ഹാര്‍ദ്ദിക്കിനെ ടീമിലെടുത്തതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം, വിവാദം കത്തുന്നു
ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുഴുവന്‍ നടക്കുന്നത്. പാതി ഫിറ്റ് മാത്രമായ ഹാര്‍ദ്ദിക്ക് ഇതോടെ ന്യൂസിലന്‍ഡിനെതിരെ കളിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടീമില്‍ നിന്ന് പുറത്താകാതിരിക്കാന്‍ അറ്റകൈയ്ക്ക് പന്തെറിയാന്‍ വരെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ തയ്യാറിയ കഴിഞ്ഞു. എന്നാല്‍ പൂര്‍ണ കായികക്ഷമത ഇല്ലാത്ത ഹാര്‍ദ്ദിക്കിനെ വരും മത്സരങ്ങളില്‍ പുറത്തിരുത്താന്‍ തന്നെയാണ് സാധ്യത.
ഇതിനിടെ ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ താരവും സെലക്റ്ററുമായി സന്ദീപ് പാട്ടീല്‍. പൂര്‍ണ കായികക്ഷമതയില്ലാത്ത താരത്തെ ഉള്‍പ്പെടുത്തിയതില്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല എന്നുള്ളതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമായിരുന്നു. പ്ലയിംഗ് ഇലവനില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് കോച്ചിന്റേയും ക്യാപ്റ്റന്റേയും തീരുമാനമാണ്. കായികക്ഷമതയില്ലാത്ത താരത്തെ ടീമിലെടുക്കുമ്പോള്‍ അവിടെ ചോദ്യം വരിക സെലക്ടര്‍മാരുടെ നേരെയാണ്’ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
‘ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടണമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണം. പരിശീലകന്‍ രവി ശാസ്ത്രി ഒന്നും ഇതിനെ കുറിച്ച് പറയുന്നില്ല. എങ്ങനെയാണ് ഹര്‍ദിക് ഫിറ്റാണ് എന്ന് പറയാനാവുക? ഇത് സാധാരണ ഒരു പരമ്പരയല്ല. ലോകകപ്പാണെന്നും ഓര്‍ക്കണം’ പാട്ടീല്‍ പറഞ്ഞുനിര്‍ത്തി.
ബുധനാഴ്ചത്തെ പരിശീലന സെഷനില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ദിക് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെയാണ് പരിശീലനം പുനരാരംഭിച്ചത്. ടീം ഫിസിയോ നിതിന്‍ പട്ടേല്‍, അസിസ്റ്റന്റ് ട്രെയ്‌നര്‍ സോഹം ദേശായ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശാരീരികക്ഷമതാ പരിശോധന 20 മിനിട്ട് നീണ്ടുനിന്നു. ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ബൗളിംഗ് പരിശീലനം. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ടീം ഉപദേഷ്ടാവ് എം എസ് ധോണി എന്നിവര്‍ ഹര്‍ദിക്കിന്റെ ബൗളിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചു.