Tag Archive: Dinesh Karthik

  1. ഇന്ത്യയ്ക്കായി 300 വിക്കറ്റുകള്‍ ഇനി നേടുക അവനായിരിക്കും, യുവതാരത്തെ കുറിച്ച് വമ്പന്‍ പ്രവചനം

    Leave a Comment

    കുറഞ്ഞ സമയത്തിനുളളില്‍ തകര്‍പ്പന്‍ മെയ്ക്കോവര്‍ നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബോളറാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. തന്റെ കൃത്യമായ ലൈനും ലെങ്ത്തും കൊണ്ട് സിറാജ് ലോകോത്തര ബാറ്റർമാരെ ഞെട്ടിക്കുകയാണ് ഇപ്പോൾ.

    സിറാജ് തന്റെ കരിയറിൽ ഉണ്ടാക്കിയിരിക്കുന്ന നേട്ടങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം  ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് സംസാരിക്കുകയുണ്ടായി. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തതായി 300 വിക്കറ്റുകൾ നേടാൻ പോകുന്ന താരം മുഹമ്മദ് സിറാജ് ആയിരിക്കുമെന്നാണ് ദിനേശ് കാർത്തിക്ക് പ്രവചിക്കുന്നത്.

    ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന താരമായും സിറാജ് മാറുമെന്നും കാർത്തിക്ക് വിലയിരുത്തുന്നു.

    ‘ ലോകകപ്പ് ടീമിൽ സിറാജ് ഇന്ത്യയുടെ ഭാഗമായിരിക്കും എന്നെനിക്ക് പൂർണ്ണമായ ബോധ്യമുണ്ട്. അയാൾ ടീമിൽ സ്ഥാനമാർഹിക്കുന്നുണ്ട്. അത്ര മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എങ്ങനെയാണ് പരാജയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് 2022 ഐപിഎൽ സിറാജിനെ പഠിപ്പിച്ചിട്ടുണ്ട്. അത് അയാളെ ഒരുപാട് സഹായിക്കുകയും ചെയ്തു’ ‘ ദിനേശ് കാർത്തിക് പറയുന്നു.

    ‘പരിക്കുകൾ പിടികൂടിയില്ലെങ്കിൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറായി സിറാജ് മാറും. അയാൾക്ക് അതിനുള്ള എല്ലാ കഴിവുമുണ്ട്. ദീർഘകാലത്തേക്ക് ഫിറ്റ്നസ് തുടരുക എന്നത് മാത്രമാണ് അയാൾക്ക് മുൻപിലുള്ള വെല്ലുവിളി’ കാര്‍ത്തിക് വിലയിരുത്തുന്നു.

    ‘അയാൾ വളരെയധികം ആശ്രയിക്കാനാവുന്ന ബോളറാണെന്ന് ഇതിനോടകം കാട്ടിത്തന്നിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലാണ് സിറാജ് ഏറ്റവും ശക്തൻ. അതിന് ശേഷമാണ് ഏകദിന ക്രിക്കറ്റ് വരിക. ടി20യിൽ അയാൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്’ കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.

    ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റുകളിലും മികവാർന്ന ബോളിംഗ് പ്രകടനങ്ങൾ തന്നെയാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചിട്ടുള്ളത്. മുഹമ്മദ് ഷമിക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ സിറാജിന് ഇരു ടെസ്റ്റുകളിലും സാധിച്ചിരുന്നു. മാർച്ച് ഒന്നിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നടക്കുന്നത്.

  2. ആ രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉടനെത്തണം, പുതുമുഖങ്ങള്‍ക്കായി വാദിച്ച് കാര്‍ത്തിക്

    Leave a Comment

    ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന്റെ മനംകവര്‍ന്നിരുന്നല്ലോ. യുവതാരങ്ങളായ രജത് പാടീദാറിനും മുകേഷ് കുമാറിനുമാണ് ടീം ഇന്ത്യയിലേക്ക് വിളിയെത്തിയത്. ന്യൂസിലന്‍ഡ് എ ടീമിനെതിരെയും ഇറാനി ട്രോഫിയിലും നടത്തിയ പ്രകടനങ്ങളാണ് ഇരുവര്‍ക്കും ഏകദിന ടീമിലേക്ക് അവരമൊരുക്കിയത്.

    ഇതോടെ പുതുമുഖളെ അഭിനന്ദനം കൊണ്ട് മൂടുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക് ഇരുവരെയും സ്വാഗതം ചെയ്ത് നടത്തിയ ട്വീറ്റ് ശ്രദ്ധേയമായി. ഇന്ത്യന്‍ ടീമിലെത്താന്‍ അര്‍ഹരായ രണ്ട് യുവതാരങ്ങളുടേ കൂടി പേരെടുത്ത് പറഞ്ഞാണ് കാര്‍ത്തിക് രജത് പാടീദാറിനേയും മുകേഷ് കുമാറിനേയും ഇന്ത്യന്‍ ടീമിലേക്ക് സ്വാഗതം ചെയ്യുന്നത്.

    ‘രജത് ഇന്ത്യന്‍ ടീമിലെത്തിയതില്‍ വളരെ സന്തോഷം. ഇന്ത്യന്‍ ടീമിലെ സ്ഥാനം അയാള്‍ അര്‍ഹിക്കുന്നു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് കുമാറും. ഇനി സര്‍ഫ്രാസ് ഖാനും ബാബാ ഇന്ദ്രജിത്തും കൂടി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തണം. കാരണം, ഇത്രയും അസാമാന്യ കളിക്കാരെയും പ്രകടനങ്ങളെയും അവഗണിക്കാനാവില്ല, പ്രതിഭകള്‍ നിരവധിയുണ്ട്’ കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.

    രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളിയെത്തിയിട്ടില്ല. വൈകാതെ സര്‍ഫ്രാസ് ടെസ്റ്റ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസിന് വിളിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനായി ബാബ ഇന്ദ്രജിത്തം മികച്ച പ്രകടനം പുറത്തടുത്തിരുന്നു.

    ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കാര്‍ത്തിക്കിന്റെ സഹതാരം കൂടിയാണ് പാടീദാര്‍. ആര്‍സിബിക്കായി 55.50 ശരാശരിയില്‍ 152.75 പ്രഹരശേഷിയില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ പാടീദാര്‍ 333 റണ്‍സടിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിലും പാടീദാര്‍ മധ്യപ്രദേശിനായി സെഞ്ചുറി നേടി. ന്യൂസിലന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 319 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായതും പാടീദാറായിരുന്നു. ഇതില്‍ 176 റണ്‍സടിച്ച ഇന്നിംഗ്‌സും ഉള്‍പ്പെടുന്നു.

    മുകേഷ് കുമാറാകട്ടെ സമീപകാലത്ത് ഐപിഎല്ലില്‍ കളിക്കാതെ ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ പേരില്‍ മാത്രം ഇന്ത്യന്‍ ടീമിലെത്തുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 കളികളില്‍ 113 വിക്കറ്റെടുത്തിട്ടുള്ള മുകേഷ് കുമാര്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ 18 മത്സരങ്ങളില്‍ 17 വിക്കറ്റെടുത്തിട്ടുണ്ട്.

  3. സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു, ആദ്യ പ്രതികരണവുമായി ഡികെയും

    Leave a Comment

    ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

    റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ സാധ്യത ലിസ്റ്റില്‍ പോലുമില്ലായിരുന്ന ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതിനിടെ കന്റേറ്ററായി പോലും പുതിയ കരിയര്‍ കാര്‍ത്തിക് തുടങ്ങിയിരുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി.

    ഐ പി എല്ലിനിടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്ന തന്റെ സ്വപ്നത്തെ കുറിച്ച് ദിനേശ് കാര്‍ത്തിക് തുറന്നുപറഞ്ഞിരുന്നു. ലോകകപ്പില്‍ കളിക്കണമെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടികൊടുക്കണമെന്നും ദിനേശ് അന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

    കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ദിനേശ് കാര്‍ത്തിക് 16 മത്സരങ്ങളില്‍ നിന്നും 55.00 ശരാശരിയില്‍ 180 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശേഷം ചില മികച്ച പ്രകടനങ്ങള്‍ ദിനേശ് കാര്‍ത്തിക് കാഴ്ച്ചവെച്ചിരുന്നു. ഏഷ്യ കപ്പില്‍ ദിനേശ് കാര്‍ത്തിക് ഉണ്ടായിരുന്നുവെങ്കിലും ടൂര്‍ണമെന്റില്‍ ഒരേയൊരു പന്ത് മാത്രമാണ് താരം നേരിട്ടത്.

    അതെസമയം ദിനേശ് കാര്‍ത്തികിന്റെ വരവ് മലയാളി താരം സഞ്ജു സാംസണിന് തിരിച്ചടിയായി മാറി. ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തികിനൊപ്പം റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്.

     

  4. ഡികെ കരിയറിലാദ്യമായി പന്തെറിയാനെത്തി, അടിച്ച് പതംവരുത്തി അഫ്ഗാന്‍ താരം

    Leave a Comment

    അഫ്ഗാനെതിരെ ഇന്ത്യയുടെ 20ാം ഓവര്‍ എറിയാനെത്തിയ ആളെ കണ്ട് ക്രിക്കറ്റ് ലോകം ഒരുവേള അമ്പരന്നു. ഇന്ത്യയുടെ ഫിനിഷറും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികായിരുന്നു പന്തെറിയാനെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഒരു ഫോര്‍മാറ്റിലും പന്തെറിയാത്ത താരമാണ് കാര്‍ത്തിക്.

    ഇന്ത്യ വിജയമുറപ്പിച്ചതിനാല്‍ കാര്‍ത്തികിന്റെ ഓവര്‍ ഒട്ടും നിര്‍ണ്ണായകമായിരുന്നില്ല. എന്നാല്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍ ഇബ്രാഹിം സര്‍ദാര്‍ന് അനുഗ്രഹമായി. കാര്‍ത്തികിനെ തലങ്ങും വിലങ്ങും അടിച്ച് പരത്തിയ സര്‍ദാന്‍ തന്റെ ടി20 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഈ ഓവര്‍ ഉപയോഗിച്ചു.

    രണ്ട് സിക്‌സ് അടക്കം 18 റണ്‍സാണ് കാര്‍ത്തിന്റെ ബൗളില്‍ അഫ്ഗാന്‍ അടിച്ചെടുത്തത്. ഇതോടെയാണ് അഫ്ഗാന്റെ തോല്‍വി 101 റണ്‍സായി കുറഞ്ഞത്.

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ 212 റണ്‍സാണ് അടിച്ച് കൂട്ടിയത്. 61 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 121 റണ്‍സാണ് കോഹ്ലി പുറത്താകാതെ നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് സ്വന്തമാക്കാനായത്. അഫ്ഗാനെ നൂറ് കടത്തിയത് ദിനേഷ് കാര്‍ത്തികിന്റെ 20ാം ഓവറായിരുന്നു.

  5. എന്തുകൊണ്ട് കാര്‍ത്തികിനെ പുറത്താക്കി, കാരണം വെളിപ്പെടുത്തി രോഹിത്ത്

    Leave a Comment

    ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ തോല്‍വിയോടെ ഏഷ്യകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചിരിക്കുകയാണല്ലോ. പാകിസ്ഥാനോടും ലങ്കയോടും ഇന്ത്യ സൂപ്പര്‍ ഫോര്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇതോടെ അഫ്ഗാനെതിരെ അവശേഷിക്കുന്ന മത്സരവും കളിച്ച് ഇന്ത്യ നാട്ടിലേക്ക് മടങ്ങും.

    സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പലരെയും അമ്പരപ്പിച്ച ഒരു തീരുമാനമാരുന്നു രണ്ട് മത്സരങ്ങളിലും ടീം മാനേജ്‌മെന്റ് ദിനേശ് കാര്‍ത്തിക്കിനെ ബെഞ്ചിലിരുത്തിയത്. ശ്രീലങ്കയ്ക്കെതിരായ തോല്‍വിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കാര്‍ത്തിക്കിനെ പുറത്താക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി.

    ‘മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ഒരു ഇടംകൈയ്യനെ ഞങ്ങള്‍ ആഗ്രഹിച്ചു; അതുകൊണ്ടാണ് കാര്‍ത്തിക് പുറത്തായത്. ഫോം ഔട്ടല്ല കാര്‍ത്തികിനെ പുറത്തിരുത്താന്‍ കാരണം. എന്നാല്‍ ഒരു ഇടംകൈയ്യനെ ഉള്‍പ്പെടുത്തിയത് ഞങ്ങള്‍ക്ക് ഗുണം ചെയ്തില്ല’ രോഹിത് പറഞ്ഞു.

    പ്രാഥമിക റൗണ്ടില്‍ പാക്കിസ്ഥാനെതിരെ കാര്‍ത്തിക് ഒരു പന്ത് മാത്രമാണ് നേരിട്ടത്, ഹോങ്കോങ്ങിനെതിരെ കാര്‍ത്തികിന് ബാറ്റ് ചെയ്യാനും അവസരം ലഭിച്ചില്ല. കാര്‍ത്തികിന് പകരം ടീമിലെത്തിയ പന്തിന് സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളില്‍ 12ഉം 17ഉം റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.

  6. അയാള്‍ക്ക് സഹിഷ്ണുത കുറവ്, ഇന്ത്യന്‍ കോച്ചിനെതിരെ ആഞ്ഞടിച്ച് കാര്‍ത്തിക്

    Leave a Comment

    മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. നേട്ടങ്ങള്‍ കൈവരിക്കാന്‍ രവി ശാസ്ത്രി കളിക്കാരെ പ്രേരിപ്പിക്കാറുണ്ടെങ്കില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ടീം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് സഹിഷ്ണുത കുറവായിരുന്നുവെന്നാണ് കാര്‍ത്തിക് ആരോപിക്കുന്നത്.

    ശാസ്ത്രി ഇന്ത്യന്‍ പരിശീലകനായിരുന്ന കാലത്ത് പ്രത്യേകിച്ച് 2019 ലോകകപ്പ് സമയത്ത്, കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

    ‘തനിക്ക് ഇഷ്ടപ്പെടാത്ത ഒരു നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാത്ത ഒരാളോട് അല്ലെങ്കില്‍ നെറ്റ്സിലും മത്സരത്തിലും വളരെ വ്യത്യസ്തമായി കളിക്കുന്ന ഒരാളോട് അദ്ദേഹത്തിന് സഹിഷ്ണുത കുറവാണ്’ കാര്‍ത്തിക് പറഞ്ഞു.

    ”അദ്ദേഹം അങ്ങനെയുളളവരെ അഭിനന്ദിക്കില്ല. ടീമില്‍ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് ശാസ്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു, ആരൊക്കെ കളിക്കുമെന്ന് ശാസ്ത്രിക്ക് അറിയാമായിരുന്നു, പക്ഷേ പരാജയങ്ങളോടുള്ള സഹിഷ്ണുത വളരെ കുറവായിരുന്നു. അദ്ദേഹം എപ്പോഴും താരങ്ങളെ നന്നായി ചെയ്യാന്‍ പ്രേരിപ്പിക്കുമായിരുന്നു’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

    രോഹിത് ശര്‍മ്മ-രാഹുല്‍ ദ്രാവിഡ് യുഗത്തിലാണ് തനിക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്നും കാര്‍ത്തിക് പറയുന്നു. ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിയ്ക്കുന്ന കാര്‍ത്തിക് ലോകകപ്പിലും ഇന്ത്യയ്ക്കായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

  7. കാര്‍ത്തികിന്റെ സ്ഥാനം കമന്ററി ബോക്‌സില്‍, ടീമിലെടുത്തതിനെതിരെ ആഞ്ഞടിച്ച് ജഡേജ

    Leave a Comment

    ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയതിനെതിരെ പരസ്യമായി രംഗത്തെത്തി മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ അജയ് ജഡേജ. അധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെന്ന് വിലയിരുത്തുന്ന ജഡേജ മുഹമ്മദ് ഷമിയെ സെലക്ടര്‍മാര്‍ തഴഞ്ഞതില്‍ ന്യായീകരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒടിടി പ്ലാറ്റ് ഫോമായ ഫാന്‍കോഡിനോട് സംസാരിക്കുകയായിരുന്നു ജഡേജ.

    ‘ഞാന്‍ മുഹമ്മദ് ഷമിയെ ടീമിലെടുക്കും. ബൗളര്‍മാരെ ആദ്യം തിരഞ്ഞെടുക്കണമെന്നാണ് എന്റെ നിലപാട്. ഷമിക്കു ശേഷം ജസ്പ്രീത് ഭുംറ, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ടീമിലുണ്ടാകും. ബാറ്റര്‍മാരില്‍ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരും എന്തായാലും കളിക്കണം” അജയ് ജഡേജ പറഞ്ഞു.

    ‘പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യ ടീം സിലക്ഷനിലും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കേണ്ടിവരും. ടീമിന് ഇന്‍ഷുറന്‍സ് പോലെയാണ് കാര്‍ത്തിക്ക്. ഈ രണ്ടു താരങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ കാര്‍ത്തിക്കിനും അവിടെ സ്ഥാനമില്ല. കാര്‍ത്തിക്കിനെ ഞാന്‍ ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്‌സില്‍ ഇടം ലഭിക്കും. കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്’ ജഡേജ പരിഹസിച്ചു.

    ‘എം.എസ്. ധോണിയുടെ ശൈലിയിലാണ് സെലക്ഷനെങ്കില്‍ കോഹ്ലി, രോഹിത്, കാര്‍ത്തിക്ക് എന്നിവരെ ഉള്‍പ്പെടുത്താം. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കേണ്ടിവരും. കോഹ്ലി ഫോമിലാണോ, അല്ലയോ എന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ കാര്യവും തീരുമാനിക്കണം’ ജഡേജ നിലപാട് ജഡേജ വ്യക്തമാക്കി.

    ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ തഴഞ്ഞായിരുന്നു ദിനേഷ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമില്‍ ഉല്‍പ്പെടുത്തിയത്.

  8. കാര്‍ത്തിക് ഫിനിഷറല്ല, ലാസ്റ്റ് ഓവര്‍ സൈക്കോ മാത്രം, തുറന്നടിച്ച് ഇന്ത്യന്‍ താരം

    Leave a Comment

    ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ഒരു ഫിനഷറല്ലെന്ന വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഒരു ഇന്നിങ്സിന്റെ മധ്യ ഓവര്‍ മുതല്‍ അവസാനം വരെ ക്രീസില്‍ നിന്നുകൊണ്ട് മത്സരം പൂര്‍ത്തിയാക്കുന്ന താരമാണ് ഫിനിഷറെന്നും അക്കൂട്ടത്തില്‍ കാര്‍ത്തികിനെ ഉള്‍പ്പെടുത്താനാകില്ലെന്നും ശ്രീകാന്ത് പറയുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

    ‘ഒരു ഫിനിഷറെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍വ്വചനം തികച്ചും തെറ്റാണ്. കാര്‍ത്തിക് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഫിനിഷറല്ല. എട്ടാമത്തെയോ ഒമ്പതാമത്തെയോ ഓവറില്‍ നിന്ന് ഗെയിം എടുത്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു ബാറ്ററെ ഫിനിഷര്‍ എന്ന് വിളിക്കാം. കളിയുടെ അവസാനം കാമിയോകള്‍ മാത്രമാണ് ദിനേഷ് നല്‍കുന്നത്’ ശ്രീകാന്ത് പറഞ്ഞു.

    ‘സൂര്യകുമാര്‍ യാദവിനെ ഉദാഹരണമായി എടുക്കുക. ഇംഗ്ലണ്ടില്‍ അദ്ദേഹം ഏതാണ്ട് ഒരു കളി ഒറ്റക്ക് ജയിപ്പിച്ചു. അതാണ് ഫിനിഷിങ് റോള്‍. ഹാര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും നിലവില്‍ ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍മാരാണ്’ ശ്രീകാന്ത് പറഞ്ഞു.

    ‘ഒരു യഥാര്‍ത്ഥ ഫിനിഷര്‍ ഡെത്ത് ഓവറുകളില്‍ മാത്രം കളിക്കില്ല. ഡി.കെ ഒരു അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ഫിനിഷര്‍ ആകുന്നതിന് പകരം അദ്ദേഹം ഫിനിഷിങ് റോള്‍ എന്താണെന്ന് മാറ്റിയെഴുതുന്നു’ ശ്രീകാന്ത് പറഞ്ഞു.

    നിലവില്‍ 37 വയസ്സുളള ദിനേഷ് കാര്‍ത്തിക് ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. നിലവില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ദിനേഷ് കാര്‍ത്തിക് പുറത്തെടുക്കുന്നത്.

  9. ഒരു ഇന്ത്യന്‍ താരവും സ്വന്തമാക്കാത്ത നേട്ടവുമായി കാര്‍ത്തിക്, ഇത് ചരിത്രപരം

    Leave a Comment

    വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 68 റണ്‍സിന് വിജയിച്ചു. തൊട്ട് മുമ്പ് നടന്ന ഏകദിന പരമ്പര തൂത്തൂവാരിയതിന് പിന്നാലെ കളത്തിലറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.

    ക്യാപ്റ്റന്‍ രോഹിത് ശര്‍മ 44 പന്തില്‍ 64 റണ്‍സും ഏഴാം നമ്പര്‍ ദിനേശ് കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സും നേടി. കാര്‍ത്തിക്കും രവിചന്ദ്രന്‍ അശ്വിനും (13 നോട്ടൗട്ട്) ഏഴാം വിക്കറ്റില്‍ 52 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് പങ്കിട്ടു. മ്ത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ദിനേഷ് കാര്‍ത്തികായിരുന്നു.

    ഇതോടെ ഒരു അത്യപൂര്‍വ്വ റെക്കോര്‍ഡും ദിനേഷ് കാര്‍ത്തികിനെ തേടിയെത്തി. 37-ാം വയസ്സില്‍ ടി20യില്‍ രണ്ട് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക് സ്വന്തമാക്കിയത്.

    നേരത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കാര്‍ത്തിക് കളിയ്ക്കുമെന്ന് ഉറപ്പായി.

    വെസ്റ്റിന്‍ഡീസിനായി പസര്‍ അല്‍സാരി ജോസഫ് തന്റെ നാലോവറില്‍ 46 വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് എട്ട് വിക്കറ്റിന് 122 റണ്‍സാണ് നേടിയത്. 15 പന്തില്‍ 20 റണ്‍സെടുത്ത ഷമര്‍ ബ്രൂക്സാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

    ബ്രൂക്സിനെ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ പുറത്താക്കി. തന്റെ രണ്ടോവറില്‍ 1-11 എന്ന സ്‌കോറിനായിരുന്നു അദ്ദേഹം. അര്‍ഷ്ദീപ് സിംഗ് (2-24), രവി ബിഷ്ണോയ് (2-26), അശ്വിന്‍ (2-22) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

  10. ഒടുവില്‍ ദിനേശ് കാര്‍ത്തികും ഇന്ത്യയുടെ നായകനാകുന്നു

    Leave a Comment

    ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന രണ്ട് സന്നാഹ മത്സരത്തില്‍ ഇന്ത്യയെ നയിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ടൊല്‍ത്ത് മാന്‍ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഇംഗ്ലണ്ടിലെ പ്രമുഖ കൗണ്ടി ടീമുകളായ ഡെര്‍ബിഷെയറിനും നോര്‍ത്താംപ്ടണ്‍ഷെയറിനുമെതിരെയാണ് ഇന്ത്യ സന്നാഹ മത്സരം കളിയ്ക്കുന്നത്. അയലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകനാകുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

    ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ നായകനായാല്‍ അത് ചരിത്രമാകും. ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന ഏഴാമത്തെ നായകനെന്ന റെക്കോര്‍ഡാകും കാര്‍ത്തികിനെ തേടിയെത്തുക. വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ജസ്പ്രിത് ഭുംറ എന്നിവരാണ് ഇതുവരെ ഇന്ത്യയെ നയിച്ചത്.

    ഈ വര്‍ഷം തുടക്കത്തില്‍ ആണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. കോഹ്ലി പടിയിറങ്ങിയതോടെയാണ് രോഹിത്ത് ഇന്ത്യയുടെ നായകനായത്. ദക്ഷിണാഫ്രിക്കയില്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ പന്തും അയര്‍ലന്‍ഡിനെതിരെ ഹാര്‍ദ്ദിക്കും ഇന്ത്യയുടെ ക്യാപ്റ്റനായി. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഭുംറ ഇന്ത്യയെ നയിക്കുന്നത്.