ടി20 ലോകകപ്പ്: പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

Image 3
CricketTeam India

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പിന് യു.എ.ഇ വേദിയാകുമെന്ന് ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. മല്‍സരവേദികളും തിയതിയും ഐ.സി.സി പിന്നീട് തീരുമാനിക്കും. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ വിവരമനുസരിച്ച് ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ടി20 ലോക കപ്പ് മത്സരങ്ങള്‍ നടക്കുക.

യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ടി20യിലെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒമാനിലും യു.എ.ഇലുമായി നടക്കും. ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്‌കോട്‌ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ 8 ടീമുകളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുക.

ഈ ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ 4 ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ 8 സ്ഥാനക്കാരും ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്ന നടക്കുന്ന സൂപ്പര്‍ 12 റൗണ്ടില്‍ പങ്കെടുക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണു യു.എ.ഇയിലെ വേദികള്‍.

ലോക കപ്പ് യു.എ.ഇലാണെങ്കിലും ഇന്ത്യക്ക് തന്നെയാണ് ആതിഥേയ പദവി. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.