Tag Archive: lionel scaloni

  1. മെസിക്കും ഡി മരിയക്കും മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂ, തുറന്നടിച്ച് സ്‌കലോണി

    Leave a Comment

    തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അർജന്റീന. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നു പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ടീം ജൂണിൽ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയിലാണ്. കോപ്പ അമേരിക്കയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമും അർജന്റീനയാണ്.

    ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഒട്ടുമിക്ക താരങ്ങളും ഇപ്പോഴും അർജന്റീന ടീമിനൊപ്പമുണ്ട്. കോപ്പ അമേരിക്കക്ക് ശേഷം പലരും വിരമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനൊപ്പം മികച്ച യുവതാരങ്ങൾ ഉയർന്നു വരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ടീമിൽ ഇടം പിടിക്കാനുള്ള പോരാട്ടം കടുത്തതാകുമെന്ന സൂചന നൽകിയ സ്‌കലോണി രണ്ടു താരങ്ങൾക്ക് മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

    “ഇപ്പോൾ ടീമിലുള്ള ഒരാൾക്കും കോപ്പ അമേരിക്ക സ്‌ക്വാഡിൽ സ്ഥാനം ഉറപ്പില്ല. ഉറപ്പുള്ള ഒരേയൊരാൾ നിലവിൽ ടീമിനൊപ്പമില്ല. അതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനു പുറമെ ഏഞ്ചൽ ഡി മരിയക്കും ടീമിൽ സ്ഥാനമുണ്ട്. ബാക്കിയുള്ളവർ കഠിനമായി അധ്വാനിച്ചാൽ മാത്രമേ ടീമിലെത്തൂ.” കോസ്റ്റാറിക്കക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞു.

    നിരവധി താരങ്ങളാണ് അർജന്റീന ടീമിലേക്കുള്ള സ്ഥാനത്തിനായി പോരാടുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ അർജന്റീനക്കുണ്ട്. ഈ കോപ്പ അമേരിക്കക്ക് ശേഷം ചില താരങ്ങൾ വിരമിക്കാൻ സാധ്യതയുള്ളതിനാൽ ടൂർണമെന്റിന് ശേഷം അർജന്റീന ടീമിൽ വലിയൊരു അഴിച്ചുപണി പ്രതീക്ഷിക്കാം.

  2. മെസിയുമായി സംസാരിച്ചത് തീരുമാനത്തെ സ്വാധീനിച്ചു, അർജന്റീന പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ചതിനെക്കുറിച്ച് സ്‌കലോണി

    Leave a Comment

    ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതിനു ശേഷം അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ആരാധകരെ ഒന്ന് ഞെട്ടിച്ചിരുന്നു. അർജന്റീന പരിശീലകസ്ഥാനത്ത് തുടരുന്നതിനെ കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നും കൂടുതൽ ഊർജ്ജസ്വലനായ ഒരാളാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം ടീമിൽ നിന്നും പടിയിറങ്ങുമെന്ന വ്യക്തമായ സൂചനകളാണ് നൽകിയത്.

    സ്‌കലോണിയുടെ വാക്കുകൾ ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കിയെങ്കിലും അദ്ദേഹം പറഞ്ഞത് പോലെയൊന്നും ചെയ്‌തില്ല. അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകൾ നടത്തിയതിനു ശേഷം ടീമിൽ തന്നെ തുടരാൻ സ്‌കലോണി തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസിയോട് സംസാരിച്ചത് തന്റെ തീരുമാനത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

    ടീമിന്റെ നായകനെന്ന നിലയിലാണ് ലയണൽ മെസിയുമായി താൻ സംസാരിച്ചതെന്നും അതിനു ശേഷമാണ് ഞാനിപ്പോൾ പോകുന്നില്ലെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു. ലയണൽ മെസിക്ക് പുറമെ ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഓട്ടമെൻഡി, ഡി പോൾ തുടങ്ങി തുടക്കം മുതലേ തനിക്കൊപ്പം ഉണ്ടായിരുന്നവരോടും സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

    കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീനക്ക് സാധ്യമായ മൂന്നു കിരീടങ്ങളും നൽകിയ പരിശീലകനാണ് സ്‌കലോണി. അതുകൊണ്ടു തന്നെ അദ്ദേഹം പടിയിറങ്ങണമെന്ന് അർജന്റീന ആരാധകരിലാരും ആഗ്രഹിക്കുന്നില്ല. നിലവിൽ കോപ്പ അമേരിക്ക വരെയേ സ്‌കലോണി ടീമിനൊപ്പം ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകളെങ്കിലും അടുത്ത ലോകകപ്പ് വരെ അദ്ദേഹം തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  3. അർജന്റീന ടീമിൽ പ്രശ്‌നങ്ങൾ രൂക്ഷം, കാരണമായത് ബ്രസീലിനെതിരായ മത്സരത്തിലെ സംഭവങ്ങൾ

    Leave a Comment

    ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം സ്‌കലോണി നടത്തിയ പ്രതികരണം ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും താൻ പടിയിറങ്ങിയേക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. 2018 ലോകകപ്പിന് ശേഷം ടീമിന്റെ സ്ഥാനമേറ്റെടുത്ത് അർജന്റീനക്ക് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി നൽകിയ അദ്ദേഹത്തിന്റെ വാക്കുകൾ അവിശ്വസനീയമായ ഒന്നായിരുന്നു.

    അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയയുമായുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോകകപ്പ് നേടിയതിന്റെ ബോണസ് കോച്ചിങ് സ്റ്റാഫുകൾക്ക് ലഭിച്ചിട്ടില്ലെന്നും അതിന്റെ പ്രതിഷേധമാണെന്നാണ് തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിനേക്കാൾ പ്രശ്‌നം സങ്കീർണമാണെന്നും മെസിയും സ്‌കലോണിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    ദി അത്‌ലറ്റിക് പറയുന്നത് പ്രകാരം ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലുണ്ടായ സംഭവങ്ങളാണ് ഇതിനു കാരണം. മത്സരത്തിന് മുൻപ് ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ ആക്രമിച്ചതിനെ തുടർന്ന് മെസിയും താരങ്ങളും കളിക്കളം വിട്ടു ഡ്രസിങ് റൂമിലേക്ക് പോയിരുന്നു. എന്നാൽ ആ തീരുമാനം താരങ്ങൾ എടുത്തത് സ്‌കലോണിയോട് ചോദിക്കാതെയാണ്. ഇത് കോച്ചിങ് സ്റ്റാഫിൽ വളരെയധികം അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.

    നിലവിലെ സാഹചര്യങ്ങളിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ സ്‌കലോണി 2026 ലോകകപ്പ് വരെ അർജന്റീന ടീമിനൊപ്പം തുടരാൻ യാതൊരു സാധ്യതയുമില്ല. റിപ്പോർട്ടുകൾ പ്രകാരം കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന പരിശീലകൻ സ്ഥാനമൊഴിഞ്ഞേക്കും. അതിനിടയിൽ സ്‌കലോണിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ സജീവമാണ്.

  4. അർജന്റീനയുടെ തന്ത്രജ്ഞനെ റാഞ്ചാൻ റയൽ മാഡ്രിഡ്, നീക്കങ്ങൾ ആരംഭിച്ചു

    Leave a Comment

    അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും പരിശീലകൻ ലയണൽ സ്‌കലോണിയും തമ്മിലുള്ള ബന്ധം ഉലഞ്ഞതായി വാർത്തകൾ ശക്തമാണ്. ഇതിന്റെ സൂചന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ സ്‌കലോണി തന്നെ നൽകിയിരുന്നു. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും താൻ മാറി നിൽക്കുമെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ആരാധകർക്ക് വളരെയധികം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്.

    കഴിഞ്ഞ ലോകകപ്പ് നേടിയപ്പോൾ അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫിന് ഉറപ്പു നൽകിയ ബോണസ് നൽകാത്തതാണ് അസ്വാരസ്യങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്തായാലും ഇതുവരെയും ആ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്നു വ്യക്തമാണ്. ഇതിനെത്തുടർന്ന് അർജന്റീന കോച്ചിങ് സ്റ്റാഫുകൾ കോപ്പ അമേരിക്ക നറുക്കെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു. സ്‌കലോണിയും സംഘവും ഇടഞ്ഞു തന്നെയാണ് നിൽക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

    എന്തായാലും അർജന്റീന ടീമിലെ നിലവിലെ സാഹചര്യം മുതലെടുത്ത് സ്‌കലോണിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പരിശീലകനായ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് റയൽ മാഡ്രിഡ് സ്‌കലോണിയെ നോട്ടമിടുന്നത്. ഇതിനു വേണ്ടി അവർ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.

    തന്റെ ഭാവിയെക്കുറിച്ച് ആൻസലോട്ടി ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഈ സീസൺ കഴിഞ്ഞാൽ അദ്ദേഹം റയലിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പില്ല. ബ്രസീൽ ടീമിന്റെ പരിശീലകനാകാൻ അദ്ദേഹം കരാർ ഒപ്പിട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്നാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനെ തേടുന്നത്. എന്തായാലും അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും സ്‌കലോണി പടിയിറങ്ങിയാൽ അതവർക്കൊരു തിരിച്ചടി തന്നെയാകും.

  5. അർജന്റീന ടീമിന്റെ അടിത്തറയിളകുന്നു, രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്ന് സ്‌കലോണി

    Leave a Comment

    ബ്രസീലിനെതിരെ അർജന്റീന വിജയം നേടിയതിന്റെ സന്തോഷം ഇല്ലാതാക്കിയാണ് പരിശീലകനായ ലയണൽ സ്‌കലോണി അർജന്റീന പരിശീലകസ്ഥാനം ഉപേക്ഷിക്കാൻ പോവുകയാണെന്ന സൂചന നൽകിയത്. ബ്രസീലിനെതിരെ വിജയം നേടിയതിനു ശേഷം ടീമിലെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുത്തത് ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ നിറം പകർന്നു. അർജന്റീന ആരാധകർക്ക് വലിയ ആശങ്കയാണ് ഈ സംഭവങ്ങൾ സൃഷ്‌ടിച്ചത്‌.

    അർജന്റീന ടീമിലെ പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുകയാണ് ചെയ്യുന്നത്. രണ്ടാഴ്‌ചക്കുള്ളിൽ അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ നറുക്കെടുപ്പ് ആരംഭിക്കാൻ പോവുകയാണ്. ഇതിൽ പങ്കെടുക്കാൻ സ്‌കലോണി ഉണ്ടാകില്ലെന്ന തീരുമാനം എടുത്തുവെന്നും പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

    കഴിഞ്ഞ വർഷം ലോകകപ്പ് വിജയിച്ച അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫിന് നൽകേണ്ട ബോണസ് ഇപ്പോഴും നൽകാത്തതിനെ തുടർന്നാണ് കോച്ചിങ് സ്റ്റാഫുകൾ ഇടഞ്ഞു നിൽക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ടാപ്പിയ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോച്ചിങ് സ്റ്റാഫുകൾ ഒരു യോഗം ചേർന്നെങ്കിലും അവരുടെ അവസാന തീരുമാനം എന്താണെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

    സ്‌കലോണിയും ടാപ്പിയായും തമ്മിലുള്ള ബന്ധം പൂര്ണമായതും തകർന്നുവെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങൾ തന്നെ തുടർന്നു പോവുകയാണെങ്കിൽ സ്‌കലോണി സ്ഥാനമൊഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അർജന്റീനയെ പടുത്തുയർത്തി എല്ലാ കിരീടങ്ങളും നേടിക്കൊടുത്ത കോച്ചിങ് സ്റ്റാഫുകളാണ് നിലവിലുള്ളവർ. അവർ പുറത്തു പോയാൽ അത് ടീമിനെ പുറകോട്ടു വലിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  6. സ്‌കലോണി സ്ഥാനമൊഴിയുകയാണോ, ആ ചിത്രം നൽകുന്ന സൂചനയെന്താണ്

    Leave a Comment

    ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരം സംഭവബഹുലമായ ഒന്നായിരുന്നെങ്കിലും മത്സരത്തിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കി. അർജന്റൈൻ കാണികളെ ബ്രസീലിയൻ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ നിക്കോളാസ് ഓട്ടമെൻഡി നേടിയ ഗോളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിലെ വിജയത്തിലും അർജന്റീന ആരാധകർക്ക് സന്തോഷിക്കാൻ വകയില്ലായിരുന്നു.

    മത്സരത്തിന് ശേഷം ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി നടത്തിയ പ്രതികരണമാണ് ആരാധകർക്ക് വലിയ ആശങ്ക നൽകിയത്. അർജന്റീന ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ദേശീയ ടീമിന് കുറച്ചുകൂടി ഊർജ്ജസ്വലനായ ഒരു പരിശീലകനെ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാൻ പോവുകയാണെന്ന രീതിയിലുള്ള ഈ പ്രതികരണം വലിയ ആശങ്കയാണ് ആരാധകരിൽ ഉണ്ടാക്കിയത്.

    അതിനു പുറമെ തന്റെ കോച്ചിങ് സ്റ്റാഫുകളോട് അവസാനത്തെ ഫോട്ടോ എടുക്കാമെന്ന് സ്‌കലോണി പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിനു പിന്നാലെ എല്ലാ കോച്ചിങ് സ്റ്റാഫിന്റെയും കൂടെ നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ ആരാധകരിൽ കൂടുതൽ ആശങ്കയുണ്ടായി. എന്നാൽ സ്‌കലോണി എന്താണ് ചെയ്യുന്നതെന്ന് അർജന്റീനയിലെ താരങ്ങൾക്കൊന്നും യാതൊരു രൂപവുമില്ലായിരുന്നു.

    നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്‌കലോണിക്ക് അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ആരുമായോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അർജന്റീന താരങ്ങളും അദ്ദേഹത്തിന് ചില വിഷയങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ പ്രതിഷേധമാണ് സ്‌കലോണി കാണിച്ചത്. എന്നാൽ ആരോടാണ് സ്‌കലോണി തന്റെ പ്രതിഷേധം അറിയിക്കാൻ ശ്രമിച്ചതെന്ന് കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

    അതേസമയം ഈ പ്രശ്‌നങ്ങൾ ഉടനെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനു വേണ്ടിയുള്ള ഇടപെടലുകൾ അർജന്റീന ഫുട്ബോൾ ഫെഡറേഷനിൽ ഉള്ളവർ നടത്തുമെന്നും ആരാധകർ അതിനു വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും സംശയമില്ല. അർജന്റീനക്ക് സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി നൽകിയ അദ്ദേഹത്തെ സ്ഥാനമൊഴിയാൻ ആരാധകർ സമ്മതിക്കില്ല.

  7. സൗദി അറേബ്യയോടുള്ള മത്സരത്തിനു ശേഷമെന്ന പോലെ തിരിച്ചു വരണം, താരങ്ങൾക്ക് സ്‌കലോണിയുടെ സന്ദേശം | Argentina

    Leave a Comment

    ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം വമ്പൻ ഫോമിലായിരുന്നു അർജന്റീനയെ ഞെട്ടിച്ചാണ് കഴിഞ്ഞ മത്സരത്തിൽ യുറുഗ്വായ് വിജയം നേടിയത്. അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസ നയിച്ച യുറുഗ്വായ് ടീം കടുത്ത പ്രെസിങ് കൊണ്ട് അർജന്റീനയെ വലച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അവർ സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിന് ശേഷമുള്ള അർജന്റീന ടീമിന്റെ ആദ്യത്തെ തോൽവി കൂടിയായിരുന്നു ആ മത്സരം.

    തുടർച്ചയായി പതിനഞ്ചു മത്സരങ്ങൾ വിജയിച്ച അർജന്റീനക്ക് അപ്രതീക്ഷിതമായ ആഘാതമാണ് ആ തോൽവി സമ്മാനിച്ചത്. എന്നെങ്കിലും അർജന്റീന തോൽക്കുമെന്ന് അറിയാമായിരുന്നുവെന്നും അത് ഇന്ന് സംഭവിച്ചു എന്നുമാണ് മെസി മത്സരത്തിന് ശേഷം പറഞ്ഞതെങ്കിലും യാഥാർഥ്യം അതിൽ നിന്നും അകലെയാണ്. അർജന്റീന ടീമിലെ താരങ്ങളെ അത് വളരെയധികം ബാധിച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    അർജന്റീന ടീമിലെ താരങ്ങൾ തോൽ‌വിയിൽ വളരെയധികം നിരാശരാണെന്നതിനാൽ പരിശീലകൻ ലയണൽ സ്‌കലോണി ടീമിലെ താരങ്ങൾക്ക് സന്ദേശം നൽകിയിട്ടുണ്ട്. ഈ തോൽ‌വിയിൽ നിന്നും ശക്തമായ തിരിച്ചുവരവ് ടീം നടത്തണമെന്നാണ് സ്‌കലോണി ആവശ്യപ്പെട്ടത്. ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം അർജന്റീന ശക്തമായി തിരിച്ചു വന്നതു പോലെ ഈ തോൽ‌വിയിൽ നിന്നും തിരിച്ചു വരാനാണ് സ്‌കലോണി ആവശ്യപ്പെട്ടത്.

    അടുത്ത മത്സരത്തിൽ ബ്രസീലാണ് എതിരാളികളെന്നതിനാൽ അർജന്റീനയെ സംബന്ധിച്ച് മത്സരം കടുപ്പം തന്നെയാണ്. ബ്രസീലിന്റെ മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നതും. നിലവിൽ തോൽവിയുടെ നിരാശയിൽ നിൽക്കുന്ന ടീമിന് അടുത്ത മത്സരത്തിൽ വിജയം ലഭിച്ചാൽ മാത്രമേ കോപ്പ അമേരിക്കക്ക് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയൂ. അതേസമയം കഴിഞ്ഞ മൂന്നു മത്സരത്തിലും വിജയിക്കാൻ കഴിയാത്ത ബ്രസീലിനും വിജയമാണ് ആവശ്യം.

  8. നാല് വർഷത്തിൽ ഒരു തോൽവി മാത്രം, അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി സ്‌കലോണിയുടെ അർജന്റീന

    Leave a Comment

    ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അർജന്റീന ടീമിനുണ്ടായ മാറ്റങ്ങൾ ചെറുതല്ല. വിവിധ ലീഗുകളിലും ക്ലബുകളിലും കളിക്കുന്ന നിരവധി താരങ്ങളെ ദേശീയ ടീമിൽ പരീക്ഷിച്ച് സാവധാനത്തിൽ തുടങ്ങിയ അദ്ദേഹം ടീമിനെ മെല്ലെ മെല്ലെ പടുത്തുയർത്തുകയായിരുന്നു. മികച്ചൊരു ടീമിനെ തയ്യാറാക്കി എടുത്ത സ്‌കലോണി കഴിഞ്ഞ രണ്ടര വർഷത്തിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീനക്ക് നേടിക്കൊടുത്തു. കോപ്പ അമേരിക്ക, ഫൈനലിസമോ, ലോകകപ്പ് എന്നിവയാണ് മൂന്നു കിരീടങ്ങൾ.

    ലയണൽ സ്‌കലോണിയുടെ കീഴിൽ അത്ഭുതകരമായ പ്രകടനമാണ് അർജന്റീന നടത്തുന്നത് എന്നതിൽ സംശയമില്ല. 2018 ലോകകപ്പിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ടീമാണ് അർജന്റീന. എന്നാലിപ്പോൾ ലോകഫുട്ബോളിലെ ഏതൊരു വമ്പൻ ടീമും അർജന്റീനക്കെതിരെ കളിക്കുമ്പോൾ ഒന്ന് പതറും. ആരെയും കീഴടക്കാൻ കഴിയുമെന്ന പൂർണമായ ആത്മവിശ്വാസത്തോടെ ഇറങ്ങാനും അത് കളിക്കളത്തിൽ പ്രാവർത്തികമാക്കാനും അർജന്റീനക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

    സ്‌കലോണിയുടെ കീഴിൽ അർജന്റീനക്ക് സംഭവിച്ച മാറ്റത്തിന്റെ യഥാർത്ഥ രൂപം അറിയണമെങ്കിൽ കഴിഞ്ഞ നാല് വർഷത്തെ പ്രകടനം എടുത്തു നോക്കിയാൽ മതി. 2019 ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം അൻപത് മത്സരങ്ങളാണ് കളിച്ചത്. ഈ അൻപത് മത്സരങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ സൗദിയോട് മാത്രമാണ് അർജന്റീന തോൽവി വഴങ്ങിയത്. ഒരു മത്സരം പോലും തോൽക്കാതെ അർജന്റീന മൂന്നു വർഷത്തിലധികം കളിച്ചുവെന്നതും ശ്രദ്ധേയമാണ്.

    ഖത്തർ ലോകകപ്പിന് ശേഷം കൂടുതൽ ആത്മവിശ്വാസം അർജന്റീനക്ക് വന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ അവരുടെ പ്രകടനവും തെളിയിക്കുന്നു. ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ഏഴു മത്സരങ്ങളാണ് കളിച്ചത്. ഇതിൽ ഏഴെണ്ണത്തിലും വിജയിച്ചു എന്നതിന് പുറമെ ഒരു ഗോൾ പോലും സ്‌കലോണിപ്പട വഴങ്ങിയിട്ടില്ല. അർജന്റീന ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതേ ഫോമിൽ കളിച്ചാൽ വരുന്ന കോപ്പ അമേരിക്കയും അർജന്റീനക്ക് സ്വന്തമാക്കാൻ കഴിയും.

  9. മൂന്നു വമ്പൻ താരങ്ങളെ ഒഴിവാക്കി അർജന്റീന സ്‌ക്വാഡ്, അമേരിക്കൻ ലീഗിൽ നിന്നും മൂന്നു താരങ്ങൾ

    Leave a Comment

    ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീം സ്‌ക്വാഡ് പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. ഇക്വഡോർ, ബോളീവിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ഇന്ത്യൻ സമയം സെപ്‌തംബർ എട്ടിനു പുലർച്ചെ അഞ്ചരക്കാണ് ഇക്വഡോറുമായുള്ള മത്സരം നടക്കുക. ബൊളീവിയയുമായുള്ള മത്സരം സെപ്‌തംബർ പന്ത്രണ്ടിന് രാത്രി ഒന്നരക്കും നടക്കും.

    അതേസമയം ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന രണ്ടു താരങ്ങളടക്കം പ്രധാനപ്പെട്ട മൂന്നു കളിക്കാർക്ക് സ്‌കലോണി സ്‌ക്വാഡിലിടം നൽകിയിട്ടില്ല. റോമാ മുന്നേറ്റനിര താരം പൗളോ ഡിബാല, സെവിയ്യ ലെഫ്റ്റ് ബാക്കായ മാർക്കോസ് അക്യൂന, ടോട്ടനം ഹോസ്‌പർ മിഡ്‌ഫീൽഡർ ജിയോവാനി ലോ സെൽസോ എന്നിവരാണ് ടീമിലില്ലാത്ത പ്രമുഖർ. മൂന്നു താരങ്ങൾക്കും ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണമാണ് ടീമിലിടം ലഭിക്കാതിരുന്നത്.

    2014 ലോകകപ്പിലെ ഹീറോയും നിലവിൽ ബൊക്ക ജൂനിയേഴ്‌സിനായി തകർപ്പൻ പ്രകടനം നടത്തുകയും ചെയ്യുന്ന താരവുമായ വെറ്ററൻ ഗോൾകീപ്പർ സെർജിയോ റൊമേറോ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ലീഗിൽ നിന്നും തിയാഗോ അൽമാഡ, അലൻ വെലാസ്കോ എന്നീ താരങ്ങൾ സ്‌ക്വാഡിലിടം പിടിച്ചിട്ടുണ്ട്.

    ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജുവാൻ മുസ്സോ (ഉഡിനീസ്), വാൾട്ടർ ബെനിറ്റസ് (PSV), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)

    ഡിഫൻഡർമാർ: നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമൻ പെസെല്ല (റിയൽ ബെറ്റിസ്), ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), ജുവാൻ ഫോയ്ത്ത് (വില്ലറയൽ), മാർക്കോസ് സെനെസി (ബോൺമൗത്ത്), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലൂക്കാസ് എസ്ക്വിവൽ (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം)

    മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (എഎസ് റോമ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈടൺ), എൻസോ ഫെർണാണ്ടസ് (ചെൽസി), അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), എക്‌ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), ബ്രൂണോ സപെല്ലി (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)

    ഫോർവേഡുകൾ: നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ലൗടാരോ മാർട്ടിനെസ് (ഇന്റർ), ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക), ലയണൽ മെസ്സി (ഇന്റർ മിയാമി), അലൻ വെലാസ്കോ (എഫ്‌സി ഡാളസ്, U23 ടീം), ലൂക്കാസ് ബെൽട്രാൻ (ഫിയോറന്റീന, U23 ടീം).

  10. മെസി കളിക്കില്ല, അർജന്റീന ടീമിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് പരിശീലകൻ

    Leave a Comment

    ഇന്തോനേഷ്യക്കെതിരെ നടക്കുന്ന സമ്മറിൽ അവസാനത്തെ ഇന്റർനാഷണൽ ഫ്രണ്ട്‌ലി മാച്ചിൽ അർജന്റീന നായകനായ ലയണൽ മെസി കളിക്കില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി വ്യക്തമാക്കി. ചൈനയിൽ വെച്ച് ഓസ്‌ട്രേലിയക്കെതിരെ നടന്ന കഴിഞ്ഞ ഇന്റർനാഷണൽ ഫ്രണ്ട്ലി മാച്ചിൽ മെസി കളിക്കുകയും ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

    പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണമല്ല, മറിച്ച് വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ലയണൽ മെസി കളിക്കാതിരിക്കുന്നത്. ലയണൽ മെസി ഉൾപ്പെടെ അർജന്റീന ടീമിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്‌കലോണി വ്യക്തമാക്കി. മെസിയുടെ അഭാവത്തിൽ ഇന്തോനേഷ്യൻ ആരാധകർ നിരാശരാകുമെന്ന് അറിയാമെങ്കിലും വലിയൊരു സീസൺ കളിച്ചെത്തിയ താരങ്ങൾക്ക് വിശ്രമം വേണമെന്ന് സ്‌കലോണി വ്യക്തമാക്കുന്നു.

    ലയണൽ മെസിക്ക് പകരക്കാരനായി ആരെയാകും ഇറക്കുകയെന്ന ചോദ്യത്തിന് മെസിക്ക് ആർക്കും പകരമാകില്ലെന്നാണ് സ്‌കലോണി മറുപടി പറഞ്ഞത്. എങ്കിലും താരത്തിന്റെ അസാന്നിധ്യം നികത്താൻ കഴിയുന്ന രീതിയിൽ കളിക്കാനാണ് അർജന്റീന ശ്രമിക്കുകയെന്നും അതിനുള്ള പരിശീലനം ടീമിന് നൽകിയിട്ടുണ്ടെന്നും പരിശീലകൻ പറഞ്ഞു. മെസിയുടെ അതെ പൊസിഷനിൽ മറ്റൊരു താരം കളിക്കുമെന്നും സ്‌കലോണി വ്യക്തമാക്കി.

    ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് ഇന്തോനേഷ്യ ചെറിയൊരു ടീമാണെന്നതു കൊണ്ടല്ലെന്നും സ്‌കലോണി പറഞ്ഞു. മറിച്ച് നിരവധി പുതിയ താരങ്ങളെ ടീമിൽ പരീക്ഷിക്കാനുള്ള ഒരു അവസരമായാണ് ഈ മത്സരത്തെ കാണുന്നതെന്നും അതിനു വേണ്ടിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണിതെന്ന് വ്യക്തമാണ്.