട്ടില്ല.”ആൽവസ് മറുപടിയായി കുറിച്ചു.

 9. ബാഴ്സയിൽ ഇതാദ്യമായല്ല ഇങ്ങനെയുണ്ടാവുന്നത്, സുവാരസിന് പിന്തുണയുമായി ഡിയെഗോ ഫോർലാൻ

  Leave a Comment

  സുവാരസിനെ ബാഴ്സലോണ ഒഴിവാക്കിയത്തിനെതിരെ തുറന്നടിച്ച മെസിയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുവാരസിന്റെ ഉറുഗ്വായ് സഹതാരമായ ഡിയഗോ ഫോർലാൻ. ബാഴ്സയുടെ ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും ബാഴ്സക്കു വേണ്ടി ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയതു കൊണ്ട് സുവാരസ് ഒരിക്കലും നിരാശനാകേണ്ട കാര്യമില്ലെന്നും ഫോർലാൻ ചൂണ്ടിക്കാണിക്കുന്നു.

  “സുവാരസിനോടു ബാഴ്സ ചെയ്തത് ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സക്കു വേണ്ടി എല്ലാം നൽകിയാണ് സുവാരസ് പടിയിറങ്ങുന്നതെന്നു കൊണ്ട് അദ്ദേഹം നിരാശനാകേണ്ട കാര്യമില്ല.”

  “സുവാരസ് അത്ലറ്റികോയുമായി പെട്ടെന്നുതന്നെ ഇണങ്ങിച്ചേർന്ന് ഒരു കുടുംബം പോലെയാവും. ലാലിഗയിൽ ടീമിനെ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. ഫെലിക്സ്, കോസ്റ്റ, സുവാരസ് എന്നീ മൂവർസംഘമായിരിക്കും ഇനി തിളങ്ങാൻ പോകുന്നത്.” റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫോർലാൻ.

  സുവാരസിനെ പോലെ ക്ലബ്ബിന്റെ നിരവധി നേട്ടങ്ങളിൽ പങ്കാളിയായ ഇതിഹാസതാരം ഈ രീതിയിലൊരു വിടവാങ്ങൽ അല്ല അർഹിക്കുന്നതെന്ന് മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഡാനി ആൽവസ്, നെയ്മർ എന്നീ പ്രമുഖതാരങ്ങൾ മെസിക്കു പിന്തുണയുമായി ക്ലബിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.ഒപ്പം മെസിയുടെ സുഹൃത്തായ സെസ്ക് ഫാബ്രിഗാസും മെസിക്ക് പിന്തുണയർപ്പിച്ചിരുന്നു.

 10. കാറ്റാലൻ താരമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? സുവാരസിനെ പുറത്താക്കിയതിനെക്കുറിച്ച് മുൻ റയൽ താരം

  Leave a Comment

  സൂപ്പർതാരം ലൂയിസ് സുവാരസിനോട്‌ ബാഴ്‌സ ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് മുൻ റയൽ മാഡ്രിഡ്‌ ഉറുഗ്വായൻ താരം പാബ്ലോ ഗാർഷ്യയുടെ അഭിപ്രായം. സുവാരസിനെ ബാഴ്‌സ ഒഴിവാക്കിയ രീതി വളരെ മോശമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതു ഇതിഹാസസമാനമായ പ്രകടനം കാഴ്ച വെച്ച താരത്തിനോട് ഇങ്ങനെ ഇരട്ടത്താപ്പ് കാണിച്ചതിൽ ബാഴ്‌സക്ക് കുറ്റബോധം തോന്നുന്നില്ലേയെന്നാണ് അദ്ദേഹത്തിനെ ചോദ്യം.

  അത്ലറ്റിക്കോ ട്രാൻസ്ഫറിന്റെ സങ്കീർണതകൾ പരിഹരിക്കാൻ സുവാരസ് ബാഴ്സയുമായി ചർച്ചകൾ വരെ നടത്തേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായി. ചർച്ചകൾക്കൊടുവിൽ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്കു തന്നെ ചേക്കേറിയിരിക്കുകയാണ്. ബാഴ്‌സ ട്രെയിനിങ് ക്യാമ്പിൽ നിന്നും നിറകണ്ണുകളോടെയാണ് സുവാരസ് ഇന്നലെ പടിയിറങ്ങിയത്.

  ബാഴ്സയുടെ ചരിത്രത്തിൽ ഗോൾവേട്ടക്കാരിൽ മൂന്നാമതെത്തിയ താരമാണ് ലൂയിസ് സുവാരസ്. അദ്ദേഹത്തിന്റെ വയസുള്ള ഒരു കാറ്റാലൻ താരത്തോട് ബാഴ്‌സ ഇങ്ങനെ പെരുമാറുമെന്നു തോന്നുന്നില്ലെന്നും പാബ്ലോ ഗാർഷ്യ ചൂണ്ടിക്കാട്ടി. സുവാരസ് ഒരു ഗോൾവേട്ടക്കാരൻ ആണെന്നും കളിക്കുമ്പോൾ അതിന്റെതായ മാറ്റമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും ഗാർഷ്യ അഭിപ്രായപ്പെട്ടു.

  ” ബാഴ്സയിൽ സുവാരസിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമൊരു ഗോൾവേട്ടക്കാരനാണ്. അദ്ദേഹം കളിക്കുമ്പോൾ അതിന്റെതായ മാറ്റം കളിയിൽ കൊണ്ടുവരാൻ കഴിവുള്ള താരവുമാണ്. ഞാനിത് പറയുന്നത് ഞങ്ങൾ ഉറുഗ്വായ് താരങ്ങളായതുകൊണ്ടല്ല. ഇതേ വയസുള്ള ഒരു കാറ്റാലൻ താരത്തിനോട് ബാഴ്‌സ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.” റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് സുവാരസ് ട്രാൻസ്ഫറിനെക്കുറിച്ച ഗാർഷ്യ സംസാരിച്ചത്.