അക്കാര്യം ചെയ്ത് നടരാജന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ആവേശത്തില്‍

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കെ നിര്‍ണ്ണായക സൂചന പുറത്ത്. ഉമേഷ് യാദവിന്റെ പകരക്കാരന്‍ ആരാവുമെന്ന ആകാംക്ഷക്കിടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍ രംഗത്തെത്തിയതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെ നടരാജന്‍ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. വെള്ള ജേഴ്‌സി അണിയാനായത് അഭിമാന നിമിഷം. അടുത്ത വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെന്ന് നടരാജന്റെ പറയുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് നെറ്റ് ബൗളറായിരുന്ന നടരാജനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഉമേഷിന് പകരം മൂന്നാം ടെസ്റ്റില്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. നടരാജനെക്കാള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയ സമ്പത്തുണ്ടെന്നതാണ് ഷര്‍ദ്ദുലിന് അനുകൂല ഘടകം.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി പോയ നടരാജനെ ടി20 ടീമിലും ഏകദിന ടീമിലും പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. ടി20യിലും ഏകദിനത്തിലും തിളങ്ങിയ നടരാജനെ ടെസ്റ്റ് പരമ്പരയിലും നെറ്റ് ബൗളറായി ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ആദ്യ ടെസ്റ്റിനിടെ മുഹമ്മദ് ഷമി പരിക്കേറ്റ് മടങ്ങിയപ്പോള്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ ടീമിലെടുത്ത ടീം മാനേജ്‌മെന്റ് രണ്ടാം ടെസ്റ്റില്‍ ഉമേഷിന് പരിക്കേറ്റപ്പോള്‍ നടരാജനെയും ടെസ്റ്റ് ടീമിലെടുത്തു. നവദീപ് സെയ്‌നിയാണ് ഇന്ത്യന്‍ ടീമില്‍ ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന മറ്റൊരു പേസര്‍. വ്യാഴാഴ്ച സിഡ്‌നിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ നടരജാനുണ്ടാകുമോ എന്ന ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍.

You Might Also Like