Tag Archive: FOOTBALL

  1. യൂറോപ്പിനെ വിറപ്പിച്ച് സൗദിയുടെ കുതിപ്പ്, റൊണാൾഡോ പറഞ്ഞത് യാഥാർത്ഥ്യമാകുന്നു

    Leave a Comment

    ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയപ്പോൾ വമ്പൻ താരങ്ങളുടെ സൗദിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ ഇത് സംബന്ധിച്ച് വലിയൊരു സൂചന നൽകിയിരുന്നു. സൗദി അറേബ്യ കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നതെന്നും ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിലൊന്നാവാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    അന്നതിനെ പലരും നിസാരമായി കണ്ടെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിന്റെ ഏറ്റവും ഉയർന്ന രൂപം കാണുകയാണ് ഫുട്ബോൾ ആരാധകർ. യൂറോപ്യൻ ഫുട്ബോളിനെ പണക്കൊഴുപ്പു കൊണ്ട് മറികടക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾ വിജയകരമായി മുന്നോട്ടു പോവുകയാണ്. ഇപ്പോൾ തന്നെ യൂറോപ്യൻ ഫുട്ബോളിൽ നിന്നും നിരവധി വമ്പൻ താരങ്ങളാണ് സൗദി ക്ലബുകളിലേക്ക് ചേക്കേറിയിരിക്കുന്നത്. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, മാനെ, ഫിർമിനോ, ഹെൻഡേഴ്‌സൺ, കാന്റെ, മെൻഡി തുടങ്ങിയവർ അതിലുൾപ്പെടുന്നു.

    ന്യൂകാസിൽ യുണൈറ്റഡിന്റെ സ്വന്തമാക്കി വലിയ തുക വീശിയെറിഞ്ഞ് അവരെ ടോപ് ഫോറിലെത്തിച്ച സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തെ നാല് പ്രധാന ക്ളബുകളെ തങ്ങളുടെ കീഴിലാക്കിയത് അതിനിടയിലാണ്. ചുരുക്കിപ്പറഞ്ഞാൽ വമ്പൻ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്ന ക്ലബുകളെല്ലാം സൗദി ഗവണ്മെന്റിന്റെ കീഴിലാണ്. സൗദി പ്രൊ ലീഗിന്റെ പദ്ധതിയല്ല, മറിച്ച് ഗവണ്മെന്റ് തന്നെയാണ് ഈ താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതെന്ന് വ്യക്തം.

    നിരവധി താരങ്ങളെ ഇപ്പോൾ തന്നെ ടീമിലെത്തിച്ച സൗദി അറേബ്യ പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിലും ഇതാവർത്തിച്ചാൽ യൂറോപ്യൻ ഫുട്ബോളിന്റെ അടിത്തറക്ക് അത് ഇളക്കം നൽകുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ഇത്രയും താരങ്ങൾ വിവിധ ക്ളബുകളിലേക്ക് ചേക്കേറിയതിനാൽ സൗദി പ്രൊ ലീഗ് യൂറോപ്പിലെ പല ലീഗുകളെക്കാൾ മത്സരം നിറഞ്ഞതായിട്ടുണ്ട്. സൗദി പ്രൊ ലീഗിന് കൂടുതൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

  2. 2023ല്‍ പ്രതീക്ഷയോടെ കായികലോകം; ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുതല്‍ ഏഷ്യന്‍ ഗെയിംസ് വരെ

    Leave a Comment

    ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പും ഓസ്‌ട്രേലിയയില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും നടന്നവര്‍ഷമായിരുന്നു 2022. പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കായികലോകത്ത് ഒട്ടേറെ പ്രധാന ടൂര്‍ണമെന്റുകളാണ് കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഐ.എസ്.എല്‍, ഐ.പി.എല്‍, ചാമ്പ്യന്‍സ് ലീഗ്, രാജ്യങ്ങളിലെ വിവിധ ലീഗ് മത്സരങ്ങള്‍ എന്നിവക്ക് പുറമെ സുപ്രധാന പോരാട്ടങ്ങള്‍ക്കും ഈവര്‍ഷം വേദിയാകും.

    ക്രിക്കറ്റ് പ്രേമികള്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഈവര്‍ഷം നടക്കും. ഒക്ടബോറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിശ്വകപ്പ് ഇന്ത്യന്‍ ടീമിലെ തലമുറമാറ്റത്തിന് കൂടിയാണ് ഇടയാക്കുക. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളുടെ അവസാന ലോകകപ്പാകുമിത്. നിലവില്‍ ഇംഗ്ലണ്ടാണ് ഏകദിന,ട്വന്റി 20 ലോകചാമ്പ്യന്‍. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ഇംഗ്ലണ്ട് ഏകദിനകിരീടത്തില്‍ മുത്തമിട്ടത്. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെത്തിയപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ സംഘം ചാമ്പ്യന്‍മാരായിരുന്നു.
    2022ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് ഈ വര്‍ഷംനടക്കാനിടയുണ്ട്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ചൈനീസ് നഗരമായ ഹാങചൗആണ് ആതിഥ്യം വഹിക്കുക. അതേസമയം, ചൈനയില്‍ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണംവര്‍ധിക്കുന്നതായി കണക്കുകള്‍ വരുന്നത് ആശങ്കസൃഷ്ടിക്കുന്നു.

    ഇങ്ങനെവന്നാല്‍ ഏഷ്യന്‍ ഗെയിംസ് ഉപേക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്.
    വനിതകളുടെ ട്വന്റി 20 ലോകകപ്പ് 2023 കലണ്ടര്‍ വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. അടുത്തമാസം പത്തമുതല്‍ 26വരെ ദക്ഷിണാഫ്രിക്കയിലാണ് അരങ്ങേറുക. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ബി.സി.സി.ഐ തുല്യവേതനം നടപ്പിലാക്കിയ ശേഷം നടക്കുന്ന ആദ്യ വലിയടൂര്‍ണമെന്റാണ്. കിരീടംനേടാന്‍ ഇന്ത്യക്ക് വലിയ സാധ്യതയാണ് കല്‍പിക്കുന്നത്. വനിതകളുടെ ഫുട്‌ബോള്‍ ലോകകപ്പും ഈവര്‍ഷം വരാനിരിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

    ഹോക്കി ലോകകപ്പാണ് ഈവര്‍ഷം നടക്കുന്ന മറ്റൊരു പ്രധാന കായികഇവന്റ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 മുതല്‍ ഒഡീഷയിലാണ് നടക്കുക. മലയാളിതാരം പി.ആര്‍ ശ്രീജേഷ് അടക്കമുള്ളവര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീം പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാന മത്സരമായ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങളും 2023ലുണ്ടാകും. ഇത്തവണ സൗദി അറേബ്യയാണ് ഫൈനല്‍ റൗണ്ടിന് വേദിയാകുക.

  3. ജപ്പാന്‍താരങ്ങളെ നെഞ്ചിലേറ്റി നാട്ടുകാര്‍; ലോകകപ്പ് സംഘത്തിന് രാജകീയ വരവേല്‍പ്പ്

    Leave a Comment

    കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളില്‍ തോറ്റ് നാട്ടില്‍തിരിച്ചെത്തിയ ടീമിന് ലഭിക്കുന്ന സ്വീകരണം എങ്ങനെയായിരിക്കും. ആളും ആരവവുമില്ലാതെ എയര്‍പോര്‍ട്ടിലൂടെ താരങ്ങള്‍ നടന്നകലുന്ന കാഴ്ചയായിരിക്കും എല്ലാവരുടേയും മനസില്‍. എന്നാല്‍ ക്രൊയേഷ്യയോട് പ്രീക്വാര്‍ട്ടറില്‍തോറ്റ് പുറത്തായി നാട്ടില്‍തിരിച്ചെത്തിയ ജപ്പാന്‍ ടീമിന് ലഭിച്ച സ്വീകരണം അവിശ്വസിനീയമായിരുന്നു. ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനെയും ജര്‍മ്മനിയേയും കീഴടക്കി മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍മാരായണ് ജപ്പാന്‍ നോക്കൗട്ടിലേക്ക് പ്രവേശിച്ചത്.

    എന്നാല്‍ ക്രൊയേഷ്യയോട് അവസാനം വരെ പോരാടി പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയമേറ്റുവാങ്ങിയത്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റന്‍ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോന്‍, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.വ്യക്തിഗത മികവുകളും ടീം പ്രയത്‌നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങള്‍ക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കളത്തില്‍ മാത്രമല്ല ജപ്പാന്‍ അറേബ്യന്‍മണ്ണില്‍ ശ്രദ്ധയാകര്‍ഷിച്ചത്. മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ആരാധകരും, താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കിയും വ്യത്യസ്തമായി. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


    തികഞ്ഞ പോരാളികളായാണ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് സാമുറായികള്‍ മടങ്ങിയത്. മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം മികച്ചുനിന്നു. പരിശീലകന്റെ സബ്സ്റ്റിറ്റിയൂഷനുകളും പലപ്പോഴും ഫലംകണ്ടു. ഏഷ്യയുടെ പ്രതീക്ഷയായി ജപ്പാനും ഉത്തരകൊറിയയും ഓസ്‌ട്രേലിയയുമായിരുന്നു നോക്കൗട്ട് പ്രവേശനം നേടിയത്. ഇതില്‍ അര്‍ജന്റീനയോട് തോറ്റ് ഓസ്‌ട്രേലിയയും ബ്രസീലിനോട് തോറ്റ് ദക്ഷിണ കൊറിയയും പുറത്തായിരുന്നു.

  4. മെസിയുടെ ചെവിയില്‍ പറഞ്ഞതെന്ത്, ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി ലെവണ്‍ഡോസ്‌കി

    Leave a Comment

    എന്തായിരിക്കും മത്സരശേഷം ലയണല്‍മെസിയുടെ ചെവിയില്‍ റോബര്‍ട്ട് ലെവണ്‍ഡോസ്‌കി പറഞ്ഞിട്ടുണ്ടാകുക. സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വീഡിയോയിലെ ഇരുവരുടേയും സംഭാഷണമെന്തെന്ന് ഒടുവില്‍ വെളിപ്പെടുത്തി പോളണ്ട് ക്യാപ്റ്റന്‍ ലെവണ്‍ഡോസ്‌കിതന്നെ രംഗത്തെത്തി.

    ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരമായ അര്‍ജന്റീന-പോളണ്ട് കളിക്ക് ശേഷമാണ് ഇരുതാരങ്ങളും സംസാരിച്ചത്. പരസ്പരം ആശ്ലേഷിച്ചശേഷം മെസി ലെവണ്‍ഡോസ്‌കിയെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ പറയുന്നുണ്ടായിരുന്നു. പിന്നീട് പോവാനൊരുങ്ങിയ ലെവണ്‍ഡോസ്‌കിയെ വീണ്ടും അടുത്തേക്ക് നിര്‍ത്തി മെസി എന്തോ രഹസ്യം പറഞ്ഞു. അന്നു മുതല്‍ അത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം മെസിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തന്നിലൂടെ ഇക്കാര്യം പുറത്തറിയില്ലെന്ന മറുപടിയാണ് സൂപ്പര്‍താരം നല്‍കിയത്.


    താങ്കള്‍ പതിവില്‍ കൂടുതല്‍ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നകാര്യമാണ് മെസിയോട് പറഞ്ഞതെന്ന് ലെവന്‍ഡോസ്‌കി വെളിപ്പെടുത്തി. ഇതിന് മറുപടിയായി മെസി പറഞ്ഞതിങ്ങനെ..’ചിലപ്പോഴൊക്കെ ടീമിനുവേണ്ടി അങ്ങനെ കളിക്കേണ്ടിവരും’.

    മെസിയെ ഫൗള്‍ ചെയ്യേണ്ടിവന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും പക്ഷെ ടീമിനുവേണ്ടി തനിക്കത് ചെയ്യേണ്ടിവരുമെന്നും ലെവന്‍ഡോസ്‌കി തുടര്‍ന്നു. മത്സരത്തിനിടെ ഒരു ഫൗളിന് ശേഷം കൈ കൊടുക്കാന്‍ നിന്ന ലെവന്‍ഡോവ്‌സ്‌കിയെ മെസി ഗൗനിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു മത്സരശേഷം ഇരുവരും പരസ്പരം സംസാരിച്ചത് ശ്രദ്ധനേടിയത്.


    മെസിയുടെ പഴയതട്ടകമായ ബാഴ്‌സലോണയുടെ പ്രധാന താരമാണ് ഇപ്പോള്‍ ലെവന്‍ഡോസ്‌കി. ബയേണ്‍മ്യൂസിക്കില്‍ നിന്ന് ഈസീസണില്‍ സ്പാനിഷ് ക്ലബിലെത്തിയതാരം മികച്ച പ്രകടനാണ് പുറത്തെടുക്കുന്നത്. ഇത്തവണത്തെ ബാലന്‍ഡിയോര്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.

    അതേസമയം, അര്‍ജന്റീക്കെതിരായ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു പോളണ്ട് കളിച്ചത്. ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റനിരക്ക് പന്ത് പലപ്പോഴും ലഭിച്ചില്ല. ഒറ്റപ്പെട്ട ആക്രമങ്ങള്‍മാത്രമാണ് ടീം നടത്തിയത്.

  5. ഈ തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്, ആഞ്ഞടിച്ച് ടിറ്റെ

    Leave a Comment

    ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനെതിരായ തോല്‍വി നിരാശപ്പെടുത്തുന്നതാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ . ജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുള്ളതുപോലെ പരാജയത്തിലും എല്ലാവര്‍ക്കും പങ്കുണ്ട്. തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനുള്ള സാധ്യതകള്‍ ബ്രസീല്‍ പ്രയോചനപ്പെടുത്തണം. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി അവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്.അവസരങ്ങള്‍ ഗോളാക്കി മാറ്റണമെന്ന പാഠവും കഴിഞ്ഞമത്സത്തില്‍ പഠിച്ചെന്ന് പരിശീലകന്‍ പറഞ്ഞു.


    ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ അട്ടിമറിച്ചിരുന്നു. ഒന്‍പത് മാറ്റങ്ങളുമായി ഇറങ്ങിയ കാനറികള്‍ പ്രതിരോധത്തിലും മുന്നേറ്റത്തിലുമെല്ലാം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ഗോള്‍കീപ്പറായ അലിസന്‍ബെക്കറിനും വിശ്രമംനല്‍കി. ഇതോടെ മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ ടീമിനായില്ല.

    മാര്‍ട്ടിനലിയുടേയും ആന്റണിയുടേയും ഒറ്റപ്പെട്ട നീക്കങ്ങള്‍മാത്രമാണ് എടുത്തുപറയാനുള്ളത്. മികച്ച സേവുകളുമായി കാമറൂണ്‍ഗോളി എപ്പസിയും കൈയടിനേടി. എന്നാല്‍ രണ്ടാംപകുതിയില്‍ മുന്നേറ്റത്തില്‍ ബ്രൂണോയേയും റാഫിഞ്ഞോയേയും പെഡ്രോയേയും എവര്‍ട്ടണേയും കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഫിനിഷിംഗിലെ പോരായ്മകള്‍ രണ്ടാംമത്സരത്തിലും ടീമിന് തിരിച്ചടിയായി. വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ പലപ്പോഴും ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിച്ച് ആഫ്രിക്കന്‍ടീമും കളത്തില്‍നിറഞ്ഞു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് അബൂബക്കറിന്റെ ഹെഡ്ഡര്‍ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി.


    കാമറൂണിനെതിരായ അപ്രതീക്ഷിത തോല്‍വിക്കിടെയും സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മുക്തനായത് ബ്രസീലിന് ആശ്വാസമാണ്. ആദ്യ മത്സരത്തിനിടെ കാലിന് പരിക്കേറ്റ നെയ്മര്‍ ഇന്നലെ സഹതാരങ്ങള്‍ക്ക് പിന്തുണയുമായി ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

    നെയ്മറിന് പ്രീക്വാര്‍ട്ടര്‍ നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. നോക്കൗട്ട് മത്സരങ്ങളില്‍ താരത്തിന്റേ സേവനം ടീമിന് ലഭിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡ്,കാമറൂണ്‍ ടീമുകള്‍ക്കെതിരെ നെയ്മറിന്റെ അസാന്നിധ്യം ബ്രസീല്‍നിരയില്‍ നിഴലിച്ചിരുന്നു. പകരമിറങ്ങിയ താരങ്ങള്‍ക്ക് മിഡ്ഫീല്‍ഡില്‍ കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ പലപ്പോഴുമായില്ല. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് തെക്കന്‍ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.

  6. ആ ലോകകപ്പ് മത്സരം ചരിത്രമാകും, തകര്‍പ്പന്‍ തീരുമാനവുമായി ഫിഫ

    Leave a Comment

    ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ മത്സരംനിയന്ത്രിക്കുന്നു. നാളെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജര്‍മ്മനി-കോസ്റ്ററിക്ക ഗ്രൂപ്പ് പോരാട്ടമാണ് ചരിത്രത്തില്‍ ഇടംപിടിക്കുക. ഫിഫ ട്വിറ്ററിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടായിരിക്കും റഫറി. ബ്രസീലില്‍ നിന്നുള്ള നുസ ബക്കും മെക്‌സിക്കോ സ്വദേശി കാരന്‍ ഡയസുമാകും അസിസ്റ്റന്റ് റഫറിമാര്‍.

    മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലും യൂറോപ്പ ലീഗിലും നേരത്തെ വനിതാറഫറിയാണ് കളിനിയന്ത്രിച്ചിരുന്നത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടിയ യുവേഫ സൂ്പ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനിയ്ക്കായിരുന്നു അവസരം നല്‍കിയത്. ഈ ലോകകപ്പില്‍ പോളണ്ട്-മെക്‌സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരി. എന്നാല്‍ സ്റ്റെഫാനിയ്‌ക്കൊപ്പം അസിസ്റ്റന്റ് റഫറിമാരായി പ്രവര്‍ത്തിക്കുന്നവരും വനിതകളാകുന്നത് ആദ്യമായാണ്. നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകളാണ് ഉള്‍പ്പെട്ടിരുന്നത്. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിന് പുറമെ ജപ്പാനില്‍ നിന്നുള്ള യോഷിമ യമഷിത, റുവാണ്ടിയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് മറ്റുരണ്ട് പേര്‍.


    ലോകകപ്പ് വേദിയില്‍ പ്രധാന റഫറിയും അസിസ്റ്റന്റ് റഫറിമാരും വനിതകളാകുന്നത് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമാണ്. നിലവില്‍ വാര്‍ സഹായമടക്കം ഉള്‍പ്പെടുത്തി ടെക്‌നോളജി പരമാവധി പ്രയോചനപ്പെടുത്തിയാണ് ഓരോ മത്സരവും നടക്കുന്നത്. അതിനാല്‍ റഫറിമാരുടെ ജോലിയും വളരെ ശ്രമകരമാണ്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരമായതിനാല്‍ ജര്‍മനിയ്ക്കും കോസ്റ്ററിക്കക്കും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്.

  7. ആ ഗോൾ റോണോയുടെതോ അതോ, ബ്രൂണോയുടെതോ? നിർണായക തീരുമാനവുമായി ഫിഫ രംഗത്ത്

    Leave a Comment

    ദോഹ: ഉറുഗ്വെയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ വലിയജയം നേടി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും മത്സരത്തില്‍ പിറന്നഗോളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം അവസാനിച്ചിരുന്നില്ല. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരിലാണ് ഇരു ഗോളുകളും കുറിക്കപ്പെട്ടതെങ്കിലും ഒരു ഗോള്‍ റൊണാള്‍ഡോയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് ആരാധകരുടെ പക്ഷം.

    ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. ഹെഡ്ഡര്‍ ഗോള്‍ എന്ന നിലയില്‍ ആഘോഷിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ ഹെഡ്ഡറിന് ശ്രമിച്ചതോടെ ഗോളിയ്ക്ക് ആശയകുഴപ്പമുണ്ടാകുകയും പന്ത് വലിയിലാകുകയുമായിരുന്നു. എന്നാല്‍ ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഗോള്‍ ബ്രൂണോയുടെ പേരിലായിരുന്നു.


    അതേസമയം, തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഫിഫ ടെക്‌നിക്കല്‍ ടീമിന്റെ ഔദ്യോഗിക തീരുമാനവും പുറത്തെത്തി. പന്തിനുള്ളിലെ സാങ്കേതിക വിദ്യ തെളിയിക്കുന്നതും റൊണാള്‍ഡോയുടെ തല പന്തില്‍ കൊണ്ടിട്ടില്ല എന്നാണെന്ന് ഫിഫ ടെക്നിക്കൽ  ടീം വ്യക്തമാക്കുന്നു. ബോളില്‍ മാച്ച് ഒഫീഷ്യല്‍സിന് തത്സമയ ഡാറ്റ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സറുകള്‍ ഉപയോഗിച്ച് കളിക്കാര്‍ നടത്തുന്ന എല്ലാ ടച്ചുകളുംപിടിച്ചെടുക്കാൻ സാധിക്കും വിധമാണ് പന്തിന്റെ നിർമാണം. ഓഫ്‌സൈഡ് സാഹചര്യങ്ങൾ തിരിച്ചറിയാനും വ്യക്തമല്ലാത്ത ടച്ചുകള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കും.


    ഗോള്‍ ആർക്ക് അവകാശപ്പെട്ടതാണ് എന്ന ചര്‍ച്ചക്കിടെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയെ സമീപിക്കുന്നതായുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പേരില്‍ ഗോള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫെഡറേഷനുള്ളത്. ഗോള്‍നേടിയത് താനാണെന്ന് റൊണാള്‍ഡോ ഉറപ്പിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗണും വ്യക്തമാക്കുന്നു. ആ ഗോള്‍ തന്റേതാണെന്ന് സൂപ്പര്‍താരം അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് ഗിവ് മീ സ്‌പോര്‍ട് ഡോട്ട് കോം എന്ന മാധ്യമവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീണ്ടും ഗോള്‍ചര്‍ച്ച നടക്കുന്നതിനിടെയാണ് അന്തിമ തീരുമാനവുമായി ഫിഫ രംഗത്തെത്തിയിരിക്കുന്നത്.

  8. എംബാപ്പെയെ ശിക്ഷിക്കാന്‍ ഒരുങ്ങി ഫിഫ, ഫ്രാന്‍സിന് അടുത്ത തിരിച്ചടി

    Leave a Comment

    ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന കിലിയന്‍ എംബാപെയുടെ തേരിലേറിയാണ് ഫ്രാന്‍സ് കുതിക്കുന്നത്. മൂന്ന് ഗോളുമായി ഗോള്‍ഡണ്‍ബൂട്ട് പട്ടികയിലും യുവതാരമാണ് ഒന്നാമത്. എന്നാല്‍ കളത്തിന് പുറത്ത് അത്രമികച്ച സമയമല്ല എംബാപെക്ക്. ഫിഫ ചട്ടം ലംഘിച്ചതിന് സൂപ്പര്‍താരത്തിനെതിരെ നടപടിക്കൊരുങ്ങുകയാണെന്നാണ് വാര്‍ത്ത. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയെ കുരുക്കിയത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ മത്സരങ്ങളില്‍ മാന്‍ഓഫ് ദമാച്ച് പുരസ്‌കാരം ലഭിച്ചെങ്കിലും മാധ്യമങ്ങളെ കാണാന്‍ എംബാപെ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഫിഫ ഇടപെടല്‍ ശക്തമാക്കുന്നത്.


    ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. അതേസമയം, പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ചട്ടംലംഘിച്ചതിന് താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത.

    ലോകകപ്പിന് മുന്‍പ് നടത്തിയ ഇന്റര്‍വ്യുവില്‍ വിവാദപരാമര്‍ശം നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുലിവാല് പിടിച്ചിരുന്നു. വിവാദത്തില്‍ താരത്തിനെതിരെ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടപടിയും സ്വീകരിച്ചു. സമാനമായ സാഹചര്യമൊഴിവാക്കാനാണ് എംബാപെയുടെ ഇത്തരമൊരു മുന്‍കരുതലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

    നേരത്തെ ഫ്രാന്‍സിലെ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ച എംബാപെയുടെ ഇന്റര്‍വ്യു വലിയചര്‍ച്ചയായിരുന്നു. കഴിഞ്ഞ യൂറോ കപ്പില്‍ തന്റെ പെനാല്‍റ്റി പുറത്തേക്ക് പോയതോടെ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ടീം തോറ്റ് പുറത്തായതോടെ നേരിട്ട ആക്ഷേപങ്ങള്‍ പരിധി വിട്ടതോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിച്ചിരുന്നതായി അടുത്തിടെ എംബാപെ പറഞ്ഞിരുന്നു.


    അതേസമയം, ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ, പിന്നാലെ ഡെന്‍മാര്‍ക്ക് എന്നിവരെയാണ് ലോകചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും സ്വന്തമാക്കി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഏഴ് ഗോളുകളാണ് സമ്പാദ്യം. പരിക്കിന്റെ പിടിയിലായിരുന്ന കരിം ബെന്‍സേമ തിരിച്ചുവരുന്നത് ഫ്രാന്‍സ് നിരയില്‍ പ്രതീക്ഷനല്‍കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബെന്‍സെമയുടെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ചേര്‍ന്നേക്കുമെന്നും പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. നേരത്തെ മധ്യനിരതാരങ്ങളായ എംഗോളോ കാന്റെ, പോള്‍ പോഗ്ബ, പ്രതിരോധതാരം കിംബെംബെ, സ്‌ട്രൈക്കര്‍ എന്‍കുന്‍കു എന്നിവര്‍ ടീമില്‍ നിന്നുപുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ബെന്‍സിയും പരിക്കേല്‍ക്കുന്നത്. പ്രമുഖരുടെ പരിക്കിലും ടീം പ്രകടനം മികച്ചതാണെന്നത് ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസംനല്‍കുന്നു. എന്നാല്‍ നോക്കൗണ്ട് റൗണ്ടില്‍ മത്സരം കടുത്തതാകുമ്പോള്‍ ബെന്‍സമെയെന്ന ക്ലിനിക്കല്‍ ഫിനിഷറുടെ വരവ് ടീമിന് പുതിയ ഊര്‍ജ്ജമാകും.

  9. ഇനി കളിമാറും കഥമാറും; ലോകപ്പില്‍ ജീവന്‍മരണപോരാട്ടത്തിന്റെ നാല് നാളുകള്‍

    Leave a Comment

    ഖത്തര്‍ലോകകപ്പില്‍ ഓരോടീമുകളും രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ന് മുതല്‍ മരണപ്പോരാട്ടം. നിലവില്‍ ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളെല്ലാം ക്വാര്‍ട്ടറുറപ്പിച്ചു. എന്നാല്‍ മറ്റുടീമുകള്‍ക്ക് അവസാന മത്സരഫലമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വഴിയൊരുങ്ങുക. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എയിലും ബിയിലുമാണ് ഇന്ന് മത്സരങ്ങളുള്ളത്. എ ഗ്രൂപ്പില്‍ നെതര്‍ലാന്‍ഡ് ആതിഥേയരായ ഖത്തറിനേയും ഇക്വഡോര്‍ സെനഗലിനേയും നേരിടും. ആദ്യ രണ്ട് കളിയുംതോറ്റ് ലോകകപ്പില്‍ നിന്ന് ഖത്തര്‍ പുറത്തായെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി വിജയിച്ചുകയറാന്‍ നെതര്‍ലാന്‍ഡിന് ജയം അനിവാര്യമാണ്. സെനഗല്‍-ഇക്വഡോര്‍ മത്സരവിജയിയ്ക്ക് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാം. സമനിലപോലും ഇക്വഡോറിനെ സുരക്ഷിതമാക്കുമെങ്കില്‍ ആഫ്രിക്കന്‍ ടീമിന് ജയത്തില്‍ കുറഞ്ഞൊന്നും പറ്റില്ല.


    ഗ്രൂപ്പ് ബിയില്‍ ഇറാന്റെ എതിരാളികള്‍ യു.എസ്.എയാണ്. ഒരുജയവും തോല്‍വിയുള്ള ഇറാന് ഇന്ന് ജയിച്ചാല്‍ മുന്നേറാം. രണ്ട് സമനിലയുള്ള യു.എസ്.എക്കും വിജയം അനിവാര്യമാണ്. ഇതേഗ്രൂപ്പില്‍ ഇംഗ്ലണ്ടും അയല്‍ക്കാരായ വെല്‍സും ഏറ്റുമുട്ടും. ആദ്യകളി ആധികാരികമായി തുടങ്ങിയെങ്കിലും യു.എസ്.എയ്‌ക്കെതിരായ സമനില ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇന്ന് വെയില്‍സിനെതിരെ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറാനാകും. ഒത്തുകളി ഒഴിവാക്കാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഒരേസമയത്താണ് നടക്കുക. നാളെ 8.30ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടുനീഷ്യ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെയാണ് നേരിടുന്നത്.

    ആദ്യരണ്ട് ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ഫ്രാന്‍സിന് ഇന്ന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും. ഓസ്‌ട്രേലിയോട് തോല്‍ക്കുകയും ഡെന്‍മാര്‍ക്കിനോട് സമനിലയില്‍ പിരിയുകയും ചെയ്ത ടുണീഷ്യയ്ക്ക് തോല്‍വി പുറത്തേക്കുള്ള വഴിതുറക്കും. മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്കിനും ഓസ്‌ട്രേലിയക്കും വിജയിക്കണം. രാത്രി 12.30നാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-പോളണ്ട് പോരാട്ടമുള്ളത്. ജയിച്ചാല്‍ അര്‍ജന്റീനക്ക് ആധികാരികമായി പ്രീക്വാര്‍ട്ടറിലെത്താം. സമനിലയാണെങ്കില്‍ മറ്റുടീമുകളുടെ പ്രകടനത്തെ ആശ്രയിക്കേണ്ടിവരും. സൗദി അറേബ്യ-മെക്‌സിക്കോ പോരാട്ടത്തിലെ വിജയികള്‍ക്ക് മുന്നേറാനാകും.

    മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍,ജര്‍മനി എന്നിവര്‍ക്കും യൂറോപ്പിലെ സൂപ്പര്‍ ടീമുകളായ ക്രൊയേഷ്യ-ബെല്‍ജിയം ടീമുകള്‍ക്കും അവസാന മത്സരത്തിലെ ജയം മുന്നോട്ടുള്ള യാത്രക്ക് പ്രധാനമാണ്. രണ്ടാംസ്ഥാനക്കാരായി പ്രവേശിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ടീമുകളെ നേരിടേണ്ടിവന്നു സാഹചര്യം ഒഴിവാക്കാനായി ഒന്നാം സ്ഥാനത്തോടെ റൗണ്ട് 16ല്‍ എത്താനാകും പ്രധാന ടീമുകള്‍ ശ്രമിക്കുക.

  10. മൊറോക്കോനിരയില്‍ ഹക്കിം സിയെച്ചിന്റെ രണ്ടാംവരവിന്റെ കാരണമിതാണ്

    Leave a Comment

    മൊറോക്കോ മധ്യനിരയിലെ കരുത്തനാര പോരാളി ഹക്കിംസിയെച്ച് ഖത്തറിലെത്തിയതിന് പിന്നിലൊരു കഥയുണ്ട്. മുന്‍ പരിശീലകനുമായി ഉടക്കി പിരിഞ്ഞ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് രാജിവെച്ച താരം പിന്നീട് ടീമിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്. ലോക രണ്ടാംനമ്പര്‍ ടീം ബെല്‍ജിയത്തെ അട്ടിമറിച്ചും പോളണ്ടിനെ സമനിലയില്‍ കുരുക്കിയും ആഫ്രിക്കന്‍ ടീം ലോകകപ്പിലെ കറുത്തകുതിരകളാകാനുള്ള ഒരുക്കത്തിലാണ്.

    മികച്ച ക്രോസുകളും ഫ്രീകിക്കുകളുമായി കളംനിറയുന്ന ഹക്കിം സിയെച്ച് മൊറോക്കോ ടീമിലെ കീ താരവുമായി മാറുന്നു. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ മാന്‍ഓഫ് ദി മാച്ച് ട്രോഫിയേറ്റുവാങ്ങിയതും സിയെച്ചായിരുന്നു.
    രണ്ട് മാസം മുന്‍പ് വരെ ലോകകപ്പ് ടീമില്‍ ഈ29കാരന്‍ സ്ഥനംപിടിക്കില്ലെന്നാണ് ഫുട്‌ബോള്‍ ലോകംവിധിയെഴുതിയത്.

    മൊറോക്കോ മുന്‍ പരിശീലകന്‍ വഹീദ് ഹലീല്‍ ഹോഡ്‌സിക്കുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മൊറോക്കോ ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയില്ലായിരുന്ന മാനേജ്‌മെന്റ് കോച്ചിനെ മാറ്റുകയായിരുന്നു. വലീദ് റെഗ്‌റാഗ്വിയെന്ന പുതിയ പരിശീലകന്‍ വന്നതോടെ സിയെച്ചിന്റെ ഭാഗ്യം തെളിഞ്ഞു. വിരമിക്കല്‍തീരുമാനം പുന:പരിശോധിച്ച് ടീമിലെത്തിയ ചെല്‍സി താരം ലോകകപ്പ് സ്‌ക്വാര്‍ഡിലും ഇടംപിടിച്ചു.


    1993ല്‍ ജനിച്ച സിയെച്ചിന്റെ പിതാവ് ഡച്ചുകാരനും മാതാവ് മൊറോക്കോക്കാരിയുമാണ്. നെതര്‍ലാന്‍ഡ് അണ്ടര്‍ 21 ടീമില്‍ അംഗമായിരുന്ന സിയെച്ച് 2015ല്‍ മൊറോക്കന്‍ പൗരത്വം നേടി ദേശീയടീമില്‍ എത്തുകയായിരുന്നു. 44 മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചെല്‍സി നിരയില്‍ തിളങ്ങുന്ന യുവതാരം ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് നേടിയ സംഘത്തിലും അംഗമായിരുന്നു.

    1998ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന് ശേഷമുള്ള മൊറോക്കോയുടെ ലോകകപ്പിലെ ആദ്യവിജയംകൂടിയാണ് ബെല്‍ജിയത്തിനെതിരെ നേടിയത്. അവസാനനിമിഷം സക്കരിയ്യ അബൂഖ്‌ലാലിന് ഗോളിലേക്ക് വഴിയൊരുക്കിയ നിര്‍ണായക പാസ് നല്‍കിയത് ഹക്കിം സിയെച്ചായിരുന്നു. ലോകകപ്പ് മുന്‍പ് നടന്ന സന്നാഹമത്സരത്തില്‍ ഹാഫ് വരക്കടുത്ത് നിന്ന് പോസ്റ്റിലേക്ക് അടിച്ച ലോംഗ്‌ഗോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.