Tag Archive: Bayern Munich

  1. സിദാൻ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു, നോട്ടമിട്ട് യൂറോപ്പിലെ വമ്പൻ ക്ലബ്

    Leave a Comment

    റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രണ്ടാമത്തെ പ്രാവശ്യവും ഒഴിഞ്ഞതിനു ശേഷം മറ്റൊരു ക്ലബിനെയും സിനദിൻ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിനായി പലപ്പോഴായി നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും ഒന്നിനോടും യെസ് പറയാതെ എല്ലാം നിരസിക്കുകയായിരുന്നു അദ്ദേഹം.

    എന്തായാലും അദ്ദേഹം പരിശീലകസ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജർമനിയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് സിദാന് വേണ്ടി ശ്രമം നടത്തുന്നത്. തോമസ് ട്യുഷേലിന് പകരക്കാരനായി അദ്ദേഹത്തെ നിയമിക്കാനാണ് ബയേൺ മ്യൂണിക്ക് നീക്കങ്ങൾ നടത്തുന്നത്.

    ഈ സീസണിൽ ബയേൺ മ്യൂണിക്ക് ട്യുഷേലിന് കീഴിൽ മോശം പ്രകടനമാണ് നടത്തിയത്. പതിനൊന്നു വർഷമായി നേടിക്കൊണ്ടിരുന്ന ജർമൻ ലീഗ് കിരീടം അവർ ബയേർ ലെവർകൂസന് മുന്നിൽ അടിയറവ് വെച്ചു. ഇനി ചാമ്പ്യൻസ് ലീഗ് മാത്രമാണ് അവർക്ക് പ്രതീക്ഷയുള്ളത്. അതുകൊണ്ടാണ് ബയേൺ മ്യൂണിക്ക് ഈ സീസണിന് ശേഷം പുതിയ പരിശീലകനെ തേടുന്നത്.

    അടുത്ത സീസണിൽ സിദാനെ പരിശീലകനായി നിയമിച്ച് മറ്റൊരു ഫ്രഞ്ച് താരവും ബയേൺ ഇതിഹാസവുമായ ഫ്രാങ്ക് റിബറിയെ സഹപരിശീലകനായി നിയമിക്കാനാണ് ബയേൺ ഒരുങ്ങുന്നത്. എന്നാൽ ഇതിനോട് സിദാൻ ഏതു രീതിയിൽ പ്രതികരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. ബയേണിനെ നയിക്കാൻ അദ്ദേഹം തയ്യാറാകുമോ അതോ ക്ലബ് ഫുട്ബോളിലേക്ക് ഇപ്പോൾ തിരിച്ചു വരുന്നില്ലെന്ന തീരുമാനം എടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

  2. ഇനി കിരീടങ്ങൾ ഉറപ്പിക്കാം, ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലെക്കെന്നുറപ്പായി

    Leave a Comment

    നിരവധി വർഷങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി തുടരുകയാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ ഹാരി കെയ്‌നിനു കഴിഞ്ഞിട്ടില്ല. ടോട്ടനത്തിനൊപ്പം ഒരിക്കൽ ചാമ്പ്യൻസ് ലീഗിലും രണ്ടു തവണ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലും ഫൈനലിൽ എത്തിയതാണ് താരത്തിന്റെ പ്രധാന നേട്ടങ്ങൾ. ഇംഗ്ലണ്ടിനൊപ്പം 2021ലെ യൂറോ കപ്പ് ഫൈനലിലും കെയ്ൻ കളിച്ചിട്ടുണ്ടെങ്കിലും ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ടു.

    പ്രീമിയർ ലീഗിൽ തിളങ്ങിയതിനു ശേഷം മൂന്നു തവണ ഗോൾഡൻ ബൂട്ട് ഹാരി കെയ്ൻ നേടിയിട്ടുണ്ട്. എന്നാൽ ഇനി ക്ലബ് തലത്തിലും കിരീടനേട്ടങ്ങൾ ഹാരി കെയ്‌നിനെ തേടിയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ടോട്ടനം ഹോസ്‌പർ വിട്ട താരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമായി. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഇനി ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഹാരി കെയ്ൻ ടോട്ടനം ഹോസ്‌പർ വിടാനൊരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തിനായി ബയേൺ മ്യൂണിക്ക് നിരവധി ഓഫറുകൾ നൽകിയിട്ടും വിട്ടുകൊടുക്കാൻ ടോട്ടനം ഹോസ്‌പർ തയ്യാറായിരുന്നില്ല. നൂറു മില്യൺ യൂറോ വരെയുള്ള ബയേണിന്റെ ഓഫറുകൾ തഴഞ്ഞ ടോട്ടനം ആഡ് ഓണുകൾ അടക്കം 120 മില്യൺ യൂറോയുടെ ഓഫറിലാണ് താരത്തെ വിട്ടുകൊടുത്തത്.

    പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ക്ലബ് വിടില്ലെന്ന നിലപാടിലായിരുന്നു ഹാരി കെയ്ൻ. അതേസമയം മെഡിക്കൽ പരിശോധനകൾക്കായി മ്യൂണിക്കിലേക്ക് പോകാൻ താരത്തിന് ടോട്ടനം അനുമതി നൽകിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അഞ്ചു വർഷത്തെ കരാറാണ് കെയ്ൻ ബയേൺ മ്യൂണിക്കുമായി ഒപ്പിടുക. ഇതോടെ കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഹാരി കേനിനെ തേടിയെത്തിയത്.

  3. കേനിനെ സ്വന്തമാക്കാൻ റെക്കോർഡ് ഓഫർ, എന്നിട്ടും നിരസിച്ച് ടോട്ടനം ഹോസ്‌പർ

    Leave a Comment

    നിരവധി വർഷങ്ങളായി ഇംഗ്ലീഷ് ഫുട്ബോളിലെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന ഹാരി കേനിനു ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ് താരം കരാർ പുതുക്കില്ലെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ സമ്മറിൽ താരത്തിനായി ഓഫറുകളുണ്ട്. ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ് കേനിനെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്.

    എന്നാൽ അടുത്ത സമ്മറിൽ കരാർ അവസാനിക്കാൻ പോവുകയാണെങ്കിലും ഹാരി കേനിനു വേണ്ടിയുള്ള ഓഫറുകൾക്ക് ടോട്ടനം വേണ്ടത്ര പരിഗണന നൽകുന്നില്ല. ബയേൺ മ്യൂണിക്ക് ആദ്യം എഴുപതു മില്യൺ യൂറോയുടെ ഓഫർ കേനിനായി നൽകിയിരുന്നു. അത് തള്ളിയതോടെ നൂറു മില്യൺ യൂറോയുടെ ഓഫറാണ് ബയേൺ നൽകിയത്. എന്നാൽ അതും ടോട്ടനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

    റിപ്പോർട്ടുകൾ പ്രകാരം വരുന്ന സീസണിൽ കേനിനെ ടീമിൽ നിലനിർത്തുന്നതിനു തന്നെയാണ് ടോട്ടനം പരിഗണന നൽകുന്നത്. സീസൺ കഴിയുന്നതോടെ കരാർ അവസാനിച്ച് താരത്തെ നഷ്‌ടമാകുന്നത് ടോട്ടനം കാര്യമാക്കുന്നില്ല. ബയേണിനെ സംബന്ധിച്ച് റെക്കോർഡ് തുകയുടെ ഓഫറാണ് അവർ നൽകിയിരിക്കുന്നത്. അതിനും ടോട്ടനം നോ പറഞ്ഞതിനാൽ മറ്റു സ്‌ട്രൈക്കർമാരെ ജർമൻ ക്ലബ് പരിഗണിച്ചേക്കും.

    അതേസമയം ഹാരി കേനിന് ടോട്ടനം വിടാൻ ആഗ്രഹമുണ്ട്. നിരവധി സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്ന നിലയിൽ തുടരുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടോട്ടനത്തിൽ നിന്നാൽ കിരീടം സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് കെൻ ചിന്തിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകൾ നേടിയ താരമാണ് ഹാരി കേൻ.

  4. കിരീടങ്ങൾ സ്വന്തമാക്കാനുറപ്പിച്ച് ഹാരി കേൻ, വമ്പൻ ക്ലബുമായി കരാർ ധാരണയിലെത്തി

    Leave a Comment

    നിരവധി വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കേൻ. നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും ടോട്ടനത്തിൽ തന്നെ തുടരാനും അവർക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനുമാണ് താരം ആഗ്രഹിച്ചത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് സൂചനകൾ.

    ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ഹാരി കേനിനു ബാക്കിയുള്ളത്. ക്ലബിനൊപ്പം നിരവധി വർഷങ്ങൾ തുടർന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം മറ്റുള്ള ക്ലബുകളെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇരുപത്തിയൊമ്പത് വയസുള്ള താരം മറ്റൊരു ക്ലബുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

    റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും ഹാരി കേനുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ടോട്ടനത്തിന്റെ നിലപാട് വളരെ നിർണായകമാണ്. താരത്തിനായി ബയേൺ മ്യൂണിക്ക് ആദ്യം നൽകിയ എഴുപതു മില്യൺ യൂറോയുടെ ഓഫർ ടോട്ടനം തഴഞ്ഞിരുന്നു. ഇപ്പോൾ കൂടുതൽ തുക ഓഫർ ചെയ്‌ത്‌ മറ്റൊരു ഓഫർ കൂടി നൽകാനുള്ള ശ്രമത്തിലാണ് ബയേൺ മ്യൂണിക്ക്.

    ഹാരി കേനിനെ വിൽക്കാൻ ടോട്ടനത്തിനു ആഗ്രഹമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതല്ലാതെ വേറെ വഴിയില്ല. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി പരമാവധി തുക നേടിയെടുക്കാനുള്ള ശ്രമമാണ് ടോട്ടനം നടത്തുന്നത്. അതിനു വേണ്ടിയാണ് അവർ ബയേണിന്റെ നിലവിലെ ഓഫർ തഴഞ്ഞതും.

    ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിട്ടതിനു ചേരുന്ന പകരക്കാരൻ തന്നെയാണ് ഹാരി കേൻ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകളാണ് ഇംഗ്ലണ്ട് താരം അടിച്ചു കൂട്ടിയത്. ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നാൽ കിരീടങ്ങൾ നേടാനുള്ള സാധ്യതയും വർധിക്കും.

  5. ഹാലാൻഡിന്റെ നിഴലിൽ നിന്നും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാവാൻ അൽവാരസിനു വമ്പൻ ഓഫർ

    Leave a Comment

    ഖത്തർ ലോകകപ്പിനു ശേഷമാണ് അർജന്റീന ആരാധകരുടെ കണ്ണിലുണ്ണിയായി ജൂലിയൻ അൽവാരസ് മാറുന്നത്. അതുവരെ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ലൗടാരോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണ ടൂർണമെന്റിൽ ലയണൽ മെസിക്കൊപ്പം മുന്നേറ്റനിരയിൽ മികച്ച പ്രകടനം നടത്തിയ താരം നാല് ഗോളുകൾ നേടി അർജന്റീനയുടെ കിരീടവിജയത്തിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

    അതിനു മുൻപ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റാൻ അൽവാരസിനു കഴിയാതിരുന്നത് മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാൻഡിന്റെ ബാക്കപ്പ് സ്‌ട്രൈക്കറായി പോയതു കൊണ്ടാണെന്നതിൽ തർക്കമില്ല. എന്നാൽ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരം ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി മാത്രം നിൽക്കേണ്ടതല്ലെന്ന് വ്യക്തമായ കാര്യമാണ്. ഇപ്പോൾ അതിനുള്ള അവസരം അൽവാരസിനു ലഭിച്ചിട്ടുമുണ്ട്.

    ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കിന് അൽവാരസിൽ വളരെയധികം താൽപര്യമുണ്ട്. കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ടുപോയ റോബർട്ട് ലെവൻഡോസ്‌കിക്ക് പകരുമെന്ന നിലയിലാണ് ബയേൺ അർജന്റീന താരത്തെ നോട്ടമിടുന്നത്. ഹാരി കേൻ, കൊളോ മുവാനി എന്നിവരിലും ബയേണിന് താൽപര്യമുണ്ടെങ്കിലും ജോഷുവ കിമ്മിച്ചിനെ നൽകി അൽവാരസിനെ സ്വന്തമാക്കാൻ കഴിയുമെന്നത് അവർ കൂടുതൽ പരിഗണിക്കുന്നു.

    പകരക്കാരനായാണ് ഇറങ്ങിയിട്ടുള്ളതെങ്കിലും ഈ സീസണിൽ ഹാലാൻഡിനു പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ടോപ് സ്കോററായ താരം കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ക്ലബ്ബിനെ അർഹിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ 2028 വരെ കരാറുള്ള താരത്തെ മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊടുക്കുമോയെന്ന കാര്യം സംശയമാണ്. നിർണായക മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയുന്ന താരം കൂടിയാണ് അൽവാരസ്.

  6. ബയേൺ മ്യൂണിക്കിൽ തുടരില്ല, രണ്ടു സൂപ്പർതാരങ്ങൾ പ്രീമിയർ ലീഗിലേക്ക് മടങ്ങും

    Leave a Comment

    കഴിഞ്ഞ സീസണിന്റെ തുടക്കത്തിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലുമായി പ്രീമിയർ ലീഗ് വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളും ജർമൻ ക്ലബിനൊപ്പം തുടരില്ല. ലിവർപൂൾ വിട്ട് വന്ന സാഡിയോ മാനെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുമെത്തിയ ജോവോ കാൻസലോയുമാണ് തിരിച്ചു പ്രീമിയർ ലീഗിലേക്ക് തന്നെ പോകാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുന്നത്.

    മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ജനുവരി ജാലകത്തിൽ ടീമിന്റെ പ്രധാന താരമായ കാൻസലോ ക്ലബ് വിട്ടത്. ലോണിൽ ബയേൺ മ്യൂണിക്കിലെത്തിയ താരം മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരം കരാറിൽ സ്വന്തമാക്കാൻ എഴുപതു മില്യൺ നൽകാൻ ബയേൺ മ്യൂണിക്കിന് യാതൊരു താൽപര്യവുമില്ല.

    ബയേൺ മ്യൂണിക്ക് സ്വന്തമാക്കാൻ തയ്യാറല്ലാത്തതിനാൽ കാൻസലോക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ തിരിച്ചു വരേണ്ടി വരും. എന്നാൽ ക്ലബിനൊപ്പം അടുത്ത സീസണിൽ കളിക്കാൻ താരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ കാൻസലോയെ സിറ്റി ആരാധകർ കൂക്കി വിളിച്ചിരുന്നു. അതിനാൽ താരം പുതിയ ക്ലബ് കണ്ടെത്താനാണ് ശ്രമിക്കുക.

    ലിവർപൂളിന്റെ പ്രധാന താരമായിരുന്ന മാനെ ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ ബയേൺ മ്യൂണിക്കിന് വേണ്ടി നേടിയെങ്കിലും സഹതാരമായ സാനെയെ ആക്രമിച്ചതിന്റെ പേരിൽ നടപടിക്ക് വിധേയനായ താരത്തെ നിലനിർത്താൻ പരിശീലകൻ തോമസ് ടുഷെൽ തയ്യാറാകാൻ സാധ്യതയില്ല. പുതിയ പരിശീലകനായ ടുഷെലിന്റെ റീബിൽഡിങ് പ്രക്രിയയുടെ ഭാഗമായി താരം പുറത്താകാൻ തന്നെയാണ് സാധ്യത.

    ലിവർപൂൾ വിട്ട മാനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചുവരാനാണ് സാധ്യത. ആഴ്‌സണൽ സെനഗൽ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ബാലൺ ഡി ഓർ പുരസ്‌കാരത്തിന് രണ്ടാം സ്ഥാനത്തു വന്നിട്ടുള്ള താരത്തിന് ആവശ്യക്കാർ ഉണ്ടാകുമെന്നതിൽ സംശയമില്ല.

  7. മാനെ സഹതാരത്തിന്റെ മുഖത്തടിച്ചു, ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ ബയേണിൽ പ്രശ്‌നങ്ങൾ പുകയുന്നു

    Leave a Comment

    ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബയേൺ മ്യൂണിക്ക് താരങ്ങൾക്കിടയിൽ സംഘർഷം. മത്സരത്തിന് ശേഷം ടീമിലെ താരങ്ങളായ സാഡിയോ മാനെ സഹതാരമായ ലെറോയ് സാനെയുടെ മുഖത്ത് ഇടിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു പേരും മുൻ പ്രീമിയർ ലീഗ് താരങ്ങളാണ്.

    മത്സരത്തിനിടയിൽ തന്നെ രണ്ടു താരങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പാസ് നൽകാത്തതുമായി ബന്ധപ്പെട്ട് മാനെയോട് സാനെ പരാതി പറഞ്ഞിരുന്നു. വളരെ രോഷാകുലനായാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഡ്രെസ്സിങ് റൂമിലും പ്രശ്‌നം അരങ്ങേറിയത്.

    ഡ്രസിങ് റൂമിൽ വെച്ച് സാനെ തന്നോട് പെരുമാറിയ രീതിയെക്കുറിച്ച് പരാതി പറഞ്ഞ മാനെ അതിനു പിന്നാലെ താരത്തിന്റെ മുഖത്തിടിച്ചു. സാനെയുടെ മുഖത്ത് മുറിവ് പറ്റിയെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ പറയുന്നത്. സഹതാരങ്ങൾ ഇരുവരെയും പിടിച്ചു മാറ്റുകയും സാനെയെ അവിടെ നിന്നും കൊണ്ടു പോവുകയും ചെയ്‌തു.

    സംഭവത്തിൽ ബയേൺ മ്യൂണിക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ബയേൺ മ്യൂണിക്കിന് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ് ഈ പ്രശ്‍നങ്ങൾ. അടുത്ത പാദത്തിൽ തിരിച്ചു വരാമെന്ന പ്രതീക്ഷയും ബയേണിന് നഷ്‌ടമായി.

  8. മെസി പോലും ഞെട്ടിപ്പോകും, ഒരു മുന്നേറ്റത്തിൽ നാല് നട്ട്മെഗ് നടത്തി മാഞ്ചസ്റ്റർ സിറ്റി താരം

    Leave a Comment

    ഫുട്ബോളിൽ എതിരാളികളെ നാണം കെടുത്തുന്ന സ്‌കില്ലാണ് അവരുടെ കാലുകളുടെ ഇടയിലൂടെ പന്ത് കടത്തി എടുത്തു പോകുന്ന നട്ട്മെഗ് സ്‌കിൽ. ലയണൽ മെസി ഈ സ്‌കിൽ കളിക്കളത്തിൽ പുറത്തെടുക്കുന്നതിൽ വളരെ മുന്നിലാണ്. നിരവധി എതിരാളികൾ മെസിക്ക് മുന്നിൽ ഇതേതുടർന്ന് നിഷ്പ്രഭരായി പോയിട്ടുമുണ്ട്.

    അതേസമയം ലയണൽ മെസി പോലും ഞെട്ടിപ്പോകുന്ന നട്ട്മെഗ് സ്‌കില്ലാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാർഡോ സിൽവ പുറത്തെടുത്തത്. പന്തുമായി നടത്തിയ നീക്കത്തിൽ ഒന്നും രണ്ടുമല്ല, നാല് തവണയാണ് ബയേൺ മ്യൂണിക്ക് താരങ്ങളെ ബെർണാർഡോ സിൽവ നട്ട്മെഗ് ചെയ്‌തത്‌.

    ത്രോ ലൈനിനരികിൽ നിന്നും ആദ്യം അൽഫോൻസോ ഡേവീസിനെ നട്ട്മെഗ് ചെയ്‌ത ബെർണാർഡോ സിൽവ അതിനു ശേഷം ഗൊറേറ്റ്സ്കയെയും സമാനമായ രീതിയിൽ നട്ട്മെഗ് ചെയ്‌തു. അതിനു ശേഷം ബോക്‌സിലേക്ക് കുതിച്ച താരത്തിൽ നിന്നും പന്തെടുക്കാൻ അൽഫോൻസോ ഡേവീസ് ശ്രമിക്കുന്നതിനിടെ രണ്ടു തവണ താരത്തെയും സിൽവ നട്ട്മെഗ് ചെയ്‌തു.

    ഫുട്ബോളിൽ നട്ട്മെഗ് സ്വാഭാവികമായ ഒന്നാണെങ്കിലും ഒരു നീക്കത്തിനിടെ നാല് തവണ എതിർടീമിലെ താരങ്ങളെ അങ്ങിനെ ചെയ്യുന്നത് വളരെ അപൂർവമായ സംഭവമാണ്. ആ മുന്നേറ്റം ഗോളായി മാറിയിരുന്നെങ്കിൽ സിൽവയുടെ നീക്കം കൂടുതൽ ചർച്ചകൾക്ക് വഴി വെക്കുമായിരുന്നു എന്നുറപ്പാണ്.

    മത്സരത്തിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയിരുന്നു. റോഡ്രി, ബെർണാർഡോ സിൽവ, ഏർലിങ് ഹാലാൻഡ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. ഇതോടെ സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് സിറ്റി നിൽക്കുന്നത്.

  9. പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ വീണ് ബയേൺ മ്യൂണിക്ക്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്‌തമിച്ചു

    Leave a Comment

    ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരം തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനു നേരെ വിപരീതമാണ് എത്തിഹാദിൽ നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

    മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ തന്നെ റോഡ്രിയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയിരുന്നു. തുടർന്ന് നിരവധി സമയം ഗോളൊന്നും വീഴാതെ മുന്നോട്ടു പോയ മത്സരത്തിൽ എഴുപതാം മിനുട്ടിലും എഴുപത്തിയാറാം മിനുട്ടിലുമാണ് രണ്ടു ഗോളുകൾ പിറന്നത്. ബെർണാർഡോ സിൽവ, ഹാലാൻഡ് എന്നിവരാണ് സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്.

    മത്സരത്തിൽ ഇതിനേക്കാൾ കൂടുതൽ ഗോളുകൾ മാഞ്ചസ്റ്റർ സിറ്റി നേടേണ്ടതായിരുന്നു. എന്നാൽ ന്യൂയർക്ക് പകരം ടീമിലെത്തിയ ഗോൾകീപ്പർ യാൻ സോമ്മറുടെ മികച്ച പ്രകടനമാണ് ഇത്രയും ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഒതുക്കിയത്. ആറോളം സേവുകളാണ് മത്സരത്തിൽ സോമ്മർ നടത്തിയത്.

    അതേസമയം ബയേൺ മ്യൂണിക്കിനും മത്സരത്തിൽ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മുന്നേറ്റ നിരയിൽ പ്രധാനിയായ ചൂപ്പ മോട്ടിങ് കളിക്കാതിരുന്നത് അവരെ ബാധിച്ചു. അതിനു പുറമെ പ്രതിരോധത്തിലും ടീം വീഴ്ചകൾ വരുത്തിയതാണ് ഇത്രയും വലിയൊരു തോൽവി വഴങ്ങി ബയേണിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കിയത്.

    മത്സരത്തിൽ വിജയം നേടിയതോടെ 2020-21  സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഫൈനൽ തോൽവിക്ക് പകരം വീട്ടാൻ മാഞ്ചസ്റ്റർ സിറ്റിക്കായി. അന്ന് ചെൽസിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികളെങ്കിലും പരിശീലകൻ തോമസ് ടുഷെൽ ആയിരുന്നു. അതെ ടുഷെലിനെതിരെ മികച്ച വിജയം നേടാൻ പെപ്പിനു കഴിഞ്ഞു.

  10. അപ്രതീക്ഷിത നീക്കവുമായി ബയേൺ മ്യൂണിക്ക്, റയലും മാഞ്ചസ്റ്റർ സിറ്റിയും ഭയക്കണം

    Leave a Comment

    ഫുട്ബോൾ ലോകം ഇന്റർനാഷണൽ ബ്രേക്കിനു പിന്നാലെ പോയ സമയത്ത് അപ്രതീക്ഷിതമായ തീരുമാനമെടുത്ത് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക്. നിലവിലെ പരിശീലകനായ ജൂലിയൻ നാഗേൽസ്‌മാനെ പുറത്താക്കാൻ ബയേൺ മ്യൂണിക്ക് തീരുമാനിച്ചുവെന്നാണ് യൂറോപ്പിലെ എല്ലാ മാധ്യമങ്ങളും സ്ഥിരീകരിക്കുന്നത്. ഇന്ന് തന്നെ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    മുപ്പത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള പരിശീലകനാണ് ജൂലിയൻ നാഗേൽസ്‌മാൻ. ജർമനിയിൽ ഹോഫൻഹൈം, ലീപ്‌സിഗ് എന്നീ ക്ളബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം 2021ലാണ് ബയേൺ മ്യൂണിക്കിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ ലീഗ് നേടാൻ കഴിഞ്ഞെങ്കിലും ഈ സീസണിൽ ടീമിനെ പ്രകടനം സ്ഥിരതയില്ലാത്തതാണ്.

    നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക് നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബയേർ ലെവർകൂസനോട് ടീം തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ടീം എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നാഗേൽസ്‌മാന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

    റിപ്പോർട്ടുകൾ പ്രകാരം നാഗൽസ്‌മാന്‌ പകരക്കാരനെയും ബയേൺ മ്യൂണിക്ക് കണ്ടെത്തി കഴിഞ്ഞു. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പുറത്താക്കിയ മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ തോമസ് ടുഷേലാണ്‌ ഇനി ബയേൺ മ്യൂണിക്കിനെ നയിക്കുകയെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ടുചെയ്യുന്നു.

    ടീമുകളെക്കൊണ്ട് വളരെ പെട്ടന്ന് കിരീടം നേടാനുള്ള തന്റെ കഴിവ് ഇതിനു മുൻപ് ചെൽസിയിൽ ടുഷെൽ തെളിയിച്ചതാണ്. 2021 ജനുവരിയിൽ എത്തിയ അദ്ദേഹം റയൽ മാഡ്രിഡ്, സിറ്റി എന്നിവരെ മറികടന്ന് മെയ് മാസത്തിൽ ടീമിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. സിറ്റി, റയൽ മാഡ്രിഡ് എന്നിവർക്ക് ബയേൺ മ്യൂണിക്ക് എതിരാളികളായി വരുമെന്നിരിക്കെ ടുഷെൽ പരിശീലകനായി എത്തുന്നത് അവർക്ക് ഭീഷണി തന്നെയാണ്.