Tag Archive: Inter Milan

 1. യുവന്റസ്‌- ഇന്റർ തീപാറും പോരാട്ടം ഇന്ന്‌, ചാമ്പ്യൻസ്‌ലീഗ് യോഗ്യതയുറപ്പിക്കാൻ ക്രിസ്ത്യാനോയും സംഘവും

  Leave a Comment

  സീരി എയിൽ നിർണായകമായ യുവന്റസ്-ഇന്റർമിലാൻ പോരാട്ടം ഇന്ന്‌ രാത്രി ഇന്ത്യൻ സമയം 9.30ക്ക് നടക്കും. യുവന്റസിന്റെ ചാമ്പ്യൻസ്‌ലീഗ് മോഹങ്ങൾക്ക് ഊർജമേകാൻ ഇന്ന്‌ വിജയം അനിവാര്യമാണ്. നിലവിൽ നാപോളിക്ക് പിറകിൽ അഞ്ചാം സ്ഥാനത്തു തുടരുന്ന യുവന്റസ് പോയിന്റ് പട്ടികയിൽ 3 പോയിന്റ് പിറകിലാണുള്ളത്.

  റോമയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ഇന്റർമിലാൻ ടുറിനിൽ യുവന്റസിനെ നേരിടാനൊരുങ്ങുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോമയെ സ്വന്തം തട്ടകത്തിൽ ഇന്റർ തകർത്തു വിട്ടത്. അന്റോണിയോ കൊണ്ടേയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

  എന്നാൽ സീരി എയിൽ ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന സസൂളോയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് യുവന്റസ് സ്വന്തം തട്ടകത്തിൽ ഇന്നിറങ്ങുന്നത്. എസി മിലാനുമായുള്ള തോൽവിക്കു ശേഷം ഗോളടിയിലേക്ക് തിരിച്ചു വന്ന ക്രിസ്ത്യാനോ യുവന്റസിനായി തന്റെ നൂറാം ഗോൾ സ്വന്തമാക്കിയിരുന്നു. ഇന്ററിനു പിന്നാലെ എല്ലാ മത്സരങ്ങളും വിജയിച്ച് ചാമ്പ്യൻസ്‌ലീഗ് യോഗ്യത ഉറപ്പിക്കാനാവുമെന്ന് തന്നെയാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.

  സാധ്യതാ ലൈനപ്പ്

  യുവന്റസ്:- ഷെസ്നി, അലക്സ്‌ സാൻഡ്രോ,കിയെല്ലിനി, ഡിലിറ്റ്,ഡാനിലോ,കിയേസ, റാബിയോട്ട്,ആർതർ, ക്വാഡ്രാഡോ,ക്രിസ്ത്യാനോ ഡിബാല.
  ഇന്റർ:-ഹാൻഡനോവിച്ച്,സ്‌ക്രിനിയർ, ഡി വ്രിജ്,ബാസ്തോണി,ഹക്കിമി, ബാരെല്ല, ബ്രോസോവിച്ച്,എറിക്സൻ, പെരിസിച്ച്,ലൗറ്റാരോ, ലുക്കാക്കു

 2. ബാഴ്സ പ്രതിരോധത്തിലെ പാളിച്ചകൾ, ഇന്റർ മിലാൻ യുവപ്രതിഭയെ നോട്ടമിട്ട് ബാഴ്സ

  Leave a Comment

  ബാഴ്സയിൽ നിലവിൽ പ്രതിരോധത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ കാണുന്നതെന്നത് കൊണ്ടു തന്നെ മികച്ച താരങ്ങളെ ബാഴ്സലോണ ഇപ്പോഴേ നോട്ടമിട്ടുവെക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധത്തിൽ നിന്നും അശ്രദ്ധ മൂലം ഉണ്ടാവുന്ന പിഴവുകളിലാണ് ബാഴ്‌സലോണയ്ക്ക് ഈ സീസണിൽ കൂടുതൽ പോയിൻ്റുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. പ്രായമാകുന്ന ജെറാർഡ് പിക്വെക്ക് പകരക്കാരനെയാണ് ബാഴ്സ പരിഗണിക്കുന്നത്.

  നിലവിൽ റൊണാൾഡ് അറോഹോ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും പരിക്കുകൾ വില്ലനാവുന്നതാണ് ബാഴ്സയെ പ്രതിസന്ധിയിലാക്കുന്നത്. അതു കൊണ്ടു തന്നെ പിക്വെയുടെ സ്ഥാനത്തിലേക്ക് അറോഹോക്കു കൂടി ഒരു മത്സരമെന്ന നിലക്കാണ് പുതിയ ഡിഫൻ്ററെ ബാഴ്സ പരിഗണിക്കുന്നത്. വരുന്ന സമ്മർ ജാലകത്തിലാണ് പുതിയ പ്രതിരോധ താരത്തെ സ്വന്തമാക്കാനിരിക്കുന്നത്.

  അതിനായി ഇൻ്റർ മിലാൻ്റെ യുവതാരം അലെസാൻഡ്രോ ബാസ്റ്റോണിയെ ആണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. ഇൻ്ററിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം ബാഴ്സക്ക് അനുയോജ്യനായ താരമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടു സീസണുകൾ കൊണ്ടു തന്നെ ഇൻ്ററിൻ്റെ പ്രതിരോധത്തിൽ വിശ്വസ്തനായ താരമായി മാറി ഈ ഇരുപത്തൊന്നുകാരൻ.

  ഇറ്റാലിയൻ മധ്യമമായ കാൽസിയോ മെർകാറ്റോ ആണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്നാൽ ഇൻ്റർ താരത്തെ അങ്ങനെ എളുപ്പത്തിൽ കൈവിടാനൊരുക്കമല്ലെന്നാണ് അറിയുന്നത്. അറ്റലാൻ്റയിൽ നിന്നും 26 മില്യൺ യൂറോക്കാണ് ഇൻ്റർ ബസ്റ്റോണിയെ സ്വന്തമാക്കുന്നത്. അതിൻ്റെ ഇരട്ടി കിട്ടാതെ താരത്തെ കൈവിടില്ലെന്ന പിടിവാശിയിലാണ് ഇൻ്റർ. സാമ്പത്തികമായി കടബാധ്യതയിലുള്ള ബാഴ്സക്ക് ആ തുക കണ്ടെത്താനാവുമോയെന്നതാണ് കാത്തിരിന്നു കാണേണ്ടത്.

 3. സമനിലക്കുരുക്കിൽ കോപ്പ ഇറ്റാലിയ സെമിയിൽ പുറത്ത്, യുവന്റസ് ചീഫിനെതിരെ നടുവിരൽ കാണിച്ച് ഇന്റർ പരിശീലകൻ

  Leave a Comment

  യുവന്റസിനെതിരായ കോപ്പ ഇറ്റാലിയ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ സമനിലയിൽ കുരുങ്ങി പുറത്തായിരിക്കുകയാണ് ഇന്റർമിലാൻ. ഒന്നാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി രുചിക്കേണ്ടി വന്നതാണ് ഇന്ററിനു ഫൈനൽ നഷ്ടമാക്കിയത്. ഇന്ററിനു വേണ്ടി ലൗറ്റാരോ മാർട്ടിനസ് ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ പ്രകടനം ആദ്യ പാദത്തിലെ വിജയം നിർണായകമാക്കുകയായിരുന്നു.

  എന്നാൽ രണ്ടാം പാദ മത്സരശേഷം നടന്ന ചില അനിഷ്ടസംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മത്സര ശേഷം യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയും ഇന്റർ പരിശീലകനായ അന്റോണിയോ കൊണ്ടേയും തമ്മിലുള്ള വാഗ്വാദമാണ് വാർത്തക്ക് ആധാരം. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊണ്ടേ യുവന്റസ് ചീഫായ ആഗ്നെല്ലിക്കെതിരെ നടുവിരൽ കാണിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ ആർഎഐ റിപ്പോർട്ട്‌ ചെയ്യുന്നത്.

  ഇതിൽ പ്രകോപിതനായ യുവന്റസ് ചീഫ് മത്സരശേഷം ബെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു അന്റോണിയോ കോണ്ടേയുമായി പരസ്പരം വാക്കേറ്റവും അധിക്ഷേപവും നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കോണ്ടേ റഫറിയുടെ തീരുമാനങ്ങളെ മാനിക്കണമെന്ന് ബെഞ്ചിലിരുന്നു യുവന്റസ് താരം ബൊണൂച്ചിയും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. യുവന്റസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്ടേ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

  “യുവന്റസ് സത്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് അവിടെ സംഭവിച്ചതെന്താണെന്നു ഫോർത്ത് ഒഫീഷ്യൽസ് കൃത്യമായി കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചു കൂടെ മര്യാദയുള്ളവരാകേണ്ടതുണ്ടെന്നാണ്. കളിയിലെ മാന്യതയും ബഹുമാനവും മറ്റു ജോലിചെയ്യുന്നവരോടും കൂടെ കാണിക്കേണ്ടതുണ്ട്.” കൊണ്ടേ പറഞ്ഞു.

 4. കോപ്പ ഇറ്റാലിയ സെമി ഫൈനൽ, ഇന്ററിനോട്‌ പ്രതികാരത്തിനായി യുവന്റസ് ഇന്നിറങ്ങുന്നു

  Leave a Comment

  ഇന്ററിനെതിരായ യുവന്റസിന്റെ കോപ്പ ഇറ്റാലിയയുടെ സെമി ഫൈനലിന്റെ ആദ്യപാദമത്സരം ഇന്നു നടക്കാനിരിക്കുകയാണ്. ഇന്റർ മിലാൻ തട്ടകമായ സാൻ സിറോയിൽ വെച്ചാണ് മത്സരം നടക്കുന്നത്. സീരീ എയിൽ വെച്ചു പതിനാറു ദിവസം മുൻപ് നടന്ന മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കാൻ ഇന്റർമിലാനു സാധിച്ചിരുന്നു.

  നിക്കോളാസ് ബാരെല്ലയും അർടുറോ വിദാലുമാണ് അന്നു ഇന്ററിനായി ഗോളുകൾ നേടിയത്. അതിന്റെ പ്രതികാരം ഇന്നു തീർക്കനാകുമെന്ന പ്രതീക്ഷയിലാണ് യുവന്റസ് ഇന്നിറങ്ങുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയും ഡേജൻ കുലുസേവ്സ്കിയുമടങ്ങുന്ന അക്രമണനിരയിലാണ് പരിശീലകൻ പിർലോ വിശ്വാസമർപ്പിക്കുന്നത്. ഗോൾ വല കാക്കാൻ ബുഫൺ ഇത്തവണ ആദ്യപാദത്തിൽ ഇറങ്ങിയേക്കും.

  എന്നാൽ കോപ്പ ഇറ്റാലിയയിലെ കഴിഞ്ഞ റൗണ്ടിൽ എസി മിലാനുമായി നടന്ന മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതോടെ ഈ മത്സരത്തിൽ റൊമേലു ലുക്കാക്കുവും അച്റാഫ് ഹാക്കിമിയുമില്ലാതെയാണ്‌ ഇന്റർ ഇന്ന്‌ മത്സരത്തിനിറങ്ങുന്നത്. എസി മിലാനുമായി നടന്ന സീരി എ മത്സരത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയ എറിക്സൺ ഇത്തവണ ഇന്ററിന്റെ ബെഞ്ചിലാണ് സ്ഥാനം ലഭിക്കുക. 3-5-2 ഫോർമേഷനിലാണ് ഇന്റർ ഇന്ന്‌ കളത്തിലിറങ്ങുന്നത്. എന്നാൽ യുവന്റസ് 4-4-2 ഫോർമേഷനിലായിരിക്കും ഇന്ററിനെ നേരിടുക.

  സാധ്യത ഇലവൻ

  യുവന്റസ്: ബുഫൺ, ഡാനിലോ,ബൊണുച്ചി,ഡി ലിറ്റ്,അലക്സ്‌ സാൻഡ്രോ, ക്വാഡ്രാഡോ,ബെന്റാൻകുർ, ആർതർ, മക്കെന്നീ, കുലുസേവ്സ്കി, ക്രിസ്ത്യാനോ
  ഇന്റർ : ഹൻഡാനോവിച്ച്, സ്‌ക്രിനിയർ, ഡി വ്രിജ്,ബാസ്റ്റോനി, ഡാർമിയൻ,ബാരെല്ല, ബ്രോസോവിച്ച്,വിദാൽ, യങ്, ലൗറ്റാരൊ മാർട്ടിനെസ്, സാഞ്ചെസ്

 5. ഇന്ററിനു നാടകീയ വിജയം, കൊമ്പുകോർത്തു ഇബ്രാഹിമോവിച്ചും ലുക്കാക്കുവും

  Leave a Comment

  കോപ്പ ഇറ്റാലിയ ടൂർണമെന്റിലെ എസി മിലാനുമായി നടന്ന ഡെർബി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്റർ മിലാൻ. എസി മിലാനു വേണ്ടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടിയപ്പോൾ ഇന്ററിനു വേണ്ടി വല കുലുക്കിയത് റൊമേലു ലുക്കാക്കുവും ക്രിസ്ത്യൻ എറിക്സണുമാണ്. മത്സരത്തിൽ ഇബ്രാഹിമോവിച്ചിന് ചുവപ്പു കാർഡ് കണ്ട് പുറത്തു പോവേണ്ടിയും വന്നിരുന്നു.

  മത്സരത്തിൽ മികച്ച അക്രമണവുമായി ഇന്റർ മിലാൻ ആണ് മുന്നേറിയതെങ്കിലും 31ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിന്റെ ഗോളിലൂടെ മിലാൻ ലീഡ് നേടുകയായിരുന്നു. സ്ലാട്ടന്റെ നിലംപറ്റെയുള്ള മികച്ചൊരു ഷോട്ട് ഇന്റർമിലാൻ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലതു മൂലയിലൂടെ ഉള്ളിൽ കയറുകയായിരുന്നു. ഇതോടെ ഇന്ററിനെതിരായ ഏഴു മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടാൻ ഇബ്രാഹിമോവിച്ചിന് സാധിച്ചിരിക്കുകയാണ്.

  ആദ്യപകുതിക്കു മുമ്പേ ലുക്കാക്കുവും സ്ലാട്ടനും തമ്മിൽ നടന്ന വാക്കേറ്റവും ഉന്തും തള്ളും മത്സരത്തെ സംഭവബഹുലമാക്കി തീർത്തു. ലുക്കാക്കുവിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് പുറമെ പരസ്പരം അമ്മക്ക് വിളിച്ചുകൊണ്ടു ഇരുവരും വാക്കേറ്റം നടത്തുകയുമുണ്ടായി. റഫറി ഇരുവർക്കും മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ഈ മഞ്ഞക്കാർഡ് എസി മിലാനു തിരിച്ചടിയായി ഭവിച്ചത്.

  മത്സരത്തിനിടെ 57ആം മിനുട്ടിൽ ഇന്റർ മിലാൻ താരം കോളറോവിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് സ്ലാട്ടനു ചുവപ്പു കാർഡ് കിട്ടുകയായിരുന്നു. എന്നാൽ അതിനു ശേഷം ഇന്റർ മികച്ച കളി പുറത്തെടുക്കുകയാണുണ്ടായത്.
  എഴുപതാം മിനുട്ടിൽ നികോളോ ബാരെല്ലയെ റാഫേൽ ലിയാവോ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലുക്കാക്കു കൃത്യമായി വലയിലെത്തിച്ചതോടെ മത്സരം സമനിലയാവുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ എറിക്സന്റെ ഒരു തകർപ്പൻ ഫ്രീകിക്ക് ഇന്ററിനു മികച്ച വിജയം സമ്മാനിക്കുകയായിരുന്നു.

 6. ഗോളടിക്കുറവ്, ഇന്റർമിലാൻ സൂപ്പർതാരത്തിനായി ലിവർപൂളും ടോട്ടനവും നേർക്കുനേർ

  Leave a Comment

  ഗോളുകൾ കണ്ടെത്താനാവാതെ വിഷമിക്കുന്ന ലിവർപൂളിന്റെ മധ്യനിരയിലേക്ക് കൂടുതൽ ക്രിയാത്മതയും ആക്രമണ സ്വഭാവവുമുള്ള താരത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യർഗൻ ക്ലോപ്പ്. അതിനായി നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർ മിലാൻ്റെ യുവപ്രതിഭയായ നിക്കോളോ ബാരെല്ലയെയാണ്. മധ്യനിരയിലെ ചടുലതയും അസാമാന്യവേഗതയുമാണ് ക്ലോപ്പിനെ ആകർഷിച്ചിരിക്കുന്നത്.

  ഇംഗ്ലീഷ് മാധ്യമമായ ഗാർഡിയൻ്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിനു പിന്നാലെ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറും താരത്തിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. നിലവിൽ മുന്നേറ്റനിര താരമായ ഹാരി കെയ്നിൻ്റെ പ്ലേമേക്കിങ്ങാണ് ടോട്ടനത്തിൻ്റെ ആക്രമണങ്ങളിൽ നിർണായകമാവുന്നത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ടോട്ടനത്തിൻ്റെ മധ്യനിരയെ ശക്തിപ്പെടുത്താനാണ് മാറിഞ്ഞോ ബാരെല്ലയെ നോട്ടമിട്ടിരിക്കുന്നത്.

  നിലവിൽ സീരി എയിൽ രണ്ടാം സ്ഥാനത്തുള്ള ഇൻ്ററിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന യുവപ്രതിഭയാണ് ബാരെല്ല. യുവൻറസിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഇൻ്റർ നേടിയ രണ്ടു ഗോളുകളിലൊന്ന് നികോളാസ് ബാരെല്ലയുടേതായിരുന്നു. യുവൻ്റസിനെതിരായ മത്സരത്തിൽ അൻ്റോണിയോ കോണ്ടെയുടെ തന്ത്രങ്ങളിലെ അവിഭാജ്യ ഘടകമായി ഉയർന്നു വന്നിരിക്കുകയാണ് ഈ യുവപ്രതിഭ.

  ബാരെല്ലക്കായി ലിവർപൂളും ടോട്ടനവും മത്സരിക്കുന്നുണ്ടെങ്കിലും ഇൻ്റർ മിലാൻ തങ്ങളുടെ യുവപ്രതിഭയെ ചെറിയ തുകക്കൊന്നും കൈവിടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 2024 വരെ കരാറുള്ള ബാരെല്ലയെ സ്വന്തമാക്കാൻ വൻ വില തന്നെ നൽകേണ്ടി വരുമെന്നുറപ്പാണ്. ഇൻ്ററിൻ്റെ മധ്യനിരയിൽ നിലവിൽ കളിച്ചു പതിനെട്ടു മത്സരങ്ങളിലും താരത്തിൻ്റെ സാന്നിധ്യമുണ്ടെന്നത് ബാരെല്ലയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. നിലവിൽ നഗരവൈരികളായ എസി മിലാനുമായി വെറും മൂന്നു പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണുള്ളത്.

 7. ഒരു തെറ്റായ തുടക്കമായിരുന്നു ഞങ്ങളുടേത്, തോൽ‌വിയിൽ രോഷാകുലനായി പിർലോ

  Leave a Comment

  ഇന്റർമിലാന്റെ തട്ടകമായ സാൻ സിറോയിൽ വെച്ചു നടന്ന  സീരീ എ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനോട് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ററിനു വേണ്ടി മധ്യനിരതാരങ്ങളായ അർടുറോ വിദാലും നിക്കോ ബാരെല്ലയുമാണ് ഗോളുകൾ നേടിയത്. ഇതോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ് യുവന്റസ്.

  വിജയത്തോടെ പോയിന്റ് നിലയിൽ ഒന്നാസ്ഥാനക്കാരായ എസി മിലാനൊപ്പമെത്താൻ ഇന്റർ മിലാനു സാധിച്ചിരിക്കുകയാണ്. എസി മിലാനു ഇന്ററിനെക്കാൾ ഇനിയും ഒരു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും നിലവിൽ 40 പോയിന്റുമായി എസി മിലാനും ഇന്ററും ഒന്നും രണ്ടും സ്ഥാനത്തു തുടരുകയാണ്. എസി മിലാനെതിരെ വിജയം നേടാനായെങ്കിലും ഇന്റർ മിലാനെതിരെ ഗോൾ നേടാൻ യുവന്റസിനു കഴിയാതെ പോവുകയായിരുന്നു.

  യുവന്റസിന്റെ തുടക്കം മുതലേയുള്ള മത്സരത്തോടുള്ള മനോഭാവത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനായ ആന്ദ്രേ പിർലോ. മത്സരത്തിൽ പന്ത് തിരിച്ചു പിടിക്കാനുള്ള ആവേശവും നിശ്ചയദാർഷ്ട്യവും യുവന്റസിനു നഷ്ടപ്പെട്ടിരുന്നുവെന്നും പിർലോ ചൂണ്ടിക്കാണിച്ചു. മത്സരശേഷം സ്കൈ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിർലോ.

  ” ഞങ്ങളുടെ മനോഭാവം തുടക്കം മുതലേ തെറ്റായിരുന്നു. ഡ്യുവലുകൾ വിജയിക്കാനുള്ള ആവേശവും നിശ്ചയദാർഷ്ട്യവും ഉണ്ടായില്ലെങ്കിൽ അത് വളരെയധികം ബുദ്ദിമുട്ടുണ്ടാക്കും. ഞങ്ങൾ കൂടുതൽ അലസരായിരുന്നു. ഇതൊരു മോശം തോൽവി തന്നെയാണ്. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു പക്ഷെ ഇതിനേക്കാൾ മോശം മത്സരം ഞങ്ങൾക്കുണ്ടായേനെ. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ തലയുയർത്തി തന്നെ അടുത്ത ഫൈനലിനു വേണ്ടി തയ്യാറാവേണ്ടതുണ്ട്. (നാപോളിയുമായുള്ള കോപ്പ ഇറ്റാലിയ ഫൈനൽ)” പിർലോ പറഞ്ഞു

 8. ഇന്റർ മിലാൻ- യുവന്റസ് പോരാട്ടം, റെക്കോർഡുകൾ തകർക്കാൻ ലക്ഷ്യമിട്ട് ക്രിസ്ത്യാനോ

  Leave a Comment

  സീരി എയിൽ ഇന്ന്‌ രണ്ടു ഇറ്റാലിയൻ വമ്പന്മാരുടെ പോരാട്ടം അരങ്ങേരാനിരിക്കുകയാണ്. സ്വന്തം തട്ടകമായ സാൻ സിറോയിൽ വെച്ചു നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ യുവൻറസിനെലയാണ് ഇൻറർമിലാൻ നേരിടാനൊരുങ്ങുന്നത്. സീരീ എ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു തുടരുന്ന ഇന്റർമിലാനു യുവന്റസിനെ തോൽപ്പിക്കാനായാൽ പോയിന്റിൽ ഒന്നാം സ്ഥാനത്തുള്ള നഗരവൈരികളായ എസി മിലാനൊപ്പമെത്താൻ സാധിച്ചേക്കും.

  എന്നാൽ യുവന്റസിനു ആദ്യ നാലിലെത്താൻ ഈ വിജയം അനിവാര്യമായ സാഹചര്യമാണുള്ളത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള യുവന്റസിനു വിജയം നേടാനായാൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറാൻ സാധിച്ചേക്കും. ലീഗിൽ ഗോൾവേട്ടയുമായി മികച്ച പ്രകടനം തുടരുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ ചിറകിൽ യുവന്റസ് മുന്നേറുകയാണെങ്കിലും സാൻ സിറോയിൽ ഇത്രയും വർഷമായി ക്രിസ്ത്യാനോക്ക് നാലു ഗോളുകൾ മാത്രമാണ് നേടാനായതെന്നത് മറ്റൊരു വസ്തുതയാണ്.

  സാൻ സിറോയിൽ എസി മിലാനെതിരെ മൂന്നു ഗോളുകളും എന്നാൽ ഇന്ററിനെതിരെ ഗോൾ നേടാനായാൽ മറ്റൊരു റെക്കോർഡ് കൂടി ക്രിസ്ത്യാനോക്ക് മറികടക്കാനായേക്കും. ലോകത്തിലാദ്യമായി ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടാനാവുന്ന താരമായി ക്രിസ്ത്യാനോക്ക് മാറാനാകും. സസ്സൂളോക്കെതിരെ ഗോൾ നേടാനായതോടെ നിലവിലെ റെക്കോർഡിനുടമയായ ജോസഫ് ബികാന്റെ 759 ഗോളുകളെന്ന റെക്കോർഡിനൊപ്പമെത്താൻ ക്രിസ്ത്യാനോക്ക് സാധിച്ചിരുന്നു.

  ഇന്ററിനെതിരെ ഗോൾ നേടാനായാൽ മറ്റൊരു റെക്കോർഡിന് കൂടി ക്രിസ്ത്യാനോ സാക്ഷിയായേക്കും. ഏറ്റവും കൂടുതൽ സീസണുകളിൽ ഇരുപത്തിലധികം ഗോൾ നേടുന്ന താരമായി മാറാൻ ക്രിസ്ത്യാനോക്ക് സാധിച്ചേക്കും. സീരീ എ യിൽ നിലവിൽ 15 ഗോളുകളും ചാമ്പ്യൻസ്‌ലീഗിൽ 4 ഗോലുകളുമടക്കം മൊത്തം 19 ഗോളുകൾ ക്രിസ്ത്യാനോക്ക് നേടാനായിട്ടുണ്ട്. ഇന്റർ പരിശീലകനായ അന്റോണിയോ കോണ്ടേയുടെ ആവനാഴിയിലെ അമ്പുകൾ റൊമേലു ലുക്കാക്കുവും ലൗറ്റാരോ മാർട്ടിനെസുമാണ്. സീരീ എയിൽ ഗോൾവേട്ട തുടരുന്ന ഇരുവരും യുവന്റസിനു വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്.

 9. ഇന്റർമിലാൻ സൂപ്പർതാരത്തിനായി ആഴ്‌സണൽ, പ്രതിബന്ധമായി ഓസിൽ ട്രാൻസ്ഫർ

  Leave a Comment

  ആഴ്സണലിൽ ഈ സീസണിൽ നിലവിൽ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  മധ്യനിരയിലെ സർഗ്ഗാത്മകതയുടെ കുറവാണു  പ്രധാനകാരണമായി അർട്ടേറ്റ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ ജനുവരിയിൽ ട്രാൻസ്ഫറിൽ ഒരു മികച്ച മധ്യനിര താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി ആഴ്‌സണൽ നോട്ടമിട്ടിരിക്കുന്ന സൂപ്പർതാരമാണ്  ഇന്റർമിലാനു വേണ്ടി കളിക്കുന്ന  ക്രിസ്ത്യൻ എറിക്സൺ.

  ടോട്ടനത്തിൽ നിന്നും ഇറ്റാലിയൻ വമ്പന്മാരായ  ഇന്റർമിലാനിലേക്ക് ചേക്കേറിയ എറിക്സണ് പ്രതീക്ഷിച്ച പ്രകടനം  പരിശീലകൻ അന്റോണിയോ കോണ്ടേക്കു കീഴിൽ ഇതുവരെയും നടത്താൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇന്ററിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചു വരാനുള്ള അവസരമാണ്  ആഴ്‌സണൽ ഒരുക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

  എന്നാൽ ഈ നീക്കത്തിനു പ്രതിസന്ധിയായി നിലനിൽക്കുന്നത്  ജർമൻ സൂപ്പർതാരം ഓസിലിന്റെ ക്ലബ്ബിലെ സാഹചര്യമാണ്. ഒരാഴ്ചയിൽ 350000 പൗണ്ട് വേതനം വാങ്ങുന്ന താരത്തിനു ഇനി ആറു മാസം കൂടി ആഴ്സണലിൽ കരാർ നിലവിലുണ്ട്. എന്നാൽ താരത്തിനെ പ്രീമിയർ ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്. എന്നാൽ ആഴ്‌സണലിന്റെ നിലവിലെ മോശം സ്ഥിതിക്ക് തനിക്ക് ഇനിയും  സഹായിക്കാനാകുമെന്നാണ് ഓസിലിന്റെ പക്ഷം.

  വരുന്ന ജനുവരിയിൽ ഓസിലിനെ വീണ്ടും പ്രീമിയർലീഗ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്താനുള്ള അവസരം ആഴ്‌സണലിനു മുന്പിലുണ്ട്. ആ തീരുമാനമാണ് ഡ്രസിങ് റൂമിൽ വിഭാഗീയതക്ക് കാരണമായി തീർന്നിരിക്കുന്നത്. നിരാശാജനകമായ ഒഴിവാക്കൽ തീരുമാനത്തിൽ നിന്നു മാറി തനിക്കു കളിക്കാൻ അവസരം തരണമെന്നു ഓസിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ഓസിലിന്റെ ഈ സാഹചര്യത്തിൽ തീരുമാനമാകാതിരുന്നാൽ എറിക്സന്റെ ട്രാൻസ്ഫർ സങ്കീർണമാകുമെന്നാണ് ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്.

 10. മെസി ഒരു അന്യഗ്രഹജീവിയാണ്, ക്രിസ്ത്യാനോയുമായി താരതമ്യത്തിനില്ലെന്നു വിദാൽ

  Leave a Comment

  സീരി എയിൽ തന്റെ മുൻ ക്ലബ്ബായ യുവന്റസിനെ നേരിടുമ്പോഴുണ്ടായേക്കാവുന്ന അമ്പരപ്പിനെക്കുറിച്ച്‌ മനസു തുറക്കുകയാണ് മുൻ ബാഴ്സതാരവും നിലവിലെ ഇന്റർ മിലാൻ മധ്യനിരതാരവുമായ അർടുറോ വിദാൽ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ഈ 33കാരൻ തന്റെ പഴയ പരിശീലകനായ അന്റോണിയോ കോണ്ടേയുടെ ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്. നിലവിൽ ഇന്ററിനായി മികച്ച പ്രകടനം തുടരുന്നുമുണ്ട്.

  യുവന്റസിനെ നേരിടുമ്പോൾ മനസിലേക്ക് കടന്നു വരുന്ന അസാധാരണമായ വികാരമാണ് അനുഭവിക്കേണ്ടിവരുകയെന്നു വിദാൽ അഭിപ്രായപ്പെട്ടു. ഒപ്പം മുൻ സഹതാരമായ പിർലോയെക്കുറിച്ചും മെസി-ക്രിസ്ത്യാനോ സംവാദത്തിനും വിദാൽ മറുപടി നൽകി. ഇറ്റാലിയൻ മാധ്യമമായ കൊറിയർ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ മനസു തുറന്നത്.

  ” ആന്ദ്രേ തന്റെ കോച്ചിംഗ് കരിയർ ഇങ്ങനെ തുടങ്ങിയതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ് . അദ്ദേഹമൊരു നല്ല വ്യക്തിയാണ്. ഞങ്ങൾ വർഷങ്ങളായി സുഹൃത്ബന്ധം പുലർത്തുന്നവരാണ്. ഇന്റർ ജേഴ്സിയണിഞ്ഞ്  യുവന്റസിനെതിരെ കളിക്കുകയെന്നത്  അസാധാരണമായ ഒരു വികാരമാണ് നൽകുക. ഞാൻ കളിക്കളത്തിൽ എന്റെ പരമാവധി നൽകുന്ന താരമാണ്. അതിപ്പോൾ യുവന്റസായാലും ഏതു ടീമിനെതിരെയായാലും ഞാൻ അങ്ങനെയാണ് ചെയ്യുക. “

  യുവന്റസ് സൂപ്പർതാരം ക്രിസ്ത്യാനോയാണോ മെസിയാണോ മികച്ചതെന്ന ചോദ്യത്തിനും വിദാൽ മറുപടി പറഞ്ഞു: “അക്കാര്യത്തിൽ  ഒരു താരതമ്യത്തിനില്ല. മെസി അന്യഗ്രഹത്തിൽ നിന്ന് വന്നതാണ്. ഞങ്ങൾ ഇരുവരും സുഹൃത്തുക്കളാണ്. ഇനിയും ഒരുപാട് കാലം ആ അടുപ്പം നിലനിൽക്കും. മെസി ബാഴ്‌സ വിടുമോയെന്ന കാര്യം എനിക്കറിവുള്ളതല്ല. എങ്കിലും മെസി സന്തോഷവാനാണെന്നും തന്റെ ഹൃദയം കൊണ്ട്  ഒരു തീരുമാനത്തിലെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” വിദാൽ പറഞ്ഞു