Tag Archive: Eden Hazard

 1. തോൽവിയിലും ചെൽസി താരങ്ങളുമായി ചിരിച്ചുല്ലസിച്ച് ഹസാർഡ്, വൻ വിമർശനങ്ങളുമായി മാഡ്രിഡ്‌ ആരാധകർ

  Leave a Comment

  ചെൽസിയോട് ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവിയേറ്റു വാങ്ങിയതോടെ 14ആം ചാമ്പ്യൻസ്‌ലീഗ് കിരീടമെന്ന റയലിന്റെ സ്വപ്നം തകർന്നടിഞ്ഞിരിക്കുകയാണ്. ചെൽസിയോട് തോൽവിയേറ്റു വാങ്ങേണ്ടി വന്നുവെങ്കിലും അതിന്റെ യാതൊരു വിഷമവുമില്ലാതെ ചെൽസി താരങ്ങളുമായി ചിരിച്ചു സംസാരിക്കുന്ന ഈഡൻ ഹാസാർഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

  റയൽ മാഡ്രിഡിന്റെ ബാക്കിയെല്ലാ താരങ്ങളും തോറ്റതിന്റെ നിരാശയിൽ കളത്തിൽ നിൽകുമ്പോൾ ചെൽസി താരങ്ങളായ കർട്ട് സൂമയോടും ഗോൾകീപ്പർ മെൻഡിയോടും സംസാരിച്ചു ചിരിക്കുന്ന ഹസാർഡിനെയാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

  മാഡ്രിഡ്‌ ആരാധകർ സോഷ്യൽ മീഡിയയിലൂടെ വൻ വിമർശനങ്ങളാണ് ഹസാർഡിനെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഈ രോഷം ഏതാനും ക്ലബ്ബ് മെമ്പർമാരുടെ ഇടയിലും ഉയർന്നിട്ടിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ഈഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്. മത്സരത്തിലെ മോശം പ്രകടനത്തിനും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

  നിരന്തരമായ പരിക്കുകൾ മൂലം പുറത്തിരിക്കേണ്ടി വന്ന ഹസാർഡ് അടുത്തിടെയാണ് മത്സരങ്ങളിലേക്ക് തിരിച്ചു വന്നത്. എന്നാൽ പരിശീലകൻ സിദാൻ താരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ താരത്തിൽ നിന്നുണ്ടായ ബഹുമാനമില്ലാത്ത ഈ പ്രവൃത്തി ആരാധകരെ മാത്രമല്ല ക്ലബിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 2. ചെൽസിക്കെതിരെ മറ്റൊരു ഹസാർഡിനെ കാണാം, ആരോഗ്യവനായി തിരിച്ചെത്തിയെന്ന് സിദാൻ

  Leave a Comment

  റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായി തൻ്റെ പഴയ ടീമായ ചെൽസിയെ നേരിടാനൊരുങ്ങുകയാണ് സൂപ്പർ താരമായ ഈഡൻ ഹസാർഡ്. നിരന്തരമായ പരിക്കുകൾ മൂലം വളരെക്കാലമായി തൻ്റെ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ ഹസാർഡിനു ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ മികച്ച പ്രകടനം നടത്താൻ ഹസാർ ഡിനു സാധിക്കുമെന്നാണ് സിദാൻ വ്യക്തമാക്കുന്നത്.

  ഹസാർഡ് ശരീരികമായി മികച്ച രീതിയിലാണുള്ളതെന്നാണ് സിദാൻ്റെ പക്ഷം. പരിക്കിനു ശേഷം തിരിച്ചെത്തിയ താരം റയൽ ബെറ്റിസിനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ ആകെ പതിനഞ്ചു മത്സരങ്ങളിൽ മാത്രമാണ് സിദാൻ അവസരം നൽകിയതെങ്കിലും ഇപ്പോഴാണ് ഹസാർഡ് മുഴുവനായും മികച്ച ആരോഗ്യത്തോടെ കളിക്കാൻ ഹസാർഡിനു സാധിക്കുന്നതെന്നാണ് സിദാൻ കണക്കുകൂട്ടുന്നത്.

  മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.
  ” ഈഡനു ഇനിയും ഒരു സംശയത്തിനു ഇടമുണ്ടെന്നു എനിക്കു തോന്നുന്നില്ല. കഴിഞ്ഞ ദിവസം അവൻ മികച്ച രീതിയിൽ കളിക്കളത്തിൽ കാണാൻ സാധിച്ചു. ”

  അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ പ്രശ്നങ്ങൾ ഒന്നും അവനു അനുഭവപ്പെടുന്നില്ല. ഇപ്പോൾ അവൻ മികച്ച രീതിയിലാണുള്ളത്. ഇനി മുന്നോട്ടു നീങ്ങേണ്ടതുണ്ട്. അവനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷവാൻമാരാണ്. ടീമിനു ഇതിലും കൂടുതൽ നൽകാൻ അവനു സാധിക്കും.” സിദാൻ പറഞ്ഞു.

 3. ഇതിനൊരു അവസാനമില്ലേ?, ഹാസാർഡിന്റെ പുതിയ പരിക്കിനെക്കുറിച്ച് വിശദീകരിക്കാനാവുന്നില്ലെന്നു സിദാൻ

  Leave a Comment

  ക്രിസ്ത്യാനോ റയൽ മാഡ്രിഡ്‌ വിട്ടതിനു ശേഷം പെരെസ് ചെൽസിയിൽ നിന്നും സ്വന്തമാക്കിയ സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. എന്നാൽ 2019ൽ റയലിലേക്ക് ചേക്കേറിയ ശേഷം ആകെ 25 മത്സരങ്ങൾ മാത്രമാണ് ഈ ബെൽജിയൻ സൂപ്പർതാരത്തിന് റയൽ മാഡ്രിഡ്‌ ജേഴ്സിയിൽ കളിക്കാനായത്. നിരന്തരമായ പരിക്കുകൾ മൂലം സീസണുകളിലെ സിംഹഭാഗം മത്സരങ്ങളും താരത്തിനു നഷ്ടമാവുകയായിരുന്നു.

  നിലവിൽ അറ്റലാന്റക്കെതിരായ രണ്ടാം പാദത്തിൽ താരം തിരിച്ചു വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പുതിയ പരിക്ക് താരത്തിന്റെ ഈ മുഴുവൻ സീസണെ തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൽച്ചെക്കെതിരായ ലാലിഗ മത്സരത്തിന്റെ അവസാന പതിനഞ്ചു മിനുട്ടിൽ താരം ഇറങ്ങിയെങ്കിലും വീണ്ടും കണങ്കാലിന് വേദന കൂടിയതായാണ് വിവരം.

  ഹസർഡിന് വീണ്ടും പരിക്കേറ്റതോടെ കൂടുതൽ നിരാശനായാണ് സിദാൻ കാണപ്പെട്ടത്. അത് മത്സരശേഷം സിദാൻ വെളിപ്പെടുത്തുകയും ചെയ്തു.”പുതിയതായി എന്തോ സംഭവിച്ചിട്ടുണ്ട്. കാരണം സീസൺ മുഴുവനും അവനു ഇതുവരെയും റയലിൽ ചേരുന്നതിനു മുൻപ് പുറത്തിരിക്കേണ്ടി വന്നിട്ടില്ല. വളരെ കുറച്ചു പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളു. ഞങ്ങൾക്ക് അവനെ സഹായിക്കേണ്ടതുണ്ട്. വളരെ പെട്ടെന്നു തന്നെ തിരിച്ചു വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

  “ഇതെല്ലാം എനിക്കു വിശദീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. ഞാൻ പോസിറ്റീവ് ആയിതന്നെ ഇരിക്കേണ്ടതുണ്ട്. കൂടുതൽ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നതെന്തുകൊണ്ടാണെന്നു ഞങ്ങൾക്ക് കണ്ടെത്തേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ ഇതിനെക്കുറിച്ചൊന്നും വിശദീകരിക്കാനാവില്ല. ” സിദാൻ പറഞ്ഞു.

 4. റയൽ മാഡ്രിഡിലെത്തിയപ്പോൾ ഹസാർഡിന് വയസായ പോലെ തോന്നി, ഇപ്പോഴത്തെ അവസ്ഥ വിഷമിപ്പിക്കുന്നുവെന്നു മുൻ ചെൽസി താരം

  Leave a Comment

  റയൽ മാഡ്രിഡിൽ പരിക്കു മൂലം ബുദ്ദിമുട്ടനുഭവിക്കുന്ന സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. 2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ശേഷം നിരന്തരമായ പരിക്കുകൾ താരത്തെ ഏകദേശം ഒരു സീസൺ തന്നെ പുറത്തിരിക്കേണ്ടി വന്നിരുന്നു. 2018ൽ ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കേറിയതിനു പിന്നാലെ ഹസാർഡിനെ റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരുന്നുവെങ്കിലും ഒരു സീസൺ കൂടി ചെൽസിയിൽ തന്നെ താരം തുടരുകയായിരുന്നു.

  എന്നാൽ 2018ൽ തന്നെ ഹസാർഡിനെ റയൽ മാഡ്രിഡ്‌ സ്വന്തമാക്കേണ്ടതായിരുന്നുവെന്നാണ് മുൻ റയൽ സരഗോസ/ചെൽസി മിഡ്‌ഫീൽഡരായിരുന്ന ഗസ് പോയെറ്റിന്റെ അഭിപ്രായം. നിലവിലെ താരത്തിന്റെ അവസ്ഥയിൽ വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്പാനിഷ് മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

  “ഇതെന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനോ പോയ സമയമായിരുന്നു ഇവനെ പകരക്കാരനായി കൊണ്ടുവരേണ്ടിയിരുന്നത്. ആ സീസൺ ചെൽസിയിലെ അവന്റെ മികച്ച സീസൺ ആയിരുന്നു. എന്നാൽ അതിനു ശേഷം റയലിലേക്ക് വന്നപ്പോൾ അവനു പെട്ടെന്നു വയസായതു പോലെ തോന്നി. കളിശൈലിയോ മനോഭാവമോ ആണ് താരത്തിന്റെ പ്രശ്നമെന്നു എനിക്ക് തോന്നുന്നില്ല. ശാരീരികമായ പ്രശ്നങ്ങളാണെന്നെ ഞാൻ പറയുള്ളൂ.

  “ശാരീരികമായ പ്രശ്നങ്ങൾക്കാണ് അവനു വലിയ വിലകൊടുക്കേണ്ടി വന്നത്. അതാണ് അവന്റെ തിരിച്ചു വരവിനു തടസ്സമായി നിൽക്കുന്നത്. ഇതു വരെയും അവന്റെ മികവിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും മികച്ച സാഹചര്യമെന്നത് അവരുടെ താരങ്ങൾക്ക് അധികം പ്രശ്നങ്ങളില്ലാതെ കളിക്കാനാവുകയെന്നതാണ്. ഹാസർഡ് അങ്ങനെയായിരുന്നുവെന്നു തോന്നുന്നില്ല. അവൻ അവന്റെ വെറും 60% മാത്രമേ റയലിൽ മികവ് കാണിച്ചിട്ടുള്ളു. അത് സിദാന്റെ പ്രശ്നമാണെന്ന് തോന്നുന്നില്ല. എല്ലാ വെല്ലുവിളികളിൽ നിന്നുമുള്ള തിരിച്ചു വരവിലാണ് താരമെന്നേ പറയാനാകുകയുള്ളു.” പോയെറ്റ് പറഞ്ഞു.

 5. പിറന്നാൾ സമ്മാനമായി മെസിയുടെ ഇടങ്കാൽ കിട്ടാനാണ് ആഗ്രഹമെന്നു ഹസാർഡ്

  Leave a Comment

  ഇന്നലെ തന്റെ മുപ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് റയൽ മാഡ്രിഡ്‌ സൂപ്പർതാരം ഈഡൻ ഹസാർഡ്. ജന്മദിനത്തിൽ ഹസാർഡുമായി നടത്തിയ അഭിമുഖത്തിൽ മൂന്നു താരങ്ങളുടെ സാവിശേഷതകൾ ലഭിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അതേതൊക്കെയാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഹസാർഡ്. ബെൽജിയൻ മാധ്യമമായ ആർടിബിഎഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹസാർഡ്.

  പിറന്നാൽ സമ്മാനമായി സൂപ്പർതാരം ലയണൽ മെസിയിൽ നിന്നും എന്താണ് ലഭിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മെസിയുടെ ഇടങ്കാലാണു ചോദിക്കുകയെന്നാണ് ഹസാർഡ് മറുപടി നൽകിയത്. സൂപ്പർ താരം ക്രിസ്ത്യനോയിൽ നിന്നും ലഭിക്കാൻ ആഗ്രഹിക്കുന്ന പിറന്നാൾ സമ്മാനവും ഹാസർഡ് വെളിപ്പെടുത്തി. ജയിക്കാനുള്ള ത്വരയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നാണ് ഹസാർഡ് വെളിപ്പെടുത്തിയത്.

  ട്രോഫികൾ നേടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും എപ്പോഴും ഗോളുകൾ നേടാനുള്ള അടങ്ങാത്ത ആഗ്രഹവും ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു ഹാസർഡ് കൂട്ടിച്ചേർത്തു. നിലവിലെ റയൽ മാഡ്രിഡ്‌ പരിശീലകനായ സിനദിൻ സിദാനിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ഹസാർഡ് മറുപടി നൽകി. സിനദിൻ സിദാന്റെ ഉയർന്ന ഗുണത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നു ഹാസർഡ് വെളിപ്പെടുത്തി.

  തനിക്കും ആ ഉയർന്ന ഗുണമുണ്ടെങ്കിലും സിദാനു കൂടുതൽ അക്കാര്യമുണ്ടെന്നാണ് ഹാസാർഡിന്റെ പക്ഷം. 30 വളരെ പെട്ടെന്നു ഉത്തരം പറയേണ്ട ചോദ്യങ്ങൾക്കാണ് ഹസാർഡ് മറുപടി നൽകിയത്. അതിൽ വീഡിയോ അസിസ്റ്റിംഗ് റഫറിയിങ്ങിനെക്കുറിച്ചും(VAR) ചോദ്യം ഉന്നയിച്ചു. വീഡിയോ റഫറിയിങ് ഫുട്ബോളിന്റെ മനോഹാരിതയെ ഇല്ലാതാക്കുന്നുവെന്നും ഗോളടിച്ചതിനു ശേഷം എന്ത് സംഭവിക്കുന്നുവെന്നു കാത്തിരിക്കേണ്ടി വരുന്നുവെന്നും ഹസാർഡ് ചൂണ്ടിക്കാണിച്ചു. തെറ്റുകൾ തിരുത്തുന്നുണ്ടെങ്കിലും ഫുട്ബോളിന്റെ മനോഹരിതയെ ഇല്ലാതാക്കുന്ന വീഡിയോ റഫറിയിങ്ങിനു വിട എന്നാണ് ഹസാർഡ് അഭിപ്രായപ്പെട്ടത്.

 6. ഡബിൾ ഹാപ്പി സിദാൻ, ഹസാർഡ് പരിക്കിൽ നിന്നും തിരിച്ചു വരുന്നു

  Leave a Comment

  ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്കുമായുള്ള ചാമ്പ്യൻസ്‌ലീഗ് ജയവും അടുത്തറൗണ്ടിലേക്ക് യോഗ്യത നേടിയതും റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിരിക്കുകയാണെന്നു തെളിയിക്കുകയാണ് അതിനു ശേഷമുള്ള സിദാനും സംഘത്തിന്റെയും ഓരോ വിജയവും. അത്ലറ്റിക്കോ മാഡ്രിഡുമായും സെവിയ്യയുമായും തുടർച്ചയായ വിജയം സ്വന്തമാക്കിയ റയൽ മാഡ്രിഡ്‌ അത്ലറ്റിക് ബിൽബാവോക്കെതിരെയും തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

  ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ അത്ലറ്റിക്കോ ബിൽബാവോയെ തകർത്തുവിട്ടത്. റയൽ മാഡ്രിഡിനായി ടോണി ക്രൂസും ബെൻസിമ ഇരട്ട ഗോളുകളും കണ്ടെത്തുകയായിരുന്നു. ഈ വിജയത്തോടെ ലീഗിൽ റയൽ സോസീഡാഡിനും അത്ലറ്റിക്കോ മാഡ്രിഡിനുമൊപ്പം 26 പോയിന്റ് നേടാൻ റയൽ മാഡ്രിഡിനു സാധിച്ചിരിക്കുകയാണ്.

  അടുത്തതായി റയൽ മാഡ്രിഡിനു വരുന്ന ഞായറാഴ്ച ലാലിഗയിൽ ഐബാറുമായാണ് മത്സരമുള്ളത്. നിലവിൽ മികച്ച ഫോമിലുള്ള റയൽ മാഡ്രിഡിനു മറ്റൊരു സന്തോഷവാർത്ത കൂടി കൂടുതൽ ഊർജം പകർന്നിരിക്കുകയാണ്. സൂപ്പർതാരം ഈഡൻ ഹസാർഡ് പരിക്കിൽ നിന്നും മുക്തനായി റയൽ മാഡ്രിഡിനൊപ്പം പരിശീലനം ആരംഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം തട്ടകത്തിൽ അലാവസിനെതിരായി നടന്ന മത്സരത്തിലാണ് ഈഡൻ ഹസാർഡിന് പരിക്കേൽക്കുന്നത്.

  എന്നാലിപ്പോൾ ഐബാറിനെതിരെ ഈഡൻ ഹസർഡും തിരിച്ചെത്തിയത് സിദാനും സംഘത്തിനും കൂടുതൽ ഊർജം പകർന്നിരിക്കുകയാണ്. ഈഡൻ ഹസാർഡിനൊപ്പം സെർബിയൻ സ്‌ട്രൈക്കറായ ലൂക്കാ ജോവിച്ചും പരിക്കിൽ നിന്നും മോചിതനായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. സീസണിൽ ആദ്യമായാണ് റയലിന്റെ ഫുൾ സ്‌ക്വാഡ് പരിക്കുകളൊന്നുമില്ലാതെ ഒരു മത്സരത്തിനു തയ്യാറാവുന്നത്.

 7. സൂപ്പർതാരം ഹസാർഡിന് പരിക്ക്, അലാവസിനെതിരായ തോൽ‌വിയിൽ തലപുകഞ്ഞ് സിദാൻ

  Leave a Comment

  ലാലിഗയിൽ സ്വന്തം തട്ടകത്തിൽ സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്‌ വീണ്ടും തോൽവി രുചിച്ചിരിക്കുകയാണ്.  ഡീപോർട്ടീവോ അലാവസിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്  റയൽ മാഡ്രിഡ്‌ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ അടിയറവു പറഞ്ഞത്. റഫറിയുടെ വിവാടഹീരുമാനങ്ങൾ കൊണ്ട് നാടകീയമായ മത്സരത്തിൽ മൂന്നാം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ വെച്ചു നടന്ന നച്ചോയുടെ ഹാൻഡ്ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ അലാവസ് മുന്നിലെത്തുകയായിരുന്നു.

  നിരവധി മുന്നേറ്റങ്ങൾ പിന്നീട് റയൽ മാഡ്രിഡ്‌ നടത്തിയെങ്കിലും അലാവസിനു വേണ്ടി ഗോൾകീപ്പർ ഫെർണാണ്ടോ പച്ചൊക്കൊയുടെ പ്രകടനം അതെല്ലാം വിഫലമാക്കുകയായിരുന്നു. സിദാനേറ്റ ഏറ്റവും വലിയ തിരിച്ചടി സൂപ്പർതാരം  ഈഡൻ ഹസാർഡിനേറ്റ പരിക്കായിരുന്നു.  കണങ്കാലിനേറ്റ പരിക്കു മൂലം മുടന്തിയ ഹസാർഡിനെ മത്സരം ആരംഭിച്ചു അരമണിക്കൂറിനു മുൻപു തന്നെ സിദാനു പിൻവലിക്കേണ്ടി വന്നു.

  രണ്ടാം പകുതിയിലും മികച്ച പന്തടക്കത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച  അലാവസ് റയൽ ഗോൾകീപ്പർ തിബോട് കോർട്വായുടെ വലിയ മണ്ടത്തരം രണ്ടാം ഗോളിൽ കലാശിക്കുകയായിരുന്നു. പ്രതിരോധനിരയിലേക്ക് തിരിച്ചു നൽകിയ കോർട്‌വയുടെ ലക്ഷ്യം തെറ്റിയ പാസ്സ് പിടിച്ചെടുത്തു അലാവസ് മുന്നേറ്റനിരതാരം ഹോസേലു റയൽ ഗോൾപോസ്റ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു.

  റയലിനെതിരായ റഫറിയുടെ പല തീരുമാനങ്ങളും വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഹസാർഡിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു പെനാൽറ്റി വിധിക്കാതിരുന്നതിനും റയലിനെതിരായി നാച്ചോയുടെ ഹാൻഡ് ബോളിന് പെനാൽറ്റി വിധിച്ചതും വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലും സിദാന് വലിയ തിരിച്ചടിയായത് സൂപ്പർതാരം ഈഡൻ ഹസാർഡിന്റെ പരിക്കു തന്നെയാണ്. തിരക്കേറിയ ലാലിഗ മത്സരക്രമത്തിൽ സൂപ്പർതാരത്തെ പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വന്ന ഹസാർഡിനെ നഷ്ടപ്പെട്ടത് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 8. റയൽ മാഡ്രിഡിനു തിരിച്ചടി, രണ്ടു സുപ്രധാന താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

  Leave a Comment

  റയൽ മാഡ്രിഡിനു കോവിഡ് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. വലെൻസിയക്കെതിരെ ഇന്നു നടക്കാനിരിക്കുന്ന ലാലിഗ മത്സരത്തിൽ രണ്ടു സുപ്രധാന താരങ്ങളില്ലാതെയാണ് റയൽ മാഡ്രിഡ്‌ കളിക്കാനിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് രണ്ടു സൂപ്പർതാരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം റയൽ മാഡ്രിഡ്‌ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

  റയൽ മാഡ്രിഡ്‌ മുന്നേറ്റതാരം ഈഡൻ ഹസാർഡും മധ്യനിരതാരം കാസെമിരോക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കും ഇരുവർക്കും പങ്കെടുക്കാനാവില്ല. ബാക്കി താരങ്ങൾക്കും സ്റ്റാഫുകൾക്കും രണ്ടാമത് നടത്തിയ ടെസ്റ്റുകൾ നെഗറ്റീവ് ആയത് ആശ്വാസമേകുന്നുണ്ട്. എന്നാലും രണ്ടു സുപ്രധാനതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി കൂടുതൽ മോശമാക്കുകയാണ് ചെയ്തതെന്ന് സിദാൻ അഭിപ്രായപ്പെട്ടു.

  “അവർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ സംഭവിച്ച കാര്യത്തിൽ ഇരുവരും സന്തുഷ്ടരല്ല. ധാർമികമായും ശരീരികമായും. അവർ നല്ല സ്ഥിതിയിലാണുള്ളത്. അവർക്ക് ലക്ഷണങ്ങളൊന്നുമില്ല. ഞാൻ അവർക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഞാൻ പിന്നീടൊരിക്കൽ അവരുമായി സംസാരിക്കുന്നതായിരിക്കും. ഇങ്ങനെ സംഭവിക്കാവുന്ന കാര്യമാണ്. നമ്മൾ അത് സ്വീകരിക്കേണ്ടി വരും.”

  “ഇങ്ങനെ സംഭവിച്ചു പോയി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് അത് അംഗീകരിക്കുകയും ഒരു ടീമായി തന്നെ മുന്നോട്ടു പോവേണ്ടതുണ്ട്. ഈ സംഘത്തിന് അതിനുള്ള കരുത്തുണ്ട്. കൂടുതൽ മോശമായ കാര്യമാണിത്. ആളുകൾ മോശം അവസ്ഥായിലൂടെയാണ് കടന്നു പോവുന്നത്. ഇത് കാര്യങ്ങളെ മൊത്തം താറുമാറാകിയിട്ടുണ്ടെന്നത് സത്യമാണ്. അത് പരിശീലനത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

 9. ഹസാർഡിന്റെ വിസ്ഫോടനാത്മകമായ തിരിച്ചുവരവിന് സാക്ഷിയാവും, ആരാധകർക്ക് ആത്മവിശ്വാസം പകർന്ന് കോർട്‌വാ.

  Leave a Comment

  റയൽ മാഡ്രിഡിൽ പരിക്കു മൂലം വിഷമിക്കുന്ന ബെൽജിയൻ സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. കണങ്കാലിനേറ്റ പരിക്കിൽ നിന്നും മോചിതനായെങ്കിലും വീണ്ടും തുടയിലെ പേശിക്കു പരിക്കേറ്റത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു.  ഇതുമൂലം ബെൽജിയം സ്‌ക്വാഡിൽ നിന്നും താരത്തെ റയൽ മാഡ്രിഡിലേക്കു തന്നെ  തിരിച്ചയക്കുകയായിരുന്നു.

  എന്നാലിപ്പോൾ  തന്റെ ബെൽജിയൻ സഹതാരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്   റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബോട്ട്  കോർട്‌വ. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായ ഹസാർഡിന്റെ വിസ്ഫോടാനാത്മകമായ തിരിച്ചുവരവിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഈ സൂപ്പർകീപ്പർ. ട്രെയിനിങ്ങിൽ മെച്ചപ്പെട്ട പ്രകടനം താരം കാഴ്ചവെക്കുന്നുണ്ടെന്നും കോർട്‌വ ചൂണ്ടിക്കാണിച്ചു.

  ” ഹസാർഡ്? എനിക്കൊരു സംശയവുമില്ല, അദ്ദേഹത്തിന്റെ മികവ് അധികം വൈകാതെ തന്നെ നമുക്ക് കാണാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിനു തന്നെയാണ് അതു കാണിച്ചുകൊടുക്കാൻ ഏറ്റവും ആഗ്രഹമുള്ളത്. അദ്ദേഹം ഞങ്ങൾക്കൊപ്പം മികച്ച രീതിയിൽ ഉയർന്നു വരുന്നുണ്ട്. ഉടൻ തന്നെ അദ്ദേഹത്തിനത് തെളിയിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”

  “പരിക്കിനു തൊട്ടുമുൻപുള്ള മത്സരങ്ങളിൽ അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് കളിച്ചിരുന്നത്. പിന്നീട് സംഭവിച്ചത് ഡൗർഭാഗ്യകരമായിരുന്നു. അതിൽ നിന്നും പുറത്തുവരുകയെന്നത് ദുഷ്കരം തന്നെയാണ്. എന്നാൽ ഈ മാസം അദ്ദേഹം മികച്ച രീതിയിൽ തന്നെ ട്രെയിൻ ചെയ്യുന്നതായി ഞാൻ കാണാനിടയായി. അധികം വൈകാതെ തന്നെ അദ്ദേഹം വിസ്ഫോടനാത്മകമായ തിരിച്ചുവരവ് നടത്തുമെന്നും ടീമിനു സന്തോഷം പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. ” കോർട്‌വ കാഡേനാ സെർ എന്ന സ്പാനിഷ് മാധ്യമത്തിനോട് വെളിപ്പെടുത്തി.

 10. ഈ ട്രാൻഫർ റയലിനു തിരിച്ചടിയോ? ഹസാർഡിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിൽ ആശങ്കയുയരുന്നു

  Leave a Comment

  ചെൽസിയിൽ നിന്നും വൻ പ്രതീക്ഷകളുമായാണ് റയൽ മാഡ്രിഡ്‌ 100 മില്യൺ യൂറോ മുടക്കി സൂപ്പർതാരം ഈഡൻ ഹസാർഡിനെ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. എന്നാൽ ഒരു സീസൺ പിന്നിടുമ്പോൾ നിരാശയായിരുന്നു ഫലം. പരിക്കും മോശം ഫോമും താരത്തിന്റെ പ്രകടനത്തെ വല്ലാതെ ബാധിച്ചു. ലാലിഗ ഫുട്‍ബോളിനോട് ഇണങ്ങി ചേരാൻ കഴിയാതെ വന്ന ഹസാർഡിന് പ്രീമിയർ ലീഗിലെ മികവിന്റെ ഏഴയലത്തു പോലും എത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത.

  പുതിയ സീസണിലെങ്കിലും പഴയ മികവിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരും റയലും കണക്കുകൂട്ടുന്നത്. എന്നാലിപ്പോൾ നേഷൻസ് ലീഗിനായി ബെൽജിയം ടീമിൽ ചേർന്നതിൽ റയൽ മാഡ്രിഡിനു പറ്റിയ പിഴവാണെന്നാണ് റിപ്പോർട്ടുകൾ. ബെൽജിയം ടീമിലെടുത്ത ഹസാർഡിനെ ഒരൊറ്റ മിനുട്ട് പോലും കളിപ്പിക്കാഞ്ഞത് റയലിനെ ചൊടിപ്പിച്ചിരുന്നു.

  ഹസാർഡിനെ റയൽ മാഡ്രിഡ്‌ മനസ്സില്ലാമനസ്സോടെയാണ് ബെൽജിയം ടീമിനൊപ്പം പറഞ്ഞയച്ചത്. എന്നാൽ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരത്തിനു പൂർണ ശാരീരികക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി തഴയുകയായിരുന്നു. അവസരം ലഭിക്കില്ല എന്നറിഞ്ഞിട്ടും താരം റയലിലേക്ക് മടങ്ങി എത്താത്തത് റയലിനെ ചൊടിപ്പിക്കുകയായിരുന്നു.

  ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ മടങ്ങിയപ്പോഴും താരം ബെൽജിയം ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. താരത്തിനു ശരീരഭാരം കൂടിയതായും ആരോപണമുണ്ട്. കൂടാതെ സഹതാരങ്ങൾക്കൊപ്പം ഹസാർഡ് ഇണങ്ങാൻ രണ്ടോ മൂന്നോ ആഴ്ച്ചകൾ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ ഈ സാഹചര്യം കൂടുതൽ ഗുണകരമാവുക വിനീഷ്യസ് ജൂനിയറിനാവും.