Tag Archive: Fikru Teferra

  1. ഐഎസ്എല്ലിലേക്ക് തിരിച്ചുവരാന്‍ ഫിക്രു, ലക്ഷ്യം വെക്കുന്നത് ഇതെല്ലാമാണ്

    Leave a Comment

    ഐഎസ്എല്ലില്‍ എത്യോപ്യന്‍ താരം ഫിക്രു കുറിച്ച റെക്കോര്‍ഡ് മറ്റാര്‍ക്കും തകര്‍ക്കാനാകില്ല. ഐഎസ്എല്ലിലെ ചരിത്രത്തിലെ തന്നെ ആദ്യ ഗോള്‍ എന്ന റെക്കോര്‍ഡാണ് ഈ എത്യോപ്യന്‍ താരം സ്വന്തമാക്കിയത്. 2014 ഒക്ടോപര്‍ 12ന് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കായി മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ഫിക്രു ഗോള്‍ നേടിയത്. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് ചരിത്രത്തിലേക്ക് കയറിയ ആ ഗോള്‍ എത്യോപ്യന്‍ താരം സ്വന്തമാക്കിയത്.

    പിന്നീട് തൊടുന്നതെല്ലാം പൊന്നാക്കിയാണ് ഫിക്രു ഐഎസ്എല്ലില്‍ കുതിച്ചത്. ആ സീസണില്‍ അത്‌ലറ്റിക്കോയെ കിരീട വിജയത്തിലെത്തിച്ച ഫിക്രു തൊട്ടടുത്ത വര്‍ഷം ചെന്നൈയിലേക്ക് കൂടുമാറി. ചെന്നൈയ്ക്കായും കിരീടം സ്വന്തമാക്കിയ ഫിക്രുവിന് പക്ഷെ പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു.

    പിന്നീടൊരിക്കലും ഫിക്രുവിന് ഐഎസ്എല്ലില്‍ കളിക്കാനായില്ല. ഇടക്ക് ഒരു ദക്ഷിണാഫ്രിക്കന്‍ ക്ലബില്‍ തലകാണിച്ച ഫിക്രു ഇന്ത്യയിലേക്ക് തിരിച്ചുവരവിനുളള ശ്രമത്തിന്റെ ഭാഗമായി മറ്റൊരു കൊല്‍ക്കത്തന്‍ ക്ലബായ മുഹമ്മദന്‍സിലും കളിച്ചു. നിലവില്‍ ദക്ഷിണാഫ്രിക്കയിലുളള താരം എത്യോപ്യയില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്.

    അതെസമയം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക് തിരിച്ചുവരണം എന്ന ആഗ്രഹത്തിലാണ് ഫിക്രു, ക്ലബ് അനുവദിക്കുയാണെങ്കില്‍ പ്ലെയര്‍ കം കോച്ചാകാനും താന്‍ തയ്യാറാണെന്ന് ഈ 34കാരന്‍ പറയുന്നു.

    ‘ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ കുറച്ച് മത്സരം കളിച്ച് ഞാന്‍ നിര്‍ത്തിയപ്പോള്‍ എനിക്ക് ചില ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. എത്യോപ്യയില്‍ എന്റെ അക്കാദമി തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍. ഇതിനിടെയാണ് കോവിഡ് മഹാമാരി എത്തിയതും എല്ലാം നിര്‍ത്തിവെക്കേണ്ടി വന്നതും. എന്നാല്‍ അടുത്ത മൂന്ന് നാല് മാസത്തിനുളളില്‍ എല്ലാം ശരിയാക്കമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ ഫിക്രു പറഞ്ഞു.

    ഇന്ത്യ മറക്കാനാകാത്ത ഇടമാണെന്ന് പറഞ്ഞ ഫിക്രു ഇന്ത്യയിലേക്ക് മടങ്ങി വരാനും കളിക്കാനും താന്‍ ആഗ്രഹിക്കുന്നതായും കൂട്ടിചേര്‍ത്തു.

    ‘എനിക്ക് കളിക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിയും. എന്നാല്‍ പ്ലെയര്‍ കം കോച്ചായി അവര്‍ എന്നെ സ്വീകരിക്കുകയാണെങ്കില്‍ അത് എനിക്ക് ഏറെ അനുഗ്രഹമാകും. എന്തുകൊണ്ടെന്നാല്‍ നിലവില്‍ ഞാന്‍ പരിശീലകനാകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്’ ഫിക്രു പറഞ്ഞ് നിര്‍ത്തി.