ടി20 ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെ കൊന്ന് തിന്നും, ഗെയിലും ബ്രാവോയുമെല്ലാം രാജ്യങ്ങളെ പോലും വെല്ലുവിളിയ്ക്കുന്നു ആഞ്ഞടിച്ച് ഡുപ്ലെസിസ്

വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുടെ കീഴില്‍ നടക്കുന്ന ട്വന്റി-20 ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് വന്‍ ഭീഷണിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസ്. ലീഗുകളും, അന്താരാഷ്ട്ര മത്സരങ്ങളും തമ്മില്‍ സന്തുലിനമായി നടന്ന് പോകാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.

”ഓരോ വര്‍ഷം കഴിയുമ്പോള്‍ ലീഗുകള്‍ കൂടുതല്‍ വളരുകയും ശക്തമാകുകയുമാണ്. തുടക്കത്തില്‍ ഒന്നോ രണ്ടോ ലീഗുകള്‍ മാത്രമായിരുന്നു ലോകത്ത് തന്നെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ ഏഴ് വരെ ലീഗുകള്‍ ഉണ്ട്,” ഡൂപ്ലെസിസ് പറഞ്ഞു.

”ഭാവിയില്‍ ലീഗുകളുടെ സാന്നിധ്യം എത്തരത്തിലാകുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ലീഗുകളും അന്താരാഷ്ട്ര മത്സരങ്ങളും എങ്ങനെ ഒന്നിച്ചു പോകും. രണ്ടും തമ്മില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വലിയ ഭീഷണിയാകാനിടയുണ്ട്,” ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.

”അധികാരികള്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫുട്‌ബോളിന്റെ സമാനമായ അവസ്ഥയിലേക്കെത്തുമെന്നും ഡുപ്ലെസി ചൂണ്ടിക്കാണിച്ചു. ഇത് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ പത്ത് വര്‍ഷം കൊണ്ട് ലീഗുകള്‍ മാത്രമായി ചുരുങ്ങിയേക്കാം. ഫുട്‌ബോളുപോലെ പ്രധാന ടൂര്‍ണമെന്റുകള്‍ മാത്രം ലീഗുകള്‍ക്കിടയില്‍ ഉണ്ടാകുന്ന സാഹചര്യം,” ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.

ചില താരങ്ങള്‍ സ്വതന്ത്രരായി കളിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇത് ദേശിയ ടീമുകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ക്രിസ് ഗെയില്‍, ഡ്വയിന്‍ ബ്രാവോ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഡൂപ്ലസി അഭിപ്രായപ്പെട്ടു.

You Might Also Like