ഏറ്റവും അപകടകാരിയായ ടീം, കപ്പുയര്‍ത്താന്‍ സാധ്യത അവര്‍ക്കെന്ന് ഇന്‍സമാം
ടി20 ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യന്‍ ടീമിനാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാമുല്‍ ഹഖ്. നിലവില്‍ ഏറ്റവും അപകരടകാരിയായ ടീമാണ് ഇന്ത്യയെന്നും പരിചയ സമ്പത്തും അവര്‍ക്കാണെന്നും ഇന്‍സമാം നിരീക്ഷിക്കുന്നു.
”ഏതൊരു ടൂര്‍ണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണെന്ന് പറയാന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍ ഇത്തവണ ഇന്ത്യ കപ്പുയര്‍ത്താനാണ് സാധ്യത. കാരണം അവര്‍ക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. അതൊടൊപ്പം യുഎഇയിലെ സാഹചര്യവും അവര്‍ക്ക് അനുകൂലമാണ്.
ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരം മാത്രമെടുക്കൂ. എത്ര അനായാസമായിട്ടാണ് അവര്‍ ജയിച്ചത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യ അപകടകാരികളാണ്. ഓസീസിനെതിരെ ഇന്ത്യ 155 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയില്ലെന്ന് പോലും ഓര്‍ക്കണം. അതില്‍ നിന്ന് മനസിലാക്കാം എത്രത്തോളം ആഴമുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെന്ന്.” ഇന്‍സി തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
24ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചും ഇന്‍സി വാചാലനായി. ”ഫൈനലിന് മുമ്പുള്ള ഫൈനലാണിത്. ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മത്സരമില്ല. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ തുടക്കത്തിലും അവസാനത്തിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നു. രണ്ട് മത്സരങ്ങള്‍ക്കും ഫൈനല്‍ മത്സരത്തിന്റെ പ്രതീതിയായിരുന്നു. ഇത്തവണയ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയിക്കുന്ന ടീമിന് 50 ശതമാനം സമ്മര്‍ദ്ദം കുറയും. ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.” ഇന്‍സി കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് മത്സരങ്ങില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.