Tag Archive: BARCELONA

 1. കിരീടത്തിനായി അവസാനസെക്കന്റ്‌ വരെയും പോരാടും, നയം വ്യക്തമാക്കി കൂമാൻ

  Leave a Comment

  ലാലിഗ കിരീടപോരാട്ടത്തിൽ ആദ്യ നാലു ടീമുകൾക്കും സാധ്യതയുള്ള ഒരു പ്രത്യേകസാഹചര്യമാണ് നിലവിലുള്ളത്. അത്ലറ്റിക്കോക്കും റയലിനും ബാഴ്സക്കും സെവിയ്യക്കും കിരീടപോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമായിരിക്കും. ലാലിഗയിൽ മികച്ച പ്രകടനം തുടരുന്ന ലെവാന്റെക്കെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കൂമാനു കീഴിൽ ബാഴ്‌സലോണ.

  കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സസ്പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വന്ന കൂമാനെ ഇത്തവണ ലെവാന്റെക്കെതിരെ ടച്ച് ലൈനിൽ കണ്ടേക്കും. കിരീടം നേടുക ശ്രമകരമാണെങ്കിലും അവസാന സെക്കന്റ്‌ വരെ പോരാടുമെന്ന് തന്നെയാണ് കൂമാൻ വ്യക്തമാക്കുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “എനിക്ക് തോന്നുന്നത് ഈ അവസരത്തിൽ എല്ലാവർക്കും തുല്യമായാണ് ലീഗിന്റെ സാധ്യതകളുള്ളത്. ഈ ലീഗ് തീർക്കുകയെന്നത് ബുദ്ദിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ശരീരികമായും മത്സരങ്ങളുടെ എണ്ണവും അതിനെ സ്വാധീനിക്കുന്നുണ്ട്. ഈ അവസാന മത്സരങ്ങളിൽ ഞങ്ങളുടെ പരമാവധി നൽകാൻ തന്നെയാണ് തീരുമാനം.” കൂമാൻ പറഞ്ഞു.

  ഇപ്പോഴും ചാമ്പ്യൻമാരാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അതിനായി അവസാന സെക്കന്റ്‌ വരെ പോരാടുമെന്നും കൂമാൻ അഭിപ്രായപ്പെട്ടു
  ലീഗ് കിരീടം നേടുന്നതിനെ ആശ്രയിച്ചിരിക്കും കൂമാന്റെ ബാഴ്സയിലെ ഭാവിയെന്നും റിപ്പോർട്ടുകൾ ഉയർന്നു വരുന്നുണ്ട്.

 2. ലാലിഗയിൽ നിർണായമായ ബാഴ്സ-അത്ലറ്റിക്കോ മത്സരം സമനിലയിൽ, റയലിനു സുവർണാവസരം

  Leave a Comment

  ലാലിഗ കിരീടപോരാട്ടത്തിൽ നിർണായമായ അത്ലറ്റിക്കോ മാഡ്രിഡ്‌- ബാഴ്‌സലോണ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. തന്ത്രപരമായി അത്ലറ്റിക്കോ മുന്നിൽ നിന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ സാധിക്കാതെ പോയതോടെ മത്സരം സമനിലയിലാവുകയായിരുന്നു.

  അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗത്തു നിന്നും നിരവധി അക്രമണങ്ങളുണ്ടായെങ്കിലും ഭാഗ്യവശാൽ ടെർ സ്റ്റീഗനെ മറികടന്നു പോവാൻ സാധിക്കാതെ പോവുകയായിരുന്നു. മെസിയുടെ ഒരു ഒറ്റയാൾ മുന്നേറ്റത്തിൽ എടുത്ത ഷോട്ട് ഗോളെന്നുറച്ചെങ്കിലും ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ വിരൽതുമ്പിൽ തട്ടിയകന്നു പോവുകയായിരുന്നു.

  കളിയുടെ അവസാനത്തിൽ മെസിക്ക് ലഭിച്ച ഫ്രീകിക്കും ഗോളിലെത്താതെ പോയി. ബാഴ്സ നടത്തിയ മുന്നേറ്റത്തിൽ ഡെമ്പെലെയുടെ ഹെഡ് ചെയ്തു ഗോളിലെത്തിക്കാൻ ഉള്ള ശ്രമവും വിഫലമായി. സമനിലയോടെ നിലവിൽ 77 പോയിന്റുമായി ഒന്നാം സ്ഥാനത് തന്നെ തുടരുകയാണ് അത്ലറ്റിക്കോ.

  ഇതോടെ നാളെ അർദ്ധരാത്രി നടക്കാനിരിക്കുന്ന സെവിയ്യ- റയൽ മാഡ്രിഡ്‌ മത്സരം കൂടുതൽ നിർണായകമായേക്കും. ജയിച്ചാൽ റയൽ മാഡ്രിഡിനു ഒന്നാം സ്ഥാനത്തെത്താൻ ഉള്ള സുവർണാവസരമാണിത്. കഴിഞ്ഞ മത്സരം തോൽവി രുചിച്ച സെവിയ്യക്ക് കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്. ആദ്യ നാലിൽ ഉള്ള ഏത് ടീമിനും ഇത്തവണ കിരീടം ഉയർത്താനുള്ള സാധ്യത മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

 3. സൂപ്പർലീഗ്: റയൽ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ ടീമുകളെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും വിലക്കാനൊരുങ്ങി യുവേഫ

  Leave a Comment

  സൂപ്പർലീഗിൽ നിന്നും ഔദ്യോഗികമായി ഇതു വരെയും ഒഴിഞ്ഞു പോകാത്ത മൂന്നു ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും. സൂപ്പർലീഗിന്റെ ഭാഗമായ ആഴ്‌സണൽ, ലിവർപൂൾ,ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ഇന്റർമിലാൻ, എസിമിലാൻ എന്നിങ്ങനെ പന്ത്രണ്ടിൽ ഒമ്പതു ക്ലബ്ബുകളും പിൻവാങ്ങുകയായിരുന്നു.

  സൂപ്പർലീഗ് എന്ന ആശയം തകർന്നുവെങ്കിലും ഇതിൽ ഇപ്പോഴും നിലനിൽക്കുന്ന മൂന്നു ക്ലബ്ബുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യുവേഫ. ഒരു വർഷത്തേക്ക് മൂന്നു ക്ലബ്ബുകളെയും വിലക്കാനാണ് യുവേഫ അധികൃതരുടെ തീരുമാനം. 2021-2022 സീസണിൽ ഈ മൂന്നു ക്ലബ്ബുകൾക്കും പങ്കെടുക്കാനാവില്ലെന്നാണ് യുവേഫയുടെ തീരുമാനം.

  സൂപ്പർ ലീഗിൽ പങ്കെടുത്തു ഒഴിഞ്ഞ ടീമുകളുമായി നടന്ന ചർച്ചയിൽ യുവേഫയോട് വിശ്വാസം പുലർത്തി മുന്നോട്ടു പോകാനാണ് ഒമ്പതു ക്ലബ്ബുകളും തീരുമാനിച്ചത്. സൂപ്പർ ലീഗിന്റെ ഭാഗമായതിനാൽ യുവന്റസ്, ബാഴ്‌സലോണ,ബാഴ്സലോണ എന്നീ ക്ലബ്ബുകളുടെ സംപ്രേഷണാവകാശങ്ങളിൽ വന്ന നഷ്ടം ബാക്കി ക്ലബ്ബുകളിൽ നിന്നും ഈടാക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

  ഒമ്പതു ക്ലബ്ബുകളും ആ തീരുമാനത്തിൽ ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് യുവേഫയുടെ ഈ neekkam. ഇക്കാര്യത്തിൽ മൂന്നു ക്ലബ്ബുകളും തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ക്ലബ്ബുകളും ഇതിനെതിരെ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരിക്കുകയാണ്.

 4. ലാലിഗയിൽ നിർണായകമായ ബാഴ്സ- അത്ലറ്റിക്കോ പോരാട്ടം ഇന്ന്‌, സാധ്യതാ ലൈനപ്പ് അറിയാം

  Leave a Comment

  ലാലിഗ കിരീടപോരാട്ടത്തിൽ നിർണായകമായ അത്ലറ്റിക്കോ-ബാഴ്‌സ മത്സരം ഇന്ന്‌ ക്യാമ്പ് ന്യൂവിൽ അരങ്ങേറും. രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരേ പോയിന്റ് നിലയിലാണുള്ളതെങ്കിലും രണ്ട് എൽ ക്ലാസിക്കോയിലും റയലിനു വിജയിക്കാനായത് റയലിനു മുൻ‌തൂക്കം നൽകുകയായിരുന്നു.

  പ്രതിരോധപരമായി കൂടുതൽ മികച്ച കൊണ്ടോഗ്ബിയയെ ബാഴ്സയ്ക്കെതിരെ പരിശീലകൻ സിമിയോണി സ്റ്റാർട്ട്‌ ചെയ്യിക്കാനാണ് നീക്കം. വലെൻസിയക്കെതിരെ ഇറക്കിയ അതേ ടീമിനെ ബാഴ്സയ്ക്കെതിരെ പരീക്ഷിക്കാനാണ് സിമിയോണിയുടെ തീരുമാനം. ബാഴ്സക്കൊപ്പം റയൽ മാഡ്രിഡും 72 പോയിന്റുമായി പിറകിലുള്ളത് ഈ മത്സരത്തിൽ അത്ലറ്റിക്കോക്ക് വിജയം അനിവാര്യമാക്കുന്നുണ്ട്.

  വലെൻസിയക്കെതിരെ വിജയം നേടാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്നു അത്ലെറ്റിക്കോയെ നേരിടാനൊരുങ്ങുന്നത്. നിർണായക മത്സരത്തിൽ ജയിക്കാനായാൽ അത്ലറ്റിക്കോയെ മറികടന്ന് ഒന്നാമതെത്താമെങ്കിലും സെവിയ്യയെ മറികടന്നാൽ റയൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും. അതു കൊണ്ടു ഇനിയുള്ള എല്ലാ മത്സരങ്ങളും ആദ്യ നാലിലുള്ള എല്ലാ ടീമിനും നിർണായകമായിരിക്കും.

  സാധ്യതാ ഇലവൻ

  ബാഴ്സലോണ :- ടെർ സ്റ്റേഗൻ, പിക്വെ, അറോഹോ, ലെങ്ലെറ്റ്, ഡിയോങ്, ബുസ്കെറ്റ്സ്, പെഡ്രി, ഡെസ്റ്റ്, മെസി, ഗ്രിസ്മാൻ, ആൽബ

  അത്ലെറ്റിക്കോ :- ഒബ്ലാക്ക്,ഫിലിപെ, സാവിച്ച്, ഹെർമോസോ, ട്രിപ്പിയർ, കരാസ്കോ, കൊണ്ടോഗ്ബിയ, കോക്കെ,ലെമാർ, ലോറെൻ്റെ, സുവാരസ്.

 5. മെസിയിലേക്കടുത്ത് അഗ്വേറോ, ബാഴ്സയുമായി കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ

  Leave a Comment

  സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർതാരമാണ് കുൻ അഗ്വേറോ. ജനുവരിയിൽ ഫ്രീ ഏജന്റായി മാറിയ അഗ്വേറോക്ക് പിന്നാലെ നിരവധി ക്ലബ്ബുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്.

  പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പന്മാരായ ചെൽസിയിലേക്ക് ചേക്കേറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നിലവിൽ കുറച്ചു ആഴ്ചകളായി ബാഴ്‌സയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ ബാഴ്‌സയിലേക്ക് തന്നെ ചേക്കേറുമെന്നാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

  രണ്ടുവർഷത്തേക്കുള്ള കരാറാണ് താരം ബാറസയുമായി ഒപ്പിടാൻ പോവുന്നതെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്. മറ്റൊരു മധ്യമമായ ലാ പോർട്ടെയിറോ റിപ്പോർട്ട്‌ ചെയ്യുന്നത് ബാഴ്‌സയിലേക്ക് ചേക്കേറാൻ വേതനം വെട്ടിക്കുറക്കാനും അഗ്വേറോ തയ്യാറായി എന്നതാണ്.

  ഇതോടെ പത്തുവർഷത്തെ പ്രീമിയർലീഗിലെ മികച്ച പ്രകടനത്തിനു ശേഷം ലാലിഗയിലേക്കുള്ള തിരിച്ചു വരവിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്തായ ലയണൽ മെസിക്കൊപ്പം ഒത്തുചേരാനുള്ള അവസരമാണ് ഉയർന്നുവന്നിരിക്കുന്നത്. കൂടാതെ അഗ്വേറോയുടെ വരവ് മെസിയെ ബാഴ്സയിൽ തന്നെ പിടിച്ചു നിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 6. കോപ്പ ഡെൽ റേ ബാഴ്സക്ക്, അടുത്തത് ലാലിഗയാണ്‌ ലക്ഷ്യമെന്ന് കൂമാൻ

  Leave a Comment

  അത്ലറ്റിക് ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയം നേടി ബാഴ്സലോണ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അന്റോയിൻ ഗ്രീസ്മാനും ഫ്രങ്കി ഡിയോങ്ങിനുമൊപ്പം മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണിലെ ആദ്യകിരീടം ബാഴ്സ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

  സെറ്റിയനു പിന്നാലെ ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത കൂമാന്റെ കരിയറിലെ വർഷങ്ങൾക്കു ശേഷമുള്ള ആദ്യകിരീടം കൂടിയാണ് ഇത്തവണത്തെ കോപ്പ ഡെൽ റേ. വിജയത്തിനു ശേഷം അടുത്ത ലക്ഷ്യം ലാലിഗ കൂടി വിജയിക്കലാണെന്നു കൂമാൻ വ്യക്തമാക്കി. മത്സരത്തിനു ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

  “ഞങ്ങൾ ഈ സീസണിൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പക്ഷെ കുറച്ചു താരങ്ങളെ കൂടി വാങ്ങേണ്ടതുണ്ടായിരുന്നു. ടീമിന്റെ മനോഭാവത്തിനെ ഞാൻ അംഗീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോപ്പയിലേത്. അതിൽ ഒരുപാട് ബുദ്ദിമുട്ടു നേരിടേണ്ടി വന്നിട്ടുണ്ട്.”

  “ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി ഞങ്ങൾ കപ്പ്‌ നേടിയെടുത്തിരിക്കുകയാണ്. ഒപ്പം ഞങ്ങൾ രണ്ടാമത്തേതിന് കൂടി തയ്യാറെടുക്കുകയാണ്. അവസാനം വരെ ലാലിഗക്ക് വേണ്ടി പോരാടാൻ തന്നെയാണ് പോവുന്നത്. ” കൂമാൻ പറഞ്ഞു.

 7. ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ ഫൈനൽ, ഭാവിയെക്കുറിച്ചു വേവലാതിയില്ലെന്നു കൂമാൻ

  Leave a Comment

  ബാഴ്സയിലെ തന്റെ ഭാവിയെക്കുറിച്ചു ഒട്ടും വ്യാകുലപ്പെടുന്നില്ലെന്നാണ് ഇന്ന്‌ നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനലിനു മുന്നോടിയായി കൂമാൻ വ്യക്തമാക്കിയത്. ഒരു ട്രോഫി പോലും നേടാത്ത കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും കോപ്പ ഡെൽ റേയിലും തോൽവി നേരിട്ട് ബാഴ്സക്ക് മുന്നോട്ടു പോവേണ്ടി വന്നാൽ ഭാവിയെന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കൂമാൻ.

  ” ഫൈനൽ ക്ലബ്ബിനു ഏറ്റവും പ്രധാനപ്പെട്ടതാണ്. ട്രോഫി നേടാനുള്ള ഏതൊരവസരവും എപ്പോഴും മികച്ചത് തന്നെയാണ്. ഞാൻ എന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നില്ല. വളരെ പ്രധാനപ്പെട്ട കാര്യം എന്റെ എല്ലാ ഊർജവും ടീമിൽ അർപ്പിക്കുകയെന്നതാണ്. എന്നാൽ ഞങ്ങൾക്ക് നിശ്ചയമായും ജയിക്കാനാവും.” കൂമാൻ പറഞ്ഞു.

  ഇത്തരം ചോദ്യങ്ങളോട് കൂമാൻ തന്റെ തന്റെ വിദ്വേഷം വ്യക്തമാക്കുകയും ചെയ്തു. 19 മത്സരങ്ങൾ അപരാജിതരായി മുന്നേറാൻ സാധിച്ചിട്ടും ഇത് കേൾക്കേണ്ടി വരുന്നത് അമ്പരപ്പുണ്ടാക്കുന്നുവെന്നും കൂമാൻ ആരോപിച്ചു. ബിൽബാവോക്കെതിരായ ഫൈനലിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

  “ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുന്നത് വിചിത്രമായ ഒന്നാണ്. 19 മത്സരങ്ങൾ അപരാജിതരായി മുന്നേറിയിട്ടും എന്റെ ഭാവി ചോദ്യം ചെയ്യപ്പെടുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യമല്ലെങ്കിലും എനിക്കു അത് സ്വീകരിക്കേണ്ടി വരികയാണ്.” കൂമാൻ കൂട്ടിച്ചേർത്തു.

 8. ക്ലാസിക്കോ: ബാഴ്സയ്ക്കെതിരെ റയലിനു വിജയം, ലീഗിൽ ഒന്നാമത്

  Leave a Comment

  ആവേശോജ്വലമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബാഴ്സക്ക് വേണ്ടി മിൻഗ്വേസ ഏക ഗോൾ സ്വന്തമാക്കിയപ്പോൾ റയൽ മാഡ്രിഡിനായി കരിം ബെൻസമയും ടോണി ക്രൂസുമാണ് ഗോളുകൾ കണ്ടെത്തിയത്. വിജയത്തോടെ ബാഴ്സയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും മറികടന്നു റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

  ആദ്യപകുതിയിൽ ബാഴ്സ കൂടുതൽ പന്തടക്കത്തിൽ ശ്രദ്ധ ചെലുത്തിയപ്പോൾ റയൽ മാഡ്രിഡ്‌ പ്രത്യാക്രമണ ഫുട്ബോളിനാണ് നേതൃത്വം നൽകിയത്. അത് പതിമൂന്നാം മിനുട്ടിൽ തന്നെ വിജയം കണ്ടു. വലതു വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണത്തിൽ ലൂക്കാസ് വാസ്‌കസ് നൽകിയ മികച്ചൊരു ക്രോസ് ബാക്ഫ്ലിപ്പിലൂടെ ബെൻസിമ വലയിലെത്തിക്കുകയായിരുന്നു.

  28ആം മിനുട്ടിൽ ബാഴ്സ പെനാൽറ്റി ബോക്സിനു വെളിയിൽ വെച്ചു റയൽ ലഭിച്ച ഫ്രീകിക്ക് ക്രൂസും വലയിലെത്തിച്ചതോടെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡ്‌ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ ഗ്രീസ്മാനെ കളത്തിലിറക്കിയതോടെ ബാഴ്സക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചു. റയൽ മാഡ്രിഡിന്റെ പ്രത്യാക്രമണങ്ങൾക്കു പോസ്റ്റും ടെർ സ്റ്റേഗനും തടസ്സമായി നിൽക്കുകയായിരുന്നു.

  എന്നാൽ അധികം വൈകാതെ തന്നെ 60ആം മിനുട്ടിൽ ബാഴ്സ ഒരു ഗോൾ മിൻഗ്വേസയിലൂടെ മടക്കുകയായിരുന്നു. ബാഴ്സയുടെ പ്രത്യാക്രമണത്തിൽ ജോർദി ആൽബ നൽകിയ കട്ട്‌ ബാക്ക് ക്രോസ്സിനെ മിൻഗ്വേസ വലയിലേക്ക് തട്ടിയിടുകയായിരുന്നു. പിന്നീട് കാസമിരോ റെഡ് കാർഡ് കണ്ടു പുറത്തായെങ്കിലും ലയണൽ മെസ്സിയുടെ കോർണർ കിക്ക് പോസ്റ്റിൽ അടിച്ചു പാഴായതും ഇഞ്ചുറി ടൈമിൽ ഇല്യാക്സ് മോറിബയുടെ ഷോട്ട് പോസ്റ്റിൽ കൊണ്ട് പാഴായതുമെല്ലാം ബാഴ്സക്കെതിരായി ഭവിക്കുകയായിരുന്നു. തോൽവിയോടെ അത്ലറ്റിക്കോ അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ അവരുമായുള്ള വ്യത്യാസം നാലായി ഉയർന്നിരിക്കുകയാണ്.

 9. ത്രികോണമത്സരവുമായി ലാലിഗകിരീടപോരാട്ടം, നിർണായക എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ഇന്ന്‌ ബാഴ്സയ്ക്കെതിരെ

  Leave a Comment

  ഫുട്ബോൾലോകം എല്ലായ്പോഴും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ലാലിഗവമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ. ലാലിഗയിൽ ആരു മുന്നിലെത്തുമെന്നു പ്രവചിക്കാനാവാത്ത ത്രികോണ മത്സരമാണ് ഇത്തവണത്തെ എൽ ക്ലാസിക്കോക്ക് പുതിയ മാനം നൽകുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമനായ അത്ലറ്റിക്കോ മാഡ്രിഡിനു വെറും ഒരു പോയിന്റു പിറകിലുള്ള ബാഴ്സലോണയും ബാഴ്‌സലോണയ്ക്ക് രണ്ടു പോയിന്റ് പിറകിലുള്ള റയൽ മാഡ്രിഡുമാണ് ഇത്തവണ ഏറ്റുമുട്ടാനൊരുങ്ങുന്നതെന്നത് ക്ലാസിക്കോയെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

  റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നും ക്യാപ്റ്റൻ റാമോസിനെയും റാഫേൽ വരാനെയും നഷ്ടമായത് വലിയ തിരിച്ചടിയായെങ്കിലും ലിവർപൂളിനെതിരായ മികച്ച വിജയം താരങ്ങൾക്ക് വലിയ ഊർജം നൽകിയിട്ടുണ്ട്. മുന്നേറ്റത്തിൽ വിനിഷ്യസ് ജൂനിയർ ഗോളുകൾ കൂടി കണ്ടെത്താൻ തുടങ്ങിയതോടെ ബാഴ്‌സയെ നേരിടാൻ മികച്ച ആത്മവിശ്വാസം റയലിനു കൈവന്നിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ തട്ടകമായ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

  കഴിഞ്ഞ 12 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് റയൽ മാഡ്രിഡ്‌. കൂമാനു കീഴിൽ കഴിഞ്ഞ 19 മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ ഇന്ന്‌ റയലിനെ നേരിടാനൊരുങ്ങുന്നത്. ഒരു തോൽവി രുചിച്ചാലും റയലിനു ബാഴ്സയെക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിലേ മുന്നിലെത്താനാവുകയുള്ളൂ. അത്ലറ്റിക്കോക്കെതിരായ മത്സരത്തിൽ അപ്പോൾ വിജയം അനിവാര്യമായിരിക്കും. എല്ലാറ്റിനും പുറമെ ചിരവൈരികളായ രണ്ടു ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ വിജയം ഉറപ്പിക്കാൻ തന്നെയായിരിക്കും ഇരു ടീമുകളുടെയും ശ്രമം.

  സാധ്യതാ ഇലവൻ

  റയൽ മാഡ്രിഡ്‌ : തിബോട് കോർട്‌വാ, ലൂക്കാസ് വാസ്‌കസ്,എഡർ മിലിറ്റവോ,നാച്ചോ, മെൻഡി, മോഡ്രിച്ച്, കാസമിരോ, ക്രൂസ്, അസെൻസിയോ, ബെൻസമ, വിനിഷ്യസ്

  ബാഴ്സലോണ: ടെർ സ്റ്റേഗൻ, അറോഹോ, ഡിയോങ്, ലെങ്ലറ്റ്, ഡെസ്റ്റ്, ബുസ്കെറ്റ്സ്, പെഡ്രി, ആൽബ, മെസി, ഡെമ്പെലെ, ഗ്രീസ്മാൻ.

 10. വരാനിരിക്കുന്നത് അസാധാരണ പ്രാധാന്യമുള്ള എൽ ക്ലാസിക്കോ, എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമെന്നു കൂമാൻ

  Leave a Comment

  റയൽ വയ്യഡോലിഡുമായി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടാനായതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അവസാനത്തിൽ 89ആം മിനുട്ടിൽ ഡെമ്പെലെ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്. രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ തൊട്ടു പിറകിൽ റയൽ മാഡ്രിഡും ഉള്ളതിനാൽ ബാഴ്സക്ക് ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

  ബാഴ്സക്ക് അടുത്ത മത്സരം ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയാണ്‌. കാലങ്ങളായുള്ള ഈ വൈരം മത്സരത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഇത്തവണ എല്ലാ മത്സരങ്ങളെക്കാളും പ്രാധാന്യം എൽക്ലാസിക്കോക്ക് ഉണ്ടെന്നാണ് ബാഴ്സ പരിശീലകനായ കൂമാന്റെ പക്ഷം. അത് ഇത്തവണ അത്ലറ്റിക്കോയും റയലും കിരീടംപോരാട്ടത്തിൽ ഒരുമിച്ചു നൽകുന്ന സമ്മർദമാണ് അതിനു കാരണമായി കൂമാൻ ചൂണ്ടിക്കാണിക്കുന്നത്. റയൽ വയ്യഡോലിഡുമായി നടന്ന മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

  “എനിക്ക് തോന്നുന്നത് ക്ലാസിക്കോ എല്ലായ്പ്പോഴും പ്രാധാന്യമുള്ള മത്സരമാണെന്ന് തന്നെയാണ്. പക്ഷെ ഇത്തവണ അതിനു കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ടെന്നു പറയാനാകും. കാരണം ഇത്തവണത്തെ ലീഗിലെ സാഹചര്യം തന്നെയാണ്. ഈ സീസണിൽ ലീഗിൽ ഞങ്ങൾക്കൊപ്പം റയൽ മാഡ്രിഡും കിരീടം നേടാൻ അത്ലറ്റിക്കോക്കെതിരെ ഒരുപോലെ പോരാടിക്കൊണ്ടിരിക്കുകയാണ്.”

  “ലോകത്തിലെ തന്നെ രണ്ടു മികച്ച ടീമുകൾക്കെതിരെയായതിനാൽ ഇത് തീർച്ചയായും രണ്ടു പ്രധാനപ്പെട്ട മത്സരങ്ങൾ തന്നെയായിരിക്കും. ഇതിന്റെ ഫലങ്ങൾ തീർച്ചയായും ഞങ്ങൾക്ക് കിരീടം നേടുന്നതിൽ നിർണായകമാകും.”കൂമാൻ പറഞ്ഞു. അവസാന 19 മത്സരങ്ങൾ അപരാജിതരായി മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ റയലിനെ നേരിടാനൊരുങ്ങുന്നത്. എന്നാൽ റയൽ മാഡ്രിഡ്‌ 9 മത്സരങ്ങൾ അപരാജിതരായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏപ്രിൽ 10നു റയലിന്റെ തട്ടകത്തിൽ വെച്ചാണ് ക്ലാസിക്കോ നടക്കാനിരിക്കുന്നത്.