Tag Archive: Athletico Madrid

 1. ലാലിഗയിൽ നിർണായമായ ബാഴ്സ-അത്ലറ്റിക്കോ മത്സരം സമനിലയിൽ, റയലിനു സുവർണാവസരം

  Leave a Comment

  ലാലിഗ കിരീടപോരാട്ടത്തിൽ നിർണായമായ അത്ലറ്റിക്കോ മാഡ്രിഡ്‌- ബാഴ്‌സലോണ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. തന്ത്രപരമായി അത്ലറ്റിക്കോ മുന്നിൽ നിന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ സാധിക്കാതെ പോയതോടെ മത്സരം സമനിലയിലാവുകയായിരുന്നു.

  അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗത്തു നിന്നും നിരവധി അക്രമണങ്ങളുണ്ടായെങ്കിലും ഭാഗ്യവശാൽ ടെർ സ്റ്റീഗനെ മറികടന്നു പോവാൻ സാധിക്കാതെ പോവുകയായിരുന്നു. മെസിയുടെ ഒരു ഒറ്റയാൾ മുന്നേറ്റത്തിൽ എടുത്ത ഷോട്ട് ഗോളെന്നുറച്ചെങ്കിലും ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ വിരൽതുമ്പിൽ തട്ടിയകന്നു പോവുകയായിരുന്നു.

  കളിയുടെ അവസാനത്തിൽ മെസിക്ക് ലഭിച്ച ഫ്രീകിക്കും ഗോളിലെത്താതെ പോയി. ബാഴ്സ നടത്തിയ മുന്നേറ്റത്തിൽ ഡെമ്പെലെയുടെ ഹെഡ് ചെയ്തു ഗോളിലെത്തിക്കാൻ ഉള്ള ശ്രമവും വിഫലമായി. സമനിലയോടെ നിലവിൽ 77 പോയിന്റുമായി ഒന്നാം സ്ഥാനത് തന്നെ തുടരുകയാണ് അത്ലറ്റിക്കോ.

  ഇതോടെ നാളെ അർദ്ധരാത്രി നടക്കാനിരിക്കുന്ന സെവിയ്യ- റയൽ മാഡ്രിഡ്‌ മത്സരം കൂടുതൽ നിർണായകമായേക്കും. ജയിച്ചാൽ റയൽ മാഡ്രിഡിനു ഒന്നാം സ്ഥാനത്തെത്താൻ ഉള്ള സുവർണാവസരമാണിത്. കഴിഞ്ഞ മത്സരം തോൽവി രുചിച്ച സെവിയ്യക്ക് കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്. ആദ്യ നാലിൽ ഉള്ള ഏത് ടീമിനും ഇത്തവണ കിരീടം ഉയർത്താനുള്ള സാധ്യത മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

 2. ലാലിഗയിൽ നിർണായകമായ ബാഴ്സ- അത്ലറ്റിക്കോ പോരാട്ടം ഇന്ന്‌, സാധ്യതാ ലൈനപ്പ് അറിയാം

  Leave a Comment

  ലാലിഗ കിരീടപോരാട്ടത്തിൽ നിർണായകമായ അത്ലറ്റിക്കോ-ബാഴ്‌സ മത്സരം ഇന്ന്‌ ക്യാമ്പ് ന്യൂവിൽ അരങ്ങേറും. രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരേ പോയിന്റ് നിലയിലാണുള്ളതെങ്കിലും രണ്ട് എൽ ക്ലാസിക്കോയിലും റയലിനു വിജയിക്കാനായത് റയലിനു മുൻ‌തൂക്കം നൽകുകയായിരുന്നു.

  പ്രതിരോധപരമായി കൂടുതൽ മികച്ച കൊണ്ടോഗ്ബിയയെ ബാഴ്സയ്ക്കെതിരെ പരിശീലകൻ സിമിയോണി സ്റ്റാർട്ട്‌ ചെയ്യിക്കാനാണ് നീക്കം. വലെൻസിയക്കെതിരെ ഇറക്കിയ അതേ ടീമിനെ ബാഴ്സയ്ക്കെതിരെ പരീക്ഷിക്കാനാണ് സിമിയോണിയുടെ തീരുമാനം. ബാഴ്സക്കൊപ്പം റയൽ മാഡ്രിഡും 72 പോയിന്റുമായി പിറകിലുള്ളത് ഈ മത്സരത്തിൽ അത്ലറ്റിക്കോക്ക് വിജയം അനിവാര്യമാക്കുന്നുണ്ട്.

  വലെൻസിയക്കെതിരെ വിജയം നേടാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്നു അത്ലെറ്റിക്കോയെ നേരിടാനൊരുങ്ങുന്നത്. നിർണായക മത്സരത്തിൽ ജയിക്കാനായാൽ അത്ലറ്റിക്കോയെ മറികടന്ന് ഒന്നാമതെത്താമെങ്കിലും സെവിയ്യയെ മറികടന്നാൽ റയൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും. അതു കൊണ്ടു ഇനിയുള്ള എല്ലാ മത്സരങ്ങളും ആദ്യ നാലിലുള്ള എല്ലാ ടീമിനും നിർണായകമായിരിക്കും.

  സാധ്യതാ ഇലവൻ

  ബാഴ്സലോണ :- ടെർ സ്റ്റേഗൻ, പിക്വെ, അറോഹോ, ലെങ്ലെറ്റ്, ഡിയോങ്, ബുസ്കെറ്റ്സ്, പെഡ്രി, ഡെസ്റ്റ്, മെസി, ഗ്രിസ്മാൻ, ആൽബ

  അത്ലെറ്റിക്കോ :- ഒബ്ലാക്ക്,ഫിലിപെ, സാവിച്ച്, ഹെർമോസോ, ട്രിപ്പിയർ, കരാസ്കോ, കൊണ്ടോഗ്ബിയ, കോക്കെ,ലെമാർ, ലോറെൻ്റെ, സുവാരസ്.

 3. ബിൽബാവോക്കെതിരായ തോൽവി, മനക്കരുത്തില്ലെങ്കിൽ കിരീടം കൈവിട്ടുപോവുമെന്ന് സിമിയോണി

  Leave a Comment

  അത്ലറ്റിക് ബിൽബാവോക്കെതിരായ ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടി വന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ കിരീടമോഹങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 33 മത്സരങ്ങളിൽ നിന്നായി 73 പോയിന്റുമായി ഒന്നാംസ്ഥാനത്തു തന്നെ അത്ലറ്റിക്കോയുണ്ടെങ്കിലും 32 മത്സരങ്ങൾ മാത്രം കളിച്ച ബാഴ്‌സ 71 പോയിന്റുമായി തോറ്റു പുറകിലുണ്ട്. അടുത്ത മത്സരത്തിൽ ബാഴ്സക്ക് വിജയിക്കാനായാൽ ബാഴ്സക്ക് ഒന്നാം സ്ഥാനത്തെത്താനാവും.

  എന്നാൽ അത്ലറ്റിക്കോക്ക്‌ ഇനി കിരീടം നേടാണമെങ്കിൽ മാനസികമായ ശക്തി അർഗിക്കേണ്ടതുണ്ടെന്നാണ് പരിശീലകൻ ഡിയെഗോ സിമിയോണിയുടെ വിലയിരുത്തൽ. ഏതു ടീമാണോ കൂടുതൽ മനക്കരുത്ത് കാണിക്കുന്നത് അവർ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. തോൽവിക്കു ശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “എന്തായിരിക്കും ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു എന്നോട് ചോദിക്കൂ. അത് മാനസികമായ ഘടകമായിരിക്കുമെന്ന് വളരെയധികം വ്യക്തമാണ്. ആദ്യ പകുതിയിൽ ഞങ്ങൾക്ക്‌ പ്രതീക്ഷിച്ചപോലെ കളിക്കാൻ സാധിച്ചില്ല. ഏറ്റവും മികച്ച രീതിയിൽ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്ന ടീമിനായിരിക്കും ഇത്തവണ കിരീടം നേടാനുള്ള മികച്ച സാധ്യത.” സിമിയോണി പറഞ്ഞു.

  കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ രണ്ടാമത്തെ തോൽവിയാണു അത്ലറ്റികോക്ക് ബിൽബാവോക്കെതിരെ നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ അത്ലറ്റിക്കോയേ പോലെ തന്നെ ബാഴ്സയ്ക്കും റയലിനും സെവിയ്യക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നത് പോരാട്ടത്തിന് കൂടുതൽ ആവേശം നൽകുന്നുണ്ട്.

 4. ചെൽസിക്കെതിരായ തോൽവി, തന്ത്രങ്ങൾക്കെതിരായ വിമർശനത്തിനെതിരെ തുറന്നടിച്ച് സിമിയോണി

  Leave a Comment

  ചാമ്പ്യൻസ്‌ലീഗിലെ പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ചെൽസി അത്ലറ്റിക്കോയെ തകർത്തിരിക്കുകയാണ്. ചെൽസി സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡിന്റെ അക്രോബാറ്റിക് ഗോളാണ് ചെൽസിക്ക് അത്ലറ്റിക്കോയുടെ തട്ടകത്തിൽ വിജയം നേടിക്കൊടുത്തത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അത്ലറ്റികോക്ക് വിജയം അകന്നു പോയിരിക്കുന്നത്.

  അത്ലറ്റികോയുടെ പ്രതിരോധപരമായ തന്ത്രങ്ങളാണ് ജിറൂഡിന്റെ ഗോളിൽ പഴയിപ്പോയത്. ചെൽസിക്കെതിരെ പ്രയോഗിച്ച തന്ത്രത്തിൽ വൻ വിമർശനമാണ് ഡിഗോ സിമിയോണിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്കെതിരെ സിമിയോണി തുറന്നടിക്കുകയാണ് ചെയ്തത്. അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു മനസിലാവുന്നില്ലെന്നാണ് സിമിയോണി അഭിപ്രായപ്പെട്ടത്. മത്സരശേഷം തോൽവിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു സിമിയോണി.

  “എനിക്ക് മനസിലാവുന്നില്ല അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം. ഒത്തൊരുമയിലൂടെയും മികവിലൂടെയും പന്ത് പിടിച്ചെടുത്തു കഴിഞ്ഞാൽ അക്രമണത്തിനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾക്കിനിയും പരിശ്രമിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച താരങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.”

  മൂസ ഡെമ്പലെയെക്കുറിച്ച് എനിക്കു പുനർച്ചിന്തനം ആവശ്യമായി വന്നിട്ടുണ്ട്. ഫുട്ബോളിൽ അഭിപ്രായങ്ങൾ എപ്പോഴും സൗജന്യമായി കിട്ടാറുണ്ട്. അഭിപ്രായങ്ങൾ മികച്ചത് തന്നെയാണ്. ഞങ്ങൾ ഞങ്ങളുടെ തട്ടകത്തിൽ കളിക്കേണ്ടതു പോലെ കളിച്ചില്ലെന്നു ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങൾ കൃത്യത പുലർത്തുന്നതിനും പന്ത് തിരിച്ചു പിടിക്കുന്നതിലും ബുദ്ദിമുട്ടനുഭവിച്ചു. ഇതൊരു ബുദ്ദിമുട്ടേറിയ മത്സരമായിരുന്നു. ഗോളവസരങ്ങൾ കുറവായിരുന്നു. കൂടുതൽ കൃത്യതയും ഒത്തിണക്കവും കാണിക്കേണ്ടതുണ്ട്. ” സിമിയോണി പറഞ്ഞു.

 5. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് സിമിയോണിക്ക്, മറികടന്നത് ഗാർഡിയോളയേയും ക്ളോപ്പിനെയും

  Leave a Comment

  പിന്നിട്ട ദശകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആരാണെന്നു ചോദിച്ചാൽ നിരവധി പേരുകൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും. എന്നാൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയെഗോ സിമിയോണിയെയാണ് ആ ബഹുമതിക്ക് അർഹനായി തിരഞ്ഞെടുത്തിരിക്കുന്നത്.

  സ്പാനിഷ് ഫുട്ബോളിൽ താഴെക്കിടയിലുണ്ടായിരുന്ന അത്ലറ്റിക്കോയെ മാഡ്രിഡിലെയെന്നു തന്നെയല്ല ലാലിഗയിലെ തന്നെ മികച്ച ക്ലബ്ബായി മാറ്റിയതിനാണ് സിമിയോണി ഈ അവാർഡ് നൽകാൻ തീരുമാനിച്ചത്. ഹോസെ മൗറിഞ്ഞോയേയും പെപ്‌ ഗാർഡിയോളയെയും സിനദിൻ സിദാനേയും മറികടന്നാണ് സിമിയോണി ഈ അവാർഡിന് അർഹനായിരിക്കുന്നത്. മാഡ്രിഡിന്റെ താഴെക്കിടയിലുണ്ടായിരുന്ന ക്ലബ്ബിനെ ഒരു കളിക്കാരൻ എന്ന നിലയിലും പിന്നീട് പരിശീലകനായും ലോകഫുട്ബോളിലെ തന്നെ ശക്തികേന്ദ്രമായി വളർത്താൻ സിമിയോണിക്ക് സാധിച്ചിട്ടുണ്ട്.

  സിമിയോണിയുടെ കരിയറിൽ സിനദിൻ സിദാന്റെയും പെപ്‌ ഗാർഡിയോളയുടെയുമത്ര യൂറോപ്യൻ കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും അത്ലറ്റികോക്കൊപ്പമുള്ള സ്ഥിരതയാണ്‌ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ സഹായിച്ചത്. പെപ്‌ ഗാർഡിയോള രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജർഗൻ ക്ലോപ്പ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാൽ സിനദിൻ സിദാൻ ഉനൈ എമ്രിക്കു താഴെ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സിമിയോണിയെ ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കാനുണ്ടായ കാരണവും ഐഎഫ്എഫ്എച്ച്എസ് വ്യക്തമാക്കി.

  ” ഈ ദശകത്തിൽ തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം മികച്ചപ്രകടനം യാഥാർത്ഥ്യമാക്കാൻ സിമിയോണിക്ക് സാധിച്ചിട്ടുണ്ട്: 1 ലാലിഗ കിരീടം, 1 കോപ്പ ഡെൽ റെയ്, 1 സൂപ്പർ കോപ്പ എസ്പാന, 2 യൂറോപ്പ ലീഗ് കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ് റണ്ണർ അപ്പുകൾ. അദ്ദേഹത്തിന്റെ സമയനിഷ്ഠയും ഊർജസ്വലതയുമാണ് ഈ 2011-2020 ദശകത്തിലെ ഈ അവാർഡ് വിജയിക്കാൻ അർഹനാക്കിയത്. ” ഐഎഫ്എഫ്എച്ച് എസ് പ്രസ്താവനയിലൂടെ പറഞ്ഞു.

 6. ബാഴ്സയ്ക്കും റയലിനും ഭീഷണി, ഡിയെഗോ കോസ്റ്റക്ക് പകരക്കാരനെ കണ്ടെത്തി അത്ലറ്റിക്കോ മാഡ്രിഡ്‌

  Leave a Comment

  അടുത്തിടെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അവസാനിപ്പിച്ച സൂപ്പർതാരമാണ് സ്പാനിഷ് സ്‌ട്രൈക്കർ ഡിയെഗോ കോസ്റ്റ. സുവാരസിനൊപ്പം അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്ന ഡിയെഗോ കോസ്റ്റക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ താരമായ മൂസ ഡെമ്പെലെയെയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്നത്.

  നിലവിൽ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിയോണിന്റെ മുന്നേറ്റത്തിൽ പ്രധാനിയായിരുന്ന താരത്തെ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടമിട്ടിരുന്നു. റൊമേലു ലുക്കാക്കുവിനു പകരക്കാരനായി നോട്ടമിട്ട താരത്തിനു പകരം പിന്നീട് ഒഡിയോൺ ഇഗാലോവിനെ സ്വന്തമാക്കുകയായിരുന്നു. നിലവിൽ ഡെമ്പെലെക്കായി ശ്രമങ്ങൾ ആരംഭിച്ചുവെന്നു ഡിയെഗോ സിമിയോണി തന്നെ അറിയിച്ചിരുന്നു.

  ഒപ്പം ലിയോണിന്റെ സ്പോർട്ടിങ് ഡയറക്ടറായ ജുണീഞ്ഞോയും ഡെമ്പെലെ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ തുടങ്ങിയെന്നു അറിയിച്ചിരുന്നു. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ടെലിഫൂട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” മൂസ എന്റെയടുത്തേക്ക് വന്നിരുന്നു. ക്ലബ്ബ് വിടാനുള്ള സമയമാണിതെന്നു അവനെന്നോട് പറഞ്ഞു. ഇവിടെ തുടരാനുള്ള പ്രചോദനം നഷ്ടപ്പെട്ടെന്ന് അവനെന്നോട് പറഞ്ഞു.”

  ” ഇതു ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. മൂസ വളരെ പ്രശംസനീയമായ ഒരു താരമാണ്. ഞങ്ങൾ ഒരുപാട് അവനിൽ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ ഇനി വരാൻ പോവുന്ന അഞ്ചു മാസത്തേക്ക് ഇവിടെ തുടരാൻ താത്പര്യമില്ലാത്ത ഒരാളെ പിടിച്ചു നിർത്തുന്നത് ശരിയായ കാര്യമല്ല. അതു കൊണ്ടു തന്നെ ഞങ്ങൾ അത്ലറ്റിക്കോയുമായി ചർച്ച നടത്തുകയാണ്. ഇതു വരെ ഒന്നും നടന്നിട്ടില്ലെങ്കിലും എനിക്ക് തോന്നുന്നത് അവൻ അത്ലറ്റിക്കോയുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ്. പക്ഷെ ഇനി ഞങ്ങളുടേതും കൂടെ ശരിയാവാനുണ്ട്. നടക്കുകയാണെങ്കിൽ എന്റെ വക ആശംസകൾ നേരുകയാണ്.” ജുണീഞ്ഞോ പറഞ്ഞു.

 7. ഫുട്ബോളിൽ മഞ്ഞുമൂടുന്നു: അത്ലറ്റിക്കോ മാഡ്രിഡ്‌ മത്സരം നീട്ടിവെച്ചു, വിമാനത്തിൽ കുടുങ്ങി റയൽ മാഡ്രിഡ്‌ ടീം

  Leave a Comment

  ശക്തമായ മഞ്ജുവീഴ്ച മൂലം യൂറോപ്പിൽ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ ബുദ്ദിമുട്ടേറിയിരിക്കുകയാണ്. ലാലിഗ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിൽ വെച്ചു നടക്കാനിരിക്കുന്ന അത്ലറ്റിക് ബിൽബാവോയുമായുള്ള മത്സരം ശക്തമായ മഞ്ജുവീഴ്ച മൂലം നീറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലാലിഗ അധികൃതർ. അത്ലറ്റിക് ബിൽബാവോ ടീമിനു മാഡ്രിഡ്‌ എയർ പോർട്ടിൽ ഇറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

  രാവിലെ പത്തു മണി വരെ ബറായാസ് എയർപോർട്ടിൽ വിമാനങ്ങളുടെ വരവ് ഒഴിവാക്കിയിരിക്കുകയായിരുന്നു. ശക്തമായ കാലാവസ്ഥയിലുള്ള മാറ്റം ഈ ആഴ്ചയിൽ ലാലിഗ മത്സരക്രമത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒസാസുനയിലേക്കുള്ള വിമാനയാത്രയുടെ അവസാനം പാമ്പലോനയിൽ ലാൻഡ് ചെയ്തെങ്കിലും ശക്തമായ മഞ്ഞുവീഴ്ച മൂലം പുറത്തിറങ്ങാനാവാതെ താരങ്ങൾ കുടുങ്ങിപ്പോവുകയായിരുന്നു.

  മൂന്നു മണിക്കൂറിലധികം വിമാനത്തിൽ തന്നെ ചിലവഴിചതിനു ശേഷമാണ് റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് പുറത്തിറങ്ങാനായത്. നിലവിൽ ഒസാസുനയും റയൽ മാഡ്രിഡുമായുള്ള മത്സരം നീട്ടിവെക്കാൻ ലാലിഗ തയ്യാറായിട്ടില്ലെങ്കിലും അത്ലറ്റിക്കോ ബിൽബാവോക്കൊപ്പം ചില രണ്ടാം ഡിവിഷൻ ലാലിഗ ടീമുകളുടെ മത്സരങ്ങൾ നാളേക്ക് മാറ്റാൻ നടപടിയായിട്ടുണ്ട്.

  ഇത്തരം കാലാവസ്ഥപരമായ പ്രശ്നങ്ങൾക്ക് പെട്ടെന്നു നടപടിയുണ്ടാക്കാൻ ലാലിഗ ഒരു ദുരന്തനിവാരണ കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് പിന്നാലെ കാലാവസ്ഥാപരമായ പ്രതിസന്ധികൾ ഫുട്ബോളിന്റെ നടത്തിപ്പിനെയും സന്തുലിതമായ മത്സരക്രമങ്ങളെയും വലിയ തോതിൽ മാറ്റി മറിച്ചിരിക്കുകയാണ്‌. എന്തായാലും അത്ലറ്റിക് ബൈൽബാവോയും റായോ വയ്യെക്കാനോയും ശക്തമായ മഞ്ഞു വീഴ്ച മൂലം വിമാന സമയം നീട്ടിവെച്ചിരിക്കുകയാണ്.

 8. ചെൽസി സൂപ്പർതാരത്തെ റാഞ്ചാനൊരുങ്ങി അത്ലറ്റിക്കോ മാഡ്രിഡ്‌, ജനുവരിയിൽ സ്വന്തമാക്കിയേക്കും

  Leave a Comment

  പ്രതിരോധത്തിലേക്ക് 50 മില്യൺ യൂറോക്ക് ലൈസസ്റ്റർ സിറ്റിയിൽ നിന്നും ചെൽസി സ്വന്തമാക്കിയ ഇംഗ്ലീഷ് താരമാണ് ബെൻ ചിൽവെൽ. ചിൽവെല്ലിന്റെ വരവോടെ ലാംപാർഡിന്റെ ടീമിൽ അവസരങ്ങൾ കുറഞ്ഞ സ്പാനിഷ് പ്രതിരോധതാരമാണ് മാർക്കോസ് അലോൺസോ. ഈ സീസണിൽ പ്രീമിയർലീഗിൽ ആകെ മൂന്നു മത്സരങ്ങളിൽ മാത്രമേ അലോൺസോക്ക് കളിക്കാൻ സാധിച്ചിട്ടുള്ളൂ.

  ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റിനയിൽ നിന്നും 2016ൽ ചെൽസിയിലേക്ക് ചേക്കേറിയ താരത്തിനു ചെൽസിക്കൊപ്പം അവസാന പതിനൊന്നു മത്സരങ്ങളിൽ കളിക്കാം സാധിച്ചിട്ടില്ല.അതിനാൽ തന്നെ ഈ ജനുവരി ട്രാൻസ്ഫറിൽ ചെൽസിയിൽ നിന്നും പുറത്തു പോവാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലാലിഗ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനായി ശ്രമം തുടങ്ങിയതായാണ് അറിയാനാകുന്നത്.

  സ്പാനിഷ് ടീവി പരിപാടിയായ എൽ ചിരിങ്യുറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം 29കാരൻ താരത്തിനായി അത്ലറ്റിക്കോ മാഡ്രിഡ് ലോണിൽ വിട്ടുകിട്ടാനായി ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ്. താരത്തിന്റെ ശമ്പളമായ ഒരു ലക്ഷം പൗണ്ടിന്റെ 50 ശതമാനം അത്ലറ്റിക്കോ മാഡ്രിഡ്‌ നൽകാമെന്നുമുള്ള നിബന്ധനയും അത്ലറ്റിക്കോ മാഡ്രിഡ് മുന്നോട്ടു വെക്കുന്നുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനു പിന്നാലെ ഇന്റർമിലാനും താരത്തിനായി ശ്രമമരംഭിച്ചിട്ടുണ്ട്.

  അന്റോണിയോ കോണ്ടേയുടെ പ്രിയതാരമായ അലോൺസോയെ സ്‌ഥിര കരാറിൽ സ്വന്തമാക്കാനാണ് ഇന്റർ മിലാന്റെ ശ്രമം. എന്നാൽ ഇറ്റലിയിലേക്ക് താരത്തെ വിടുന്നതിൽ ലാംപാർഡ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പരിശീലനത്തിൽ താരത്തിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച ലാംപാർഡ് അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള ലോൺ ഡീലിനെ പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 9. വാതുവെപ്പ് നിയമലംഘനം, അത്ലറ്റിക്കോ മാഡ്രിഡ്‌ സൂപ്പർതാരത്തിന് പത്താഴ്ചത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്ക്

  Leave a Comment

  അത്ലറ്റിക്കോ മാഡ്രിഡ്‌ റൈറ്റ്ബാക്കായ  കീരൻ ട്രിപ്പിയറിനെ ഫുട്ബോളിൽ നിന്നും പത്താഴ്ചത്തേക്ക് വിലക്കിയിരിക്കുകയാണ് ഫുട്ബോൾ അസോസിയേഷൻ.  ഫുട്ബോൾ അസോസിയേഷന്റെ ബെറ്റിംഗ് നിയമങ്ങൾ ലംഘിച്ചതിനാണ് താരത്തെ ഫുട്ബോളിൽ നിന്നും വിലക്കിയിരിക്കുന്നത്. ഒപ്പം 70,000 പൗണ്ട് പിഴയും താരത്തിൽ നിന്നും ഈടാക്കാനും  ഫുട്ബോൾ അസോസിയേഷൻ വിധിച്ചിരിക്കുകയാണ്.

  ആരോപണ വിധേയനായ  ട്രിപ്പിയറിനെ കഴിഞ്ഞ മെയ് മാസത്തിലാണ് ഫുട്ബോൾ അസോസിയേഷൻ വിചാരണക്ക് വിധിക്കുന്നത്. അതു കൊണ്ടു തന്നെ ഒക്ടോബറിൽ നടന്ന ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള സ്‌ക്വാഡിൽ നിന്നും ഡെന്മാർക്കിനെതിരായ നേഷൻസ് ലീഗ് ഫിക്സ്ചറിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ടോട്ടനം ഹോട്ട്സ്പറിൽ നിന്നും 2019ൽ സ്പെയിനിലേക്ക് ചേക്കേറുന്ന സമയത്ത് നടന്ന വാതുവെപ്പിനെ ചുറ്റിപ്പറ്റിയാണ് കേസ് ഉയർന്നു വന്നിരിക്കുന്നത്.

  ഒരു സ്വാതന്ത്ര കമ്മീഷനെയാണ് വിചാരണക്കായി ചുമതലപ്പെടുത്തിയിരുന്നത്. വിചാരണക്കുശേഷം താരത്തിനു നേരെ ഉയർന്ന നാലു ആരോപണങ്ങൾ ശരിയാണെന്നു തെളിയുകയും മൂന്നു ആരോപണങ്ങൾ കമ്മീഷൻ തള്ളിക്കളയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ഫെബ്രുവരി 28 വരെ താരത്തെ ലോകമാകമാനം ഫുട്ബോൾ സംബന്ധിയായ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്.

  ഫുട്ബോൾ താരങ്ങൾക്ക് വാതുവെക്കാൻ പാടില്ലാത്തതും വളരെയധികം രഹസ്യമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമം E8 (1)(a)(ii), നിയമം E8 (1)(b) എന്നിവ ലംഘിച്ചതായാണ് ട്രിപ്പിയറിനെതിരെ ആരോപിച്ചിരിക്കുന്നത്. ഇതോടെ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ചെൽസിയുമായുള്ള ചാമ്പ്യൻസ്‌ലീഗിന്റെ റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരത്തിനു ട്രിപ്പിയറിനു പങ്കെടുക്കാൻ സാധിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡ് ടീമിലെ പ്രധാനതാരത്തെ നഷ്ടപ്പെട്ടത് സിമിയോണിക്ക് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്.

 10. അത്ലറ്റിക്കോ മാഡ്രിഡ്‌ സൂപ്പർതാരത്തിൽ കണ്ണുവെച്ച് യുണൈറ്റഡ്, ജനുവരിയിൽ താരത്തിനായി ശ്രമിച്ചേക്കും

  Leave a Comment

  അത്ലറ്റിക്കോ മാഡ്രിഡിൽ മികച്ച പ്രകടനം തുടരുന്ന സിമിയോണിയുടെ പ്രതിരോധത്തിലെ വിശ്വസ്തതാരമാണ് കീരൻ ട്രിപ്പിയർ. കഴിഞ്ഞ സമ്മറിൽ ടോട്ടനത്തിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ അത്ലറ്റിക്കോ സ്വന്തമാക്കിയ താരമാണ് ട്രിപ്പിയർ. എന്നാൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

  നിലവിലെ യുണൈറ്റഡ് റൈറ്റ്ബാക്ക് ആരോൺ ബിസാക്കക്ക്‌ കോമ്പറ്റിഷൻ നൽകാനായാണ് ട്രിപ്പിയറെ യുണൈറ്റഡ് ലക്ഷ്യമിട്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിനടുത്തുള്ള ബറി എന്ന സ്ഥലത്തു ജനിച്ച ട്രിപ്പിയറിനു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുണൈറ്റഡ് ആസ്ഥാനമായ മാധ്യമമായ യുണൈറ്റഡ് ഈവനിംഗ് ന്യൂസാണ് ഈ വാർത്താ റിപ്പോർട്ടു ചെയ്യുന്നത്.

  താരത്തിനു രണ്ടു വർഷത്തെ കരാർ അത്ലറ്റിക്കോ മാഡ്രിഡുമായി നിലവിലുണ്ട്. ഫ്രീ ട്രാൻഫറിലാണ് താരത്തെ സ്വന്തമാക്കിയതെങ്കിലും 20 മില്യൺ യൂറോ താരത്തിനായി ആവശ്യപ്പെട്ടേക്കും. അത്ലെറ്റികോക്കായി ഈ സീസണിൽ എല്ലാ മത്സരങ്ങളിലും കളിച്ച താരത്തിനു ഒരു മിനുട്ടു പോലും പുറത്തിരിക്കേണ്ടി വന്നിട്ടില്ല. സിമിയോണിയുമായി മികച്ച ബന്ധം പുലർത്തുന്ന താരം അടുത്തിടെ സിമിയോണി ഒരു അവിശ്വനീയ പരിശീലകനാണെന്നു അഭിപ്രായപ്പെട്ടിരുന്നു.

  യുണൈറ്റഡുമായി ട്രാൻഫർ അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ട്രിപ്പിയർ സിമിയോണിയുടെ ഈ സീസണിലെ പ്രധാനപ്പെട്ട താരമാണെന്നാണ് അറിയാനാവുന്നത്. മുണ്ടോ ഡിപ്പോർട്ടിവോയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തെ ഒരിക്കലും ട്രാൻഫർ ചെയ്യാൻ പാടില്ലാത്ത താരങ്ങളുടെ ലിസ്റ്റിൽ ട്രിപ്പിയറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. എന്തായാലും ട്രിപ്പിയറിന്റെ തീരുമാനമായിരിക്കും ഈ ട്രാൻഫറിന്റെ ഭാവിയിൽ നിശ്ചയിക്കുന്നത്.