Tag Archive: Gerard Pique

 1. ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജി ദൗത്യം കഠിനമായിരിക്കും, നെയ്മറെ നന്നായറിയാമെന്ന് പിക്വെ

  Leave a Comment

  ചാമ്പ്യൻസ്‌ലീഗിൽ യുവന്റസുമായുള്ള മൂന്നു ഗോളിന്റെ തോൽവിക്കു ശേഷം രണ്ടാമതായി ഗ്രൂപ്പിൽ ഫിനിഷ് ചെയ്ത ബാഴ്സക്ക് അടുത്ത റൗണ്ടിൽ കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റായ ശക്തരായ പിഎസ്‌ജിയെയാണ് ബാഴ്സക്ക് ലഭിച്ചിരിക്കുന്നത്. ലാലിഗയിൽ മോശം ഫോമിൽ തുടരുന്ന ബാഴ്സക്ക് മികച്ച ഫോമിൽ തുടരുന്ന പിഎസ്‌ജി ഒരു മികച്ച പരീക്ഷണം തന്നെയിരിക്കുമെന്നുറപ്പാണ്. സൂപ്പർതാരമായ നെയ്മർ മാഴ്സെയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റു പുറത്താണെങ്കിലും ജനുവരിയിൽ തന്നെ തിരിച്ചെത്താനാവും.

  അത്ലറ്റിക്കോക്കെതിരായ മത്സരത്തിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ജെറാർഡ് പിക്വെ ചാമ്പ്യൻസ്‌ലീഗിൽ അടുത്ത റൗണ്ടിലേക്ക് പിഎസ്‌ജിയെ ലഭിച്ചതിൽ വാചാലനായാണ് കാണപ്പെട്ടത്. ഒരു കോസ്മോസ് ഈവന്റിൽ പങ്കെടുത്തപ്പോഴാണ് പിഎസ്‌ജിയെ കിട്ടിയതിനെക്കുറിച്ചും തന്റെ പരിക്കിന്റെ നിലവിലെ അവസ്ഥയെകുറിച്ചും പിക്വേ മനസു തുറന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് ആദ്യപാദം നടക്കാനിരിക്കുന്നത്.

  ” പിഎസ്‌ജിയുമായുള്ള ഈ മത്സരം വളരെയധികം കഠിനമാവാനാണ് സാധ്യത. എനിക്കു നെയ്മറെ നന്നായി അറിയാം. രണ്ടു മാസത്തിനുള്ളിലാണ് ഈ മത്സരമുള്ളത്. ആ സമയത്തിനുള്ളിൽ കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മത്സരം ആരാധകർക്ക് ഇതൊരു മികച്ച കാഴ്ച തന്നെയായിരിക്കുമെന്നതാണ്.”

  തന്റെ സാരമായ പരിക്കിനെക്കുറിച്ചും ശസ്ത്രക്രിയക്ക്‌ വിധേയനായാവാതെ മറ്റു റിക്കവറി മാർഗങ്ങൾക്ക് തിരഞ്ഞെടുത്ത ശേഷമുണ്ടായ പുരോഗതിയെക്കുറിച്ചും പിക്വെ സംസാരിച്ചു: “എനിക്ക് മെച്ചപ്പെട്ടതായാണ് അനുഭവപ്പെട്ടത്. പക്ഷെ കാൽമുട്ടിന്റെ ഈ അവസ്ഥ സ്ഥിരമാണോ അല്ലയോ എന്ന് അടുത്ത ഘട്ടത്തിനു ശേഷമേ പറയാൻ സാധിക്കുകയുള്ളു. ഇപ്പോൾ ഞാൻ കൂടുതൽ മികച്ചതായും ശക്തമായും എനിക്ക് അനുഭവപ്പെടുന്നുണ്ട്. എനിക്ക് വളരെ പെട്ടെന്നു തന്നെ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.”

 2. ബാഴ്സ പ്രസിഡന്റാവുന്നത് എക്കാലത്തെയും സ്വപ്നം, പിക്വേ മനസുതുറക്കുന്നു

  Leave a Comment

  ജോസെപ് മരിയ ബർതോമ്യു രാജി വെച്ചതോടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ തിരഞ്ഞെടുപ്പ് ചൂടിലാണ് നിലവിൽ ബാഴ്സയുള്ളത്. വരുന്ന ജനുവരിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ബാഴ്സയുടെ സുവർണകാലത്തെ പ്രസിഡന്റായ ജൊവാൻ ലപോർട്ടയുടെ തിരിച്ചു വരവും ഇതിഹാസതാരമായ സാവിയെ പരിശീലകസ്ഥാനത്തേക്ക് മുൻനിർത്തിയുള്ള വിക്ടർ ഫോണ്ടിന്റെ സ്ഥാനാർത്ഥിത്വവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്.

  എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഭാവിയിൽ ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ പ്രതിരോധതാരം ജെറാർഡ് പിക്വേ. നിലവിൽ കാൽമുട്ടിനേറ്റ പരിക്കിനെതുടർന്നു കളിക്കളത്തിൽ നിന്നും ജെറാർഡ് പിക്വേക്ക് വിട്ടുനിൽക്കേണ്ടി വന്നിരിക്കുകയാണ്. അത്ലറ്റികോയുമായുള്ള മത്സരത്തിനിടെ ഏയ്ഞ്ചൽ കൊറെയയുമായുള്ള കൂട്ടിയിടിയിലാണ് പിക്വേക്ക് പരിക്കേൽക്കുന്നത്. നാലഞ്ചു മാസമെങ്കിലും താരത്തിനു പുറത്തിരിക്കേണ്ടി വരും.

  ബാഴ്സ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് എപ്പോഴും എന്റെ ആഗ്രഹമായിരുന്നുവെന്നാണ് പിക്വേ വെളിപ്പെടുത്തുന്നത്. ക്രിസ്‌ ഫൌണ്ടേഷനിലെ കാൻസർ രോഗമുക്തരായ കുട്ടികളുമായി നടത്തിയ അഭിമുഖത്തിലാണ് പിക്വേ മനസു തുറന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് പിക്വേ മറുപടി നൽകിയത്. “ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കാരണം എനിക്കതിനു കഴിയില്ല. ഞാനിപ്പോഴും കളിക്കാരനാണ്. കളിക്കാരന് പ്രസിഡന്റ് സ്ഥാനത്തേക്ക് നിൽക്കാൻ കഴിയില്ല. ഭാവിയിൽ നടക്കുമോയെന്നറിയില്ല. നിങ്ങൾക്കറിയാം ഞാനൊരു ബാർസ ആരാധകനാണെന്നത്.”

  “ഞാൻ വളരെയധികം സ്നേഹിക്കുന്ന എന്റെ ക്ലബ്ബിനെ നല്ല രീതിയിൽ സഹായിക്കുകയെന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. അതു കൊണ്ടു തന്നെ പ്രസിഡന്റാവാൻ നല്ല രീതിയിൽ തന്നെ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഒരിക്കലും എനിക്കും അക്കാര്യത്തിൽ സംഭാവന ചെയ്യാൻ സാധിക്കും. അങ്ങനെ കഴിയില്ലായിരുന്നുവെങ്കിൽ ഞാൻ മുന്നോട്ടു വരില്ലെന്നുറപ്പാണ്. ഇക്കാര്യത്തെക്കുറിച്ച് ഞാൻ ഭാവിയിൽ തീരുമാനമെടുക്കും. ഇതു ഞാൻ എപ്പോഴും മനസിൽ കണ്ടിരുന്ന സ്വപ്നമാണ്. പക്ഷെ ഭാവിയിൽ ഇത് നടക്കുമോയെന്നത് എനിക്കറിയില്ല.” പിക്വേ മറുപടി നൽകി.

 3. ക്ലബ്ബ് വിടാൻ തീരുമാനിച്ച മെസിയെ പിടിച്ചു നിർത്തിയ തന്റെ നിർണായകമായ ആ  സന്ദേശം വെളിപ്പെടുത്തി ജെറാർഡ് പിക്കെ 

  Leave a Comment

  കഴിഞ്ഞ  സമ്മറിലാണ്  ലയണൽ മെസി  ക്ലബ്ബ് വിടാനായി ബാഴ്സക്ക് ഔദ്യോഗികമായി ബുറോഫാക്സ് അയക്കുന്നത്. ബാഴ്സ മെസിയെ വിടാൻ ഒരുക്കമായിരുന്നില്ല. റിലീസ് ക്ലോസ് നൽകിയേ താരത്തിനെ  വിട്ടു നൽകുകയുള്ളുവെന്ന ബാഴ്സയുടെ പിടിവാശിയെ ലാലിഗയും പിന്തുണക്കുകയായിരുന്നു. എന്നാൽ  പിന്നീട് ബാഴ്‌സയെ കോടതി കയറ്റേണ്ടി വരുമെന്ന  അവസ്ഥയായതോടെ മെസി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

  എന്നാൽ വളരെ നിർണായകമായ ആ സമയത്ത്  താൻ മെസ്സിയോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ പ്രതിരോധതാരം ജെറാർഡ് പിക്കെ. മെസിയോട് താൻ  നിർദേശിച്ച വളരെയധികം  പ്രധാനപ്പെട്ട ഒരു കാര്യവും പിക്കെ ഈ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ലാ വാൻഗാർഡിയ എന്ന സ്പാനിഷ് മാധ്യമത്തിനാണ് പിക്കെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

  “ആ സമയത്ത് എനിക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.  അത് ലിയോയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു. അദ്ദേഹത്തിനയച്ച ഒരു സന്ദേശം എനിക്കോർമ്മയുണ്ട്: “ലിയോ ഒരു വർഷം കൂടിയല്ലേയുള്ളൂ. പുതിയ ആളുകൾ വരുമെന്ന്.” ലിയോ അപ്പോഴേക്കും തീരുമാനമെടുക്കാനുള്ള അവകാശം നേടിക്കഴിഞ്ഞിരുന്നു. എന്നാൽ ലിയോക്ക് ക്ലബ്ബ് വിടണമെന്നു  തോന്നിക്കഴിഞ്ഞാൽ ഞാനായിരുന്നു ആ സമയത്ത് പ്രസിഡന്റെങ്കിൽ മറ്റൊരു രീതിയിലായിരുന്നു പെരുമാറുക.”

  “പതിനാറു വർഷമായി ഒരു ക്ലബ്ബിനു എല്ലാം നൽകുന്ന ഒരു  താരവുമായി ഒത്തുതീർപ്പിലെത്താനാണ് ശ്രമിക്കേണ്ടത്. ഒരിക്കലും രണ്ടുകൂട്ടരും തമ്മിൽ അകൽച്ചയുണ്ടാവരുതായിരുന്നു. ലോകത്തിലെ തന്നെ മികച്ച താരമായ ഒരു കളിക്കാരൻ തന്റെ വാക്കുകൾ ചെവികൊള്ളാത്തതിനാൽ  ഒരു ദിവസം എണീറ്റ്  ക്ലബ്ബിനു ബുറോഫാക്സ് അയക്കുകയാണോ?  എന്താണ് സംഭവിക്കുന്നത്? ലിയോ കൂടുതൽ അർഹിക്കുന്നുണ്ട്. പുതിയ സ്റ്റേഡിയത്തിനു അദ്ദേഹത്തിന്റെ നാമം നൽകണം. നമ്മൾ നമ്മുടെ വിഗ്രഹത്തെ  പരിപാലിക്കുകയാണ് വേണ്ടത് അശുദ്ധമാക്കുകയല്ല.” പിക്കെ പറഞ്ഞു.

  .

 4. വലിയ നാണക്കേട്, പുറത്ത് പോകാന്‍ ഞാന്‍ തയ്യാര്‍, സങ്കടം അടക്കാനാകാതെ പിക്വെ

  Leave a Comment

  ബയേണിനോട്‌ ദുരന്തസമാനമായ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ് ലാലിഗ വമ്പന്മാരായ ബാഴ്സലോണ. ക്യാപ്റ്റൻ ലയണൽ മെസിക്ക് പകരക്കാരനായി മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജെറാർഡ് പിക്വേ തന്റെ നിരാശയും സങ്കടവും പങ്കുവെച്ചിരിക്കുകയാണ്.

  വലിയ നാണക്കേടാണ് സംഭവിച്ചതെന്ന് പറഞ്ഞു തുടങ്ങിയ പിക്വേ ഒരാളെയും പ്രത്യേകിച്ച് എടുത്തു പറയുന്നില്ലെന്നും എല്ലാവരും തോൽവിക്ക് ഉത്തരവാദികളാണെന്നും അഭിപ്രായപ്പെട്ടു. പുതിയ താരങ്ങളെ കൊണ്ട് വന്നു ബാഴ്‌സയെ പഴയ ഫോമിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കുമെങ്കിൽ ക്ലബിൽ നിന്ന് ആദ്യം പുറത്തുപോവാൻ താൻ ഒരുക്കമാണെന്നും പിക്വേ അഭിപ്രായപ്പെട്ടു. ഇത് ആദ്യമായല്ല ബാഴ്സയിൽ സംഭവിക്കുന്നതെന്നും താൻ കടുത്ത വേദനയിലാണെന്നും പിക്വേ വെളിപ്പെടുത്തി.

  “ഇത് വലിയ നാണക്കേടാണ്. ആർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. പുതിയ താരങ്ങൾ വന്നു ക്ലബ്ബിനെ മാറ്റാൻ സാധിക്കുമെങ്കിൽ ഇവിടെ നിന്ന് ആദ്യം പുറത്തിറങ്ങുന്നത് ഞാൻ ആയിരിക്കും. ഞങ്ങളുടെ അടിവേരാണ് ഇളകിയിരിക്കുന്നത്. ഇത് ആദ്യമായിട്ടോ രണ്ടാമതായിട്ടോ മൂന്നാമതായിട്ടോ അല്ല സംഭവിക്കുന്നത്.

  “ഞാനുൾപ്പെടുന്ന എല്ലാവരും വേദനയിലാണ്. ക്ലബിൽ അടിമുടി മാറ്റം വേണം. താരങ്ങളെ മാത്രമല്ല മാറ്റേണ്ടത്. എല്ലാവരും തന്നെ തോൽവിയെ കുറിച്ച് വലിയരീതിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ബാഴ്സക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ ഒരു വിശകലനം അനിവാര്യമാണ്. തുടർന്ന് അതിൽ നിന്ന് പാഠമുൾകൊണ്ട് തിരിച്ചു വരാനും ശ്രമിക്കണം” പിക്വേ വാചാലനായി.

 5. പിക്കെ ഒരു ശരാശരിക്കാരന്‍ മാത്രം, റാമോസാണ് ഏറ്റവും മികച്ച ഡിഫന്റര്‍, തുറന്നടിച്ച് അർജന്റീനൻ ഇതിഹാസം

  Leave a Comment

  ചിരവൈരികളായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും മികച്ച  പ്രതിരോധതാരങ്ങളാണ് സെർജിയോ  റാമോസും ജെറാർഡ് പിക്കെയും. ഇവരെ താരമ്യപ്പെടുത്തി  തന്റെ അഭിപ്രായം  വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ്‌ പ്രതിരോധ താരവും അര്ജന്റീനക്കായി 1986ൽലെ  വേൾഡ് കപ്പ്‌  നേടിയ താരവുമായ ഓസ്കാർ റുഗേരി.

   ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് സെർജിയോ റാമോസാണെന്നും ജെറാർഡ് പിക്വേ വെറും ശരാശരി താരം മാത്രമാണെന്നാണ്  റുഗെരി അഭിപ്രായപ്പെട്ടത്. തന്നെ പോലെയുള്ള ഒരു സെക്കന്റ്‌ റേറ്റ് താരമാണ് പിക്വേ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഫോക്സ് സ്പോർട്സ് അർജന്റീനക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  “എന്നെ പോലെ, മറ്റുള്ള ഒരുപാട് താരങ്ങളെ പോലെയും പിക്കെയും ഒരു ശരാശരി താരം മാത്രമാണ്. അദ്ദേഹം കാണാൻ കൊള്ളാവുന്നവനാണ്, പാട്ടുകാരി  ഷാക്കിറക്കൊപ്പമാണുള്ളത് , നല്ല ഭംഗിയുള്ള താടിയുണ്ട്. പക്ഷെ അദ്ദേഹം വലൻസിയക്ക് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ അങ്ങനെ വലിയ രീതിയിൽ ആരും അറിയപ്പെടുമായിരുന്നില്ല.”

  “പക്ഷെ അദ്ദേഹം ഒടുവിൽ ബാഴ്സയിൽ എത്തിച്ചേർന്നു. അദ്ദേഹം എന്നെ പോലെയാണ്. ഒരു ശരാശരി ഡിഫൻഡർ മാത്രമാണ്. നല്ല ഡിഫൻഡർ ആണ്. പക്ഷെ അതിൽ കൂടുതൽ ഒന്നുമില്ല. അദ്ദേഹത്തിന് സമ്മർദ്ദഘട്ടങ്ങളെ തരണം ചെയ്യാൻ സാധിക്കാറില്ല. പ്രത്യേകിച്ച് വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് സെർജിയോ റാമോസ് തന്നെയാണ് ”  റുഗേരി അഭിപ്രായപ്പെട്ടു.

 6. ബദ്ധവൈരികള്‍ക്ക് കനത്ത ശിക്ഷ നല്‍കിയപ്പോള്‍ എറ്റവും സന്തോഷവാന്‍,വ്യത്യസ്തനായി പികെ

  Leave a Comment

  എസ്പാന്യോളുമായുള്ള കാറ്റാലന്‍ ഡെര്‍ബിക് മുന്നോടിയായി നടന്ന ഒരു സംഭവത്തിലൂടെ വ്യത്യസ്തനായിരിക്കുകയാണ് ബാഴ്സലോണ താരം ജെറാര്‍ഡ് പീക്കെ. സഹതാരങ്ങള്‍ ആഡംബരകാറുകളില്‍ മത്സരത്തിനെത്തിയപ്പോള്‍ തന്റെ സൈക്കിള്‍ ചവിട്ടി ക്യാമ്പ് നൗവിലെത്തിയാണ് പീക്കെ വ്യത്യസ്തനായിരിക്കുന്നത്.

  മത്സരത്തില്‍ ഒരു ഗോളിന് ബാഴ്സ വിജയിക്കുകയും തങ്ങളുടെ കാറ്റാലന്‍ ചിരവൈരികളെ സെക്കന്റ് ഡിവിഷന്‍ ലീഗിലേക്ക് തരംതാഴ്ത്താനും ബാര്‍സലോണക്കായി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ രണ്ടു റെഡ് കാര്‍ഡുകള്‍ കണ്ടപ്പോള്‍ ഗ്രീസ്മാന്റെ മുന്നേറ്റത്തിലൂടെ മെസിയെടുത്ത ഷോട്ട് എസ്പാന്യോള്‍ കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ കിട്ടിയ പന്ത് സുവാരസ് ഗോളിലെത്തിക്കുകയായിരുന്നു.

  എസ്പാന്യോളിന്റെ ഫെര്‍ണാണ്ടോ കാലെറോയെ ഫൗള്‍ ചെയ്തതിനു ബാഴ്സയുടെ യുവതാരം അന്‍സു ഫാറ്റിയും ജെറാര്‍ഡ് പിക്യെ ഫൗള്‍ ചെയ്തതിനു എസ്പാന്യോള്‍ മിഡ്ഫീല്‍ഡര്‍ പോള്‍ ലോസാനോയുമാണ് റെഡ് കാര്‍ഡ് കണ്ടു കളം വിട്ടത്.

  ഇത് ലാലിഗയില്‍ എസ്പാന്യോളിന്റെ തുടര്‍ച്ചയായ ആറാമത്തെ തോല്‍വിയായിരുന്നു. തരംതാഴ്ത്തലില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ബാഴ്സയുമായി എസ്പാന്യോളിനു ജയിച്ചേ തീരുമായിരുന്നുള്ളു. തരംതാഴ്ത്തലില്‍ നിന്നും രക്ഷപെടാന്‍ 11 പോയിന്റ് ആവശ്യമായിരുന്ന എസ്പാന്യോളിനു ബാഴ്സയുമായുള്ള തോല്‍വിയിലൂടെ റെലെഗേഷന്‍ ഉറപ്പിക്കുകയായിരുന്നു.

  ഇതാദ്യമായല്ല ജെറാര്‍ഡ് പീക്കെ സൈക്കിള്‍ ചവിട്ടി മത്സരത്തിനെത്തുന്നത്. 2018ല്‍ ട്രെയിനിങ്ങിന് പീക്കെ ഇതേ രീതിയില്‍ സൈക്കിളില്‍ എത്തിയിരുന്നു.തന്റെ ഭാര്യയെ അധിക്ഷേപിച്ച എസ്പാന്യോളിന്റെ പെറോകോ ആരാധകരുമായി പീക്കെ മുന്‍പൊരിക്കല്‍ വഴക്കിനു മുതിര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ എസ്പാന്യോളിന്റെ തോല്‍വിയിലും തരംതാഴ്ത്തലിലും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ജെറാര്‍ഡ് പീക്കെ തന്നെയായിരിക്കും.