Tag Archive: LA LIGA

  1. റയലിന്റെ പ്രാർത്ഥന സഫലമായില്ല, ബാഴ്‌സയെ വീഴ്ത്തി ജിറോണയുടെ കുതിപ്പ് തുടരുന്നു

    Leave a Comment

    സ്‌പാനിഷ്‌ ലീഗിൽ ജിറോണ ഫുട്ബോൾ ക്ലബിന്റെ അവിശ്വസനീയമായ കുതിപ്പ് തുടരുന്നു. ലീഗ് ആരംഭിച്ച് ഇതുവരെ ഒരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ അവർ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണയെയാണ് കീഴടക്കിയത്. ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ വിജയിച്ചത്. ആദ്യമായാണ് അവർ ബാഴ്‌സലോണയെ കീഴടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

    മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ഡോവ്ബികിലൂടെ മുന്നിലെത്തിയ ജിറോനക്കെതിരെ റോബർട്ട് ലെവൻഡോസ്‌കി പത്തൊൻപതാം മിനുട്ടിൽ സമനില ഗോൾ നേടിയെങ്കിലും ജിറോണ ആദ്യപകുതിയിൽ തന്നെ വീണ്ടും മുന്നിലെത്തി. മുൻ റയൽ മാഡ്രിഡ് താരമായ മിഗ്വൽ ഗുട്ടിറെസാണ് നാല്പതാം മിനുട്ടിൽ ജിറോണയെ മുന്നിലെത്തിച്ചത്. അതിനു ശേഷം എൺപതാം മിനുറ്റിൽ വലേറി ഫെർണാണ്ടസ് ജിറോണയുടെ ലീഡ് ഉയർത്തി.

    ഇഞ്ചുറി ടൈമിൽ ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണക്കായി ഒരു ഗോൾ മടക്കിയെങ്കിലും അതിനു പിന്നാലെ തന്നെ ജിറോണ നാലാമത്തെ ഗോൾ നേടി മത്സരം പൂർണമായും സ്വന്തമാക്കി. മത്സരത്തിൽ ജിറോനയാണ് വിജയം നേടിയതെങ്കിലും ബാഴ്‌സലോണക്കായിരുന്നു ആധിപത്യം. മുപ്പത്തിയൊന്നു ഷോട്ടുകളാണ് അവർ മത്സരത്തിൽ ഉതിർത്തത്. ബാഴ്‌സലോണ താരങ്ങൾ അഞ്ചോളം അവസരങ്ങൾ തുലച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനേ.

    എന്തായാലും ബാഴ്‌സലോണ ജിറോണയെ തോൽപ്പിച്ചാൽ തങ്ങൾക്ക് ലീഗിൽ മുന്നിലേക്ക് വരാമെന്ന റയൽ മാഡ്രിഡ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. നിലവിൽ പതിനാറു മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി സിറ്റി ഗ്രൂപ്പിന്റെ ക്ലബായ ജിറോണ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അത്ലറ്റികോ മാഡ്രിഡ് മൂന്നാമത് നിൽക്കുമ്പോൾ തോൽവിയേറ്റു വാങ്ങിയ ബാഴ്‌സലോണ നാലാം സ്ഥാനത്താണ്.

  2. സമനിലയിൽ കുരുങ്ങി റയൽ മാഡ്രിഡ്, ലാ ലീഗയിൽ ജിറോണയുടെ കുതിപ്പ് തുടരുന്നു

    Leave a Comment

    റയോ വയ്യക്കാനൊക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ സമനില വഴങ്ങി ലാ ലീഗയിലെ വമ്പന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കഴിവിന്റെ പരമാവധി ശ്രമം നടത്തിയെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന റയോ വയ്യക്കാനോ ഗോളുകളൊന്നും നേടാൻ അവരെ അനുവദിച്ചില്ല. ഇതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാമെന്ന റയൽ മാഡ്രിഡ് ടീമിന്റെ പ്രതീക്ഷകൾ ഇല്ലാതായി.

    അതേസമയം റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് സമനിലയിൽ കുരുങ്ങിയതോടെ ലീഗിൽ ജിറോണ എഫ്‌സിയുടെ കുതിപ്പ് തുടരുകയാണ്. പന്ത്രണ്ടു മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ ജിറോണ എഫ്‌സിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും നേടാൻ സാധ്യമായ മുപ്പത്തിയാറു പോയിന്റിൽ മുപ്പത്തിയൊന്നും സ്വന്തമാക്കിയ അവർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് ഇരുപത്തിയൊമ്പതു പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

    മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള ജിറോണ എഫ്‌സി ഈ സീസണിൽ ലാ ലിഗയിൽ അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്. ഹ്യുവെസ്‌കയിൽ നിന്നും 2021ൽ ടീമിലെത്തിയ പരിശീലകനായ മൈക്കലിന്റെ കീഴിൽ ലീഗിലെ വമ്പന്മാരെ അട്ടിമറിച്ച് അവർ കിരീടം നെടുമോയെന്ന സംശയം ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. ആറു ഗോളുകൾ നേടിയ ഡോവ്ബിക്കും നാല് അസിസ്റ്റുകൾ സ്വന്തമാക്കിയ അലക്‌സ് ഗാർസ്യയുമാണ് ടീമിന്റെ പ്രകടനത്തിലെ നിർണായക ശക്തികൾ.

    ജിറോണയും റയൽ മാഡ്രിഡും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇരുപത്തിയേഴു പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച് ഇരുപത്തിയഞ്ചു പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തു നിൽക്കുന്നു. പ്രധാന താരങ്ങൾ ഒന്നുമില്ലാതെയാണ് ഈ കുതിപ്പ് ജിറോനാ ലീഗിൽ നടത്തുന്നത്. ലൈസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടിയത് പോലെയൊരു പ്രകടനം അവരിൽ നിന്നുമുണ്ടായാലും ആശ്ചര്യപ്പെടാൻ കഴിയില്ല.

  3. അരങ്ങേറ്റത്തിൽ സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടി പതിനേഴുകാരൻ, തോൽവിയറിയാതെ ബാഴ്‌സലോണ

    Leave a Comment

    മികച്ച പ്രകടനം നടത്തുന്നതിനിടയിൽ പരിക്ക് ബാഴ്‌സലോണക്ക് വലിയ തിരിച്ചടികൾ നൽകാറുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനുള്ള പ്രധാന കാരണം പരിക്ക് തന്നെയായിരുന്നു. ഈ സീസണിലും പരിക്കിന്റെ തിരിച്ചടികൾ ബാഴ്‌സലോണ നേരിടുന്നുണ്ട്. നിലവിൽ ഡി ജോംഗ്, റാഫിന്യ, കൂണ്ടെ, ലെവൻഡോസ്‌കി, പെഡ്രി, സെർജി റോബർട്ടോ തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ടീമിന്റെ പുറത്താണ്.

    ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഈ താരങ്ങളൊന്നും ഇല്ലാത്തതിനാൽ യുവത്സരങ്ങളെ സാവിക്ക് ഇറക്കേണ്ടി വന്നിരുന്നു. ഫസ്റ്റ് ടീമിൽ ഇറങ്ങേണ്ട അഞ്ചോളം താരങ്ങൾ പരിക്ക് കാരണം പുറത്തിരുന്നതിനാൽ ബാഴ്‌സലോണ മത്സരത്തിൽ ഗോൾ നേടാനും വളരെയധികം ബുദ്ധിമുട്ടി. എന്നാൽ മികച്ച പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ലാ മാസിയ അക്കാദമി ഒരിക്കൽക്കൂടി ബാഴ്‌സലോണയെ സഹായിച്ചു. അക്കാദമി താരമാണ് എഴുപത്തിയൊമ്പതാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടുന്നത്.

    കഴിഞ്ഞ ലീഗ് മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്ന ബാഴ്‌സലോണ അക്കാദമി താരമായ മാർക് ഗുയോയെ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് സാവി കളത്തിലിറക്കിയത്. അതിനു പിന്നാലെ പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സിന്റെ പാസ് പിടിച്ചെടുത്ത് താരം വലകുലുക്കി. ബാഴ്‌സലോണക്കായി അരങ്ങേറ്റത്തിൽ വെറും ഇരുപത്തിമൂന്നാം സെക്കന്റിലാണ് പതിനേഴുകാരനായ താരം ഗോൾ കണ്ടെത്തിയത്. ഈ ഗോളിന്റെ പിൻബലത്തിൽ ബാഴ്‌സലോണ നിർണായകമായ വിജയവും നേടി.

    മത്സരത്തിൽ വിജയിച്ചതോടെ ഈ സീസണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ പത്ത് ലീഗ് മത്സരങ്ങൾ കളിച്ചതിൽ ഏഴു ജയവും മൂന്നു സമനിലയുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ടീം. ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും ടീം വിജയം സ്വന്തമാക്കി. ഇനി ഷാക്തറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും.

  4. ലാ ലിഗ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കി ബെല്ലിങ്ങ്ഹാം, വിജയത്തോടെ റയലിന്റെ സീസണിന് തുടക്കം

    Leave a Comment

    കഴിഞ്ഞ സീസണിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നില്ല. ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ നേരത്തെ അടിയറവ് വെച്ച അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത് കോപ്പ ഡെൽ റേ മാത്രമായിരുന്നു. അതിനു ശേഷം പുതിയ സീസണിനായി ഒരുങ്ങുന്ന ക്ലബിൽ നിന്ന് പ്രധാന താരം ബെൻസിമ സൗദിയിലേക്ക് പോയി. സീസൺ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഗോൾകീപ്പർ ക്വാർട്ട്‌വാക്കും പരിക്കേറ്റു.

    എന്നാൽ ഇതിലൊന്നും തളരാതെ സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തോടെ തുടങ്ങാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ അത്‌ലറ്റിക് ക്ലബുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. പ്രധാന താരങ്ങളിൽ പലരുടെയും അഭാവം ഉണ്ടായിരുന്നെങ്കിലും എതിരാളികളുടെ മൈതാനത്ത് ആധിപത്യം പുലർത്താൻ റയലിന് കഴിഞ്ഞു.

    മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടു ഗോളുകൾ നേടിയിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ ബ്രസീലിയൻ താരം റോഡ്രിഗോ ആദ്യത്തെ ഗോൾ കണ്ടെത്തിയപ്പോൾ എട്ടു മിനുട്ടിനു ശേഷം പുതിയ സൈനിങായ ജൂഡ് ബില്ലിങ്‌ഹാമും വല കുലുക്കി. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യൺ യൂറോയിലധികം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം തന്റെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

    ബെല്ലിങ്‌ഹാമിന്റെ മികച്ച പ്രകടനം ലൈനപ്പിൽ ആൻസലോട്ടി നടത്തിയ മാറ്റാതെ സാധൂകരിക്കുന്ന ഒന്നായിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം റയൽ മാഡ്രിഡിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുമെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കി. അതേസമയം പ്രതിരോധതാരം മിലിറ്റാവോക്ക് പരിക്ക് പറ്റിയത് റയലിന് തിരിച്ചടിയാണ്. താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

  5. ലോകകപ്പ് നേടിയ അർജന്റീന താരങ്ങളെ പോലും വേണ്ട, സ്‌ക്വാഡിലെ എല്ലാ കളിക്കാരെയും വിൽക്കാൻ തയ്യാറായി സ്‌പാനിഷ്‌ ക്ലബ് സെവിയ്യ

    Leave a Comment

    യൂറോപ്പ ലീഗിലെ രാജാക്കന്മാർ തങ്ങളാണെന്ന് ഒരിക്കൽക്കൂടി കഴിഞ്ഞ സീസണിൽ തെളിയിക്കാൻ സ്‌പാനിഷ്‌ ക്ലബായ സെവിയ്യക്ക് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ക്ലബായ റോമയുമായി നടന്ന ഫൈനലിൽ പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് ഒടുവിൽ ഷൂട്ടൗട്ടിലാണ് വിജയം  സ്വന്തമാക്കിയത്. ഏഴാമത്തെ തവണയാണ് സെവിയ്യ യൂറോപ്പ ലീഗ് നേടുന്നത്.

    ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം യൂറോപ്പ ലീഗ് കിരീടം നേടിയതോടെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു. എന്നാൽ ഈ നേട്ടങ്ങളുടെ ഇടയിലും ടീമിലെ എല്ലാ താരങ്ങളെയും വിൽപ്പനക്ക് വെക്കാൻ ക്ലബ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതു താരങ്ങൾക്ക് ഓഫർ വന്നാലും അത് തങ്ങൾ പരിഗണിക്കുമെന്ന് ക്ലബ് ഉടമ പരിശീലകനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    ക്ലബിന്റെ മുന്നിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനമെടുക്കാൻ സെവിയ്യയെ പ്രേരിപ്പിച്ചത്. തൊണ്ണൂറു മില്യൺ യൂറോയാണ് ക്ലബിന്റെ മുന്നിലുള്ള കടമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതെങ്കിലും കുറച്ചു താരങ്ങളെ വിറ്റാൽ ഈ തുക കണ്ടെത്താൻ കഴിയുമെങ്കിലും ഏതു താരത്തെയും വിൽക്കാമെന്ന നിലപാടിലാണ് സ്‌പാനിഷ്‌ ടീം ഇപ്പോഴുള്ളത്.

    ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന മൂന്നു താരങ്ങൾ കളിക്കുന്ന ക്ലബാണ് സെവിയ്യ. ഫുൾ ബാക്കുകളായ മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവർക്ക് പുറമെ മധ്യനിര താരം പപ്പു ഗോമസും ടീമിലുണ്ട്. അതിനു പുറമെ ഒകാമ്പോസ്, എറിക് ലാമെല എന്നീ അർജന്റീന താരങ്ങളും സെവിയ്യ ടീമിന്റെ ഭാഗമാണ്.

  6. മെസിയുടെ പിതാവിനെ വിളിച്ച് ലാ ലിഗ, തിങ്കളാഴ്‌ച അന്തിമ തീരുമാനമുണ്ടാകും

    Leave a Comment

    ലയണൽ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വരുന്ന സമയമാണിപ്പോൾ. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കില്ലെന്ന് കാര്യം ഉറപ്പായിട്ടുണ്ട്. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ലയണൽ മെസി തിരിച്ചു വരുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും അക്കാര്യത്തിൽ ലാ ലീഗയുടെ അനുമതി ആവശ്യമാണ്.

    ലാ ലിഗ ഇതുവരെ അനുമതി നൽകാതിരുന്നത് മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ നീക്കങ്ങളിൽ വലിയ അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ബാഴ്‌സലോണ ഓഫർ നൽകാൻ വൈകുന്നതിനാൽ ലയണൽ മെസി മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മെസിയുടെ പിതാവിനെ ലാ ലിഗ ബന്ധപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ സൂചനകൾ.

    കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റോമെറോ പറയുന്നത് പ്രകാരം മെസിയുടെ പിതാവിനെ ബന്ധപ്പെട്ട ലാ ലിഗ നേതൃത്വം തിങ്കളാഴ്‌ച തീരുമാനം അറിയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തീരുമാനം അനുകൂലമായിരിക്കുമെന്നാണ് സൂചനകൾ. ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുന്നതിനാണ് പരിഗണന നൽകുന്നതെന്നും മറ്റുള്ള ഓഫറുകൾ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നു മെസിയുടെ പിതാവും അറിയിച്ചു.

    കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി വമ്പൻ താരങ്ങളെ നഷ്‌ടമായത് ലാ ലീഗയുടെ ഇമേജിനെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ അവർ സമ്മതിക്കാതെ വഴിയില്ല. എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. അത് നടക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

  7. പതിനൊന്നു വർഷത്തെ കരിയറിന് അവസാനം, ബുസ്‌ക്വറ്റ്‌സിന് പിന്നാലെ ജോർദി ആൽബയും ബാഴ്‌സലോണ വിടുന്നു

    Leave a Comment

    ഒന്നിനു പുറകെ ഒന്നായി ബാഴ്‌സലോണയുടെ വെറ്ററൻ താരങ്ങൾ ക്ലബിൽ നിന്നും വിടപറയുന്ന കാഴ്‌ചയാണ്‌ ഈ സീസണിൽ കാണാൻ കഴിയുന്നത്. ആദ്യം സീസണിനിടയിൽ ജെറാർഡ് പിക്വ ക്ലബ് വിട്ടതിനു ശേഷം സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസണു ശേഷം ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ലെഫ്റ്റ് ബാക്കായ ജോർഡി ആൽബയും ബാഴ്‌സലോണ വിടാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    പതിനൊന്നു വർഷം നീണ്ട ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ചാണ് ജോർദി ആൽബ ബാഴ്‌സലോണ വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കരിയറിനിടയിൽ സാധ്യമായ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള ജോർദി ആൽബ ക്ലബ് വിടുമ്പോൾ തന്റെ പ്രതിഫലം വേണ്ടെന്നു വെച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

    ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ ജോർദി ആൽബ വലൻസിയയിൽ നിന്നുമാണ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ടീമിന്റെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഒരു പതിറ്റാണ്ട് നിറഞ്ഞു നിന്ന താരത്തിന് ഈ സീസണിൽ അവസരങ്ങൾ പരിമിതമായിരുന്നു. അലസാൻഡ്രോ ബാൾഡേ മികച്ച പ്രകടനം നടത്തി ആൽബയുടെ അവസരങ്ങൾ പരിമിതമാക്കി.

    ആൽബ ക്ലബ് വിടുന്നതോടെ ലയണൽ മെസി തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചുവെന്ന സൂചനകളുമുണ്ട്. നിലവിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ആൽബ പോകുന്നത് വേതനബിൽ കുറക്കാൻ സഹായിക്കും. ഇതിലൂടെ ലയണൽ മെസിയുടെ തിരിച്ചുവരവിനു അടിത്തറ പാകാം. അതേസമയം ആൽബ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

    ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിന് ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

  8. ബാഴ്‌സലോണ താരങ്ങളെ ആക്രമിക്കാൻ ശ്രമിച്ച് എസ്‌പാന്യോൾ ആരാധകർ, കിരീടനേട്ടം ആഘോഷിക്കാൻ സമ്മതിച്ചില്ല

    Leave a Comment

    ബാഴ്‌സലോണ ലാ ലിഗ കിരീടം നേടിയതിനു പിന്നാലെ അപ്രതീക്ഷിത സംഭവങ്ങൾ. കിരീടം നേടിയത് മൈതാനത്ത് ആഘോഷിക്കുന്ന ബാഴ്‌സലോണ താരങ്ങളെ പ്രകോപിതരായ എസ്പാന്യോൾ ആരാധകർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

    രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും അലസാന്ദ്രോ ബാൾഡേ, ജൂൾസ് കൂണ്ടെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്‌സലോണയ്ക്ക് വിജയം നൽകിയത്. ബാഴ്‌സലോണ നാല് ഗോളുകൾ നേടിയതിനു ശേഷമാണ് എസ്പാന്യോൾ രണ്ടു ഗോൾ തിരിച്ചടിച്ചത്.

    പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ആവേശം നൽകിയ കിരീടനേട്ടമാണ് ഉണ്ടായത്. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ നേടിയ കിരീടം താരങ്ങൾ മൈതാനത്തിറങ്ങി ആഘോഷിക്കുകയായിരുന്നു. അവർക്കിടയിലേക്ക് പൊടുന്നനെ എസ്പാന്യോൾ ആരാധകർ ഇറങ്ങിയതോടെ ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടിപ്പോയി.

    ബാഴ്‌സലോണ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയെങ്കിലും എവിടേക്കും എസ്പാന്യോൾ ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചു. കസേരകൾ ഉൾപ്പെടെ അവർ വലിച്ചെറിയുകയും ചെയ്‌തു. സ്റ്റേഡിയം സെക്യൂരിറ്റി വളരെ ബുദ്ധിമുട്ടിയാണ് താരങ്ങളെ സംരക്ഷിച്ച് എസ്പാന്യോൾ ആരാധകരെ ഒതുക്കി നിർത്തിയത്.

    ബാഴ്‌സലോണ കിരീടം നേടിയപ്പോൾ തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന എസ്പാന്യോൾ തോൽവിയോടെ രണ്ടാം ഡിവിഷനിലേക്ക് പോകാനുള്ള സാധ്യത വർധിച്ചു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത് എന്നാണു കരുതേണ്ടത്. എന്തായാലും ബാഴ്‌സലോണ താരങ്ങൾക്കും ആരാധകർക്കും മറക്കാൻ പറ്റാത്ത സംഭവമാണ് നടന്നത്.

  9. കിരീടം നേടി ആഘോഷിക്കാമെന്ന് ബാഴ്‌സലോണ കരുതേണ്ട, എതിരാളികളുടെ മുന്നറിയിപ്പ്

    Leave a Comment

    ലാ ലിഗ കിരീടം നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ കിരീടം ബാഴ്‌സലോണക്ക് സ്വന്തമാകും. എന്നാൽ കാറ്റലോണിയയിൽ നിന്നു തന്നെയുള്ള ടീമാണ് എസ്പാന്യോളാണ് ബാഴ്‌സയുടെ എതിരാളികൾ. അവരുടെ മൈതാനത്തു നടക്കുന്ന മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടേണ്ടത്.

    ബാഴ്‌സലോണ ലീഗ് കിരീടം നേടാനുള്ള പോരാട്ടത്തിനിറങ്ങുമ്പോൾ എസ്പാന്യോളിനെ സംബന്ധിച്ച് തരംതാഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടുക എന്നതാണ് ലക്ഷ്യമായി മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വിജയം നേടി കിരീടം സ്വന്തമാക്കാമെന്ന് ബാഴ്‌സലോണ പ്രതീക്ഷിക്കേണ്ടെന്നാണ് എസ്പാന്യോൾ നായകനായ സെർജി ഡാർഡർ പറയുന്നത്.

    “ഞങ്ങളുടെയത്ര പ്രചോദനം മറ്റാർക്കുമുണ്ടാകില്ല. ഇതുപോലെയുള്ള മത്സരങ്ങളിൽ ഏതറ്റം വരെ പോയാലും അതൊരു പ്രശ്‌നമല്ല. പതിനൊന്നു താരങ്ങളുമായി മത്സരം നിയന്ത്രിച്ച് അവസാനം വരെ കളിക്കുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ മുഴുവൻ കരുത്തും മൈതാനത്ത് കാണിക്കണം. എല്ലാ മത്സരവും ഫൈനലാണെങ്കിൽ ഇത് അതിനേക്കാൾ വലുതാണ്.”

    “ഇതൊരു പാർട്ടിയല്ലെന്നു മനസിലാക്കി ടീം മൈതാനത്ത് മരണം വരെയും പോരാടണമെന്നാണ് എനിക്ക് പറയാനുള്ളത്. ബാഴ്‌സലോണ ലീഗ് നേടാതിരിക്കാനല്ല ഞങ്ങൾക്ക് മൂന്നു പോയിന്റ് വേണ്ടത്, മറിച്ച് ഞങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്. അതിനു പുറമെ ഞങ്ങളുടെ മുഖത്ത് നോക്കിയുള്ള ആഘോഷം ഒരിക്കലും ഇഷ്‌ടപ്പെടുന്നില്ല.”

    കാറ്റലൻ ക്ലബ് എന്ന നിലയിൽ ബാഴ്‌സലോണയുടെ പ്രധാന എതിരാളികളാണ് എസ്പാന്യോൾ. എന്നാൽ റയൽ മാഡ്രിഡ് ഇന്നത്തെ മത്സരത്തിൽ ഗെറ്റാഫയോട് തോൽവി വഴങ്ങിയാൽ അടുത്ത മത്സരത്തിന് മുൻപേ തന്നെ ബാഴ്‌സലോണ ലീഗ് ജേതാക്കളാവും. എങ്കിലും മത്സരം വിജയിച്ച് ലീഗിൽ തന്നെ തുടരാനുള്ള ശ്രമമാകും ബാഴ്‌സലോണ നടത്തുക.

  10. പ്രതിഫലം കൈവിടാൻ ഒരുക്കമല്ല, റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് ഈഡൻ ഹസാർഡ്

    Leave a Comment

    പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്താണ് ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഫ്രീ ഏജന്റാവാൻ ഒരു വർഷം മാത്രം ബാക്കിയുണ്ടായിരുന്ന താരത്തെ നൂറു മില്യൺ യൂറോയിലധികം നൽകിയാണ് ചെൽസിയിൽ നിന്നും റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിലെത്തിച്ചത്. എന്നാൽ ആ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡ് പിന്നീട് പശ്ചാത്തപിച്ചിരിക്കും എന്നുറപ്പാണ്.

    റയൽ മാഡ്രിഡിലെത്തി നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ക്ലബിന് വേണ്ടി തന്റെ കഴിവിന്റെ ഒരംശം പോലും നൽകാൻ ബെൽജിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആകെ ഒരു ലീഗ് മത്സരത്തിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. അവസരങ്ങൾ ഇല്ലാത്ത, ടീമിന്റെ പദ്ധതികളിൽ പ്രധാനിയില്ലാത്ത താരത്തെ വിൽക്കാൻ റയൽ മാഡ്രിഡിന് ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്നാണ് വ്യക്തമാകുന്നത്.

    “റയൽ മാഡ്രിഡിൽ അടുത്ത സീസണിലും തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ തുടർന്ന് അവസാന സീസൺ ആസ്വദിക്കാനാണ് എന്റെ തീരുമാനം. ഇതൊരു ബുദ്ധിമുട്ടുള്ള സീസൺ ആയിരുന്നെങ്കിലും ഒരു വലിയ ക്ലബിനൊപ്പമായിരുന്നു അത്. ക്ലബുമായും കളിക്കാരുമായും മികച്ച ബന്ധമാണ് എനിക്കുള്ളത്. കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സാധ്യത കുറവാണ്, എന്നാൽ പ്രയത്നിച്ച് അവസരങ്ങൾ നേടിയെടുക്കും.” ഹസാർഡ് കഴിഞ്ഞ ദിവസം പറഞ്ഞു.

    ഒരു സീസൺ മാത്രം കരാറിൽ ബാക്കിയുള്ള ഹസാർഡിനെ വിൽക്കാൻ റയൽ മാഡ്രിഡിനുള്ള അവസാനത്തെ അവസരമാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകം. ഇത്രയും തുക പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കിയില്ലെങ്കിൽ അത് ടീമിലേക്ക് മറ്റു താരങ്ങളെ കൊണ്ടു വരുന്നതിനുള്ള റയൽ മാഡ്രിഡിന്റെ പദ്ധതികളെ ബാധിക്കും. തന്റെ വമ്പൻ പ്രതിഫലം ഒഴിവാക്കി റയൽ മാഡ്രിഡ് വിടാൻ ഹസാർഡും തയ്യാറാവില്ല.