Tag Archive: Inter Miami

  1. അമേരിക്കയിൽ മെസിയാധിപത്യം, താരത്തെ കാണാനെത്തിയത് റെക്കോർഡ് കാണികൾ

    Leave a Comment

    യൂറോപ്പിലെന്ന പോലെ ഫുട്ബോളിന് വേരോട്ടമില്ലാത്ത സ്ഥലമാണ് അമേരിക്ക. അതുകൊണ്ടു തന്നെയാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചപ്പോൾ ആരാധകരിൽ പലരും നെറ്റി ചുളിച്ചതും. യൂറോപ്പിൽ അനുഭവിക്കുന്ന കളിയാവേശവും ആരാധകരുടെ പിന്തുണയും അമേരിക്കയിൽ ലഭിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

    എന്നാൽ ലയണൽ മെസി അമേരിക്കയിലെ ആരാധകഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയത് മുതൽ മെസിയുടെ മത്സരങ്ങൾ കാണാൻ നിരവധി വമ്പൻ സെലിബ്രിറ്റികളാണ് എത്തുന്നത്. അടുത്തിടെ കാൻസാസ് സിറ്റിയുമായുള്ള മത്സരത്തിൽ മെസി കളിക്കുമെന്ന് വ്യക്തമായതോടെ അവർ 70000ൽ അധികം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയിരുന്നു.

    ആ മത്സരം കഴിഞ്ഞതോടെ ഒരു റെക്കോർഡും പിറന്നു. ഈ വർഷം അമേരിക്കയിൽ ഏറ്റവുമധികം കാണികൾ എത്തിയ ഇവന്റുകളിൽ രണ്ടാം സ്ഥാനമാണ് ആ മത്സരം സ്വന്തമാക്കിയത്. 72755 കാണികൾ എത്തിയ റെസിൽമാനിയ 2 ആണ് ഒന്നാം സ്ഥാനത്ത്. അതിനു തൊട്ടു പിന്നിൽ 72610 കാണികൾ എത്തിയ ഇന്റർ മിയാമിയും കാൻസാസ് സിറ്റിയും തമ്മിലുള്ള മത്സരം നിൽക്കുന്നു.

    ഫുട്ബോളിനേക്കാൾ ആരാധകപിന്തുണയുള്ള മറ്റു മത്സരങ്ങളെ പിന്തള്ളിയാണ് ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ട് ഈ മത്സരം ആദ്യസ്ഥാനങ്ങളിൽ എത്തിയത്. മത്സരത്തിൽ ഒരു ഗംഭീരഗോളും അസിസ്റ്റും നൽകി മികച്ച പ്രകടനം മെസി നടത്തിയപ്പോൾ ഇന്റർ മിയാമിയാണ് വിജയം നേടിയത്. എംഎൽഎസ് പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്റർ മിയാമി തന്നെ.

  2. മെസിയെ തളർത്താൻ റൊണാൾഡോ ചാന്റുകൾ, സെക്കൻഡുകൾക്കകം ഗോളടിച്ച് അർജന്റീന താരം

    Leave a Comment

    സീസൺ ആരംഭിച്ചതോടെ ഇന്റർ മിയാമിയിൽ മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നത്. ഇതുവരെ ഇന്റർ മിയാമിക്കൊപ്പം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്‌തിട്ടുള്ള താരത്തിന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുമാണ് അഞ്ചു മത്സരങ്ങളിൽ സമ്പാദ്യം. മെസിയുടെ കരുത്തിൽ കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും ഇന്റർ മിയാമി മുന്നേറി.

    രണ്ടു പാദങ്ങളായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്റർ മിയാമി സമനില നേടിയപ്പോൾ മെസി ഒരു ഗോൾ നേടിയിരുന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കാൻ മെസിക്ക് കഴിഞ്ഞു. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്.

    മത്സരത്തിൽ ലയണൽ മെസിയെ മാനസികമായി തളർത്താൻ എതിരാളികളായ നാഷ്‌വിൽ ആരാധകർ ശ്രമിച്ചിരുന്നു. സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് നാഷ്‌വിൽ ആരാധകർ ലയണൽ മെസിയെ തളർത്താൻ ശ്രമിച്ചത്. എന്നാൽ ഈ ചാന്റുകൾ ഉയർന്നു സെക്കൻഡുകൾ തികയും മുൻപേ ലയണൽ മെസി ഗോൾ നേടി അവരെ നിശബ്‌ദമാക്കി.

    കുറച്ചു ദിവസങ്ങൾക്കു മുൻപേ മെസി ചാന്റുകൾ മുഴക്കിയ ആരാധകർക്കെതിരെ റൊണാൾഡോ അശ്ളീല ആംഗ്യം കാണിച്ച് വിലക്ക് വാങ്ങിയിരുന്നു. അതിനിടെയാണ്റൊണാൾഡോ ചാന്റുകൾ മുഴക്കി തന്നെ തളർത്താൻ ശ്രമിച്ച ആരാധകരുടെ വായടപ്പിക്കാൻ മെസിക്ക് കഴിഞ്ഞത്. താരം ചെയ്‌തത്‌ ഒരു ഹീറോയിസമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  3. അർജന്റീന ആരാധകർ ഞെട്ടിയ നിമിഷം, ലയണൽ മെസിയുടെ കരിയറിനു തന്നെ അവസാനമായേനേ

    Leave a Comment

    കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമി പിന്നിൽ നിന്നും തിരിച്ചടിച്ചാണ് സമനില നേടിയെടുത്തത്. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയ നാഷ്‌വില്ലിനെതിരെ ലയണൽ മെസിയുടെ ഗോളും ഇഞ്ചുറി ടൈമിൽ ലൂയിസ് സുവാരസ് നേടിയ ഗോളിലുമാണ് ഇന്റർ മിയാമി സമനില നേടിയെടുത്തത്.

    മത്സരം കണ്ട മെസി ആരാധകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച സംഭവം അതിനിടയിൽ നടന്നിരുന്നു. മാരകമായ ഒരു ഫൗളാണ് ലയണൽ മെസിക്ക് നേരെ നാഷ്‌വിൽ താരം നടത്തിയത്. താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഫൗളിൽ നിന്നും സ്വന്തം മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് ലയണൽ മെസി രക്ഷപ്പെട്ടതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    പന്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ ലയണൽ മെസിയുടെ മുട്ടിനു താഴെയാണ് നാഷ്‌വിൽ താരം ബൂട്ടു കൊണ്ട് ചവുട്ടിയത്. ആ ചവിട്ട് കുറച്ചുകൂടി കനത്തിലായിരുന്നെങ്കിൽ മെസിയുടെ കരിയർ തന്നെ അവിടെ തീരുമായിരുന്നു. എന്നാൽ അത് മുൻകൂട്ടി കണ്ട താരം ചവിട്ട് കിട്ടിയ ഉടനെ തന്റെ കാൽ പിൻവലിച്ച് മൈതാനത്ത് വീഴുകയായിരുന്നു.

    മെഡിക്കൽ സ്റ്റാഫ് വന്നു പരിശോധന നടത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ താരം കളിക്കളത്തിൽ തന്നെ തുടർന്നു. ചവുട്ടിയ താരം ചുവപ്പുകാർഡ് അർഹിച്ചിരുന്നെങ്കിലും റഫറി അത് നൽകിയില്ല. എന്തായാലും അർജന്റീന ആരാധകരെ സംബന്ധിച്ച് ആശ്വാസം നൽകിയാണ് മെസി കളി തുടർന്നത്. പരിക്കേറ്റിരുന്നെങ്കിൽ കോപ്പ അമേരിക്ക ടൂർണമെന്റ് അടക്കം താരത്തിന് നഷ്‌ടമായേനെ.

  4. മെസി-സുവാരസ് സഖ്യം രക്ഷകരായി, തോൽ‌വിയിൽ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്റർ മിയാമി

    Leave a Comment

    കോൺകാഫ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരം കുറച്ച് സമയം മുൻപ് അവസാനിച്ചപ്പോൾ നാഷ്‌വിൽ എഫ്‌സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ലയണൽ മെസിയുടെ ഇന്റർ മിയാമി. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ഇന്റർ മിയാമി ഇഞ്ചുറി ടൈമിലാണ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടു സമനില നേടിയെടുത്തത്.

    സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നാഷ്‌വില്ലിനു മുന്നിലെത്താൻ നാല് മിനുട്ട് മാത്രം മതിയായിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ടീമിനായി ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയുടെ ആദ്യത്തെ മിനുട്ടിൽ തന്നെ താരം ടീമിനായി രണ്ടാമത്തെ ഗോളും നേടി. ഇതോടെ ഈ സീസൺ ആരംഭിച്ചതിനു ശേഷം ഇന്റർ മിയാമി ആദ്യത്തെ തോൽവി വഴങ്ങുമെന്നാണ് ഏവരും കരുതിയത്.

    എന്നാൽ തോറ്റു കൊടുക്കാൻ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് തയ്യാറല്ലായിരുന്നു. നാഷ്‌വില്ലിന്റെ രണ്ടാമത്തെ ഗോൾ പിറന്ന് ആറു മിനുട്ടിനു ശേഷം സുവാരസിന്റെ പാസിൽ നിന്നും മെസിയുടെ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ട് വല കുലുക്കി. അതിനു ശേഷം ഇന്റർ മിയാമി നടത്തിയ ശ്രമങ്ങൾ ഇഞ്ചുറി ടൈമിലെ സുവാരസിന്റെ ഗോളിലൂടെ ലക്‌ഷ്യം കണ്ടു.

    രണ്ടു പാദങ്ങളിലായി നടക്കുന്ന ചാമ്പ്യൻസ് കപ്പിൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ഇന്റർ മിയാമിക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ലയണൽ മെസി, സുവാരസ് സഖ്യം തന്നെയാണ് അവരുടെ പ്രതീക്ഷ. ലയണൽ മെസി കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിന് വേണ്ടി ഗോളുകളിൽ പങ്കാളിയായിരുന്നു. സുവാരസും രണ്ടു മത്സരങ്ങളായി ഗോളുകൾ കണ്ടെത്തുന്നുണ്ട്.

  5. മെസിയെ വെല്ലുന്ന പ്രകടനവുമായി സുവാരസ്, ഒട്ടും മോശമാക്കാതെ മെസിയും; ഗംഭീര വിജയവുമായി ഇന്റർ മിയാമി

    Leave a Comment

    അമേരിക്കൻ ലീഗിൽ മെസിയുടെയും സുവാറസിന്റെയും ഗംഭീരപ്രകടനത്തിന്റെ പിൻബലത്തിൽ ഇന്റർ മിയാമിക്ക് തകർപ്പൻ വിജയം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഒർലാൻഡോ സിറ്റിയെയാണ് ഇന്റർ മിയാമി കീഴടക്കിയത്. ലയണൽ മെസിയും ലൂയിസ് സുവാരസും മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയിരുന്നു.

    മെസിയെക്കാൾ മികച്ച പ്രകടനം സുവാരസ് നടത്തിയ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പുറമെ രണ്ട് അസിസ്റ്റും താരം സ്വന്തമാക്കി. മത്സരം പതിനൊന്നു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ജൂലിയൻ ഗ്രെസ്സലിന്റെ അസിസ്റ്റിൽ ലൂയിസ് സുവാരസ് രണ്ടു തവണയാണ് നിറയൊഴിച്ചത്. അതിനു ശേഷം ആദ്യപകുതിയിൽ തന്നെ തന്റെ നിസ്വാർത്ഥത വീണ്ടും കാണിച്ച സുവാരസ് റോബർട്ട് ടെയ്‌ലർ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

    ലയണൽ മെസിയുടെ രണ്ടു ഗോളുകളും വരുന്നത് രണ്ടാം പകുതിയിലാണ്. ആൽബ നടത്തിയ മനോഹരമായ ഒരു റണ്ണാണ് മെസിയുടെ ഗോളിൽ കലാശിച്ചത്. ആൽബ തന്നെ ഗോൾ ശ്രമം നടത്തിയെങ്കിലും അത് പോസ്റ്റിൽ തട്ടി തിരിച്ചു വന്നതിൽ നിന്നാണ് മെസി ഗോൾ നേടിയത്. അതിനു ശേഷം സുവാരസ് നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ മെസി ടീമിന്റെ അഞ്ചാമത്തെ ഗോളും കുറിച്ചു.

    മത്സരത്തിൽ വിജയം നേടിയതോടെ ഇന്റർ മിയാമി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായാണ് ഇന്റർ മിയാമി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പ്രീ സീസണിൽ മോശം പ്രകടനം നടത്തിയ ടീം സീസൺ ആരംഭിച്ചപ്പോൾ ഫോമിലെത്തിയെന്നാണ് ഇന്റർ മിയാമിയുടെ നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.

  6. ഇഞ്ചുറി ടൈമിൽ ലയണൽ മെസി രക്ഷകനായി, എതിരാളികളുടെ മൈതാനത്ത് പരാജയമൊഴിവാക്കി ഇന്റർ മിയാമി

    Leave a Comment

    ഇഞ്ചുറി ടൈമിൽ ലയണൽ മെസി രക്ഷകനായി എത്തിയപ്പോൾ അമേരിക്കൻ സോക്കർ ലീഗിൽ പരാജയം ഒഴിവാക്കി ഇന്റർ മിയാമി. ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ തൊണ്ണൂറാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് ഇന്റർ മിയാമി സമനില ഗോൾ നേടിയത്. മെസിയും ആൽബയും തമ്മിലുള്ള ഒത്തിണക്കമാണ് ഗോളിലേക്ക് വഴി തുറന്നത്.

    ഇന്റർ മിയാമിക്കെതിരെ തകർപ്പൻ പ്രകടനമാണ് ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി നടത്തിയത്. തുടക്കത്തിൽ തന്നെ ഒരു പെനാൽറ്റി അവർക്ക് ലഭിച്ചെങ്കിലും മുൻ ബാഴ്‌സലോണ താരം റിക്വി പുയ്‌ജ് അത് നഷ്‌ടമാക്കി. താരത്തിന്റെ കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ എഴുപത്തിയഞ്ചാം മിനുട്ടിൽ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി മുന്നിലെത്തി.

    അതിനു ശേഷം ഇന്റർ മിയാമി ആക്രമണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണ് ഇഞ്ചുറി ടൈമിൽ ലയണൽ മെസിയുടെ ഗോൾ വരുന്നത്. മെസിയും ആൽബയും ചേർന്നുള്ള വൺ ടു മുന്നേറ്റത്തിന് ശേഷം ബോക്‌സിലേക്ക് ആൽബ നൽകിയ പാസ് ഒരു സ്ലെഡ്‌ജിങ്‌ ഫിനിഷിംഗിലൂടെ മെസി വലയിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടു താരങ്ങളും തമ്മിലുള്ള ഒത്തിണക്കം വ്യക്തമാക്കിയ ഗോളായിരുന്നു അത്.

    ഇന്റർ മിയാമി ഈ സീസണിൽ രണ്ടാമത്തെ മത്സരമാണ് കളിക്കുന്നത്. രണ്ടു മത്സരങ്ങളിലും ലയണൽ മെസി ഗോളിൽ പങ്കാളിയായിരുന്നു. പ്രീ സീസണിൽ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തിയതെങ്കിലും സീസൺ ആരംഭിച്ചപ്പോൾ അതിൽ മാറ്റമുണ്ടായിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ സ്വന്തം മൈതാനത്ത് വിജയിച്ച ടീം എതിരാളികളുടെ മൈതാനത്ത് നേടിയ സമനില അത് തെളിയിക്കുന്നു.

  7. തുടക്കം ഗംഭീരമാക്കി മെസിയും സുവാരസും, പുതിയ സീസണിൽ ഇന്റർ മിയാമിക്ക് വിജയത്തുടക്കം

    Leave a Comment

    എംഎൽഎസ് പുതിയ സീസൺ ഇന്ന് ആരംഭിച്ചപ്പോൾ ഇന്റർ മിയാമിക്ക് വിജയത്തുടക്കം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ഇതോടെ പ്രീ സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ ഏഴിലും വിജയിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേടിന് ആശ്വാസം നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞുവെന്നതിൽ സംശയമില്ല.

    മത്സരത്തിൽ ടീമിലെ പ്രധാന താരങ്ങളായ ലയണൽ മെസിയും ലൂയിസ് സുവാരസും തിളങ്ങുകയുണ്ടായി. രണ്ടു പേർക്കും ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഓരോ അസിസ്റ്റ് വീതം സ്വന്തമാക്കിയിരുന്നു. ലയണൽ മെസി തന്നെയാണ് ഇന്റർ മിയാമിയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. എംഎൽഎസിലെ ആദ്യത്തെ മത്സരം തുടർച്ചയായി പതിനാലു തവണ തോറ്റിട്ടില്ലെന്ന സാൾട്ട് ലേക്കിന്റെ റെക്കോർഡാണ് ഇന്റർ മിയാമി ഇല്ലാതാക്കിയത്.

    ആദ്യപകുതിയിൽ റോബർട്ട് ടെയ്‌ലറാണ് ഇന്റർ മിയാമിയുടെ ആദ്യത്തെ ഗോൾ നേടിയത്. ലയണൽ മെസി നൽകിയ അസിസ്റ്റിൽ ഗോൾകീപ്പറുടെ പിഴവ് കൂടി വന്നപ്പോൾ ഇന്റർ മിയാമി മുന്നിലെത്തി. അതിനു ശേഷം രണ്ടാം പകുതിയുടെ എൺപത്തിമൂന്നാം മിനുട്ടിൽ മെസി നടത്തിയ മുന്നേറ്റത്തിനൊടുവിൽ സുവാരസ് നൽകിയ അസിസ്റ്റിൽ ഡീഗോ ഗോമസാണ്‌ രണ്ടാമത്തെ ഗോൾ നേടിയത്.

    എംഎൽഎസിലെ ആദ്യത്തെ മത്സരത്തിൽ നേടിയ വിജയം ഇന്റർ മിയാമിക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. കഴിഞ്ഞ സീസണിൽ അവസാനസ്ഥാനങ്ങളിൽ ആയിരുന്നു ഇന്റർ മിയാമി നിന്നിരുന്നത്. ഈ സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താമെന്നും കിരീടങ്ങൾ സ്വന്തമാക്കാമെന്നുമുള്ള പ്രതീക്ഷ ഇന്റർ മിയാമിക്കുണ്ട്.

  8. എംഎൽഎസ് ഇനി മെസി ലീഗായി മാറും, വമ്പൻ താരനിരയുമായി ഇന്റർ മിയാമി നാളെ കളത്തിൽ

    Leave a Comment

    ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടമുയർത്തിയതിനു പിന്നാലെ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് എംഎൽഎസിനു നൽകിയ പ്രസിദ്ധി ചെറുതല്ല. സീസണിന്റെ പകുതിയിലാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത്. അതിനു ശേഷം ഇന്റർ മിയാമിക്ക് ലീഗ്‌സ് കപ്പ് വിജയത്തിലൂടെ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാൻ താരത്തിനായി.

    പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ലയണൽ മെസി പല മത്സരങ്ങളിലും പുറത്തിരുന്നത് എംഎൽഎസിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. പ്ലേ ഓഫിന് പോലും യോഗ്യത നേടാതിരുന്ന ടീം പക്ഷെ ഇത്തവണ ഐഎസ്എൽ സീസണിനായി ഒരുങ്ങുന്നത് കിരീടം ലക്‌ഷ്യം വെച്ച് തന്നെയാണ്. നാളെ ഇന്റർ മിയാമിയുടെ മത്സരത്തോടെയാണ് പുതിയ എംഎൽഎസ് സീസൺ തുടങ്ങുന്നത്.

    സാൾട്ട് ലേക്ക് എഫ്‌സിയുമായാണ് ഇന്റർ മിയാമിയുടെ ആദ്യത്തെ മത്സരം. പ്രീ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ സീസണിലെ ആദ്യത്തെ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയാൽ മാത്രമേ അവർക്ക് ആത്മവിശ്വാസം നേടാനും ഫോം തെളിയിക്കാനും കഴിയുകയുള്ളൂ.

    കഴിഞ്ഞ സീസണിൽ ജോർഡി ആൽബ, ബുസ്‌ക്വറ്റ്സ് എന്നിവർ ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിൽ എത്തിയെങ്കിൽ ഈ സീസണിൽ ലൂയിസ് സുവാരസാണ് ഇന്റർ മിയാമിയിൽ ചേർന്ന പ്രധാന താരം. ഇതുവരെ മികവ് പുറത്തെടുക്കാൻ കഴിയാത്ത താരങ്ങൾക്കും ടീമിനും നാളെ അത് കാണിച്ചേ മതിയാകൂ. ഈ സീസണിൽ മെസിക്കും സംഘത്തിനും ചിലത് തെളിയിക്കാനുണ്ട്.

  9. മെസിയെ വിടാൻ സൗദി അറേബ്യ ഒരുക്കമല്ല, എണ്ണൂറു മില്യൺ ഡോളറിന്റെ പുതിയ പദ്ധതി വരുന്നു

    Leave a Comment

    ആധുനിക ഫുട്ബോളിൽ സൗദി അറേബ്യ ഒരു വിപ്ലവം തന്നെയാണ് ഒരു വർഷമായി നടത്തുന്നത്. വമ്പൻ തുക മുടക്കി യൂറോപ്പിലെ നിരവധി താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്റ്റ്യാനൊ റൊണാൾഡോ അടക്കമുള്ള നിരവധി താരങ്ങൾ ഇപ്പോൾ സൗദിയിലാണ്. ലയണൽ മെസിയെ സ്വന്തമാക്കാനും സൗദി അറേബ്യ ശ്രമം നടത്തിയിരുന്നു.

    ലയണൽ മെസിക്കായി സൗദി അറബ്യൻ ക്ലബായ അൽ ഹിലാലാണ് ശ്രമം നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക താരത്തിനായി അൽ ഹിലാൽ പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തെങ്കിലും ലയണൽ മെസി അത് വേണ്ടെന്നു വെക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ കൂടി താൽപര്യം പരിഗണിച്ച് താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറി.

    View this post on Instagram

    A post shared by Leo Messi (@leomessi)

    എന്നാൽ ലയണൽ മെസിയെ കൂടെ നിർത്തുകയെന്നത് സൗദി അറേബ്യയുടെ ആവശ്യമാണ്. സൗദി ടൂറിസം അംബാസിഡറായി നിയമിക്കപ്പെട്ട ലയണൽ മെസിയെ വെച്ച് വലിയ പദ്ധതിയാണ് അവർ തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയിൽ ടൂറിസം വളർത്താനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസം ഹബ് ആക്കുന്നതിനും എണ്ണൂറു മില്യൺ ഡോളർ ചെലവഴിക്കാനാണ് അവർ ഒരുങ്ങുന്നത്.

    രാജ്യത്തെ ടൂറിസം ഹബ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുടെ മുഖമായി അവർ കണക്കാക്കുന്നത് ലയണൽ മെസിയെയാണ്. 2023ലാണ് ലയണൽ മെസിയെ ടൂറിസം അംബാസിഡറായി സൗദി നിയമിച്ചത്. 2026 വരെ താരവുമായി അവർക്ക് കരാറുണ്ട്. അതിനു ശേഷം അത് പുതുക്കാൻ തന്നെയുള്ള പദ്ധതിയാണ് സൗദി അറേബ്യക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ.

  10. മെസിയും ഇന്റർ മിയാമിയും ചതിച്ചു, കട്ടൗട്ടിലെ തല അടിച്ചു തകർത്ത് ആരാധകരുടെ പ്രതിഷേധം

    Leave a Comment

    പുതിയ സീസണിന് മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്ന ഇന്റർ മിയാമി ഇന്നലെയാണ് ആദ്യത്തെ വിജയം സ്വന്തമാക്കുന്നത്. ഇതുവരെ ആറു മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി ഇന്നലെ നടന്ന മത്സരത്തിൽ ഹോങ്കോങ്‌ ടീമിനെതിരെയാണ് വിജയം നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി ചൈനയിൽ വിജയം സ്വന്തമാക്കിയത്.

    മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. മത്സരത്തിനായി എത്തിയ നാല്പത്തിനായിരത്തോളം വരുന്ന കാണികളെ തീർത്തും നിരാശരാക്കുന്ന തീരുമാനമായിരുന്നു അത്. അതിന്റെ പ്രതിഷേധം അവർ കാണിക്കുകയും ചെയ്‌തു. ലയണൽ മെസിക്ക് പുറമെ ഇന്റർ മിയാമി ടീമിലെ മറ്റൊരു പ്രധാന താരമായ ലൂയിസ് സുവാരസും മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നില്ല.

    മത്സരത്തിനിടയിൽ ആരാധകർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലയണൽ മെസിയെ കാണാൻ വേണ്ടി വമ്പൻ തുക മുടക്കി ടിക്കറ്റെടുത്ത് അതു നടക്കാതെ വന്ന ആരാധകർ ഇന്റർ മിയാമി ടീമിലെ താരങ്ങളെ കൂക്കി വിളിച്ചു. അതിനു പുറമെ തങ്ങളുടെ പണം തിരികെ നൽകണമെന്ന ആവശ്യവും അവർ ഉയർത്തി. സംഭവത്തിൽ ഹോങ്കോങ് ഗവണ്മെന്റും ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    രോഷത്തിൽ ഒരു ആരാധകൻ ലയണൽ മെസിയുടെ കട്ടൗട്ടിലെ തല ചവുട്ടിത്തെറിപ്പിക്കുന്ന വീഡിയോ വൈറലായി മാറിയിട്ടുണ്ട്. തങ്ങളുടെ രോഷം അതിലൂടെ അവർ വ്യക്തമാക്കുന്നു. നേരത്തെ റിയാദിൽ മെസി സമാനമായ സാഹചര്യത്തിൽ പത്ത് മിനുട്ട് കളിക്കളത്തിൽ ഇറങ്ങിയിരുന്നു. ഇനി വീസൽ കൊബെക്കെതിരെയാണ് ഇന്റർ മിയാമിയുടെ അടുത്ത മത്സരം.