Tag Archive: I LEAGUE

 1. ആക്രമണകാരിയായ കോച്ച്, മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു

  Leave a Comment

  തേഡ് ഐ – കമാല്‍ വരദൂര്‍

  സമ്മര്‍ദ്ദമെന്നത് മൈതാനത്ത് അപരിചിതമായ പദമല്ല. സമ്മര്‍ദ്ദത്തെ സമയോചിതം കൈകാര്യം ചെയ്യണമെന്നതാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. പക്ഷേ ഒരു സമ്മര്‍ദ്ദവും നിങ്ങളുടെ നിലപാടിനെ മാറ്റില്ലെങ്കിലോ…? അവിടെയാണ് 36 കാരനായ ഗോകുലത്തിന്റെ ഇറ്റാലിയന്‍ കോച്ച് വിസെന്‍സോ അനിസിനെ അഭിനന്ദിക്കേണ്ടത്.

  15 മല്‍സരങ്ങളാണ് ടീം അദ്ദേഹത്തിന് കീഴില്‍ കളിച്ചത്. എല്ലാ മല്‍സരത്തിലും ഒരേ നിലപാട്-ആക്രമണം. ഇന്നലെ അവസാന മല്‍സരമായിരുന്നു. ആദ്യ പകുതിയില്‍ ടീം ഒരു ഗോളിന് പിറകില്‍. രണ്ടാം പകുതി 25 മിനുട്ട് പിന്നിടുമ്പോഴും ഈ കമ്മിയില്‍ തന്നെ ടീം. വിസെന്‍സോ ഓള്‍ ഔട്ട് ആക്രമണപാദയിലാണ്. പക്ഷേ ഗോള്‍ മാത്രം പിറക്കുന്നില്ല.

  അവസാനം മുഹമ്മദ് ഷരിഫിന്റെ ഫ്രീകിക്ക് ഗോളാവുന്നു. സമനില കൈവരിച്ചിട്ടും കോച്ച് തന്റെ മുന്‍നിരക്കാരെ ചട്ടം കെട്ടുന്നു- ഓടിക്കയറാന്‍. എമില്‍ ബെന്നി രണ്ടാം ഗോള്‍ നേടുന്നു. ഡെന്നിസ് മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നു. മല്‍സരം അവസാനത്തിലേക്ക് പോവുമ്പോള്‍ സ്വാഭാവികമായും പ്രതിരോധ ജാഗ്രത എന്ന സമയോചിത തീരുമാനമായിരിക്കും പരിശീലകര്‍ കൈ കൊള്ളുക.

  പക്ഷേ വിസെന്‍സോക്ക് മാറ്റമില്ല. അദ്ദേഹത്തിന്റെ മുന്‍നിരക്കാര്‍ അതാ വീണ്ടും ഗോള്‍ നേടുന്നു….. അങ്ങനെ നാല് ഗോളുകള്‍. നിര്‍ണായകമായ മല്‍സരത്തില്‍ ഗോളുകളേക്കാള്‍ സമീപനത്തില്‍ പരിശീലകരും ടീം മാനേജ്മെന്റും ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇറ്റലിക്കാരന്‍ അതിന് മുതിര്‍ന്നില്ല.

  ടീം ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയത് അവസാന മല്‍സരത്തില്‍. സ്വന്തം നിലപാടിന് വിസെന്‍സോക്ക്് പറയാന്‍ ന്യായമുണ്ട്-പ്രഹര ശേഷിക്കാരാണ് തന്റെ മുന്‍നിരക്കാരും മധ്യനിരക്കാരും. പന്ത് കിട്ടിയാല്‍ അവര്‍ ഊര്‍ജ്ജസ്വലരാവും. പ്രതിരോധത്തിലുന്നിയുളള ഗെയിം അവരെ പഠിപ്പിച്ചിട്ടില്ല.

  വിസെന്‍സോക്ക് മാനേജ്മെന്റിന്റെ പൂര്‍ണ പിന്തുണയുണ്ട്. ടീം സി.ഇ.ഒ വി.സി പ്രവീണ്‍, ഗോകുലം ഗ്രൂപ്പ് തലവന്‍ ഗോകുലം ഗോപാലന്‍ തുടങ്ങിയവരാരും കോച്ചിന്റെ ഗെയിം പ്ലാനില്‍ ഇടപെടാറില്ല. പ്രൊഫഷണല്‍ ഫുട്ബോളിലെ വലിയ പാഠങ്ങള്‍ സ്വന്തം താരങ്ങള്‍ക്ക് വിസെന്‍സോ പറഞ്ഞ് കൊടുക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതില്‍ പ്രധാനം തല താഴ്ത്താതിരിക്കലായിരുന്നു.

  90 മിനുട്ടും പിന്നെ ഇഞ്ച്വറി സമയത്തിലും കളിയുണ്ട്. റഫറി ലോംഗ് വിസില്‍ മുഴക്കുന്നത് വരെ നിങ്ങള്‍ക്ക്് ജയിക്കാം തോല്‍ക്കാം. മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു-96 മിനുട്ടിലും. 96-ാം മിനുട്ടിലും ഗോള്‍ നേടാന്‍ കഴിഞ്ഞത് അത് കൊണ്ടാണല്ലോ….

 2. ഗോകുലം ഐലീഗ് കിരീടത്തിന് തൊട്ടടുത്ത്, മുഹമ്മദന്‍സിനെ തകര്‍ത്തു

  Leave a Comment

  ഐ ലീഗില്‍ മുഹമ്മദന്‍സിനെ ഗോകുലം കേരളയെ തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്തയില്‍ വച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം മുഹമ്മദന്‍സിനെ കീഴ്‌പ്പെടുത്തിയത്. ഡെന്നി ആന്റ്വി ആണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്.

  സുജിത് സദു മൊഹമ്മദന്‍സിനായി ഒരു ഗോള്‍ മടക്കി. ലീഗില്‍ ഇനി നടക്കാനുള്ള അവസാന മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഗോകുലത്തിന് ലീഗ് കിരീടം ഉറപ്പിക്കാനാവും.

  ആദ്യം മുതല്‍ക്ക് തന്നെ ആക്രമണം തുടങ്ങിയ ഗോകുലം 19ആം മിനിട്ടില്‍ തന്നെ ലീഡെടുത്തു. മനോഹരമായ ഒരു വോളിയിലൂടെയായിരുന്നു ആന്റ്വിയുടെ ഫിനിഷ്. 33ആം മിനിട്ടില്‍ അടുത്ത ഗോളെത്തി. ആദ്യ പകുതിയും മത്സരത്തിന്റെ 84 മിനിട്ടും ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. 84ആം മിനിട്ടില്‍ ഒരു ഫ്രീ കിക്കില്‍ നിന്ന് മൊഹമ്മദന്‍സ് ഗോള്‍ മടക്കി. ഈ ഗോള്‍ ഗോകുലത്തെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റ് ഗോളുകള്‍ വഴങ്ങാതെ ഗോകുലം വിജയിക്കുകയായിരുന്നു.

  ഇന്ന് ഉച്ചക്ക് ട്രാവുവും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതാണ് ഗോകുലത്തെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്. ചര്‍ച്ചിലിനും ട്രാവുവിനും ഗോകുലത്തിനും ഇപ്പോള്‍ 26 പോയിന്റ് വീതമാണ് ഉള്ളത്. ലീഗിലെ അവസാന മത്സരമാണ് ഇനി നടക്കാനുള്ളത്.

  ട്രാവു ആണ് മത്സരത്തില്‍ ഗോകുലത്തിന്റെ എതിരാളികള്‍. ഗോള്‍ ശരാശരിയിലും പോയിന്റിലും ഇരു ടീമുകളും തുല്യരാണ്. അതുകൊണ്ട് തന്നെ ഈ കളി ജയിക്കുന്നവര്‍ ലീഗ് ചാമ്പ്യന്മാരാവും. പഞ്ചാബ് എഫ്‌സിക്കെതിരെയാണ് ചര്‍ച്ചിലിന്റെ അവസാന മത്സരം. ഗോള്‍ ശരാശരിയില്‍ ട്രാവുവും ഗോകുലവും ഏറെ മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് തന്നെ ഈ കളി വിജയിച്ചാലും ചര്‍ച്ചിലിന് ഒന്നാമതെത്താന്‍ കഴിയില്ല.

 3. തകര്‍പ്പന്‍ ജയവുമായി ഗോകുലം, ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുന്നു!

  Leave a Comment

  ഐലീഗില്‍ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ട്രാവു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള തോല്‍പ്പിച്ചത്.

  മലയാളി യുവതാരം എമില്‍ ബെന്നിയാണ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്. പതിനാറാം മിനുട്ടില്‍ ഒരു ഇടം കാലന്‍ വോളിയിലൂടെ ആയിരുന്നു എമിലിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ 57ാം മിനുട്ടില്‍ ശരീഫ് മുഹമ്മദ് ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. ബെന്നിയുടെ കോര്‍ണറില്‍ നിന്ന് പന്ത് ലഭിച്ച ഷെറിഫിന്റെ ഷോട്ട് വല തുളച്ച് കയറുക ആയിരുന്നു.

  86ാം മിനുട്ടില്‍ സൊഡിങ്‌ലിയാനയുടെ ഗോള്‍ ഗോകുലത്തിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. 86ാം മിനുട്ടില്‍ ടര്‍സ്‌നോവ് ആണ് ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

  ഈ വിജയം ഗോകുലം കേരളയെ 10 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തിച്ചു. ഒന്നാമതുള്ള മുഹമ്മദന്‍സിനേക്കാല്‍ മൂന്ന് പോയിന്റ് മാത്രം പിറകിലാണ് ഇപ്പോള്‍ ഗോകുലം കേരള ഉള്ളത്. ട്രാവു ഏഴു കളികളില്‍ നിന്നും പത്തു പോയിന്റ് നേടി മൂന്നാം സ്ഥാനത്താണുള്ളത്.

 4. ഐഎസ്എല്‍ താരത്തേയും ടീമിലെത്തിച്ചു, വീണ്ടും ഞെട്ടിച്ച് മുഹമ്മദന്‍

  Leave a Comment

  ഐലീഗ് രണ്ടാം ഡിവിഷന്‍ ക്ലബായിട്ടും വന്‍ മുന്നൊരുക്കം നടത്തുന്ന മുഹമ്മദന്‍ സോക്കര്‍ ക്ലബ് മറ്റൊരു മികച്ച താരത്തെ കൂടി ടീമിലെത്തിച്ചു. മണിപ്പൂരി വിങറായ സുഭാഷ് സിംഗിനെയാണ് ഏറ്റവും ഒടുവില്‍ മുഹമ്മദന്‍ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

  താല്‍ക്കാലിക കരാറിലാണ് സുഭാഷ് സിംഗിനെ മുഹമ്മദന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐലീഗ് ഒന്നാം ഡിവിഷന്‍ മുഹമ്മദന്‍ എത്തുകയാണെങ്കില്‍ സുഭാഷ് മുഹമ്മദന്‍ ക്ലബില്‍ തുടരും.

  31കാരനായ സുഭാഷ് ഐഎസ്എല്‍ ക്ലബുകളിലടക്കം പന്ത് തട്ടിയുളള താരമാണ്. ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഷില്ലോങ് ലജോങ്, റിയല്‍ കാശ്മീര്‍ മുംബൈ സിറ്റി എഫ്‌സി എന്നീ ക്ലബുകളിലായിരുന്നു നെരോകയില്‍ എത്തും മുമ്പ് സുഭാഷ് കളിച്ചിരുന്നത്.

  നേരത്തെ മലയാളി താരം ഗാനി അഹമ്മദ്, ഇന്ത്യന്‍ വണ്ടര്‍ കിഡ് ഡാനിഷ് അലി. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സാമുവല്‍ എന്നിവരേയും മുഹമ്മദന്‍ ടീമിലെത്തിച്ചിരുന്നു.

  ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍ ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

  മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്‌ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്റെ ഉടമ.

 5. വീണ്ടും അമ്പരപ്പിച്ച് മുഹമ്മദന്‍സ്, മലയാളി സര്‍പ്രൈസ് താരത്തെ സ്വന്തമാക്കി

  Leave a Comment

  മലയാളി യുവതാരം ഗാനി അഹമ്മദിനെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദന്‍ സോക്കര്‍ ക്ലബ്. ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയില്‍ നിന്നാണ് മലയാളി മിഡ്ഫീല്‍ഡറെ മുഹമ്മദന്‍ സ്വന്തമാക്കിയത്. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗാനി മുമ്പ് ഗോകുലം കേരള, പൂനെ സിറ്റി ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

  മലപ്പുറം എംഎസ്പി സ്‌കൂള്‍ പ്രെഡക്റ്റാണ് ഗനി അഹമ്മദ്. സുബ്രതോ കപ്പിലെ മികച്ച പ്രകടനമാണ് ഗനിയെ ശ്രദ്ധേയനാക്കിയത്. പൂണെ സിറ്റി എഫ്‌സി റിസര്‍വ് ടീമിലൂടെയാണ് ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമായി ഗനിയെത്തിയത്. പൂണെ സീനിയര്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ഗനിയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

  പിന്നീട് ഗോകുലം കേരളയുടെ ഭാഗമായി ഐലീഗില്‍ അരങ്ങേറ്റം കുറിച്ചു. ഷില്ലോംഗ് ലജോംഗ് എഫ്സിയ്‌ക്കെതിരെയാണ് ഗനിയുടെ അരങ്ങേറ്റ ഐലീഗ് ഗോള്‍. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ഐഎസ്എള്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറിയത്. പകരക്കാരനായി അഞ്ച് മത്സരങ്ങളിലാണ് ഹൈദരാബാദിനായി ഗനി ബൂട്ടണിഞ്ഞത്.

  കൂടുതല്‍ പ്ലേ ടൈം കിട്ടുന്നതിന്റെ ഭാഗമായായാണ് ഗനി ഇത്തവണ മുഹമ്മദന്‍ ക്ലബിന്റെ ഭാഗമാകുന്നത്. നേരത്തെ നിരവധി സൂപ്പര്‍ താരങ്ങളെ മുഹമ്മദന്‍ ടീമിലെത്തിച്ചിരുന്നു. 130 വര്‍ഷത്തെ പാരമ്പര്യമുളള ക്ലബ് നിലവില്‍ ഐലീഗ് സെക്കന്റ് ഡിവിഷനിലാണ് കളിക്കുന്നത്. മികച്ച പ്രകടനം നടത്തി ഐലീഗില്‍ തിരിച്ചെത്താനും അതുവഴി ഐഎസ്എല്ലില്‍ പ്രവേശിക്കാനുമാണ് മുഹമ്മദന്‍ തയ്യാറെടുക്കുന്നത്.

 6. കേരള ക്ലബിനെ സ്വന്തമാക്കാന്‍ ദുബൈയിലെ വന്‍ കമ്പനി ഒരുങ്ങുന്നു

  Leave a Comment

  ഐലീഗ് സെക്കന്‍ ഡിവിഷനില്‍ കളിക്കുന്ന കേരള ക്ലബ് ലൂക്ക സോക്കറിന് ദുബൈയില്‍ നിന്നും നിക്ഷേപം എത്തുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് കേരള ക്ലബില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ലൂക്ക ക്ലബിന്റെ 85 ശതമാനം ഓഹരികള്‍ ദുബൈ കമ്പനി സ്വന്തമാക്കുമെന്നാണ് പുറ്തത് വരുന്ന റിപ്പോര്‍ട്ട്.

  കൂടാതെ ലൂക്കാ സോക്കറിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരും ദുബൈ കമ്പനിയാായിരിക്കും. എന്നാല്‍ കമ്പനിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. കേരള ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്തകളിലൊന്നാണ് ഇതോടെ പുറത്ത് വരുന്നത്.

  നേരത്തെ ഐലീഗില്‍ന നേരിട്ടുളള എന്‍ട്രിയ്ക്ക് ലൂക്ക സോക്കര്‍ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം പിന്‍മാറുകയായിരുന്നു. മലയപ്പുറം കോട്ടപ്പടി സ്റ്റേഡിയം ആണ് ലൂക്ക സോക്കറിന്റെ ഹോം ഗ്രൗണ്ട്. മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേന്ദ്രീകരിച്ചാകും അടുത്ത സീസണില്‍ ലൂക്ക തയ്യാറെടുപ്പുകള്‍ നടത്തുക.

  കഴിഞ്ഞ സീസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ ഉണ്ടായിരുന്ന ടീമാണ് ലൂക്ക സോക്കര്‍. മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി താരമായ നവാസും മുസ്തഫ കമാലും ആണ് ലുക്കാ സോക്കര്‍ ക്ലബിന്റെ അണിയറയില്‍ ഉള്ളത്.

 7. സല്യൂട്ട് ഗോകുലം, മറ്റൊരു കേരള താരത്തെ കൂടി ടീമിലെത്തിച്ച് മലബാരിയന്‍സ്

  Leave a Comment

  കേരളത്തിലെ ഏക ഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയിലേക്ക് മറ്റൊരു കേരള താരം കൂടി. കേരളത്തിന്റെ സന്തോഷ് ട്രോഫി താരം റിഷാദ് പി പി (25) ഗോകുലം കേരള എഫ് സിയില്‍ കളിക്കും. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന താരം, മലപ്പുറം തിരൂര്‍ സ്വദേശിയാണ്.

  ഈ സീസണില്‍ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്. കേരള പ്രീമിയര്‍ ലീഗില്‍ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ ഡല്‍ഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട്.

  ഡി എസ് കെ ശിവാജിയന്‍സ്, മുംബൈ എഫ് സി ടീമുകളുടെ അക്കാഡമിയിലും റിഷാദ് കളിച്ചിട്ടുണ്ട്. ഗോകുലവുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ആണ് റിഷാദ് ഒപ്പു വെച്ചത്.

  ”ഗോകുലത്തില്‍ കളിക്കുവാന്‍ കഴിയുന്നതില്‍ എനിക്കു വളരെ അധികം സന്തോഷം ഉണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഗോകുലത്തിന്റെ ഒട്ടു മിക്ക കളികളും ഞാന്‍ കോഴിക്കോട് വന്നു കണ്ടിട്ടുണ്ട്. ഇനി അവര്‍ക്കു വേണ്ടി ഐ ലീഗ് കളിക്കണം,” റിഷാദ് പറഞ്ഞു.

  ”നല്ല ടഫ് ആയിട്ടുള്ള ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ ആണ് റിഷാദ്. നല്ല കഠിനാധ്വാനിയും, ജയിക്കണം എന്ന വാശിയും ഉണ്ട് റിഷാദിനു. സെക്കന്റ് ഡിവിഷനിലും കെ പി ല്‍ പോലെ ഉള്ള ടൂര്‍ണമെന്റുകളില്‍ കളിച്ചു നല്ല പരിചയം ഉണ്ട് റിഷാദിനു,” ഗോകുലം എഫ് സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് പറഞ്ഞു.

 8. ഐലീഗില്‍ കയറിപറ്റി സ്പാനിഷ് ബന്ധമുളള ഇന്ത്യന്‍ സൂപ്പര്‍ ക്ലബ്

  Leave a Comment

  ഐലീഗിലേക്ക് നേരിട്ടുളള പ്രവേശനം നേടി ഡല്‍ഹിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൂപ്പര്‍ ക്ലബ് സുദേവ എഫ്‌സി. മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലേക്ക് മാറിയ ഒഴിവിലേക്കാണ് ഒരു ടീമിനെ നേരിട്ട് ഐലീഗിലേക്ക് തിരഞ്ഞെടുക്കാന്‍ എ ഐ എഫ് എഫ് തീരുമാനിച്ചത്. ഇതിനായി ലേല നടപടികളും ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയിരുന്നു.

  മൂന്ന് ടീമുകളാണ് ഐലീഗില്‍ നേരിട്ട് പ്രവേശിക്കാനുളള ബിഡില്‍ പങ്കെടുത്തത്. സുദേവയ്ക്ക പുറമെ വിശാഖപട്ടണത്തില്‍ നിന്നുള്ള ശ്രീനിധി ഫുട്‌ബോള്‍ ക്ലബ്, ഷില്ലോങില്‍ നിന്നുള്ള റൈന്റിഹ് ക്ലബ് എന്നിവരായിരുന്നു ഐലീഗ് പ്രവേശനത്തിന് ശ്രമിച്ചത്. ഒടുവില്‍ സുദേവയെ തെരഞ്ഞെടുക്കാന്‍ എ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു.

  മികച്ച അക്കാദമിയും അടിസ്ഥാന സൗകര്യങ്ങളുമാണ് സുദേവയ്ക്ക് തുണയായത്. സ്പാനിഷ് ക്ലബുമായി ഇതിനോടകം തന്നെ ടൈഅപ്പുളള ടീമാണ് സുദാേവ. 2014ല്‍ ആരംഭിച്ച ക്ലബ് നേരത്തെ സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കളിച്ചിട്ടുണ്ട്. ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയമാകും സുദേവയുടെ ഹോം ഗ്രൗണ്ട്.

  നവംബറില്‍ ഐ ലീഗ് ആരംഭിക്കാന്‍ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബ് ആയത് കൊണ്ട് ആദ്യ സീസണില്‍ സുദേവ റിലഗേഷന്‍ നേരിടേണ്ടതില്ല. കോവിഡ് മഹാമാരി കാരണം കൊല്‍ക്കത്തയിലാകും ഐലീഗ് ഇത്തവണ നടക്കുക.

 9. മുന്‍ എടികെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ റാഞ്ചി ഗോകുലം എഫ്‌സി

  Leave a Comment

  പുതിയ അറ്റാക്കിംഗ് മിഡ് ഫീല്‍ഡറെ ടീമിലെത്തിച്ച് കേരളത്തിന്റെ ഏക ഐലീഗ് ക്ലബ് ഗോകുലം കേരള. ഐലീഗ് ക്ലബ് നെരോക്ക എഫ്‌സിയ്ക്കായി കളിക്കുന്ന 23കാരന്‍ റൊണാള്‍ഡ് സിംഗിനെയാണ് ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്. മണിപ്പൂര്‍ സ്വദേശിയാണ് റൊണാള്‍ഡ് സിംഗ്.

  കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നെരോക്ക എഫ്‌സിയിലെ സ്ഥിര സാന്നിധ്യമായിരുന്നു റൊണാള്‍ഡ് സിംഗ്. ഐലീഗില്‍ നൊരോക്കയ്ക്കായി 22 മത്സരങ്ങല്‍ റൊണാള്‍ഡ് സിംഗ് ബൂട്ടണിഞ്ഞു.

  2017-18 സീസണില്‍ ഐഎസ്എല്ലില്‍ എടികെയ്ക്കായി കളിച്ചിട്ടുളള താരമാണ് റൊണാള്‍ഡ് സിംഗ്. എന്നാല്‍ അന്ന് താരസമ്പന്നമായ എടികെയില്‍ രണ്ട് മത്സരം മാത്രം കളത്തിലിറങ്ങാനാണ് മണിപ്പൂരി താരത്തിന് ആയുള്ളു. ആ സീസണില്‍ പകുതി വെച്ച് ട്രായുവിലേക്ക് താരം ലോണില്‍ പോകുകയായിരുന്നു. ട്രായുവിനായി ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിരുന്നു.

  മിനര്‍വ്വ പഞ്ചാബിനായി കളിച്ചാണ് റൊണാള്‍ഡ് സിംഗ് പ്രെഫഷണല്‍ ഫുട്‌ബോളില്‍ പിച്ചവെച്ചത്. അവിടെ നിന്ന് സൗത്തേണ്‍ സമിതിയ്ക്കായി താരം കളിച്ചിട്ടുണ്ട്.

 10. ഈസ്റ്റ് ബംഗാളിനെ ബാഴ്‌സലോണയാക്കും, സ്വന്തമാക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്‍

  Leave a Comment

  കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ പഞ്ചാബ് എഫ്‌സി (മിനര്‍വ്വ പഞ്ചാബ്) ഉടമ രഞ്ജിത്ത് ബജാജ്. ഇപ്പോള്‍ ഭൂരിഭാഗം ഓഹരിയും കൈവശം വെച്ചിരിക്കുന്ന ക്വിസില്‍ നിന്ന് ഓഹരികള്‍ കൈപറ്റാനാണ് രഞ്ജിത്ത് ബജാജ് ആഗ്രഹം തുറന്ന് പറഞ്ഞത്. നിലവില്‍ 70 ശതമാനം ഓഹറികളാണ് ക്വിസിന് ഉളളത്. 30 ശതമാനം ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റിനാണ് ഓഹരിയവകാശം.

  ‘കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ക്വിസ് ഉടമകളുമായി ഞാന്‍ ചര്‍ച്ചകള്‍ നടത്തന്നുണ്ട്. ക്വിസ് കൈവശം വെച്ചിരിക്കുന്ന 70 ശതമാനം ഓഹരികളും ഈ നിമിശത്തില്‍ പണം നല്‍കി വാങ്ങാന്‍ ഞാന്‍ തയ്യാറാണ്’ രഞ്ജിത്ത് ബജാജ് പറയുന്നു.

  ‘എന്നാല്‍ ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റുമായി ക്വിസ് ഉണ്ടാക്കിയേക്കുന്ന ഉടമ്പടി പ്രകാരം മൂന്നാമത് ഒരു കക്ഷിയ്ക്ക് ഓഹരി വില്‍ക്കണമെങ്കില്‍ ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റിന്റെ അനുമതി ആവശ്യമാണ്. നിരവധി വിഷയത്തില്‍ ക്വിസ് ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റുമായി നെഗോസിയേഷന്‍ നടക്കുകയാണ്. എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ’ രഞ്ജിത്ത് ബജാജ് കൂട്ടിചേര്‍ത്തു.

  ഈസ്റ്റ് ബംഗാളിനെ ബാഴ്‌സലോണ ക്ലബ് മോഡല്‍ പുനരുദ്ധരിക്കുമെന്നും കൂടുതല്‍ ഷെയര്‍ ആരാധകര്‍ക്കായിരിക്ക് നല്‍കാനുമാണ് താന്‍ ലക്ഷ്യമിടുന്്‌നതെന്നും ബജാജ് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ലോകോത്തര നിലവാരമുളള ഒരു അക്കാദമി അവര്‍ അര്‍ഹിക്കുന്നതായും ബജാജ് പറയുന്നു.

  ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഈ വര്‍ഷം ഉണ്ടാകില്ല എന്നതോടെയാണ് മാനേജുമെന്റും സ്‌പോണ്‍സറായ ക്വിസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയത്. ക്വിസ് ഈസ്റ്റ് ബംഗാളുമായി ബന്ധം ഉപേക്ഷിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് രഞ്ജി ബജാജിന്റെ കടന്ന് വരവ്.