ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തരുത്, ആവശ്യവുമായി ഓസീസ് നായകന്‍

കോവിഡ് മഹാമാരി നിയന്ത്രണാധീതമായി തുടരവെ ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങളും ശക്തം. ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍.

പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വേദി മാറ്റുക എന്നത് സാമാന്യബുദ്ധി ആണെന്ന് ചാപ്പല്‍ കൂട്ടിചേര്‍ത്തു. ഇന്‍സൈഡ് സ്‌പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

”ഇന്ത്യയില്‍ തന്നെ ലോകകപ്പ് നടത്തിയാല്‍ അത് നടത്തുക ബുദ്ധിമുട്ടാവുമെന്ന് സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാം. ഇന്ത്യയില്‍ ടി-20 ലോകകപ്പ് നടത്താതിരിക്കലാണ് യുക്തി.”- ചാപ്പല്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനിതാ ഐപിഎല്‍ റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കൊല്ലം ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് സമാന്തരമായാണ് വനിതാ ടി-20 ചലഞ്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒരു മുതിര്‍ന്ന താരത്തെ ഉദ്ധരിച്ച് ക്രിക്കറ്റ്‌ഡോട്ട്‌കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ഐപിഎല്‍ ബയോ ബബിള്‍ സുരക്ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായി ഐപിഎല്ലില്‍ നിന്നും പിന്മാറിയ ഓസ്‌ട്രേലിയയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്പിന്നര്‍ ആദം സാംപ രംഗത്ത് വന്നിരുന്നു. താന്‍ ഭാഗമായതില്‍ വച്ച് ഏറ്റവും മോശം ബയോ ബബിളാണ് ഐപിഎലിലേത് എന്നാണ് സാംപ ആരോപിച്ചിത്.

കഴിഞ്ഞ തവണ യുഎഇയില്‍ വച്ച് നടന്ന ഐപിഎലിന്റെ ബബിളുകള്‍ വളരെ മികച്ചതായിരുന്നു എന്നും അവിടെത്തന്നെ ഇക്കൊല്ലവും ടൂര്‍ണമെന്റ് നടന്നിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നും സാംപ പറഞ്ഞു. ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് സാംപയുടെ വിശദീകരണം. ലോകകപ്പ് ഇന്ത്യയില്‍ നടത്താനുളള തീരുമാനത്തിനെതിരേയും സാംപ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

You Might Also Like