ഇന്ത്യന്‍ നിരയില്‍ വജ്രായുധം തിരിച്ചെത്തി, കോഹ്ലിയ്ക്ക് ആശ്വാസം, സന്തോഷ വാര്‍ത്ത

Image 3
CricketTeam India

പരമ്പര വിജയികളെ നിശ്ചയിക്കുന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ ടീമിലേക്ക് ഇടംകൈയ്യന്‍ പേസര്‍ ടി നടരാജന്‍ തിരിച്ചെത്തും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്തതോടെയാണ് ടീമില്‍ തിരിച്ചെത്തിയത്.

ഇതോടെ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര അതിശക്തരായി. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ നടരാജന്‍ ടീമിലേക്കെത്തിയാല്‍ മദ്ധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയാനും വിക്കറ്റ് നേടാനും സാധിക്കും. ഇത് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏറെ സഹായകരമാകും.

അതെസമയം നടരാജനെ പ്ലെയിംഗ് ഇലവനില്‍ ടീം ഇന്ത്യ ഉള്‍പ്പെടുത്തുമോയെന്ന കാര്യം സംശയമാണ്. നിലവില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്ന താക്കൂറിനെ പുറത്തിരുത്താന്‍ ഇന്ത്യ ധൈര്യപ്പെടുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

കാരണം നാലാം മത്സരത്തില്‍ താക്കൂറിന്റെ ബോളിംഗ് മികവിലാണ് കൈവിട്ട് പോയെന്ന കരുതിയ മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. മറ്റൊരു പേസര്‍ ഭുവനേശ്വറാണെന്നിരിക്കെ നടരാജനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോഹ്ലി തലപുരയ്‌ക്കേണ്ടി വരും.

നിലവില്‍ രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. നേരത്തെ ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ടി20 പരമ്പര എങ്കിലും നേടണം എന്നത് അഭിമാന പ്രശ്നമാണ്.