Tag Archive: KERALA BLASTERS

 1. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ഷറ്റോരിയോ? പ്രതികരിച്ച് സ്‌കിന്‍കിസ്

  Leave a Comment

  ഐഎസ്എല്ലിലെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍ ആരാകും എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഏഴാം സീസണില്‍ വലിയ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായെത്തിയ സ്പാനിഷ് കോച്ച് കിബു വികൂന തികച്ചും നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ് കണ്ടത്.

  ഇതോടെ സീസണിന്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴേക്കും രണ്ട് വര്‍ഷത്തെ കരാറുണ്ടായിരുന്ന വികൂനയെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. ഇതോടെ ഏട്ടാം സീസണില്‍ ആരാകും ബ്ലാസ്‌റ്റേഴ്‌സ് കോച്ചെന്ന് ഉച്ചുനോക്കുകയാണ് ഫുട്‌ബോള്‍ ലോകം.

  അതിനിടെ മുന്‍ ബ്രസീല്‍ പരിശീലകന്‍ ഫിലിപ്പ് സ്‌കൊളാരിയുടെ പേര് വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ ഏറ്റവും അധികം സാധ്യത കല്‍പിക്കുന്നത് ആറാം സീസണിലെ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന ഡച്ച് കോച്ച് എല്‍കോ ഷട്ടോരിയെയാണ്.

  കഴിഞ്ഞ ദിവസം ഐഎസ്എല്‍ ഒഫീഷ്യല്‍ വെബ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലാ്‌സ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

  നിലവില്‍ ടീമിനായി മികച്ച ഒരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഒരു പേരും ഇപ്പോള്‍ പുറത്തുപറയാന്‍ താല്പര്യപ്പെടുന്നുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എല്‍കോ ഷട്ടോരി ടീമിലേക്ക് മടങ്ങുന്നുണ്ടോ ഇല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

 2. വീണ്ടും വന്‍ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, സൂപ്പര്‍ താരത്തിന് ദീര്‍ഘ കരാര്‍

  Leave a Comment

  ടീമിന്റെ പ്രതിരോധ താരം ദെനെചന്ദ്ര മെയ്തെയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സന്തോഷപൂര്‍വം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമില്‍ തുടരും. മണിപ്പൂരില്‍ നിന്നുള്ള 27കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റ് 5നാണ് ട്രാഉ എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളും കളിച്ചു.

  പത്താം വയസില്‍, പ്രാദേശിക സ്റ്റേഡിയത്തില്‍ പന്തുതട്ടി ഫുട്ബോള്‍ ജീവിതം തുടങ്ങിയ ദെനെചന്ദ്ര, ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ ഫുട്ബോള്‍ ടീമിന്റെ ഭാഗമായതോടെ പ്രൊഫഷണല്‍ അഭിരുചി നേടി. മോഹന്‍ ബഗാന്‍ അത്ലറ്റിക് ക്ലബ്ബിലെയും, ഒഡീഷയിലെ സാംബല്‍പൂര്‍ അക്കാദമിയിലെയും ഹ്വസ്വകാല പരിശീലനത്തിന് ശേഷം പൂനെ എഫ്സിയില്‍ ചേര്‍ന്നു. ടീമിനൊപ്പം രണ്ടു തവണ അണ്ടര്‍-19 ഐ ലീഗ് കിരീടം നേടി. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്സ്, നെറോക്ക എഫ്സി, ട്രാഉ എഫ്സി എന്നീ ഐ ലീഗ് ടീമുകളില്‍ സ്ഥിര സാനിധ്യമായിരുന്നു.

  ദുഷ്‌ക്കരമായ സാഹചര്യങ്ങള്‍ക്കിടയിലും കെബിഎഫ്സിക്കൊപ്പമുള്ള എന്റെ ആദ്യ സീസണ്‍ മികച്ച അനുഭവമായിരുന്നുവെന്ന് ദെനെചന്ദ്ര മെയ്തെ പറഞ്ഞു. ക്ലബുമായുള്ള കരാര്‍ നീട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്, അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സീസണ്‍ ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബിന്റെ മികച്ച ആരാധകൂട്ടത്തെ ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ താരം വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരാനും ആരാധകരോട് ആഹ്വാനം ചെയ്തു.

  ഐഎസ്എലിനായി, ദൃഢതയും സ്ഥിരതയുമുള്ള താരമാണ് ദെനചന്ദ്രയെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. തന്റെ കളിയില്‍ ചില വശങ്ങള്‍ താരം മെച്ചപ്പെടുത്തേണ്ടതുണ്ട്, എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വളരെയധികം കഴിവുകള്‍ പ്രകടമാക്കി. താരം മെച്ചപ്പെടുന്നത് തുടരാന്‍ എനിക്ക് ആഗ്രഹമുണ്ട്, തുടര്‍ യാത്രയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

 3. ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച് സ്‌കൊളാരിയോ? സ്‌കിന്‍കിസ് നല്‍കുന്ന സൂചനകള്‍

  Leave a Comment

  ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാനുളള പരിശീലകന്‍ ആരെന്നുളള തിരച്ചിലിലാണ് ക്ലബ് അധികൃതര്‍. നിരവധി പേരുകളാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിനാണ് പുതിയ പരിശീലകനെ കണ്ടെത്താനുളള ചുമതല.

  ഇതില്‍ ഏറ്റവും രസകരമായ സംഗതി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സാധ്യത പട്ടികയില്‍ 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ലൂയി ഫിലിപ്പ് സ്‌കൊളാരിയുമുണ്ടെന്നതാണ്. സ്‌കൊളാരി ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായെത്തിയാല്‍ അത് ലോക ശ്രദ്ധയാകര്‍ശിക്കുന്ന വാര്‍ത്തയാകും.

  നോര്‍ത്ത് ഈസ്റ്റിന്റെ മുന്‍ പരിശീലകന്‍ ജറാര്‍ദ് നൂസ്, റയല്‍ സോസിഡാഡ്, ജിറോണ എഫ്.സി തുടങ്ങിയ മുന്‍നിര ക്ലബുകളെ പരിശീലിപ്പിച്ച യുസേബിയോ സാക്രിസ്റ്റന്‍ തുടങ്ങി വമ്പന്മാരുടെ പേരുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

  സ്പാനിഷ് കോച്ച് ആംഗല്‍ വിയെദേരോയുടെയാണ് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര്. വിയെദേരോയുടെ പേര് ഗോവ എഫ്‌സിയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിയെദേരോയുമായി പുനര്‍ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

  കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തിയ സ്പാനിഷ് കോച്ച് കിബു വികൂനയ്ക്ക് കാര്യമായിട്ടൊന്നും ബ്ലാസ്‌റ്റേഴ്‌സിനായി ചെയ്യാനായില്ല. ഇതോടെ വികൂനയെ സീസണിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു.

 4. എര്‍ത്തടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, എന്തൊരു ദുരന്തം!

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1-കെഎസ്ഇബി 4

  കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സീസണിലെ അവസാന മത്സരത്തില്‍ തോല്‍വി. ബി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ കരുത്തരായ കെഎസ്ഇബിയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യമിനുറ്റ് മുതല്‍ അവസാനം വരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പൊരുതിക്കളിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങിലെ പോരായ്മയും തിരിച്ചടിയായി. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് (90+4) നഓറം മഹേഷ് സിങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നിജോ ഗില്‍ബെര്‍ട്ടും (33) എല്‍ദോസ് ജോര്‍ജും (40), രണ്ടാം പകുതിയില്‍ എം.വിഗ്നേഷും (80) പി.അജീഷും (87) നേടിയ ഗോളുകളാണ് കെഎസ്ഇബിക്ക് തുണയായത്. അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടു വീതം ജയവും തോല്‍വിയും, ഒരു സമനിലയുമടക്കം ഏഴു പോയിന്റുകള്‍ നേടി ബി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് മടങ്ങുന്നത്. തുടര്‍ച്ചയായ നാലാം ജയത്തോടെ കെഎസ്ഇബി സെമിഫൈനലില്‍ കടന്നു.

  നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കെഎസ്ഇബിക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ ടി.ഷഹജാസ് ബ്ലാസ്റ്റേഴ്സ് നിരയില്‍ തിരിച്ചെത്തി. മുഹമ്മദ് ജിയാദ്, നഓറം ഗോബിന്ദാഷ് സിങ്, നഓറം മഹേഷ് സിങ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, ബിജോയ്.വി, സുജിത്ത് വി.ആര്‍, സുരാഗ് ഛേത്രി, ആസിഫ് ഒ.എം, ഗലിന്‍ ജോഷി, യൊഹംബ മീട്ടെയ് എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍. മധ്യനിരയില്‍ ഒരേയൊരു മാറ്റം വരുത്തിയാണ് കെഎസ്ഇബി കളത്തിലിറങ്ങിയത്.

  ആദ്യ മിനുറ്റുകളിലെ കെഎസ്ഇബി ആക്രമണത്തെ ബ്ലാസ്റ്റേഴ്സ് ചെറുത്തുനിന്നു. സ്ട്രൈക്കര്‍മാരായ എല്‍ദോസ് ജോര്‍ജിന്റെയും മുഹമ്മദ് പാറേക്കോട്ടിലിന്റെയും രണ്ട് ശ്രമങ്ങളും സച്ചിന്‍ സുരേഷ് വലയിലെത്താതെ കാത്തു. ജെറീറ്റോയുടെ ബോക്സ് കയറിയുള്ള ഒരു മുന്നേറ്റത്തിന് ഷഹജാസും തടയിട്ടു. തുടക്കത്തിലെ ലീഡിനായി ബ്ലാസ്റ്റേഴ്സും ചില ശ്രമങ്ങള്‍ നടത്തി. സുരാഗ് ഛേത്രിയായിരുന്നു ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

  32ാം മിനുറ്റില്‍ കെഎസ്ഇബി കളിയിലെ ആദ്യ ലീഡെടുത്തു. ബോക്സിന്റെ വലത് കോര്‍ണറില്‍ നിന്ന് എല്‍ദോസ് ജോര്‍ജ് നല്‍കിയ ക്രോസില്‍ നിജോ ഗില്‍ബെര്‍ട്ട് കൃത്യം കണക്ട്റ്റ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ജിയാദിന് പകരം ഇ.സജീഷിനെ ഇറക്കി. കെഎസ്ഇബി വീണ്ടും ലീഡ് നേടി. ഇടത് വിങില്‍ നിന്ന് നിജോ ഗില്‍ബെര്‍ട്ട് നല്‍കിയ ക്രോസ് എല്‍ദോസ് ജോര്‍ജ്ജ് ഗോളാക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കും മുമ്പേ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്ക്് ശ്രമിച്ചെങ്കിലും കെഎസ്ഇബി ഗോളി ഷൈന്‍ഖാന്‍ വില്ലനായി. കോര്‍ണര്‍ ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.

  രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. ലീഡുയര്‍ത്തുന്നതിന് പകരം കെഎസ്ഇബി പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്ലാസ്റ്റേഴ്സ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം അകന്നു. 80ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ എം.വിഗ്നേഷും 87ാം മിനുറ്റില്‍ പി.അജീഷും നേടിയ ഗോളിലൂടെ കെഎസ്ഇബി ലീഡ് നാലാക്കി ഉയര്‍ത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ കൈവിട്ടില്ല. കളി തീരാന്‍ ഒരു മിനുറ്റ് മാത്രം ബാക്കിനില്‍ക്കേ നഓറം മഹേഷ് സിങിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ബോക്സിന് തൊട്ട്പുറത്ത് നിന്ന് അകത്തേക്ക് നഓറം ഗോബിന്ദാഷ് സിങ് നല്‍കിയ പാസില്‍ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍.

 5. വമ്പന്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, കോവളം കുരുതി

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 4- കോവളം എഫ്.സി 1

  കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ത്തത്. ലീഗിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകളും നിലനിര്‍ത്തി. 17ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാനായേക്കും. നാളെ (വ്യാഴം) നടക്കുന്ന കേരള യുണൈറ്റഡിന്റെ മത്സര ഫലത്തെ ആശ്രയിച്ചാവും ഇത്.
  നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ്, രണ്ടു ജയവും ഓരോ വീതം തോല്‍വിയും സമനിലയുമായി പോയിന്റ് സമ്പാദ്യം ഏഴാക്കി ഉയര്‍ത്തി.
  ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ കുതിപ്പ്. ശ്രീകുട്ടന്‍ വി.എസ് (33), നഓറം ഗോബിന്ദാഷ് സിങ് (60), സുരാഗ് ഛേത്രി (75), ആസിഫ് ഒ.എം (90+1) എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഷെറിന്‍ ജെറോം (28) കോവളം എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ സുരേഷാണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിന്‍ സുരേഷ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്നത്.

  കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കോവളം എഫ്.സിക്കെതിരെ ഇറങ്ങിയത്. ക്യാപ്റ്റന്‍ ഷഹജാസ്.ടി, അമല്‍ ജേക്കബ്, നിഹാല്‍ സുധീഷ് എന്നിവര്‍ക്ക് പകരം സലാഹുദ്ദീന്‍ അദ്നാന്‍, ഗലിന്‍ ജോഷി, സജീഷ്.ഇ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, ബിജോയ്.വി, യൊഹെംബ മീട്ടെയ്, ആസിഫ്. ഒ.എം, സുരാഗ് ഛേത്രി, ശ്രീകുട്ടന്‍.വി.എസ്, ആസിഫ് ഒ.എം, ദീപ് സാഹ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. മഹജാസി 4-3-3 ക്രമത്തിലാണ് കോച്ച് ടി. ജി പുരുഷോത്തമന്‍ ടീമിനെ വിന്യസിച്ചത്. 4-4-2 ഫോര്‍മേഷനിലാണ് കോവളം ഇറങ്ങിയത്.

  അഞ്ചാം മിനുറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിനടുത്തെത്തി. സുരാഗ് ഛേത്രിയുടെ മുന്നേറ്റം ഓഫ് സൈഡില്‍ കുരുങ്ങി. ലോങ് റേഞ്ചറില്‍ നിന്ന് ഗോള്‍ നേടാനുള്ള കോവളം ക്യാപ്റ്റന്‍ ഇ.കെ ഹാരിസിന്റെ ശ്രമവും പാളി. 14ആം മിനുറ്റില്‍ സച്ചിന്‍ പൗലോസിന്റെ നീക്കം ബാറിന് മുകളില്‍ പറന്നു.

  ഇരു പകുതികളിലും മാറി മാറി പന്തെത്തി.
  പ്രത്യാക്രമണങ്ങളായിരുന്നു കൂടുതലും. സച്ചിന്‍ സുരേഷിന്റെ മികച്ച പ്രകടനം ആദ്യ മിനുറ്റുകളില്‍ തന്നെ ലീഡ് നേടാനുള കോവളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 17ആം മിനുറ്റിലെ മികച്ച ഒരു അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനും കഴിഞ്ഞില്ല.

  കളിയുടെ 28ആം മിനുറ്റില്‍ ഷെറിന്‍ ജെറോം കോവളത്തിനെ മുന്നിലെത്തിച്ചു. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് സജിത്ത് പൗലോസ് നല്‍കിയ ക്രോസ് അദ്യ അടിയില്‍ തന്നെ ഷെറിന്‍ വലയില്‍ എത്തിച്ചു. കോവളത്തിന്റെ ലീഡിന് അധികം ആയുസുണ്ടായില്ല. കളിയുടെ തുടക്കം മുതലുള്ള പരിശ്രമങ്ങള്‍ക്ക് 33ആം മിനിറ്റില്‍ ശ്രീക്കുട്ടനും ബ്ലാസ്റ്റേഴ്‌സും ഫലം കണ്ടു.

  ബോക്‌സിനു മുന്നിലെ ചില നീക്കങ്ങള്‍ക്കൊടുവില്‍ വലതു ഭാഗത്ത് ഒഴിഞ്ഞു നിന്നിരുന്ന ശ്രീക്കുട്ടന് മധ്യ നിരയില്‍ നിന്ന് പന്ത് ലഭിച്ചു. പന്തുമായി ബോക്‌സില്‍ കയറിയ താരം കോവളത്തിന്റെ പ്രതിരോധ താരങ്ങളെയും ഗോളിയെയും വെട്ടിച്ച് ലക്ഷ്യം നേടി. തൊട്ടു പിന്നാലെ ദീപ് സാഹയ്ക്ക് പകരം നഓറം ഗോബിന്ദാഷ് സിംഗ് ഇറങ്ങി.

  36 മിനിറ്റില്‍ ബോക്‌സിലേക്ക് സമാന്തരമായി സുരാഗ് ചേത്രി നല്‍കിയ ക്രോസില്‍ കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ക്കും കഴിഞ്ഞില്ല. അദ്യ പകുതിയുടെ അധിക സമയത്ത് ബ്ലാസ്റ്റേഴ്‌സ് രണ്ടു അവസങ്ങള്‍ കൂടി സൃഷ്ടിച്ചു. സുരാഗിന്റെ ഒരു ശ്രമം വിഫലമായതിന് പിന്നാലെ പന്ത് ലഭിച്ച ന ഓറം ഇടത് ഭാഗത്ത് നിന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ് ബാറില്‍ തട്ടി.
  കോവളത്തിന്റെ ഒരു ലീഡ് ശ്രമം ഗോളി സച്ചിന്‍ സുരേഷും രക്ഷപ്പെടുത്തി.

  രണ്ടാം പകുതിയുടെ 15ാം മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. യൊഹെംബയുടെ ഒരു മനോഹരമായ ലോങ് റേഞ്ചര്‍ കോവളം ഗോളി സേവ് ചെയ്‌തെങ്കിലും പന്ത് കൈപ്പിടിയില്‍ ഒതുക്കാനായില്ല. പന്തിനായി വലത് വിങ്ങിലേക്ക് ഓടിയടുത്ത ശ്രീക്കുട്ടന്റെ ശ്രമം വിജയിച്ചു. ഇടത് ഭാഗത്തേക്ക് നല്‍കിയ ക്രോസില്‍ നഓറം തല വച്ചു. സുന്ദരമായ ഹെഡര്‍ ബ്ലാസ്റ്റേഴ്‌സിനെ 2-1ന് മുന്നിലെത്തിച്ചു.

  75ാം മിനുറ്റില്‍ മനോഹരമായ ടീം ഗെയിമിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡുയര്‍ത്തി. സുരാഗ്- സജീഷ്- ശ്രീക്കുട്ടന്‍ ത്രയം സൃഷ്ടിച്ച നീക്കങ്ങള്‍ക്കൊടുവില്‍ ഇടത് ഭാഗത്ത് കൂടെ ബോക്‌സിലേക്ക് കയറിയ ശ്രീക്കുട്ടന്‍ വലയ്ക്ക് മുന്നിലായി നിന്ന സുരാഗ് ഛേത്രിക്ക് പന്ത് പാസ് ചെയ്തു. ക്യാപ്റ്റന് പിഴച്ചില്ല, പന്ത് വലയില്‍ വിശ്രമിച്ചു. പരിക്ക് സമയത്ത് നഓറത്തിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ആസിഫ് ഒ.എം വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയായി.

  ഏപ്രില്‍ 17നു നടക്കുന്ന അവസാന റൗണ്ട് മത്സരത്തില്‍ കെഎസ്ഇബിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍

   

 6. പ്രതിരോധത്തില്‍ കരുത്ത് കൂട്ടി ബ്ലാസ്‌റ്റേഴ്‌സ്. തകര്‍പ്പന്‍ സൈനിംഗ് പ്രഖ്യാപിച്ചു

  Leave a Comment

  യുവ പ്രതിരോധ താരം ഹോര്‍മിപാം റുവയുമായുള്ള കരാര്‍ ഒപ്പിടല്‍ സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍, 2024 വരെ യുവതാരം ടീമിന്റെ ഭാഗമാവും. കുട്ടിക്കാലം മുതല്‍ ഫുട്ബോളില്‍ സജീവമായ മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയായ 20കാരന്‍, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു.

  2017ല്‍ ഇംഫാലിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ ചേര്‍ന്നാണ് യുവ പ്രതിരോധക്കാരന്റെ കരിയര്‍ തുടക്കമിട്ടത്. 2018ല്‍ പഞ്ചാബ് എഫ്സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ സെന്റര്‍ ബാക്ക് താരം നിര്‍ണായക പങ്കുവഹിചിരുന്നു . 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.

  പഞ്ചാബ് എഫ്സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയാണ് 2019-20 സീസണില്‍ ഹോര്‍മിപാം ഇന്ത്യന്‍ ആരോസിനായി 14 മത്സരങ്ങളില്‍ പ്രതിരോധത്തില്‍ കളിച്ചത്. ഐ ലീഗിന്റെ ഈ സീസണില്‍, പഞ്ചാബ് എഫ്സിക്കായി 9 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം സ്ഥിരതയാര്‍ന്ന പ്രകടനവും നടത്തി. 600 മിനുറ്റിലേറെ കളിക്കളത്തിലുണ്ടായിരുന്ന ഹോര്‍മിപാം റുവ ആറു മത്സരങ്ങളില്‍ ആദ്യ ഇലവനിലും സ്ഥാനം പിടിച്ചിരുന്നു.

  കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേര്‍ന്ന് എന്റെ ഫുട്ബോള്‍ യാത്ര തുടരുന്നതില്‍ ആവേശഭരിതനാണെന്ന് ഹോര്‍മിപാം റുവ അഭിപ്രായപ്പെട്ടു. ടീമിന്റെ ആരാധകകൂട്ടത്തെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്, എല്ലായ്പ്പോഴും ടീമിന്റെ ഭാഗമാകാനും ആഗ്രഹിച്ചിരുന്നു. കൂടുതല്‍ കഠിനമായി പരിശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഭാവിയില്‍ ആരാധകര്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. ടീമിനൊപ്പം പരിശീലനം ആരംഭിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് -ഹോര്‍മിപാം റുവ അഭിപ്രായപ്പെട്ടു.

  ഹോര്‍മിപാമിനെ പോലെ കഴിവുള്ള ഒരു താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നിലയില്‍, ക്ലബ്ബിലെയും പ്രത്യേകിച്ച് ആരാധകരുടെയും പിന്തുണയ്ക്കൊപ്പം അദ്ദേഹം ചില മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നമ്മുടെ പ്രതിരോധത്തിന്റെ ഹൃദയസ്ഥാനത്ത് ഒരു പ്രധാന താരമായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം അദ്ദഹത്തിന്റെ ഫുട്ബോള്‍ കരിയറിന് എന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി -കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

   

 7. ഗോകുലത്തെ പിന്നില്‍ നിന്നും കുത്താന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ്

  Leave a Comment

  ഐ-ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരളയില്‍ സൂപ്പര്‍ താരത്തെ റാഞ്ചാനുളള നീക്കവുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോകുലം താരമായ വിന്‍സി ബാരെറ്റോയെ സ്വന്തമാക്കാനാണ് സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കം തുടങ്ങിയത്. ബാരെറ്റോയെ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തിക്കാനുളള നീക്കം അന്തിമ ഘട്ടത്തിലായെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

  ഐലീഗില്‍ ഗോകുലത്തിനായി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഒരാളാണ് ബാരെറ്റോ. വിംഗുകളിലൂടെ ബാരെറ്റോ നടത്തിയ മിന്നാലാക്രമണങ്ങള്‍ ഗോകുലത്തിന് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചിരുന്നു. ഗോകുലത്തിനായി 14 കളിയില്‍ ഈ സീസണില്‍ കളിച്ചിരുന്നു.

  ഡെംപോ എഫ്‌സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് ബാരെറ്റോ പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. അവിടെനിന്നാണ് പടിപടിയായി ഉയര്‍ന്ന് ഗോകുലത്തിന്റെ വിംഗറായി കളിച്ചത്.

  ഐഎസ്എല്‍ 2020-21 സീസണ്‍ കേരള ബ്ലാസ്റ്റേഴ്സിനെ സംന്ധിച്ചെടുത്തോളം വളരെ മോശം സീസണ്‍ ആയിരുന്നു. ഈ സീസണില്‍ ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമേ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. കൂടാതെ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹെഡ് കോച്ച് കിബു വികുനയുമായി ക്ലബ്ബ് വേര്‍പിരിഞ്ഞു.

 8. വിജയവഴിയില്‍ തിരിച്ചെത്തി, ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങി

  Leave a Comment

  ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി 0- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1

  കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സിയെ ഏകപക്ഷീയായ ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്.

  രണ്ടാം പകുതിയുടെ 55ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നിഹാല്‍ സുധീഷാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ഒരോ വീതം ജയവും തോല്‍വിയും സമനിലയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. പ്രാഥമിക റൗണ്ടില്‍ ഇനി രണ്ടു മത്സരങ്ങള്‍ കൂടി ടീമിന് അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ സുരേഷാണ് കളിയിലെ താരം.

  കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ഡന്‍ ത്രെഡ്സിനെതിരെ ഇറങ്ങിയത്. സലാഹുദ്ദീന്‍ അദ്നാന്‍, റോഷന്‍ ജിജി, പ്രഫുല്‍ കുമാര്‍ എന്നിവര്‍ക്ക് പകരം സുജിത് വി.ആര്‍, ദീപ് സാഹ, അമല്‍ ജേക്കബ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, ബിജോയ്.വി, ഷഹജാസ്.ടി, യൊഹെംബ മീട്ടെയ്, ആസിഫ്. ഒ.എം, സുരാഗ് ഛേത്രി, നിഹാല്‍ സുധീഷ്, ശ്രീകുട്ടന്‍.വി.എസ് എന്നിവരായിരുന്നു മറ്റു താരങ്ങള്‍. 4-3-3 ക്രമത്തിലാണ് കോച്ച് ടി. ജി പുരുഷോത്തമന്‍ ടീമിനെ വിന്യസിച്ചത്. ഒരു മാറ്റം മാത്രമാണ് ഗോള്‍ഡന്‍ ത്രെഡ്സ് വരുത്തിയത്.

  ആദ്യമിനുറ്റില്‍ തന്നെ വി.എസ് ശ്രീക്കുട്ടനിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളിന് ശ്രമിച്ചു. വലതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിലെ ഷോട്ട്, ബാറില്‍ നിന്ന് ഏറെ അകന്നു പോയി. ദീപ് സാഹയുടെ ഒരു മികച്ച നീക്കമായിരുന്നു പിന്നീട്. ഇടതുവിങില്‍ നിന്ന് പന്ത് സ്വീകരിച്ച ദീപ് സാഹ ബോക്സിന് തൊട്ട്പുറത്ത് സമാന്തരമായി നീങ്ങിയ ശേഷം ശക്തമായൊരു ഷോട്ടിന് ശ്രമിച്ചു, ലക്ഷ്യം കണ്ടില്ല. 23ാം മിനുറ്റില്‍ ഫ്രിക്കിക്കില്‍ നിന്നുള്ള ദീപ് സാഹയുടെ മറ്റൊരു ഷോട്ട് ഗോള്‍ഡന്‍ ത്രെഡ്സ് ഗോളി മുഹമ്മദ് ഫായിസ് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. ഗോള്‍ഡന്‍ ത്രെഡ്സും ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. 39ാം മിനുറ്റില്‍ ബിബിന്‍ അജയന്റെ മനോഹരമായൊരു നീക്കം സച്ചിന്‍ സുരേഷിന്റെ കൈകളില്‍ അവസാനിച്ചു. തൊട്ടടുത്ത മിനുറ്റില്‍ ഗോള്‍ഡന്‍ ത്രെഡ്സിന്റെ ഒരു മുന്നേറ്റം ബോക്സിന് പുറത്ത് വി.ബിജോയ് പ്രതിരോധിച്ചു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മുന്നേറ്റങ്ങള്‍ ഗോള്‍ഡന്‍ ത്രെഡ്സും വിഫലമാക്കി.

  കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്സ് നിയന്ത്രണത്തിലാക്കിയതോടെ ഗോള്‍ഡന്‍ ത്രെഡ്സ് സമ്മര്‍ദത്തിലായി. 43ാം മിനുറ്റില്‍ ഒ.എം ആസിഫിനെ വീഴ്ത്തിയതിന് ഗോള്‍ഡന്റെ ജോസഫ് ടെറ്റെ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ്കാര്‍ഡും കണ്ട് പുറത്തായി. പത്തുപേരുമായി ചുരുങ്ങിയ ഗോള്‍ഡനെതിരെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണം കനപ്പിച്ചു. 55ാം മിനുറ്റില്‍ നിഹാല്‍ സുധീഷിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്തത് നിഹാല്‍ തന്നെ. തകര്‍പ്പന്‍ ഷോട്ടിലൂടെ താരം പന്ത് വലയിലെത്തിച്ചു. പ്രതിരോധത്തിലായ ഗോള്‍ഡന്‍ ത്രെഡ്സിനെതിരെ ബ്ലാസ്റ്റേഴ്സ് മധ്യനിര തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ഡന്‍ ഗോളിയും ഫിനിഷിങിലെ അഭാവവും തിരിച്ചടിയായി. മറുഭാഗത്ത് ഗോള്‍ഡന്‍ ത്രെഡ്സ് ഉയര്‍ത്തിയ മികച്ച രണ്ടു നീക്കങ്ങള്‍ സച്ചിന്‍ സുരേഷ് മുന്നില്‍കയറി വിഫലമാക്കി. അധിക സമയത്ത് ഒ.എം ആസിഫിന്റെ ഒരു ഗ്രൗണ്ട് ഷോട്ടില്‍ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തുമെന്ന് തോന്നിച്ചു, നേരിയ വ്യത്യാസത്തിലാണ് പന്ത് പോസ്റ്റിന് പുറത്തായത്. ഏപ്രില്‍ 17ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ കോവളം എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

   

 9. ഗോകുലം സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങുന്നു, രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ്

  Leave a Comment

  ഐലീഗിന്റെ മലയാളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കിരീടം സ്വന്തമാക്കിയ ഗോകുലം എഫ്‌സിയില്‍ നിന്ന് ഒരു പ്രധാന താരത്തെ സ്വന്തമാക്കാന്‍ നീക്കം സജീവമാക്കി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോകുലത്തിന്റെ യുവ വിംഗറായ വിന്‍സി ബാരറ്റോയെയാണ് ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വലയെറിയുന്നത്.

  പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോകുലത്തിന് ഐലീഗ് കിരീടം സമ്മാനിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് വിന്‍സി ബാരറ്റോ. വിംഗുകളില്‍ നിന്ന് ബാരറ്റോ നടത്തുന്ന ആക്രമണം എതിരാളികളുടെ ഉറക്കം കെടുത്തുന്നതായിരുന്നു.

  ബാരറ്റോയെ സ്വന്തമാക്കാന്‍ ഗോകുലത്തിന് ട്രാന്‍സ്ഫര്‍ ഫീ നല്‍കാനും ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എത്ര തുകയാണ് ബ്ലാസ്‌റ്റേഴ്‌സ് യുവതാരത്തിന് ഓഫര്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

  ഐഎസ്എല്‍ ആറാം സീസണില്‍ എഫ്‌സി ഗോവയുടെ റിസര്‍വ്വ് ടീമില്‍ ഉണ്ടായിരുന്ന താരമാണ് ബാരറ്റോ. ഈ സീസണില്‍ ഗോകുലം കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു. ഐലീഗില്‍ 13 മത്സരങ്ങളിലാണ് 21 വയസ് മാത്രമുളള ഈ വിംഗര്‍ ബൂട്ടണിഞ്ഞത്. മികച്ച വേഗതയും ചടുലമായ നീക്കങ്ങളുമാണ് ബാരറ്റോയെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ചത്.

 10. ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ സൂപ്പര്‍ താരം ക്ലബ് വിട്ടു, റാഞ്ചിയത് ഈ ക്ലബ്

  Leave a Comment

  ഐഎസ്എല്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ സ്പാനിഷ് താരം ജുവാന്‍ഡെ ലോപസ് ക്ലബ് വിട്ടു. ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ് അഡ്‌ലെയ്ഡ് യുണൈറ്റഡിലേക്കാണ് ജുവാന്‍ഡെ കൂടുമാറിയിരിക്കുന്നത്.

  ജുവാന്‍ഡയെ സ്വന്തമാക്കിയതായി അഡ്‌ലെയ്ഡ് യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചുത്. ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട എ ലീഗ് ക്ലബുകളില്‍ ഒന്നാണ് അഡ്‌ലെയ്ഡ് യുണെറ്റഡ്. ഇപ്പോള്‍ സീസണ്‍ അവസാനം വരെയാണ് ജുവാന്‍ഡെ അഡ്‌ലെയ്ഡുമായി കരാറിലെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ജുവാന്‍ഡെ വൈകാതെ ടീമിനൊപ്പം ചേരും.

  ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായ സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച പരുക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ജുവാന്‍ഡെയെ മഞ്ഞക്കുപ്പായം അണിഞ്ഞത്. ജനുവരിയില്‍ ടീമിനൊപ്പം ചേര്‍ന്ന ജുവാന്‍ഡെ പത്ത് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിയ്ക്കുകയും ചെയ്തിരുന്നു.

  ജുവാന്‌ഡെയുടെ പ്രകടനം ശരാശരി മാത്രമായിരുന്നെന്നാണ് ക്ലബ് പിന്നീട് വിലയിരുത്തിയത്. ഇതോടെയാണ് ജുവാന്‍ഡയെ അനായാസം വിട്ടുകൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായത്.

  വിവിധ സ്പാനിഷ് ക്ലബുകളില്‍ കളിച്ചിട്ടുള്ള ജുവാന്‍ഡെ 2018 മുതല്‍ ഓസ്‌ട്രേലിയയിലുണ്ട്. പെര്‍ത്ത് ?ഗ്ലോറിക്കായാണ് അവിടെ ആദ്യം കളിച്ചത്.