Tag Archive: FA Cup

  1. ഫൈനലിൽ രണ്ടു കിടിലൻ ഗോളുകൾ നേടി ഗുൻഡോഗൻ, ആവേശം ബാഴ്‌സലോണയിൽ

    Leave a Comment

    കഴിഞ്ഞ ദിവസം നടന്ന എഫ്എ കപ്പ് ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് ജർമൻ താരമായ ഇൽകെയ് ഗുണ്ടോഗനായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ രണ്ടു പകുതികളിലുമായി മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത് ജർമൻ താരമായിരുന്നു.

    രണ്ടു ഗോളുകളും കിടിലൻ ഗോളുകളായിരുന്നു എന്നതാണ് പ്രത്യേകത. മത്സരത്തിന്റെ ഒന്നാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ പിറന്നത്. കെവിൻ ഡി ബ്രൂയ്‌ന്റെ തലയിൽ തട്ടി വന്ന പന്ത് ഒരു കിടിലൻ വോളിയിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. അതിനു ശേഷം രണ്ടാം പകുതിയിൽ ഡി ബ്രൂയ്ൻ തന്നെ എടുത്ത കോർണറിൽ നിന്നും മറ്റൊരു വോളിയിലൂടെ താരം വിജയഗോളും നേടി.

    മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ജർമൻ താരം കിടിലൻ ഫോമിൽ കളിക്കുമ്പോൾ ആവേശം ബാഴ്‌സലോണ ആരാധകർക്ക് കൂടിയാണ്. ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന ഗുണ്ടോഗൻ അതു പുതുക്കാൻ തയ്യാറായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിന് ശേഷം താരം ബാഴ്‌സയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.

    ഈ സീസൺ കഴിയുന്നതോടെ ബാഴ്‌സലോണ മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്സ് ടീം വിട്ടു പുറത്തു പോവുകയാണ്. അതിനു പകരക്കാരനായി സാവി കണ്ടെത്തിയത് ജർമൻ താരത്തെയാണെന്നാണ് റിപ്പോർട്ടുകൾ. താരവും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നാണ് സൂചനകൾ. ആഴ്‌സണൽ അടക്കമുള്ള ക്ലബുകൾ ജർമൻ താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

    ഗുണ്ടോഗൻ ബാഴ്‌സലോണയിലേക്ക് വരികയാണെങ്കിൽ അത് ക്ലബിന് വലിയ മുതൽക്കൂട്ടാണ്. മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി കളിക്കുന്ന ജർമൻ താരത്തിന് തന്റെ പരിചയസമ്പത്ത് ഉപയോഗിക്കാൻ കഴിയും. ബുസ്‌ക്വറ്റ്‌സിന് പകരം ബാഴ്‌സയ്ക്ക് വേണ്ടതും അതുപോലെയൊരു താരത്തെ തന്നെയാണ്.

  2. ഇംഗ്ലണ്ടിലെ വമ്പൻ ക്ലബുകൾ തമ്മിലുള്ള പോരാട്ടം കാണാൻ കോഹ്‌ലിയും അനുഷ്‌കയുമുണ്ടാകും

    Leave a Comment

    ഇംഗ്ലീഷ് ഫുട്ബോളിൽ ഇന്നൊരു വമ്പൻ പോരാട്ടം നടക്കാൻ പോവുകയാണ്. പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും കറബാവോ കപ്പ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ എഫ്എ കപ്പിന്റെ ഫൈനലിലാണ് ഏറ്റുമുട്ടുന്നത്. രണ്ടു ടീമുകൾക്കും സീസണിലെ രണ്ടാമത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ഈ മത്സരമെന്നതിനൊപ്പം മാഞ്ചസ്റ്റർ ഡെർബിയാണെന്ന ആവേശവും ഇതിനുണ്ട്.

    ഇംഗ്ലണ്ടിലെ വമ്പൻ പോരാട്ടത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി വിരാട് കോഹ്ലി ലണ്ടനിലുണ്ട്. ഓസ്‌ട്രേലിയയെ കീഴടക്കി കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

    എഎൻഐയുടെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ കിറ്റ് സ്പോൺസർമാരായ പ്യൂമയുടെ അതിഥികളായാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും മത്സരത്തിനായി എത്തുന്നത്. 2017 മുതൽ വിരാട് കൊഹ്‌ലിക്കും പ്യൂമയുമായി പങ്കാളിത്തമുണ്ട്. ഇതാണ് താരം മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്.

    ക്രിക്കറ്റ് താരാമാണെങ്കിലും ഫുട്ബോളിന്റെ കടുത്ത ആരാധകൻ കൂടിയാണ് വിരാട് കോഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായ വിരാട് ഇന്നത്തെ ഡെർബി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും പിന്തുണ നൽകുകയെന്നതാണ് പ്രതീക്ഷിക്കേണ്ടത്. ഫുട്ബോൾ ആരാധന കൊണ്ടു തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഗോവയുടെ ഷെയറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

    ഇന്നത്തെ മത്സരത്തിൽ രണ്ടു ടീമുകളും മികച്ച പോരാട്ടം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തി ഒരു കിരീടം കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യമാകും ഉണ്ടാവുക. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപുള്ള ഒരു പ്രധാന പോരാട്ടത്തിനൊപ്പം ട്രെബിൾ കിരീടത്തിലേക്കുള്ള രണ്ടാമത്തെ ചുവടുവെപ്പുമാണ്.

  3. ഫൈനൽ വരെ ഒരു ഗോൾ പോലും വഴങ്ങിയില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് അവിശ്വസനീയം

    Leave a Comment

    ഷെഫീൽഡ് യുണൈറ്റഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കിരീടപ്രതീക്ഷ സജീവമായി നിലനിർത്തുന്ന മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയതോടെ അവർക്ക് ട്രിബിൾ കിരീടങ്ങൾ നേടാനുള്ള സാധ്യത തുറന്നിട്ടുണ്ട്.

    റിയാദ് മഹ്റാസ് നേടിയ മൂന്നു ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഷെഫീൽഡ് യുണൈറ്റഡിനെതിരെ വിജയം നേടിക്കൊടുത്തത്. അൾജീരിയൻ താരം മാഞ്ചസ്റ്റർ സിറ്റിക്കായി നേടുന്ന ആദ്യത്തെ ഹാട്രിക്കാണ് ഇന്നലെ പിറന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം എഫ്എ കപ്പിൽ ഇരുപത്തിയൊമ്പതാം വിജയം നേടിയ ഗ്വാർഡിയോള ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇത്തവണ സിറ്റിയെ ഫൈനലിൽ എത്തിച്ചത്.

    അൻപത്തിയേഴു വർഷത്തിനു ശേഷമാണ് എഫ്എ കപ്പിൽ ഒരു ടീം ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിൽ എത്തുന്നത്. മൂന്നാം റൗണ്ടിൽ ചെൽസിയെ എതിരില്ലാത്ത നാല് ഗോളുകൾക്കും നാലാം റൗണ്ടിൽ ആഴ്‌സനലിനെ എതിരില്ലാത്ത ഒരു ഗോളിനും അഞ്ചാം റൗണ്ടിൽ ബ്രിസ്റ്റോൾ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിനും തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ എത്തിയത്.

    ക്വാർട്ടർ ഫൈനലിൽ ബേൺലിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തൂത്തുവാരി സെമി ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ സിറ്റി ഇന്നലെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. പതിനാലു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിൽ എത്തിയ ടീമിന് അടുത്ത ഘട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡോ ബ്രൈറ്റാണോ ആയിരിക്കും എതിരാളികൾ. നിലവിലെ ഫോമിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് സാധ്യതയുള്ളത്.

  4. മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ച് ബ്രസീൽ, അർജന്റീന താരങ്ങൾ; ഇഞ്ചുറി ടൈമിൽ വിജയം പിടിച്ചെടുത്തു

    Leave a Comment

    വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. എഴുപത്തിയേഴാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിജയം നേടിയത്. ഇതോടെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറി.

    സാധാരണ ഇലവനിൽ നിന്നും മാറ്റങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയപ്പോൾ ആദ്യപകുതിയിൽ ഗോളുകളൊന്നും മത്സരത്തിൽ പിറന്നില്ല. അന്പത്തിനാലാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച് സൈദ് ബെഹ്‌റാമ ടീമിന്റെ വെസ്റ്റ് ഹാം യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അതിനു ശേഷം കസമീറോ ഒരു ഹെഡർ ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കപ്പെട്ടു.

    മത്സരത്തിന്റെ ഗതി മാറ്റിയ ഗോൾ പിറക്കുന്നത് എഴുപത്തിയേഴാം മിനുട്ടിലാണ്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ വെസ്റ്റ് ഹാം താരമായ അഗ്വേർഡിന്റെ തലയിൽ തട്ടി വലയിലേക്ക്. മത്സരം സമനിലയിലായതിന്റെ ആവേശത്തിൽ ആഞ്ഞടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ചുറി ടൈമിലാണ് വിജയം ഉറപ്പിച്ച രണ്ടു ഗോളുകളും നേടുന്നത്.

    ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിൽ അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ മികച്ചൊരു കെർവിങ് ഷോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അതിനു ശേഷം അവസാന മിനുട്ടിൽ വെസ്റ്റ് ഹാം വരുത്തിയ പ്രതിരോധപ്പിഴവിൽ നിന്നും ഫ്രെഡ് മൂന്നാം ഗോളും നേടിയതോടെ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണമായും സ്വന്തമാക്കി.

    മത്സരത്തിൽ വിജയം നേടിയതോടെ എഫ്എ കപ്പ് കിരീടം നേടാമെന്ന പ്രതീക്ഷകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമാക്കി. ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കറബാവോ കപ്പ് സ്വന്തമാക്കിയിരുന്നു. ഇനി എഫ്എ കപ്പ് അടക്കം മൂന്നു കിരീടങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിയും.

  5. ഒടുവില്‍ എഫ്.എ കപ്പും കൈവിട്ടു; പ്രതീക്ഷ നഷ്ടപ്പെട്ട സംഘമായി ലിവര്‍പൂള്‍

    Leave a Comment

    ലണ്ടന്‍: കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ലീഗിലും ചാമ്പ്യന്‍ലീഗിലുമെല്ലാം തകര്‍ത്ത് കളിച്ചിരുന്ന ലിവര്‍പൂളിന് ഈ സീസണ്‍ അത്രമികച്ചതായിരുന്നില്ല. തൊട്ടതെല്ലാം പിഴച്ചു. പ്രീമിയര്‍ലീഗില്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എഫ്.എ കപ്പിലും തോല്‍വിനേരിട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ എഫ്.എ കപ്പ് ചാമ്പ്യന്‍മാരായ ചെമ്പട കീഴടങ്ങിയത്. എഫ്.എ കപ്പ് നാലാംറൗണ്ടിലാണ് ടീം തോറ്റ് പുറത്തായത്.


    പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങളെല്ലാം പിഴക്കുന്നതാണ് മൈതാനത്ത് കണ്ടത്. ജപ്പാന്‍ താരം കൗരൗ മിറ്റോമ ഇഞ്ച്വറി സമയത്ത് നേടിയ ഗോളിലാണ് ബ്രൈറ്റണ്‍ ജയിച്ചുകയറിയത്. പ്രീമിയര്‍ലീഗിലും ബ്രൈറ്റന് മുന്നില്‍ മുന്‍ ചാമ്പ്യന്‍മാര്‍ തോറ്റിരുന്നു. 30ാം മിനിറ്റില്‍ ഹാര്‍വി എലിയട്ടിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഒന്‍പത് മിനിറ്റിന് ശേഷം ലെവിസ് ഡംഗിലൂടെ ബ്രൈട്ടന്‍ ഗോള്‍മടക്കി. രണ്ടാംപകുതിയില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഒടുവില്‍ 90+2 മിനിറ്റില്‍ മിറ്റോമ ലിവര്‍പൂള്‍ ഹൃദയംഭേദിച്ച് വലകുലുക്കി.

    നെതര്‍ലാന്‍ഡില്‍ നിന്ന് അടുത്തിടെ ടീമിലെത്തിച്ച കോഡി ഗാപ്‌കോയും സൂപ്പര്‍താരം മുഹമ്മദ് സലയുമടക്കമുള്ള മുന്നേറ്റനിരയുണ്ടായിട്ടും ഗോളടിക്കാനാവാത്തത് ഇംഗ്ലീഷ് വമ്പന്‍മാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത്താണ്. 19 കളിയില്‍ എട്ട് ജയവും അഞ്ച് സമനിലയും ഏഴ് തോല്‍വിയുമടക്കം 29പോയന്റാണ് സമ്പാദ്യം. 19 കളിയില്‍ 50 പോയന്റുള്ള ആര്‍സനലാണ് ലീഗില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍സിറ്റി രണ്ടാംസ്ഥാനത്തും ന്യൂകാസില്‍ മൂന്നാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാമതും തുടരുന്നു.

  6. എഫ്.എ കപ്പില്‍ സിറ്റിയ്ക്ക് മുന്നില്‍ അടിതെറ്റി ഗണ്ണേഴ്‌സ്; ഇനി പോരാട്ടം പ്രീമിയര്‍ലീഗില്‍

    Leave a Comment

    ലണ്ടന്‍: പ്രീമിയര്‍ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ ബലാബലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആര്‍സനലിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കി സിറ്റി എഫ്.എ കപ്പ് അഞ്ചാം റൗണ്ടിലേക്ക് പ്രവേശിച്ചു. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. പ്രതിരോധതാരം നഥാന്‍ അകെയാണ് മത്സരത്തിലെ ഏകഗോള്‍നേടിയത്. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് സിറ്റി കരുത്തരായ ആഴ്‌സനലിനെ നേരിട്ടത്. എഡേഴ്‌സന് പകരം സ്റ്റീഫന്‍ ഒര്‍ട്ടേഗയേയും ഐമറിക് ലപ്പോര്‍ട്ടക്ക് പകരം നഥാന്‍ ആകെയേയും ടീമിലെത്തിച്ചു. ജാക് ഗ്രീലിഷും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

    ആദ്യപകുതിയില്‍ സിറ്റിയുടെ പ്രതിരോധത്തെ കീറിമുറിച്ച് ഗണ്ണേഴ്‌സ് കുതിപ്പ് നടത്തിയെങ്കിലും ഗോള്‍നേടാനായില്ല. തകെഹിറോ ടോമിയാസുവും ട്രൊസാര്‍ഡും ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ഗോള്‍കീപ്പര്‍ ഒര്‍ട്ടേഗയുടെ മികച്ച ഫോം സിറ്റിക്ക് രക്ഷയായി. ആദ്യപകുതിയില്‍ പ്രതിരോധത്തിലായിരുന്ന സിറ്റി രണ്ടാംപകുതിയില്‍ ശൈലിമാറ്റുകയായിരുന്നു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി ആഴ്‌സനല്‍ ഹാഫിലേക്ക് കളിമാറ്റി. 64ാം മിനിറ്റില്‍ ഇതിന്റെ ഫലം ലഭിക്കുകയും ചെയ്തു. പ്രതീക്ഷിക്കാത്ത ആംഗിളില്‍ നിന്ന് ജാക് ഗ്രീലിഷ് നല്‍കിയ പന്ത് ഗണ്ണേഴ്‌സ് പ്രതിരോധമതില്‍ ഭേദിച്ച് ആകെ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

    കിരീടപോരാട്ടത്തില്‍ വലിയവെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച ആഴ്‌സനലിനെതിരെ വിജയിക്കാനായത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നേരത്തെ പ്രീമിയര്‍ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ സിറ്റിയുടെ തിരിച്ചുവരവ് കൂടിയായി എഫ്.എ കപ്പിലെ മത്സരം. പ്രീമിയര്‍ലീഗില്‍ രണ്ടാഴ്ച കഴിഞ്ഞ് ആദ്യ രണ്ട് സ്ഥാനക്കാരായ ആഴ്‌സനലും സിറ്റിയും ഏറ്റുമുട്ടാനിരിക്കുകയാണ്. പ്രീമിയര്‍ലീഗ് കിരീടപോരാട്ടം നിര്‍ണയിക്കുന്ന നിര്‍ണായക മത്സരത്തിന് മുന്‍പ് ഗണ്ണേഴ്‌സിനെതിരെ വിജയംനേടാനായത് സിറ്റിയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അതേസമയം, നിര്‍ഭാഗ്യംകൊണ്ട് മാത്രം തോല്‍വിനേരിട്ട ആഴ്‌സനലിന് തിരിച്ചുവരവിനുള്ള അവസരവുമാണ് പ്രീമിയര്‍ലീഗ് പോരാട്ടം.

  7. സിറ്റിയ്ക്ക് മുന്നില്‍ തോറ്റ് തോറ്റ് ചെല്‍സി; ദുരന്തമായി നീലപ്പട, മൂന്ന് ദിവസത്തിനിടെ രണ്ടാം പരാജയം

    Leave a Comment

    മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് മുന്നില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാംതോല്‍വിയേറ്റുവാങ്ങി ചെല്‍സി. പ്രീമിയര്‍ലീഗ് തോല്‍വിക്ക് പിന്നാലെ നടന്ന എഫ്.എ കപ്പിലും ദയനീയമായി കീഴടങ്ങി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോറ്റ് നീലപട എഫ്.എ കപ്പില്‍ നിന്ന് പുറത്തായി. പ്രീമിയര്‍ലീഗ് സീസണിലെ തുടക്കം മുതല്‍ നേരിട്ട മധ്യനിരയുടെ മൂര്‍ച്ചയില്ലായ്മയാണ് സിറ്റിക്കെതിരെയും പ്രതിഫലിച്ചത്.

    സിറ്റിയുടെ ശക്തമായ അക്രമണത്തെ നേരിടാന്‍ ചെല്‍സി പ്രതിരോധത്തിനുമായില്ല. അര്‍ജീരിയന്‍ വിംഗര്‍ റിയാബ് മെഹ്‌റസ് ഇരട്ടഗോള്‍ നേടിയപ്പോള്‍, പെനാല്‍റ്റിയിലൂടെ അര്‍ജന്റീനന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഇംഗ്ലീഷ് താരം ഫില്‍ഫോഡന്‍ എന്നിവരും ലക്ഷ്യംകണ്ടു. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടില്ലാതെയാണ് സിറ്റിയിറങ്ങിയത്.


    പ്രീമിയര്‍ലീഗില്‍ തോറ്റെങ്കിലും ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയ ചെല്‍സി ഇത്തവണ മൈതാനത്ത് കാഴ്ചക്കാര്‍ മാത്രമായി. മധ്യനിരയില്‍ ജോര്‍ജീന്യോ, കൊവാസിച്ച് കൂട്ട്‌കെട്ട് പരാജയമായി. മുന്നേറ്റത്തില്‍ ഹാവെട്‌സിന് പന്തുകിട്ടിയില്ല. കളിയിലേക്ക് തിരിച്ചുവരാന്‍ ചെല്‍സി പരിശീലകന്‍ ഗ്രഹാം പോട്ടര്‍ യുവതാരങ്ങളെ ഇറക്കി പരീക്ഷിച്ചെങ്കിലും ഒരുഗോള്‍പോലും നേടാനായില്ല. നാലാം റൗണ്ടിലെത്തിയ സിറ്റിക്ക് ഓക്ഫഡ് യുണൈറ്റഡ്-ആഴ്‌സനല്‍ മത്സരവിജയികളാകും എതിരാളികള്‍.


    പരിക്ക്കാരണം നിരവധിതാരങ്ങള്‍ പുറത്തായതും ചെല്‍സിയുടെ ദുരന്തത്തിന് കാരണമായി. മികച്ച ഫോമിലുള്ള റീല്‍സ് ജെയിംസ്, മധ്യനിര എഞ്ചിന്‍ എന്‍കോളോ കാന്റെ, പ്രതിരോധതാരം ഫൊഫാനെ, ബെന്‍ചില്‍വെല്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ റഹിം സ്റ്റെര്‍ലിംഗ്, ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്നിവരും ഇറങ്ങിയില്ല.

    കൊവാസിച്ച്, കുലിബാലി, ഹാവെട്‌സ്, മേസന്‍മൗണ്ട്, ജോര്‍ജീജ്ജ്യോ, ഹക്കിം സിയെച്ച് തുടങ്ങിയവരുണ്ടായിട്ടും ശക്തമായൊരു മത്സരംപോലും നടത്താതെ ദുര്‍ബലമായി കീഴടങ്ങിയത് ആരാധകരില്‍ വലിയ പ്രതിഷേധത്തിന് കാരണമാക്കി. മത്സരം കഴിയുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ നിന്ന് ചെല്‍സി ആരാധകര്‍ മടങ്ങുകയും ചെയ്തു.

  8. ഇത് പ്രീമിയർലീഗിലെ ‘ബിഗ് സിക്സ്’ മാതൃകയാക്കേണ്ടത്, വൈറലായി ലെയ്സസ്റ്റർ സിറ്റി ഉടമയുടെ എഫ്എ കപ്പ്‌ വിജയാഘോഷം

    Leave a Comment

    ചെൽസിയെ യൂരി ടിലെമാൻസിന്റെ ഏകഗോളിൽ തകർത്ത് ലൈസസ്റ്റർ എഫ്എ കപ്പ് കിരീടം ചൂടിയിരിക്കുകയാണല്ലോ. എന്നാൽ കിരീടവിജയത്തിലും താരമായിരിക്കുന്നത് മുപ്പത്തിയാറുകാരൻ ലൈസസ്‌റ്റർ സിറ്റിയുടെ തായ്‌ ഉടമയായ അയാവത് ഖുൻടോപ് ശിവധാനപ്രഭയാണ്‌.

    ലൈസസ്റ്റർ സിറ്റിയുടെ കിരീടാഘോഷത്തിൽ പങ്കു ചേർന്നു വികാരദീനനായി ചാമ്പ്യൻസ്… ചാമ്പ്യൻസ്.. എന്നു താരങ്ങളോടൊപ്പം ഉറക്കെ ചാന്റുകൾ പാടുന്ന ഉടമയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ലൈസസ്റ്റർ ഗോൾകീപ്പറും വിജയത്തിനു മുഖ്യപങ്കു വഹിച്ചവരിലൊരാളുമായ കാസ്പർ സ്‌മൈക്കലാണ് കിരീടാഘോഷത്തിന് തങ്ങളുടെ തായ് ഉടമയെയും ക്ഷണിച്ചത്.

    ഒരു മടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് ലൈസസ്‌റ്റർ താരങ്ങളോടൊപ്പം ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ഫുട്ബോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രീമിയർ ലീഗിലെ ബിഗ് സിക്സ് എന്നു വിളിപ്പേരുള്ള എല്ലാ ക്ലബ്ബുകളുടെ ഉടമകളും ഇതൊരു മാതൃകയാക്കേണ്ട ഒന്നാണെന്നുള്ള ചർച്ചയും ഉയർന്നു വന്നു കഴിഞ്ഞു.

    ആരാധകരോടും ക്ലബ്ബിനോടും സ്നേഹവും കൂറും പുലർത്തുന്ന ഉടമകളെയാണ് ഫുട്ബോളിന് വേണ്ടതെന്നും ഇതൊരു മികച്ച മാതൃകയാണെന്നും ഫുട്ബോൾ ലോകം വിലയിരുത്തുന്നു. ലൈസസ്‌റ്ററിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ എഫ്എ കപ്പ്‌ വിജയമാണിത്.

  9. സിറ്റിയെ വേട്ടയാടുക തന്നെയാണ് ലക്ഷ്യം,പെപ്പിന് മുന്നറിയിപ്പുമായി ചെൽസി പരിശീലകൻ

    Leave a Comment

    എഫ്എ കപ്പ്‌ സെമി ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് ടേബിളിൽ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് ചെൽസി. സിറ്റിക്കെതിരെ ഈ സീസണിലെ ആദ്യവിജയം എന്ന ലക്ഷ്യവുമായാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി ഇന്നിറങ്ങുന്നത്. സിറ്റിയുമായി 20 പോയിന്റ് വ്യത്യാസവുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം.

    ഈ വ്യത്യാസം അധികം വൈകാതെ തന്നെ കുറക്കാനാവുമെന്നാണ് ചെൽസി പരിശീലകൻ ടൂഹലിന്റെ പ്രതീക്ഷ. ഒപ്പം അടുത്ത സീസൺ മുതൽ സിറ്റിയെ പിന്തുടർന്നു വേട്ടയാടുമെന്ന് ടൂഹൽ ഉറപ്പു നൽകുന്നുമുണ്ട്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് ടേബിളിലുള്ള അകലം ഞങ്ങൾ സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും ഫിക്സ്ചർ നോക്കിയാൽ നമ്മൾ അത് അംഗീകരിക്കേണ്ടിവരും. പ്രധാനകാര്യം എന്തെന്നാൽ ഞങ്ങൾ അത് അംഗീകരിച്ചത് കൊണ്ട് സ്വയം ചെറുതാവുന്നുമില്ല.”

    “അടുത്ത സീസണിലെ ആദ്യ ദിവസം മുതൽ ഞങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങും. ഞങ്ങൾ അവരുമായുള്ള അകലം കുറച്ചു കൊണ്ടു വരും.” ടൂഹൽ പറഞ്ഞു. കഴിഞ്ഞ 9 മത്സരങ്ങളിൽ ഏഴു പ്രാവശ്യവും ചെൽസിക്കെതിരെ വിജയം പെപ്‌ ഗാർഡിയോളക്ക് തന്നെയായിരുന്നു. ലാംപാർഡ് പരിശീലകനായിരുന്ന സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 3-1ന്റെ വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു. ഇത്തവണ അതിലൊരു മാറ്റമുണ്ടാക്കാനാണ് ടൂഹലിന്റെ ലക്ഷ്യം.

  10. ലോകത്തിലെ ഏറ്റവും പഴക്കമേറിയ എഫ്എ കപ്പ്‌ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ഉടമ ഷെയ്ഖ് മൻസൂർ

    Leave a Comment

    ഏറ്റവും പഴക്കം ചെന്ന എഫ്എ  കപ്പ്‌ രഹസ്യമായി  സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അറബ്  ഉടമയായ ഷെയ്ഖ് മൻസൂർ. ഏഴുലക്ഷത്തിഅറുപതിനായിരം പൗണ്ടിനാണ് മൻസൂർ എഫ്എ കപ്പ്‌ സ്വന്തമാക്കിയിരിക്കുന്നത്. വെസ്റ്റ്ഹാമിന്റെ ഉടമയായ ഡേവിഡ് ഗോൾഡ് കഴിഞ്ഞ വർഷം ഈ പഴക്കമേറിയ വിൽക്കണമെന്ന് തീരുമാനിച്ചിരുന്നു.

    1896 മുതൽ 1910 വരെ നിലവിലുണ്ടായിരുന്ന ഈ ട്രോഫി ഇംഗ്ലണ്ടിൽ നിന്നുതന്നെ നഷ്ടപ്പെടുമോയെന്നു ആ സമയത്ത് ഭയപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഷെയ്ഖ് മൻസൂർ വാങ്ങിയതോടെ അത് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാവുകയായിരുന്നു. ഇംഗ്ലണ്ട്  ആർട്ട്‌ കൗൺസിൽ ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള വസ്തുവായി കണക്കാക്കുന്ന ഒന്നാണ് ഈ എഫ്എ  കപ്പ്‌.

    സിറ്റി  ഉടമ വാങ്ങിയെങ്കിലും എഫ്എ  കപ്പ്‌ നാഷണൽ ഫുട്ബോൾ മ്യൂസിയത്തിലേക്ക് അപരിമിതമായ കാലത്തേക്ക് ലോണിൽ നൽകാനും സിറ്റി തയ്യാറായിരിക്കുകയാണ്. ഈ ട്രോഫി സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 1904ൽ സിറ്റിക്ക് ആദ്യമായി  ലഭിച്ച കിരീടമാണിത്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലും സിറ്റി എടുത്തതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് ആദ്യ എഫ്എ കപ്പ്‌ ഉയർത്തുന്നത്.

    എന്നാൽ ഇംഗ്ലണ്ടിന് നഷ്ടപ്പെടുമെന്ന് കരുതിയ നാഷണൽ ഫുട്ബോൾ മ്യൂസിയത്തിനു നൽകാൻ സിറ്റി തീരുമാനിച്ചത് ഒരു ശുഭകരമായ വാർത്തയാണെന്നാണ്  മ്യൂസിയം ചീഫ് എക്സിക്യൂട്ടീവ് ആയ ടിം ഡെസ്മോൻഡ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ കായികപരമായ പൈതൃകം ഉയർത്തിപ്പിടിക്കാൻ മൻസൂറിന്റെ ഈ നീക്കം സഹായിച്ചുവെന്നും അദ്ദേഹം നന്ദി അറിയിച്ചു.