Tag Archive: Alvaro Gonsalez

 1. ഡി മരിയ ഗോൺസാലസിനെ തുപ്പിയെന്നു മാഴ്സെ പരിശീലകൻ, വിവാദം ചൂടുപിടിക്കുന്നു

  Leave a Comment

  ഫ്രഞ്ച് ലീഗിലെ പിഎസ്ജി-മാഴ്സെ പോരാട്ടത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. കൂട്ടത്തല്ലും വംശീയഅധിക്ഷേപങ്ങൾക്കും പുറമെ മുഖത്ത് തുപ്പിയെന്ന ആരോപണമാണ് ഇപ്പോൾ പുതിയതായി ഉയർന്നു വന്നിരിക്കുന്നത്. നേരത്തെ വംശീയഅധിക്ഷേപത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അൽവാരോ ഗോൺസാലസാണ് ഇപ്പോൾ ഇരയായിരിക്കുന്നത്. പിഎസ്‌ജിയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മേരിയായാണ്‌ ആരോപണവിധേയനായ വ്യക്തി.

  മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുട്ടിലാണ് വിവാദപരമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഡിമരിയ മനഃപൂർവം അൽവാരോ ഗോൺസാലസിന്റെ മുഖത്ത് തുപ്പുകയായിരുന്നു എന്നാണ് മാഴ്സെ പരിശീലകന്റെ ആരോപണം. ഇത് ടിവി ക്യാമറകളിൽ പതിഞ്ഞിട്ടുമുണ്ട്. ഗോൺസാലസ് തന്നെ ഇതിനെതിരെ റഫറിയോട് അപ്പീൽ ചെയ്യുന്നുമുണ്ട്. എന്നാൽ റഫറി ഇക്കാര്യം അവഗണിക്കുകയായിരുന്നു.മത്സരശേഷം മാഴ്സെ പരിശീലകൻ ആൻഡ്രേ വില്ലാസ് ബോസ് ഈ സംഭവത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

  ” നെയ്മറുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്നെനിക്കറിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഫുട്‍ബോളിൽ വംശീയതക്ക് ഒരു സ്ഥാനവുമില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്‌ ഗുരുതരമായ തെറ്റാണു. പക്ഷെ അതുണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിൽ ഞങ്ങൾക്കും ഇത്പോലെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഡിമരിയ ഞങ്ങളുടെ താരത്തിന്റെ മുഖത്ത് തുപ്പുകയായിരുന്നു. ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ നിന്ന് തന്നെ ഒഴിവാക്കേണ്ടതാണ്. ഈ സംഭവങ്ങൾ മികച്ചൊരു മത്സരത്തിലെ കറുത്ത പാടുകളാണ് ” ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിൽ വില്ലാസ് ബോസ് ചൂണ്ടിക്കാണിച്ചു.

  ഇവിടെ ഇരയായ അൽവാരോ നെയ്മർക്ക് കനത്ത മറുപടി നൽകിയിരുന്നു. കളി തോറ്റാൽ അംഗീകരിക്കാൻ പഠിക്കണം എന്നാണ് ഗോൺസാലസ് ആരോപണത്തിന് മറുപടിയായി നെയ്മറിന് നൽകിയത്. എന്നാൽ നെയ്മർ ഇതിനും മറുപടി നൽകിയിരിക്കുകയാണ്. തന്റെ തെറ്റ് താൻ ഒരിക്കലും ഏറ്റു പറയാൻ പോവുന്നില്ലെന്നും താൻ ഞങ്ങളുടെ ജീവിതത്തിലേക്ക് റേസിസം കൊണ്ടുവന്നുവെന്നും താനൊരിക്കലും ബഹുമാനം അർഹിക്കുന്നില്ലെന്നുമാണ് നെയ്മർ സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചത്.

 2. മത്സരം തോറ്റതിന്റെ നിരാശയോ? നെയ്മറിന്റെ വംശീയാധിക്ഷേപാരോപണത്തിനെതിരെ തുറന്നടിച്ചു അൽവാരോ ഗോൺസാലസ്

  Leave a Comment

  കോവിഡ് മുക്തനായശേഷം നെയ്മർ ജൂനിയർ കളിച്ച ഫ്രഞ്ച് ലീഗിലെ രണ്ടാം മത്സരവും പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ചിരവൈരികളായ മാഴ്സെയോടാണ് ഒരു ഗോളിന് തോൽവി രുചിച്ചത്. എന്നാൽ തോൽവിയേക്കാൾ മുന്നിട്ടു നിന്നത് മറ്റൊരു വിവാദപരമായ സംഭവമായിരുന്നു. മത്സരം അവസാനത്തോടടുക്കെ പിഎസ്‌ജി മാഴ്സെ താരങ്ങൾ തമ്മിലടിക്കുകയായിരുന്നു.

  അഞ്ചു റെഡ് കാർഡുകളും 14 മഞ്ഞക്കാർഡുകളും കാണിച്ചാണ് റഫറിക്ക് കളം വിടേണ്ടി വന്നത്. ഈ സംഭവത്തോടൊപ്പം നെയ്മർ വംശീയാധിക്ഷേപാരോപണവുമായി രംഗത്തെത്തിയതാണ് വൻ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. മാഴ്സെ താരം അൽവാരോ തന്നെ കുരങ്ങനെന്നു വിളിചച്ചെന്നാണ് നെയ്മറിന്റെ ആരോപണം. കൂടാതെ അങ്ങനെ വിളിച്ചതിനു ഒരിടി കൂടി കൂടുതൽ കൊടുക്കാൻ സാധിക്കാത്തതിലാണ് തനിക്കു വിഷമമെന്നും നെയ്മർ ട്വിറ്ററിൽ കുറിച്ചു.

  എന്നാൽ ഇതിനെതിരെ തുറന്നടിച്ചു അൽവാരോ ഗോൺസാലസിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ കുറിക്കുകയായിരുന്നു. ” വംശീയതക്ക് ഇവിടെ ഒരു സ്ഥാനവുമില്ല, ദിവസവും ഞാനെന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും  വംശീയതക്കിടം നൽകാതെയാണ് പെരുമാറുന്നത്. ചില സമയങ്ങളിൽ തോൽവിയെ അംഗീകരിക്കാൻ പഠിക്കണം.”

  “കൂടാതെ അത് കളത്തിൽ തന്നെ വിട്ടു പോരുന്നതിനും ശ്രമിക്കണം. ഇന്നത്തേത് അവിശ്വനീയമായ മൂന്നു പോയിന്റുകളാണ്. മാഴ്സെ മുന്നോട്ട്, കുടുംബത്തിനു നന്ദി”
  ട്വിറ്ററിൽ തന്റെ ട്വീറ്റിൽ മാഴ്സെ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഗോൺസാലസ് ചേർത്തിരിക്കുന്നത്. താനൊരിക്കലും വംശീയമായി പെരുമാറില്ലെന്നു തന്നെയാണ് ഗോൺസാലസ് ഇതിലൂടെ വിശദീകരിക്കുന്നത്.എന്തായാലും ഫ്രഞ്ച് ലീഗ് അധികൃതർ ഈ വിഷയത്തിൽ അന്വേഷണം  പ്രഖ്യാപിച്ചിരിക്കുകയാണ്.