പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ ട്വിറ്ററില്‍ പരസ്പരം വാക്‌പോര് നടത്തി ഹര്‍ഭജിന്‍ സിംഗും മുഹമ്മദ് ആമിറും വാര്‍ത്ത കേന്ദ്രമായിരിക്കുന്നു. ഇപ്പോഴിതാ ആമിറിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ടെവിവിഷന്‍ ചര്‍ച്ചയിലാണ് ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥനയുമായി ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആമിറിനെ പോലെയുള്ളവരെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുറക്കണമെന്നാണ് ഹര്‍ഭജന്‍ പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

‘മുതിര്‍ന്ന ആള്‍ക്കാരോട് എങ്ങനെ സംസാരിക്കണമെന്ന് ആമിര്‍ പഠിക്കേണ്ടതുണ്ട്. ഇപ്പോഴും വസീം അക്രമിനെ പോലെയുള്ള ക്രിക്കറ്റ് താരങ്ങളോടെ വളരെ ബഹുമാനത്തോടെയാണ് ഇന്ത്യക്കാര്‍ സംസാരിക്കുന്നത്. എന്നാല്‍ ആമിറിനെ പോലെയുള്ള ആളുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല. ഇതുപോലെ പക്വതയില്ലാതെ പെരുമാറുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കണമെന്ന് ഞാന്‍ പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്’ ഹര്‍ഭജന്‍ പറഞ്ഞു.

‘ഞാനും ഷുഹൈബ് അക്തറും തമ്മിലുള്ള സംസാരം പോലെയല്ല ഇത്. ഞങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. ഒരുമിച്ച് ധാരാളം കളിച്ചിട്ടുണ്ട്. പക്ഷേ, ആമിര്‍ ആരാണ്? ലോര്‍ഡ്‌സില്‍ ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ടതല്ലേ അവന്‍. എങ്ങനെയാണ് വിശ്വസിക്കുക. വളരെ കുറച്ച് മത്സരവും കളിച്ചിട്ട് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തു. സ്വന്തം രാജ്യത്തെ വിറ്റ് ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് ആമിറിനെ പോലെയുള്ളവര്‍ക്ക് അറിയില്ല.” ഹര്‍ഭജന്‍ പറഞ്ഞു.

പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ ആമിര്‍ പ്രകോപനപരമായ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു വിവാദത്തിന് തുടക്കം. തോല്‍വിക്ക് പിന്നാലെ ഹര്‍ഭജന്‍ വീട്ടിലെ തോല്‍വി തല്ലിപ്പൊട്ടിച്ചോ എന്നായിരുന്നു ആമിറിന്റെ ചോദ്യം.

ഇതിന് മറുപടിയായി മുമ്പ് നടന്ന ഒരു മത്സരത്തില്‍ ആമിറിന്റെ പന്തില്‍ താന്‍ സിക്‌സര്‍ അടിക്കുന്ന ഒരു വീഡിയോ ഭാജി പങ്കുവച്ചു. ഈ പന്ത് താങ്കളുടെ വീട്ടിലെ ടിവിയിലാണോ പതിച്ചതെന്നും വീഡിയോയ്ക്കൊപ്പം ഹര്‍ഭജന്‍ ചോദിക്കുന്നു. ഇതിനും ആമിറിന്റെ മറുപടിയെത്തി. പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ഹര്‍ഭജനെതിരെ ഷഹീദ് അഫ്രീദി മൂന്ന് സിക്സുകള്‍ നേടുന്ന വീഡിയോ ആയിരുന്നത്.

ഇതിന് മറുപടിയായി ഹര്‍ഭജന്‍ 2010ല്‍ ഇംഗ്ലണ്ട്- പാക് ലോര്‍ഡ്സ് ടെസ്റ്റിലെ വിവാദ നോബോളിന്റെ ചിത്രം നല്‍കി. ക്രിക്കറ്റിനെ അപമാനിച്ചതിന് നിങ്ങളേയും നിങ്ങളെ പിന്തുണയ്ക്കുന്നവരേയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഹര്‍ഭജന്‍ മറുപടി നല്‍കി. ഹര്‍ഭജന് മറുപടി നല്‍കുന്നതിന് പകരം ഒരു മോശം വാക്കാണ് ആമിര്‍ ഉപയോഗിച്ചത്. ഒടുവില്‍ ആമിറിനെ സിക്സടിക്കുന്ന വീഡിയോ ഒരിക്കല്‍കൂടി പങ്കുവച്ച് ഹര്‍ഭജന്‍ ട്വിറ്റര്‍ ചര്‍ച്ച അവസാനിപ്പിച്ചു.

You Might Also Like