അമ്പരപ്പിക്കുന്ന ചേസിംഗുമായി കേരളം, ധവാന്റെ ഡല്‍ഹിയെ കടിച്ചുകീറി പുലിക്കുട്ടികള്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ മൂന്നാമത്തെ മത്സരത്തിലും കേരളത്തിന് ജയം. കരുത്തരായ ഡല്‍ഹിയെ ആറ് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആറ് പന്ത് ബാക്കിനില്‍ക്കെ കേരളം അനായാസം മറികടന്നത്.

കേരളത്തിനായി റോബിന്‍ ഉത്തപ്പയും വിഷ്ണുവിനോദും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ കേരളത്തെ സഹായിച്ചത്. ഉത്തപ്പ 54 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം 01 റണ്‍സെടുത്തു. വിഷ്ണുവാകട്ടെ 38 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 71 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹീറോ മുഹമ്മദ് അസറുദ്ദീന്‍ ആദ്യ പന്തില്‍ പൂജ്യനായി മടങ്ങി. ഇഷാന്ത് ശര്‍മ്മയാണ് അസറുദ്ദീനെ ഗോള്‍ഡണ്‍ ഡെക്കാക്കിയത്. തുടര്‍ന്ന് ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 16 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണും മടങ്ങി. പിന്നീട് സച്ചിന്‍ ബേബിയുടെ ഊഴമായിരുന്നു. 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സാണ് സച്ചിന്‍ എടുത്തത്.

ഇതിന് ശേഷമാണ് കേരളത്തിന്റെ വിജയ കൂട്ടുകെട്ടായ ഉത്തപ്പ-വിഷ്ണു സംഖ്യ കളംപിടിച്ചത്. ഇരുവരും 132 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. മൂന്ന് പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം സല്‍മാന്‍ നിസാര്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ക്യാച്ച് നഷ്ടപ്പെടുത്താന്‍ മത്സരിച്ചതും കേരളത്തിന് തുണയായി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ നായകന്‍ ശിഖര്‍ ധവാനും ലളിത് യാദവുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ധവാന്‍ 48 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ധവാന്റേയും നിതീഷ് റാണയുടേതുമാണ് മലയാളി താരം ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

You Might Also Like