Tag Archive: Elclasico

  1. ക്ലാസിക്കോ: ബാഴ്സയ്ക്കെതിരെ റയലിനു വിജയം, ലീഗിൽ ഒന്നാമത്

    Leave a Comment

    ആവേശോജ്വലമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബാഴ്സക്ക് വേണ്ടി മിൻഗ്വേസ ഏക ഗോൾ സ്വന്തമാക്കിയപ്പോൾ റയൽ മാഡ്രിഡിനായി കരിം ബെൻസമയും ടോണി ക്രൂസുമാണ് ഗോളുകൾ കണ്ടെത്തിയത്. വിജയത്തോടെ ബാഴ്സയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും മറികടന്നു റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

    ആദ്യപകുതിയിൽ ബാഴ്സ കൂടുതൽ പന്തടക്കത്തിൽ ശ്രദ്ധ ചെലുത്തിയപ്പോൾ റയൽ മാഡ്രിഡ്‌ പ്രത്യാക്രമണ ഫുട്ബോളിനാണ് നേതൃത്വം നൽകിയത്. അത് പതിമൂന്നാം മിനുട്ടിൽ തന്നെ വിജയം കണ്ടു. വലതു വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണത്തിൽ ലൂക്കാസ് വാസ്‌കസ് നൽകിയ മികച്ചൊരു ക്രോസ് ബാക്ഫ്ലിപ്പിലൂടെ ബെൻസിമ വലയിലെത്തിക്കുകയായിരുന്നു.

    28ആം മിനുട്ടിൽ ബാഴ്സ പെനാൽറ്റി ബോക്സിനു വെളിയിൽ വെച്ചു റയൽ ലഭിച്ച ഫ്രീകിക്ക് ക്രൂസും വലയിലെത്തിച്ചതോടെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡ്‌ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ ഗ്രീസ്മാനെ കളത്തിലിറക്കിയതോടെ ബാഴ്സക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചു. റയൽ മാഡ്രിഡിന്റെ പ്രത്യാക്രമണങ്ങൾക്കു പോസ്റ്റും ടെർ സ്റ്റേഗനും തടസ്സമായി നിൽക്കുകയായിരുന്നു.

    എന്നാൽ അധികം വൈകാതെ തന്നെ 60ആം മിനുട്ടിൽ ബാഴ്സ ഒരു ഗോൾ മിൻഗ്വേസയിലൂടെ മടക്കുകയായിരുന്നു. ബാഴ്സയുടെ പ്രത്യാക്രമണത്തിൽ ജോർദി ആൽബ നൽകിയ കട്ട്‌ ബാക്ക് ക്രോസ്സിനെ മിൻഗ്വേസ വലയിലേക്ക് തട്ടിയിടുകയായിരുന്നു. പിന്നീട് കാസമിരോ റെഡ് കാർഡ് കണ്ടു പുറത്തായെങ്കിലും ലയണൽ മെസ്സിയുടെ കോർണർ കിക്ക് പോസ്റ്റിൽ അടിച്ചു പാഴായതും ഇഞ്ചുറി ടൈമിൽ ഇല്യാക്സ് മോറിബയുടെ ഷോട്ട് പോസ്റ്റിൽ കൊണ്ട് പാഴായതുമെല്ലാം ബാഴ്സക്കെതിരായി ഭവിക്കുകയായിരുന്നു. തോൽവിയോടെ അത്ലറ്റിക്കോ അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ അവരുമായുള്ള വ്യത്യാസം നാലായി ഉയർന്നിരിക്കുകയാണ്.

  2. ത്രികോണമത്സരവുമായി ലാലിഗകിരീടപോരാട്ടം, നിർണായക എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ഇന്ന്‌ ബാഴ്സയ്ക്കെതിരെ

    Leave a Comment

    ഫുട്ബോൾലോകം എല്ലായ്പോഴും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ലാലിഗവമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ. ലാലിഗയിൽ ആരു മുന്നിലെത്തുമെന്നു പ്രവചിക്കാനാവാത്ത ത്രികോണ മത്സരമാണ് ഇത്തവണത്തെ എൽ ക്ലാസിക്കോക്ക് പുതിയ മാനം നൽകുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമനായ അത്ലറ്റിക്കോ മാഡ്രിഡിനു വെറും ഒരു പോയിന്റു പിറകിലുള്ള ബാഴ്സലോണയും ബാഴ്‌സലോണയ്ക്ക് രണ്ടു പോയിന്റ് പിറകിലുള്ള റയൽ മാഡ്രിഡുമാണ് ഇത്തവണ ഏറ്റുമുട്ടാനൊരുങ്ങുന്നതെന്നത് ക്ലാസിക്കോയെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

    റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നും ക്യാപ്റ്റൻ റാമോസിനെയും റാഫേൽ വരാനെയും നഷ്ടമായത് വലിയ തിരിച്ചടിയായെങ്കിലും ലിവർപൂളിനെതിരായ മികച്ച വിജയം താരങ്ങൾക്ക് വലിയ ഊർജം നൽകിയിട്ടുണ്ട്. മുന്നേറ്റത്തിൽ വിനിഷ്യസ് ജൂനിയർ ഗോളുകൾ കൂടി കണ്ടെത്താൻ തുടങ്ങിയതോടെ ബാഴ്‌സയെ നേരിടാൻ മികച്ച ആത്മവിശ്വാസം റയലിനു കൈവന്നിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ തട്ടകമായ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

    കഴിഞ്ഞ 12 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് റയൽ മാഡ്രിഡ്‌. കൂമാനു കീഴിൽ കഴിഞ്ഞ 19 മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ ഇന്ന്‌ റയലിനെ നേരിടാനൊരുങ്ങുന്നത്. ഒരു തോൽവി രുചിച്ചാലും റയലിനു ബാഴ്സയെക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിലേ മുന്നിലെത്താനാവുകയുള്ളൂ. അത്ലറ്റിക്കോക്കെതിരായ മത്സരത്തിൽ അപ്പോൾ വിജയം അനിവാര്യമായിരിക്കും. എല്ലാറ്റിനും പുറമെ ചിരവൈരികളായ രണ്ടു ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ വിജയം ഉറപ്പിക്കാൻ തന്നെയായിരിക്കും ഇരു ടീമുകളുടെയും ശ്രമം.

    സാധ്യതാ ഇലവൻ

    റയൽ മാഡ്രിഡ്‌ : തിബോട് കോർട്‌വാ, ലൂക്കാസ് വാസ്‌കസ്,എഡർ മിലിറ്റവോ,നാച്ചോ, മെൻഡി, മോഡ്രിച്ച്, കാസമിരോ, ക്രൂസ്, അസെൻസിയോ, ബെൻസമ, വിനിഷ്യസ്

    ബാഴ്സലോണ: ടെർ സ്റ്റേഗൻ, അറോഹോ, ഡിയോങ്, ലെങ്ലറ്റ്, ഡെസ്റ്റ്, ബുസ്കെറ്റ്സ്, പെഡ്രി, ആൽബ, മെസി, ഡെമ്പെലെ, ഗ്രീസ്മാൻ.

  3. ചാമ്പ്യൻസ്‌ലീഗ്,എൽ ക്ലാസിക്കോ മത്സരങ്ങൾ തൊട്ടടുത്ത്, റയൽ മാഡ്രിഡിനു വൻതിരിച്ചടിയേകി സെർജിയോ റാമോസിന്റെ പരിക്ക്

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിൽ ലിവർപൂളുമായുള്ള മത്സരങ്ങളും ലാലിഗയിൽ ബാഴ്സയ്ക്കെതിരെ എൽ ക്ലാസിക്കോയും നിലനിൽക്കെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനു കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രതിരോധത്തിലെ വിശ്വസ്ത കാവൽക്കാരനായ സെർജിയോ റാമോസിനെ പരിക്കു മൂലം റയൽ മാഡ്രിഡിനു നഷ്ടപ്പെട്ടിരിക്കുകയാണ്. സ്പെയിനിനൊപ്പമുള്ള ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെയാണ് താരത്തിനു പരിക്കേറ്റു പുറത്തു പോവേണ്ടി വരികയായിരുന്നു.

    ഇടതു കാലിന്റെ താഴ്ഭാഗത്തുള്ള മസിലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. എത്ര കാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നു ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന മത്സരങ്ങളായ ലിവർപൂളിനെതിരെ ചാമ്പ്യൻസ്‌ലീഗിലെ ഇരുപാദങ്ങളും നിർണായകമായ എൽ ക്ലാസിക്കോയും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

    കഴിഞ്ഞ ബുധനാഴ്ച നടന്ന കോസോവോക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം അവസാനത്തോടടുക്കുമ്പോഴാണ് തനിക്ക് ഇടതു കാലിനു വേദന തോന്നുന്നുവെന്നു റാമോസ് സൂചിപ്പിക്കുന്നത്. മത്സരത്തിൽ 3-1ന്റെ മികച്ച വിജയം നേടാൻ സ്പെയിനിനു സാധിച്ചിരുന്നു. പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതുകൊണ്ട് തന്നെ ഇന്റർനാഷണൽ മത്സരങ്ങളിൽ റാമോസിന് മിനുട്ടുകൾ കുറവായിരുന്നു. ജോർജിയക്കെതിരെ റാമോസ്‌ ഇറങ്ങാതിരുന്നപ്പോൾ സമനിലയായ ഗ്രീസിനെതിരായ മത്സരത്തിൽ ആദ്യപകുതിക്കു ശേഷം താരത്തെ പിൻവലിച്ചിരുന്നു.

    എന്തായാലും പ്രധാനമത്സരങ്ങൾക്ക് മുൻപേ തന്നെ റാമോസിനെ പരിക്കു മൂലം നഷ്ടപ്പെട്ടത് സിദാനു കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിരോധത്തിൽ ഡാനി കർവഹാളും പരിക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തിൽ നാച്ചോയിൽ വിശ്വാസമർപ്പിക്കുകയേ സിദാനു നിവൃത്തിയുള്ളു. പരിക്കിൽ നിന്നും മുക്തനായി ഈഡൻ ഹസാർഡ് തിരിച്ചെത്തി പരിശീലനം ആരംഭിച്ചതാണ് ഏക ശുഭസൂചനയായി സിദാനു മുന്നിലുള്ളത്.

  4. എന്നെ വലിച്ചിടുകയായിരുന്നു, ക്ലാസിക്കോയിലെ വിവാദ പെനാൽറ്റി തീരുമാനത്തേക്കുറിച്ച് റാമോസ് പറയുന്നു.

    Leave a Comment

    ബാഴ്സലോണയുടെ  തട്ടകത്തിൽ വെച്ചു നടന്ന ഇത്തവണത്തെ  ആദ്യ എൽ ക്ലാസിക്കോയിൽ  ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മികച്ച വിജയം നേടിഎടുത്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഇതോടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവിക്കു വലിയ വിമർശനങ്ങൾ ലഭിച്ച സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് ഈ വിജയം നൽകിയിരിക്കുന്നത്.

    റയൽ മാഡ്രിഡിനായി ഫെഡേ വാൽവെർദെ, സെർജിയോ റാമോസ്, ലൂക്ക മോഡ്രിച് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബാഴ്സയുടെ ഏക ഗോൾ നേടിയത്  കൗമാരതാരം അൻസു ഫാറ്റിയായിരുന്നു. വിജയം റയൽ മാഡ്രിഡ് നേടിയെടുത്തെങ്കിലും റയലിനു ലഭിച്ച പെനാൽറ്റിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടാം  ഗോളിനാധാരമായ ലെങ്ലറ്റിന്റെ ഫൗളിന് പെനാൽറ്റി നൽകിയത് വിവാദപരമാണെന്നാണ് ആരോപണം.

    എന്നാൽ  റഫറിയുടെ തീരുമാനത്തിന് പിന്തുണയായി  റാമോസ്  തന്നെ രംഗത്തെത്തുകയായിരുന്നു.  റഫറി മാർട്ടിനെസ് മുനുവേര ശരിയായ തീരുമാനമാണെടുത്തതെന്നും ലെങ്ലറ്റ് തന്നെ വലിച്ചിടുകയായിരുന്നുവെന്നുമാണ് റാമോസ് ചൂണ്ടിക്കാണിച്ചത്. ശരിയായ തീരുമാനമെടുത്തതിന് റഫറിയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ലെന്നും റാമോസ് കൂട്ടിച്ചേർത്തു.

    “എനിക്ക് തോന്നുന്നത് അത് വ്യക്തമായും പെനാൽറ്റി തന്നെയാണെന്നാണ്, ഞാൻ ചാടിയപ്പോൾ അദ്ദേഹം എന്നെ വലിച്ചിടുകയായിരുന്നു. അത് വളരെ വ്യക്തമായിരുന്നു.  അതിനു റഫറിയെ കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. 2-1 എന്ന സ്കോറിൽ എത്തിയതിനു ശേഷം ഞങ്ങൾ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. അവരുടെ ആത്മവീര്യത്തിൽ ചോർച്ചയുണ്ടായപ്പോഴാണ് ഞങ്ങൾ വീണ്ടും ഗോളിനായി ശ്രമിച്ചത്.” റാമോസ് മത്സരശേഷം പറഞ്ഞു.

  5. എൽക്ലാസിക്കോ, ഡെർബി തീയതികൾ നിശ്ചയിക്കപ്പെട്ടു, ലാലിഗ ഫിക്ചര്‍ പുറത്ത്‌

    Leave a Comment

    2020/21 സീസണിലേക്കുള്ള ലാലിഗയുടെ ഫിക്സ്ചർ പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബർ പതിമൂന്നിന് ആരംഭിക്കുന്ന ലാലിഗ മത്സരങ്ങൾ 2021 മെയ് ഇരുപത്തിമൂന്നിന് അവസാനിക്കുന്ന തരത്തിലാണ് ഫിക്സ്ചർ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ റൗണ്ട് പോരാട്ടത്തിൽ, സെപ്റ്റംബർ പതിമൂന്നിന് അത്ലറ്റികോ മാഡ്രിഡിനു സെവിയ്യയും ബാഴ്സക്ക് എൽച്ചെയും റയൽ മാഡ്രിഡിന് ഗെറ്റാഫയുമാണ് എതിരാളികലായുള്ളത്.

    എന്നാൽ യൂറോപ്യൻ ടൂർണമെന്റുകളിൽ കളിച്ച ടീമുകൾക്ക് ആദ്യ റൗണ്ട് പോരാട്ടങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്. റയൽ മാഡ്രിഡ്‌, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്‌, ഗെറ്റാഫെ, സെവിയ്യ എന്നീ അഞ്ച് ടീമുകളാണ് കൊറോണക്ക് ശേഷം യൂറോപ്യൻ ടൂർണമെന്റുകളിൽ കളിച്ചത്. അതിനാൽ തന്നെ ഇവരുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. അതായത് സെപ്റ്റംബർ പതിമൂന്നിന് ഇവർ കളിക്കാനിറങ്ങിയേക്കില്ല.

    കൂടാതെ ലാലിഗ വമ്പന്മാരുടെ പോരാട്ടമായ എൽ ക്ലാസിക്കോയുടെ തിയ്യതികളും നിശ്ചയിച്ചിട്ടുണ്ട്. ഏഴാം റൗണ്ട് പോരാട്ടത്തിൽ, ഒക്ടോബർ 25നാണ് ആദ്യ എൽ ക്ലാസിക്കോ കൊടിയേറുക. രണ്ടാം എൽ ക്ലാസിക്കോ മുപ്പതാം റൗണ്ട് പോരാട്ടത്തിൽ ഏപ്രിൽ 11ന് നടന്നേക്കും.ഒപ്പം മാഡ്രിഡ്‌ വമ്പമാരുടെ പോരാട്ടമായ ഡെർബികളുടെ തീയതികളും പുറത്തുവിട്ടു.

    പതിമൂന്നാം റൗണ്ട് മത്സരത്തിൽ ഡിസംബർ 13നാണ് ഇരു മാഡ്രിഡ് ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇരുപത്തിയാറാം റൗണ്ട് പോരാട്ടത്തിൽ മാർച്ച്‌ 7ന് ഇവർ തമ്മിലുള്ള രണ്ടാം മത്സരത്തിലും കൊമ്പുകോർക്കും. ബാഴ്സ-അത്ലറ്റികോ മത്സരങ്ങളും ശ്രദ്ധേയമാണ്. പത്താം റൗണ്ട് പോരാട്ടത്തിൽ നവംബർ 22-നാണ് ബാഴ്സയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുക. മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ മെയ് 9-ന് ഇരുവരും തമ്മിലുള്ള രണ്ടാം മത്സരവും നടന്നേക്കും.