ടി20യില്‍ ഒരു ഇരട്ട സെഞ്ച്വറി പിറന്നാല്‍ സംശയിക്കണ്ട അതവന്റെ പേരിലായിരിക്കും, ആ പ്രതീക്ഷ അയാളോളം തരുന്ന മറ്റുള്ളവര്‍ ഇല്ല

Image 3
CricketIPL

ധനേഷ് ദാമോദരന്‍

ചെറുപ്പകാലത്ത് കൂട്ടുകാര്‍ക്കൊപ്പം അമ്പലങ്ങളിലെ ഉത്സവ കാഴ്ചകള്‍ക്ക് പോകുന്നത് പതിവാണ്. ഉത്സവപ്പറമ്പിലെ ഏറ്റവും വലിയ ആകര്‍ഷണം വെടിക്കെട്ട് തന്നെയാണ് .അതില്‍ തന്നെ അവസാന കാഴ്ചയായ വെടിക്കെട്ടാണ് ഏറ്റവും ആവേശം തരിക. തീകൊളുത്തി മെല്ലെ പൊട്ടി മൂര്‍ധന്യാവസ്ഥയിലേക്ക് പോകുന്ന വെടിക്കെട്ടുകള്‍ക്കിടയില്‍ കണ്ണിനും മനസ്സിനും ദൃശ്യം നല്‍കി ആകാശത്ത് പൊങ്ങി വര്‍ണ്ണക്കാഴ്ചകള്‍ തീര്‍ക്കുന്ന സുന്ദരമായ അമിട്ടുകളും കാണാം . ഉച്ചസ്ഥായിയില്‍ എത്തുന്ന വെടിക്കെട്ടിന് ഓരോ നിമിഷവും ശക്തി കൂടിക്കൂടി വന്ന് ഒടുവില്‍ ചെവിപൊത്തി കൂട്ടുകാര്‍ക്കൊപ്പം ഓടുമ്പോള്‍ ആദ്യം നിന്ന് സ്ഥലത്തുനിന്നും മീറ്ററുകള്‍ മാറിയാകും അവസാനം നില്‍ക്കുന്നുണ്ടാവുക.

സെഞ്ചുറിയില്‍ എത്തി നില്‍ക്കുന്ന രോഹിത് ഗുരുനാഥ് ശര്‍മയുടെ ബാറ്റിംഗ് തരുന്ന കാഴ്ച പലപ്പോഴും ഉത്സവപ്പറമ്പിലെ കരിമരുന്നു പ്രയോഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു . പതിയെ മരുന്നിന് തിരികൊളുത്തുന്നു. പിന്നീട് ശക്തി കൂടിക്കൂടി വരുന്നു. അതിനിടയില്‍ ആകാശത്ത് പൊങ്ങി വര്‍ണ്ണക്കാഴ്ചകള്‍ തീര്‍ക്കുന്ന അമിട്ടുകള്‍ പോലെ ഉയര്‍ന്നുപൊങ്ങുന്ന അനായാസ സിക്‌സറുകള്‍. ഒടുവില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോഴും ഫീല്‍ഡര്‍മാരും ബൗളര്‍മാരും ചെവിപൊത്തി ഓടുന്ന കാഴ്ചകളും സാധാരണം .പക്ഷേ അത് കാണികള്‍ക്ക് സമ്മാനിക്കുന്നത് ഉത്സവപ്പറമ്പിലെ വെടിക്കെട്ട് നല്‍കുന്ന അതേ മനസ്സുഖം.ഇത്രയും അനായാസമായി ഒരേ ഫ്‌ളോയില്‍ 50 ഓവറുകളും നിന്ന് ബാറ്റ് ചെയ്യുന്ന ഒരാളെ ലോക ക്രിക്കറ്റ് കണ്ടിട്ടുണ്ടാകില്ല .

വെറുതെയല്ല രവിശാസ്ത്രി പറഞ്ഞത് . ‘Don’t change the channel when Rohith comes out to bat ,by the time you come back ,he’II be gone far away ‘

അതെ .രോഹിത് ശര്‍മ കളിക്കുമ്പോള്‍ നിങ്ങള്‍ ഒന്നു മാറി നിന്നാല്‍ തിരിച്ചു വരുമ്പോഴേക്കും സങ്കല്പിക്കാന്‍ തലത്തിലേക്കുള്ള ഒരു സ്‌കോറിലേക്ക് അയാള്‍ പറന്നിട്ടുണ്ടാവും .

ഇന്ന് ഇന്ത്യയിലെ വിലകൂടിയ സെലബ്രിറ്റി പട്ടത്തിലേക്ക് പോകും മുമ്പ് അച്ഛന്റെ സാമ്പത്തിക പ്രയാസം കാരണം മുത്തച്ഛനെ കൂടെ താമസിച്ച കഥയും മുംബൈയിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ താമസിച്ച ചരിത്രവും രോഹിത്തിന് പറയാനുണ്ട്. ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2007 T20 ലോകകപ്പിന് വന്ന ചെറുപ്പക്കാരന്റെ ഒരുപിടി നല്ല ഇന്നിംഗ്‌സുകള്‍ കണ്ടവര്‍ക്ക് അയാളുടെ പ്രതിഭയില്‍ യാതൊരു സംശയവും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല .അന്ന് ഫൈനലില്‍ 16 പന്തില്‍ നേടിയ 30 റണ്‍ ഇന്ത്യയുടെ 5 റണ്‍ വിജയത്തിലെ നിര്‍ണായക ഘടകമായിരുന്നു .എന്നാല്‍ പിന്നീട് പ്രതിഭയെ അലസമായി കൈകാര്യം ചെയ്തതോടെ നാട്ടുകാരന്‍ വിനോദ് കാംബ്ലിയെ പോലെ രോഹിത്ത് തിരശ്ശീലയ്ക്ക് പിന്നിലേക്ക് പോകുകയായിരുന്നു .

കോലിയും റെയ്‌നയും ഇക്കാലയളവില്‍ മികച്ച വരായി ഉയര്‍ന്നുവന്നതും രോഹിത്തിന് പുറത്തേക്കുള്ള വഴി തെളിച്ചു .ഒടുവില്‍ ഏറെ പ്രതീക്ഷിച്ച 2011 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാത്തത് അയാളെ വല്ലാതെ വേദനിപ്പിച്ചു എന്ന് വേണം പറയാന്‍. അതെ രോഹിത് ഒടുവില്‍ തന്റെ രണ്ടാം ലോകകപ്പില്‍ 5 സെഞ്ച്വറികള്‍ കുറിച്ച് ചരിത്രമായപ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം കൂടിയായി .ആ ലോകകപ്പ് ഏറ്റവുമധികം അര്‍ഹിച്ചത് അയാള്‍ തന്നെയായിരുന്നു .പക്ഷേ ചരിത്രം നീതി കാണിക്കാഞ്ഞ രോഹിത്തിന്റെ നിരാശജനകമായ മുഖം ഇന്നും അതു പോലെ ക്രിക്കറ്റ് പ്രേമികളില്‍ വേദനയുണ്ടാക്കുന്നു.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഈഡനില്‍ 177 റണ്‍സും അടുത്ത ടെസ്റ്റില്‍ വാംഖഡെയില്‍ പുറത്താകാകെ 111 റണ്‍സും നേടിയ തുടങ്ങിയ രോഹിത്ത് പക്ഷെ ചുവന്ന പന്തിനോട് അപ്രിയം കാണിച്ചപ്പോള്‍ നഷ്ടപ്പെടുത്തിയത് ലോകോത്തര കണക്കുകളാണ് . എന്നാല്‍ അതിനു ശേഷം തന്റെ ചുവന്ന പന്ത് നോടുള്ള ഇഷ്ടക്കുറവ് 2019 ല്‍ സൗത്താഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ 3 ടെസ്റ്റില്‍ നിന്നും 529 റണ്‍സ് അടിച്ചു കൂട്ടിയ മുതല്‍ ശര്‍മ്മ ഗൗരവക്കാരനായെന്നു വേണം പറയാന്‍ .അത് ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ആകട്ടെ അദ്ദേഹത്തിന്റെ ആരാധകരെയും.

ഓപ്പണറായി അരങ്ങേറി രണ്ട് ഇന്നിങ്ങ്‌സിലും ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ഒരേയൊരു താരമാകാന്‍ ഇക്കാലമത്രയും രോഹിത്ത് വേണ്ടിവന്നു എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. മാത്രമല്ല ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ 2 ഇന്നിങ്ങ്‌സിലും ഓപ്പണറായി ആദ്യ 2 ഇന്നിങ്‌സിലും സെഞ്ചുറി എന്ന ഒരിക്കലും തിരുത്തപ്പെടാന്‍ തീരെ സാധ്യതയില്ലാത്ത റെക്കോര്‍ഡ് കൂടി രോഹിത്ത് സൂക്ഷിക്കുന്നു .

ട്വന്റി ക്രിക്കറ്റില്‍ വിരാട് കോലി ക്കൊപ്പം റണ്‍വേട്ടയില്‍ മത്സരിക്കുന്ന രോഹിത് കുട്ടിക്രിക്കറ്റിലെ മാമാങ്കമായ IPL ല്‍ മുംബൈ ഇന്ത്യന്‍സിനെ 5 തവണ കിരീടം ചൂടിച്ച് തന്നെ നായക വൈഭവം കൊണ്ട് അത്ഭുതപ്പെടുത്തുന്നു . അലസനായ കളിക്കാരനില്‍ നിന്നും വിരാട് കോലി എന്ന ഇതിഹാസത്തെ ചില ഘട്ടങ്ങളിലെങ്കിലും ഔട്ട് പ്‌ളെ ചെയ്യുന്നു എന്നതിനൊപ്പം കോലി എന്ന നായകന് ചെറിയതോതിലെങ്കിലും ഭീഷണി ഉയര്‍ത്തുന്നു എന്നത് തന്നെയാണ് രോഹിത്തിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ തെളിവ് .2009 IPL ലെ എമര്‍ജിങ്ങ് പ്ലെയര്‍ എന്ന നിലയില്‍ 6 IPL വിജയി എന്ന നിലയിലേക്കുള്ള രോഹിത്തിന്റെ വളര്‍ച്ച അത്ര മാത്രം വലുതാണ് .

2013 ധോണിയെന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ശര്‍മയെ ഓപ്പണര്‍ ആക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ ചരിത്രത്തിലെ തുടക്കമായിരുന്നു .രോഹിത്തിന്റെ തലവര മാറ്റപ്പെട്ട നിമിഷങ്ങള്‍ .അതേവര്‍ഷം ആസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ബാംഗ്‌ളൂരില്‍ 158 പന്തില്‍ നേടിയ 209 റണ്‍സ് ശര്‍മയെ പുതിയ തലത്തില്‍ എത്തിച്ചു .പക്ഷേ അതിലും വലിയ പടക്കോപ്പ് തന്നില്‍ ഉണ്ടെന്ന് തെളിയിച്ച പ്രകടനമാണ് അടുത്തവര്‍ഷം ഈഡന്‍ ഗാര്‍ഡന്‍ കണ്ടത് .നേരിട്ടത് 173 പന്തുകള്‍. അടിച്ചത് 33 ഫോറുകളും 9 സിക്‌സറുകളും .നേടിയത് 264 റണ്‍സ്.

ഏകദിന ക്രിക്കറ്റില്‍ ഒരു ടീം സാധാരണഗതിയില്‍ നേടുന്ന സ്‌കോര്‍ ഒറ്റയ്ക്ക് നേടിയ മനുഷ്യന്‍ 2017ല്‍ മൊഹാലിയില്‍ വീണ്ടുമൊരു ഇരട്ട സെഞ്ചുറി കുറിച്ച് അമാനുഷിക പദവിയിലേക്ക് ഉയര്‍ന്നു .ഏകദിന ക്രിക്കറ്റില്‍ ഒരു തവണപോലും 150 എങ്കിലും തികക്കാന്‍ മറ്റുള്ളവര്‍ പാടുപെടുമ്പോള്‍ ,അല്ലെങ്കില്‍ ലോക ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി അപ്രാപ്യമായ ഇതിഹാസങ്ങള്‍ക്കിടയില്‍ രോഹിത്തിന്റെ 3 ഡബിളുകള്‍ താരതമ്യത്തിനപ്പുറം ഉയര്‍ന്നുനില്‍ക്കുന്നു .

ഒരു ഓഫ് സ്പിന്നര്‍ ആയി തുടങ്ങി ലോകത്തെ ഒന്നാം നമ്പര്‍ ഓപ്പണറിലേക്കുള്ള പരകായപ്രവേശം. കളിയുടെ മൂന്നു ഫോര്‍മാറ്റുകളിലും മൂന്നിലധികം സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരം. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫുട്ടിലും ഒരുപോലെ അനായാസമായി പുള്‍ ഷോട്ടുകള്‍ അത്രയേറെ സൗന്ദര്യത്തോടെ കളിക്കുന്ന മറ്റൊരാളെ കാണാന്‍ കഴിയുമോ . അയാളുടെ ഇന്നിംഗ്‌സിനോളം ദൃശ്യവിരുന്ന് തരുന്ന മറ്റൊരു ദൃശ്യം എവിടെ കാണാന്‍ പറ്റും??

രോഹിത് ശര്‍മയുടെ ആരാധകര്‍ക്ക് തൃപ്തിവന്നിട്ടില്ല .അവരെ തൃപ്തിപ്പെടുത്താന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ രോഹിത്ത് ചെയ്യേണ്ടതുണ്ട്. രോഹിത് ശര്‍മ എന്ന സെന്‍സേഷനില്‍ നിന്നും ഇനിയും അവര്‍ ചില അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിന് ഒരു തെറ്റ് പറയാനൊക്കില്ല താനും .

T20 ക്രിക്കറ്റില്‍ ഒരു ഇരട്ടസെഞ്ച്വറി പിറക്കുന്നുവെങ്കില്‍ അത് അവര്‍ പ്രതീക്ഷിക്കുന്നത് രോഹിത് ശര്‍മയില്‍ നിന്നുമാണ്. ഓരോ ടെസ്റ്റിലും അയാള്‍ പിച്ചിലേക്ക് വരുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നത് ലാറയുടെ 400 മറികടക്കുന്ന തരത്തിലുള്ള ഒരു ഇന്നിംഗ്‌സ് ആണ് .ഏകദിന ക്രിക്കറ്റില്‍ കരിയര്‍ അവസാനിക്കുമ്പോള്‍ അയാളില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 5 ഇരട്ട സെഞ്ചുറികളാണ് .അതായത് ഇനിയും രണ്ടെണ്ണം കൂടി.

ഒരുപക്ഷേ രോഹിത് ഇതൊന്നും ചിലപ്പോള്‍ നേടിയില്ലെന്നു വരാം .പക്ഷെ ലോക ക്രിക്കറ്റിലെ ആ പ്രതീക്ഷ അയാളോളം തരുന്ന മറ്റുള്ളവര്‍ ഇല്ല എന്നത് തന്നെയാണ് സമകാലിക ക്രിക്കറ്റില്‍ രോഹിത്ത് ശര്‍മ്മ എന്ന അതികായന്റ വ്യത്യസ്തത .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍