Tag Archive: Aston Villa

  1. മാഞ്ചസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്ക് വീഴ്ത്തിയ എമറിപ്പട, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പ്

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ അപ്രതീക്ഷിതമായ കുതിപ്പാണ് ആസ്റ്റൺ വില്ല നടത്തുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് വളരെയധികം പരിചയസമ്പത്തുള്ള ഉനെ എമറി മാനേജരായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി പടിപടിയായി ഉയർന്നു വരുന്ന ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസം കീഴടക്കിയത് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ്.

    ആസ്റ്റൺ വില്ലയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഗോളിന് മാത്രമാണ് വിജയിച്ചതെങ്കിലും മത്സരത്തിൽ വില്ലയുടെ സമ്പൂർണാധിപത്യമാണ് നടന്നത്. ഇരുപത്തിരണ്ടു ഷോട്ടുകൾ ആസ്റ്റൺ വില്ല ഉതിർത്തപ്പോൾ ആക്രമണഫുട്ബോൾ കളിക്കുന്നതിൽ പേരുകേട്ട ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി രണ്ടേ രണ്ടു ഷോട്ടുകൾ മാത്രമേ അടിച്ചുള്ളൂ. ഇതിൽ നിന്ന് തന്നെ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് നടത്തിയ പ്രകടനം എത്ര മികച്ചതാണെന്ന് വ്യക്തമാണ്.

    മത്സരത്തിൽ നിരവധി ഗംഭീര അവസരങ്ങൾ ആസ്റ്റൺ വില്ലക്ക് ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. അതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സനും മത്സരത്തിൽ മികച്ച പ്രകടനം നടത്തി. എഴുപത്തിനാലാം മിനുട്ടിൽ ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടുന്നത്. ആദ്യപകുതിയിൽ ഹാലാൻഡ് രണ്ടു ഷോട്ടുകൾ ഉതിർത്തെങ്കിലും അതെല്ലാം എമിലിയാണോ മാർട്ടിനസ് രക്ഷപ്പെടുത്തി.

    മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ല ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. വില്ലക്ക് മുപ്പത്തിരണ്ട് പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുപ്പതു പോയിന്റാണുള്ളത്. ആഴ്‌സണൽ മുപ്പത്തിയാറു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ ലിവർപൂൾ മുപ്പത്തിനാല് പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. വില്ലയുടെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്.

  2. യൂറോപ്യൻ കിരീടമെന്ന മോഹം സഫലമാക്കാൻ എമിലിയാനോ മാർട്ടിനസ്, മൂന്നു ക്ലബുകൾ താരത്തിനായി രംഗത്ത്

    Leave a Comment

    വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ആഴ്‌സണലിലും ആസ്റ്റൺ വില്ലയിലും നടത്തിയ തകർപ്പൻ പ്രകടനത്തിനു ശേഷം അർജന്റീന ടീമിന്റെ പ്രധാന ഗോൾകീപ്പറായി മാറിയ താരം രണ്ടു വർഷത്തിനിടെ ടീമിന് മൂന്നു കിരീടങ്ങൾ നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചതിനെ തുടർന്നാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ വരുന്നത്.

    ഖത്തർ ലോകകപ്പിലെ അസാമാന്യ പ്രകടനവും ഇപ്പോൾ ആസ്റ്റൺ വില്ലയിൽ കാണിക്കുന്ന മികവും കാരണം എമിലിയാനോ മാർട്ടിനസ് ഒരു ലോകോത്തര ഗോൾകീപ്പർ എന്ന തലത്തിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ആസ്റ്റൺ വില്ലയിൽ തന്നെ തന്റെ കരിയർ തുടരാൻ താരത്തിന് താൽപര്യമില്ല. ദേശീയ ടീമിനായി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ഇനി ക്ലബ് തലത്തിലും ആ നേട്ടം ആവർത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

    ഈ സീസണിന് ശേഷം എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ല വിടുമെന്നാണ് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുപ്പതുകാരനായ താരത്തിനായി പ്രീമിയർ ലീഗിൽ നിന്ന് തന്നെ മൂന്നു ക്ലബുകൾ രംഗത്തുണ്ട്. ഡി ഗിയക്ക് പകരക്കാരനെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹ്യൂഗോ ലോറീസിന്റെ സ്ഥാനത്തേക്ക് മറ്റൊരു കീപ്പറെ തേടുന്ന ടോട്ടനം എന്നിവക്ക് പുറമെ ചെൽസിക്കും എമിലിയാനോയിൽ താൽപര്യമുണ്ട്.

    ചെൽസിയിൽ ഇപ്പോൾ തന്നെ രണ്ടു മികച്ച കീപ്പർമാർ ഉള്ളതിനാൽ അവസരങ്ങൾ കൂടുതൽ ലഭിക്കുന്ന ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെയാവും എമിലിയാനോ കൂടുതൽ പരിഗണിക്കുക. അതിൽ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് സാധ്യതയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് താരം കൂടുതൽ പരിഗണന കൊടുത്തേക്കും. ആഹ്മവിശ്വാസത്തിന്റെ പ്രതിരൂപമായ എമിലിയാനോയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഈ ക്ളബുകൾക്കും ഒരു മുതൽക്കൂട്ടായിരിക്കും.

  3. റയൽ മാഡ്രിഡിൽ തുടരുമെന്ന ഉറപ്പില്ലാതെ അസെൻസിയോ, പ്രീമിയർ ലീഗ് ക്ലബ് നീക്കങ്ങളാരംഭിച്ചു

    Leave a Comment

    ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന മാർകോ അസെൻസിയോക്ക് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് ഇതുവരെയും തയ്യാറായിട്ടില്ല. സീസൺ അവസാനിക്കാനിരിക്കെ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങുന്നതെങ്കിലും നിർണായക ഗോളുകൾ നേടാൻ അസെൻസിയോക്ക് കഴിയുന്നു.

    റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് സ്‌പാനിഷ്‌ താരത്തിന് ആഗ്രഹമെങ്കിലും അതിനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് അസെൻസിയോ തന്നെ പറയുന്നത്. ഈ സീസണിന്റെ രണ്ടാം പകുതിയിൽ ഗോളുകളും അസിസ്റ്റുകളുമായി ആൻസലോട്ടിയുടെ ടീമിലെ പ്രധാനിയായി തുടരുമ്പോഴും താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

    എന്താണ് എന്റെ കാര്യത്തിൽ സംഭവിക്കുകയെന്ന് എനിക്കറിയില്ല.ഞാനതിനെ കുറിച്ച് ചിന്തിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അടുത്ത നീക്കമെന്നതിനെക്കുറിച്ച് മറുപടി നൽകാനും എനിക്കിപ്പോൾ കഴിയില്ല.” ബീയിങ് സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ മുൻ മയോർക്ക താരം പറഞ്ഞു.

    “അഭ്യൂഹങ്ങൾ വളരെ സാധാരണമായി ഉണ്ടാകുന്നതാണ്. ജൂലൈ മുതൽ എനിക്ക് ഏതു ക്ലബുമായി കരാർ ഒപ്പിടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അഭ്യൂഹങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത. ഒരുപാട് അഭ്യൂഹങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്താണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല.

    അതേസമയം താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ശ്രമം തുടങ്ങിയെന്നു റിപ്പോർട്ടുകളുണ്ട്. സ്‌പാനിഷ്‌ പരിശീലകനായ ഉനെ എമറി പരിശീലകനായതിനു ശേഷം കുതിപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആസ്റ്റൺ വില്ല ടീമിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ ലഭിച്ചാൽ അസെൻസിയോ അവിടെ തന്നെ തുടരും.

  4. “ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദ”- എമിലിയാനോയെ നാണം കെടുത്തിയ ബ്രസീലിയൻ താരത്തിനെതിരെ വിമർശനം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയും ആഴ്‌സണലും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ രണ്ടു തവണ പിന്നിൽ നിന്നതിനു ശേഷം പൊരുതി വിജയം സ്വന്തമാക്കിയിരുന്നു. ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് ആഴ്‌സണലിന് വിജയവും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളിലും ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോക്ക് പങ്കുണ്ടായിരുന്നു. ഒരു സെൽഫ് ഗോൾ വഴങ്ങിയ താരം അതിനു പുറമെ അവസാന ഗോളിന് കാരണമായ പിഴവും വരുത്തി.

    അവസാന മിനിറ്റുകളിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ തിരിച്ചടിക്കാൻ എമിലിയാനോ മാർട്ടിനസും പോയിരുന്നു. എന്നാൽ താരത്തിന്റെ ലക്‌ഷ്യം നടന്നില്ല, ആഴ്‌സണൽ പ്രത്യാക്രമണം നടത്തി നാലാം ഗോൾ സ്വന്തമാക്കി വിജയം ഉറപ്പിച്ചു. എമിലിയാനോ മാർട്ടിനസ് നിസ്സഹായനായി നോക്കി നിൽക്കെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്‌സനലിനായി നാലാമത്തെ ഗോൾ നേടിയത്.

    ഗോൾ നേടുന്നതിനു മുൻപ് തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി ആഘോഷം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എമിലിയാനോ മാർട്ടിനസിന്റെ വിമർശകരെല്ലാം താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. എന്നാൽ മാർട്ടിനെല്ലിയുടെ പ്രവൃത്തി ഒട്ടും ഉചിതമായില്ലെന്നാണ് മുൻ ആസ്റ്റൺ വില്ല താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗാബി അബൊലഹോർ മത്സരത്തിന് ശേഷം പറഞ്ഞത്.

    മത്സരത്തിൽ തനിക്ക് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന നിമിഷം മാർട്ടിനെല്ലി ഗോൾ അടിക്കുന്നതിനു മുൻപേ തന്നെ അത് ആഘോഷിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ ടാപ്പിൻ ഗോൾ അടിക്കുന്നതിനു മുൻപ് ഇത്രയും ആഘോഷം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഒരു മാസത്തോളം ഇത് അസംബന്ധമാണ് താരത്തിന് തോന്നുമെന്നും ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദയാണിതെന്നും അദ്ദേഹം അറിയിച്ചു.

    അതേസമയം മത്സരം മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഗാബിക്കുള്ളത്. രണ്ടു ടീമുകളും നന്നായി പൊരുതിയെന്നും ആദ്യപകുതിയിൽ ഒന്നു പുറകോട്ടു പോയ ആഴ്‌സണൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ചതോടെ ആഴ്‌സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

  5. എമിലിയാനോ മാർട്ടിനസിന്റെ മണ്ടത്തരത്തിൽ ഗോൾ വഴങ്ങി, വിമർശനവുമായി ഉനെ എമറി

    Leave a Comment

    ആഴ്‌സണലും ആസ്റ്റൺ വില്ലയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം സംഭവബഹുലമായിരുന്നു. സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ല രണ്ടു തവണ ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ആഴ്‌സണൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ആസ്റ്റൺ വില്ലക്കായി വാറ്റ്കിൻസ്, കുട്ടീന്യോ എന്നിവർ ഗോൾ നേടിയപ്പോൾ ആഴ്‌സനലിനായി സാക്ക, സിൻചെങ്കോ, മാർട്ടിനെല്ലി എന്നിവർക്ക് പുറമെ എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോളും ഉണ്ടായിരുന്നു.

    അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹീറോയായ എമിലിയാനോ മാർട്ടിനസിനെതിരെ മത്സരത്തിന് ശേഷം ട്രോളുകൾ ഉയർന്നു വരുന്നുണ്ട്. ആസ്റ്റൺ വില്ലയും ആഴ്‌സണലും രണ്ടു ഗോളുകൾ നേടി സമനിലയിൽ നിൽക്കുന്ന സമയത്ത് ഇഞ്ചുറി ടൈമിലാണ് എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോൾ പിറക്കുന്നത്. അത് തടുക്കാൻ കഴിയാത്ത ഒരു ദൗർഭാഗ്യമായി കണക്കാക്കാമെങ്കിലും അതിനു ശേഷം താരം കാണിച്ച അബദ്ധം മറ്റൊരു ഗോളിനും കാരണമായി.

    തൊണ്ണൂറ്റിയാറാം മിനുട്ടിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ നേടാൻ എമിലിയാനോ മാർട്ടിനസും ആഴ്‌സണൽ ബോക്സിൽ എത്തിയിരുന്നു. എന്നാൽ കോർണറിനു പിന്നാലെ ആസ്റ്റൺ വില്ല ആരംഭിച്ച പ്രത്യാക്രമണത്തിൽ നിന്നും അവർ ഗോൾ നേടി. ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്. സ്വന്തം പോസ്റ്റിലേക്ക് ഓടിയെത്താൻ എമിലിയാനോ ശ്രമിച്ചെങ്കിലും താരം നിസ്സഹായനായി നോക്കി നിൽക്കെ ഗോൾകീപ്പറില്ലാത്ത പോസ്റ്റിലേക്ക് മാർട്ടിനെല്ലി പന്തെത്തിക്കുകയായിരുന്നു.

    മത്സരത്തിന് ശേഷം കോർണറിനായി ആഴ്‌സണൽ ബോക്‌സിലെത്തിയ എമിലിയാനോയെ ഉനെ എമറി വിമർശിക്കുകയുണ്ടായി. തന്റെ ഗോൾകീപ്പറോട് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗോളടിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം നൂറിൽ ഒരിക്കൽ മാത്രം അങ്ങിനെ ഗോൾ നേടാൻ ഗോൾകീപ്പർക്ക് കഴിയുമ്പോൾ ഇരുപതിൽ പത്ത് തവണയും അത് വഴിയുള്ള പ്രത്യാക്രമണത്തിൽ നിന്നും ഗോൾ വഴങ്ങുമെന്നും പറഞ്ഞു. 2-3നു തോൽക്കുന്നതിനേക്കാൾ മോശമാണ് 2-4നു തോൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങിയ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് വഴങ്ങിയിരിക്കുന്നത്. ആഴ്‌സണലിന് പുറമെ ലൈസ്റ്റർ സിറ്റിക്കെതിരെയും നാല് ഗോൾ വഴങ്ങിയ താരം മാഞ്ചസ്റ്റർ സിറ്റിയോട് മൂന്നു ഗോളും വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും ആസ്റ്റൺ വില്ല പരാജയപ്പെടുകയും ചെയ്‌തു.

  6. അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത സേവിനെ ഓർമിപ്പിച്ച് എമിലിയാനോ, നായകനായിറങ്ങി ആസ്റ്റൺ വില്ലയുടെ വിജയശിൽപ്പിയായി

    Leave a Comment

    ഒന്നര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ചത് ലയണൽ മെസി മാത്രമല്ല. ലയണൽ മെസിക്കൊപ്പം തന്നെ അർജന്റീന ടീമിലെ നിർണായകമായ പ്രകടനം നടത്തിയ താരമായിരുന്നു ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. കോപ്പ അമേരിക്ക ടൂർണമെന്റിലും ലോകകപ്പിലും അർജന്റീനയെ രക്ഷിക്കുന്ന പ്രകടനം പല മത്സരങ്ങളിലും നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.

    ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. ഫൈനലിൽ ഹാട്രിക്ക് നേടിയ കിലിയൻ എംബാപ്പെക്കു നേരെ നടത്തിയ അവഹേളനമാണ് മാർട്ടിനസിനെ വില്ലനാക്കി മാറ്റിയത്. അർജന്റീന ആരാധകരുടെ ഹീറോയായെങ്കിലും മറ്റുള്ളവരിൽ ഭൂരിഭാഗവും എമിലിയാനോക്കെതിരെ തിരിഞ്ഞു.

    എന്നാൽ വിമർശനങ്ങളിൽ പതറാതെ തന്റെ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എമിലിയാനോ മാർട്ടിനസിനെയാണ് ലോകകപ്പിന് ശേഷവും കാണുന്നത്. ആസ്റ്റൺ വില്ലയും സൗതാംപ്ടനും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വില്ലക്ക് വിജയം നേടിക്കൊടുത്തത് എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമായിരുന്നു. ഗോൾമുഖത്ത് മഹാമേരു പോലെ നിന്ന താരം ക്ലീൻ ഷീറ്റ് നേടിയാണ് കളം വിട്ടത്.

    മത്സരത്തിൽ അഞ്ചു സേവുകൾ നടത്തിയ താരം തടുത്ത നാല് ഷോട്ടുകളും ബോക്‌സിനുള്ളിൽ നിന്നുള്ളവയായിരുന്നു. ഇതിൽ രണ്ടെണ്ണം ഗോളെന്നുറപ്പിച്ച ഷോട്ടുകളായിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് താരത്തിന്റെ ഷോട്ട് കാൽ കൊണ്ട് തടഞ്ഞതിന് സമാനമായൊരു സേവും എമിലിയാണോ നടത്തി. എമിലിയാനോ നായകനായിറങ്ങിയ അഞ്ചിൽ നാലാമത്തെ മത്സരത്തിലാണ് ആസ്റ്റൺ വില്ല വിജയം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.

    ലോകകപ്പിന് ശേഷം എമിലിയാനോക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ താരത്തെ ക്ലബ് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ മൂല്യം എന്താണെന്ന് ഓരോ മത്സരത്തിലും അർജന്റീനിയൻ ഗോൾകീപ്പർ തെളിയിക്കുകയാണ്. അടുത്ത സമ്മറിൽ താരത്തിനായി ക്ലബുകൾ രംഗത്തു വരാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്.

  7. റൊണാൾഡോക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ അസംബന്ധം കാണിക്കുന്നു, വിമർശനവുമായി എറിക് ടെൻ ഹാഗ്

    Leave a Comment

    തുടർച്ചയായ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ നടന്ന കളിയിൽ തോൽവിയേറ്റു വാങ്ങിയിരുന്നു. ഉനെ എമറി പരിശീലകനായ ആസ്റ്റൺ വില്ലക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ആദ്യമായി റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനായ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. എന്നാൽ മികച്ച പ്രകടനം നടത്തി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയാതെ പോർച്ചുഗൽ നായകൻ ബുദ്ധിമുട്ടുന്ന കാഴ്‌ചയാണ്‌ ഇന്നലത്തെ മത്സരത്തിൽ കണ്ടത്.

    മത്സരത്തിൽ മോശം പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കുന്നതിലും പിന്നിലായിരുന്നു. ആദ്യപകുതിയിൽ ഒരു ക്രോസിൽ നിന്നും റൊണാൾഡൊയുതിർത്ത ഹെഡർ എമിലിയാനോ മാർട്ടിനസ് കാലു കൊണ്ടാണ് സേവ് ചെയ്‌തത്‌. റൊണാൾഡോയെ ലക്ഷ്യമാക്കി ക്രിസ്റ്റ്യൻ എറിക്‌സൺ നൽകിയ ആ ക്രോസ് പരിശീലകൻ എറിക് ടെൻ ഹാഗിന് സന്തോഷമുണ്ടാക്കിയെങ്കിലും റൊണാൾഡോ ബോക്‌സിലുണ്ടെന്ന കാരണത്താൽ കൂടുതൽ ക്രോസുകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത് മണ്ടത്തരമാണെന്നാണ് അദ്ദേഹം പറയുന്നത്.

    “അതു ചെയ്യുന്നത് മണ്ടത്തരമാണ്. ഞങ്ങൾ ഒരുപാട് അകലെ നിന്നും വളരെ പെട്ടന്ന് കുറച്ച് ക്രോസുകൾ നൽകുകയുണ്ടായി. അത് താരത്തെ സഹായിക്കുന്നില്ല. ക്രോസുകൾ നൽകേണ്ടത് ശരിയായ സമയത്താണ്. രണ്ടാം പകുതിയിലും അതു തന്നെയാണ് സംഭവിച്ചത്. ഞങ്ങൾ വളരെ പെട്ടന്നാണ് അത് ചെയ്‌തിരുന്നത്‌. ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ എറിക്‌സൺ റൊണാൾഡോക്ക് നൽകിയ ക്രോസ് ആയിരുന്നു ശരിയായ നിമിഷത്തിൽ പിറന്നത്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എറിക് ടെൻ ഹാഗ് പറഞ്ഞു.

    നായകനായി ഇറങ്ങിയ റൊണാൾഡോയുടെ മറ്റൊരു മോശം പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ കണ്ടത്. ആകെ ഒരു ഷോട്ട് മാത്രമേ താരത്തിന് തൊണ്ണൂറു മിനുട്ട് കളിച്ച് ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ. ആസ്റ്റൺ വില്ല താരങ്ങളെ നിരന്തരം ഫൗൾ ചെയ്ത താരത്തിന് ടൈറോൺ മിങ്‌സുമായുണ്ടായ കശപിശയുടെ പേരിൽ റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന റൊണാൾഡോയുടെ കാലം കഴിഞ്ഞുവോയെന്ന് പല ആരാധകരും സംശയിച്ചു തുടങ്ങിയിട്ടുണ്ട്.

  8. ഫുട്ബോൾ മത്സരത്തിനിടെ ഗുസ്‌തി പിടിച്ച് റൊണാൾഡോയും ആസ്റ്റൺ വില്ല താരവും, വീഡിയോ വൈറൽ

    Leave a Comment

    എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ആദ്യമായി റൊണാൾഡോ നായകനായി ഇറങ്ങിയ മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞില്ല. ആസ്റ്റൺ വില്ല പരിശീലകനായി ഉനെ എമറി എത്തിയതിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. നായകനായ റൊണാൾഡോയെ മത്സരത്തിൽ പൂർണമായും നിശ്ശബ്ദനാക്കാൻ ആസ്റ്റൺ വില്ല പ്രതിരോധത്തിന് കഴിയുകയും ചെയ്‌തു.

    ഇംഗ്ലണ്ട് പ്രതിരോധതാരമായ ടൈറോൺ മിങ്‌സാണ് ഇന്നലെ റൊണാൾഡോയെ പൂട്ടിയത്. താരത്തിന് യാതൊരു സ്വാതന്ത്ര്യവും നൽകാതെ തളച്ചിടാൻ മിങ്‌സിന് കഴിഞ്ഞിരുന്നു. ഇതിന്റെ നിരാശയും ദേഷ്യവും റൊണാൾഡോ ഇംഗ്ലണ്ട് പ്രതിരോധതാരത്തോട് പ്രകടിപ്പിക്കുകയും ചെയ്‌തു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഒരു നീക്കത്തിനിടെ ടൈറോൺ മിങ്‌സിനോട് ഗുസ്‌തി നടത്തുന്നതു പോലെ റൊണാൾഡോ പെരുമാറുകയുണ്ടായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    മത്സരം ഒരു മണിക്കൂറോളം പിന്നിട്ടതിനു ശേഷം യുണൈറ്റഡ് ആക്രമണം നടത്തുന്നതിടെ ബോക്‌സിലേക്ക് കുതിച്ച റൊണാൾഡോയെ തടുക്കാൻ മിങ്‌സ് ശ്രമിച്ചിരുന്നു. പന്ത് ക്രോസ് വരുമ്പോൾ കൃത്യമായ പൊസിഷനിംഗ് ലഭിക്കാൻ വേണ്ടി രണ്ടു പേരും തമ്മിൽ നടത്തിയ കായികപരമായ പോരാട്ടം പിന്നീട് വഴി മാറി പോവുകയാണുണ്ടായത്. മൈതാനത്തു കിടന്നു ഗുസ്‌തി പിടിക്കുന്നതു പോലെ പെരുമാറിയ രണ്ടു താരങ്ങളെയും സഹതാരങ്ങളെത്തിയാണ് വേർതിരിച്ചത്. സംഭവം ചുവപ്പുകാർഡ് അർഹിക്കുന്നുണ്ടോയെന്ന് വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധിച്ചെങ്കിലും മഞ്ഞക്കാർഡാണ്‌ രണ്ടു കളിക്കാർക്കും ലഭിച്ചത്.

    അവസാനത്തെ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ആദ്യത്തെ തോൽവിയായിരുന്നു ഇന്നലത്തേത്. നായകനായിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ കാഴ്‌ച വെച്ചത്. തൊണ്ണൂറു മിനുട്ടും കളിച്ച താരത്തിന് ആകെ ഒരു ഷോട്ട് മാത്രമേ ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ, അതിനു പുറമെ ഒരു മികച്ച അവസരം താരം നഷ്‌ടമാക്കുകയും ചെയ്‌തു. കറബാവോ കപ്പിലെ അടുത്ത മത്സരത്തിലും ആസ്റ്റൺ വില്ല തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

  9. ഫാബിഞ്ഞോക്ക് മത്സരശേഷം കൈമാറിയ ജേഴ്‌സി തിരിച്ചു വാങ്ങി ആസ്റ്റൺവില്ല യുവതാരം, രസകരമായ വീഡിയോ കാണാം

    Leave a Comment

    ലിവർപൂളിനെതിരായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ  ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആസ്റ്റൺവില്ലക്ക് തോൽവി രുചിക്കേണ്ടി വന്നിരിക്കുകയാണ്. പത്തോളം ഫസ്റ്റ് ടീം താരങ്ങൾക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ അണ്ടർ 23 ടീമിനെയാണ് ആസ്റ്റൺ വില്ല ലിവർപൂളിനെതിരെ അണിനിരത്തിയത്. മത്സരത്തിലെ ആസ്റ്റൺവില്ലയുടെ  ഏക ഗോൾ സ്വന്തമാക്കിയത് പതിനേഴുകാരനായ ലൂയി ബാരിയായിരുന്നു.

    ലിവർപൂളിനെതിരെ ഇറങ്ങിയ ആസ്റ്റൺവില്ല ടീമിന്റെ ശരാശരി പ്രായം വെറും പതിനെട്ടു മാത്രമായിരുന്നു. ഫസ്റ്റ് ടീം മാനേജർ ഡീൻ സ്മിത്തും കോച്ചിംഗ് സ്റ്റാഫുകളും ഐസൊലേഷനിൽ പോവേണ്ടി വന്നതോടെ അണ്ടർ 23 പരിശീലകൻ  മാർക്ക്‌ ഡെലാനിയാണ്‌ ടീമിനെ നിയന്ത്രിച്ചത്.  മത്സരത്തിൽ പരിചയസമ്പന്നരായ ലിവർപൂളിനോട് തോൽവി രുചിക്കേണ്ടി വന്നെങ്കിലും മത്സരശേഷം നടന്ന രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

    ആസ്റ്റൺ വില്ലക്ക് വേണ്ടി അരങ്ങേറിയ മത്സരത്തിൽ തന്നെ ഗോൾ നേടിയ ലൂയി ബാരിയെ ചുറ്റിപറ്റിയാണ് സംഭവം നടക്കുന്നത്. മത്സരശേഷം ലിവർപൂൾ മധ്യനിരതാരം ഫാബിഞ്ഞോയുടെ ജേഴ്സിക്കായി താരം തന്റെ ജേഴ്‌സി കൈമാറ്റം ചെയ്യുകയുണ്ടായി. അതിനു ശേഷം ടണലിലേക്ക് നടക്കുകയായിരുന്ന ലൂയി ബാരിയോട് ജേഴ്‌സി തിരിച്ചു വാങ്ങിക്കാൻ ആസ്റ്റൺ വില്ല കോച്ചിംഗ് സ്റ്റാഫിലെ ഒരാൾ ബാരിയെ ഓർമിപ്പിക്കുകയായിരുന്നു.

    ആസ്റ്റൺ വില്ലയിലെ അരങ്ങേറ്റമത്സരത്തിൽ കളിച്ച ജേഴ്സി എന്തിനാണ് കൈമാറിയതെന്നാണ് ഒഫീഷ്യൽ ചോദിച്ചത്. അമളി മനസിലാക്കിയ താരം ടണലിലേക്ക് ഓടിച്ചെന്നു ജേഴ്‌സി തിരിച്ചു ആവശ്യപ്പെടുകയായിരുന്നു. ഫാബിഞ്ഞോ ഒരു മടിയും കൂടാതെ തിരിച്ചു കൊടുക്കുകയും ചെയ്തു. ഈ രസകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.

  10. ദയനീയ തോൽവിയിലും ആ ഒരു കാര്യത്തിൽ ആശ്വാസം കണ്ടെത്തി യർഗൻ ക്ലോപ്പ് 

    Leave a Comment

    പ്രീമിയർ ലീഗിൽ ആസ്റ്റൺ വിളക്കെതിരെ നാണംകെട്ട തോൽവിയാണു ലിവർപൂളിന് ഏറ്റു വാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ എഴുഗോളുകൾക്കാണ് ഡീൻ സ്മിത്തിന്റെ സംഘം ലിവർപൂളിനെ തറപറ്റിച്ചത്.  എന്നാൽ മത്സരശേഷം നാണംകെട്ട തോൽവിക്കിടയിലും ആശ്വാസകരമായ കാര്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യർഗൻ ക്ലോപ്പ്.

    മത്സരത്തിൽ ലിവർപൂൾ തരങ്ങൾക്കൊരാൾക്കും പരിക്കു പറ്റിയിട്ടില്ലെന്നതാണ് ക്ളോപ്പിനു ആശ്വാസമായി തോന്നിയ ഏക കാര്യം.  ലിവർപൂളിന്റെ മികച്ച താരമായ അലിസൺ ബെക്കർ പരിക്കുമൂലം മൂന്നാഴ്ച പുറത്തിരുന്നത് മത്സരത്തെ ബാധിച്ചിരുന്നു. എന്നാൽ പകരക്കാരനായി ലിവർപൂളിന് ഗോൾവല കാത്ത അഡ്രിയാനും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതെ പോവുകയും ചെയ്തു. കൂടുതൽ താരങ്ങൾക്കു പരിക്കേൽക്കാത്തതിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് ക്ളോപ്പ്‌.

    “മത്സരത്തിൽ ആർക്കും പരിക്കില്ലെന്നതാണ് വാസ്തവത്തിൽ ഏക നല്ല വാർത്തയായുള്ളത്.” താരങ്ങളുടെ പരിക്ക് മത്സരത്തെ ബാധിച്ചുവോയെന്നു  ചോദിച്ചപ്പോൾ: “അതെല്ലാം ആരാധകരും ജേർണലിസ്റ്റുകളും കണ്ടെത്തുന്ന ന്യായങ്ങളല്ലേ. അവരില്ല ഇവരില്ല എന്നതൊക്കെ. ഒന്നിനും ഒന്നിനും ഒരു ഒഴിവുകഴിവുകളും പറയാനില്ല.

    “ഏതു ടീമിനെയാണ്  അണിനിരത്തിയതെങ്കിലും ഒരിക്കലും 7-2നു തോൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സത്യം പറഞ്ഞാൽ 100 ശതമാനവും ഇത് പ്രതീക്ഷിച്ചില്ല. ഇതൊരിക്കലും അനിവാര്യമായിരുന്നില്ല. ഞാൻ  ആദ്യമേ പറഞ്ഞതുപോലെ സത്യത്തിൽ ആസ്റ്റൺ വില്ല വളരെ നന്നായി തന്നെ കളിച്ചു. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. ആദ്യ പകുതിയിൽ തന്നെ 4-1 പിറകിലായിരുന്നു. അതിനു ശേഷവും ആക്രമിക്കുന്നതിനു പകരം പ്രതിരോധത്തിലേക്ക് പോവേണ്ടി വന്നു. ഞങ്ങൾ ഒരിക്കലും ഇങ്ങനെയല്ല.”ക്ളോപ്പ്‌ മത്സരത്തെക്കുറിച്ച് പറഞ്ഞു.