ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നടരാജന്‍ ടീമിലില്ല, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചല്ലോ. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഇടംപിടിച്ചു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്ത ടി നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നടരാജനെ ടീമില്‍ നിന്ന് പുറത്താക്കിയതല്ലെന്നും വിശ്രമം അനുവദിക്കുകയുമായിരുന്നെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ആദ്യ രണ്ട് ടെസ്റ്റ് വേണ്ടിയുളള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അവസാന രണ്ട് മത്സരങ്ങള്‍ക്കുളള ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് സൂചന.

ഐപിഎല്‍ മുതല്‍ കഴിഞ്ഞ നാല് മാസമായി തുടര്‍ച്ചയായി കളിച്ച് കൊണ്ടിരിക്കുന്ന താരമാണ് നടരാജന്‍. ഐപിഎല്ലിനിടെ താരത്തിന് കുഞ്ഞ് പിറന്നെങ്കിലും ദീര്‍ഘ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് നടരാജന് കുട്ടിയെ കാണാനായത്. ഇതോടെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ നടരാജന് അല്‍പം സമയം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

അതേ സമയം ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഇംഗ്ലണ്ടിനെതിരെ ബാറ്റ്‌സ്മാനായി മാത്രമാകും കളിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മധ്യ നിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിക്ക് പകരമാണ് ഹാര്‍ദിക്ക് ടീമിലെത്തിയിരിക്കുന്നത്.

You Might Also Like