Tag Archive: LIONEL MESSI

  1. അമേരിക്കയിൽ മെസിയാധിപത്യം, താരത്തെ കാണാനെത്തിയത് റെക്കോർഡ് കാണികൾ

    Leave a Comment

    യൂറോപ്പിലെന്ന പോലെ ഫുട്ബോളിന് വേരോട്ടമില്ലാത്ത സ്ഥലമാണ് അമേരിക്ക. അതുകൊണ്ടു തന്നെയാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചപ്പോൾ ആരാധകരിൽ പലരും നെറ്റി ചുളിച്ചതും. യൂറോപ്പിൽ അനുഭവിക്കുന്ന കളിയാവേശവും ആരാധകരുടെ പിന്തുണയും അമേരിക്കയിൽ ലഭിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

    എന്നാൽ ലയണൽ മെസി അമേരിക്കയിലെ ആരാധകഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയത് മുതൽ മെസിയുടെ മത്സരങ്ങൾ കാണാൻ നിരവധി വമ്പൻ സെലിബ്രിറ്റികളാണ് എത്തുന്നത്. അടുത്തിടെ കാൻസാസ് സിറ്റിയുമായുള്ള മത്സരത്തിൽ മെസി കളിക്കുമെന്ന് വ്യക്തമായതോടെ അവർ 70000ൽ അധികം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയിരുന്നു.

    ആ മത്സരം കഴിഞ്ഞതോടെ ഒരു റെക്കോർഡും പിറന്നു. ഈ വർഷം അമേരിക്കയിൽ ഏറ്റവുമധികം കാണികൾ എത്തിയ ഇവന്റുകളിൽ രണ്ടാം സ്ഥാനമാണ് ആ മത്സരം സ്വന്തമാക്കിയത്. 72755 കാണികൾ എത്തിയ റെസിൽമാനിയ 2 ആണ് ഒന്നാം സ്ഥാനത്ത്. അതിനു തൊട്ടു പിന്നിൽ 72610 കാണികൾ എത്തിയ ഇന്റർ മിയാമിയും കാൻസാസ് സിറ്റിയും തമ്മിലുള്ള മത്സരം നിൽക്കുന്നു.

    ഫുട്ബോളിനേക്കാൾ ആരാധകപിന്തുണയുള്ള മറ്റു മത്സരങ്ങളെ പിന്തള്ളിയാണ് ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ട് ഈ മത്സരം ആദ്യസ്ഥാനങ്ങളിൽ എത്തിയത്. മത്സരത്തിൽ ഒരു ഗംഭീരഗോളും അസിസ്റ്റും നൽകി മികച്ച പ്രകടനം മെസി നടത്തിയപ്പോൾ ഇന്റർ മിയാമിയാണ് വിജയം നേടിയത്. എംഎൽഎസ് പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്റർ മിയാമി തന്നെ.

  2. മെസിക്കൊപ്പം എമിലിയാനോയും, ഒളിമ്പിക്‌സിനുള്ള മൂന്നു താരങ്ങളെ തീരുമാനിച്ച് മഷെറാനോ

    Leave a Comment

    കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മൂന്നു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ഈ വർഷം ലക്ഷ്യമിടുന്നത് രണ്ടു കിരീടങ്ങളാണ്. സീനിയർ ടീമിനൊപ്പം കോപ്പ അമേരിക്കയും അണ്ടർ 23 ടീമിനൊപ്പം ഒളിമ്പിക്‌സ് സ്വർണവും അർജന്റീന നോട്ടമിടുന്നുണ്ട്. ജൂണിൽ കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുമ്പോൾ ജൂലൈയിലാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്.

    കോപ്പ അമേരിക്ക നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ഒന്നായ അർജന്റീന ഒളിമ്പിക്‌സിനും മികച്ച താരങ്ങളെ അണിനിരത്താനുള്ള പദ്ധതിയിലാണ്. അണ്ടർ 23 താരങ്ങളാണ് ഒളിമ്പിക്‌സിൽ കളിക്കുകയെങ്കിലും അതിനേക്കാൾ പ്രായമുള്ള മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. ഈ സാധ്യത മുതലെടുത്താണ് ലോകകപ്പിൽ കളിച്ച മൂന്നു താരങ്ങളെ പരിശീലകൻ മഷെറാനോ ടീമിലേക്ക് വിളിക്കുന്നത്.

    നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒളിമ്പിക്‌സിനുള്ള മൂന്നു കളിക്കാരെ മഷെറാനോ തീരുമാനിച്ചിട്ടുണ്ട്. സീനിയർ ടീമിന്റെ നായകനായ ലയണൽ മെസിക്ക് പുറമെ ലോകകപ്പിൽ ഹീറോയിക് പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, വെറ്ററൻ പ്രതിരോധനിര താരം നിക്കോളാസ് ഓട്ടമെൻഡി എന്നിവരെയാണ് ഹാവിയർ മഷെറാനോ പരിഗണിക്കുന്നത്.

    ഇതിൽ എമിലിയാനോ മാർട്ടിനസും നിക്കോളാസ് ഓട്ടമെൻഡിയും ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതേസമയം ലയണൽ മെസി ഒളിമ്പിക്‌സിനുണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഫിഫയുടെ കീഴിലുള്ള ടൂർണമെന്റ് അല്ലാത്തതിനാൽ ക്ലബുകളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയൂ.

  3. മെസിക്കും ഡി മരിയക്കും മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂ, തുറന്നടിച്ച് സ്‌കലോണി

    Leave a Comment

    തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അർജന്റീന. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നു പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ടീം ജൂണിൽ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയിലാണ്. കോപ്പ അമേരിക്കയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമും അർജന്റീനയാണ്.

    ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഒട്ടുമിക്ക താരങ്ങളും ഇപ്പോഴും അർജന്റീന ടീമിനൊപ്പമുണ്ട്. കോപ്പ അമേരിക്കക്ക് ശേഷം പലരും വിരമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനൊപ്പം മികച്ച യുവതാരങ്ങൾ ഉയർന്നു വരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ടീമിൽ ഇടം പിടിക്കാനുള്ള പോരാട്ടം കടുത്തതാകുമെന്ന സൂചന നൽകിയ സ്‌കലോണി രണ്ടു താരങ്ങൾക്ക് മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

    “ഇപ്പോൾ ടീമിലുള്ള ഒരാൾക്കും കോപ്പ അമേരിക്ക സ്‌ക്വാഡിൽ സ്ഥാനം ഉറപ്പില്ല. ഉറപ്പുള്ള ഒരേയൊരാൾ നിലവിൽ ടീമിനൊപ്പമില്ല. അതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനു പുറമെ ഏഞ്ചൽ ഡി മരിയക്കും ടീമിൽ സ്ഥാനമുണ്ട്. ബാക്കിയുള്ളവർ കഠിനമായി അധ്വാനിച്ചാൽ മാത്രമേ ടീമിലെത്തൂ.” കോസ്റ്റാറിക്കക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞു.

    നിരവധി താരങ്ങളാണ് അർജന്റീന ടീമിലേക്കുള്ള സ്ഥാനത്തിനായി പോരാടുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ അർജന്റീനക്കുണ്ട്. ഈ കോപ്പ അമേരിക്കക്ക് ശേഷം ചില താരങ്ങൾ വിരമിക്കാൻ സാധ്യതയുള്ളതിനാൽ ടൂർണമെന്റിന് ശേഷം അർജന്റീന ടീമിൽ വലിയൊരു അഴിച്ചുപണി പ്രതീക്ഷിക്കാം.

  4. മെസിയുമായി സംസാരിച്ചത് തീരുമാനത്തെ സ്വാധീനിച്ചു, അർജന്റീന പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ചതിനെക്കുറിച്ച് സ്‌കലോണി

    Leave a Comment

    ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതിനു ശേഷം അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ആരാധകരെ ഒന്ന് ഞെട്ടിച്ചിരുന്നു. അർജന്റീന പരിശീലകസ്ഥാനത്ത് തുടരുന്നതിനെ കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നും കൂടുതൽ ഊർജ്ജസ്വലനായ ഒരാളാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം ടീമിൽ നിന്നും പടിയിറങ്ങുമെന്ന വ്യക്തമായ സൂചനകളാണ് നൽകിയത്.

    സ്‌കലോണിയുടെ വാക്കുകൾ ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കിയെങ്കിലും അദ്ദേഹം പറഞ്ഞത് പോലെയൊന്നും ചെയ്‌തില്ല. അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകൾ നടത്തിയതിനു ശേഷം ടീമിൽ തന്നെ തുടരാൻ സ്‌കലോണി തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസിയോട് സംസാരിച്ചത് തന്റെ തീരുമാനത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

    ടീമിന്റെ നായകനെന്ന നിലയിലാണ് ലയണൽ മെസിയുമായി താൻ സംസാരിച്ചതെന്നും അതിനു ശേഷമാണ് ഞാനിപ്പോൾ പോകുന്നില്ലെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു. ലയണൽ മെസിക്ക് പുറമെ ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഓട്ടമെൻഡി, ഡി പോൾ തുടങ്ങി തുടക്കം മുതലേ തനിക്കൊപ്പം ഉണ്ടായിരുന്നവരോടും സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

    കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീനക്ക് സാധ്യമായ മൂന്നു കിരീടങ്ങളും നൽകിയ പരിശീലകനാണ് സ്‌കലോണി. അതുകൊണ്ടു തന്നെ അദ്ദേഹം പടിയിറങ്ങണമെന്ന് അർജന്റീന ആരാധകരിലാരും ആഗ്രഹിക്കുന്നില്ല. നിലവിൽ കോപ്പ അമേരിക്ക വരെയേ സ്‌കലോണി ടീമിനൊപ്പം ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകളെങ്കിലും അടുത്ത ലോകകപ്പ് വരെ അദ്ദേഹം തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  5. നായകനില്ലാതെ അർജന്റീന ഇറങ്ങും, ലയണൽ മെസി കളിക്കില്ലെന്നു സ്ഥിരീകരിച്ചു

    Leave a Comment

    ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുന്ന അർജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളിലും ലയണൽ മെസി കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്റർ മിയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയപ്പോഴുണ്ടായ പരിക്കാണ് ലയണൽ മെസി കളിക്കാതിരിക്കാൻ കാരണം.

    എൽ സാൽവദോർ, കോസ്റ്ററിക്ക എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. നേരത്തെ ആഫ്രിക്കൻ കപ്പ് ഫൈനലിസ്റ്റുകളായ നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കെതിരെയാണ് മത്സരം തീരുമാനിച്ചിരുന്നതെങ്കിലും ചൈനയിൽ നടക്കാനിരുന്ന മത്സരം അമേരിക്കയിലേക്ക് മാറ്റേണ്ടി വന്നതിനാൽ ഈ ടീമുകൾ അതിൽ നിന്നും പിന്മാറുകയായിരുന്നു.

    കഴിഞ്ഞ ദിവസമാണ് ലയണൽ മെസിയുടെ സാന്നിധ്യം അർജന്റീന ടീമിലുണ്ടാകില്ലെന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. ഇന്റർ മിയാമിയും നാഷ്‌വിലും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യപകുതിയിൽ മാത്രം കളിച്ച ലയണൽ മെസി ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി മിയാമിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

    ദുർബലരായ എതിരാളികളായതിനാൽ ലയണൽ മെസിയുടെ അഭാവം അർജന്റീന ടീമിനെ ബാധിക്കാനുള്ള സാധ്യതയില്ല. എന്നാൽ കോപ്പ അമേരിക്ക ടൂർണമെന്റ് ജൂണിൽ നടക്കാനിരിക്കുന്നതിനാൽ അതിനു മുൻപ് അർജന്റീന ടീമിന് ഒരുങ്ങാനുള്ള അവസരമാണ് ഈ മത്സരങ്ങൾ. അതുകൊണ്ടു തന്നെ ലയണൽ മെസി ഇല്ലാത്ത അർജന്റീന ആരാധകർക്ക് നിരാശ തന്നെയാണ്.

  6. മെസിയെ തളർത്താൻ റൊണാൾഡോ ചാന്റുകൾ, സെക്കൻഡുകൾക്കകം ഗോളടിച്ച് അർജന്റീന താരം

    Leave a Comment

    സീസൺ ആരംഭിച്ചതോടെ ഇന്റർ മിയാമിയിൽ മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നത്. ഇതുവരെ ഇന്റർ മിയാമിക്കൊപ്പം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്‌തിട്ടുള്ള താരത്തിന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുമാണ് അഞ്ചു മത്സരങ്ങളിൽ സമ്പാദ്യം. മെസിയുടെ കരുത്തിൽ കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും ഇന്റർ മിയാമി മുന്നേറി.

    രണ്ടു പാദങ്ങളായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്റർ മിയാമി സമനില നേടിയപ്പോൾ മെസി ഒരു ഗോൾ നേടിയിരുന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കാൻ മെസിക്ക് കഴിഞ്ഞു. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്.

    മത്സരത്തിൽ ലയണൽ മെസിയെ മാനസികമായി തളർത്താൻ എതിരാളികളായ നാഷ്‌വിൽ ആരാധകർ ശ്രമിച്ചിരുന്നു. സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് നാഷ്‌വിൽ ആരാധകർ ലയണൽ മെസിയെ തളർത്താൻ ശ്രമിച്ചത്. എന്നാൽ ഈ ചാന്റുകൾ ഉയർന്നു സെക്കൻഡുകൾ തികയും മുൻപേ ലയണൽ മെസി ഗോൾ നേടി അവരെ നിശബ്‌ദമാക്കി.

    കുറച്ചു ദിവസങ്ങൾക്കു മുൻപേ മെസി ചാന്റുകൾ മുഴക്കിയ ആരാധകർക്കെതിരെ റൊണാൾഡോ അശ്ളീല ആംഗ്യം കാണിച്ച് വിലക്ക് വാങ്ങിയിരുന്നു. അതിനിടെയാണ്റൊണാൾഡോ ചാന്റുകൾ മുഴക്കി തന്നെ തളർത്താൻ ശ്രമിച്ച ആരാധകരുടെ വായടപ്പിക്കാൻ മെസിക്ക് കഴിഞ്ഞത്. താരം ചെയ്‌തത്‌ ഒരു ഹീറോയിസമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  7. ഇവനാണ് മെസിയുടെ പകരക്കാരൻ, ബാഴ്‌സലോണയുടെ താരോദയമായി ലാമിൻ യമാൽ

    Leave a Comment

    ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്‌സലോണക്ക് യൂറോപ്പിൽ അത്രയധികം ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധികൾ കാരണം ടീമിന് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തത് അതിനൊരു പരിധി വരെ കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ബി ടീമിലെ താരങ്ങളെ ടീമിന് ആശ്രയിക്കേണ്ടി വരുന്നു.

    കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ ജുവനൈൽ ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ ഒരു പതിനഞ്ചുകാരൻ ഇപ്പോൾ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നിലവിൽ പതിനാറു വയസ് മാത്രം പ്രായമുള്ള ലാമിൻ യമാലാണ് കഴിഞ്ഞ ദിവസം മയോർക്കക്കെതിരെ ബാഴ്‌സലോണയുടെ വിജയഗോൾ അതിമനോഹരമായ ഒരു ഷോട്ടിലൂടെ നേടിയത്.

    മത്സരത്തിന് ശേഷം മയോർക്ക പരിശീലകൻ യമാലിനെ ലയണൽ മെസിയോടാണ് താരതമ്യം ചെയ്‌തത്‌. ലയണൽ മെസിയുടെ കളി ഇരുപത്തിയൊന്നാം വയസിൽ ആദ്യമായി കാണുമ്പോൾ തനിക്ക് തോന്നിയ അതെ കാര്യമാണ് യമാലിന്റെ മത്സരം കണ്ടപ്പോൾ തോന്നിയതെന്നും ബാഴ്‌സലോണയ്ക്ക് ഒരുപാട് സന്തോഷം നൽകാൻ ഭാവിയിൽ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    മുഴുനീള സീസൺ ആദ്യമായി കളിക്കുന്ന യമാൽ ഇപ്പോൾ തന്നെ പതിമൂന്നു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. അതിനു പുറമെ ബാഴ്‌സലോണ മുന്നേറ്റങ്ങളിൽ സജീവസാന്നിധ്യമാണ് പതിനാറുകാരൻ. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ തനിക്ക് പ്രതിഭയുണ്ടെന്ന് ഓരോ മത്സരങ്ങളിലും താരം തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്.

  8. അർജന്റീന ആരാധകർ ഞെട്ടിയ നിമിഷം, ലയണൽ മെസിയുടെ കരിയറിനു തന്നെ അവസാനമായേനേ

    Leave a Comment

    കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമി പിന്നിൽ നിന്നും തിരിച്ചടിച്ചാണ് സമനില നേടിയെടുത്തത്. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയ നാഷ്‌വില്ലിനെതിരെ ലയണൽ മെസിയുടെ ഗോളും ഇഞ്ചുറി ടൈമിൽ ലൂയിസ് സുവാരസ് നേടിയ ഗോളിലുമാണ് ഇന്റർ മിയാമി സമനില നേടിയെടുത്തത്.

    മത്സരം കണ്ട മെസി ആരാധകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച സംഭവം അതിനിടയിൽ നടന്നിരുന്നു. മാരകമായ ഒരു ഫൗളാണ് ലയണൽ മെസിക്ക് നേരെ നാഷ്‌വിൽ താരം നടത്തിയത്. താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഫൗളിൽ നിന്നും സ്വന്തം മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് ലയണൽ മെസി രക്ഷപ്പെട്ടതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    പന്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ ലയണൽ മെസിയുടെ മുട്ടിനു താഴെയാണ് നാഷ്‌വിൽ താരം ബൂട്ടു കൊണ്ട് ചവുട്ടിയത്. ആ ചവിട്ട് കുറച്ചുകൂടി കനത്തിലായിരുന്നെങ്കിൽ മെസിയുടെ കരിയർ തന്നെ അവിടെ തീരുമായിരുന്നു. എന്നാൽ അത് മുൻകൂട്ടി കണ്ട താരം ചവിട്ട് കിട്ടിയ ഉടനെ തന്റെ കാൽ പിൻവലിച്ച് മൈതാനത്ത് വീഴുകയായിരുന്നു.

    മെഡിക്കൽ സ്റ്റാഫ് വന്നു പരിശോധന നടത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ താരം കളിക്കളത്തിൽ തന്നെ തുടർന്നു. ചവുട്ടിയ താരം ചുവപ്പുകാർഡ് അർഹിച്ചിരുന്നെങ്കിലും റഫറി അത് നൽകിയില്ല. എന്തായാലും അർജന്റീന ആരാധകരെ സംബന്ധിച്ച് ആശ്വാസം നൽകിയാണ് മെസി കളി തുടർന്നത്. പരിക്കേറ്റിരുന്നെങ്കിൽ കോപ്പ അമേരിക്ക ടൂർണമെന്റ് അടക്കം താരത്തിന് നഷ്‌ടമായേനെ.

  9. മെസി-സുവാരസ് സഖ്യം രക്ഷകരായി, തോൽ‌വിയിൽ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്റർ മിയാമി

    Leave a Comment

    കോൺകാഫ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരം കുറച്ച് സമയം മുൻപ് അവസാനിച്ചപ്പോൾ നാഷ്‌വിൽ എഫ്‌സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ലയണൽ മെസിയുടെ ഇന്റർ മിയാമി. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ഇന്റർ മിയാമി ഇഞ്ചുറി ടൈമിലാണ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടു സമനില നേടിയെടുത്തത്.

    സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നാഷ്‌വില്ലിനു മുന്നിലെത്താൻ നാല് മിനുട്ട് മാത്രം മതിയായിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ടീമിനായി ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയുടെ ആദ്യത്തെ മിനുട്ടിൽ തന്നെ താരം ടീമിനായി രണ്ടാമത്തെ ഗോളും നേടി. ഇതോടെ ഈ സീസൺ ആരംഭിച്ചതിനു ശേഷം ഇന്റർ മിയാമി ആദ്യത്തെ തോൽവി വഴങ്ങുമെന്നാണ് ഏവരും കരുതിയത്.

    എന്നാൽ തോറ്റു കൊടുക്കാൻ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് തയ്യാറല്ലായിരുന്നു. നാഷ്‌വില്ലിന്റെ രണ്ടാമത്തെ ഗോൾ പിറന്ന് ആറു മിനുട്ടിനു ശേഷം സുവാരസിന്റെ പാസിൽ നിന്നും മെസിയുടെ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ട് വല കുലുക്കി. അതിനു ശേഷം ഇന്റർ മിയാമി നടത്തിയ ശ്രമങ്ങൾ ഇഞ്ചുറി ടൈമിലെ സുവാരസിന്റെ ഗോളിലൂടെ ലക്‌ഷ്യം കണ്ടു.

    രണ്ടു പാദങ്ങളിലായി നടക്കുന്ന ചാമ്പ്യൻസ് കപ്പിൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ഇന്റർ മിയാമിക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ലയണൽ മെസി, സുവാരസ് സഖ്യം തന്നെയാണ് അവരുടെ പ്രതീക്ഷ. ലയണൽ മെസി കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിന് വേണ്ടി ഗോളുകളിൽ പങ്കാളിയായിരുന്നു. സുവാരസും രണ്ടു മത്സരങ്ങളായി ഗോളുകൾ കണ്ടെത്തുന്നുണ്ട്.

  10. നാല് മാസത്തിനിടെ രണ്ടു കിരീടങ്ങൾ അർജന്റീനക്കൊപ്പം നേടാനാവസരം, ലയണൽ മെസി ഒളിമ്പിക്‌സ് കളിക്കാൻ സാധ്യത

    Leave a Comment

    ലോകഫുട്ബോളിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ കിരീടവേട്ട അവസാനിക്കുന്നില്ല. ദേശീയ ടീമിനൊപ്പം കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. എന്നാൽ അതിനു പുറമെ ഒളിമ്പിക്‌സിലും അർജന്റീനക്ക് വേണ്ടി ലയണൽ മെസി കളിക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശീലകനായ മഷറാനോ പറയുന്നു.

    ഒരു പതിറ്റാണ്ടിലേറെയായി അർജന്റീന ടീമിന്റെ ഉയർച്ചയിലും താഴ്‌ചയിലും കൂടെയുണ്ടായിരുന്ന താരങ്ങളാണ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഇവർ രണ്ടു പേരും സാധ്യമായ കിരീടങ്ങളെല്ലാം ടീമിന് നേടിക്കൊടുത്തു. മെസിയും ഡി മരിയയും അർജന്റീന ടീമിനൊപ്പം ഒളിമ്പിക്‌സ് കളിക്കാൻ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും മഷറാനോ അത് നിഷേധിച്ചു.

    അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പ്രകാരം ലയണൽ മെസിയെയും ഏഞ്ചൽ ഡി മരിയയെയും ഒളിമ്പിക്‌സിനുള്ള ടീമിനൊപ്പം ചേരാൻ ക്ഷണിച്ചിട്ടുണ്ട്. ലയണൽ മെസി ഇക്കാര്യത്തിൽ ചർച്ചകൾ നടത്താമെന്ന് സമ്മതിച്ചതായി അദ്ദേഹം പറയുന്നു. ഏഞ്ചൽ ഡി മരിയ ക്ഷണത്തിനു നന്ദി പറഞ്ഞെങ്കിലും ടൂർണമെന്റ് കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ താരം ഉണ്ടാകില്ലെന്നാണ് മഷറാനോ പറഞ്ഞത്.

    കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വിരമിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഏഞ്ചൽ ഡി മരിയ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ താരം ഒളിമ്പിക്സിന് ഉണ്ടാകാനുള്ള സാധ്യതയില്ല. എന്നാൽ ലയണൽ മെസിക്ക് ദേശീയടീമിനൊപ്പം നേട്ടങ്ങൾ സ്വന്തമാക്കാൻ താല്പര്യമുള്ളതിനാൽ അദ്ദേഹം ഫ്രാൻസിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇറങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്.