Tag Archive: Gokulam Kerala

  1. കേരള ബ്ലാസ്റ്റേഴ്‌സ് പതറുമ്പോൾ ഗോകുലം കേരള കുതിക്കുന്നു, തുടർച്ചയായ നാലാമത്തെ വിജയവുമായി കേരളത്തിന്റെ അഭിമാനടീം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവുമായി ആരാധകരെ നിരാശയിലാക്കുമ്പോൾ ഐ ലീഗിൽ കേരളത്തിന്റെ അഭിമാനമുയർത്തുന്ന പ്രകടനമാണ് ഗോകുലം കേരള നടത്തുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെ കീഴടക്കിയതോടെ ഈ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം തുടർച്ചയായ നാലാമത്തെ വിജയമാണ് ഗോകുലം കേരള സ്വന്തമാക്കുന്നത്.

    സൂപ്പർകപ്പിൽ തിളങ്ങാൻ ഗോകുലം കേരളക്ക് കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം നടന്ന ഐ ലീഗ് മത്സരങ്ങളിലെല്ലാം മികച്ച വിജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ തന്നെ വളരെ ശക്തമായ പോരാട്ടമാണ് ഗോകുലം കേരളയുടെ ഭാഗത്തു നിന്നുമുണ്ടായത്. കൃഷിയിടങ്ങളുടെ നടുവിലുള്ള മൈതാനത്ത് കനത്ത കാറ്റിനെ അതിജീവിച്ചാണ് ഗോകുലം കേരള വിജയം നേടിയത്.

    നാൽപത്തിയഞ്ചാം മിനുട്ടിൽ ഗസാമ നേടിയ ഗോളിൽ ഡൽഹി എഫ്‌സിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. അതിനു ശേഷം ഗോകുലം കേരള പൊരുതിയെങ്കിലും എൺപത്തിയഞ്ചാം മിനുട്ട് വരെ ഡൽഹി തന്നെ മുന്നിൽ നിന്നത്. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിൽ പെനാൽറ്റിയിലൂടെ സാഞ്ചസ് ഗോകുലത്തെ മുന്നിലെത്തിച്ചു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ലാലിൻസങ്ങ കൂടി ഗോൾ നേടിയതോടെ വിജയം സ്വന്തമായി.

    വിജയത്തോടെ നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മൊഹമ്മദൻ, മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന റിയൽ കാശ്മീർ എഫ്‌സി, ശ്രീനിധി ഡെക്കാൻ എന്നിവരാണ് ഗോകുലത്തിനു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീം. ഇതിനു മുൻപ് ഐ ലീഗ് കിരീടം ഉയർത്തിയിട്ടുള്ള ഗോകുലത്തിനു ഐ ലീഗ് ജേതാക്കളായി ഐഎസ്എല്ലിൽ എത്താൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  2. ഐഎസ്എൽ താരങ്ങളെ വെല്ലുന്ന ഗോളടിമികവ്, കൈപ്പത്തിയില്ലാത്ത സാഞ്ചസിന്റെ മാന്ത്രികപ്രകടനം തുടരുന്നു

    Leave a Comment

    ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനമുള്ളതിനാൽ തന്നെ ഈ സീസണിൽ മികച്ചൊരു സ്‌ക്വാഡിനെയാണ് ഗോകുലം കേരള അണിനിരത്തിയിരിക്കുന്നത്. എഫ്‌സി ഗോവയിൽ മുൻപ് കളിച്ചിട്ടുള്ള എഡു ബേഡിയ, മുൻ ബാഴ്‌സലോണ അക്കാദമി താരമായ നിലി പെർഡോമോ എന്നിവരെല്ലാം ഗോകുലം കേരളയിലേക്ക് വന്നത് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അലക്‌സ് സാഞ്ചസാണ്.

    ഈ സീസണിൽ ഐ ലീഗിൽ നാല് മത്സരങ്ങൾ ഗോകുലം കേരള കളിച്ചപ്പോൾ അതിൽ നിന്നും എട്ടു ഗോളുകളാണ് സാഞ്ചസ് നേടിയിരിക്കുന്നത്. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു. പ്രധാനപ്പെട്ട കാര്യം ഒരു കൈപ്പത്തിയില്ലാത്ത താരമാണ് സാഞ്ചസ് എന്നതാണ്. പിറന്നു വീണപ്പോൾ തന്നെ ഒരു കൈപ്പത്തി ഇല്ലാതിരുന്ന സാഞ്ചസ് തന്റെ പോരായ്‌മയെ തോൽപ്പിച്ചാണ് ഒരു മികച്ച ഫുട്ബോൾ താരമായി വളർന്നു വന്നത്. ലാ ലീഗ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാണ് താരം പ്രൊഫെഷണൽ ഫുട്ബോളിലേക്ക് വന്നിട്ടുള്ളത്.

    ഒരു കൈപ്പത്തിയില്ലാതെ പ്രൊഫെഷണൽ ഫുട്ബാൾ കളിക്കുന്ന ആദ്യത്തെ താരം കൂടിയാണ് അലക്‌സ് സാഞ്ചസ്. കരിയറിൽ സ്പെയിനിലെയും ഓസ്‌ട്രേലിയയിലെയും പല ക്ലബുകളിലും കളിച്ചിട്ടുള്ള താരം അവിടെയെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഗോകുലം കേരള താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഞ്ചസിന്റെ കരാർ ഗോകുലം പുതുക്കാനുള്ള സാധ്യത കൂടുതലാണ്.

    സാഞ്ചസിന്റെ മിന്നുന്ന പ്രകടനം ഗോകുലം കേരള ഐ ലീഗിൽ കുതിപ്പ് കാണിക്കുന്നതിൽ നിർണായകമാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ഗോകുലം കേരള. നാല് മത്സരങ്ങളിൽ ഒരു സമനിലയും മൂന്ന് ജയവും കുറിച്ച അവർക്ക് ആദ്യത്തെ മത്സരത്തിൽ വിജയം നഷ്‌ടമായത്‌ അവസാന മിനുട്ടിൽ ഗോൾകീപ്പർ വരുത്തിയ പിഴവിനെ തുടർന്നാണ്. എന്തായാലും ഗോകുലവും സാഞ്ചസും അടുത്ത സീസണിൽ ഐഎസ്എല്ലിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  3. ഫുട്ബോളിൽ കേരളം വേറെ ലെവൽ, ഐ ലീഗിലെ കാണികളുടെ എണ്ണത്തിലും അവിശ്വനീയകുതിപ്പ്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് ആരംഭിച്ച് പത്ത് വർഷം പോലുമായിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സംഘടിതമായ ഫാൻബേസ് ആയി മാറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ഫുട്ബോളിന് വളരെയധികം വേരോട്ടമുണ്ടെന്നത് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള സംഭാവന നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

    കേരളത്തിലെ ഫുട്ബോൾ ആരാധകർ കരുത്ത് കാണിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ മാത്രമല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഐ ലീഗിലെ ആദ്യത്തെ ഗെയിം വീക്കിലെ കാണികളുടെ കണക്കുകൾ പുറത്തു വന്നപ്പോൾ മറ്റൊരു ടീമിനും തൊടാൻ കഴിയാത്ത ആധിപത്യത്തിലാണ് ഗോകുലം കേരള നിൽക്കുന്നത്. ഇത് കേരളത്തിൽ ഫുട്ബോളിന് എത്രത്തോളം വേരോട്ടമുണ്ടെന്നു വ്യക്തമാക്കുന്നു.

    View this post on Instagram

    A post shared by BATTALIA – Gokulam Kerala FC (@battalia_gkfc)

    ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്റർ കാശിക്കെതിരെ നടന്ന കഴിഞ്ഞ ഗോകുലം കേരളയുടെ മത്സരത്തിൽ ഉണ്ടായിരുന്ന ആരാധകരുടെ എണ്ണം 19764 ആണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിന്റെ മൈതാനത്ത് എത്തിയത് 4900 പേർ മാത്രമാണെന്ന് അറിയുമ്പോഴാണ് ഗോകുലം കേരളം എത്ര മുന്നിലാണെന്ന് വ്യക്തകളാകുന്നത്. മൂന്നാം സ്ഥാനത്തുള്ള റിയൽ കാശ്‌മീർ എഫ്‌സിയുടെ മൈതാനത്ത് വന്നത് വെറും 1872 കാണികളാണ്.

    കഴിഞ്ഞ സീസൺ മുതൽ ഐ ലീഗിൽ വിജയിക്കുന്ന ടീമുകൾക്ക് നേരിട്ട് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാൻ കഴിയും. പഞ്ചാബ് എഫ്‌സി അങ്ങിനെയാണ് ഐഎസ്എല്ലിൽ എത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ കടുത്ത പോരാട്ടം ഐ ലീഗിൽ നടക്കുമെന്നതിൽ സംശയമില്ല. ഗോകുലം കേരളക്ക് ലഭിക്കുന്ന ആരാധകപിന്തുണ നോക്കുമ്പോൾ അടുത്ത സീസണിൽ അവർ ഐഎസ്എല്ലിലേക്ക് യോഗ്യത നേടണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  4. പെപ്രക്ക് പകരം ഇവനെ നിലനിർത്താമായിരുന്നു, ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിട്ട താരത്തിന്റെ ഗംഭീര പ്രകടനം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആറു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന താരമാണ് ക്വമാ പെപ്ര. സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ഇതുവരെ ഒരു ഗോൾ പോലും ടീമിനായി നേടിയിട്ടില്ല. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രസ് ചെയ്‌തു കളിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന സ്‌ട്രൈക്കർ എന്ന നിലയിൽ ഗോളുകളൊന്നും നേടാൻ കഴിയുന്നില്ലെന്നത് ആരാധകർക്ക് നിരാശയാണ്.

    അതേസമയം പെപ്ര വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കളിക്കാരനാണ് നൈജീരിയൻ സ്‌ട്രൈക്കർ ഇമ്മാനുവൽ ജസ്റ്റിൻ. ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഡ്യൂറൻഡ് കപ്പിൽ കളിച്ച താരം ബെംഗളൂരു എഫ്‌സിക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. എന്നാൽ ഡ്യൂറൻഡ് കപ്പ് കഴിഞ്ഞപ്പോൾ ഗോകുലം കേരളയിലേക്ക് ലോണിൽ പോവുകയാണ് ജസ്റ്റിൻ ചെയ്‌തത്‌. വിദേശതാരങ്ങളുടെ എണ്ണം കൂടുതലാകുമെന്നതു കൊണ്ടാണ് താരത്തെ ബ്ലാസ്റ്റേഴ്‌സിന് ലോണിൽ വിടേണ്ടി വന്നതെന്ന കാര്യത്തിൽ സംശയമില്ല.

    അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് ഒരു മണ്ടത്തരമാണെന്നാണ് ആരാധകർ പറയുന്നത്. ഗോകുലം കേരളക്കായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്‌തു. എഴുപത്തിരണ്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയാണ് ഇമ്മാനുവൽ ഈ പ്രകടനം നടത്തിയത്. മത്സരത്തിൽ ഗോകുലം കേരള ഒന്നിനെതിരെ നാല് ഗോളുകൾക്ക് നെറോക്ക എഫ്‌സിക്കെതിരെ വിജയവും നേടിയിരുന്നു.

    ജസ്റ്റിൻ നടത്തുന്ന ഈ പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയൊരു നിരാശ നൽകുന്നുണ്ടെങ്കിലും മറ്റൊരു തരത്തിൽ അത് സന്തോഷവും നൽകുന്നതാണ്. നിലവിൽ ഇരുപതു വയസ് മാത്രം പ്രായമുള്ള താരത്തിന് കൂടുതൽ മികച്ചതാക്കാൻ ഐ ലീഗ് അവസരമൊരുക്കും ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നതിനാൽ ഐ ലീഗിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ പരിചയസമ്പത്ത് വർധിച്ച ഒരു വിദേശസ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും.

  5. ഐഎസ്എൽ ഇതിഹാസം ബിവറേജസ് ക്യൂവിൽ, ട്രോളുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

    Leave a Comment

    എഫ്‌സി ഗോവയുടെ ഇതിഹാസതാരമാണ് എഡു ബേഡിയ. 2017 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ അവർക്കായി കളിച്ച താരം ഒരു ഐഎസ്എൽ ലീഗ് ഷീൽഡ് അടക്കം മൂന്നു കിരീടങ്ങൾ അവർക്കായി നേടിയിട്ടുണ്ട്. ബാഴ്‌സലോണയുടെ ബി ടീമിന് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുള്ള ബേഡിയ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ള മികച്ച വിദേശതാരങ്ങളിൽ ഒരാൾ കൂടിയാണ്.

    കഴിഞ്ഞ സീസൺ പൂർത്തിയായതോടെ എഫ്‌സി ഗോവ വിട്ട ബേഡിയ അതിനു ശേഷം ചേക്കേറിയത് കേരളത്തിലെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലേക്കാണ്. ഐ ലീഗിൽ കിരീടം നേടിയാൽ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌പാനിഷ്‌ താരത്തെ മലബാറിയൻ ക്ലബ് സ്വന്തമാക്കിയത്.

    ഐ ലീഗ് സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകളിലാണ് ഗോകുലം കേരള. എന്നാൽ അതിനിടയിൽ ടീമിന്റെ പ്രധാന താരമായ ബേഡിയയെ ബിവറേജസ് ക്യൂവിൽ കണ്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇന്നാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. ക്ലബ് ജേഴ്‌സി അണിഞ്ഞാണ് ബെഡിയ ബിവറേജസിൽ നിൽക്കുന്നത്.

    ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഗോകുലം കേരളയെ ട്രോളാൻ ആരംഭിച്ചിട്ടുണ്ട്. ഗോകുലം കേരള ഐഎസ്എല്ലിൽ വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാകുമെന്നും ആരാധകർ രണ്ടു ചേരിയാകുമെന്നും വാദങ്ങളുണ്ട്. എന്നാൽ ഇത്തരമൊരു അവസ്ഥയിലാണോ നിങ്ങളുടെ ക്ലബെന്നാണ് ബ്ലാസ്റ്റെർസ് ആരാധകർ തിരിച്ചു ചോദിക്കുന്നത്.

    അതേസമയം ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ വരെ ഒറ്റക്ക് സൂപ്പർമാർക്കറ്റിലും മറ്റും പോകുന്ന പതിവുണ്ടെന്നും ഇവിടുത്തെ മദ്യശാലകളുടെ നിലവാരം മോശമായതു കൊണ്ടാണ് അത് നമുക്ക് മോശം കാര്യമായി തോന്നുന്നതെന്നുമാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ക്ലബ് ജേഴ്‌സിയിട്ട് മദ്യം വാങ്ങാൻ പോയതിനു ബെഡിയക്കെതിരെ നടപടി വരുമോയെന്നറിയില്ല.

  6. ഡ്യൂറണ്ട് കപ്പിലെ കേരള ഡെർബി അടുത്തെത്തി, വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

    Leave a Comment

    പുതിയ സീസണിൽ പുതിയൊരു തുടക്കത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിൽ തിരിച്ചടികൾ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ അതിനു മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഇറങ്ങുന്നത്. ഡ്യൂറണ്ട് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ കേരളത്തിലെ തന്നെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരളയാണെന്ന പ്രത്യേകതയുണ്ട്.

    കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പുറത്തു പോവുകയായിരുന്നു. തോൽവി വഴങ്ങിയല്ല, മറിച്ച് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയത്. അതിനെത്തുടർന്ന് വന്ന ഭീമമായ പിഴ ടീമിന്റെ ട്രാൻസ്‌ഫർ പദ്ധതികളെ ബാധിക്കുകയും ചെയ്തിരുന്നു.

    പ്രതീക്ഷിച്ചതു പോലെയൊരു ടീമിനെ അണിനിരത്താൻ കഴിഞ്ഞില്ലെങ്കിലും വരുന്ന സീസണിൽ തങ്ങളിൽ പ്രതീക്ഷ വെക്കണമെന്ന് തെളിയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഒരു അവസരമാണ് ഡ്യൂറണ്ട് കപ്പിലെ ആദ്യത്തെ മത്സരം. ഗ്രൂപ്പിൽ ഗോകുലത്തിനു പുറമെ ബെംഗളൂരു, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരാണ് എതിരാളികളായുള്ളത്. ആദ്യ മത്സരത്തിൽ എയർ ഫോഴ്‌സിനെ മൂന്നു ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇറങ്ങുന്നത്.

    സോണി ടെൻ സ്പോർട്ട്സ് ടുവിലാണ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് സോണിലിവ് ആപ്പിലും സോണിലിവിന്റെ വെബ്‌സൈറ്റിലും മത്സരം കാണാൻ കഴിയും.അതേസമയം ജിയോ സിം ഉപയോഗിക്കുന്നവർക്ക് മത്സരം സൗജന്യമായി ജിയോ ടിവി വഴി കാണാൻ കഴിയും. എയർടെൽ, വിഐ എന്നീ സിമ്മുകളിൽ ചില റീചാർജുകളുടെ കൂടെ ഓഫറായി സോണി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട് എന്നതിനാൽ അതും ആരാധകർക്ക് ഉപയോഗിക്കാം.

  7. ഐ ലീഗ് ക്ലബുകളോട് ചിറ്റമ്മനയം, എഐഎഫ്എഫിനെതിരെ ഗോകുലം കേരളയുടെ ആരാധകർ

    Leave a Comment

    ഹീറോ സൂപ്പർ ലീഗ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകരായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി പങ്കെടുക്കുന്ന ടീമുകളിൽ ഒന്നായ ഗോകുലം കേരളയുടെ ആരാധകസംഘമായ ബറ്റാലിയ. ഐ ലീഗ് ക്ലബുകൾക്ക് വേണ്ടത്ര പരിഗണന നൽകാതെ ചിറ്റമ്മ നയം കാണിക്കുന്ന ഫെഡറേഷന്റെ നയങ്ങൾ ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികളെ സഹായിക്കുന്നില്ലെന്നാണ് അവർ പറയുന്നത്.

    സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ബറ്റാലിയ പുറത്തു വിട്ട പ്രസ്‌താവനയിൽ ഉന്നയിക്കുന്ന ഒരു പരാതി സൂപ്പർകപ്പിന്റെ യോഗ്യത മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്‌തില്ലെന്നതാണ്. ബ്രോഡ്‌കാസ്‌റ്റ് ചെയ്യാനുള്ള എല്ലാ സംവിധാനവും ഉണ്ടായിട്ടും അതിനവർ തയ്യാറായില്ലെന്നും അതേസമയം ജംഷഡ്‌പൂർ എഫ്‌സിയും മുംബൈ സിറ്റിയും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരം ടെലികാസ്റ്റ് ചെയ്‌തത്‌ ഈ അവഗണന കൃത്യമായി കാണിച്ചു തരുന്നുവെന്നും ബറ്റാലിയ പറയുന്നു.

    ഗോകുലം കേരളയുടെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്‌തതിനെതിരെയും ബറ്റാലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. സ്വന്തം മൈതാനത്ത് നടക്കുന്ന ടൂർണമെന്റ് ആയിട്ടു പോലും ഗ്രൂപ്പ് ഘട്ടത്തിലെ ഗോകുലം കേരളയുടെ മത്സരങ്ങൾ മുഴുവൻ നടക്കുന്നത് വൈകുന്നേരം അഞ്ചു മണിക്കാണ്. ഫ്ലഡ് ലൈറ്റിൽ രാത്രിയിൽ ഒരു മത്സരം പോലും നടത്താതിരിക്കുന്നത് ശരിയായ രീതിയല്ലെന്നും ആരാധകർ വരുന്നതിനു തടസമുണ്ടാകുമെന്നും അവർ പറയുന്നു.

    ഇതിനു പുറമെ ഐ ലീഗിന്റെ മത്സരങ്ങൾ ഉച്ചക്ക് രണ്ടു മണിക്കും വൈകുന്നേരം നാല് മാണിക്കും നടത്തുന്നതിനെയും ബറ്റാലിയ ചോദ്യം ചെയ്യുന്നു. 2047 ആകുമ്പോഴേക്കും ഫുട്ബോളിൽ ഇന്ത്യയെ വളർത്തുകയെന്ന പദ്ധതി കൃത്യമായി നടപ്പിലാക്കാൻ കഴിയില്ലെന്നും ഈ പ്രശ്‌നങ്ങളെല്ലാം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കൃത്യമായി പരിഗണിക്കണമെന്നും ബറ്റാലിയ ആവശ്യപ്പെടുന്നു.

  8. ഇത്തവണയും കപ്പടിച്ചാല്‍ ഗോകുലവും ഐഎസ്എല്ലില്‍

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ മറ്റൊരു ടീം കൂടി കേരളത്തില്‍ നിന്ന് ഐ എസ്.എലിലേക്കെത്തുമോ. നാളെ ഐ ലീഗ് ഫുട്‌ബോളിന് മലപ്പുറം മഞ്ചേരിയില്‍ തുടക്കമാകുമ്പോള്‍ കാല്‍പന്ത് ആരാധകര്‍ ഉറ്റുനോക്കുന്നത് ഗോകുലം കേരള എഫ്.സി യിലേക്കാണ്. കഴിഞ്ഞ 2 സീസണിലായി ഐലീഗ് കിരീടം സ്വന്തമാക്കിയ മലബാറിയസ് ഹാട്രിക് മോഹവുമായാണ് പയ്യനാട് സ്റ്റേഡിയത്തില്‍ പന്ത് തട്ടുന്നത്. ഇത്തവണ കിരീടം നേടാനായാല്‍ ഐ.എസ്.എല്‍ പ്രവേശനമെന്ന നേട്ടവും ഗോകുലത്തെ കാത്തിരിക്കുന്നു.

    ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിക്കാണ് എതിരാളികള്‍.
    സന്തോഷ് ട്രോഫിക്ക് ശേഷം മഞ്ചേരി പയ്യനാട്ടേക്ക് വീണ്ടും ഫുട്‌ബോള്‍ ആരവം വിരുന്നെത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ പയ്യനാടും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്.

    കഴിഞ്ഞ തവണ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ തോല്‍പ്പിച്ചായിരുന്നു മലബാരിയന്‍സിന്റെ കിരീടം നേട്ടം. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലത്തില്‍ മലയാളി താരങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. ആറ് വിദേശ താരങ്ങള്‍ ടീമിലുണ്ട്. മധ്യനിര താരം അര്‍ജുന്‍ ജയരാജാണ് ടീമിലെ പ്രധാനി. മുഹമ്മദ് ജാസിം, നൗഫല്‍, താഹിര്‍ സമാന്‍, ശ്രീ കുട്ടന്‍ എന്നിവരും മികച്ച താരങ്ങളാണ്. അര്‍ജന്റീനയില്‍ നിന്നുള്ള ജുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസീലില്‍ നിന്നുള്ള എവര്‍ട്ടണ്‍ ഗുല്‍മെറസ് , കാമറൂണ്‍ താരം അമിനോ എന്നി വിദേശ താരങ്ങളും മലയാളി ക്ലബിന് കരുത്താകും. 12 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

    കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    സ്ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് റിച്ചാര്‍ഡ് ടോവയെ ഗോകുലം കേരള പരിശീലകനായി നിയമിച്ചത്. അന്‍പത്തിരണ്ടുകാരനായ ടോവ കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്നു. യുവേഫ പ്രോ ലൈസന്‍സ് നേടിയ പരിശീലകനാണ് റിച്ചാര്‍ഡ് ടോവ. ഇറ്റലിക്കാരനായ അന്നീസ് 2020ല്‍ ആണ് ഗോകുലം കേരള എഫ്സിയില്‍ എത്തിയത്. ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് കന്നിക്കിരീടം 2020- 21 സീസണില്‍ സമ്മാനിച്ചതോടെയാണ് അന്നീസ് ശ്രദ്ധിക്കപ്പെട്ടത്. കോച്ചിന് കീഴില്‍ ഗോകുലം കേരള എഫ്സി 48 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 29 ജയവും 10 സമനിലയും 9 തോല്‍വിയുമായിരുന്നു ഫലം.

     

  9. 10 തവണ എടികെയോട് കളിച്ചാല്‍ ഒറ്റതവണയേ ഗോകുലം ജയിക്കൂ, കേരള ക്ലബിനെതിരെ ഇന്ത്യന്‍ കോച്ച് സ്റ്റിമാച്

    Leave a Comment

    ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയെ രൂക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്. 10 തവണ എടികെ മോഹന്‍ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്നാണ് ഇന്ത്യന്‍ പരിശീകന്‍ ഇഗോര്‍ സ്റ്റിമാച് പരിഹസിച്ചത്.

    ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയുടെ ആവശ്യത്തോടാണ് ഇന്ത്യന്‍ പരിശീലകന്റെ രൂക്ഷ പരിഹാസം.

    ‘ഐലീഗില്‍ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാല്‍, 10 തവണ എടികെ മോഹന്‍ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹന്‍ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല’ സ്റ്റിമാച് പറഞ്ഞു.

    ‘ഗോകുലം പരിശീലകന്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങള്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ യോഗ്യരാണെന്ന് പറയും. അതില്‍ അത്ഭുതം ഇല്ല’ സ്റ്റിമാച് കൂട്ടിച്ചേര്‍ത്തു.

    എഎഫ്‌സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരള കെ മോഹന്‍ ബഗാനെ തകര്‍ത്തത്. ഗോകുലത്തിനായി ലൂക്ക മാന്‍സണ് ഇരട്ടഗോള്‍ നേടി. റിഷാദ് പി പിയും ജിതിന്‍ എം എസും ഓരോ ഗോളും നേടി.

     

  10. 10 പേരായി ചുരുങ്ങിയിട്ടും ഹൈദരാബാദിനെ മുട്ടുകുത്തിച്ച് ഗോകുലം, ചുവപ്പ് കണ്ട് പേടിക്കില്ല

    Leave a Comment

    ഡ്യൂറാന്‍ഡ് കപ്പില്‍ ചാമ്പ്യന്‍മാരായ ഗോകുലം കേരളയ്ക്ക് വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരേയാണ് ഗോകുലം ആദ്യ ജയം കുറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ ജയം.

    അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യപകുതിയില്‍ ഒന്നും ഗോളാക്കാന്‍ ഗോകുലത്തിന് സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ഗോകുലം വിജയഗോള്‍ സ്വന്തമാക്കിയത്. ഘാനാ താരം റഹീം ഒസുമാനുവാണ് വലകുലുക്കിയത്.

     

    ഹൈദരബാദ് ഗോളി നടത്തിയ ഒരു തകര്‍പ്പന്‍ സേവില്‍ റിബൗണ്‍ഡ് ചെയ്ത് എത്തിയ പന്താണ് ഒസുമാനു വലയിലെത്തിച്ചത്. രണ്ട് മിനിറ്റിനകം ഗോകുലം പത്ത് പേരിലേക്ക് ചുരുങ്ങി. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മലയാളി താരം എമില്‍ ബെന്നിയാണ് പുറത്തായത്.

    ഇതോടെ ഹൈദരാബാദ് ആക്രമണം ശക്തമാക്കി. എന്നാല്‍ ഒരാള്‍ കുറഞ്ഞങ്കിലും ഗോകുലം ഉജ്ജ്വലമായി പ്രതിരോധിച്ചുനിന്ന് വിജയം കൈപിടിയില്‍ ഒതുക്കുകയായിരുന്നു.

    19-ന് അസം റൈഫിള്‍സിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ആര്‍മി ടീമിനോട് ഗോകുലം സമനില വഴങ്ങിയിരുന്നു.